2022, ജൂലൈ 21, വ്യാഴാഴ്‌ച

ലോർക്ക ബഗേരിയയുമായി നടത്തിയ സംഭാഷണം

 

“പറയൂ, കവേ, കല കലയ്ക്കു വേണ്ടി എന്നതിൽ നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? അതോ, കല ജനതയ്ക്കു വേണ്ടി സ്വയം സമർപ്പിക്കണോ, അവർ കരയുമ്പോൾ കരയുകയും അവർ ചിരിക്കുമ്പോൾ ചിരിക്കുകയും വേണോ?”

“കൊള്ളാം ബഗേരിയ, ഞാൻ നിങ്ങളുടെ ചോദ്യത്തിനു മറുപടി പറയാം; കല കലയ്ക്കു വേണ്ടി എന്ന ആശയം വളരെ ക്രൂരമായ ഒന്നായേനെ, ഭാഗ്യവശാൽ അത് അത്രയും വഷളായ ഒന്നായിരുന്നെങ്കിൽ, എന്നാണെന്റെ മറുപടി. മനസ്സിൽ നേരുള്ള ഒരു മനുഷ്യനും ഇപ്പോൾ അതിൽ വിശ്വസിക്കുന്നില്ല. ഈ നാടകീയമുഹൂർത്തത്തിൽ കലാകാരൻ തന്റെ ജനതയോടൊപ്പം ചിരിക്കുകയും കരയുകയും വേണം. അയാൾ തന്റെ കയ്യിലുള്ള വെളുത്ത ലില്ലിപ്പൂക്കൾ മാറ്റിവച്ചിട്ട്  അവ ആവശ്യമുള്ളവരെ സഹായിക്കാനായി മാറോളം ചെളിയിൽ ഇറങ്ങിമുങ്ങണം. എന്റെ കാര്യമാണെങ്കിൽ, അന്യരുമായി ആശയവിനിമയം നടത്തുക എന്നതാണ്‌ എന്നെ നയിക്കുന്ന പ്രേരകം. അതുകൊണ്ടാണ്‌ ഞാൻ അരങ്ങിന്റെ വാതിലിൽ വന്നു മുട്ടിയതും എന്റെ ഭാവുകത്വമെല്ലാം അതിനായി ഉഴിഞ്ഞുവച്ചതും.”

“ഒരു കവിതയ്ക്കു ജന്മം കൊടുത്തുകഴിഞ്ഞാൽ അതേതോ രീതിയിൽ ഒരനന്തരജീവിതത്തിലേക്ക് നമ്മെ അടുപ്പിക്കുന്നുവെന്ന് നിങ്ങൾ കരുതുന്നുണ്ടോ? അതോ, ഒരു പരലോകത്തെക്കുറിച്ചുള്ള നമ്മുടെ സ്വപ്നങ്ങളെ നിർമ്മൂലനം ചെയ്യുകയാണോ അതു ചെയ്യുന്നത്?”

“അസാധാരണവും ദുഷ്കരവുമായ ആ ചോദ്യം വരുന്നത് ബഗേരിയ, നിങ്ങളുടെ ജീവനെ ബാധിച്ചിരിക്കുന്ന ദാർശനികമായ ആകുലതയിൽ നിന്നാണ്‌- നിങ്ങളെ അറിയുന്നവർക്കു മാത്രം മനസ്സിലാകുന്ന ഒരാകുലത. കവിതാസൃഷ്ടി പൊരുളു തിരിയാത്ത ഒരു നിഗൂഢതയാണ്‌, മനുഷ്യന്റെ ജനനം പോലെതന്നെ. ഒരു പിടിയുമില്ലാത്ത എവിടെ നിന്നോ നിങ്ങൾ ശബ്ദങ്ങൾ കേൾക്കുന്നു; അവ എവിടെ നിന്നു വരുന്നു എന്നാലോചിച്ചു തല പുകയ്ക്കുന്നതുകൊണ്ടു കാര്യമില്ല. ജനിക്കുന്ന കാര്യത്തിൽ എനിക്കൊരു വേവലാതിയും ഉണ്ടായിരുന്നില്ല എന്നപോലെതന്നെ മരിക്കുന്നതിലും എനിക്കു വേവലാതിയൊന്നുമില്ല. ഞാൻ പ്രകൃതിക്കും മനുഷ്യനും കാതുകൊടുക്കുന്നു; അവ പഠിപ്പിക്കുന്നത് ഞാൻ പകർത്തിവയ്ക്കുന്നു, പാണ്ഡിത്യഭാരമില്ലാതെ, അവയ്ക്കുണ്ടെന്ന് എനിക്കു തീർച്ചയില്ലാത്ത ഒരർത്ഥം വസ്തുക്കൾക്കു കൊടുക്കാതെ. ചിറകു വച്ച സംഗീതവും പൊട്ടിച്ചിരിയും ഉറവ വറ്റാത്ത മദ്യവും നിറഞ്ഞ അത്ഭുതാവഹമായ ഒരു ഭക്ഷണശാലയുടെ മേൽക്കൂരയല്ല, കവിയുടെ തലയ്ക്കു മേലുള്ളത്. പേടിക്കേണ്ട, ബഗേരിയ, ഒരിക്കൽ നമുക്കതു കിട്ടും.“

”ഈ ചോദ്യങ്ങൾ വിചിത്രമായിട്ടാണോ നിങ്ങൾക്കു തോന്നുന്നത്? കാട്ടാളനായ ഒരു കാരിക്കേച്ചറിസ്റ്റിന്റെ ചോദ്യങ്ങളാണവ. എന്നും ഞാനൊരു കാട്ടാളനായിരുന്നു എന്നു നിങ്ങൾക്കറിയാമല്ലോ; പല പേനകളും ചുരുക്കം വിശ്വാസങ്ങളും പണിയെടുക്കാൻ കിരാതവും വേദനാജനകവുമായ സാമഗ്രികളുമുള്ള ഒരാൾ. കവി ഒന്നു ചിന്തിച്ചുനോക്കൂ: ജീവിതം എന്ന ദുരന്തപൂർണ്ണമായ ചോദ്യം പണ്ട് എന്റെ അച്ഛനമ്മമാരുടെ വായിൽ നിന്നു തെറിച്ചുവീണ ഒരു വരിയിൽ പുഷ്പിച്ചുനില്ക്കുന്നതു ഞാൻ കണ്ടു. ജനിച്ചതാണ്‌ മനുഷ്യൻ ചെയ്ത ഏറ്റവും വലിയ കുറ്റം എന്ന കാൽഡെറോണിന്റെ വചനം ശരിയാണെന്നു താങ്കൾക്കു തോന്നുന്നില്ലേ? മുനോസ് സെക്കയുടെ ശുഭാപ്തിവിശ്വാസത്തെക്കാൾ ശരിയല്ലേ അത്?“

”നിങ്ങളുടെ ചോദ്യങ്ങൾ എനിക്കൊട്ടും വിചിത്രമായി തോന്നുന്നില്ല, ബഗേരിയ. നിങ്ങൾ ശരിക്കുമൊരു കവിയാണ്‌; മുറിവിൽത്തന്നെ നിങ്ങളുടെ വിരൽ തൊടുന്നു. തികഞ്ഞ ആത്മാർത്ഥതയോടെയും ആർജ്ജവത്തോടെയും ഞാൻ നിങ്ങൾക്കു മറുപടി പറയുന്നു. ഞാൻ ഉന്നത്തിൽ നിന്നു തെന്നുന്നുവെങ്കിൽ, എന്റെ വാക്കിടറുന്നുവെങ്കിൽ അതെന്റെ അജ്ഞത കൊണ്ടുമാത്രമാണ്‌. നിങ്ങളുടെ കാട്ടാളത്തത്തിന്റെ തൂലികകൾ മാലാഖമാരുടെ തൂവലുകളാണ്‌. നിങ്ങളുടെ മരണനൃത്തത്തിനു താളമിടുന്ന ചെണ്ടയുടെ പിന്നിൽ ഇറ്റാലിയൻ ചിത്രകാരന്മാർ വരയ്ക്കുന്ന തരം ഇളംചുവപ്പുള്ള ഒരു കിന്നരം ഞാൻ കാണുന്നു. ശുഭാപ്തിവിശ്വാസം പരപ്പൻ ആത്മാക്കളുടെ ലക്ഷണമാണ്‌; പരിഹാരമില്ലാത്ത കാര്യങ്ങളിൽ നിന്നുറപൊട്ടി നമുക്കു ചുറ്റും കുത്തിയൊലിക്കുന്ന കണ്ണീരവർ കാണുന്നില്ല.“

”ആർദ്രഹൃദയനായ കവേ, ലോർക്കാ, നമുക്ക് മരണാനന്തരജീവിതം എന്ന വിഷയത്തെക്കുറിച്ചുതന്നെ സംസാരിക്കാം. നിങ്ങൾ കരുതുന്നുണ്ടോ, ഒരു വരുംകാലജീവിതത്തിൽ വിശ്വസിക്കുന്നവർ ചുംബിക്കാൻ മാംസളമായ ചുണ്ടുകളില്ലാത്ത ആത്മാവുകളുടെ ദേശത്ത് സന്തോഷവാന്മാരായിരിക്കുമെന്ന്? ശൂന്യതയുടെ നിശബ്ദതയായിരിക്കില്ലേ, അതിലും ഭേദം?“

”ദയാലുവായ, പീഡിതനായ ബഗേരിയാ. വിശ്വാസികൾക്കുള്ള മഹത്തായ പ്രതിഫലമാണ്‌ ഉടലിന്റെ ഉയിർത്തെഴുന്നേല്പെന്ന്  സഭ പറയുന്ന കാര്യം നിങ്ങൾക്കറിയില്ലേ? ഇശയ്യാപ്രവാചകൻ ഗംഭീരമായ ഒരു വരിയിൽ അതിനെക്കുറിച്ചു പറയുന്നുണ്ട്: ‘നികൃഷ്ടമായ അസ്ഥികൾ ദൈവത്തിൽ ആനന്ദിക്കും.’ ഒരിക്കൽ സെയിന്റ് മാർട്ടിൻ സെമിത്തേരിയിൽ വച്ച് ശൂന്യമായ ഒരു ശവകുടീരത്തിനരികിൽ ഞാനൊരു ശിലാഫലകം കണ്ടു. ജീർണ്ണിച്ചുതുടങ്ങിയ ഭിത്തിയിൽ നിന്ന് ഒരു കിഴവന്റെ പല്ലു പോലെ തൂങ്ങിയാടുകയായിരുന്നു അത്. അതിൽ എഴുതിയിരുന്നത് ഇതാണ്‌: ‘ഇവിടെ ഡോണ മിഖെയ്‌ല ഗോമസ് മാംസത്തിന്റെ ഉയിർപ്പിനായി കാത്തുകിടക്കുന്നു.’ നമുക്ക് തലകളും കൈകളും ഉണ്ടെന്നതിനാൽ ഏതാശയവും ഇവിടെയുണ്ടാവും, അതിന്‌ ആവിഷ്കാരം കൊടുക്കാനും നമുക്കു കഴിയും.“

”ജന്മദേശമെന്നു പറയുന്നത് ഒന്നുമല്ലെന്നും അതിർത്തികൾ മാഞ്ഞുപോകുമെന്നും നിങ്ങൾ കരുതുന്നില്ലേ? ഒരു നല്ല ചൈനാക്കാരനെക്കാൾ ഒരു ചീത്ത സ്പാനിഷുകാരൻ സഹോദരനാവണമെന്നുണ്ടോ?“

”ഞാൻ കറ കളഞ്ഞ സ്പാനിഷുകാരനാണ്‌; എന്റെ ഭൂമിശാസ്ത്രപരമായ അതിരുകൾക്കപ്പുറത്തു ജീവിക്കാൻ എനിക്കസാദ്ധ്യവുമാണ്‌. എന്നാൽ പേരു കൊണ്ടുമാത്രം സ്പാനിഷുകാരനായ ഏതൊരാളെയും ഞാൻ വെറുക്കുന്നു. ഞാൻ എല്ലാവരുടേയും സഹോദരനാണ്‌. അമൂർത്തമായ ദേശീയത എന്ന ആദർശത്തിനായി സ്വയം ബലി കൊടുക്കുന്ന ഒരാളെ, കണ്ണിൽ വച്ചുകെട്ടുമായി സ്വന്തം രാജ്യത്തെ സ്നേഹിക്കുന്ന ഒരാളെ ഞാൻ കഠിനമായി വെറുക്കുന്നു. ചീത്ത സ്പാനിഷുകാരനെക്കാൾ എന്നോടടുത്തത് നല്ലവനായ ചൈനാക്കാരനാണ്‌. ഞാൻ സ്പെയിനിനെ വാഴ്ത്തുകയും എന്റെ മജ്ജയിൽ ഞാനവളെ അറിയുകയും ചെയ്യുന്നു. എന്നാൽ സ്പെയിൻകാരനാവുന്നതിനു മുമ്പേ ഞാൻ ഈ ലോകത്തെ ഒരു മനുഷ്യനാണ്‌, എല്ലാ മനുഷ്യരുടേയും സഹോദരനാണ്‌. ഇല്ല, രാഷ്ട്രീയാതിർത്തികളിൽ ഞാൻ വിശ്വസിക്കുന്നില്ല. നോക്കൂ, എന്റെ ബഗേരിയാ, എല്ലാ ചോദ്യങ്ങളും അഭിമുഖം നടത്തുന്നവർക്കു മാത്രമുള്ളതല്ല; ചില ചോദ്യങ്ങൾക്കുള്ള അവകാശം അവരുടെ പ്രജകൾക്കുമുണ്ട്. അപ്പോൾ ഞാൻ ചോദിക്കട്ടെ, നിങ്ങളെ വേവലാതിപ്പെടുത്തുന്ന പരലോകത്തെക്കുറിച്ചുള്ള ഈ ഉത്കണ്ഠ, ഈ ആർത്തി എന്താണ്‌? ശവക്കുഴിക്കപ്പുറം ജീവിക്കണമെന്ന് നിങ്ങൾക്കു ശരിക്കും ആഗ്രഹമുണ്ടോ? ഈ വിഷയം സംശയങ്ങൾക്കതീതമായി പരിഹരിക്കപ്പെട്ടുവെന്ന് നിങ്ങൾ കരുതുന്നില്ലേ? മനുഷ്യന്‌ വിശ്വാസമുണ്ടായാലും ഇല്ലെങ്കിലും അക്കാര്യത്തിൽ ഒന്നും ചെയ്യാനില്ലെന്നും?“

”സത്യമാണ്‌, നിർഭാഗ്യവശാൽ ഇതെല്ലാം സത്യമാണ്‌. എന്നെന്നേക്കുമായി മറഞ്ഞുപോവുക എന്നത് എത്ര ദുരന്തപൂർണ്ണവും വേദനാജനകവുമാണ്‌! ആനന്ദങ്ങളേ, സ്ത്രീയുടെ ചുണ്ടുകളേ, വീഞ്ഞിന്റെ ചഷകമേ, ആ ദാരുണസത്യം മറക്കാൻ എന്നെ തുണയ്ക്കുന്നവരേ! പ്രകൃതിദൃശ്യങ്ങളേ, ഇരുട്ടിനെ മറക്കാൻ എന്നെത്തുണയ്ക്കുന്ന വെളിച്ചമേ! ആ ദാരുണാന്ത്യം വന്നെത്തുമ്പോൾ ഞാൻ ആവശ്യപ്പെടുന്നത് ചിരസ്ഥായിത്വം മാത്രമാണ്‌. എന്നെ ഒരു പൂന്തോപ്പിലടക്കൂ; എന്റെ അടുത്ത ജന്മം ഫലഭൂയിഷ്ടമായിരിക്കുമെന്നെങ്കിലും ഞാനറിയട്ടെ...പ്രിയപ്പെട്ട ലോർക്കാ, സ്പെയിനിൽ നമുക്കുള്ള ഏറ്റവും അമൂല്യമായ കാര്യങ്ങളിൽ രണ്ടെണ്ണത്തെക്കുറിച്ചാണ്‌ ഞാൻ നിങ്ങളോടു ചോദിക്കാൻ പോകുന്നത്: ജിപ്സിഗാനവും കാളപ്പോരും. ജിപ്സിഗാനത്തെക്കുറിച്ചു തെറ്റു പറയാനായി ഞാൻ കാണുന്നത് അത് അമ്മമാരെക്കുറിച്ചേ പറയുന്നുള്ളു എന്നതാണ്‌. അച്ഛന്മാർ ഇടിവെട്ടി മരിച്ചുപോകട്ടെ, അവരതു കാര്യമാക്കുകതന്നെയില്ല. അതിൽ ഒരല്പം അനീതിയുണ്ടെന്നു തോന്നുന്നു. തമാശ കളഞ്ഞാൽ, നമ്മുടെ നാടിന്റെ വിലപ്പെട്ട നിധിയാണതെന്ന് ഞാൻ കരുതുന്നു.“

”വളരെക്കുറച്ചു പേർക്കേ ജിപ്സിസംഗീതം പരിചയമുള്ളു; നൈറ്റ് ക്ലബ്ബുകളിൽ വിളമ്പുന്നത് ഫ്ലാമെങ്കോ എന്ന സാധനമാണ്‌; അതാകട്ടെ, ജിപ്സിസംഗീതം ദുഷിച്ചതും. പിന്നെ, ജിപ്സികൾ തങ്ങളുടെ അമ്മമാരെക്കുറിച്ചേ ഓർക്കുന്നുള്ളു എന്ന് അത്രയും കൗതുകത്തോടെ നിങ്ങൾ പറഞ്ഞതിനെക്കുറിച്ചാണെങ്കിൽ, ഭാഗികമായി അതു ശരിയാണ്‌; കാരണം അവരുടേത് മാതൃദായക്രമമാണ്‌; അച്ഛന്മാർ ശരിക്കും അച്ഛന്മാരല്ല; അവർ ജീവിക്കുന്നത്...അവരുടെ അമ്മമാരുടെ പുത്രന്മാരായിട്ടാണ്‌. നേരേ മറിച്ച്, പിതൃസ്നേഹത്തെ ആഘോഷിക്കുന്ന ചില ജിപ്സിക്കവിതകളുമുണ്ട്. പക്ഷേ വളരെക്കുറച്ചു മാത്രം. പിന്നെ, നിങ്ങൾ എന്നോടു ചോദിച്ച മഹത്തായ മറ്റേ വിഷയത്തെക്കുറിച്ച്, കാളപ്പോരിനെക്കുറിച്ചാണെങ്കിൽ, സ്പെയിനിന്റെ ഏറ്റവും സജീവവും കാവ്യാത്മകവുമായ നിധിയാണതെന്ന് ഞാൻ പറയും; എഴുത്തുകാരും ചിത്രകാരന്മാരും അവിശ്വസനീയമാം വിധം അവഗണിച്ചുകളഞ്ഞത്. അതെനിക്കു തോന്നുന്നത് നമുക്കു ലഭിച്ച തെറ്റായ വിദ്യാഭ്യാസം കൊണ്ടാണ്‌. കാളപ്പോരാണ്‌ ലോകത്തെ ഏറ്റവും സംസ്കാരസമ്പന്നമായ ഉത്സവമെന്നു ഞാൻ കരുതുന്നു; ഒരു സ്പാനിഷുകാരൻ തന്റെ ഏറ്റവും നല്ല കണ്ണീരും ഏറ്റവും നല്ല പിത്തനീരും ഒഴുക്കുന്ന അരങ്ങാണത്. തന്നെയുമല്ല, എത്രയും കണ്ണഞ്ചിക്കുന്ന സൗന്ദര്യത്തിനിടയിൽ മരണത്തെ കാണാമെന്നുറപ്പിച്ചു നിങ്ങൾക്കു പോകാവുന്ന ഒരേയൊരിടവും കാളപ്പോരാണ്‌. സ്പാനിഷ് വസന്തത്തിന്റെ, നമ്മുടെ ചോരയുടെ, നമ്മുടെ ഭാഷയുടെ ഗതി എന്താവും, റിങ്ങിൽ നാടകീയമായ ആ കാഹളം വിളികൾ മുഴങ്ങാതായിക്കഴിഞ്ഞാൽ? പ്രകൃതം കൊണ്ടും കാവ്യാഭിരുചി കൊണ്ടും ബെൽമൊന്തെയുടെ കടുത്ത ആരാധകനാണു ഞാൻ.“

”സമകാലികരായ സ്പാനിഷ് കവികളിൽ താങ്കൾക്കേറ്റവും ഇഷ്ടം ആരെയാണ്‌?“

”രണ്ടു പ്രധാനികളുണ്ട്, അന്തോണിയോ മച്ചാദോയും ഹുവാൻ റമോൺ ഹിമെനെഥും. ആദ്യത്തെയാൾ പ്രശാന്തതയുടേയും പൂർണ്ണതയുടേയും നിർമ്മലമായ പ്രതലത്തിലാണ്‌ ജീവിക്കുന്നത്; ഏതു വിധത്തിലുമുള്ള സംഘർഷത്തിനേയും അതിജീവിച്ചുകഴിഞ്ഞ, ദേവനും മനുഷ്യനുമായ ഒരു കവി; തന്റെ അത്ഭുതാവഹമായ ആന്തരലോകത്തെ പൂർണ്ണമായും തന്റെ വരുതിയിലാക്കിക്കഴിഞ്ഞ ഒരാൾ. ഹിമെനെഥ് അമിതമായ സ്വയം മഹത്വവത്കരിക്കൽ കൊണ്ട് തരിപ്പണമായ, തനിക്കു ചുറ്റുമുള്ള യാഥാർത്ഥ്യം കൊണ്ടു ദേഹമാകെക്കീറിയ, അഗണ്യമായ വസ്തുക്കളുടെ ദംശനമേറ്റ ഒരു വലിയ കവി; അദ്ദേഹത്തിന്റെ കാതുകൾ ലോകത്തേക്കു തിരിച്ചുവച്ചിരിക്കുകയാണ്‌; അദ്ദേഹത്തിന്റെ വിസ്മയാവഹവും അനന്യവുമായ കാവ്യാത്മാവിന്റെ യഥാർത്ഥശത്രുവുമാണത്.‘

“അപ്പോൾ വിട, ബഗേരിയ. നിങ്ങൾ നിങ്ങളുടെ കുടിലുകളിലേക്കും നിങ്ങളുടെ പൂക്കളിലേക്കും നിങ്ങളുടെ കാട്ടുമൃഗങ്ങളിലേക്കും വെള്ളച്ചാട്ടങ്ങളിലേക്കും മടങ്ങിച്ചെല്ലുമ്പോൾ സഹജീവികളായ കാട്ടാളന്മാരോടു പറഞ്ഞേക്കൂ, ഡിസ്ക്കൗണ്ടിൽ കൊടുക്കുന്ന റൗണ്ട് ട്രിപ്പ് ടിക്കറ്റുകളെ സൂക്ഷിക്കണമെന്ന്. ഞങ്ങളുടെ നഗരങ്ങളിലേക്കു വരരുതെന്ന് അവരോടു പറയൂ. അത്രയും ഫ്രാൻസിസ്ക്കൻ ആർദ്രതയോടെ നിങ്ങൾ വരച്ച കാട്ടുമൃഗങ്ങളോടു പറയൂ, അവ തങ്ങളുടെ സൗന്ദര്യം ഇങ്ങനെയെടുത്തു വീശരുതെന്ന്, അല്ലെങ്കിൽ, ഉന്മാദത്തിന്റെ ഏതോ നിമിഷത്തിൽ വീട്ടുമൃഗങ്ങളാവാൻ നിന്നുകൊടുക്കരുതെന്ന്. അധികം മദിക്കരുതെന്ന് നിങ്ങളുടെ പൂക്കളോടും പറയുക. അല്ലെങ്കിൽ അവയ്ക്ക് തുടലിൽ കിടക്കേണ്ടിവരും, ശവങ്ങളുടെ ദുഷിച്ച വായു തിന്നേണ്ടിവരും.”

(1936 ജൂൺ 10ന്‌ ഒരു സ്പാനിഷ് പത്രത്തിൽ പ്രസിദ്ധീകരിച്ചതാണ്‌ കാരിക്കേച്ചറിസ്റ്റായ ലൂയിസ് ബഗേരിയ Luis Bageriaയും ലോർക്കയും തമ്മിലുള്ള ഈ സംഭാഷണം. തന്റെ കാലത്തെ ഏറ്റവും പ്രഗത്ഭനായ കാർട്ടൂണിസ്റ്റായ ബഗേരിയ സ്വയം വിശേഷിപ്പിച്ചിരുന്നത് ‘കാട്ടാളനായ കാരിക്കേച്ചറിസ്റ്റ്’ എന്നാണ്‌. 



ബീഥോവൻ - ബാധിര്യത്തെക്കുറിച്ച്

 വികാരോത്ക്കടവും പെട്ടെന്നുത്തേജിതവുമാകുന്ന പ്രകൃതമായിട്ടും സാമൂഹികാഹ്ലാദങ്ങൾക്കു വശപ്പെടാൻ അത്രയ്ക്കു താല്പര്യമുണ്ടായിട്ടും ജീവിതത്തിന്റെ തുടക്കത്തിലേ എനിക്കു സ്വയം ഒറ്റപ്പെടുത്തേണ്ടിവന്നു, ഏകാന്തതയിൽ എനിക്കു ജീവിതം കഴിക്കേണ്ടിവന്നു. ഇനി എപ്പോഴെങ്കിലും ഇതിനെയൊക്കെ മറികടക്കാൻ ഞാൻ ശ്രമിച്ചുപോയിട്ടുണ്ടെങ്കിലാവട്ടെ, എനിക്കുണ്ടായിട്ടുള്ള അനുഭവം എത്ര ക്രൂരമായിരുന്നു, എത്ര ദുഃഖത്തോടെയാണ്‌ എനിക്കു പിന്മടങ്ങേണ്ടിവന്നത്! - എന്റെ കേൾവിശക്തിയിലെ ന്യൂനതയായിരുന്നു ഇതിനെല്ലാം കാരണം. എന്നാൽ മറ്റുള്ളവരോട് ഇങ്ങനെ പറയാനുള്ള ശക്തിയും എനിക്കുണ്ടായില്ല- ഉറക്കെപ്പറയൂ! ഞാൻ ബധിരനാണ്‌! മറ്റാരെക്കാളും എന്നിൽ എത്രയും പരിപൂർണ്ണമാകേണ്ടിയിരുന്ന ഒരിന്ദ്രിയത്തിന്റെ ന്യൂനത എങ്ങനെയാണു ഞാൻ വിളിച്ചറിയിക്കുക! എന്റെ മേഖലയിലെ ചുരുക്കം ചിലർക്കു മാത്രമുണ്ടായിരുന്ന പരിപൂർണ്ണതയോടെ ഒരിക്കൽ എനിക്കു സ്വന്തമായിരുന്ന ആ ശക്തി! ഹാ, എനിക്കതിനു കഴിഞ്ഞില്ല. എത്രയും ആഹ്ലാദത്തോടെ ഞാൻ ഇടപഴകുമായിരുന്ന നിങ്ങളിൽ നിന്ന് ഞാൻ ഒഴിഞ്ഞുമാറുന്നതായി തോന്നുന്നുവെങ്കിൽ അതിനാൽ എന്നോടു ക്ഷമിക്കുക. തെറ്റിദ്ധാരണയ്ക്കും ഇടവരുത്തുന്നു എന്നതിനാൽ എന്റെ ദൗർഭാഗ്യത്തിന്റെ കാഠിന്യം ഇരട്ടിയാവുകയാണ്‌. സാമൂഹികമായ സമ്പർക്കങ്ങളിലോ സംസ്കാരസമ്പന്നമായ സംഭാഷണങ്ങളിലോ ചിന്തകളുടെ പരസ്പരവിനിമയത്തിലോ എനിക്കിപ്പോൾ ഉന്മേഷം കിട്ടാതായിക്കഴിഞ്ഞിരിക്കുന്നു. തീർത്തും ഒറ്റപ്പെട്ട ഞാൻ അത്ര നിർബ്ബന്ധിതനായാലേ സമൂഹത്തിലേക്കിറങ്ങാറുള്ളു. ഒരു ഭ്രഷ്ടനെപ്പോലെ വേണം ഞാൻ ജീവിക്കാൻ. മറ്റുള്ളവർക്കൊപ്പമായിരിക്കുമ്പോൾ ഏറ്റവും വേദനാജനകമായ ഉത്കണ്ഠകൾ എന്നെ വന്നാക്രമിക്കുന്നു; എന്റെ അവസ്ഥ മറ്റുള്ളവരുടെ നിരീക്ഷണത്തിനു വിധേയമാവുക എന്ന അപകടത്തെക്കുറിച്ചുള്ള ഭീതിയിൽ നിന്നാണതു ജനിക്കുന്നത്. എന്റെ അരികത്തുള്ള ഒരാൾ അങ്ങകലെ ഒരു പുല്ലാങ്കുഴൽ കേൾക്കുമ്പോൾ ഞാൻ ഒന്നും കേൾക്കുന്നില്ല, മറ്റുള്ളവർ ഒരാട്ടിടയൻ പാടുന്നതു കേൾക്കുന്നു, അപ്പോഴും ഞാൻ ഒന്നും കേൾക്കുന്നില്ല- എന്തൊരപമാനമാണത്! ഇത്തരം കാര്യങ്ങൾ കൊടുംനൈരാശ്യത്തിന്റെ വക്കിലേക്കെന്നെ എത്തിച്ചു, ജീവിതം അവസാനിപ്പിച്ചാലെന്തെന്നുപോലും ഞാൻ ചിന്തിച്ചിരുന്നു. കല! കല മാത്രമാണ്‌ എന്നെ തടഞ്ഞത്. എന്റെ നിയോഗത്തിലുള്ളതെന്നു ഞാൻ കരുതുന്നതെല്ലാം ചെയ്തുതീർക്കാതെ എനിക്കെങ്ങനെ ഈ ലോകം വിട്ടുപോകാൻ കഴിയും?

(ബീഥോവൻ തന്റെ സഹോദരന്മാരായ കാൾ, യൊഹാൻ എന്നിവർക്കെഴുതിയ കത്തിൽ നിന്ന്. അപ്പോഴേക്കും അദ്ദേഹം പൂർണ്ണബധിരനായിട്ട് ആറുകൊല്ലം കഴിഞ്ഞിരുന്നു. രണ്ടാം സിംഫണി രചിച്ചുകഴിഞ്ഞ ഉടനേയാണ്‌ ഈ കത്തെഴുതുന്നത്.)

2022, ജൂലൈ 17, ഞായറാഴ്‌ച

ഗാർസിയ ലോർക്കയുടെ ജീവിതം

 

എന്റെ ജീവിതമോ? എനിക്കൊരു ജീവിതം തന്നെയുണ്ടോ? എന്നെ സംബന്ധിച്ചിടത്തോളം ഞാനിപ്പോഴും ഒരു കുട്ടിയാണ്‌. ബാല്യകാലത്തിലെ വികാരങ്ങൾ ഇപ്പോഴും എന്നിലുണ്ട്; ഞാൻ ഇന്നേവരെ അവയെ കൈവിട്ടിട്ടില്ല. എന്റെ ജീവിതത്തെക്കുറിച്ചു പറയുക എന്നാൽ ഞാൻ എന്താണെന്നു പറയുക എന്നാണ്‌. ഒരാളുടെ ജീവിതം എന്നു പറയുന്നത് അയാൾ എന്തൊക്കെ കടന്നുപോയോ, അതിന്റെയൊക്കെ ഒരാഖ്യാനമാണ്‌. എന്റെ എല്ലാ ഓർമ്മകളും, ഏറ്റവും ചെറുപ്പത്തിലെ ഓർമ്മകൾ പോലും, അതേ തീക്ഷ്ണതയോടെ എന്നിലുണ്ട്.

ഞാൻ എന്റെ ബാല്യത്തെക്കുറിച്ചു പറയാം. അതെന്നും എന്റേതു മാത്രമായിരുന്നു; അത്രയ്ക്കും എനിക്കേറ്റവുമടുത്ത സ്വകാര്യതയായിരുന്നതിനാൽ ഞാൻ അതിനെക്കുറിച്ചു ചർച്ച ചെയ്തിട്ടില്ല, അതിനെ വിശകലനം ചെയ്തു നോക്കാൻ എനിക്കു തോന്നിയിട്ടുമില്ല. കുട്ടിയായിരുന്നപ്പോൾ പ്രകൃതിയോട് ഏറ്റവുമടുത്താണു ഞാൻ ജീവിച്ചത്. എല്ലാ കുട്ടികളേയും പോലെ ഞാൻ ഓരോ വസ്തുവിനും മരത്തിനും കല്ലിനും മേശകൾക്കും കസേരകൾക്കും വ്യത്യസ്തമായ വ്യക്തിത്വങ്ങൾ കല്പിച്ചുകൊടുത്തു. ഞാൻ അവയോടു സംസാരിക്കുകയും അവയെ സ്നേഹിക്കുകയും ചെയ്തു. എന്റെ വീടിന്റെ മുറ്റത്ത് കുറേ കറുത്ത പോപ്ളാർ മരങ്ങൾ ഉണ്ടായിരുന്നു. ഒരുച്ചതിരിഞ്ഞ നേരത്ത് എനിക്കു പെട്ടെന്നു തോന്നി, അവ പാടുകയാണെന്ന്. ചില്ലകളിലൂടെ കടന്നുപോകുമ്പോൾ കാറ്റ് സ്വരങ്ങൾ മാറ്റിമാറ്റി പ്രയോഗിക്കുകയായിരുന്നു. അത് സംഗീതമായി ഞാൻ സങ്കല്പിച്ചു. പോപ്ളാറുകളുടെ പാട്ടും കേട്ട് മണിക്കൂറുകൾ ഞാനിരുന്നിട്ടുണ്ട്. മറ്റൊരിക്കൽ ആരോ എന്റെ പേരു പറയുന്നതു കേട്ട് ഞാൻ അമ്പരന്നു: “ഫെ...ദ...റി...ക്കോ...” ചുറ്റും നോക്കിയിട്ട് ആരെയും കണ്ടില്ല. ആരാണ്‌ ആ ശബ്ദമുണ്ടാക്കുന്നത്? കുറേയേറെ നേരം ശ്രദ്ധിച്ചപ്പോൾ എനിക്കു മനസ്സിലായി, പ്രായം ചെന്ന ഒരു പോപ്ളാറിന്റെ ചില്ലകൾ അന്യോന്യം ഉരുമ്മുകയായിരുന്നു, ദുഃഖത്തോടെ, ഏകതാനമായി. 

ഞാൻ നാടിനെ സ്നേഹിക്കുന്നു. എന്റെ വികാരങ്ങളെല്ലാം എന്നെ അതിനോടു തളച്ചിടുന്നു. എന്റെ ഏറ്റവും വിദൂരമായ ബാല്യകാലസ്മൃതികൾക്ക് മണ്ണിന്റെ ചുവയാണ്‌. ഭൂമി, നാട്ടുമ്പുറം  എന്റെ ജീവിതത്തിൽ മഹത്തായ കാര്യങ്ങൾ മെനഞ്ഞെടുത്തിട്ടുണ്ട്. കീടങ്ങളും മൃഗങ്ങളും ഗ്രാമീണരും അർത്ഥസൂചകമായി തോന്നുന്നത് ചുരുക്കം ചിലർക്കു മാത്രമാണ്‌. അവർ അർത്ഥമാക്കുന്നതെന്തെന്നു മനസ്സിലാക്കാൻ  കുട്ടിയായിരുന്നപ്പോഴെന്നപോലെ ഇപ്പോഴും എന്റെ ആത്മാവിനു കഴിയും. അല്ലെങ്കിൽ “രക്തവിവാഹം” എഴുതാൻ എനിക്കു കഴിയുമായിരുന്നില്ല. കലയിലെ എന്റെ ആദ്യത്തെ അനുഭവത്തിനു കാരണം മണ്ണിനോടുള്ള സ്നേഹമായിരുന്നു. അത് തീരെച്ചെറിയൊരു കഥയാണ്‌, അത് ഇവിടെപ്പറയാൻ യോഗ്യവുമാണ്‌.

1906 ആണെന്നു തോന്നുന്നു. എന്റെ ജന്മദേശത്ത് കൃഷിക്കാർ നിലം ഉഴുതിരുന്നത് അതിന്റെ പ്രതലത്തിൽ ഒരു പോറൽ പോലുമുണ്ടാക്കാത്ത പഴയ മരക്കലപ്പകൾ കൊണ്ടാണ്‌. അക്കൊല്ലം ചില കൃഷിക്കാർക്ക് പുതുപുത്തൻ ബ്രബാന്റെ (പേരിപ്പോഴും ഞാൻ മറന്നിട്ടില്ല) കലപ്പകൾ കിട്ടി. ആയിരത്തിത്തൊള്ളായിരത്തിൽ പാരീസിൽ നടന്ന പ്രദർശനത്തിൽ സമ്മാനം കിട്ടിയ കലപ്പകളാണവ. ഞാനന്ന് കൗതുകം നിറഞ്ഞ കൊച്ചുകുട്ടിയായിരുന്നു; ഊർജ്ജസ്വലമായ ആ കലപ്പയെ പാടം മുഴുവൻ ഞാൻ പിന്തുടർന്നു. അതിന്റെ കൂറ്റൻ ഉരുക്കുമുന മണ്ണിൽ മുറിവുകൾ തുറക്കുന്നതും അവയിൽ നിന്ന് ചോരയ്ക്കു പകരം വേരുകൾ വരുത്തുന്നതും കണ്ടുനില്ക്കാൻ എനിക്കിഷ്ടമായിരുന്നു. ഒരിക്കൽ കലപ്പ കനത്തതെന്തിലോ ചെന്നിടിച്ചു നിന്നു. തിളങ്ങുന്ന വായ്ത്തല മണ്ണിൽ നിന്നു കിളച്ചെടുത്തത് ഒരു റോമൻ മൊസെയ്ക്ക് ആയിരുന്നു; അതിൽ കൊത്തിവച്ചിരുന്ന ലിഖിതം എനിക്കിപ്പോൾ ഓർമ്മ വരുന്നില്ല; എന്തായാലും ദാഫ്നിസ്, ക്ളൊവി എന്നീ ആട്ടിടയന്മാരെക്കുറിച്ചാണെന്ന് എന്തു കാരണം കൊണ്ടോ എനിക്കു തോന്നി. അങ്ങനെ കലാസംബന്ധമായ ഒരു വിസ്മയം ഞാൻ ആദ്യമായി അനുഭവിക്കുന്നത് മണ്ണിനോടു ബന്ധപ്പെട്ടിട്ടാണ്‌. ദാഫ്നിസ്, ക്ളൊവി എന്നീ പേരുകൾക്കും മണ്ണിന്റെയും സ്നേഹത്തിന്റെയും ചുവയാണ്‌. എന്റെ ആദ്യവികാരങ്ങൾ മണ്ണിനോടു ബന്ധപ്പെട്ടതാണ്‌, പാടത്തു പണിയോടു ബന്ധപ്പെട്ടതാണ്‌. അതുകൊണ്ടാണ്‌ സൈക്കോ-അനലിസ്റ്റുകൾ പറഞ്ഞേക്കാവുന്ന ഒരു “കാർഷികകോംപ്ലക്സ്” എനിക്കുള്ളതും.

നാടിനോടുള്ള ഈ സ്നേഹമില്ലായിരുന്നുവെങ്കിൽ എന്റെ അടുത്ത കൃതിയായ “യെർമ്മ” തുടങ്ങാൻ എനിക്കു കഴിയുമായിരുന്നില്ല. മണ്ണെനിക്ക് ദാരിദ്ര്യത്തിന്റെ ഗഹനസൂചകമാണ്‌; വിശപ്പ് എന്ന ഹീനമായ ദാരിദ്ര്യത്തിന്റെയല്ല, ധന്യവും വിനീതവുമായ ദാരിദ്ര്യത്തിന്റെ- പരുക്കൻ റൊട്ടി പോലെ.

പ്രായമായവരെ എനിക്കു സഹിക്കാൻ പറ്റില്ല; ഞാനവരെ വെറുക്കുന്നുവെന്നോ ഭയക്കുന്നുവെന്നോ അല്ല, അവരുടെ മുന്നിൽ ഞാൻ അസ്വസ്ഥനാകുന്നു എന്നു മാത്രം. എനിക്കവരോടു സംസാരിക്കാൻ പറ്റില്ല. എന്തു പറയണമെന്ന് എനിക്കറിയാതാവുകയാണ്‌. വൃദ്ധരായതുകൊണ്ടു മാത്രം തങ്ങൾക്ക് ജീവിതത്തിന്റെ എല്ലാ രഹസ്യങ്ങളും തുറന്നുകിട്ടി എന്നു വിചാരിക്കുന്ന ആ വൃദ്ധന്മാരെ പ്രത്യേകിച്ചും. “അനുഭവം” എന്ന് അവർ പറയുന്ന, അത്രയധികം അവരുടെ സംസാരവിഷയമായ ആ സംഗതിയെക്കുറിച്ച് എന്തോ, എനിക്കൊരു ധാരണ കിട്ടാതെപോകുന്നു. വൃദ്ധന്മാരുടെ ഒരു കൂട്ടത്തിൽ പെട്ടുപോയാൽ എനിക്കൊരു വാക്കും പറയാനുണ്ടാവില്ല. ആ ചുരുക്കിപ്പിടിച്ച, കണ്ണീരു നിറഞ്ഞ നരച്ച കണ്ണുകൾ, ആ വിറകൊള്ളുന്ന ചുണ്ടുകൾ, വാത്സല്യം വഴിയുന്ന ആ പുഞ്ചിരികൾ എന്നെ ഭയചകിതനാക്കുന്നു; അവരുടെ സ്നേഹം എനിക്കനഭിമതമാണ്‌, പടുകുഴിയിലേക്കു നമ്മെ വലിച്ചുതാഴ്ത്തുന്ന കയറുപോലെ. പ്രായമായവർ അതാണ്‌- യൗവ്വനത്തിനും മരണമെന്ന കൊടുംഗർത്തത്തിനുമിടയിൽ കെട്ടിയ കയറ്‌.

മരണം! സർവ്വതിലും അവൾ നുഴഞ്ഞുകയറുന്നു. വിശ്രമം, മൗനം, ശാന്തത എല്ലാം മരണത്തിനുള്ള പരിശീലനങ്ങളാണ്‌. മരണം എവിടെയുമുണ്ട്. വിജേതാവാണവൾ. മരണം തുടങ്ങുന്നത് നാം വിശ്രമിക്കുമ്പോഴാണ്‌. അടുത്ത തവണ ഒരു വിരുന്നിനു പോകുമ്പോൾ എല്ലാവരുടേയും ഷൂസുകളിലേക്കൊന്നു നോക്കുക. അവ വിശ്രമിക്കുകയാണെന്ന്, ഭയാനകമായി വിശ്രമിക്കുകയാണെന്ന് നിങ്ങൾക്കു കാണാം. മൂകവും ഗൗരവം പൂണ്ടതും ഭാവശൂന്യവുമായ വസ്തുക്കളായി നിങ്ങൾ അവയെ കാണും- മരിക്കാൻ തുടങ്ങിക്കഴിഞ്ഞ, ഒരുപയോഗവുമില്ലാത്ത വസ്തുക്കൾ. ഷൂസുകളും പാദങ്ങളും, അവ വിശ്രമിക്കുന്ന നേരത്ത്, അവയുടെ മൃതഭാവം കൊണ്ട് എന്റെ മനസ്സിനെ വേട്ടയാടുന്നു. വിശ്രമിക്കുന്ന ഒരു ജോഡി പാദങ്ങളെ- അത്രയും ദുഃഖഭരിതമായി വിശ്രമിക്കാൻ പാദങ്ങളേ പഠിച്ചിട്ടുള്ളു- നോക്കിയിട്ട് ഞാൻ മനസ്സിൽ പറയുകയാണ്‌: “പത്ത്, ഇരുപത്, നാല്പതു കൊല്ലം കഴിയട്ടെ, അവയുടെ വിശ്രമം പരിപൂർണ്ണമാകും. അല്ലെങ്കിൽ കുറച്ചു മിനുട്ടുകൾക്കുള്ളിൽ. അല്ലെങ്കിൽ ഒരു മണിക്കൂറിനുള്ളിൽ. മരണം അവയിലെത്തിക്കഴിഞ്ഞു.”

ചില മണ്ടന്മാർ ചെയ്യുന്നപോലെ ഷൂസുമിട്ടുകൊണ്ട് കിടക്കാൻ എനിക്കു കഴിയാറില്ല. പാദങ്ങളിലേക്കു നോക്കുമ്പോൾ മരണചിന്ത എന്നെ ശ്വാസം മുട്ടിക്കാൻ തുടങ്ങും. ഉറങ്ങാൻ കിടക്കുന്നവരുടെ കാല്പാദങ്ങൾ കാണുമ്പോൾ എനിക്കോർമ്മ വരുന്നത് കുട്ടിയായിരുന്നപ്പോൾ കണ്ട ജഡങ്ങളെയാണ്‌. അവയുടെ പാദങ്ങൾ അങ്ങനെയായിരുന്നു...അടുത്തടുത്ത്, പുതിയ ഷൂസുമിട്ട്, വിശ്രമിക്കുന്നവ. മരണത്തെക്കുറിച്ച് ഇത്രയുമേ പറയാനുള്ളു.

ഈ നിമിഷം എനിക്കെന്റെ സ്നേഹിതന്മാരെ നഷ്ടപ്പെട്ടുവെന്നിരിക്കട്ടെ, എനിക്കു ചുറ്റും വെറുപ്പും അസൂയയും നിറഞ്ഞുവെന്നിരിക്കട്ടെ, എനിക്കു വിജയിക്കാൻ കഴിയില്ല. ഞാൻ പൊരുതുക പോലും ചെയ്യില്ല. അതെന്റെ വിഷയമല്ലാതായിക്കഴിഞ്ഞു. ഞാൻ മുന്നിട്ടിറങ്ങുന്നത് എന്റെ സ്നേഹിതന്മാരെ ഓർത്തിട്ടാണ്‌, മാഡ്രിഡിൽ ഞാൻ വിട്ടുപോയവരേയും ഇവിടെ, ബ്യൂണസ് ഐറിസിൽ ഞാൻ സമ്പാദിച്ചവരേയും. എന്റെ ഒരു കൃതി പരിഹാസപാത്രമായാൽ അവരുടെ മനസ്സു വിഷമിക്കുമെന്ന് എനിക്കറിയാം. എന്റെ കൃതിയുടെ പേരിലല്ല, എന്റെ സ്നേഹിതന്മാരുടെ പേരിലാണ്‌ ഞാൻ വേദനിക്കുക. അവരാണ്‌ വിജയിക്കുക എന്ന ബാദ്ധ്യത എനിക്കു നല്കിയത്. അവർ എന്നിൽ അർപ്പിച്ച സ്നേഹവും വിശ്വാസവും നഷ്ടപ്പെടരുതെന്നതിനായി ഞാൻ വിജയിക്കാൻ ശ്രമിക്കുന്നു. കലയുടെ കാര്യത്തിൽ എന്നെ സ്നേഹിക്കാത്തവരോ എനിക്കറിയാത്തവരോ ആയവരുടെ പേരിൽ ഞാൻ വേവലാതിപ്പെടുന്നതേയില്ല.

എന്റെ മനസ്സിനെ ഏറ്റവും സ്പർശിച്ച അനുഭവം? ഇന്നലെത്തന്നെയാണതു സംഭവിച്ചത്, ഇവിടെ, ബ്യൂണസ് ഐറിസിൽ. എന്നെ അന്വേഷിച്ച് ഒരു സ്ത്രീ തിയേറ്ററിൽ വന്നിരുന്നു. വളരെ പാവപ്പെട്ട ഒരു സ്ത്രീ; ഏതോ ചേരിയിലാണ്‌ താമസം. ഞാൻ ഇവിടെ വന്നതിനെക്കുറിച്ച് പത്രത്തിൽ അവർ വായിച്ചിരുന്നു. എന്താണവർക്കു വേണ്ടതെന്ന് എനിക്കൊരു പിടിയും കിട്ടിയില്ല; അവർ സംസാരിക്കാൻ വേണ്ടി ഞാൻ കത്തുനിന്നു. അവർ പോക്കറ്റിൽ നിന്ന് ഒരു കടലാസ്സുകെട്ടെടുത്തിട്ട് ശ്രദ്ധയോടെ എന്തോ ഒന്ന് പുറത്തെടുത്തു. അവർ എന്റെ കണ്ണുകളിലേക്കു നോക്കിയിട്ട് എന്തോ ഓർക്കുന്നപോലെ പുഞ്ചിരിച്ചു. “ഫെദറിക്കോ...ആരെങ്കിലും വിചാരിക്കുമോ...ഫെദറിക്കോ...”എന്നിട്ടവർ ആ കടലാസ്സുപൊതിയിൽ നിന്ന് ഒരു പഴയ, മഞ്ഞിച്ച ഫോട്ടോ പുറത്തെടുത്തു; ഒരു കുഞ്ഞിന്റെ ഫോട്ടോ. ആ ചിത്രമായിരുന്നു എന്റെ മനസ്സിനെ ഏറ്റവുമധികം സ്പർശിച്ച അനുഭവം.

“ഇവനെ അറിയുമോ, ഫെദറിക്കോ?”

“ഇല്ല.”

“ഇത് നീയാണ്‌, നിനക്ക് ഒരു വയസ്സുള്ളപ്പോൾ. നീ പിറന്നുവീഴുന്നത് ഞാൻ കണ്ടു. നിന്റെ അച്ഛനമ്മാരുടെ വീട്ടിനടുത്താണ്‌ ഞാൻ താമസിച്ചിരുന്നത്. ആ ദിവസം, നീ ജനിച്ച ദിവസം, ഞാനും ഭർത്താവും കൂടി ഒരു പാർട്ടിക്കു പോകാനിരിക്കുകയായിരുന്നു. നിന്റെ അമ്മയ്ക്ക് സുഖമില്ലാത്തതു കാരണം ഞങ്ങൾ പോയില്ല. ഞാനാണ്‌ സഹായിക്കാൻ നിന്നത്. അങ്ങനെ നീ ജനിച്ചു. നിനക്ക് ഒരു വയസ്സുള്ളപ്പോഴാണ്‌ ഈ ഫോട്ടോയെടുത്തത്. കാർഡ്ബോർഡ് കീറിയിരിക്കുന്നതു കണ്ടില്ലേ? ഫോട്ടോ പുതിയതായിരുന്നപ്പോൾ നിന്റെ കൊച്ചുകയ്യാണതു ചെയ്തത്. നീ പൊട്ടിച്ചതാണത്...ഫോട്ടോയിലെ ഈ കീറൽ എനിക്കെന്നും ഓർമ്മിക്കാനുള്ളതാണ്‌.”

അതാണ്‌ ആ സ്ത്രീ പറഞ്ഞത്. എന്റെ നാവിറങ്ങിപ്പോയി. കരയാൻ, അവരെ കെട്ടിപ്പിടിക്കാൻ, ഫോട്ടോയിൽ ചുംബിക്കാനൊക്കെ എനിക്കു തോന്നി; കാർഡ്ബോർഡിലെ കീറൽ നോക്കി നില്ക്കാനേ എനിക്കു കഴിഞ്ഞുള്ളു. അതാ, അതാണെന്റെ ആദ്യത്തെ കൃതി. അത് നല്ലതോ ചീത്തയോ എന്നെനിക്കറിയില്ല, എന്നാൽ അതെന്റേതാണ്‌...

അതു കണ്ടോ? (ലോർക്ക ഒരു പോസ്റ്റർ ചൂണ്ടിക്കാട്ടുന്നു.) ഇത്രയും മുഴുത്ത അക്ഷരങ്ങളിൽ എന്റെ പേരച്ചടിച്ചുവരുന്നതും പൊതുജനത്തിനു മുന്നിൽ തുറന്നുകിടക്കുന്നതും എന്നെ എന്തുമാത്രം ലജ്ജിപ്പിക്കുന്നുണ്ടെന്ന് നിങ്ങൾക്കു സങ്കല്പിക്കാൻ പറ്റില്ല. കൗതുകപൂർവ്വം നോക്കിനില്ക്കുന്ന ഒരാൾക്കൂട്ടത്തിനു മുന്നിൽ നഗ്നനായി നില്ക്കുന്ന തോന്നലാണെനിക്ക്. എന്റെ പേരിങ്ങനെ പ്രദർശിപ്പിച്ചിരിക്കുന്നത് എനിക്കു സഹിക്കാൻ പറ്റില്ല. ഞാനതു കണ്ടില്ലെന്നു നടിക്കുകയാണു വേണ്ടത്; കാരണം, തിയേറ്റർ ആവശ്യപ്പെടുന്നത് അതാണ്‌. എന്റെ പേര്‌ ഈ വിധം കൈകാര്യം ചെയ്യപ്പെടുന്നത് ഞാൻ ആദ്യം കാണുന്നത് മാഡ്രിഡിൽ വച്ചാണ്‌. ഞാൻ പ്രശസ്തിയിലേക്കുള്ള പാതയിലാണെന്ന് എന്റെ കൂട്ടുകാർ സന്തോഷത്തോടെ എന്നെ വിളിച്ചു പറഞ്ഞു. എന്നാൽ എനിക്കതത്ര ഭംഗിയായി തോന്നിയില്ല. ഏതു തെരുവുമൂലയിലും എന്റെ പേരുണ്ടായിരുന്നു, ചിലരുടെ ഉദാസീനതയും ചിലരുടെ ജിജ്ഞാസയും നേരിട്ടുകൊണ്ട്. അതെന്റെ പേരായിരുന്നു; അതിപ്പോൾ കണ്ണെത്തുന്നിടത്തൊക്കെ ഒട്ടിച്ചുവച്ചിരിക്കുകയാണ്‌, ലോകത്താർക്കും ഉപയോഗപ്പെടുത്താനായി. അത് വേറേ പലരേയും സന്തോഷിപ്പിക്കാമെങ്കിലും എനിക്കത് കഠിനവേദനയ്ക്കാണ്‌ കാരണമായത്. ഞാൻ ഞാനല്ലാതായതുപോലെയായിരുന്നു. രണ്ടാമതൊരാൾ നിവർന്നുവരുന്നപോലെ. ആ പോസ്റ്ററുകളിൽ നിന്ന് എന്നെ തുറിച്ചുനോക്കുകയും എന്റെ ഭീരുത്വത്തെ നോക്കിച്ചിരിക്കുകയും ചെയ്യുന്ന ഒരു ശത്രു. എന്നാൽ അത്, എന്റെ സ്നേഹിതാ, എനിക്കു സഹിക്കാൻ പറ്റില്ല.


(ബ്യൂണസ് ഐറിസിൽ നിന്നു പ്രസിദ്ധീകരിച്ചിരുന്ന “ക്രിട്ടിക്ക”യിൽ 1934 മാർച്ച് 10നു വന്നത്.)


2022, ജൂലൈ 16, ശനിയാഴ്‌ച

ലോർക്ക നെരൂദയെക്കുറിച്ച്

 മാഡ്രിഡ് യൂണിവേഴ്സിറ്റിയിൽ വച്ചു നടന്ന ഒരു കവിതവായനയിൽ നെരൂദയെ സദസ്സിനു പരിചയപ്പെടുത്തിക്കൊണ്ട് ലോർക്ക ചെയ്ത പ്രസംഗത്തിൽ നിന്ന്:


“നിങ്ങൾ ഇനി കേൾക്കാൻ പോകുന്നത് ഒരസ്സൽക്കവിയെയാണ്‌. നമ്മുടേതല്ലാത്തതും ചുരുക്കം ചിലർക്കു മാത്രം കണ്ണില്പെടുന്നതുമായ ഒരു ലോകത്തിന്റെ ഉലയിൽ സ്വയം കാച്ചിയെടുത്ത ഒരാൾ. തത്വചിന്തയെക്കാൾ മരണത്തോടും ബുദ്ധിയെക്കാൾ വേദനയോടും മഷിയെക്കാൾ ചോരയോടും അടുപ്പം വയ്ക്കുന്ന ഒരു കവി. ഭാഗ്യവശാൽ തനിക്കുതന്നെ പൊരുൾ തിരിയാത്ത നിഗൂഢവചനങ്ങൾ കൊണ്ട് ഉള്ളു നിറഞ്ഞ ഒരു കവി. പ്രതിമയുടെ കല്ലിച്ച കവിളിനെക്കാൾ സ്ഥായിയാണ്‌ ഈറത്തണ്ടും കുരുവിയുമെന്നു വിശ്വസിക്കുന്ന പച്ചമനുഷ്യൻ.

നിർവ്യാജമായ ഭീതിയോടെ ഈയാൾ ലോകത്തിനെതിരു നില്ക്കുന്നു. എത്രയോ കള്ളക്കവികൾക്കു ജീവിതോപായമായ രണ്ടു സംഗതികൾ ഈയാളിൽ കാണാനില്ല- വെറുപ്പും ഐറണിയും. മറ്റൊരാൾക്കെതിരെ കുറ്റം ചുമത്തി വാളോങ്ങുമ്പോൾത്തന്നെ മുറിപ്പെട്ടൊരു മാടപ്രാവിനെ തന്റെ വിരലുകൾക്കിടയിൽ അയാൾ കണ്ടെത്തുകയും ചെയ്യുന്നു. 

പാരമ്പര്യത്തിൽ നിന്നു പിണങ്ങിയിറങ്ങുന്നതിൽ ഈ കവിതയ്ക്കു മാനക്കേടു തോന്നുന്നില്ല; അവമതിയെ അതിനു ഭയമില്ല, തെരുവിനു നടുവിൽ നിന്ന് പെട്ടെന്നു തേങ്ങിക്കരയാനും അതിനു മടിയില്ല.

ഈ വലിയ കവിയെ സശ്രദ്ധം ശ്രവിക്കണമെന്ന് ഞാൻ നിങ്ങളെ ഉപദേശിക്കുന്നു; നിങ്ങളുടേതായ രിതിയിൽ അയാൾ നിങ്ങളുടെ ഹൃദയത്തെ സ്പർശിക്കുകയും ചെയ്യട്ടെ. കവിതയ്ക്കും, മറ്റേതു കളിയിലുമെന്നപോലെ, ദീർഘശിക്ഷണം ആവശ്യമുണ്ട്; അതേസമയം യഥാർത്ഥകവിതയിൽ ഒരു പരിമളമുണ്ട്, ഒരു സ്വരഭേദമുണ്ട്, ഏതു ജീവിക്കും ഗ്രഹിതമായ ഒരു ദീപ്തച്ഛായയുണ്ട്. നമ്മുടെയെല്ലാം ഉള്ളിലുള്ള ഒരു തരി ഉന്മാദത്തെ വളർത്താൻ അതു നിങ്ങളെ സഹായിക്കുമെന്ന് പ്രത്യാശിക്കാം...“ 


ഫെദറിക്കോ ഗാർസിയ ലോർക്ക


ഫെദറിക്കോ ഗാർസിയ ലോർക്ക 1898 ജൂൺ 5ന്‌ സ്പെയിനിലെ ഗ്രനാഡ പ്രവിശ്യയിൽ ഫുവെന്തെ വാക്വെറെസിൽ ജനിച്ചു. അച്ഛൻ ഫെദറിക്കോ ഗാർസിയ റോഡ്രിഗ്സ് ധനികനായ ജന്മിയായിരുന്നു; അമ്മ വിസേന്ത ലോർക്ക റൊമേറോ വിവാഹത്തിനു മുമ്പ് സ്കൂൾ ടീച്ചറായിരുന്നു. നാലു മക്കളിൽ മൂത്തയാളായിരുന്നു ലോർക്ക.  ഏതോ ബാലാരിഷ്ട ലോർക്കയുടെ ശാരീരികവളർച്ചയെ ദോഷകരമായി ബാധിച്ചു എന്നു പറയപ്പെടുന്നു. മൂന്നു വയസ്സായപ്പോഴാണ്‌ ലോർക്ക സംസാരിക്കാൻ തുടങ്ങുന്നത്, നടക്കാൻ തുടങ്ങുന്നത് നാലിലും. മുടന്ത് എന്നു പറയാനില്ലെങ്കിലും ചെറിയ ഒരിടർച്ച ലോർക്കയുടെ നടപ്പിലുണ്ടായിരുന്നു; അത് ജീവിതകാലം മുഴുവൻ നീണ്ടുനില്ക്കുകയും ചെയ്തു. ഇങ്ങനെയൊരു അസുഖം കാരണമാകാം, ലോർക്കയുടെ ബാല്യകാലാനുഭവങ്ങളെ രൂപപ്പെടുത്തിയത് തന്നോടടുപ്പമുള്ള സ്ത്രീകളായിരിക്കണം. സ്ത്രീകളുടെ ആന്തരലോകവുമായി താദാത്മ്യം പ്രാപിക്കുന്നതിനുള്ള അസാധാരണമായ ഒരു സിദ്ധി ലോർക്കയുടെ കൃതികളിലുടനീളം അനിഷേദ്ധ്യമായി തെളിഞ്ഞുനില്ക്കുന്നുമുണ്ടല്ലോ. വീട്ടുജോലിക്കു നിന്നിരുന്ന പ്രായം ചെന്ന ഒരു കർഷകസ്ത്രീ വഴി പകർന്നുകിട്ടിയ നാടോടിക്കഥകളും നാടൻ പാട്ടുകളും ശൈലികളും ബാലനായ ലോർക്കയുടെ ഭാവനയെ കാര്യമായിത്തന്നെ ഉത്തേജിപ്പിച്ചു. സംസാരിക്കാൻ തുടങ്ങും മുമ്പേ പാട്ടുകൾക്കൊത്തു താളം പിടിക്കാൻ അവനു കഴിഞ്ഞിരുന്നു എന്നാണു പറയപ്പെടുന്നത്. 

വളരെ ചെറുപ്പത്തിൽത്തന്നെ ലോർക്കയിലെ നാടകക്കാരൻ മുഖം കാണിച്ചുതുടങ്ങി. ഗ്രാമത്തിലെ കുട്ടികൾക്കായി അവതരിപ്പിച്ച കുഞ്ഞുനാടകങ്ങളിലും കളികളിലും വീട്ടുകാരുടെ മുന്നിൽ അരങ്ങേറിയ പള്ളിപ്രസംഗങ്ങളിലുമൊക്കെയാണ്‌ ആ നാടകപ്രതിഭ പ്രകാശനം കണ്ടത്. അതിനി തന്റെ ശാരീരികവൈകല്യത്തിന്‌ വൈകാരികപരിഹാരം കണ്ടതുമായിരിക്കാം.

 ആൻഡലൂഷ്യൻ ഗ്രാമത്തിൽ തന്റെ കാവ്യജീവിതത്തെ ആജീവനാന്തം സ്വാധീനിച്ച സാമൂഹ്യാവസ്ഥയ്ക്കും ബിംബങ്ങൾക്കുമിടയിൽ ജീവിച്ച ലോർക്ക പത്താമത്തെ വയസ്സിൽ കുടുംബത്തോടൊപ്പം ഗ്രനാഡയിലേക്കു താമസം മാറ്റി. ഗ്രനാഡ ഒറ്റപ്പെട്ടതും വല്ലാതെ ശുഷ്കിച്ചുപോയതുമായ ഒരു നഗരമായിരുന്നു. പ്രാദേശികമായിരുന്നു സമൂഹമെങ്കിലും അതിന്റെ രീതികൾ ഉപരിപ്ലവമായിരുന്നുവെങ്കിലും റോമൻ ആൻഡലൂഷ്യയിൽ നിന്നു തുടങ്ങി മൂറുകളുടെ സങ്കീർണ്ണനാഗരികതയിലൂടെ ഹ്രസ്വായുസായിരുന്ന നവോത്ഥാനവും കടന്ന് പില്ക്കാലത്തെ ജീർണ്ണതയിലേക്കെത്തുന്ന പാരമ്പര്യത്തിന്റെ ഭാരം പേറുന്നതായിരുന്നു ആ നഗരം. നിഗൂഢമായ ഒരു സൗന്ദര്യം അവിടെ നിറഞ്ഞുനിന്നിരുന്നു; കുന്നുകളുടെ പശ്ചാത്തലത്തിൽ, തകർന്ന ചുമരുകൾക്കു പിന്നിൽ മറഞ്ഞുകിടക്കുന്ന പുരാതനമായ ഉദ്യാനങ്ങളുടേയും കൊട്ടാരങ്ങളുടേയും സൗന്ദര്യം.  അവിടെ ഒരു കത്തോലിക്കാസ്കൂളിലും ഒപ്പംതന്നെ ഒരു സ്വകാര്യസ്കൂളിലും പഠിച്ചതിനു ശേഷം അദ്ദേഹം ഗ്രനാഡാ യൂണിവേഴ്സിറ്റിയിൽ ചേർന്നു. ഒരു പിയാനിസ്റ്റായി പേരെടുത്തുവെങ്കിലും പഠനത്തിൽ ഉഴപ്പനായിരുന്നു ലോർക്ക. ഒമ്പതുകൊല്ലം പഠിച്ചിട്ടാണ്‌ അദ്ദേഹം ഡിഗ്രിയെടുക്കുന്നത്. പിയാനിസ്റ്റും സംഗീതരചയിതാവുമാവണം എന്നായിരുന്നു ആഗ്രഹമെങ്കിലും കൗമാരം കഴിഞ്ഞതോടെ ഒരെഴുത്തുകാരനാവുക എന്നതാണ്‌ തന്റെ ജീവിതലക്ഷ്യമായി അദ്ദേഹം കണ്ടത്. ഗദ്യത്തിലും കവിതയിലും നാടകത്തിലുമുള്ള ആദ്യകാലപരീക്ഷണങ്ങൾ വെളിപ്പെടുത്തുന്നത് തീക്ഷ്ണമായ ആത്മീയ-ലൈംഗികാകുലതകൾക്കു പുറമേ ഷേക്സ്പിയർ, ഗ്വെഥേ, അന്തോണിയോ മച്ചാദോ, റൂബെൻ ദാരിയോ തുടങ്ങിയ കവികളോടുള്ള കൗമാരസഹജമായ ആരാധനയുമാണ്‌. 

1919ൽ ലോർക്ക മാഡ്രിഡിലെ റെസിഡെൻഷ്യ ദെ എസ്തുഡിയാന്റെസിൽ ചേർന്നു. പുരുഷന്മാരായ വിദ്യാർത്ഥികൾക്കു താമസിക്കാനുള്ള ഈ ഹോസ്റ്റൽ അക്കാലത്തെ ഒരു പുരോഗമനസാംസ്കാരികകേന്ദ്രവുമായിരുന്നു. സ്പെയിനിലെ ഏറ്റവും ഉജ്ജ്വലരായ എഴുത്തുകാരും കലാകാരന്മാരും ചിന്തകരും അവിടെ താമസക്കാരോ സന്ദർശകരോ ആയിരുന്നു. അടുത്ത പത്തുകൊല്ലത്തേക്ക് ലോർക്കയുടെ ജീവിതത്തിന്റെ കേന്ദ്രബിന്ദുവായിരുന്നു റെസിഡെൻഷ്യ. സംവിധായകനായ ലൂയിസ് ബുനുവേലും ചിത്രകാരനായ സാൽവദോർ ദാലിയും അതേ ഹോസ്റ്റലിൽ താമസക്കാരായിരുന്നു. ഹുവാൻ റമോൺ ഹിമെനെഥ് എന്ന വയോധികനായ കവി, സമപ്രായക്കാരായ കവികൾ റഫായെൽ ആല്ബെർട്ടി, ഹൊർഹെ ഗിയെൻ, പെഡ്രോ സാലിനാസ് തുടങ്ങിയവരുടെ പരിചയം സമ്പാദിക്കുന്നതും ഇക്കാലത്തു തന്നെ.

ലോർക്കയുടെ ആദ്യത്തെ പുസ്തകം Impresiones y paisajes (ഭൂപ്രദേശങ്ങളും അവയുടെ മാനസികചിത്രങ്ങളും) 1918ലാണ്‌ പ്രസിദ്ധീകരിക്കുന്നത്. കോളേജ് വിദ്യാർത്ഥിയായിരിക്കുമ്പോൾ സ്പെയിനിലൂടെ നടത്തിയ യാത്രകളുടെ വൈകാരികപ്രതികരണങ്ങളാണ്‌ സ്പാനിഷ് ആധുനികതയുടെ ചുവടു പിടിച്ചെഴുതിയ ഈ ഗദ്യകൃതി. 1921ൽ ഇറങ്ങിയ Libro de poemas (കവിതകളുടെ പുസ്തകം) 1918-1920 കാലത്തെഴുതിയ കവിതകളിൽ നിന്നു തിരഞ്ഞെടുത്ത കവിതകളുടെ സമാഹാരവും. ഈ രണ്ടു സംരംഭങ്ങളും ലോർക്കയെ നിരാശനാക്കുകയും അദ്ദേഹത്തിനു സഹജമായി ഉണ്ടായിരുന്ന പ്രസിദ്ധീകരണവിരോധത്തെ ഉറപ്പിക്കുകയുമാണ്‌ ചെയ്തത്. അദ്ദേഹത്തിനിഷ്ടം തന്റെ കവിതകളും നാടകങ്ങളും അവതരിപ്പിക്കാനായിരുന്നു; അതിൽ അദ്ദേഹത്തിന്റെ കഴിവുകൾ എണ്ണമറ്റ ആരാധകരെ നേടിക്കൊടുക്കുകയും ചെയ്തു.

ലോർക്കയുടെ ആദ്യത്തെ മുഴുനീളനാടകമായ El maleficio de la mariposa (ചിത്രശലഭത്തിന്റെ ശാപകാലം) 1920ൽ മാഡ്രിഡിൽ അരങ്ങേറി. പ്രണയാതുരയായ ഒരു പാറ്റയെക്കുറിച്ചുള്ള ഈ പ്രതീകാത്മകരചന നിരൂപകരും കാണികളും ഒരേപോലെ തള്ളിക്കളഞ്ഞു; നാലരങ്ങുകൾ കഴിഞ്ഞതോടെ അവതരണം നിർത്തുകയും ചെയ്തു. ലോർക്കയുടെ അടുത്ത നാടകം Mariana Pineda (മരിയാന പിനേഡ)1927ൽ ആദ്യമായി അവതരിപ്പിച്ചു. ദാലി രംഗസംവിധാനം ചെയ്ത  ചരിത്രസംബന്ധിയായ ഈ കാവ്യനാടകം ആദ്യത്തേതുപോലെ അത്ര പരാജയമായിരുന്നില്ല. 

1920കളിൽ ലോർക്ക തന്റേതായ ഒരു ഹ്രസ്വകവിതാരൂപം പരീക്ഷിക്കാൻ തുടങ്ങി. സ്പാനിഷ് വാമൊഴിക്കവിതകളും ജാപ്പനീസ് ഹൈക്കുവും സമകാലിക അവാങ്ങ്-ഗാർദ് കാവ്യചിന്തകളും പ്രചോദിപ്പിച്ച ഈ കുറുങ്കവിതകൾ ഒരേ വിഷയത്തിലുള്ള പല കവിതകളായിട്ടാണ്‌ സംവിധാനം ചെയ്തിരുന്നത്. ഈ കവിതകൾ ആദ്യമായി സമാഹരിക്കുന്നത് 1983ലാണ്‌, Suites എന്ന പേരിൽ.

1922ൽ ഗ്രനാഡയിൽ നടന്ന cante jondo മേള ലോർക്കയുടെ കാവ്യജീവിതത്തിലെ പ്രധാനപ്പെട്ട ഒരു വഴിത്തിരിവായിരുന്നു. പ്രശസ്തനായ ആൻഡലൂഷ്യൻ സംഗീതജ്ഞൻ മാനുവൽ ഡി ഫല്ലയുമായുള്ള സഹകരണം ആൻഡലൂഷ്യൻ വാമൊഴിപ്പാട്ടുകളിലേക്ക് കൂടുതൽ ആഴത്തിലിറങ്ങാൻ ലോർക്കയെ പ്രചോദിപ്പിച്ചു. അതിന്റെ പരിണാമമാണ്‌ ജിപ്സി ഗാനങ്ങളെ ആധാരമാക്കിയുള്ള കവിതകളുടെ സമാഹാരമായ Poema del cante jonto (ഗഹനഗാനത്തിന്റെ കവിതകൾ). 1921-25ലെഴുതിയ ഈ കവിതകൾ 1931ലാണ്‌ പ്രസിദ്ധപ്പെടുത്തുന്നത്. പാരമ്പര്യത്തിന്റെയും ആധുനികതയുടേയും വിപ്ലവാത്മകമായ ഈ സങ്കലനത്തിലൂടെയാണ്‌ ലോർക്കയിലെ കവി പക്വതയെത്തുന്നത്. 

1925 മുതൽ 1928 വരെയുള്ള കാലം സാൽവദോർ ദാലിയുമായിട്ടുള്ള തീക്ഷ്ണസൗഹൃദത്തിന്റേതായിരുന്നു. തന്നിലെ സ്വർഗ്ഗാനുരാഗപ്രവണത ലോർക്ക തിരിച്ചറിയുന്നത് (പൂർണ്ണമായി അംഗീകരിച്ചിരുന്നില്ലെങ്കിലും) ഈ ബന്ധത്തിലൂടെയാണ്‌. ദാലിയുടെ പ്രേരണയാലാണ്‌ കലാലോകത്തെ സറിയലിസം ഉൾപ്പെടെയുള്ള അവാങ്ങ്-ഗാർദ് ധാരകൾ അദ്ദേഹം തന്റെ കവിതയിൽ പരീക്ഷിച്ചുനോക്കുന്നത്. ‘സാൽവദോർ ദാലിക്ക് ഒരു വാഴ്ത്തുപാട്ട്’ (1925-26), ‘ഗാനങ്ങൾ’ (1924) എന്നീ കവിതകളിലൂടെയും സങ്കീർണ്ണമായ ചില ഗദ്യകവിതകളിലൂടെയും വൈയക്തികവികാരങ്ങളും ‘യാഥാർത്ഥ്യത്തിന്റെ പ്രതലങ്ങൾ’ ഇല്ലാത്തതുമായ ഒരു വസ്തു-കവിതയ്ക്കുള്ള ശ്രമങ്ങളാണ്‌ അദ്ദേഹം നടത്തിയത്. പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു സ്പാനിഷ് കവിയാണ്‌ ലൂയിസ് ദെ ഗോങ്ഗൊറ. വികാരമുക്തവും രൂപകസാന്ദ്രവുമായ അദ്ദേഹത്തിന്റെ കവിതയെ സ്പാനിഷ് സാഹിത്യത്തിൽ പുനഃപ്രതിഷ്ഠിക്കാനുള്ള സമകാലികയത്നത്തിൽ ലോർക്കയും പങ്കാളിയായി. ഗോങ്ഗൊറായുടെ മരണത്തിന്റെ മുന്നൂറാം വാർഷികം 1927ൽ ആചരിച്ചപ്പോൾ അതിൽ പങ്കെടുത്ത ലോർക്ക അടക്കമുള്ള കവികൾ പിന്നീട് “1927ലെ തലമുറ” എന്നറിയപ്പെട്ടു. 

1928ൽ ദാലിയുടെ പ്രോത്സാഹനത്തിൽ ലോർക്ക ആദ്യമായി തന്റെ വരകൾ പ്രദർശനത്തിനു വച്ചു. 1928ൽത്തന്നെയാണ്‌ Romancero gitano (ജിപ്സി കഥാഗാനങ്ങൾ) പ്രസിദ്ധീകരിക്കുന്നതും. 1921 മുതൽ 1927 വരെ എഴുതിയ ഈ കവിതാപരമ്പര ലോർക്കയെ ദേശീയശ്രദ്ധയിൽ എത്തിച്ചു. ആൻഡലൂഷ്യൻ ജിപ്സികളുടെ വൈകാരികലോകത്തെ കാവ്യാത്മകമായി ആനയിക്കുന്ന ഈ സമാഹാരം സ്പാനിഷ് വായനക്കാരെ ഹരം പിടിപ്പിച്ചു. ലോർക്ക ജിപ്സിയാണെന്നുപോലും പ്രചാരണമുണ്ടായി. ഈ പതിനെട്ടു കവിതകളിൽ കാവ്യാത്മകവും ആഖ്യാനപരവുമായ രീതികളുടെ നൂതനസങ്കലനത്തിലൂടെ “ആൻഡലൂഷ്യയുടെ കവിത” എന്ന പുതിയൊരു കാവ്യരൂപം സൃഷ്ടിക്കുന്നു അദ്ദേഹം. രൂപപരമായി മദ്ധ്യകാല സ്പാനിഷ് കഥാഗാനപാരമ്പര്യത്തെയാണ്‌ പിന്തുടരുന്നതെങ്കിലും രൂപകങ്ങളുടെ നൂതനതയിലും വസ്തുനിഷ്ഠമായ വിവരണങ്ങളിലും ഞെട്ടിപ്പിക്കും വിധം സമകാലികമായിരുന്നു ആ കവിതകൾ. സി. എം. ബൗറ പറയുന്നപോലെ “ഈ പുസ്തകത്തിന്‌ നമ്മുടെ കാലത്ത് ഒരു സവിശേഷസ്ഥാനമുണ്ട്. സാംസ്കാരസമ്പന്നനായ ഒരു കവിയുടെ കാഴ്ച്ചപ്പാട് ഏറ്റവും ലളിതമായി ജീവിക്കുന്ന സ്ത്രീപുരുഷന്മാരുടെ കാഴ്ച്ചപ്പാടിൽ നിന്ന് ഒരു വ്യത്യാസവുമില്ലാത്തതാണെന്ന് അതു നമുക്കു വെളിപ്പെടുത്തിത്തരുന്നു എന്നതു മാത്രമല്ല അതിനു കാരണം; ഒരു നവീനഭാവുകത്വത്തെ പ്രകാശിപ്പിക്കാൻ ആവിഷ്കരിച്ച നൂതനോപായങ്ങൾ നാഗരികവും പരിഷ്കൃതവുമായ വിഷയങ്ങൾക്കു മാത്രം യോജിച്ചവയാവണമെന്നില്ല എന്നുകൂടി അതു നമുക്കു കാണിച്ചുതരുന്നുണ്ട്.” ജിപ്സി ഗാനങ്ങൾ ലോർക്കയെ പ്രശസ്തനാക്കിയെങ്കിലും അതിന്‌ ഒരു മറിവശമുണ്ടായിരുന്നു. വായനക്കാരും വിമർശകരും അദ്ദേഹത്തെ ഒരു ‘ജിപ്സിക്കവി’യാക്കി ചുരുക്കിക്കാണാൻ തുടങ്ങി. ലോർക്ക തന്റെ ജീവിതകാലം മുഴുവൻ അങ്ങനെയൊരു ചാപ്പകുത്തലിനോടു പൊരുതിക്കൊണ്ടിരുന്നു. “ജിപ്സികൾ ഒരു പ്രമേയം മാത്രമാണ്‌. അതിലധികം അതിൽ ഒന്നുമില്ല. തുന്നൽ സൂചികളെക്കുറിച്ചോ ഹൈഡ്രോളിക് ലാൻഡ്സ്കേപ്പിനെക്കുറിച്ചോ എഴുതിയാലും ഞാൻ ഇതേ കവി തന്നെ ആയിരിക്കും. ഞാൻ ഏതോ സംസ്കാരശൂന്യനും അക്ഷരാഭ്യാസമില്ലാത്തവനും പ്രാകൃതനുമായ കവിയാണെന്ന ധാരണയാണ്‌ ഈ ജിപ്സി മിത്ത് ആളുകൾക്കുണ്ടാക്കുക: ഞാൻ അങ്ങനെയൊരാളല്ല.” ലോർക്ക ഒരിക്കൽ വിശദീകരിക്കുന്നുണ്ട്.  ജിപ്സിഗാനങ്ങളിലൂടെ കൈവന്ന പ്രശസ്തി ലോർക്ക ഏറ്റവുമധികം മാനിച്ചിരുന്ന സ്വകാര്യത നഷ്ടപ്പെടുത്തി. ഇതിനൊപ്പം ദാലിയുമായി തെറ്റിപ്പിരിഞ്ഞതും ഒരു പ്രണയപരാജയവും ആത്മീയമായ പ്രതിസന്ധികളും കൂടി ലോർക്കയെ കടുത്ത വിഷാദത്തിനടിമയാക്കി. ഇതിൽ നിന്നൊരു മോചനത്തിനും പുതിയൊരു കാവ്യജീവിതത്തിനായുള്ള പ്രചോദനത്തിനുമായിട്ടാണ്‌ അദ്ദേഹം 1929-30ൽ അമേരിക്കയിലും ക്യൂബയിലും സന്ദർശനത്തിനു പോയത്. 

1929 വേനല്ക്കാലത്തിന്റെ തുടക്കത്തിലാണ്‌ ലോർക്ക ന്യൂയോർക്കിലെത്തുന്നത്. അവിടെ കൊളംബിയ യൂണിവേഴ്സിറ്റിയിൽ വിദേശികൾക്കായുള്ള ഇംഗ്ലീഷ് കോഴ്സിനു ചേർന്നു. എന്നാൽ ഇംഗ്ലീഷ് തനിക്കെന്നും ഒരു നിഗൂഢതയായിരിക്കുമെന്ന് വൈകാതെ അദ്ദേഹത്തിനു ബോദ്ധ്യമായി. ആ മടുപ്പിൽ നിന്നു രക്ഷപ്പെടാനായി ഒരു സ്നേഹിതന്റെ വെർമോണ്ടിലുള്ള വീട്ടിലേക്ക് കുറച്ചുകാലം താമസം മാറ്റി. ആ ഗ്രാമാന്തരീക്ഷത്തിന്റെ പ്രശാന്തതയിൽ വച്ചാണ്‌ അദ്ദേഹം Poeta en Nueva York (കവി ന്യൂയോർക്കിൽ) എഴുതിത്തുടങ്ങുന്നത്.  ലോർക്കയുടെ പൂർവ്വകവിതകളിൽ നിന്നുള്ള സാഹസികമായ ഒരു വഴിമാറ്റമായിരുന്നു ഈ കവിതാപരമ്പര. നിബിഡവും ഭ്രമാത്മകവുമായ ബിംബങ്ങൾ, വൃത്തമോ താളമോ ഇല്ലാത്തതും അനിയതവുമായ വരികൾ, നഗരജീർണ്ണതയിലും സാമൂഹ്യാനീതിയിലും ഊന്നുന്ന പ്രമേയങ്ങൾ ഇവയായിരുന്നു ആ കവിതകളുടെ മുഖമുദ്ര. 

ക്യൂബയിൽ വച്ചെഴുതിയ El publico (സദസ്സ്) എന്ന എക്സ്പ്രഷനിസ്റ്റ് നാടകം സ്വവർഗ്ഗാനുരാഗത്തിന്റെ മറകളില്ല്ലാത്ത ഒരന്വേഷണമായിരുന്നു. 1978ലാണ്‌ ഈ നാടകം ആദ്യമായി അരങ്ങിലെത്തുന്നത്. സ്പെയിനിൽ തിരിച്ചെത്തിയതിനു ശേഷം അദ്ദേഹം La Barraca എന്ന, വിദ്യാർത്ഥികളുടെ സഞ്ചരിക്കുന്ന നാടകട്രൂപ്പിന്റെ ഡയറക്റ്ററായി.  

1932ലാണ്‌ ലോർക്ക തന്റെ ആൻഡലൂഷ്യൻ നാടകത്രയത്തിലെ ആദ്യനാടകമായ Bodas de sangre (രക്തവിവാഹം) എഴുതുന്നത്. 1933ൽ മാഡ്രിഡിൽ അവതരിപ്പിക്കുമ്പോൾ അരങ്ങിൽ അദ്ദേഹത്തിന്റെ ആദ്യത്തെ വിജയം കൂടിയായിരുന്നു അത്. ഗ്രീക്ക്-നവോഥാന-ബറോക്ക് പാരമ്പര്യങ്ങളെ ഓർമ്മിപ്പിക്കുന്ന ഈ എക്സ്പ്രഷനിസ്റ്റ് നാടകം സ്പാനിഷ് നാടകവേദിയുടെ സുവർണ്ണയുഗത്തിന്റെ നാന്ദിയുമായി. 1933-34ൽ തന്റെ നാടകങ്ങളുടെ അവതരണത്തിനായി അർജ്ജന്റീനയിൽ ചെന്നപ്പോഴാണ്‌ അദ്ദേഹം നെരൂദയെ പരിചയപ്പെടുന്നതും അദ്ദേഹത്തിന്റെ സ്നേഹിതനാവുന്നതും.  

"1933 ഒക്ടോബറിലാണ്‌ ലോർക്ക അർജ്ജന്റീനയിൽ എത്തുന്നത്. സ്വപ്നം കാണുന്ന കണ്ണുകളുള്ള ആ മുപ്പത്തഞ്ചുകാരൻ സ്പാനിഷ് കവി ബ്യൂണോസ് ഐറിസിൽ വരുന്നത് തന്റെ “രക്തവിവാഹം” എന്ന നാടകത്തിന്റെ ലാറ്റിനമേരിക്കൻ പ്രിമിയറിനാണ്‌. ഒരു സ്വീകരണത്തിനിടെ ലോർക്കയെ പരിചയപ്പെട്ട നെരൂദ വളരെ വേഗം അദ്ദേഹത്തിന്റെ സ്നേഹിതനായി. നെരൂദ ലോർക്കയെ കാണുന്നത് താൻ പരിചയപ്പെട്ടതിൽ വച്ചേറ്റവും സന്തോഷവാനായ മനുഷ്യനായിട്ടാണ്‌, ആഹ്ലാദത്തിന്റെ നിരന്തരപ്രസരം! ലോർക്ക തന്റെ “ജിപ്സി ഗാനങ്ങളു”ടെ ഒരു കോപ്പി നെരൂദയ്ക്കു സമ്മാനിച്ചു, “സ്നേഹിക്കാനും അടുത്തറിയാനും എനിക്കു ഭാഗ്യം സിദ്ധിച്ച വളരെച്ചുരുക്കം വലിയ കവികളിൽ ഒരാളായ എന്റെ പ്രിയപ്പെട്ട പാബ്ളോവിന്‌” എന്ന സമർപ്പണത്തോടെ. നെരൂദ തന്റെ കവിതകൾ ചൊല്ലുമ്പോഴൊക്കെ ലോർക്ക കണ്ണു പൊത്തിക്കൊണ്ട് വിളിച്ചുപറയും: “നിർത്തൂ, നിർത്തൂ! അത്രയും മതി, ഇനി വായിക്കേണ്ട- നിങ്ങൾ എന്നെ സ്വാധീനിയ്ക്കും!” 

നെരൂദ ഒരിക്കൽ ലോർക്കയുടെ നാടകങ്ങളെക്കുറിച്ചു പറഞ്ഞത് ലോർക്കയുടെ അന്തസ്സത്തയുടെ തന്നെ നിർവ്വചനമായി കാണാം: “അനശ്വരമായ സ്പാനിഷ് നാടകത്തിന്‌ ലോർക്കയുടെ ദുരന്തനാടകങ്ങൾ പുതുജീവൻ നല്കിയിരിക്കുന്നു, അതിനൊരു ഗന്ധകദീപ്തി നല്കുന്നു; പരസ്പരം തളഞ്ഞുകിടക്കുന്ന പ്രണയത്തിന്റെയും മരണത്തിന്റെയും പ്രചണ്ഡനൃത്തം...”

ലോർക്കയുടെ കവിത അദ്ദേഹത്തിന്റെ വ്യക്തിത്വം പോലെതന്നെ നടുക്കുന്നതായിരുന്നു: അത്രയും നൈസർഗ്ഗികം, അത്രയും നിഗൂഢം, അത്രയും സജീവം. കവി റോബർട്ട് ബ്ലൈ ലോർക്കയുടെ മാന്ത്രികശൈലിയെ വിശേഷിപ്പിക്കുന്നത് “കുതിക്കുന്ന കവിത” എന്നാണ്‌- വികാരാവിഷ്ടമായ ബിംബങ്ങൾ പൊടുന്നനേ കുതിച്ചെത്തുകയാണതിൽ.

ലോർക്ക സ്പെയിനിലേക്കു മടങ്ങുന്നതു വരെയുള്ള ആറുമാസക്കാലം ഈ ബ്യൂണോസ് ഐറിസ് ബന്ധം തുടർന്നു. നെരൂദ ലോർക്കയെ ഓർക്കുന്നത് ചലനത്തിന്റെയും ആനന്ദത്തിന്റെയും ഒരു കുത്തൊഴുക്കായിട്ടാണ്‌, “നുരഞ്ഞുപൊന്തുന്ന ഒരു ശിശു, ബലിഷ്ഠമായ ഒരു നദിയുടെ ഇളംപ്രായത്തിലുള്ള കൈവഴി...അയാളുടെ കൈകളിൽ ഒരു വികൃതി കലാസൃഷ്ടിയായി മാറുന്നു. ഇത്രയും വശീകരണശക്തിയും സൃഷ്ടിപരതയും മറ്റൊരു മനുഷ്യജീവിയിലും ഞാൻ കണ്ടിട്ടില്ല.” (നെരൂദ- ഒരു കവിയുടെ ജീവചരിത്രം എന്ന മാർക്ക് എയ്സ്നറുടെ പുസ്തകത്തിൽ നിന്ന്)

നാടകത്തിൽ ശ്രദ്ധയൂന്നിയിരുന്ന ഇക്കാലത്തും കവിതയെഴുത്ത് മുടങ്ങിയിരുന്നില്ല. “1927ലെ തലമുറ”യിലെ മറ്റു കവികളോടൊപ്പം കവിതയുടെ “പുനർമാനവീകരണം” ലക്ഷ്യമാക്കിയുള്ള എഴുത്തായിരുന്നു ഇക്കാലത്തേത്. ഹൊസെ ഓർട്ടിഗ വൈ ഗാസെ തന്റെ 1925ലെ ലേഖനമായ “കലയുടെ അപമാനവീകരണ”ത്തിൽ മുന്നോട്ടുവച്ച കവിതയുടെ നിർവ്യക്തികതയോടുള്ള പ്രതിഷേധമായിരുന്നു ഈ കവിതയുടെ മുഖമുദ്ര. കവിതയിലെ വ്യക്തിപരതയിലേക്കുള്ള ലോർക്കയുടെ മടക്കമാണ്‌ 1931-1934ൽ എഴുതിയ Divan del Tamarit (ടമാരിറ്റ് ദിവാൻ), 1932-1934ൽ എഴുതിയ Seis poemas galegos (ആറ്‌ ഗലീഷ്യൻ കവിതകൾ), 1935ലെ Sonetos del amor oscuro (ഇരുണ്ട പ്രണയത്തിന്റെ ഗീതകങ്ങൾ) എന്നീ സമാഹാരങ്ങൾ. ഈ മൂന്നു സമാഹാരങ്ങളും ഊന്നുന്നത് പ്രണയത്തിന്റെയും മരണത്തിന്റെയും പരസ്പരാശ്രിതത്വത്തിലാണ്‌. ടമാരിറ്റ് ദിവാൻ അറബി-ആൻഡലൂഷ്യൻ സംസ്കാരത്തിൽ ലോർക്കയ്ക്കുണ്ടായിരുന്ന താല്പര്യത്തിന്റെ ആവിഷ്കാരം കൂടിയാണ്‌. ആൻഡലൂഷ്യൻ കവി എന്ന നിലയ്ക്കുള്ള തന്റെ സ്വത്വത്തിന്റെ കേന്ദ്രബിന്ദു ആയിട്ടാണ്‌ മൂറിഷ് സംസ്കാരത്തെ അദ്ദേഹം കണ്ടിരുന്നത്. 

സെവിയേയിലെ പ്രശസ്തനായ കാളപ്പോരുകാരൻ ഇഗ്നാത്തിയോ സാഞ്ചെസ് മെഹിയാസ് മാൻസെനാറെസിലെ റിങ്ങിൽ വച്ച് കാളയുടെ കുത്തേറ്റു മരിച്ചതിനു പിന്നാലെ എഴുതിയ വിലാപകവിതയാണ്‌ “ഒരു കാളപ്പോരുകാരന്റെ മരണത്തിന്റെ പേരിലുള്ള വിലാപം.” 1934 ആഗസ്റ്റ് 15നാണ്‌ സാഞ്ചെസിന്‌ കാളയുടെ കുത്തേല്ക്കുന്നത്. മാഡ്രിഡിലേക്കു മാറ്റിയെങ്കിലും രണ്ടു ദിവസം കഴിഞ്ഞ് അദ്ദേഹം മരിച്ചു. ലോർക്ക നവംബർ തുടക്കത്തോടെ കവിത എഴുതിത്തീർക്കുകയും 1935ൽ തന്റെ ‘യെർമ്മ’ എന്ന നാടകത്തിന്റെ അവതരിപ്പിക്കുമ്പോൾ ഈ കവിത വായിക്കുകയും ചെയ്തു. അതേ വർഷം തന്നെ കവിത പ്രസിദ്ധീകരിച്ചു.

ആൻഡലൂഷ്യൻ നാടകത്രയത്തിലെ “യെർമ്മ,” “ബെർണാഡ ആല്ബയുടെ ഭവനം” എന്നീ നാടകങ്ങൾ 1934-1935ൽ അരങ്ങിലെത്തി. ബാല്യകാലാനുഭവങ്ങളും പരിചിതരായ വ്യക്തികളുമായിരുന്നു ഈ രണ്ടു നാടകങ്ങളുടേയും ഉറവിടം. Dona Rosita la soltera (അവിവാഹിതയായ ഡോണ റൊസീറ്റ) ഇക്കാലത്തെഴുതി അവതരിപ്പിച്ച മറ്റൊരു നാടകമാണ്‌.

1936 ജൂലൈയിൽ സ്പാനിഷ് ആഭ്യന്തരയുദ്ധം തുടങ്ങിയതിനു പിന്നാലെ താരതമ്യേന സുരക്ഷിതമായ മാഡ്രിഡ് വിട്ട് ഗ്രനാഡയിലേക്കു പോകാൻ ലോർക്ക തീരുമാനിച്ചു; ജന്മനഗരമായ ഗ്രനാഡയിൽ തന്റെ കുടുംബവീട്ടിൽ താൻ സുരക്ഷിതനായിരിക്കുമെന്നാണ്‌ അദ്ദേഹം കരുതിയത്. ലോർക്ക എത്തിയതിനു തൊട്ടുപിന്നാലെ ഫാസിസ്റ്റ് കക്ഷിയായ ഫലാഞ്ചിസ്റ്റുകൾ ഗ്രനാഡ പിടിച്ചെടുത്തു. പ്രത്യക്ഷമായ രാഷ്ട്രീയനിലപാടുകൾ ഇല്ലാത്തയാളായിരുന്നു ലോർക്ക എങ്കിലും റിപ്പബ്ളിക്കിനോടുള്ള അനുഭാവവും അടിച്ചമർത്തൽ പ്രമേയമായി വരുന്ന നാടകങ്ങളും ചില അഭിമുഖങ്ങളിൽ പ്രകടിപ്പിച്ച കത്തോലിക്കാവിരുദ്ധമായ അഭിപ്രായങ്ങളും അദ്ദേഹത്തെ ഫാസിസ്റ്റുകളുടെ നോട്ടപ്പുള്ളിയാക്കിയിരുന്നു. ഇതിനും പുറമേ ലോർക്കയുടെ സ്വവർഗ്ഗലൈംഗികതയും അവരുടെ വെറുപ്പിനു വളമിട്ടു.

ലോർക്ക ഒളിവിൽ പോയെങ്കിലും ആഗസ്റ്റ് 16ന്‌ അദ്ദേഹം ഫലാഞ്ചിസ്റ്റുകളുടെ പിടിയിലായി. അദ്ദേഹത്തെ റസ്റ്റ് ചെയ്യുകയും വിശദീകരണമോ വിചാരണയോ കൂടാതെ തടവിലിടുകയും ചെയ്തു. ആഗസ്റ്റ് 19ന്‌ പുലർച്ചെ മൂന്നു മണിയോടെ അദ്ദേഹത്തെ അദ്ധ്യാപകനായ മറ്റൊരു തടവുകാരന്റെ കൂടെ കൈവിലങ്ങു വച്ച് വിസ്നാറിലെ ലാ കോളിന എന്ന കെട്ടിടത്തിലേക്കു കൊണ്ടുപോയി. പ്രഭാതത്തിനു തൊട്ടു മുമ്പ്  മറ്റു രണ്ടു തടവുകാരോടൊപ്പം അവരെ പുറത്തിറക്കി വെടിവച്ചു കൊന്നു. പിന്നെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹാന്മാരായ എഴുത്തുകാരിൽ ഒരാളായ ഫെദറിക്കോ ഗാർസിയ ലോർക്കയുടെ മൃതദേഹം പേരിനൊരു കുഴിയെടുത്ത് മറവു ചെയ്യുകയും ചെയ്തു. ലോർക്കയുടെ അന്ത്യവിശ്രമസ്ഥാനം എവിടെയാണെന്ന് ഇന്നോളം ആർക്കുമറിയില്ല. 

അദ്ദേഹത്തിന്റെ പുസ്തകങ്ങൾ ഗ്രനാഡയിലെ പ്ലാസ ഡെൽ കാർമ്മെനിൽ കൂട്ടിയിട്ടു കത്തിച്ചു. ഫ്രാങ്കോയുടെ സ്പെയിനിൽ അദ്ദേഹത്തിന്റെ പുസ്തകങ്ങൾ നിരോധിക്കപ്പെടുകയും ചെയ്തു. ആ നിരോധനം പൂർണ്ണമായി നീക്കുന്നത് 1975ൽ ഫ്രാങ്കോയുടെ മരണത്തിനു ശേഷമാണ്‌. 


2022, ജൂലൈ 13, ബുധനാഴ്‌ച

എമിൽ ചൊറാൻ - ഭാവനാതീതമായ ആനന്ദം

 

നൈരാശ്യവും മനോവേദനയും തുടക്കങ്ങൾ മാത്രമാണെന്നും വെറുമൊരു യന്ത്രപ്പാവയായി മാറിപ്പോകരുതെന്നുണ്ടെങ്കിൽ അവയെ അതിജീവിക്കുകയാണു കാമ്യമെന്നുമാണോ നിങ്ങൾ ഭാവിക്കുന്നത്? മുക്തിയുടെ ഒരേയൊരു മാർഗ്ഗം ആനന്ദമാണെന്നാണോ നിങ്ങൾ കരുതുന്നത്, മറ്റെല്ലാറ്റിനെയും നിങ്ങൾ പുച്ഛിച്ചുതള്ളുകയാണോ? വേദനയിൽ പിടിച്ചുതൂങ്ങുന്നതിനെ സ്വാർത്ഥത എന്നാണോ നിങ്ങൾ വിളിക്കുന്നത്, ഹൃദയോദാരമായ ചോദനകൾ ആനന്ദത്തിൽ മാത്രമേ നിങ്ങൾ കണ്ടെത്തുന്നുള്ളോ? നിങ്ങൾ ഞങ്ങൾക്ക് ഈ ആനന്ദം വച്ചുനീട്ടുന്നു: എന്നാൽ ഞങ്ങൾ എങ്ങനെയതിനെ പുറത്തു നിന്നു കൈക്കൊള്ളും? ഞങ്ങളുടെ ഉള്ളുറവകളിൽ നിന്നൂറുന്നതല്ലെങ്കിൽ പുറമേ നിന്നുള്ള തുണ കൊണ്ട് ഒരു കാര്യവുമില്ല. ആനന്ദിക്കാൻ കഴിയാത്തവർക്ക് ആനന്ദം ശുപാർശ ചെയ്യാൻ എന്തെളുപ്പമാണ്‌! ഉന്മാദം വേട്ടയാടുന്ന ഒരാൾ എങ്ങനെ ആനന്ദിക്കുമെന്നാണ്‌? ആനന്ദം പ്രചരിപ്പിക്കാൻ വ്യഗ്രത കാട്ടുന്ന ഇക്കൂട്ടർക്ക് എന്തെങ്കിലും ബോധമുണ്ടോ, ഉന്മാദം വളഞ്ഞുപിടിക്കാനെത്തുമ്പോഴത്തെ കൊടുംഭീതിയെപ്പറ്റി, എപ്പോഴാണു മനസ്സിന്റെ താളം തെറ്റുക എന്ന പീഡിപ്പിക്കുന്ന വിപൽശങ്കയുമായി ഒരായുസ്സു മുഴുവൻ കഴിക്കുന്നതിനെപ്പറ്റി, അതിലും സ്ഥായിയും സുനിശ്ചിതവുമായ മരണബോധത്തെപ്പറ്റി? ആനന്ദം നിർവൃതിയുടെ ഒരവസ്ഥയാണെന്നുവരാം, എന്നാൽ സ്വാഭാവികമായ ഒരു മാർഗ്ഗത്തിലൂടെയേ അതിലേക്കെത്താൻ കഴിയൂ. നമ്മുടെ യാതനകൾക്കെല്ലാം ഒരവസാനമുണ്ടായെന്നുവരാം, പ്രസന്നവും പ്രശാന്തവുമായ ആനന്ദാവസ്ഥ വിധി നമുക്കനുവദിച്ചുവെന്നും വരാം. ഏദന്റെ കവാടങ്ങൾ എനിക്കു മുന്നിൽ എന്നെന്നേക്കുമായി അടഞ്ഞുകിടക്കണമെന്നുണ്ടോ? ഇനിയും എനിക്കവയുടെ താക്കോൽ കിട്ടിയിട്ടില്ല.
ആനന്ദം നമുക്കപ്രാപ്യമായിരിക്കെ ശേഷിക്കുന്നത് തീവ്രവേദനയുടെ, ഉന്മത്തമൂർച്ഛയുടെ വഴി മാത്രമാണ്‌. യാതനയെ അതിന്റെ പൂർണ്ണതയിൽ നാം ജീവിക്കുക; നമ്മുടെ ആന്തരദുരന്തം സമ്പൂർണ്ണമായും വന്യമായും അതിന്റെ അന്ത്യം വരെയ്ക്കും നാം ജീവിക്കുക! ഒരു വികാരമൂർച്ഛ നമ്മെ പിടികൂടും; അതടങ്ങുമ്പോൾ ഒരു പുകച്ചുരുൾ മാത്രമുണ്ടാവും...നമ്മുടെ ആന്തരാഗ്നി സർവ്വതിനേയും ദഹിപ്പിച്ചിരിക്കും. നിർമ്മലവും ഉദാരവുമായ, സ്തുതിയോ ന്യായീകരണമോ വേണമെന്നില്ലാത്ത ആനന്ദം നൈരാശ്യത്തിന്റെ മുന്നിൽ അനാവശ്യമാണ്‌. ജൈവപരമായിത്തന്നെ നിരാശാഭരിതരായവരുടെ കാര്യത്തിൽ അതിനൊന്നും ചെയ്യാനില്ല; മറ്റുള്ളവരുടെ കാര്യത്തിലാവട്ടെ, അത്രയ്ക്കു വിലോഭനീയമാകയാൽ ഒഴികഴിവുകളും അതിനാവശ്യമില്ല. കേവലനൈരാശ്യത്തിന്റെ സങ്കീർണ്ണത കേവലാനന്ദത്തിന്റേതിനെക്കാൾ അനന്തമായ മടങ്ങു കൂടുതലാണ്‌. ഇക്കാരണം കൊണ്ടാണോ ഏദന്റെ കവാടങ്ങൾ ആശ നഷ്ടപ്പെട്ടവർക്കു മുന്നിൽ അടഞ്ഞുകിടക്കുന്നത്?

2022, ജൂലൈ 11, തിങ്കളാഴ്‌ച

പെസൊവ- നൈരാശ്യത്തിന്റെ സങ്കീർത്തനം


നിങ്ങൾ എന്നെങ്കിലും ചിന്തിച്ചുനോക്കിയിട്ടുണ്ടോ, ഹേ അപരാ, എത്ര അദൃശ്യരാണ്‌ പരസ്പരം നാമെന്ന്? നമുക്കന്യോന്യം എത്ര കുറച്ചേ അറിയുള്ളുവെന്ന് നിങ്ങൾ എന്നെങ്കിലും ആലോചിച്ചുനോക്കിയിട്ടുണ്ടോ? നാം പരസ്പരം കാണുന്നുണ്ട്, പരസ്പരം കാണുന്നുമില്ല. നാം പരസ്പരം കേൾക്കുന്നുണ്ട്, നാം കേൾക്കുന്നതാകട്ടെ, നമുക്കുള്ളിലെ ഒരു ശബ്ദവും.

അന്യരുടെ വാക്കുകൾ നമ്മുടെ കേൾവിയിലെ പിശകുകളാണ്‌, നമ്മുടെ ധാരണയിലെ കപ്പല്ച്ചേതങ്ങൾ. അന്യരുടെ വാക്കുകളെക്കുറിച്ചുള്ള നമ്മുടെ വ്യാഖ്യാനങ്ങളെ എത്ര ഉറപ്പോടെയാണ്‌ നാം വിശ്വസിക്കുന്നത്! അന്യർ തങ്ങളുടെ വാക്കുകളിൽ നിറയ്ക്കുന്ന ഐന്ദ്രിയാനന്ദങ്ങൾ മരണത്തിന്റെ ചുവയാണു നമുക്കു നല്കുക. ഗഹനമായതെന്തെങ്കിലും പറയണമെന്ന ഉദ്ദേശ്യമില്ലാതെ അന്യർ പറയുന്ന വാക്കുകളിൽ ഇന്ദ്രിയസുഖവും ജീവിതവും നാം വായിച്ചെടുക്കുകയും ചെയ്യുന്നു...

നിങ്ങൾ വ്യാഖ്യാനിക്കുന്ന അരുവികളുടെ ശബ്ദം, ഹേ ശുദ്ധഭാഷ്യകാരാ, നാം അർത്ഥമാരോപിക്കുന്ന മരങ്ങളുടെ മർമ്മരങ്ങൾ- ഹാ,യെന്റെ അജ്ഞാതസ്നേഹമേ, അതിൽ എത്രയധികമാണ്‌ വെറും നാം, നമ്മുടെ തടവറകളുടെ അഴികൾക്കുള്ളിലൂടരിചുകേറുന്ന വിവർണ്ണമായ വെറും ഭ്രമകല്പനകൾ!

(അശാന്തിയുടെ പുസ്തകം)

അഡോണിസ്

 ചോദ്യം: നഗരങ്ങളുമായുള്ള താങ്കളുടെ ബന്ധം എഴുതുന്ന കവിതയുടെ രൂപത്തിൽ പ്രതിഫലിക്കാറുണ്ടോ?


അഡോണിസ്: സമ്പർക്കങ്ങൾ സുസാദ്ധ്യമാക്കുന്ന ഒരു രൂപമാണ്‌ നഗരം, കാഴ്ച്ചയെ സമൃദ്ധമാക്കുന്ന ഒരു ബഹുലരൂപം. കാഴ്ച്ച സമൃദ്ധമായിക്കഴിഞ്ഞാൽ, പരീക്ഷണങ്ങളെ നേരിടാൻ സമർത്ഥമായിക്കഴിഞ്ഞാൽ ഉൾക്കാഴ്ച്ചയും അതിനൊത്തഗാധമാകുന്നു. നഗരം വലക്കണ്ണികൾ നെയ്തെടുത്തതാണെങ്കിൽ ഗ്രാമം ഒരു കിളിക്കൂടാണ്‌. നഗരം ഒരേസമയം ഒരുപരിതലവും ഒരാഴവുമാണെങ്കിൽ ഗ്രാമം തിരശ്ചീനമായ ഒരു പ്രതലം മാത്രമാണ്‌. ഗ്രാമത്തിൽ ആഴം എന്നതുണ്ടെങ്കിൽ അത് വൈയക്തികമായിരിക്കും; ആ വ്യക്തിയുടെ ബാല്യത്തോടോ സ്വകാര്യചരിത്രത്തോടോ ബന്ധപ്പെട്ടതായിരിക്കും, വസ്തുനിഷ്ഠമായിരിക്കല്ലത്. നഗരം സംഘം ചേർന്നുള്ള ഒരു പദ്ധതിയാണ്‌; എന്നാൽ ഗ്രാമത്തിലാകട്ടെ, ഓരോ ആളും സ്വന്തനിലയ്ക്കാണ്‌ മുന്നോട്ടു പോകുന്നത്; പൊതുവായ അനുഭവങ്ങളെന്നു പറയാൻ ജനനവും മരണവും വിവാഹവും അവയ്ക്കു ചുറ്റുമുള്ള ചടങ്ങുകളും മാത്രം. സൃഷ്ടിപരമായ പങ്കുചേരലിന്റെ കാര്യത്തിൽ ഗ്രാമത്തിന്‌ യാതൊന്നും നല്കാനില്ല. നഗരം ഒരേസമയം ഒരാഴവും ഒരു പരപ്പുമാണ്‌. മാറിമാറിപ്പോകുന്ന ഒരു ചക്രവാളവുമാണത്. അങ്ങനെ യഥാർത്ഥനഗരങ്ങൾ നിങ്ങൾക്കു മുന്നിലെ ഒരു വെല്ലുവിളിയാണ്‌; മത്സരിക്കാനും സ്വന്തം കഴിവു തെളിയിക്കാനുമുള്ള ആവശ്യകതയെ ഉണർത്തിവിടുന്ന ഒരു വെല്ലുവിളി. നഗരം എന്നെ സംബന്ധിച്ചിടത്തോളം അറിവിനായുള്ള, അറിവിന്റെ പുതിയ ചക്രവാളങ്ങൾക്കായുള്ള ഒരു പ്രകോപനമാണ്‌. വിഭിന്നവും വിവിധവുമായ വായനകൾക്കനുകൂലമാണത്.


(മിഷിഗൻ ക്വാർട്ടർലിയിൽ വന്ന അഭിമുഖത്തിൽ നിന്ന്)

മാർഗരറ്റ് ജൾ കോസ്റ്റ

 ചോദ്യം: വിവർത്തകന്‌ ഭാഷയോടുള്ള സമീപനത്തെക്കുറിച്ച് എന്തു പറയുന്നു?


മാർഗരറ്റ് ജൾ കോസ്റ്റ: വിവർത്തനം എഴുത്തു തന്നെയാണ്‌; എഴുത്തുകാരിയാവുന്നതും വിവർത്തകയാവുന്നതും തമ്മിൽ ശരിക്കും പറഞ്ഞാൽ അങ്ങനെയൊരു വ്യത്യാസം ഞാൻ കാണുന്നുമില്ല, ഒരൊഴിഞ്ഞ പേജു വച്ചല്ല ഞാൻ തുടങ്ങുന്നതെന്നും മറിച്ച് മറ്റൊരെഴുത്തുകാരന്റെ വാക്കുകളിൽ ആണ്ടുമുങ്ങുകയും എന്റെ സ്വന്തം ഭാഷയിലേക്ക് അവയെ മാറ്റി പ്രതിഷ്ഠിക്കുകയാണു ചെയ്യുന്നതെന്നുമുള്ള മുഖ്യമായ വ്യത്യാസമൊഴികെ. സ്വന്തമായി നോവലുകളെഴുതാൻ ആഗ്രഹമില്ലേ എന്ന് ആളുകൾ എന്നോടു ചോദിക്കാറുണ്ട്.; എനിക്കാഗ്രഹമില്ല. കഥ പറച്ചിലിനു വേണ്ടതരം ഭാവനാശേഷി എനിക്കില്ല. എല്ലാ നാടകാഭിനേതാക്കളും നാടകമെഴുതാൻ ആഗ്രഹിക്കാത്തപോലെ, എല്ലാ സംഗീതജ്ഞരും സിംഫണികൾ രചിക്കാൻ ആഗ്രഹിക്കാത്തപോലെ ഞാനും ആനന്ദം കാണുന്നത് വ്യാഖ്യാനിക്കുക, അവതരിപ്പിക്കുക എന്ന പ്രക്രിയയിലാണ്‌, മറ്റൊരാളുടെ വാക്കുകളും ആശയങ്ങളും പുതിയൊരു സദസ്സിലേക്കു കൈമാറ്റം ചെയ്യുന്നതിലാണ്‌. ഞാനൊരു നിഷ്പക്ഷസ്വരമായിരിക്കുമെന്നല്ല; അതാസാദ്ധ്യമാണല്ലോ. മറിച്ച്, എല്ലാം ശരിയായി പോവുകയാണെങ്കിൽ, ഞാൻ എഴുത്തുകാരന്റെ സ്വരമായിരിക്കും, മറ്റൊരു താളത്തിൽ.


(പോർച്ചുഗീസിൽ നിന്ന് ഇംഗ്ലീഷിലേക്കുള്ള ഏറ്റവും പ്രശസ്തയായ വിവർത്തക മാർഗരറ്റ് ജൾ കോസ്റ്റയുമായി പാരീസ് റിവ്യു നടത്തിയ അഭിമുഖത്തിൽ നിന്ന്)

യഹൂദ അമിഹായി- കാലങ്ങൾക്കിടയിലെ സ്ഥലങ്ങളിൽ നിന്ന്...


കാലങ്ങൾക്കിടയിലെ സ്ഥലങ്ങളിൽ നിന്ന്, 

അണി നിരന്ന പട്ടാളക്കാർക്കിടയിലെ വിടവുകളിൽ നിന്ന്, 

ചുമരുകളിലെ വിള്ളലുകളിൽ നിന്ന്, 

നാം മുറുക്കിയടയ്ക്കാൻ വിട്ട വാതിലുകളിൽ നിന്ന്, 

നാം പിണയ്ക്കാത്ത കൈകളിൽ നിന്ന്, 

നാമടുപ്പിക്കാത്ത ഉടലുകൾക്കിടയിലെ അകലത്തു നിന്ന്- 

ഒരു വിസ്തൃതി വളരുന്നു, 

ഒരു സമതലം, ഒരു മരുനിലം, 

മരിയ്ക്കുന്ന കാലത്ത്‌

ആശകൾ കെട്ടു നമ്മുടെയാത്മാവലഞ്ഞുനടക്കുന്നതുമവിടെ.

യഹൂദ അമിഹായി- ലോകത്തു പാതിയാളുകൾ...


ലോകത്തു പാതിയാളുകൾ

മറുപാതിയെ സ്നേഹിക്കുന്നു,

പാതിയാളുകൾ

മറുപാതിയെ വെറുക്കുന്നു.

ഇപ്പാതിയും മറുപാതിയും കാരണം

കാലവർഷം പോലിളവെന്നതില്ലാതെ 

അലഞ്ഞും തിരിഞ്ഞും നടക്കണോ ഞാൻ?

പാറകൾക്കിടയിൽക്കിടന്നുറങ്ങണോ,

ഒലീവുമരങ്ങളുടെ തടി പോലെ മുരത്തുവളരണോ,

ചന്ദ്രനെന്നെ നോക്കിക്കുരയ്ക്കുന്നതു കേൾക്കണോ,

എന്റെ പ്രണയത്തെ വേവലാതികളുടെ മറയ്ക്കുള്ളിലാക്കണോ,

തീവണ്ടിപ്പാളങ്ങൾക്കിടയിൽ വിറ പൂണ്ടു മുളയ്ക്കുന്ന 


പുൽക്കൊടികൾ പോലാകണോ ഞാൻ,

തുരപ്പനെലിയെപ്പോലെ മണ്ണിനടിയിൽക്കഴിയണോ,

ചില്ലകൾ വിട്ടു വേരുകൾക്കൊപ്പം പോകണോ,

മാലാഖമാരുടെ കവിളത്തെൻ്റെ കവിളുരുമ്മുന്നതറിയാതിരിക്കണോ,

അന്ത്യശ്വാസമെടുത്തും അവസാനവാക്കുകളുച്ചരിച്ചും

ഒന്നും തിരിഞ്ഞുകിട്ടാതെയും

മരണമഭിനയിച്ചുതീർക്കണോ ഞാൻ,

വീട്ടിനു മുകളിൽ ഞാൻ കൊടിക്കമ്പുകൾ നാട്ടണോ,

താഴെ ബോംബുഷെൽട്ടർ പണിയണോ.

മടങ്ങാൻ മാത്രമുള്ള വഴികളിലൂടിറങ്ങിപ്പോകണോ?

പൂച്ച, വടി, തീ, വെള്ളം, കശാപ്പുകാരൻ-

കിടാവിനും മരണത്തിന്റെ മാലാഖയ്ക്കുമിടയിലെ

ബീഭത്സമായ സകലതിനുമിടയിലൂടെ ഞാൻ കടന്നുപോകണോ?

പാതിയാളുകൾ സ്നേഹിക്കുന്നു,

പാതിയാളുകൾ വെറുക്കുന്നു.

ഇത്രയുചിതമായി പൊരുത്തപ്പെടുന്ന പാതികൾക്കിടയിൽ

എന്റെയിടമെവിടെ?

ഏതു വിടവിലൂടെ ഞാൻ കാണും,

വെള്ളനിറത്തിൽ എന്റെ സ്വപ്നങ്ങളുടെ ഭവനപദ്ധതികൾ,

പൂഴിമണ്ണിൽ നഗ്നപാദരായോടുന്നവരെ,

ഒന്നുമല്ലെങ്കിൽ

കയ്യാലക്കരികിൽ ഒരു പെൺകുട്ടി തൂവാല വീശുന്നതെങ്കിലും?

വീസ്വാവ ഷിംബോർസ്ക - പെട്ടകത്തിലേക്ക്!

ഇതാ ഒരു പേമഴ പെയ്തൂതുടങ്ങുന്നു.
പെട്ടകത്തിലേക്ക്!
അല്ലാതെവിടെ നിങ്ങൾ പോകും,
ഒറ്റയ്ക്കു പാടാനായെഴുതിയ കവിതകളേ,
സ്വകാര്യവിജയാഹ്ലാദങ്ങളേ,
ആവശ്യം വരാത്ത കഴിവുകളേ,
അധികമായിപ്പോയ ജിജ്ഞാസേ,
നീണ്ടുനില്ക്കാത്ത ശോകങ്ങളേ, ഭീതികളേ,
ആറു വശത്തു നിന്നും
കാര്യങ്ങളെ നോക്കിക്കാണാനുള്ള വ്യഗ്രതേ.

പുഴകൾ പൊങ്ങുകയാണ്‌, കരകളിടിക്കുകയാണ്‌.
പെട്ടകത്തിലേക്ക്!
ഫോട്ടോഗ്രാഫുകളേ,
വിശദാംശങ്ങളേ, ആഭരണങ്ങളേ, കമ്പങ്ങളേ,
ക്ഷുദ്രമായ അപവാദങ്ങളേ,
മറന്നുപോയ അടയാളങ്ങളേ,
ചാരനിറത്തിന്റെ എണ്ണമറ്റ നിറഭേദങ്ങളേ,
കളിക്കാനായി മാത്രം കളിച്ച കളികളേ,
ആനന്ദാശ്രുക്കളേ.

കണ്ണു പറ്റുന്നിടത്തോളം ദൂരം
വെള്ളമേയുള്ളു,
മങ്ങിയ ചക്രവാളമേയുള്ളു.
പെട്ടകത്തിലേക്ക്!
വിദൂരഭാവിയിലേക്കുള്ള പ്ലാനുകളേ,
വ്യത്യസ്തതയിലെ ആനന്ദമേ,
നല്ലവനോടുള്ള ബഹുമാനമേ,
രണ്ടിലൊന്നിലേക്കു ചുരുങ്ങാത്ത തിരഞ്ഞെടുപ്പേ,
പഴകിപ്പോയ മനഃസാക്ഷിക്കുത്തുകളേ,
പുനരാലോചനയ്ക്കു മാറ്റിവച്ച നേരമേ,
ഇതെല്ലാമെന്നെങ്കിലുമൊരുനാൾ
ആവശ്യം വരുമെന്ന വിശ്വാസമേ.

കുട്ടിക്കഥകളെല്ലാം ശുഭമായി പര്യവസാനിക്കുന്നു,
(നമ്മളിപ്പോഴും കുട്ടികളുമാണ്)
അതേ പര്യവസാനം തന്നെ
ഇവിടെയും നമുക്കുപയോഗിക്കാം.
മഴ തോരും,
തിരകളടങ്ങും,
തെളിഞ്ഞ മാനത്തു
മേഘങ്ങൾ വകഞ്ഞുമാറും,
തലക്കു മേൽ മേഘങ്ങളെന്താവണമോ,
അതുതന്നെയാവുമവ, പിന്നെയും:
ഉന്നതവും ചപലവും-
വെയിലിൽ കുളിച്ച തുരുത്തു പോലെ,
കുഞ്ഞാടുകൾ പോലെ,
കോളിഫ്ലവറുകൾ പോലെ,
ഡയപ്പറുകൾ പോലെ.

പെസൊവ- അശാന്തിയുടെ പുസ്തകം-116

 യഥാർത്ഥജീവിതത്തിൽ മി. പിൿവിക്കിനെ ഇന്നേവരെ നേരിട്ടുകാണാൻ പറ്റാത്തതിൽ, മി. വാർഡ്ലേയുമായി കൈ കൊടുക്കാൻ കഴിയാത്തതിൽ മനസ്സു നീറുന്ന ചില ജീവികളുണ്ട്. ഞാൻ അവരിൽ ഒരാളാണ്‌. ആ നോവൽ വായിച്ചിട്ട് ഞാൻ ശരിക്കും കണ്ണീരൊഴുക്കിയിട്ടുണ്ട്; അങ്ങനെയുള്ള മനുഷ്യരെ, ആ യഥാർത്ഥമനുഷ്യരെ അന്നുവരെ എനിക്കറിയില്ലായിരുന്നു, അന്നുവരെ ഞാൻ നേരിട്ടുകണ്ടിട്ടുമില്ല.

നോവലുകളിലെ അത്യാഹിതങ്ങൾ മനോഹരങ്ങളാണ്‌, കാരണം, അവയിൽ യഥാർത്ഥരക്തം ചൊരിയപ്പെടുന്നില്ല, മരിച്ചവർ ജീർണ്ണിക്കുന്നില്ല; നോവലുകളിൽ ജീർണ്ണത പോലും ജീർണ്ണമല്ല.

മി. പിൿവിക്ക് അപഹാസ്യനാവുമ്പോൾ അയാൾ അപഹാസ്യനാവുന്നില്ല, കാരണം, അയാൾ അപഹാസ്യനാവുന്നത് ഒരു നോവലിലാണ്‌. നോവൽ എന്നത് കൂടുതൽ പൂർണ്ണതയെത്തിയ ഒരു യാഥാർത്ഥ്യമാണെന്നുവരാം; ദൈവം നമ്മളിലൂടെ സൃഷ്ടിച്ചെടുക്കുന്ന കൂടുതൽ സമ്പൂർണ്ണമായ ഒരു ജീവിതം. (അതിന്റെ സൃഷ്ടിക്കായി മാത്രമാണ്‌ നമ്മളെ സൃഷ്ടിച്ചിരിക്കുന്നതെന്നും വരാം.) നാഗരികതകൾ പ്രത്യക്ഷപ്പെടുന്നതായി തോന്നുന്നുവെങ്കിൽ അത് കലയും സാഹിത്യവും സൃഷ്ടിക്കപ്പെടാൻ വേണ്ടി മാത്രമാണ്‌; കാരണം, അവയെക്കുറിച്ചു പറയുന്നത്, അവയെ അതിജീവിക്കുന്നത് വാക്കുകളാണല്ലോ. മനുഷ്യാതീതമായ ആ രൂപങ്ങൾ ശരിക്കും യഥാർത്ഥമാണെന്നു വന്നുകൂടേ? അത് സത്യമായേക്കാമെന്ന ചിന്ത എന്റെ മനസ്സു നീറ്റുന്നു.

()

പെസൊവ- അശാന്തിയുടെ പുസ്തകം

 നമ്മൾ എത്ര ജീവിക്കുന്നുവോ, അത്രയും നമുക്ക് അന്യോന്യവിരുദ്ധമായ രണ്ടു സത്യങ്ങളുടെ യാഥാർത്ഥ്യം ബോദ്ധ്യമാവുകയാണ്‌. ജീവിതം എന്ന യാഥാർത്ഥ്യത്തിനരികിൽ സാഹിത്യത്തിന്റെയും കലയുടേയും എല്ലാ കല്പിതകഥകളും നിറം കെട്ടുപോകുന്നു എന്നതാണ്‌ ഒന്നാമത്തേത്. ജീവിതത്തിൽ നിന്നു നമുക്കു കിട്ടുന്നതിനെക്കാൾ അഭിജാതമായ ഒരാനന്ദം അവ നമുക്കു തരുന്നു എന്നതു വാസ്തവം തന്നെ; എന്നാൽ അവ സ്വപ്നങ്ങൾ പോലെയാണ്‌; ജീവിതത്തിൽ അനുഭവമാകാത്ത വികാരങ്ങൾ നല്കുന്നുണ്ടെങ്കിലും ജീവിതത്തിൽ ഒരിക്കലും കണ്ടുമുട്ടാത്ത രൂപങ്ങളെ പരസ്പരം ചേർത്തുവയ്ക്കുന്നുണ്ടെങ്കിലും നാം ഉണരുമ്പോൾ അലിഞ്ഞില്ലാതാകുന്ന സ്വപ്നങ്ങൾ; പിന്നീടൊരു രണ്ടാം ജന്മം ജീവിക്കാൻ വേണ്ട ഓർമ്മകളോ നഷ്ടബോധമോ അവ നമുക്കു ബാക്കിവയ്ക്കുന്നില്ല.

രണ്ടാമത്തെ സത്യം ഇതാണ്‌: ഏതു കുലീനാത്മാവും ജീവിതം അതിന്റെ സാകല്യത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്നതിനാലും- എല്ലാ സംഗതികളും എല്ലാ സ്ഥലങ്ങളും എല്ലാ വികാരങ്ങളും അനുഭവിച്ചുകൊണ്ട്- വസ്തുനിഷ്ഠമായി അസാദ്ധ്യമാണതെന്നതിനാലും ഒരു കുലീനാത്മാവിന്‌ ജീവിക്കാൻ കഴിയുന്നതിനുള്ള ഒരേയൊരു വഴി ആത്മനിഷ്ഠമായി ജിവിക്കുക എന്നതാണ്‌; ജീവിതം അതിന്റെ സാകല്യത്തിൽ ജീവിക്കണമെങ്കിൽ അതിനെ നിഷേധിക്കുകയും വേണം.

ഈ രണ്ടു സത്യങ്ങളും അന്യോന്യനിഷേധകങ്ങളുമാണ്‌. ബുദ്ധിമാനായ മനുഷ്യൻ അവയെത്തമ്മിൽ അനുരഞ്ജിപ്പിക്കാൻ നോക്കുകയില്ല, ഏതെങ്കിലും ഒന്നിനെ തള്ളിക്കളയുകയുമില്ല. അതേ സമയം ഏതെങ്കിലുമൊന്നിനെ പിന്തുടരുകയും വേണമയാൾ; താൻ തിരഞ്ഞെടുക്കാതെ പോയതിന്റെ പേരിലുള്ള ഖേദം ഇടയ്ക്കൊക്കെ അയാളനുഭവിക്കുകയും വേണം; അതുമല്ലെങ്കിൽ രണ്ടും അയാൾക്കു തള്ളിക്കളയാം, അങ്ങനെ വ്യക്തിപരമായ ഒരു നിർവ്വാണത്തിൽ തന്നെത്തന്നെ അയാൾക്കതിശയിക്കുകയും ചെയ്യാം.

ജീവിതം സ്വമേധയാ തനിക്കു നല്കുന്നതിൽക്കൂടുതലായി യാതൊന്നും ആവശ്യപ്പെടാത്ത മനുഷ്യൻ സന്തുഷ്ടൻ; സൂര്യനുള്ളപ്പോൾ വെയിലു തേടിപ്പോവുകയും അതില്ലാത്തപ്പോൾ എവിടെ ചൂടു കിട്ടുമോ, അതു തേടിപ്പോവുകയും ചെയ്യുന്ന പൂച്ചകളുടെ അന്തശ്ചോദനയാണ്‌ അയാളെ നയിക്കുന്നത്. ഭാവനയ്ക്കു വേണ്ടി സ്വന്തം വ്യക്തിസത്ത പരിത്യജിക്കുകയും അന്യരുടെ ജീവിതങ്ങളെക്കുറിച്ചു പര്യാലോചന ചെയ്യുകയും ചെയ്യുന്നതിൽ, അനുഭവങ്ങളെ പൂർണ്ണമായനുഭവിക്കാതെ അവയുടെ ബാഹ്യതലത്തിൽ മാത്രം അനുഭവിക്കുന്നതിൽ ആനന്ദം കണ്ടെത്തുകയും ചെയ്യുന്ന മനുഷ്യൻ സന്തുഷ്ടൻ. ഒടുവിൽ, സർവ്വതും പരിത്യജിക്കുന്ന മനുഷ്യൻ സന്തുഷ്ടൻ; അയാളിൽ നിന്നൊന്നുമെടുക്കാനില്ല, അയാളെ ചുരുക്കുന്നതൊന്നും.

സാമാന്യൻ, നോവൽ വായനക്കാരൻ, ശുദ്ധവൈരാഗി- ഈ മൂന്നു പേരുമാണ്‌ ജിവിതത്തിൽ സന്തുഷ്ടർ; എന്തെന്നാൽ, ഈ മൂന്നുതരം മനുഷ്യരും തങ്ങളുടെ വ്യക്തിസത്തകൾ പരിത്യജിക്കുന്നവരാണ്‌: നിർവ്യക്തികമായ അന്തശ്ചോദനയാൽ ജീവിക്കുന്നതിനാൽ ഒരാൾ; വിസ്മൃതി തന്നെയായ ഭാവനയാൽ ജീവിക്കുന്നതിനാൽ മറ്റേയാൾ; ജീവിക്കുകയല്ല, ഉറങ്ങുക മാത്രം ചെയ്യുന്നു (ഇനിയും താൻ മരിച്ചിട്ടില്ലാത്ത കാരണം) എന്നതിനാൽ മൂന്നാമൻ.

യാതൊന്നുമെന്നെ തൃപ്തിപ്പെടുത്തുന്നില്ല, യാതൊന്നുമെന്നെ ആശ്വസിപ്പിക്കുന്നില്ല; ഉണ്ടായിരുന്നതും ഉണ്ടാകാതിരുന്നതും ഒരേപോലെന്നെ മടുപ്പിക്കുന്നു. എനിക്കെന്റെ ആത്മാവിനെ വേണമെന്നില്ല, അതിനെ പരിത്യജിക്കണമെന്നും എനിക്കില്ല. എനിക്കു വേണമെന്നു തോന്നാത്തതെനിക്കു വേണം, എനിക്കില്ലാത്തതു ഞാൻ പരിത്യജിക്കുകയും ചെയ്യുന്നു. എനിക്കൊന്നുമല്ലാതാവാൻ കഴിയില്ല, എനിക്കെല്ലാമാകാനും കഴിയില്ല: എനിക്കില്ലാത്തതിനും എനിക്കു വേണ്ടാത്തതിനുമിടയിലെ പാലമാണു ഞാൻ.

(

എമിൽ ചൊറാൻ - നിത്യതയും ധാർമ്മികതയും

 

എന്താണു ശരി, എന്താണു തെറ്റെന്നു പറയാൻ ഇന്നുപോലും ആർക്കും കഴിയില്ല. ഭാവിയിലും അങ്ങനെതന്നെ ആയിരിക്കും. ആ തരം പ്രയോഗങ്ങളുടെ ആപേക്ഷികതയിൽ വലിയ അർത്ഥമില്ല; അവയുടെ ഉപയോഗം ഒഴിവാക്കാൻ പറ്റാതെവരുന്നു എന്നതാണ്‌ അതിലും പ്രധാനം. എന്താണു ശരി, എന്താണു തെറ്റെന്ന് എനിക്കറിയില്ല; എന്നിട്ടും പ്രവൃത്തികളെ ഞാൻ തെറ്റും ശരിയുമായി വിഭജിക്കുന്നു. ഞാൻ എന്തുകൊണ്ട് അങ്ങനെ ചെയ്യുന്നു എന്നാരെങ്കിലും ചോദിച്ചാൽ എനിക്കു മറുപടി പറയാൻ ഉണ്ടാവില്ല. അന്തഃപ്രേരിതമായിട്ടാണ്‌ ഞാൻ ധാർമ്മികമാനദണ്ഡങ്ങൾ ഉപയോഗിക്കുന്നത്; പിന്നീട്, വീണ്ടുമാലോചിക്കുമ്പോൾ, അങ്ങനെ ചെയ്തതിന്‌ എന്തെങ്കിലും ന്യായീകരണം കണ്ടുപിടിക്കാൻ എനിക്കു കഴിയുന്നുമില്ല. ധാർമ്മികത ഇത്രയും സങ്കീർണ്ണവും അന്യോന്യവിരുദ്ധവുമായിപ്പോയത് അതിന്റെ മൂല്യങ്ങൾ ജീവിതത്തിന്റെ ക്രമത്തിൽ നിന്നുരുത്തിരിഞ്ഞുവരാതായി എന്നതിൽ നിന്നാണ്‌; ജീവിതത്തിന്റെ ജൈവവും അയുക്തികവുമായ ശക്തികളോട് ദുർബ്ബലമായി മാത്രം ബന്ധപ്പെട്ടിരിക്കുന്ന ഒരതീതമേഖലയിൽ നിന്നു രൂപപ്പെടുന്നവയായിരിക്കുന്നു അവ. എങ്ങനെയാണൊരാൾ ഒരു ധാർമ്മികതയ്ക്കു തുടക്കമിടുക? ‘നന്മ’ എന്ന വാക്കു കേട്ടാൽ എനിക്കത്രയ്ക്കു ചെടിക്കും; അത്രയ്ക്കു വളിച്ചതും എരിവും പുളിയും കെട്ടതായിരിക്കുന്നു അത്. നന്മയുടെ വിജയത്തിനായി പണിയെടുക്കാൻ ധാർമ്മികത നിങ്ങളോടു പറയുന്നു. എങ്ങനെ? കർത്തവ്യനിർവ്വഹണത്തിലൂടെ, ആദരവിലൂടെ, ത്യാഗത്തിലൂടെ. ഇതെല്ലാം പൊള്ളയായ വാക്കുകളാണ്‌: പച്ചയായ യാഥാർത്ഥ്യത്തിനു മുന്നിൽ ധാർമ്മികനിയമങ്ങൾ പൊള്ളയാണ്‌; അവയില്ലാത്ത ഒരു ജീവിതമല്ലേ കൂടുതൽ മെച്ചപ്പെട്ടതെന്നു സംശയിക്കാൻ നമുക്കു തോന്നിപ്പോകും. രൂപങ്ങളിൽ നിന്നും തത്വങ്ങളിൽ നിന്നും മുക്തമായ ഒരു ലോകമാണ്‌ ഞാനിഷ്ടപ്പെടുക -സമ്പൂർണ്ണമായ നിശ്ചയമില്ലായ്മയുടെ ഒരു ലോകം. ഭാവനയുടേയും സ്വപ്നത്തിന്റെയും ഒരു ലോകം ഞാൻ മനസ്സിൽ കാണുന്നു; ശരിതെറ്റുകളെക്കുറിച്ചുള്ള സംസാരം അവിടെ ഒരർത്ഥബോധവും ഉണ്ടാക്കില്ല. യാഥാർത്ഥ്യം അതിന്റെ സാരാംശത്തിൽത്തന്നെ അയുക്തികമായിരിക്കെ എന്തിനു നിയമങ്ങൾ വയ്ക്കണം, എന്തിനു ശരിയും തെറ്റും വേർതിരിക്കണം? ധാർമ്മികത മിച്ചം വയ്ക്കാൻ പറ്റില്ല; അങ്ങനെയല്ലെന്നു വിചാരിക്കുന്നത് തെറ്റാണ്‌. എന്നാൽ, ഈ ലോകത്ത് സുഖങ്ങളും പാപങ്ങളും ഹ്രസ്വായുസ്സുകളായ ചെറുകിടസന്തോഷങ്ങളാണെന്നും സദ്പ്രവൃത്തികൾക്കേ നിത്യതയിൽ വിഹിതമുള്ളൂ എന്നും വിശ്വസിച്ചിരിക്കുന്ന ചിലരുണ്ട്. ഈ ലോകത്തിന്റെ യാതനയ്ക്കൊടുവിൽ നന്മയും ധർമ്മവും വിജയം കാണുമെന്ന് അവർ നടിക്കുന്നു; എന്നാൽ അവർ കാണുന്നില്ല, നിത്യത ഉപരിപ്ലവസുഖങ്ങളെ തുടച്ചുമാറ്റുന്നുവെങ്കിൽ നന്മകൾ, സദ്പ്രവൃത്തികൾ, ധാർമ്മികവൃത്തികൾ എന്നിവയുടെ കാര്യത്തിലും അതതുതന്നെ ചെയ്യുമെന്ന്. നിത്യത നന്മയുടേയോ തിന്മയുടേയോ വിജയത്തിലേക്കല്ല നയിക്കുന്നത്; അത് സർവ്വതിനേയും തച്ചുടയ്ക്കുന്നു. നിത്യതയുടെ പേരിൽ എപ്പിക്യൂറിയന്മാരെ പഴിക്കുന്നത് പൊട്ടത്തരമാണ്‌. സുഖത്തേക്കാൾ വേദന എന്നെ അമരനാക്കാൻ പോകുന്നതെങ്ങനെയാണ്‌? ശരിക്കും വസ്തുനിഷ്ഠമായ ഒരു കാഴ്ച്ചപ്പാടിൽ ഒരു മനുഷ്യന്റെ വേദനയും മറ്റൊരാളുടെ ആനന്ദവും തമ്മിൽ ഗണനീയമെന്നു പറയാവുന്ന എന്തു വ്യത്യാസമാണുള്ളത്? നിങ്ങൾ യാതന അനുഭവിച്ചാലും ഇല്ലെങ്കിലും ശൂന്യത നിങ്ങളെ എന്നെന്നേക്കുമായി വിഴുങ്ങും. നിത്യതയിലേക്ക് വസ്തുനിഷ്ഠമായ വഴിയൊന്നുമില്ല; കാലത്തിലെ ക്രമം വിട്ട നിമിഷങ്ങളിൽ അനുഭവമാകുന്ന ആത്മനിഷ്ഠമായ തോന്നലുകൾ മാത്രം. മനുഷ്യൻ സൃഷ്ടിച്ചതൊന്നും നിലനില്ക്കാൻ പോകുന്നില്ല. ധാർമ്മികമിഥ്യകളുടെ പേരിൽ എന്തിനീ ലഹരി പിടിക്കൽ, അതിലും മനോഹരമായ മിഥ്യകൾ വേറേയുണ്ടെന്നിരിക്കെ? നിത്യതയുടെ മുന്നിൽ ധാർമ്മികമോക്ഷത്തെക്കുറിച്ചു വാചാലരാവുന്നവർ ചൂണ്ടിക്കാണിക്കുന്നത് കാലത്തിൽ ധാർമ്മികപ്രവൃത്തിയുടെ അനിയതമായ പ്രതിധ്വനിയെക്കുറിച്ചാണ്‌, അതിന്റെ അപരിമിതമായ അനുരണനത്തെക്കുറിച്ചാണ്‌. അതിലും അസത്യമായി മറ്റൊന്നില്ല; എന്തെന്നാൽ സദ്ഗുണവാന്മാർ എന്നു പറയപ്പെടുന്ന ഈ മനുഷ്യർ ശരിക്കും ഭീരുക്കളാണ്‌; സുഖങ്ങളിൽ നീന്തിത്തുടിച്ചവരെക്കാൾ വേഗത്തിൽ ലോകബോധത്തിൽ നിന്നപ്രത്യക്ഷരാവുന്നവർ. ഇനി അങ്ങനെയല്ല, അവർ പറയുന്നതാണു ശരിയെന്നിരിക്കട്ടെ, ഒരു പന്ത്രണ്ടോ അതിലധികമോ കൊല്ലം കൊണ്ടെന്താകാൻ? തൃപ്തി വരാത്ത ഏതു സുഖവും ഒരു ജീവിതനഷ്ടമാണ്‌. യാതനയുടെ പേരിൽ സുഖത്തെയോ അഴിഞ്ഞാട്ടത്തെയോ ധാരാളിത്തത്തെയോ തള്ളിപ്പറയാൻ ഞാനില്ല. സുഖത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ച് ശരാശരിബുദ്ധിക്കാർ പറഞ്ഞുകൊണ്ടിരിക്കട്ടെ; അതിലും വലുതല്ലേ, യാതനയുടെ അനന്തരഫലങ്ങൾ? വാർദ്ധക്യം വന്നു മരിക്കാൻ ശരാശരിബുദ്ധികൾക്കേ ആഗ്രഹമുള്ളു.  അപ്പോൾ, യാതന അനുഭവിക്കുക, ആനന്ദം അടിമട്ടു വരെയും കുടിച്ചിറക്കുക, ചിരിക്കുകയോ കരയുകയോ ചെയ്യുക, നൈരാശ്യമോ ആഹ്ലാദമോ കൊണ്ടാക്രോശിക്കുക, മരണത്തെയോ പ്രണയത്തെയോ കുറിച്ചു പാടുക; എന്തെന്നാൽ ഒന്നും നീണ്ടുനില്ക്കാൻ പോകുന്നില്ല! ധാർമ്മികത ജീവിതത്തെ നഷ്ടപ്പെട്ട അവസരങ്ങളുടെ ഒരു ദീർഘപരമ്പര ആക്കുമെന്നേയുള്ളു!

2022, ജൂലൈ 10, ഞായറാഴ്‌ച

ലോർക്ക- ഒരു മുറി അപ്പവും ഒരു പുസ്തകവും

 (തന്റെ ഗ്രാമത്തിലെ വായനശാല ഉദ്ഘാടനം ചെയ്തുകൊണ്ട് 1931ൽ ലോർക്ക ചെയ്ത പ്രസംഗം) 

 ഒരാൾ ഒരു നാടകത്തിനു പോകുമ്പോൾ, ഒരു കച്ചേരിക്കു പോകുമ്പോൾ, അല്ലെങ്കിൽ അങ്ങനെ എന്തിനെങ്കിലും പോകുമ്പോൾ; അതയാൾക്കു വളരെ ഇഷ്ടപ്പെട്ടുവെങ്കിൽ അയാൾക്കു തന്റെ പ്രിയപ്പെട്ടവരെ ഓർമ്മ വരികയും അവരുടെ അഭാവത്തെക്കുറിച്ചോർത്തു വിഷമം വരികയുമാണ്‌: “എന്റെ അച്ഛന്‌, എന്റെ പെങ്ങൾക്ക് ഇവിടെ വരാനും ഇതെല്ലാം ആസ്വദിക്കാനും എന്തിഷ്ടമായിരുന്നേനെ,” അയാൾ മനസ്സിൽ പറയും. അയാളെ സംബന്ധിച്ചിടത്തോളം ആ കാഴ്ചകൾക്കു മേൽ തീരെച്ചെറിയൊരു വിഷാദത്തിന്റെ നിഴൽ വീശുകയാണ്‌. അങ്ങനെയൊരു വിഷാദമാണ്‌ എനിക്കിപ്പോൾ തോന്നുന്നത്; അതു പക്ഷേ, എന്റെ വീട്ടുകാരുടെ കാര്യം ഓർത്തിട്ടല്ല; അങ്ങനെയായാൽ ഞാൻ ചെറുതാവുകയാണല്ലോ; അതെന്റെ സ്വാർത്ഥതയുമാണ്‌. ഞാനോർക്കുന്നത് അവസരങ്ങൾ കിട്ടാത്തതു കാരണം ജീവിതത്തിന്റെ ആത്യന്തികനന്മകളായ സൗന്ദര്യം, പ്രശാന്തത, വൈകാരികത എന്നിവ ആസ്വദിക്കാൻ കഴിയാതെപോകുന്ന എല്ലാ മനുഷ്യജീവികളേയും കുറിച്ചാണ്‌. 

 അതുകാരണമാണ്‌ എനിക്കു സ്വന്തമായി ഒരു പുസ്തകവുമില്ലാത്തത്. കാരണം, വാങ്ങുന്നതെന്തും (അത് കുറേയധികവുമാണ്‌) ഞാൻ കൊടുത്തുതീർക്കുകയാണ്‌; ഞാൻ ഇവിടെ വന്നിരിക്കുന്നത് അതുകൊണ്ടാണ്‌. ഗ്രനാഡ പ്രവിശ്യയിലെ ഈ ആദ്യത്തെ പൊതുവായനശാല ഉദ്ഘാടനം ചെയ്യുന്നത് ഒരു ബഹുമതിയായി, സന്തോഷമായി ഞാൻ കാണുന്നു. 

 മനുഷ്യൻ അപ്പം കൊണ്ടു മാത്രമല്ല ജീവിക്കുന്നത്. വിശന്നും സഹായമറ്റും തെരുവിൽ നില്ക്കുമ്പോൾ അപ്പമല്ല ഞാ ചോദിക്കുക, ഒരു മുറി അപ്പവും ഒരു പുസ്തകവുമാണ്‌. സാമ്പത്തികാവകാശങ്ങളെക്കുറിച്ചു മാത്രം സംസാരിക്കുകയും സാംസ്കാരികാവകാശങ്ങളെക്കുറിച്ച് (ആളുകൾക്കാവശ്യവും ഏറ്റവും ഉച്ചത്തിൽ അവർ ആവശ്യപ്പെടുന്നതും അതാണ്‌) ഒന്നും മിണ്ടാതിരിക്കുകയും ചെയ്യുന്നവരെ ഇവിടെ നിന്നുകൊണ്ട് ഞാൻ കടന്നാക്രമിക്കുകയാണ്‌. 

 ആളുകൾക്ക് ആഹാരം വേണം. അത് ഒരാവശ്യം തന്നെ. അതേ സമയം ആത്മാവിന്റെ മധുരഫലങ്ങൾ ആസ്വദിക്കാനും എല്ലാവരും അറിഞ്ഞിരിക്കണം; കാരണം, മറിച്ചായാൽ അതവരെ ഭരണകൂടത്തിന്റെ സേവകരായ വെറും യന്ത്രങ്ങളാക്കിമാറ്റും; എന്നു പറഞ്ഞാൽ ഭീകരമായ ഒരു സാമൂഹ്യസംഘടനയുടെ അടിമകൾ. 

 വിശക്കുന്ന ഒരാളെക്കാൾ എന്നെ കണക്കറ്റു ദുഃഖിപ്പിക്കുന്നത് പഠിക്കാൻ ആഗ്രഹമുണ്ടായിട്ടും അതിനു കഴിയാത്ത ഒരാളാണ്‌; ഒരപ്പക്കഷണമോ കുറച്ചു പഴങ്ങളോ കൊണ്ട് അയാളുടെ വിശപ്പു മാറ്റാവുന്നതേയുള്ളു; എന്നാൽ, അറിവിനു ദാഹിക്കുന്ന, എന്നാൽ അതിനൊരു മാർഗ്ഗവും കാണാത്ത ഒരാൾ അനുഭവിക്കുന്നത് കഠിനവേദനയാണ്‌. കാരണം, അയാൾക്കു വേണ്ടത് പുസ്തകങ്ങളാണ്‌, പുസ്തകങ്ങളാണ്‌, കൂടുതൽ കൂടുതൽ പുസ്തകങ്ങളാണ്‌; എന്നാൽ ആ പുസ്തകങ്ങൾ എവിടെ? 

 പുസ്തകം! പുസ്തകം! എത്ര മനോഹരമായ പദം! “സ്നേഹം, സ്നേഹം” എന്നു പറയുമ്പോലെയാണത്. പാടം നനയ്ക്കാൻ മഴ അവകാശപ്പെടുമ്പോലെ ഗ്രാമങ്ങൾ പുസ്തകങ്ങളും അവകാശപ്പെടണം. 

 പ്രശസ്തനായ റഷ്യൻ സാഹിത്യകാരൻ, റഷ്യൻ വിപ്ലവത്തിന്റെ പിതാവാകാൻ ലെനിനേക്കാൾ എത്രയോ യോഗ്യൻ, ഫ്യോദോർ ദസ്തയേവ്സ്കി സൈബീരിയയിൽ തടവുകാരനായിരുന്നപ്പോൾ; തോരാതെ മഞ്ഞു പെയ്യുന്ന, പരിത്യക്തമായ പുൽമൈതാനങ്ങൾക്കു നടുവിൽ, ജനവാസത്തിൽ നിന്നെല്ലാമകലെ നാലു ചുവരുകൾക്കുള്ളിൽ ബന്ധിതനായിരുന്നപ്പോൾ; അതിദൂരത്തുള്ള തന്റെ കുടുംബത്തോടു സഹായം ചോദിച്ചുകൊണ്ടെഴുതുമ്പോൾ അദ്ദേഹം ആവശ്യപ്പെട്ടത് ഇതു മാത്രമാണ്‌: “എന്റെ ആത്മാവ് മരണപ്പെടാതിരിക്കാൻ എനിക്കു പുസ്തകങ്ങൾ അയച്ചുതരിക, പുസ്തകങ്ങൾ, എത്രയെങ്കിലും പുസ്തകങ്ങൾ!” അദ്ദേഹം കൊടുംതണുപ്പിലായിരുന്നു; എന്നാൽ ചൂടു വേണമെന്നല്ല അദ്ദേഹം ആവശ്യപ്പെട്ടത്; തൊണ്ട വരളുന്ന ദാഹമുണ്ടായിരുന്നു, എന്നാൽ വെള്ളമല്ല അദ്ദേഹം ചോദിച്ചത്. അദ്ദേഹത്തിനു വേണ്ടത് പുസ്തകങ്ങളായിരുന്നു; എന്നു പറഞ്ഞാൽ ചക്രവാളങ്ങൾ; എന്നു പറഞ്ഞാൽ ആത്മാവിന്റെയും ഹൃദയത്തിന്റെയും ഉയരങ്ങളിലേക്കു കയറാനുള്ള കോണികൾ. കാരണം, ശരീരത്തിന്‌ വിശപ്പോ ദാഹമോ തണുപ്പോ കൊണ്ടുണ്ടാകുന്ന ഭൗതികവും ജീവശാസ്ത്രപരവും പ്രാകൃതികവുമായ ആയ വേദന അല്പനേരത്തേക്കേയുള്ളു; മറിച്ച് ആത്മാവിന്റെ വേദന ഒരായുസ്സു മുഴുവൻ നീണ്ടുനില്ക്കും. 

 യൂറോപ്യൻ ചരിത്രകാരന്മാരിൽ ഏറ്റവും വിശ്വസിക്കാവുന്ന, മഹാനായ മെനെൻഡെസ് പിഡാൽ റിപ്പബ്ലിക്കിന്റെ മുദ്രാവാക്യം “സംസ്കാരം”ആയിരിക്കണമെന്നു പറഞ്ഞുകഴിഞ്ഞിരിക്കുന്നു. എന്തെന്നാൽ വിശ്വാസം നിറഞ്ഞവരെങ്കിലും വെളിച്ചം കുറഞ്ഞ ഇന്നത്തെ ജനതയുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സംസ്കാരത്തിലൂടെയേ കഴിയൂ.

ലോർക്ക - അസ്തമയങ്ങൾ I- വേനല്ക്കാലം

മൂടല്മഞ്ഞിന്റെയും പാടലവർണത്തിന്റെയും കുന്നുകൾക്കു പിന്നിൽ സൂര്യൻ മറയുമ്പോൾ, അന്തരീക്ഷം ദൈവഭക്തിയുടെ വിപുലസംഗീതം കൊണ്ടു നിറയുമ്പോൾ പൊന്നും ഇളംചുവപ്പും കടുംചുവപ്പുമായ നേർത്ത പട്ടുലേസുകളിൽ ഗ്രനാഡ കുതിരുന്നു. 

 ഗോതമ്പുപാടങ്ങൾ കരിഞ്ഞുണങ്ങിയ വേഗ മഞ്ഞയും വെള്ളിയും നിറമായ ഒരു ജഡമയക്കത്തിലാഴുമ്പോൾ വിദൂരാകാശങ്ങളിൽ കട്ടിച്ചുവപ്പിലും ഇളംചേടിയിലും അഗ്നികുണ്ഡങ്ങൾ തീക്ഷ്ണമായെരിയുന്നു. മണ്ണിൻപാളികൾക്കു മേൽ ആവിത്തുണ്ടുകൾ പോലെ മൂടല്മഞ്ഞിന്റെ നേർത്ത പാടകൾ; അല്ലെങ്കിൽ കൂറ്റൻ വെള്ളിത്തൂവലുകൾ പോലെ കട്ടിമഞ്ഞ്. കളപ്പുരകൾ ഉഷ്ണത്തിലും വൈക്കോല്പൊടിയിലും പൊതിഞ്ഞുകിടക്കുന്നു; പച്ചപ്പിന്റെ സമൃദ്ധിയിൽ, അസ്തമയത്തിന്റെ ധൂമിലതയിൽ നഗരം വീർപ്പു മുട്ടുന്നു. മലഞ്ചരിവുകൾക്ക് മാന്തളിരും തെളിനീലവും നിറമായിരിക്കുമ്പോൾ മലമുടികൾക്ക് ചുവപ്പു കലർന്ന വെണ്മ. മഞ്ഞുപാളികൾ ചിലതപ്പോഴുമുണ്ട്, സൂര്യാഗ്നിയെ ചൊടിയോടെ ചെറുത്തുകൊണ്ട്. പുഴകൾ മിക്കവാറും വരണ്ടുകഴിഞ്ഞു; കൈച്ചാലുകളിൽ ജലമൊഴുകുന്നതാവട്ടെ, സായാഹ്നത്തിലെ വിഷണ്ണാനന്ദങ്ങളുടെ നേർക്ക് വിപുലമായൊരു ക്ഷീണത്തോടിഴഞ്ഞുപോകുന്ന ഒരു കാല്പനികഹൃദയത്തെപ്പോലെ. മലകൾക്കു മേലാകാശത്ത്, കാതരനീലമായ ആകാശത്ത്, ചിത്രലിപിയിലൊരു ചുംബനം പോലെ ചന്ദ്രൻ പ്രത്യക്ഷമാകുന്നു. തോട്ടങ്ങളിലും മുന്തിരിത്തോപ്പുകളിലും ഒരു വിചിത്രദീപ്തി തങ്ങിനില്ക്കുന്നു...പിന്നെ, നീലയും പച്ചയും ധൂസരവുമായ മലകൾ പതിയെപ്പതിയെ നിലാവിന്റെ മായികവർണ്ണങ്ങൾ പകരുന്നു. തെല്ലു വെളിച്ചവും ശേഷിക്കാതാവുമ്പോൾ നഗരം ഒരിരുണ്ട നിഴൽ മാത്രമാകുന്നു, ഒരേയൊരു രൂപരേഖയ്ക്കനുസൃതമായി പണിതെടുത്ത പോലെ. തവളകളവയുടെ വിചിത്രസംഗീതത്തിനു തുടക്കമിടുന്നു, എല്ലാ മരങ്ങളും സൈപ്രസുകൾ പോലാവുന്നു...സർവ്വതിനെയും നിലാവു സ്പർശിച്ചതില്പിന്നെ, മരച്ചില്ലകളുടെ നേർത്ത വലത്തുണിയെ നിലാവു നേർമ്മപ്പെടുത്തിയതില്പിന്നെ, ജലത്തിനു മേൽ വെളിച്ചം പരക്കുന്നു, നിന്ദ്യമായതെല്ലാം മാഞ്ഞുപോകുന്നു, ദൂരങ്ങൾ വളരുന്നു, വേഗയുടെ ആഴങ്ങൾ ഒരു പെരുംകടലായി മാറുന്നു...ഒടുവിലുണ്ടാകുന്നു, അനന്തമായ ആർദ്രതയുമായി ഒരു ദീപ്തതാരം, മരങ്ങളിൽ തെന്നൽ, പുഴകളുടെ നിലയ്ക്കാത്ത നിദ്രാണഗാനവും. നിലാവെളിച്ചത്തിൽ രാത്രിയതിന്റെ ഇന്ദ്രജാലമെല്ലാം വെളിച്ചപ്പെടുത്തുന്നു. വേഗയുടെ നീലിച്ച മഞ്ഞു പടർന്ന തടാകത്തിൽ കളപ്പുരനായ്ക്കൾ കുരയ്ക്കുന്നു...

  (ലോർക്കയ്ക്ക് പത്തൊമ്പതു വയസ്സുള്ളപ്പോൾ പ്രസിദ്ധീകരിച്ച Impresiones y paisages സ്പാനിഷ് കലയേയും ചരിത്രത്തേയും ഭൂപ്രകൃതിയേയും കുറിച്ചുള്ള ഒരു യുവമനസ്സിന്റെ കാല്പനികപ്രതികരണങ്ങളാണ്‌. ) 

 വേഗ - ഗ്രനാഡയിലെ ഈ പ്രവിശ്യയിലാണ്‌ ലോർക്ക ജനിച്ചതും കൗമാരം വരെ വളർന്നതും.

ലോർക്ക- വേനൽപ്രഭാതം

അങ്ങകലെയുള്ള കുന്നുകൾ മിനുസമാർന്ന സർപ്പച്ചുറ്റുകളുമായി കാഴ്ചയിലേക്കു വരുന്നു. അനന്തമാം വിധം സ്ഫടികസമാനമായ സുതാര്യതകൾ മങ്ങിയ പൊലിമയോടെ സ്വയം വെളിപ്പെടുത്തുന്നു. നിഴലുകൾ രാത്രിയെ കുടുക്കുകളിൽ നിന്നിനിയും വിട്ടയച്ചിട്ടില്ല. നഗരമതിന്റെ അലസമുഖപടങ്ങൾ മാറ്റുന്നു, സൗമ്യമായൊരു സുവർണ്ണവെളിച്ചം പ്രകാശമാനമാക്കിയ താഴികക്കുടങ്ങളും പ്രാചീനഗോപുരങ്ങളും കാഴ്ചയിലേക്കു കൊണ്ടുവരുന്നു. തഴച്ച പച്ചപ്പിനിടയിൽ വീടുകൾ ഒഴിഞ്ഞ കണ്ണുകളുമായി മുഖങ്ങൾ പുറത്തു കാണിക്കുന്നു; പുല്ക്കൊടികളും പോപ്പിപ്പൂവുകളും വള്ളികളും തെന്നലിന്റെ താളത്തിൽ രസനീയമായി നൃത്തം വയ്ക്കുന്നു. നിഴലുകൾ സാവകാശം അലിഞ്ഞുപോകുന്നു; വായുവിലാകട്ടെ, കിളികളുടെ ഒക്കാരിനകളും പുല്ലാങ്കുഴലുകളും. അകലെ പോപ്ലാർ തോട്ടങ്ങളിൽ മൂടല്മഞ്ഞും സൂര്യകാന്തികളും കൂടിക്കലരുന്നു; ഇടയ്ക്കിടെ, പുലരിയുടെ പുതുമയിൽ താരസ്വരത്തിൽ ഒരാടിന്റെ കരച്ചിൽ. ദാരോ താഴ്വരയിലൂടെ നാട്ടുമ്പുറത്തു നിന്നുവരുന്ന പ്രാവുകൾ പറന്നുപോകുന്നു, നീലയും കടുംപച്ചയും കൊണ്ടഭിഷിക്തരായി, പോപ്ലാറുകൾക്കു ചുവട്ടിലാണോ കുല കുത്തിയ മഞ്ഞപ്പൂക്കൾക്കടിയിലാണോ ചെന്നിരിക്കാൻ പോകുന്നതെന്നതിനനുസൃതമായി വെളുത്തോ ഇരുണ്ടോ ആയിക്കൊണ്ട്. ഗൗരവപ്രകൃതികളായ മണിമേടകൾ ഇനിയും ഉറക്കം വെടിഞ്ഞിട്ടില്ല, അൽബാസിനിൽ ഒരു സൈപ്രസ് മരത്തിൽ ഇടയ്ക്കിടെ വിറ കൊള്ളുന്ന ഒരു കുഞ്ഞുമണിയല്ലാതെ. ഓടപ്പുല്ലുകളും ഈറലുകളും വാസനിക്കുന്ന പുല്ക്കൊടികളും പുഴയിലേക്കു ചാഞ്ഞുകിടക്കുന്നു, വെയിലതിൽ പ്രതിഫലിക്കുമ്പോഴതിനെ ചുംബിക്കാനെന്നപോലെ... സൂര്യൻ മുഖം കാണിക്കുകയായി, ഒട്ടും പ്രസാദമില്ലാതെ...നിഴലുകൾ നീങ്ങുകയും മായുകയും ചെയ്യുന്ന ആ മുഹൂർത്തത്തിൽ നഗരമെങ്ങും ഒരു നീലലോഹിതവർണ്ണം പുരളുന്നു, മലനിരകൾ കട്ടിപ്പൊന്നാകുന്നു, മരങ്ങൾ ഒരിറ്റാലിയൻ സ്വർഗ്ഗാരോഹണചിത്രത്തിന്റെ ഉജ്ജ്വലത കൈവരിക്കുകയും ചെയ്യുന്നു. സന്ദിഗ്ധമായ നീലിമയുടെ മാർദ്ദവവും വിളർച്ചയുമെല്ലാം ഉജ്ജ്വലദീപ്തിയായി മാറുന്നു; അൽഹംബ്രയിലെ പൗരാണികഗോപുരങ്ങൾ സിന്ദൂരവെളിച്ചത്തിൽ ദീപ്തമാവുന്നു...ആൻഡലൂഷ്യയിലെ സൂര്യൻ തന്റെ അഗ്നിഗാനം പാടാൻ തുടങ്ങുന്നു; സർവ്വവസ്തുക്കളും ഭീതിയോടെ ശ്രവിക്കുന്നതാണത്. വെളിച്ചം അത്രയും അത്ഭുതാവഹവും അതുല്യവുമാവുമ്പോൾ കടന്നുപോകുന്ന പറവകൾ അപൂർവ്വലോഹങ്ങളാവുന്നു, ഉറച്ച മഴവില്ലുകളും ശോണരത്നങ്ങളുമാവുന്നു... നഗരത്തിനു മേൽ നിന്ന് സുഗന്ധധൂമം പോലെ മൂടല്മഞ്ഞു നീങ്ങാൻ തുടങ്ങുന്നു...സൂര്യൻ തിളങ്ങിത്തുടങ്ങുന്നു, നിർമ്മലവും ഉന്മിഷത്തുമായിരുന്ന ആകാശം ഒളി കെട്ട വെണ്മയിലേക്കു മാറുന്നു. വെള്ളം തേവുന്ന ചക്രം ഉറക്കം തൂങ്ങിക്കൊണ്ട് അതിന്റെ പ്രണയഗാനം ആലപിച്ചുതുടങ്ങുന്നു...പ്രഭാതദീപ്തി ഓർമ്മ വന്ന ഒരു കാക്ക കരയുന്നു, വേഗയിലെ ഉന്മാദികളായ ചീവീടുകൾ സംഗീതം കൊണ്ടു സ്വയമുന്മത്തരാകാൻ വേണ്ടി തങ്ങളുടെ വയലിനുകൾ ഈണപ്പെടുത്തുന്നു.