2022, സെപ്റ്റംബർ 29, വ്യാഴാഴ്‌ച
വീസ്വാവ ഷിംബോർസ്ക- സിനിമ കഴിഞ്ഞിറങ്ങുമ്പോൾ
വീസ്വാവ ഷിംബോർസ്ക- സ്വപ്നങ്ങൾക്കു സ്തുതി
എന്റെ സ്വപ്നങ്ങളിൽ
വെർമീർ വാൻ ഡെല്ഫ്റ്റിനെപ്പോലെ ഞാൻ ചിത്രം വരയ്ക്കുന്നു.
ഒഴുക്കോടെ ഞാൻ ഗ്രീക്ക് സംസാരിക്കുന്നു,
അതും ജീവിച്ചിരിക്കുന്നവരോടു മാത്രമല്ല.
ഞാനോടിക്കുന്ന കാർ
എന്നെ പൂർണ്ണമായും അനുസരിക്കുന്നു.
വാസനാസമ്പന്നയായ ഞാൻ
മഹത്തായ ദീർഘേതിഹാസങ്ങൾ രചിക്കുന്നു.
ഏതാരാദ്ധ്യയായ വിശുദ്ധയേയും പോലെ
വചനം എന്നോടു സംസാരിക്കുന്നതു ഞാൻ കേൾക്കുന്നു.
പിയാനോ വായിക്കുന്നതിൽ എന്റെ വൈദഗ്ധ്യം
നിങ്ങളെ അത്ഭുതസ്തബ്ധരാക്കും.
വായുവിലൂടെ ഞാനൊഴുകുന്നു, യഥോചിതം,
എന്നുപറഞ്ഞാൽ, പരാശ്രയമില്ലാതെ.
പുരപ്പുറത്തു നിന്നു വീഴുമ്പോൾ
പച്ചപ്പുല്ലിലേക്കു ഞാനെത്തുന്നത് മൃദുമൃദുവായി.
വെള്ളത്തിനടിയിൽ ശ്വാസമെടുക്കാൻ
എനിക്കൊരു വൈഷമ്യവുമില്ല.
പരാതി പറയാൻ എനിക്കൊരവകാശവുമില്ല:
അറ്റ്ലാന്റിസ് ഞാൻ കണ്ടെത്തിക്കഴിഞ്ഞു.
എത്ര ചാരിതാർത്ഥ്യജനകം,
മരണത്തിനു തൊട്ടുമുമ്പേ എനിക്കുണരാൻ കഴിയുന്നുവെന്നത്.
യുദ്ധം പൊട്ടിപ്പുറപ്പെട്ടാലുടനേ
ഞാൻ തിരിഞ്ഞുകിടന്നുറങ്ങുന്നു.
എന്റെ കാലഘട്ടത്തിന്റെ സന്തതിയാണു ഞാൻ,
എന്നാലതിന്റെ ആവശ്യവുമില്ല.
കുറച്ചു കൊല്ലം മുമ്പ്
രണ്ടു സൂര്യന്മാരെ ഞാൻ കണ്ടു.
മിനിയാന്നു രാത്രിയിൽ ഒരു പെൻഗ്വിനേയും,
പകൽ പോലെ തെളിച്ചത്തിൽ.
2022, സെപ്റ്റംബർ 25, ഞായറാഴ്‌ച
വീസ്വാവ ഷിംബോർസ്ക- ഞായറാഴ്ച എന്റെ ഹൃദയത്തിന്
നിനക്കു നന്ദി, എന്റെ ഹൃദയമേ,
വെറുതേ സമയം കളയാത്തതിന്,
മുഖസ്തുതിയോ പ്രതിഫലമോ വേണമെന്നില്ലാതെ
സഹജമായ ശുഷ്കാന്തി കൊണ്ടു മാത്രം
മുന്നോട്ടു പോകുന്നതിന്.
ഓരോ മിനുട്ടിലും
നിനക്കെഴുപതു ക്രെഡിറ്റുകൾ കിട്ടുന്നു.
നിന്റെ ഓരോ സങ്കോചവും
ലോകമൊന്നു കറങ്ങിവരാൻ
ഒരു കൊതുമ്പുവള്ളത്തെ
പുറംകടലിലേക്കു തള്ളിവിടുന്നപോലെയാണ്.
