2022, സെപ്റ്റംബർ 10, ശനിയാഴ്‌ച

പാബ്ലോ നെരൂദ - ഫെദറിക്കോ ഗാർസിയ ലോർക്കയ്ക്ക് ഒരു വാഴ്ത്ത്



ആളൊഴിഞ്ഞ വീട്ടിലൊറ്റയ്ക്കാവുമ്പോൾ
പേടി കൊണ്ടു കരയാനെനിക്കായെങ്കിൽ,
സ്വന്തം കണ്ണുകൾ ചൂഴ്ന്നെടുത്തു തിന്നാനെനിക്കായെങ്കിൽ,
ഞാനതു ചെയ്യുമായിരുന്നു,
വിലാപവേഷമണിഞ്ഞ നിന്റെ നാരകമരശബ്ദത്തിനായി,
ഒച്ചയിട്ടും കൊണ്ടു ലോകത്തേക്കെത്തുന്ന നിന്റെ കവിതയ്ക്കായി.

ആശുപത്രികൾക്കു നീലച്ചായമടിക്കുന്നതു നിനക്കായി,
പള്ളിക്കൂടങ്ങളും കടലോരച്ചേരികളും വളരുന്നതു നിനക്കായി,
മുറിവേറ്റ മാലാഖമാരെ തൂവൽ കൊണ്ടു പൊതിയുന്നതും
പരിണയിക്കുന്ന മത്സ്യങ്ങളെ ചെതുമ്പൽ മൂടുന്നതും
കടൽച്ചൊറികളാകാശത്തേക്കു പറക്കുന്നതും നിനക്കായി:
തൊലി കറുത്ത തുന്നൽക്കടകൾ
ചോരയും കരണ്ടികളും കൊണ്ടു നിറയുന്നതും
ചുവന്ന നാടകൾ വിഴുങ്ങുന്നതും
അന്യോന്യം ചുംബിച്ചു മരിക്കുന്നതും
വെൺനിറവേഷമണിയുന്നതും നിനക്കായി.

ഒരു പീച്ചുമരത്തിന്റെ വേഷത്തിൽ നീ പറന്നുപോകുമ്പോൾ,
കാറ്റടിച്ചുപാറ്റുന്ന അരിമണികൾ പോലെ നീ ചിരിക്കുമ്പോൾ,
പല്ലുകളും സിരകളും തൊണ്ടയും വിരലുകളും വിറപ്പിച്ചു
നീ പാടുമ്പോൾ,
ആ ഓമനത്തത്തിനായി ഞാൻ മരിക്കുമായിരുന്നു,
കാലൊടിഞ്ഞ പടക്കുതിരയും ചോരയിൽ കുളിച്ച ദൈവവുമായി
ശരല്ക്കാലത്തിന്റെ പാരമ്യത്തിൽ നീ പാർക്കുന്ന
ചുവന്ന തടാകങ്ങൾക്കായി ഞാൻ മരിക്കുമായിരുന്നു;
രാത്രിയിൽ, ഒച്ചയമർന്ന മണികൾക്കിടയിൽ,
ജലവും ശവമാടങ്ങളുമൊഴുകുന്ന ചാമ്പൽപ്പുഴകൾ പോലെ
സിമിത്തേരികൾ കടന്നുപോകുമ്പോൾ
അവയ്ക്കായി ഞാൻ മരിക്കുമായിരുന്നു;
മുറിപ്പെട്ട പട്ടാളക്കാർ കിടക്കുന്ന വാർഡുകൾ പോലെ തിങ്ങിയ പുഴകൾ,
വെണ്ണക്കല്ലക്കങ്ങളും ചീയുന്ന കിരീടങ്ങളും
തൈലലേപനങ്ങളുമൊഴുകുന്ന പുഴയിൽ
പൊടുന്നനേ മരണത്തിലേക്കു വീർക്കുന്ന പട്ടാളക്കാർ:
രാത്രിയിൽ, പുഴയിലെ പെരുവെള്ളത്തിൽ
കുരിശുകളൊലിച്ചുപോകുന്നതു കണ്ടു നീ നില്ക്കുമ്പോൾ,
മരണപ്പുഴയുടെ മുന്നിൽ ആശയറ്റവനായി, മുറിപ്പെട്ടവനായി
നീ നിന്നു കരയുമ്പോൾ,
കണ്ണീരണിഞ്ഞും തേങ്ങിയും
കണ്ണീർ, കണ്ണീർ, കണ്ണീർ നിറഞ്ഞ കണ്ണുകളുമായി നീ നില്ക്കുമ്പോൾ,
നിനക്കായി ഞാൻ മരിക്കുമായിരുന്നു.

രാത്രിയിൽ, പരിത്യക്തനും ഏകാകിയുമായി,
പല്ലുകളിൽ ചാമ്പലുമായി,
തീവണ്ടികളിലും കപ്പലുകളിലും നിന്നൊരു ഫണലുമായി
വിസ്മൃതിയും നിഴലുകളും പുകയും ശേഖരിക്കാനെനിക്കായെങ്കിൽ,
ഞാനതു ചെയ്യുമായിരുന്നു,
നീ വളരുന്ന ആ മരത്തിനായി,
നീ കോരിയെടുത്ത സുവർണ്ണജലത്തിന്റെ കിളിക്കൂടുകൾക്കായി,
നിന്റെ എല്ലുകളിൽ പടർന്നുകയറി
രാത്രിയുടെ രഹസ്യം നിനക്കു പകർന്നുതരുന്ന വല്ലികൾക്കായി.

നനഞ്ഞ ഉള്ളികൾ മണക്കുന്ന നഗരങ്ങൾ
തൊണ്ടകാറിപ്പാടിക്കൊണ്ടു നീ കടന്നുപോകുന്നതും കാത്തു നില്ക്കുന്നു,
ശുക്ലത്തിന്റെ നിശബ്ദനൗകകൾ നിന്റെ പിന്നാലെ വരുന്നു,
പച്ചനിറത്തിൽ മീവല്പക്ഷികൾ നിന്റെ മുടിയിൽ കൂടുകൂട്ടുന്നു,
ഒച്ചുകളും ആഴ്ചകളുമതുപോലെ;
പതിനഞ്ചു കണ്ണുകളുള്ള നിന്റെ വിളറിയ മുഖവും
ചോര മുങ്ങിത്താണ നിന്റെ വായും കാഴ്ചയിൽ വരുമ്പോൾ
ചുരുട്ടിക്കെട്ടിയ കപ്പല്പായകളും ചെറിമരങ്ങളും വിറകൊണ്ടുപോകുന്നു.

ടൗൺ ഹാളുകൾ കരി കൊണ്ടു നിറയ്ക്കാനെനിക്കായെങ്കിൽ,
തേങ്ങിക്കൊണ്ടു ക്ലോക്കുകൾ താഴെ വലിച്ചിടാനെനിക്കായെങ്കിൽ,
ഞാനതു ചെയ്യുമായിരുന്നു:
ചതഞ്ഞ ചുണ്ടുകളുമായി വേനലെത്തുന്ന നിന്റെ വീടു കാണാൻ,
മരണവേഷമണിഞ്ഞ ഒരുപറ്റമാൾക്കാരെ,
ഉജ്ജ്വലശോകം നിറഞ്ഞ ദേശങ്ങളെ,
മരിച്ച കലപ്പകളേയും പോപ്പിപ്പൂവുകളേയും,
കുഴിവെട്ടുകാരെയും കുതിരസവാരിക്കാരെയും,
ഗ്രഹങ്ങളെയും ചോര പറ്റിയ ഭൂപടങ്ങളേയും,
ചാരം പൊതിഞ്ഞ മുങ്ങല്ക്കാരെ,
കത്തികൾ തറഞ്ഞുകേറിയ പെൺകുട്ടികളേയും വലിച്ചിഴച്ചു വരുന്ന മുഖംമൂടിക്കാരെ,
പിന്നെ, വേരുകളെ, സിരകളെ, ആശുപത്രികളെ,
ഉറവകളെ, ഉറുമ്പുകളെ,
എട്ടുകാലികൾക്കിടയിൽ ഒറ്റയ്ക്കു കിടന്നു മരിക്കുന്ന ഒരു ഹുസ്സാറിനെ
കിടക്കയിൽ കിടത്തിയെത്തുന്ന രാത്രിയെ,
വെറുപ്പിന്റെ പനിനീർപ്പൂവിനെ, പിന്നുകളെ,
നിറം വിളറിയൊരു നൗകയെ,
കാറ്റൂതുന്നൊരു നാളിലൊരു കുട്ടിയെ കാണാൻ;
പിന്നെ എന്നെ,
ഒളിവേറിയോ, നോറ,
വിസേന്തെ അലെക്സാൻഡ്രെ, ഡേലിയ,
മരൂക്ക, മാൾവ, മരിയ ലൂയിസ, ലാർക്കോ,
ലാ റൂബിയ, റഫായെൽ ഉഗാർത്തെ,
കോറ്റപ്പോസ്, റഫായെൽ ആല്ബെർത്തി,
കാർലോസ്, ബെബെ, മനോല അൾട്ടോലഗ്യൂറെ,
മൊളിനാരി,
റൊസാലെസ്, കൊഞ്ച മെൻഡെസ്,
പിന്നെ ഞാനറിയാത്ത പലരുമായെത്തുന്ന
എന്നെക്കാണാൻ.

അടുത്തുവരൂ, നിന്നെ ഞാൻ കിരീടമണിയിക്കട്ടെ,
ആരോഗ്യത്തിന്റെയും പൂമ്പാറ്റകളുടേയും മൂർത്തരൂപമേ,
നിത്യസ്വതന്ത്രനായ കറുത്ത മിന്നൽ പോലെ നിർമ്മലമായ യൗവ്വനമേ,
ഇപ്പോൾ, ഈ പാറകൾക്കിടയിൽ നാമല്ലാതാരുമില്ലെന്നതിനാൽ,
മറകളില്ലാതെ നമുക്കു സംസാരിക്കുക:
കവിത കൊണ്ടെന്തു ഗുണം, മഞ്ഞുതുള്ളിക്കു വേണ്ടിയല്ലതെങ്കിൽ?
കവിത കൊണ്ടെന്തു ഗുണം,
കടുപ്പമുറ്റൊരു കഠാര നമ്മെക്കണ്ടെത്തുന്ന ആ രാത്രിക്കു വേണ്ടിയല്ലതെങ്കിൽ,
ആ പകലിനും ആ സന്ധ്യയ്ക്കും
മനുഷ്യന്റെ പരാജിതഹൃദയം മരണത്തിനു വഴങ്ങുന്ന
ആ തകർന്ന മൂലയ്ക്കും വേണ്ടിയല്ലതെങ്കിൽ?

രാത്രിയിൽ, അതെ, 
നക്ഷത്രങ്ങളനവധിയാണ്‌  രാത്രിയിൽ,
പാവപ്പെട്ടവരുടെ വീടുകളുടെ ജനാലകൾക്കടുത്ത്
നാട പോലൊഴുകുന്നൊരു നദിയിൽ.

അവരിലൊരാൾ മരിച്ചു,
അല്ലെങ്കിൽ, ഓഫീസുകളിൽ, ആശുപത്രികളിൽ,
ലിഫ്റ്റുകളിൽ, ഖനികളിൽ അവർക്കു ജോലി നഷ്ടപ്പെട്ടു;
പൊറുക്കാത്ത മുറിവുകളുടെ നോവു തിന്നുകയാണ്‌ മനുഷ്യർ,
എതിർപ്പുകളും കരച്ചിലുമാണെവിടെയും:
അനാദ്യന്തമായൊരു നദിയിൽ നക്ഷത്രങ്ങളൊഴുകവെ,
ജനാലകളിൽ നിലയ്ക്കാത്ത കരച്ചിലാണ്‌,
കരച്ചിൽ കൊണ്ടു വാതിലുകൾ തേഞ്ഞുതീരുകയാണ്‌,
പരവതാനികളെ കടിച്ചുകാരാൻ തിര പോലെത്തുന്ന കരച്ചിലാൽ
കിടക്കറകൾ നനഞ്ഞുമുങ്ങുകയാണ്‌.

ഫെദറിക്കോ,
ലോകം നീ കാണുന്നില്ലേ,
തെരുവുകളും വിന്നാഗിരിയും കാണുന്നില്ലേ,
സ്റ്റേഷനുകളിലെ വിടവാങ്ങലുകൾ കാണുന്നില്ലേ?
പുകയതിന്റെ നിർണ്ണായകമായ ചക്രങ്ങളുയർത്തുമ്പോൾ
അതിന്റെ ലക്ഷ്യത്തിലൊന്നുമില്ല,
വേർപാടുകളല്ലാതെ,
കല്ലുകളും പാളങ്ങളുമല്ലാതെ.

ആളുകളെങ്ങും ചോദ്യങ്ങൾ ചോദിക്കുകയാണ്‌:
ചോരയൊലിപ്പിക്കുന്ന അന്ധൻ,
രോഷാകുലൻ, മനസ്സു മടുത്തവൻ,
സ്വസ്ഥത കെട്ടവൻ, മുൾമരം,
അസൂയയുടെ മാറാപ്പുമായി കൊള്ളക്കാരൻ.

ഇങ്ങനെയൊക്കെയാണ്‌ ജീവിതം, ഫെദറിക്കോ,
വിഷാദവാനും ആണത്തമുള്ളൊരാണുമായ എനിക്ക്
സൗഹൃദം കൊണ്ടിത്രയേ നല്കാനുള്ളു.
ഒട്ടേറെ നീ സ്വന്തമായി പഠിച്ചെടുത്തു,
മറ്റുള്ളവ ക്രമേണ നിനക്കറിയാറുമാകും.

അഭിപ്രായങ്ങളൊന്നുമില്ല: