2022, സെപ്റ്റംബർ 2, വെള്ളിയാഴ്‌ച

ലോർക്ക - കാവ്യചിന്തകൾ

ഒരു കവിത രചിക്കാൻ പോകുന്ന കവിയ്ക്ക് അവിശ്വസനീയമാം വിധം വിദൂരമായ ഒരു കാട്ടിൽ രാത്രിവേട്ടയ്ക്കു പോവുകയാണു താൻ എന്ന അസ്പഷ്ടമായ ഒരു തോന്നലുണ്ടാവുന്നു. അവാച്യമായ ഒരു ഭയം അയാളുടെ ഹൃദയത്തിൽ മർമ്മരമുണ്ടാക്കുന്നു. ശാന്തമാകുന്നതിനായി ഒരു ഗ്ലാസ് പച്ചവെള്ളം കുടിക്കുന്നതും പേന കൊണ്ട് കറുത്ത പാടുകൾ ഉണ്ടാക്കുന്നതും നന്നായിരിക്കും. കറുത്തത് എന്നാണ്‌ ഞാൻ പറഞ്ഞത്; അതൊരു രഹസ്യമാണ്‌...ഞാൻ നിറമുള്ളത് ഉപയോഗിക്കാറില്ല. കവി വേട്ടയ്ക്കു പോവുകയാണ്‌. വിലോലമായ തെന്നലുകൾ അയാളുടെ കണ്ണുകളുടെ ചില്ലുകൾക്കു കുളിരേകുന്നുണ്ട്. മൃദുലോഹം കൊണ്ടു തീർത്ത കാഹളം പോലുള്ള ചന്ദ്രൻ ഏറ്റവും ഉയരത്തിലുള്ള മരത്തലപ്പുകളുടെ മൂകതയിൽ ഒച്ചപ്പെടുന്നു. മരങ്ങൾക്കിടയിൽ വെളുത്ത കലമാനുകൾ കാഴ്ചയിൽ വരുന്നു. രാത്രിയൊന്നാകെ മർമ്മരങ്ങളുടെ ഒരു മറയ്ക്കടിയിൽ അഭയം തേടിയിരിക്കുന്നു. കോരപ്പുല്ലുകൾക്കിടയിൽ അഗാധവും പ്രശാന്തവുമായ ജലം തിളങ്ങിക്കിടക്കുന്നു. അറച്ചുനില്ക്കാനാവില്ല. അപകടകരമായ നിമിഷമാണ്‌ കവിയ്ക്കത്. താൻ സന്ദർശിക്കാൻ പോകുന്ന സ്ഥലങ്ങളുടെ ഒരു ഭൂപടം കവി കൂടെക്കൊണ്ടുനടക്കണം; ആയിരം സൗന്ദര്യങ്ങളും സൗന്ദര്യങ്ങളായി പ്രച്ഛന്നവേഷം ധരിച്ച ആയിരം വൈരൂപ്യങ്ങളും കണ്ണിനു മുന്നിലൂടെ കടന്നുപോകുമ്പോൾ അയാളുടെ മനസ്സ് ശാന്തമായിരിക്കണം. സൈറണുകൾക്കു മുന്നിൽ യുളീസസ്സെന്നപോലെ അയാൾ കണ്ണു മൂടിക്കെട്ടിയിരിക്കണം; എന്നിട്ടയാൾ ജീവിക്കുന്ന രൂപകങ്ങളെ ഉന്നമാക്കി അമ്പുകൾ തൊടുക്കണം, തന്നെ വലയം ചെയ്തുനില്ക്കുന്ന ക്ലിഷ്ടവും കപടവുമായ രൂപകങ്ങളെയല്ല. കവി ഒരിക്കലും അടിയറവു പറയരുത്; ഒരിക്കലെങ്കിലും അങ്ങനെ ചെയ്താൽ പിന്നൊരിക്കലും അയാൾക്കു തന്റെ കവിതയെ വീണ്ടെടുക്കാൻ കഴിയില്ല. കവി വേട്ടയ്ക്കിറങ്ങുന്നത് നിർമ്മലനായി, പ്രശാന്തനായി, വേണമെങ്കിൽ പ്രച്ഛന്നനായിപ്പോലുമാവണം. മരീചികകളുടെ പ്രലോഭനത്തെ കരളുറപ്പോടയാൾ നേരിടണം; താൻ കണ്ടുകഴിഞ്ഞ കവിതയുടെ ഭൂപടവുമായി ചേർന്നുപോകുന്ന യഥാർത്ഥമായ, സ്പന്ദിക്കുന്ന ഉടലിനെ അയാൾ കടന്നാക്രമിക്കണം. ചിലപ്പോഴൊക്കെ കവിതയുടെ ഏകാന്തവനത്തിൽ അയാൾ അലറിവിളിക്കുകയും വേണം, പൊരുളോ ചിട്ടയോ ചന്തമോ ഇല്ലാത്ത ആൾക്കൂട്ടപ്പുകഴ്ത്തലിനായി തന്നെ എറിഞ്ഞുകൊടുക്കുന്ന പിശാചുക്കളെ ആട്ടിയോടിക്കാനായി. ഈ അന്തർമൃഗയയ്ക്ക് മറ്റാരെക്കാളും സുസജ്ജനാണ്‌ ഗോങ്ങ്ഗൊറ. വിവർണ്ണമോ വർണ്ണാഭമോ അതിദീപ്തമോ ആയ ഒരു ബിംബവും സ്വന്തം മാനസികദേശത്ത് അദ്ദേഹത്തെ ഭീതനാക്കാൻ പോന്നതല്ല. മറ്റാരും കാണാത്ത ബിംബത്തെ അദ്ദേഹം വേട്ടയാടിപ്പിടിക്കുന്നു, തന്റെ വിഭ്രാന്തകാവ്യമുഹൂർത്തങ്ങളെ സജീവമാക്കുന്ന ആ വെളുത്ത, പിടയ്ക്കുന്ന ബിംബത്തെ. അദ്ദേഹത്തിന്റെ ഭാവന വിശ്വാസത്തിലെടുക്കുന്നത് തന്റെ അഞ്ചിന്ദ്രിയങ്ങളെയാണ്‌; നിറമില്ലാത്ത അഞ്ചടിമകളെപ്പോലെ അവർ അദ്ദേഹത്തെ അന്ധമായി അനുസരിക്കുന്നു; മറ്റു മനുഷ്യരെ എന്നപോലെ അവർ അദ്ദേഹത്തെ വഞ്ചിക്കുന്നില്ല. ദൈവം സൃഷ്ടിച്ച പ്രപഞ്ചമല്ല കവിതകളിൽ ജീവിക്കേണ്ടതെന്ന് അദ്ദേഹം ഉള്ളിലറിയുന്നുണ്ട്; അതിനാൽ ഭൂദൃശ്യങ്ങളെ അവയുടെ ഘടകങ്ങൾ വിശകലനം ചെയ്ത് അദ്ദേഹം മറ്റൊരു ക്രമത്തിലാക്കുന്നു. പ്രകൃതിയേയും അവളുടെ വിവിധവർണ്ണങ്ങളേയും സംഗീതം പോലെ അദ്ദേഹം ചിട്ടപ്പെടുത്തുന്നു എന്നും പറയാം. 

*
 മഹാനായ ഫ്രഞ്ച് കവി പോൾ വലേറി പറയുന്നത് പ്രചോദനത്തിന്റെ അവസ്ഥയല്ല കവിതയെഴുതാൻ പറ്റിയതെന്നാണ്‌. ദൈവം തന്നുവിടുന്ന പ്രചോദനത്തിൽ എനിക്കു വിശ്വാസമുണ്ടെന്നതിനാൽ വലേറി ശരിയായ പാതയിൽത്തന്നെയാണെന്ന് ഞാൻ കരുതുന്നു. പ്രചോദനം ശേഖരണത്തിന്റെ ഒരവസ്ഥയാണ്‌, സർഗ്ഗാത്മകമായ ഊർജ്ജത്തിന്റെയല്ല. ഒരു സങ്കല്പനത്തെക്കുറിച്ചുള്ള തന്റെ കാഴ്ച അടിമട്ടടിഞ്ഞു തെളിയാൻ നിങ്ങൾ സമയം കൊടുക്കണം. ഏതു വലിയ കലാകാരനും ജ്വരബാധിതനെപ്പോലെയല്ല പണിയെടുക്കുക എന്നെനിക്കു തോന്നുന്നു. മിസ്റ്റിക്കുകൾ പോലും പണി തുടങ്ങുന്നത് പരിശുദ്ധാത്മാവെന്ന മാടപ്രാവ് തങ്ങളുടെ അറകൾ വിട്ടകന്ന് മേഘങ്ങൾക്കിടയിൽ പോയി മറഞ്ഞതിനു ശേഷം മാത്രമാണ്‌. ഒരു വിദേശരാജ്യത്തു നിന്നെന്നപോലെയാണ്‌ നാം പ്രചോദനത്തിൽ നിന്നു മടങ്ങിവരുന്നത്. കവിത ആ യാത്രയുടെ വിവരണമാണ്‌. പ്രചോദനം കാവ്യബിംബത്തെ നല്കുന്നുവെന്നേയുള്ളു, അതിന്റെ വേഷം നല്കുന്നില്ല. അതതിനു നല്കണമെങ്കിൽ വാക്കുകൾ അവയുടെ ധ്വനിയും ഉച്ചതയും നോക്കി ശാന്തതയോടെ, നിസ്സംഗതയോടെ നാം തിരഞ്ഞെടുക്കണം. കാവ്യവിഷയത്തെയോ, അതോ, അനനുകരണീയവും അതിപ്രചോദിതവുമായ ആ രൂപത്തെയോ- ഗോങ്ങ്ഗൊറയിൽ ഏതിനെയാണ്‌ കൂടുതൽ ആദരിക്കേണ്ടതെന്ന് നമുക്കറിയില്ല. അദ്ദേഹത്തിന്റെ അക്ഷരം അദ്ദേഹത്തിന്റെ ആത്മാവിനു ജീവൻ നല്കുകയാണ്‌, അതിനെ കൊല്ലുകയല്ല. അദ്ദേഹത്തിൽ നൈസർഗ്ഗികതയില്ല, എന്നാൽ പുതുമയും ചെറുപ്പവുമുണ്ട്. അനായാസമല്ല അദ്ദേഹം, എന്നാൽ ദീപ്തവും ധിഷണാപൂർണ്ണവുമാണ്‌. 

(ലോർക്ക സ്പാനിഷ് കവി ഗോങ്ങ്ഗൊറയുടെ മുന്നൂറാം ജന്മദിനത്തിന്റെ വേളയിൽ ചെയ്ത പ്രഭാഷണത്തിൽ നിന്ന്)

അഭിപ്രായങ്ങളൊന്നുമില്ല: