2022, സെപ്റ്റംബർ 9, വെള്ളിയാഴ്‌ച

റില്ക്കെ- ഒരു യുവകവിക്കയച്ച കത്തുകൾ

 1912 റിൽക്കെയ്ക്ക് ആന്തരികപ്രതിസന്ധിയുടെ കാലമായിരുന്നു; ഒരു വരി കവിത പോലും എഴുതാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല; സൈക്കോ-അനാലിസിസിനു വിധേയനായാലോ എന്ന ആലോചനയിലുമായിരുന്നു അദ്ദേഹം. അപ്പോഴാണ്‌ ഏഡ്രിയാറ്റിക്ക് കടലിനഭിമുഖമായിട്ടുള്ള തന്റെ ഡ്യൂണോ കാസിലിൽ വന്നു താമസിക്കാൻ പ്രിൻസസ് മാരീ വോൺ തേൺ ഉൺഡ് ടാക്സിസ് അദ്ദേഹത്തെ ക്ഷണിക്കുന്നത്. പ്രിൻസസിന്റെ സ്മരണകൾ പ്രകാരം, പ്രചണ്ഡമായ കൊടുങ്കാറ്റു വീശുന്ന ഒരു ദിവസം റിൽക്കെ വീടിന്റെ മുൻവശത്ത് ആലോചനയിൽ മുഴുകി ഉലാത്തുകയായിരുന്നു. കൊടുങ്കാറ്റിനുള്ളിൽ നിന്നെന്നപോലെ ഒരു വരി അദ്ദേഹം കേട്ടു: “മാലാഖമാരുടെ ഗണത്തിൽ നിന്നാരുണ്ടാവും, ഞാൻ കരഞ്ഞുവിളിച്ചാലതിനു കാതു കൊടുക്കാൻ?” ആ വരി തുടക്കമായിട്ടെടുത്തുകൊണ്ടാണ്‌ റിൽക്കെ തന്റെ “ഒന്നാം ഡ്യൂണോ വിലാപഗീതം” എഴുതുന്നത്. കാവ്യോത്പത്തികളെക്കുറിച്ചുള്ള മിത്തുകൾ വച്ചുപോലും വിചിത്രമായ ഒരു കഥ. കാറ്റ് റിൽക്കേയോടു സംസാരിക്കുകയായിരുന്നു; എന്നാലത് റിൽക്കേയ്ക്കു വേണ്ടിക്കൂടിയും സംസാരിക്കുകയായിരുന്നു; അത് റിൽക്കേയുടെ ഉടലിലേക്ക് തന്റെ ശബ്ദം പകരുകയായിരുന്നു.

കാപ്പുസ് റിൽക്കേയ്ക്കു കത്തെഴുതുമ്പോൾ അതേ ചോദ്യമായിരിക്കാം അയാൾക്കും ചോദിക്കാനുണ്ടായിരുന്നത്: “ഞാൻ കരഞ്ഞുവിളിച്ചാൽ അതു കേൾക്കാൻ ആരുണ്ടാവും?” റിൽക്കെ കാപ്പൂസിന്‌ ഒരു മാലാഖയായിരുന്നു, ദിവ്യശക്തിയുള്ള ഒരു ദേവദൂതൻ. അതുവരെയുള്ള തന്റെ ജീവിതം മായ്ച്ചുകളഞ്ഞാലേ, മറ്റൊരസ്തിത്വത്തിലേക്ക് അയാളെ എഴുതിയുയർത്താൻ റിൽക്കേയ്ക്കു കഴിയൂ.
ഒന്നാം വിലാപഗീതത്തിൽ റിൽക്കെ വിവരിക്കുന്നതും അത്തരമൊരു പ്രതിസന്ധിയാണ്‌. സ്വന്തം ജീവിതം അപകടപ്പെടുത്തിയാലേ തുടർന്നൊരു ജീവിതം സാദ്ധ്യമാവുകയുള്ളു: “സൗന്ദര്യമെന്നാൽ ഭീതിയുടെ ആരംഭം തന്നെ; എത്ര ക്ലേശിക്കേണ്ടിവരുന്നു, നമുക്കതിനു മുന്നിൽ പിടിച്ചുനില്ക്കാൻ. നമ്മെ സംഹരിക്കാൻ മിനക്കെടാതെ അതുദാസീനമാകുമ്പോൾ നാം ചകിതരാവുന്നു. ഭീതിദമാണോരോ മാലാഖയും.” കൊടുങ്കാറ്റട്ടഹസിക്കാൻ തുടങ്ങുമ്പോൾ റിൽക്കെ ചോദിക്കുന്നുണ്ട്: “എന്താണത്? എന്തിന്റെ വരവാണത്?” അതിന്റെ ഉത്തരം അദ്ദേഹം കാപ്പുസിനു നല്കിക്കഴിഞ്ഞിരുന്നു. താൻ നടന്നടുക്കുന്ന ഭാവിയാണത്; തനിക്കുള്ളിൽ നിന്നുതന്നെയാണതു വരുന്നത്; അതിന്റെ നാളുകളിലടങ്ങുന്നുണ്ട്, തന്റെ ജിവിതമെന്നപോലെ തന്റെ മരണവും.
(ന്യൂയോർക്കർ വാരികയിൽ വന്ന Kamran Javadizadehന്റെ Can Rilke Change Your Life? എന്ന ലേഖനത്തിൽ നിന്ന്)

അഭിപ്രായങ്ങളൊന്നുമില്ല: