2022, സെപ്റ്റംബർ 6, ചൊവ്വാഴ്ച

ലോർക്ക - ന്യൂയോർക്കിൽ ഒരു കവി


ഈ മഹാനഗരത്തിലെത്തുന്ന സഞ്ചാരി ആദ്യം തന്നെ പിടിച്ചെടുക്കുന്ന രണ്ടു കാര്യങ്ങൾ മനുഷ്യാതീതമായ വാസ്തുവിദ്യയും രുഷ്ടമായ താളവുമാണ്‌. ജ്യാമിതിയും വേദനയും. ഒറ്റനോട്ടത്തിൽ ആ താളം ഉല്ലാസത്തിന്റേതാണെന്നു തോന്നാം; എന്നാൽ സമൂഹജീവിതത്തിന്റെ ഘടനയേയും മനുഷ്യരുടേയും യന്ത്രങ്ങളുടേയും വേദനാപൂർണ്ണമായ അടിമത്തത്തേയും അടുത്തുനിന്നു നോക്കുമ്പോൾ ആ നഗരത്തിനു സവിശേഷമായ, പൊള്ളയായ വേദനയാണതെന്നു നിങ്ങൾക്കു മനസ്സിലാകുന്നു, കവർച്ചയും കുറ്റകൃത്യങ്ങളും പോലും ആ വേദനയിൽ നിന്നൊഴിഞ്ഞുമാറാനുള്ള, മാപ്പു കൊടുക്കാവുന്ന മാർഗ്ഗങ്ങളാണെന്നും.

കെട്ടിടങ്ങളുടെ മുനകൾ മേഘങ്ങളോ കീർത്തിയോ ആഗ്രഹിക്കാതെ  ആകാശത്തേക്കുയർന്നു നില്ക്കുന്നു. മരിച്ചവരുടേയും കുഴിച്ചിട്ടവരുടേയും ഹൃദയങ്ങളിൽ നിന്നാണ്‌ ഗോത്തിക് മുനകൾ ഉയരുന്നതെങ്കിൽ ഇവ ആകാശത്തേക്കു നിർവ്വികാരമായി പിടിച്ചുകയറുന്നത് വേരുകളോ ഉത്കടാഭിലാഷമോ ഇല്ലാത്ത സൗന്ദര്യത്തോടെയാണ്‌, തങ്ങളെക്കുറിച്ചുതന്നെയുള്ള മൂഢമായ ഒരുറപ്പോടെയാണ്‌, കീഴടക്കാനോ അതിവർത്തിക്കാനോ ഉള്ള ഒരു കഴിവുമില്ലാതെയാണ്‌, ഒരു വാസ്തുശില്പിയുടെ ഉദ്ദേശ്യങ്ങൾ ഏറ്റവും കുറച്ചു പ്രതിഫലിക്കുന്ന ആത്മീയനിർമ്മിതികൾ പോലെ. ആകാശത്തോടു പട വെട്ടുന്ന അംബരചുംബികളെപ്പോലെ കാവ്യാത്മകവും ഭീഷണവുമായ മറ്റൊന്നില്ല. മഞ്ഞും മഴയും മൂടൽമഞ്ഞും കടന്നുകയറിവരികയും ആ വിപുലഗോപുരങ്ങളെ നനയ്ക്കുകയും മറയ്ക്കുകയും ചെയ്യുന്നു; എന്നാൽ നിഗൂഢതയ്ക്കു വിരോധികളും ഏതൊരുതരം കളിതമാശയ്ക്കും നേരേ അന്ധരുമായ ആ ഗോപുരങ്ങൾ മഴയുടെ മുടിച്ചുരുളുകളെ അരിഞ്ഞുകളയുകയും മൂടൽമഞ്ഞെന്ന മൃദുഹംസത്തിനിടയിലൂടെ മൂവായിരം വാളുകൾ തുളച്ചുകയറ്റുകയും ചെയ്യുന്നു.

ഈ വിപുലലോകത്തിന്‌ വേരുകൾ എന്നൊന്നില്ലെന്നു ബോദ്ധ്യമാകാൻ കുറച്ചു ദിവസങ്ങളേ നിങ്ങൾക്കു വേണ്ടൂ; എഡ്ഗാർ പോ എന്ന ദീർഘദർശിക്ക് നിഗൂഢതയെ അത്രയധികം ചേർത്തുപിടിക്കേണ്ടിവന്നതും ഹിതകരമായ ഉന്മത്തതയെ തന്റെ സിരകളിൽ പതഞ്ഞുയരാൻ അനുവദിക്കേണ്ടിവന്നതും എന്തുകൊണ്ടാണെന്ന് നിങ്ങൾക്കപ്പോൾ മനസ്സിലാകും.

*

എന്നാൽ നിങ്ങൾക്കു പുറത്തേക്കിറങ്ങി നഗരത്തെ നേരിൽ കണ്ടുമുട്ടാതെ പറ്റില്ല, അതിനെ കീഴടക്കാതെ പറ്റില്ല; തെരുവുകളിലെ ജനക്കൂട്ടങ്ങളോടും ലോകമെമ്പാടും നിന്നുള്ള വിവിധവർണ്ണഭേദങ്ങളോടും തോളുരുമ്മാതെ കാവ്യാത്മകപ്രതികരണങ്ങൾക്കു കീഴടങ്ങുകയല്ല വേണ്ടത്. അങ്ങനെ ഞാൻ തെരുവുകളിലേക്കിറങ്ങുന്നു; അവിടെ ഞാൻ കണ്ടുമുട്ടുന്നത് കറുത്തവരെയാണ്‌. ലോകത്തെ ഏതു ജനവർഗ്ഗത്തെയും ന്യൂയോർക്കിൽ കാണാം; എന്നാൽ ചൈനാക്കാരും അർമ്മേനിയക്കാരും റഷ്യക്കാരും ജർമ്മൻകാരും വിദേശികളായിത്തന്നെ കഴിയുന്നു. കറുത്തവർ ഒഴികെ എല്ലാവരും. വടക്കേ അമേരിക്കയിൽ വലിയ സ്വാധീനം ചെലുത്തുന്നവരാണ്‌ കറുത്തവർ എന്നതിൽ ഒരു സംശയവുമില്ല; ആരെന്തും പറഞ്ഞോട്ടെ, ആ ലോകത്തെ ഏറ്റവും മൃദുസ്വഭാവികളാണവർ, അതിലെ ആത്മീയഘടകവും. അവർക്കു വിശ്വാസമുണ്ടെന്നതിനാൽ, അവർക്കു പ്രത്യാശയുണ്ടെന്നതിനാൽ, അവർ പാടുന്നുവെന്നതിനാൽ, ഇന്നത്തെ അപകടകരമായ പ്രശ്നങ്ങളിൽ നിന്നെല്ലാം അവരെ രക്ഷപ്പെടുത്തുന്ന വിശിഷ്ടമായ ഒരു മതനൈർമ്മല്യം അവർക്കുണ്ടെന്നതിനാലും. 

വെളുത്ത അമേരിക്കക്കാർ പാർക്കുന്ന ബ്രോൻക്സിലോ ബ്രൂൿലിനിലോ സഞ്ചരിക്കുമ്പോൾ ഒരുതരം ബാധിര്യം നിങ്ങൾക്കനുഭവപ്പെടും- ഓരോ വീട്ടിലും ക്ലോക്ക്; അവന്റെ കാല്പാദത്തിന്റെ നിമിഷദർശനത്തിലൂടെ മാത്രം ദൃശ്യമാകുന്ന ഒരു ദൈവം. എന്നാൽ കറുത്തവർ പാർക്കുന്ന മേഖലകളിൽ പുഞ്ചിരികളുടെ ഒരു നിരന്തരവിനിമയമുണ്ട്; നിക്കൽത്തൂണുകളിൽ തുരുമ്പു കയറ്റുന്ന ഒരു ഭൂകമ്പത്തിന്റെ മുരൾച്ച; മുറിവേറ്റ കൊച്ചുകുട്ടി, വേണ്ടത്ര നേരം അവനെ ഉറ്റുനോക്കിയാൽ, നിങ്ങൾക്കവന്റെ ആപ്പിൾ പൈ വച്ചുനീട്ടിയെന്നും വരും. പല ദിവസങ്ങളും കാലത്ത് ഞാൻ താമസിക്കുന്ന യൂണിവേഴ്സിറ്റിയിൽ നിന്ന് നടന്നുപോകാറുണ്ടായിരുന്നു. കറുത്തവരുടെ മനസ്സിൽ എന്താണെന്നറിയാനായി അവർ നൃത്തം ചെയ്യുന്നത് ഞാൻ നോക്കിനില്ക്കും. തങ്ങളുടെ വേദനയും വികാരങ്ങളും ആവിഷ്കരിക്കാൻ അവർക്കുള്ള ഏറ്റവും തീക്ഷ്ണവും അതുല്യവുമായ മാർഗ്ഗമാണ്‌ നൃത്തം. 

*

എന്റെ കണ്ണുകൾക്കു മുന്നിലുള്ളത് ഒരു സൗന്ദര്യമാനദണ്ഡമോ നീലപ്പറുദീസയോ അല്ല. ഞാൻ നോക്കിനിന്നതും അലഞ്ഞുനടന്നതും സ്വപ്നം കണ്ടതും ഹാർലെം എന്ന കറുത്തവരുടെ മഹാനഗരത്തെയായിരുന്നു; ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട കറുത്ത നഗരം. അവിടെ ആഭാസം പോലും നിഷ്കളങ്കമാണ്‌. റോസ് നിറമടിച്ച വീടുകളുടെ ഒരു ചുറ്റുവട്ടം; നിറയെ പിയാനോളകളും റേഡിയോയും സിനിമാതിയേറ്ററുകളും. പക്ഷേ, ആ വർഗ്ഗത്തിന്റെ ലക്ഷണമായ അവിശ്വാസം എവിടെയും. മലർക്കെത്തുറന്നിട്ട വാതിലുകൾ, പാർക്ക് അവന്യൂവിലെ പണക്കാരെ പേടിയായ തവിട്ടുനിറമുള്ള കുട്ടികൾ, പെട്ടെന്നു നിന്നുപോകുന്ന ഫോണോഗ്രാഫുകൾ, ഏതു നിമിഷം വന്നെത്താവുന്ന ശത്രുക്കൾക്കായുള്ള കാത്തിരിപ്പ്. വടക്കേ അമേരിക്കയിലെ കറുത്ത വർഗ്ഗക്കാരെക്കുറിച്ച് ഒരു കവിതയെഴുതി ഒരു വിപരീതലോകത്ത് കറുത്തവരാകുന്നതിൽ കറുത്തവർ അനുഭവിക്കുന്ന വേദന ഊന്നിപ്പറയാൻ ഞാൻ ആഗ്രഹിച്ചു. വെളുത്തവരുടെ എല്ലാ കണ്ടുപിടുത്തങ്ങളുടേയും യന്ത്രങ്ങളുടേയും അടിമകളാണവർ; എന്നെങ്കിലും ഒരു ദിവസം ഗ്യാസ് സ്റ്റൗ കത്തിക്കുന്നതോ കാർ ഡ്രൈവ് ചെയ്യുന്നതോ കോളറിന്റെ ബട്ടണിടുന്നതോ മറന്നുപോകുമോയെന്ന് എന്നും പേടിയാണവർക്ക്, അല്ലെങ്കിൽ ഫോർക്ക് കൊണ്ട് കണ്ണിൽ കുത്തുമോയെന്ന് പേടിയാണ്‌. ഈ കണ്ടുപിടുത്തങ്ങളൊന്നും അവരുടെ സ്വന്തമല്ല എന്നാണു ഞാൻ അർത്ഥമാക്കുന്നത്. കറുത്തവർ കടത്തിലാണ്‌; തങ്ങളുടെ സ്ത്രീകളും കുട്ടികളും ഫോണോഗ്രാഫ് റിക്കോഡുകളെ ആരാധിച്ചാലോ, അല്ലെങ്കിൽ കാറ്റു തീർന്ന ടയറുകൾ തിന്നാലോ എന്നു ഭയന്ന് വീടുകളിൽ കർശനമായ അച്ചടക്കം നടപ്പിലാക്കുകയാണ്‌ പിതാക്കന്മാർ.

എന്നാല്ക്കൂടി, ഏതൊരു സന്ദർശകനും കാണാവുന്നപോലെ, അവരുടെ ആ അത്യുത്സാഹമൊക്കെ ഇരിക്കെത്തന്നെ ഒരു രാഷ്ട്രമാകാൻ അവർക്കാഗ്രഹമുണ്ട്; ഇടയ്ക്കൊക്കെ അതിനാടകീയമായിപ്പോയേക്കാമെങ്കിലും അവരുടെ ആത്മീയഗഹനത വിലയ്ക്കു വാങ്ങാവുന്നതുമല്ല. ഒരു കാബറേയിൽ (അതിൽ ഡാൻസ് ചെയ്തുകൊണ്ടിരുന്ന സദസ്സ് ഒരു ടിൻ മീൻമുട്ട പോലെ കറുത്തതും നനഞ്ഞതും കൊഴുത്തതുമായിരുന്നു) അദൃശ്യമായൊരു തീമഴയ്ക്കു ചുവട്ടിൽ സന്നി വന്ന പോലെ കുലുങ്ങിക്കൊണ്ട് ഡാൻസ് ചെയ്യുന്ന നഗ്നയായ ഒരു നർത്തകിയെ ഞാൻ കണ്ടു.  അവൾക്കു താളത്തിന്റെ ബാധ കേറിയതാണെന്നു വിശ്വസിക്കുന്നപോലെ മറ്റെല്ലാവരും ആർപ്പു വിളിക്കുമ്പോൾ അവളുടെ കണ്ണുകളിലെ വിദൂരത ഒരുനിമിഷത്തേക്കു പിടിച്ചെടുക്കാൻ എനിക്കു കഴിഞ്ഞു- വിദൂരത, അടഞ്ഞ പ്രകൃതം, വിദേശികളും അമേരിക്കക്കാരുമായ, തന്നെ പുകഴ്ത്തുന്ന ആ സദസ്സിൽ നിന്ന് വളരെ അകലെയാണ്‌ താൻ എന്ന ബോദ്ധ്യം. ഹാർലെം ആകെ അവളെപ്പോലെയായിരുന്നു.

മറ്റൊരിക്കൽ കറുത്ത വർഗ്ഗത്തിൽ പെട്ട ഒരു കൊച്ചുപെൺകുട്ടി സൈക്കിൾ ചവിട്ടുന്നത് ഞാൻ കണ്ടു. അതിനെക്കാൾ ഹൃദയസ്പർശിയായ മറ്റൊന്നുണ്ടെന്നു പറയാനില്ല: പുകയുടെ നിറമായ കാലുകൾ, മരണാസന്നമായ റോസാപ്പൂ പോലത്തെ ചുണ്ടുകളിൽ ഉറഞ്ഞുകട്ടിയായ പല്ലുകൾ, ഉണ്ട കെട്ടി വച്ച കമ്പിളിരോമം പോലുള്ള മുടി. ഞാൻ അവളെ തുറിച്ചുനോക്കി; അവളും അതേപോലെ എന്നെ തുറിച്ചുനോക്കി. എന്നാൽ എന്റെ നോട്ടം പറയുകയായിരുന്നു: “മോളേ, നീ എന്തിനാണ്‌ സൈക്കിൾ ചവിട്ടുന്നത്? കറുത്ത വർഗ്ഗക്കാരിയായ ഒരു പെൺകുട്ടിക്ക് ഇങ്ങനെയൊരു യന്ത്രത്തിൽ സഞ്ചരിക്കാൻ ശരിക്കും പറ്റുമോ? എവിടെ നിന്നാണ്‌ നീയിതു മോഷ്ടിച്ചത്? ഇതോടിക്കാൻ പറ്റുമെന്നു നിനക്കു തോന്നുന്നുണ്ടോ?” പ്രതീക്ഷിച്ചപോലെ അവൾ ഒരു കുട്ടിക്കരണമെടുക്കുകയും ഉരുണ്ടുപിരണ്ട് താഴെ വീഴുകയും ചെയ്തു. 

എന്നാൽ എല്ലാ ദിവസവും ഞാൻ പ്രതിഷേധിക്കുകയായിരുന്നു. കട്ടിക്കോളറും സ്യൂട്ടും കനത്ത ബൂട്ടുകളും തടവിൽ പിടിച്ച കറുത്ത കൊച്ചുകുട്ടികൾ താറാവുകളെപ്പോലിരുന്നു സംസാരിക്കുന്ന തണുത്ത മനുഷ്യരുടെ തുപ്പൽക്കോളാമ്പികൾ വൃത്തിയാക്കാൻ കൊണ്ടുപോകുമ്പോൾ ഞാൻ പ്രതിഷേധിച്ചു.

പറുദീസയിൽ നിന്നപഹരിച്ചതും വെറുങ്ങലിച്ച മൂക്കും ബ്ലോട്ടിങ്ങ് പേപ്പറിന്റെ ആത്മാവുമുള്ള ജൂതന്മാർ വില്ക്കാൻ വച്ചതുമായ മാംസക്കൂനകൾ കണ്ടപ്പോൾ ഞാൻ പ്രതിഷേധിച്ചു. എന്നാൽ ഏറ്റവും ദാരുണമായ കാര്യം കറുത്തവർക്ക് കറുത്തവരാവാൻ ആഗ്രഹമില്ല എന്നതായിരുന്നു. തങ്ങളുടെ മുടിയുടെ ഹൃദ്യമായ ചുരുളുകൾ നിവർത്താൻ കേശതൈലങ്ങളും മുഖങ്ങളുടെ കറുപ്പു കുറയ്ക്കാൻ പൗഡറുകളും അരക്കെട്ടുകൾ തൂർക്കാനും തടിച്ചുതുടുത്ത ചുണ്ടുകൾ വരട്ടാനും സിറപ്പുകളും അവർ ഉപയോഗിക്കുന്നുവെന്നതിനെതിരെ ഞാൻ പ്രതിഷേധിച്ചു. 

ഞാൻ പ്രതിഷേധിച്ചു; അതിന്റെ തെളിവാണ്‌ ഈ “ഹാർലെം രാജാവിനൊരു വാഴ്ത്ത്.” കറുത്ത വർഗ്ഗത്തിന്റെ ആത്മാവാണിത്, വിറകൊള്ളുകയും സംശയിക്കുകയും  ചുണ കെട്ടും ലജ്ജയോടെയും വെള്ളക്കാരികളുടെ ഉടൽ തേടുകയും ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കാനുള്ള ഒരാർപ്പുവിളി. 

എന്നാൽ, ന്യൂയോർക്കിന്റെ ശരിക്കും കിരാതമായ, ഭ്രാന്തമായ ഭാഗം ഹാർലെം അല്ല. ഹാർലെമിൽ മനുഷ്യരുടെ ഒരാവിയും പുകയും കുട്ടികളുടെ ഒച്ചപ്പാടും അടുപ്പുകളും പായലും സാന്ത്വനം കണ്ടെത്തുന്ന വേദനയും പതുത്ത ബാൻഡേജ് കണ്ടെത്തുന്ന മുറിവുമുണ്ട്.

ഭീഷണമായ, നിർവ്വികാരമായ, ക്രൂരമായ ഭാഗം, വാൾ സ്റ്റ്രീറ്റാണ്‌. ലോകമെമ്പാടും നിന്ന് സ്വർണ്ണപ്പുഴകൾ അവിടേക്കെത്തുന്നു, കൂടെ മരണവും. അവിടെ, മറ്റെവിടെയുമില്ലാത്തപോലെ, ആത്മാവിന്റെ പരിപൂർണ്ണമായ അഭാവം നിങ്ങൾക്കനുഭവപ്പെടുന്നു: മൂന്നിനപ്പുറം എണ്ണാനറിയാത്ത ആളുകളുടെ പറ്റങ്ങൾ, ആറിനപ്പുറം പോകാത്ത വേറേ കൂട്ടങ്ങൾ, ശുദ്ധശാസ്ത്രത്തോടുള്ള അവജ്ഞ, വർത്തമാനകാലത്തോട് പൈശാചികമായ ഒരാരാധന. ഇതിനെക്കാളൊക്കെ ഭയാനകമായ കാര്യമാണ്‌, തെരുവുകളിൽ നിറയുന്ന ആൾക്കൂട്ടം ലോകം എന്നും ഇതേപോലെയുണ്ടാവുമെന്നും ഈ കൂറ്റൻ യന്ത്രത്തെ രാവും പകലും ചലിപ്പിച്ചുകൊണ്ടേയിരിക്കേണ്ടത് തങ്ങളുടെ കടമായാണെന്നും കരുതുന്നു എന്നത്. ഒരു പ്രൊട്ടെസ്റ്റന്റ് ധാർമ്മികബോധത്തിന്റെ തികവുറ്റ പരിണതഫലം: ഒരു സ്പാനിഷുകാരനായ (ദൈവത്തിനു നന്ദി) എന്നെ അധീരനാക്കുന്നതായിരുന്നു അത്. അടുത്ത കാലത്തു നടന്ന സാമ്പത്തികത്തകർച്ച നേരിൽ കാണാനുള്ള ഭാഗ്യം എനിക്കുണ്ടായി; എത്രയോ കോടി ഡോളർ അവർക്കു നഷ്ടപ്പെട്ടു; കടലിലേക്കൊഴുകിപ്പോയ ചത്ത പണം. ആത്മഹത്യകൾക്കും അപസ്മാരത്തിനും ബോധം നഷ്ടപ്പെടുന്നവർക്കുമിടയിൽ നിന്ന അക്കാലത്തെന്നപോലെ യഥാർത്ഥമരണം, ആശയറ്റ മരണം, കെട്ടഴുകൽ മാത്രമായ മരണം ഞാൻ മറ്റൊരിക്കലും അനുഭവിച്ചിട്ടില്ല; അത്രയും ഭീഷണമായിരുന്നു, എന്നാൽ മഹത്വത്തിന്റെ ഒരംശവും ഇല്ലാത്തതായിരുന്നു, ആ കാഴ്ച. എനിക്ക്, മഹാനായ കവി ഉനാമുനോ പറഞ്ഞപോലെ “രാത്രിയിൽ ഭൂമി ആകാശത്തേക്കു പിടിച്ചുകയറുന്ന” ഒരു നാട്ടിൽ നിന്നു വന്ന എനിക്ക്, ആത്മഹത്യ ചെയ്തവരെ (അവരുടെ വിരലുകൾ നിറയെ മോതിരമായിരുന്നു) പെറുക്കിയിട്ടോടുന്ന ആംബുലൻസുകൾ നിറഞ്ഞ ആ ഇരുണ്ട താഴ്വരയെ ചുട്ടെരിക്കാനുള്ള ദിവ്യരോഷമുണ്ടായി. 

അതുകൊണ്ടാണ്‌ ഞാൻ ഈ മരണനൃത്തം ഉൾപ്പെടുത്തിയത്.* ആഫ്രിക്കയ്ക്കു സവിശേഷമായ മുഖംമൂടിനൃത്തം. മാലാഖമാരോ ഉയിർപ്പോ ഇല്ലാത്ത, മരണം തന്നെയായ മരണം; ആത്മാവിൽ നിന്നാവുന്നത്ര അകലെയായ മരണം; സ്വർഗ്ഗത്തിനു വേണ്ടി ഇന്നേവരെ പടവെട്ടാത്ത, ഭാവിയിലും പട വെട്ടാത്ത അമേരിക്കൻ ഐക്യനാടുകളെപ്പോലെ കിരാതവും പ്രാകൃതവുമായ മരണം.

*

പിന്നെ, ആൾക്കൂട്ടം! ന്യൂയോർക്കിലെ ആൾക്കൂട്ടം എന്തുവിധമാണെന്ന് ആർക്കും ഊഹിക്കാൻ പറ്റില്ല, ഒരുപക്ഷേ വാൾട്ട് വിറ്റ്മാനല്ലാതെ (അദ്ദേഹമതിൽ ഏകാന്തതകൾ തിരഞ്ഞു), റ്റി.എസ്.എലിയട്ടിനുമല്ലാതെ (

തന്റെ കവിതയിൽ ആൾക്കൂട്ടത്തിൽ നിന്ന് ഒരു നാരങ്ങയിൽ നിന്നെപോലെ പോലെ അദ്ദേഹം എലികളേയും മുറിവുകളും നനഞ്ഞ നിറങ്ങളും പുഴയുടെ നിറങ്ങളും പിഴിഞ്ഞെടുത്തു). ആ ആൾക്കൂട്ടം ഉന്മത്തം കൂടിയാകുമ്പോൾ നമുക്കു സങ്കല്പിക്കാൻ പറ്റുന്നതിൽ വച്ചേറ്റവും തീക്ഷ്ണജീവനാർന്ന കാഴ്ചകളിൽ ഒന്നാവുകയും ചെയ്യുന്നു.

വേനല്ക്കാലത്ത് ഞായറാഴ്ചകളിൽ ഒരു പത്തുലക്ഷം ജന്തുക്കൾ പങ്കെടുക്കുന്ന കൂറ്റനൊരു മേളയാണ്‌ കോണി ദ്വീപ്. അവർ കുടിക്കുകയും ഒച്ച വയ്ക്കുകയും തിന്നുകയും അന്യോന്യം ചവിട്ടിമെതിക്കുകയും കടൽ മൊത്തം പത്രക്കടലാസും തെരുവുകൾ നിറയെ ടിന്നുകളും സിഗററ്റുകുറ്റികളും എച്ചിലും ഹീലു പോയ ഷൂസുകളും വാരിവിതറുകയും ചെയ്യുന്നു. മേള കഴിഞ്ഞു മടങ്ങുന്ന വഴി ആൾക്കൂട്ടം പാടുകയും നൂറുപേരുടെ സംഘങ്ങളായി നടപ്പാതകളുടെ കൈവരിയിൽ ഛർദ്ദിക്കുകയും ചെയ്യുന്നു. ആയിരം പേരുടെ സംഘങ്ങളായി അത് മൂത്രമൊഴിക്കുന്നു, മൂലകളിൽ, ഉപേക്ഷിക്കപ്പെട്ട തോണികളിൽ, അല്ലെങ്കിൽ, ഗാരിബാൾഡിയുടേയോ അത്ജ്ഞാതഭടന്റെയോ സ്മാരകത്തിൽ.

അവിടെ ഒരു സ്പെയിൻകാരന്‌, ആൻഡലൂഷ്യക്കാരനു വിശേഷിച്ചും, തോന്നുന്ന ഏകാകിത നിങ്ങൾക്കു സങ്കല്പിക്കാൻ പറ്റില്ല. താഴെ വീണാൽ അവർ നിങ്ങളെ ചവിട്ടിമെതിക്കും; വെള്ളത്തിലേക്കു വീണാൽ നിങ്ങളെ ലഞ്ച് റാപ്പറുകൾ കൊണ്ടു മൂടുകയും ചെയ്യും.

പേടിപ്പെടുത്തുന്ന ആ ആൾക്കൂട്ടത്തിന്റെ ആരവം ഞായറാഴ്ച മുഴുവൻ ന്യൂയോർക്കിൽ നിറയുന്നു, ഒരു കുതിരപ്പറ്റത്തിന്റെ താളത്താൽ പൊള്ളയായ പാതകളെ മെതിച്ചുകൊണ്ട്.

(തന്റെ “ന്യൂയോർക്കിൽ ഒരു കവി” എന്ന പുസ്തകത്തെക്കുറിച്ച് ലോർക്ക 1931ൽ നടത്തിയ പ്രഭാഷണത്തിൽ നിന്ന്)


അഭിപ്രായങ്ങളൊന്നുമില്ല: