2022, സെപ്റ്റംബർ 5, തിങ്കളാഴ്‌ച

സെൻ കഥകൾ

 ഒരു സെൻ ഭിക്ഷു തന്റെ ഗുരുവിനോടു ചോദിച്ചു: “ഗുരോ, നൂറു കൊല്ലം കഴിഞ്ഞാൽ അങ്ങെവിടെയായിരിക്കും?”

ഗുരു: “ഈ മലയടിവാരത്ത് ഞാനൊരു മൂരിയായിരിക്കും.”

ഭിക്ഷു: “ഞാനും അങ്ങയുടെ കൂടെ വന്നോട്ടെ?”

ഗുരു: “പിന്നെന്താ?വരുമ്പോൾ നീയൊരു പുൽക്കൊടി കൂടി കടിച്ചുപിടിച്ചിരിക്കണമെന്നേയുള്ളു.”

*

കടൽ ചൂണ്ടിക്കാണിച്ചുകൊണ്ട് ഗുരു ശിഷ്യനോടു പറഞ്ഞു: “മനസ്സാണു പ്രധാനമെന്നു നീ പറയാറുണ്ടല്ലോ. ആ തോണികളുടെ യാത്ര നിർത്താൻ നിനക്കു കഴിയുമോ?” ശിഷ്യൻ ഒന്നും മിണ്ടാതെ കടലിന്റെ കാഴ്ച മറയ്ക്കുന്ന തട്ടി താഴ്ത്തിയിട്ടു. “കൊള്ളാം,” ഗുരു പറഞ്ഞു, “പക്ഷേ നിനക്ക് കൈകളുപയോഗിക്കേണ്ടിവന്നു.” ശിഷ്യൻ അപ്പോഴും ഒന്നും മിണ്ടാതെ കണ്ണുകളടച്ചു.

*

സെൻ ബുദ്ധമാർഗ്ഗത്തിൽ താല്പര്യമുള്ള ഒരു സംഘം പാശ്ചാത്യചിന്തകർ ഒരാശ്രമം സന്ദർശിക്കുകയായിരുന്നു. ഒരു ബുദ്ധവിഗ്രഹത്തിനു മുന്നിൽ ഭക്തിയോടെ വണങ്ങുന്ന ഭിക്ഷുക്കളെ കണ്ടപ്പോൾ അവർക്കാകെ ഞെട്ടലായി. 

കൂട്ടത്തിലൊരാൾ മഠാധിപതിയോടു ചോദിച്ചു: “ഒരു വിഗ്രഹത്തിനു മുന്നിൽ ആദരവു കാണിക്കുന്നതിന്റെ അർത്ഥമെന്താണ്‌? അത് മൂഢമായ വെറുമൊരു തടിക്കഷണം മാത്രമല്ലേ? ബുദ്ധൻ എതിരേ വന്നാൽ ബുദ്ധനെ കൊല്ലുക എന്നനുശാസിക്കുന്നവരല്ലേ സെൻ ഗുരുക്കന്മാർ? ഏതു ബുദ്ധവിഗ്രഹത്തിനു മേലും കാറിത്തുപ്പാൻ പറയുന്നതല്ലേ സെൻ മാർഗ്ഗം?”

ഗുരു പറഞ്ഞു: “താങ്കൾ പറഞ്ഞതു ശരിതന്നെ. ഇത് വെറുമൊരു തടിക്കഷണം മാത്രമാണ്‌. താങ്കൾക്കു വേണമെങ്കിൽ അതിൽ കാറിത്തുപ്പാം. അതിനെ വണങ്ങുന്നതാണ്‌ ഞങ്ങൾക്കിഷ്ടം എന്നേയുള്ളു.”
*

ഒരു ഭിക്ഷു ഗുരുവിനോടു ചോദിച്ചു: “നമുക്കെങ്ങനെ പുഴകളെയും മലകളെയും ഈ പ്രപഞ്ചത്തെത്തന്നെയും നമ്മളായി മാറ്റാം?”
ഗുരു തിരിച്ചു ചോദിച്ചു: “നമുക്കെങ്ങനെ പുഴകളും മലകളും ഈ പ്രപഞ്ചം തന്നെയുമായി മാറാം?”
*

ബുദ്ധവിഗ്രഹത്തിന്റെ ശിരസ്സിനു മേൽ ഒരു പ്രാവ് കാഷ്ഠിക്കുന്നതു കണ്ടപ്പോൾ ഭിക്ഷു ഗുരുവിനോടു ചോദിച്ചു: “ആ പ്രാവിനുമുണ്ടാവുമോ ഒരു ബുദ്ധപ്രകൃതി?”
ഗുരു പറഞ്ഞു: “സംശയമെന്ത്?”
ഭിക്ഷുവിന്‌ സംശയം മാറിയില്ല: “എങ്കിൽ അതെന്തിനാണ്‌ ബുദ്ധന്റെ മേൽ കാഷ്ഠിക്കുന്നത്?”
“അതൊരു പ്രാപ്പിടിയന്റെ തലയ്ക്കു മേൽ കാഷ്ഠിക്കുമെന്ന് നീ കരുതുന്നുണ്ടോ?“ ഗുരു ചോദിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല: