2022, സെപ്റ്റംബർ 12, തിങ്കളാഴ്‌ച

ഹാവിയെർ മരിയാസിന്റെ ഇഷ്ടങ്ങൾ

 

*ഞാൻ ഇപ്പോൾ വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകം

Per Olev Enquistന്റെ The Chamber Doctor's Visit (ഇംഗ്ലീഷിൽ അതിന്റെ പേരെന്താണെന്ന് എനിക്കറിയില്ല; സ്പാനിഷിൽ അതിന്റെ അർഥം അങ്ങനെയാണ്‌). പതിനെട്ടാം നൂറ്റാണ്ടിലെ ഡെന്മാർക്കാണ്‌ നോവലിന്റെ പശ്ചാത്തലം. എനിക്കങ്ങോട്ടു യാത്ര ഉള്ളതുകൊണ്ട് ഉചിതമായ വായനയായിരിക്കും അതെന്നു ഞാൻ കരുതി. അതുപോലെ, ആ സ്വീഡിഷ് എഴുത്തുകാരനെ പരിചയപ്പെടാൻ ഒരു വഴിയും.

*എന്റെ ജീവിതത്തെ മാറ്റിമറിച്ച പുസ്തകം 

ഇരുപത്തഞ്ചാം വയസ്സിൽ സ്പാനിഷിലേക്കു വിവർത്തനം ചെയ്യുന്ന കാലത്ത് Laurence Sterneന്റെ The Life and Opinions of Tristram Shandy, Gentleman. അതിനു ഞാൻ രണ്ടുകൊല്ലമെടുത്തു.

* ഞാനെഴുതിയിരുന്നെങ്കിൽ എന്നു ഞാനാഗ്രഹിക്കുന്ന പുസ്തകം

കുറേയുണ്ട്: ജോസഫ് കോൺറാഡ്, മാർസൽ പ്രൂസ്റ്റ്, ജോർജ്ജ് എലിയട്ട്. ഒരുപക്ഷേ ഇതിനേക്കാളൊക്കെയേറെ Giuseppe Tomasi di Lampedusaയുടെ “പുള്ളിപ്പുലി.” അദ്ദേഹം ആകെ എഴുതിയ നോവലാണത്; അതിനാലത് “പ്രായോഗികം” ആയും തോന്നുന്നു.

* എന്റെ എഴുത്തിനെ സ്വാധീനിച്ച പുസ്തകം

അതും, Tristram Shandy. നോവലെഴുത്തിനെക്കുറിച്ചറിയേണ്ടതെല്ലാം എന്നുതന്നെ പറയാം, അതിൽ നിന്നു ഞാൻ പഠിച്ചു. നോവലിൽ എന്തും കൊള്ളിക്കാമെന്നും അപ്പോഴും അത് നോവൽ തന്നെയായിരിക്കുമെന്നും.

*ഏറ്റവും  overrated/underrated ആയ പുസ്തകം

ജയിംസ് ജോയ്സിന്റെ യുളീസസ്  overrated ആണ്‌. കാരണം, അതത്ര പുതിയ കാര്യമല്ല, പഴയ സമ്പ്രദായത്തിലുള്ള റിയലിസത്തിന്റെ ഉച്ചാവസ്ഥയാണെന്നേയുള്ളു. റിച്ചാർഡ് ഹ്യൂഗ്സിന്റെ A High Wind in Jamaica  underrated ആണ്‌. എവിടെയും ഒന്നാന്തരം മാസ്റ്റർപീസ് ആയായി ഗണിക്കപ്പെടാൻ യോഗ്യമാണത്.

*എന്റെ മനസ്സ് മാറ്റിയ പുസ്തകം

പ്രൂസ്റ്റ് എപ്പോഴും നിങ്ങളുടെ മനസ്സിനെ മാറ്റിത്തീർക്കും. വ്ലാദിമിർ നബക്കോഫും അതുപോലെ.

*എന്നെ കരയിച്ച അവസാനത്തെ പുസ്തകം

വായിക്കുമ്പോൾ അപൂർവ്വമായേ ഞാൻ കരയാറുള്ളു. ഒരുപക്ഷേ, കുറേക്കാലം മുമ്പ് റയ്നർ മരിയ റില്ക്കേയുടെ ഡ്യൂണോ വിലാപങ്ങൾ; അന്നു ഞാൻ ചെറുപ്പമായിരുന്നു, സംവേദനക്ഷമതയും കൂടുതലായിരുന്നു.

*എന്നെ ചിരിപ്പിച്ച അവസാനത്തെ പുസ്തകം

തോമസ് ബേൺഹാർഡിന്റെ ചില നോവലുകൾ.  മ്ളാനതയുടെ എഴുത്തുകാരനായിട്ടാണ്‌ പലരും അദ്ദേഹത്തെ കാണുന്നതെങ്കിലും എനിക്കദ്ദേഹം അങ്ങേയറ്റം രസകരമായിട്ടാണ്‌ തോന്നിയിട്ടുള്ളത്, അതും മനഃപൂർവ്വമായി.

*വായിച്ചുതീർക്കാൻ പറ്റാതെപോയ പുസ്തകം

അധികമില്ല, ഞാൻ ചിട്ടയോടെ വായിക്കുന്നയാളാണ്‌. എന്നാൽ അടുത്തകാലത്ത്  Karl Ove Knausgaardനെ ആദ്യത്തെ 300 പേജു കഴിഞ്ഞപ്പോൾ ഞാൻ ഉപേക്ഷിച്ചു.

*വായിക്കാത്തതിൽ നാണക്കേടു തോന്നുന്ന പുസ്തകം

ടൈറ്റസ് ലിവിയുടെ റോമിന്റെ ചരിത്രം, എഡ്വേഡ് ഗിബ്ബണിന്റെ റോമൻ സാമ്രാജത്തിന്റെ പതനം. എന്നാൽ എനിക്കവ വായിക്കാൻ പ്ലാനുണ്ട്, എന്നെങ്കിലും.

*വായനയെക്കുറിച്ചുള്ള ആദ്യത്തെ ഓർമ്മ

റിച്ച്മൽ ക്രോംപ്റ്റണിന്റെ Just Williams പുസ്തകങ്ങൾ. സ്പെയിനിൽ അവ നല്ല വിജയമായിരുന്നു. എനിക്കവ വലിയ ഇഷ്ടമായിരുന്നു.

*കുറ്റബോധത്തോടെയുള്ള ആനന്ദം

PG Wodehouse. ഇടയ്ക്കൊക്കെ കുറേയധികം സമയം ഞാൻ അദ്ദേഹത്തെ വായിക്കാറുണ്ട്. അതുപോലെ ഇയാൻ ഫ്ലെമിങ്ങും.

*സമ്മാനമായി ഞാൻ കൊടുക്കുന്ന പുസ്തകം

ജോസഫ് കോൺറാഡിന്റെ The Mirror of the Sea. സ്പാനിഷിലുള്ളത് (ഞാനത് വിവർത്തനം ചെയ്തിട്ടുള്ളതിനാലും; വലിയ ഒരുദ്യമമായിരുന്നു അത്.) വിസ്മയാവഹമായ പുസ്തകം, ഇംഗ്ലീഷിൽ അത്ര അറിയപ്പെടുന്നില്ല.

*ഞാൻ ഓർമ്മിക്കപ്പെടാൻ ആഗ്രഹിക്കുന്ന പുസ്തകം

വരുംതലമുറ ഭൂതകാലത്തിന്റേതായ ഒന്നായി മാറിക്കഴിഞ്ഞു, അത് ഭാവിയുടേതല്ല.

(സെപ്തംബർ 11ന്‌ എഴുപതാം വയസ്സിൽ അന്തരിച്ച സ്പാനിഷ് നോവലിസ്റ്റും വിവർത്തകനുമായ ഹാവിയെർ മരിയാസ് (Javier Marias) ഗാർഡിയൻ പത്രത്തിൽ)

അഭിപ്രായങ്ങളൊന്നുമില്ല: