2022, സെപ്റ്റംബർ 16, വെള്ളിയാഴ്‌ച

ലോർക്ക- പൗരസ്ത്യഗാനം

 

വാസനിക്കുന്ന മാതളപ്പഴം
പരൽരൂപമായൊരാകാശം.
(ഓരോ കുരുവും ഒരു നക്ഷത്രം,
ഓരോ തൊലിയും ഒരസ്തമയം.)
കാലത്തിന്റെ നഖപ്പിടുത്തത്തിൽ
ഉണങ്ങിച്ചുങ്ങിയൊരാകാശം.

പ്രായം ചെന്ന, ശുഷ്കിച്ച മുല പോലെ
മാതളം,
അതിന്റെ മുലക്കണ്ണൊരു നക്ഷത്രം,
പാടങ്ങൾക്കു വെളിച്ചമേകാൻ.

അതൊരു കുഞ്ഞുതേൻകൂട്,
അതിന്റെ തേനറകൾക്കു ചോരച്ചുവപ്പ്,
സ്ത്രീകളുടെ ചുണ്ടുകൾ കൊണ്ടാണ്‌
തേനീച്ചകളതു രൂപപ്പെടുത്തിയതെന്നതിനാൽ.
അതുകൊണ്ടല്ലേ, പൊട്ടിത്തുറക്കുമ്പോൾ
ആയിരം ചുണ്ടുള്ള ചുവപ്പുകളായതു പൊട്ടിച്ചിരിക്കുന്നതും.

പാടങ്ങൾക്കു മേൽ തുടിക്കുന്ന ഹൃദയം,
മാതളം,
കിളികൾ കൊത്താൻ മടിക്കുന്ന ഗർവ്വിഷ്ഠഹൃദയം,
പുറമേ മനുഷ്യന്റേതുപോലെ കടുത്ത ഹൃദയം,
എന്നാലതിനെ തുളച്ചുകേറുന്നവനതു നല്കുന്നു,
മേയ്മാസത്തിന്റെ ചോരയും പരിമളവും.
മേച്ചില്പുറങ്ങളിലെ കിഴവൻ ഭൂതം
കാത്തുവയ്ക്കുന്ന നിധിയാണ്‌ മാതളം,
ഏകാന്തകാനനത്തിൽ 
റോസപ്പെണ്ണിനോടു സംസാരിച്ച ഭൂതം,
വെള്ളത്താടിയും ചുവന്ന അങ്കിയുമുള്ള ഭൂതം.
മങ്ങിയ പൊൻനിറമാർന്നൊരുദരത്തിൽ
അനർഘരത്നങ്ങളുടെ പെട്ടകം.

ഗോതമ്പുകതിർ അപ്പമാണ്‌.
ജീവിതവും മരണവും കൊണ്ട്
തൊട്ടറിയാവുന്നവനായ ക്രിസ്തു.

ഒലീവുമരം ഉറപ്പാണ്‌,
ബലത്തിന്റെയും പ്രയത്നത്തിന്റെയും.

ആപ്പിൾ മാംസളമായ കാമം,
പാപത്തിന്റെ സ്ഫിങ്ക്സ് ഫലം,
സാത്താന്റെ സ്പർശമിനിയും മാറാത്ത
യുഗങ്ങൾ പഴകിയൊരു തുള്ളി.

ഓറഞ്ച് അതിന്റെ മലിനപ്പെട്ട പൂവിന്റെ വിഷാദം,
ഒരിക്കൽ ശുദ്ധതയും വെണ്മയുമായതൊന്ന്
പിന്നെ സുവർണ്ണവും ആഗ്നേയവുമാവുകയല്ലേ.

വേനലിൽ സാന്ദ്രമാകുന്ന തൃഷ്ണ,
മുന്തിരിപ്പഴങ്ങൾ;
അവയെ ആശീർവദിച്ചിട്ടല്ലോ,
തിരുസഭ അതിൽ നിന്നും
ഒരു വിശുദ്ധപാനീയം വാറ്റിയെടുക്കുന്നതും.

ചെസ്റ്റ്നട്ടുകൾ കുടുംബസമാധാനം.
പുതുമ പോയ വസ്തുക്കൾ.
വിറകിന്റെ വെടിക്കലും കത്തലും,
വഴി തുലഞ്ഞ തീർത്ഥാടകർ.

ഓക്കിൻകായ പഴമയുടെ സൗമ്യകാവ്യം,
നേർത്ത പൊൻനിറമാർന്ന ക്വിൻസ്
ആരോഗ്യത്തിന്റെ തെളിമ.

മാതളം പക്ഷേ, ചോരയാണ്‌,
ആകാശത്തിന്റെ പവിത്രരക്തം,
നീർച്ചാലിന്റെ സൂചി തറച്ചുകയറിയ
മണ്ണിന്റെ ചോര.
പരുക്കൻമലകൾ വീശിവരുന്ന
കാറ്റിന്റെ ചോര.
അലയടങ്ങിയ കടലിന്റെ ചോര,
മയങ്ങുന്ന തടാകത്തിന്റെ ചോര.
നമ്മുടെ സിരകളിലൊഴുകുന്ന ചോരയുടെ
പ്രാഗ്ചരിത്രമത്,
ചോരയുടെ പ്ലേറ്റോണിക് ആദിരൂപം,
ഹൃദയം പോലെ, കപാലം പോലെ തോന്നുന്ന,
കയ്ക്കുന്ന കട്ടിഗോളത്തിനുള്ളിൽ അതു നിറയുന്നു.

പിളർന്ന മാതളമേ!
മരത്തിലൊരു തീനാളം നീ,
വീനസിനു നേർപെങ്ങൾ,
കാറ്റു വീശുന്ന തോപ്പിന്റെ ചിരി.
പൂമ്പാറ്റകൾ നിന്നെ വലം വയ്ക്കുന്നു,
ഭ്രമണം നിലച്ച സൂര്യനാണു നീയെന്നവർ കരുതുന്നു.
എരിഞ്ഞുപോകുമെന്ന ഭീതിയിൽ
പുഴുക്കൾ നിന്നെവിട്ടു പായുന്നു.

ജീവന്റെ വെളിച്ചമാണു നീ,
കനികളിൽ പെൺജാതി.
തോപ്പിനു മേൽ ദീപ്തമായ സാന്ധ്യതാരം.
ഞാനും നിന്നെപ്പോലായിരുന്നെങ്കിൽ, കനിയേ,
നാട്ടുപാടം നിറയ്ക്കുന്നൊരുത്കടവികാരം!

(1920)
 


അഭിപ്രായങ്ങളൊന്നുമില്ല: