മഴയ്ക്കുണ്ടൊരാർദ്രത,
തെളിഞ്ഞും തെളിയാതെയുമൊരു നിഗൂഢത,
തന്നിൽ താനടങ്ങിയൊരലസത,
ഒരു വിനീതസംഗീതമവൾക്കൊപ്പമുണരുന്നു,
അതു കേൾക്കെ വിറ കൊള്ളുന്നു,
മണ്ണിന്റെ മയങ്ങുന്ന ഹൃദയം.
അത് മണ്ണിന്റെ കവിളിലൊരു നീലിച്ച ചുംബനം,
സഫലമാവാൻ മടങ്ങിയെത്തുന്നൊരു പുരാവൃത്തം.
ഭൂമിക്കു മേൽ പ്രാക്തനാകാശത്തിന്റെ ശീതസ്പർശം,
സന്ധ്യയുടെ നിരന്തരാവർത്തനം പോലെ സൗമ്യം.
കനികൾക്കുദയമത്, പൂക്കൾ നമുക്കെത്തിക്കുന്നതത്,
കടലിന്റെ പരിശുദ്ധാത്മാവിനാൽ
നമ്മെ ജ്ഞാനസ്നാനം ചെയ്യുന്നതുമത്.
വിതകൾക്കു മേലതു ജീവിതം തൂവുന്നു,
അജ്ഞാതത്തെയോർത്തൊരു ഖേദം
ആത്മാവിനു മേലും.
പാഴായ ജീവിതത്തെച്ചൊല്ലി ഭയാനകമായൊരു നഷ്ടബോധം,
താൻ പിറക്കാൻ വൈകിപ്പോയെന്ന മാരകവികാരം,
വരാത്തൊരു നാളെക്കായി ക്ഷമകെട്ടൊരു വ്യാമോഹം,
മാംസത്തിന്റെ നിറത്തോടടുത്തൊരസ്വാസ്ഥ്യം.
അതിന്റെ ധൂസരതാളത്തിൽ പ്രണയമുണരുന്നു,
നമ്മുടെ ഹൃദയാകാശം ചോരയുടെ വിജയം ഘോഷിക്കുന്നു,
ജനാലച്ചില്ലുകളിൽ മരിച്ചുവീഴുന്ന തുള്ളികൾ കണ്ടിരിക്കെപ്പക്ഷേ,
നമ്മുടെ പ്രതീക്ഷകൾ വിഷാദമായി മാറുകയായി.
ആ തുള്ളികളാണനന്തതയുടെ കണ്ണുകൾ,
അവ നോക്കുന്നതു വെളുത്ത അനന്തതയെ,
തങ്ങൾക്കമ്മയായതിനെ.
പുകഞ്ഞ ചില്ലുകളിൽ തുള്ളികൾ വിറകൊള്ളുന്നു,
ദിവ്യമായ വജ്രപ്പോറലുകളവയിലവശേഷിപ്പിക്കുന്നു.
അവർ ജലകവികൾ; അവർ കാണുന്നു, അവർ ധ്യാനിക്കുന്നു,
നിരവധിയായ പുഴകളൊരുനാളും കാണാത്തതും.
കാറ്റുകളില്ലാത്ത, കൊടുങ്കാറ്റുകളില്ലാത്ത നിശബ്ദവർഷമേ!
കുടമണികൾ പോലെ, അരിച്ചിറങ്ങുന്ന വെളിച്ചം പോലെ
ഒതുങ്ങിപ്പെയ്യുന്ന പ്രശാന്തവർഷമേ,
ഓരോ വസ്തുവിലും നീ പതിക്കുന്നു, മമതയോടെ, വിഷാദത്തോടെ!
ഫ്രാൻസിസ്കൻ വർഷമേ, നീ നിന്റെ തുള്ളികളിൽ വഹിക്കുന്നു,
തെളിഞ്ഞ ഉറവകളുടെ, ദീപ്തജലധാരകളുടെ ആത്മാക്കളെ!
പാടങ്ങളിൽ മന്ദമന്ദമിറങ്ങിവരുമ്പോൾ നീ വിടർത്തുന്നു,
നിന്റെ സ്വരം കൊണ്ടെന്റെ നെഞ്ചിലെ പനിനീർപ്പൂക്കളെ!
നിശബ്ദതയ്ക്കു നീ പാടിക്കൊടുക്കുന്ന പ്രാക്തനഗാനം,
ചില്ലകൾക്കു നീ പറഞ്ഞുകൊടുക്കുന്ന മുഖരകഥനം-
അതിനൊരു വ്യാഖ്യാനം ചമയ്ക്കുകയാണെന്റെ വന്ധ്യഹൃദയം,
ആധാരസ്വരമില്ലാത്തൊരു ദാരുണസംഗീതം.
എന്റെ നെഞ്ചിൽ ഒതുങ്ങിപ്പെയ്യുന്ന മഴയുടെ വിഷാദം,
കിട്ടാത്തതൊന്നിന്റെ പേരിൽ കീഴ്വഴങ്ങിയ വിഷാദം;
എന്റെ ചക്രവാളത്തിലെരിയുന്നുണ്ടൊരു ദീപ്തതാരം,
അതിനെ നോക്കരുതെന്നു വിലക്കുകയാണെന്റെ ഹൃദയം.
മരങ്ങൾ സ്നേഹിക്കുന്ന നിശബ്ദവർഷമേ,
പിയാനോക്കട്ടകൾക്കു മേൽ മധുരപ്രഹർഷമേ,
എന്റെയാത്മാവിനു നീ ദാനം ചെയ്യുന്നതേ ധ്വനികളും ധൂമികകളും,
ഭൂദൃശ്യത്തിന്റെ സുപ്താത്മാവിനു നീ പകർന്നുകൊടുത്തവ!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