നിനക്കു നന്ദി, എന്റെ ഹൃദയമേ,
സാകല്യത്തിൽ നിന്നെന്നെ
അടർത്തിമാറ്റുന്നതിന്,
ഉറക്കത്തിൽപോലുമെന്നെ
മാറ്റിനിർത്തുന്നതിന്.
നീ ഉറപ്പു വരുത്തുന്നു,
ഒരു ചിറകിന്റെയും ആവശ്യമില്ലാത്ത
അവസാനത്തെ പറക്കലിലേക്ക്
സ്വപ്നം കണ്ടു ഞാൻ പറന്നുപോകുന്നില്ലെന്ന്.
നിനക്കു നന്ദി, എന്റെ ഹൃദയമേ,
ഇന്നും ഞാൻ ഉണർന്നുവെന്നതിന്;
ഇന്നു ഞായറാഴ്ചയാണെങ്കിലും,
വിശ്രമത്തിന്റെ ദിവസമാണെങ്കിലും,
എന്റെ വാരിയെല്ലുകൾക്കടിയിൽ
ഏതു പ്രവൃത്തിദിവസവും പോലെ
തിരക്കു തുടങ്ങിക്കഴിഞ്ഞു.
2022, സെപ്റ്റംബർ 22, വ്യാഴാഴ്‌ച
ലോര്‍ക്ക - സൂര്യനസ്തമിച്ചു
ലോർക്ക- വെള്ളിപോപ്ലാറുകൾ
വെള്ളിപ്പോപ്ളാറുകൾ.
അറിയേണ്ടതൊക്കെയറിഞ്ഞവ,
എന്നാൽ പുറത്തുപറയുകയുമില്ലവ.
തന്റെ ശോകം വിളിച്ചുകരയില്ല,
ജലധാരയുടെ കൃഷ്ണമണി.
മനുഷ്യരെക്കാളെത്രയഭിജാതർ,
ശേഷിച്ചതൊക്കെയും!
പൂക്കൾക്കും ശലഭങ്ങൾക്കുമേ അറിയൂ,
നക്ഷത്രജാലങ്ങൾ മുന്നിൽ വരുമ്പോൾ
മർമ്മരം വയ്ക്കുന്ന കാടിനും കടൽത്തിരകൾക്കുമറിയാം,
കേവലസംഗീതത്തിന്റെ ജ്ഞാനം.
കാട്ടുപൊന്തയിലനാവൃതമാവുന്ന പനിനീർപ്പൂ
ഭൂമിയിൽ ജീവന്റെ അഗാധമൗനം.
നാമടിയറ വയ്ക്കണം,
ആത്മാവിനുള്ളിൽ നാമൊതുക്കിവച്ച പരിമളം!
ആകെസംഗീതമാവണം നാം,
ആകെവെളിച്ചവും ആകെനന്മയും.
ഇരുണ്ട രാത്രിയിൽ മലർക്കെത്തുറക്കണം നാം,
നമ്മിൽ നിറയട്ടെ ചിരായുസ്സായ ഹിമകണം!
സ്വസ്ഥത കെട്ട ആത്മാവിനുള്ളിൽ
നമ്മുടെയുടലിനെ നാം കിടത്തണം!
അതീതത്തിൽ നിന്നുള്ള വെളിച്ചത്താൽ
നമ്മുടെ കണ്ണുകളെ നാം കെടുത്തണം!
നിഴലടഞ്ഞ സ്വന്തം മാറിടങ്ങളിൽ
നമ്മുടെ മുഖം നാം പുറത്തു കാട്ടണം!
സാത്താൻ നമ്മിൽ വിതച്ചിട്ട നക്ഷത്രങ്ങൾ
നാം കിളച്ചെടുത്തുകളയണം.
മരത്തെപ്പോലെയാവണം നാം,
പ്രാർത്ഥനാനിരതമാവണം;
ഒഴുകുന്ന പുഴ പോലെയാവണം നാം,
നിത്യതയ്ക്കു കാതോർക്കണം.
ശോകത്തിന്റെ നഖരങ്ങൾ കൊണ്ടാ-
അവയിലേക്കു കടക്കട്ടെ,
താരാപഥങ്ങളുടെ ജ്വാലകൾ!
പുഴുക്കുത്തിയ പ്രണയത്തിന്റെ നിഴൽപ്പാടിൽ
ഉദയത്തിന്റെ ഉറവ പൊന്തട്ടെ.
കൊടുങ്കാറ്റിൽ നഗരങ്ങൾ കാണാതെയാവും,
ഒരു മേഘത്തിന്മേൽ സവാരി ചെയ്യുന്നതായി
ദൈവത്തെ നമുക്കു കാണുമാറാകും.
1919 മേയ്
2022, സെപ്റ്റംബർ 21, ബുധനാഴ്‌ച
ലോർക്ക- മഴയത്തൊരു ധ്യാനം
മൂർച്ഛനയുടെ പ്രകമ്പനങ്ങൾ ഇലകളിലവശേഷിക്കുന്നു, .
ഈറൻ മണ്ണിന്റെ പരിമളമുയരുമ്പോൾ
ഒരു വിദൂരശോകം ഹൃദയത്തിൽ നിറയുന്നു.
മൂകചക്രവാളത്തിൽ ധൂസരമേഘങ്ങൾ വിണ്ടുകീറുമ്പോൾ
നിദ്രാണമായ ജലധാരയിൽ മഴത്തുള്ളികളാണ്ടിറങ്ങുന്നു,
നുരയുടെ ദീപ്തമൗക്തികങ്ങളെറ്റിവിടുന്നു.
അലകളുടെ വിറകളിൽ പൊട്ടിച്ചൂട്ടുകളണയുന്നു
സായാഹ്നത്തിന്റെ വിഷാദത്തിലെന്റെ വിഷാദം കുതറുന്നു.
ഈർപ്പത്തിന്റെ തനിയാവർത്തനമുദ്യാനത്തിൽ.
എന്റെ വേദനകളും മായുമോ, ദൈവമേ,
ഇലകളുടെ മൃദുമർമ്മരങ്ങൾ മായുമ്പോലെ?
എന്റെ രൂപത്തോടു ഞാൻ മല്ലുപിടിയ്ക്കുമ്പോളെന്നെത്തുണയ്ക്കുമോ,
ആത്മാവിൽ ഞാൻ കാത്തുവച്ച നക്ഷത്രങ്ങളുടെ പ്രതിധ്വനി?
ആത്മാവുയിർത്തെഴുന്നേല്ക്കുമോ മരണത്തിൽ?
നിഴലുകൾ വിഴുങ്ങുമോ നമ്മുടെ അഭിലാഷങ്ങളെ?
ഹാ, എത്ര പ്രശാന്തം, മഴ പെയ്യുമ്പോളുദ്യാനം!
വേദനിയ്ക്കുന്ന വിനീതചിന്തകളുടെ ശബ്ദമാ-
യെന്റെ ഹൃദയത്തിൽ രൂപം മാറുന്നു ഭൂദൃശ്യം.
നെഞ്ചിൽ മാടപ്രാവുകളുടെ ചിറകടികൾ.
പിന്നെ സൂര്യൻ പുറപ്പെടുന്നു.
ഉദ്യാനം മഞ്ഞിച്ച ചോര വാർക്കുന്നു.
വിങ്ങുന്ന ശോകമെങ്ങും തുടിയ്ക്കുന്നു.
ഒരു നഷ്ടബോധമുള്ളിൽ നിറയുന്നു,
പൊറുതികെട്ട ബാല്യത്തിനായി,
വെട്ടിപ്പിടിച്ച പ്രണയത്തിനായി,
ഉള്ളിൽ നിറയുന്ന ശോകത്തോടെ
മഴയെ ധ്യാനിച്ചിതുമാതിരി കഴിച്ച നാളുകൾക്കായി.
ഒരിക്കലൊരിടത്തൊരു പെൺകുട്ടിയുണ്ടായിരുന്നു...
എന്റെ കഥകളൊക്കെ പൊയ്പ്പോയി;
ഇന്നു ഞാനോർത്തിരിയ്ക്കുന്നതു കലുഷമായ ഹൃദയത്തോടെ,
എന്റെ പ്രണയത്തിൽ നിന്നുറപൊട്ടുന്ന കലക്കവെള്ളത്തിൽ കണ്ണു നട്ടും.
എന്റെ വേദനകളെല്ലാം മായുമോ, ദൈവമേ,
ഇലകളുടെ മൃദുമർമ്മരങ്ങൾ മായുമ്പോലെ?
മഴ വീണ്ടും പെയ്യുന്നു.
കാറ്റിനൊപ്പം വീശിയെത്തുന്നു, ഇരുളിൻ്റെ നിഴലുകൾ.
1919 ജനുവരി 13
2022, സെപ്റ്റംബർ 20, ചൊവ്വാഴ്ച
ലോർക്ക - മഴ
മഴയ്ക്കുണ്ടൊരാർദ്രത,
തെളിഞ്ഞും തെളിയാതെയുമൊരു നിഗൂഢത,
തന്നിൽ താനടങ്ങിയൊരലസത,
ഒരു വിനീതസംഗീതമവൾക്കൊപ്പമുണരുന്നു,
അതു കേൾക്കെ വിറ കൊള്ളുന്നു,
മണ്ണിന്റെ മയങ്ങുന്ന ഹൃദയം.
അത് മണ്ണിന്റെ കവിളിലൊരു നീലിച്ച ചുംബനം,
സഫലമാവാൻ മടങ്ങിയെത്തുന്നൊരു പുരാവൃത്തം.
ഭൂമിക്കു മേൽ പ്രാക്തനാകാശത്തിന്റെ ശീതസ്പർശം,
സന്ധ്യയുടെ നിരന്തരാവർത്തനം പോലെ സൗമ്യം.
കനികൾക്കുദയമത്, പൂക്കൾ നമുക്കെത്തിക്കുന്നതത്,
കടലിന്റെ പരിശുദ്ധാത്മാവിനാൽ
നമ്മെ ജ്ഞാനസ്നാനം ചെയ്യുന്നതുമത്.
വിതകൾക്കു മേലതു ജീവിതം തൂവുന്നു,
അജ്ഞാതത്തെയോർത്തൊരു ഖേദം
ആത്മാവിനു മേലും.
പാഴായ ജീവിതത്തെച്ചൊല്ലി ഭയാനകമായൊരു നഷ്ടബോധം,
താൻ പിറക്കാൻ വൈകിപ്പോയെന്ന മാരകവികാരം,
വരാത്തൊരു നാളെക്കായി ക്ഷമകെട്ടൊരു വ്യാമോഹം,
മാംസത്തിന്റെ നിറത്തോടടുത്തൊരസ്വാസ്ഥ്യം.
അതിന്റെ ധൂസരതാളത്തിൽ പ്രണയമുണരുന്നു,
നമ്മുടെ ഹൃദയാകാശം ചോരയുടെ വിജയം ഘോഷിക്കുന്നു,
ജനാലച്ചില്ലുകളിൽ മരിച്ചുവീഴുന്ന തുള്ളികൾ കണ്ടിരിക്കെപ്പക്ഷേ,
നമ്മുടെ പ്രതീക്ഷകൾ വിഷാദമായി മാറുകയായി.
ആ തുള്ളികളാണനന്തതയുടെ കണ്ണുകൾ,
അവ നോക്കുന്നതു വെളുത്ത അനന്തതയെ,
തങ്ങൾക്കമ്മയായതിനെ.
പുകഞ്ഞ ചില്ലുകളിൽ തുള്ളികൾ വിറകൊള്ളുന്നു,
ദിവ്യമായ വജ്രപ്പോറലുകളവയിലവശേഷിപ്പിക്കുന്നു.
അവർ ജലകവികൾ; അവർ കാണുന്നു, അവർ ധ്യാനിക്കുന്നു,
നിരവധിയായ പുഴകളൊരുനാളും കാണാത്തതും.
കാറ്റുകളില്ലാത്ത, കൊടുങ്കാറ്റുകളില്ലാത്ത നിശബ്ദവർഷമേ!
കുടമണികൾ പോലെ, അരിച്ചിറങ്ങുന്ന വെളിച്ചം പോലെ
ഒതുങ്ങിപ്പെയ്യുന്ന പ്രശാന്തവർഷമേ,
ഓരോ വസ്തുവിലും നീ പതിക്കുന്നു, മമതയോടെ, വിഷാദത്തോടെ!
ഫ്രാൻസിസ്കൻ വർഷമേ, നീ നിന്റെ തുള്ളികളിൽ വഹിക്കുന്നു,
തെളിഞ്ഞ ഉറവകളുടെ, ദീപ്തജലധാരകളുടെ ആത്മാക്കളെ!
പാടങ്ങളിൽ മന്ദമന്ദമിറങ്ങിവരുമ്പോൾ നീ വിടർത്തുന്നു,
നിന്റെ സ്വരം കൊണ്ടെന്റെ നെഞ്ചിലെ പനിനീർപ്പൂക്കളെ!
നിശബ്ദതയ്ക്കു നീ പാടിക്കൊടുക്കുന്ന പ്രാക്തനഗാനം,
ചില്ലകൾക്കു നീ പറഞ്ഞുകൊടുക്കുന്ന മുഖരകഥനം-
അതിനൊരു വ്യാഖ്യാനം ചമയ്ക്കുകയാണെന്റെ വന്ധ്യഹൃദയം,
ആധാരസ്വരമില്ലാത്തൊരു ദാരുണസംഗീതം.
എന്റെ നെഞ്ചിൽ ഒതുങ്ങിപ്പെയ്യുന്ന മഴയുടെ വിഷാദം,
കിട്ടാത്തതൊന്നിന്റെ പേരിൽ കീഴ്വഴങ്ങിയ വിഷാദം;
എന്റെ ചക്രവാളത്തിലെരിയുന്നുണ്ടൊരു ദീപ്തതാരം,
അതിനെ നോക്കരുതെന്നു വിലക്കുകയാണെന്റെ ഹൃദയം.
മരങ്ങൾ സ്നേഹിക്കുന്ന നിശബ്ദവർഷമേ,
പിയാനോക്കട്ടകൾക്കു മേൽ മധുരപ്രഹർഷമേ,
എന്റെയാത്മാവിനു നീ ദാനം ചെയ്യുന്നതേ ധ്വനികളും ധൂമികകളും,
ഭൂദൃശ്യത്തിന്റെ സുപ്താത്മാവിനു നീ പകർന്നുകൊടുത്തവ!
2022, സെപ്റ്റംബർ 19, തിങ്കളാഴ്‌ച
ലോർക്ക- നാട്ടുമ്പുറം
ആകാശം ധൂസരം.
മരങ്ങൾ ധവളം,
തീയിട്ട വൈക്കോൽക്കുറ്റികൾ
കൽക്കരി പോലെ കറുത്തും.
പടിഞ്ഞാറിന്റെ മുറിവിൽ
ചോരയുണങ്ങിപ്പിടിച്ചിരിക്കുന്നു,
മലയുടെ നിറം കെട്ട കടലാസ്സ്
ചുളുങ്ങിക്കൂടിയിരിക്കുന്നു.
പാതയിലെ മണ്ണും പൊടിയും
ചാലുകളിലൊളിയ്ക്കുന്നു.
ജലധാരകളിൽ ചെളിയൊഴുകുന്നു,
തടാകമലയടങ്ങിയതും.
ചെമ്പിച്ച ധൂസരതയിൽ
കുടമണികൾ മുഴങ്ങുന്നു,
ജപമാല തിരിച്ചുതീർക്കുന്നു
അമ്മയെപ്പോലൊരു ജലചക്രം.
ആകാശം ധൂസരം.
മരങ്ങൾ ധവളം.
1920
ലോർക്ക - സമാഹരിക്കാത്ത കവിത
***
ആരാണവിടെ?
ശരല്ക്കാലം തന്നെ.
നിങ്ങൾക്കെന്തു വേണം?
നിങ്ങളുടെ നെറ്റിയിലെ കുളിർമ്മ.
നിങ്ങൾക്കതു കിട്ടില്ല.
ഞാനതെടുക്കും.
ആരാണു മുട്ടുന്നത്?
ആരാണവിടെ?
ശരല്ക്കാലം തന്നെ.
ലോർക്ക- തിരസ്കൃതൻ
എന്റെ ദൈവമേ,
ചോദ്യങ്ങളുടെ വിത്തുകളുമായി ഞാൻ വന്നു.
ഞാനവ നട്ടു, പൂവിട്ടതേയില്ലവ.
(ഒരു ചീവീടു പാടുന്നു,
നിലാവത്ത്.)
എന്റെ ദൈവമേ,
ഉത്തരങ്ങളുടെ ദളപുടങ്ങളുമായി ഞാൻ വന്നു,
കാറ്റവ കൊഴിച്ചതേയില്ല!
(ഭൂമി തിരിയുന്നു:
മഴവിൽനിറത്തിൽ ഒരോറഞ്ച്)
എന്റെ ദൈവമേ,
ഞാൻ ലാസറസ്!
എന്റെ കുഴിമാടത്തെ പുലരി കൊണ്ടു നിറയ്ക്കൂ,
എന്റെ വണ്ടിയ്ക്കു കരിങ്കുതിരകളെത്തരൂ!
(ചന്ദ്രനസ്തമിക്കുന്നു,
കാവ്യാത്മകമായൊരു മലയുടെ പിന്നിൽ.)
എന്റെ ദൈവമേ,
ഒരു ചോദ്യവും കിട്ടാത്ത ഉത്തരവുമായി,
ചില്ലകളിളകുന്നതും നോക്കി ഞാനിരിക്കാം.
(ഭൂമി തിരിയുന്നു:
മഴവിൽനിറത്തിൽ ഒരോറഞ്ച്.)
ലോർക്ക- പട്ടുപോലൊരു ഹൃദയം
ലോർക്ക- ശബ്ദങ്ങൾ
ആശയങ്ങളുടെ തലപ്പൂവു വച്ച
കടലാസ്സുപാമ്പുകളുടെ കാടാണ്
നമ്മുടെ ശബ്ദങ്ങൾ.
നോട്ടങ്ങളുടെ വൈറസുകൾ
ഉള്ളിൽ പേറുന്ന
നാടവിരകളായ വാക്കുകൾ.
തത്വശാസ്ത്രത്തിന്റെ സിമന്റിൽ വാർത്ത
സ്തംഭങ്ങൾ.
ഹാ, ചിഹ്നനത്തിന്റെ മേഘങ്ങൾക്കിടയിലൂടെ
പ്രൊഫസറുടെ ശബ്ദം!
ചില ശബ്ദങ്ങൾ
ചാരനിറത്തിൽ
ഉദ്ധൃതലിംഗങ്ങൾ പോലെയാണ്,
ആകെയഴുക്കായി മറ്റുള്ളവ,
അവയിൽ ചിലതാവട്ടെ,
നായ്ക്കളുടെ നാക്കുകൾ പോലെ
തുപ്പലൊലൊപ്പിക്കുന്നവയും.
മൂകതയിൽ പിന്നലഴിയുന്ന ശബ്ദങ്ങൾ.
ഈച്ചകളുടെ ചിറകുകൾ പോലെ
പ്രായമായവരുടെ ശബ്ദങ്ങൾ.
വേശ്യകളുടെ ശബ്ദങ്ങൾ
തുളകൾ വീണരിപ്പക്കണ്ണികളായവ,
പുരോഹിതന്മാരുടെ വാസനിക്കുന്ന ശബ്ദങ്ങളാണ്
കൂമനു ചിത്രത്തുന്നലിനു വേണ്ട
ഇഴയിടുന്ന ശബ്ദങ്ങൾ.
വാക്കുകളുടെ നീലറോസ്:
പെൺകിടാവിന്റെ ശബ്ദം!
മുത്തശ്ശിയുടെ ശബ്ദം:
ചുരുളുചുരുളായ പട്ടുതുണി.
കിനാവള്ളിശബ്ദങ്ങളുണ്ട്,
പെരുച്ചാഴിശബ്ദങ്ങളുണ്ട്,
പ്രാവുകളുടെ കഴുത്തുകൾ പോലെ
മിനുങ്ങുന്ന വാക്കുകൾ വേറെയുമുണ്ട്.
പിന്നെ, പൊതുജനശബ്ദം,
ഇരുണ്ടതും കാറിയതും
സ്ത്രീകളുടെ പല്ലുകൾ നിറഞ്ഞതും.
പ്രവൃത്തികളാവട്ടെ,
മാന്യരേ,
ശബ്ദങ്ങളുടെ
ലേലംവിളിയിൽ
നിങ്ങൾക്കവ
വളരെക്കുറഞ്ഞ തുകയ്ക്കു കിട്ടും.
2022, സെപ്റ്റംബർ 16, വെള്ളിയാഴ്‌ച
ലോർക്ക- പൗരസ്ത്യഗാനം
വാസനിക്കുന്ന മാതളപ്പഴം
പരൽരൂപമായൊരാകാശം.
(ഓരോ കുരുവും ഒരു നക്ഷത്രം,
ഓരോ തൊലിയും ഒരസ്തമയം.)
കാലത്തിന്റെ നഖപ്പിടുത്തത്തിൽ
ഉണങ്ങിച്ചുങ്ങിയൊരാകാശം.
പ്രായം ചെന്ന, ശുഷ്കിച്ച മുല പോലെ
മാതളം,
അതിന്റെ മുലക്കണ്ണൊരു നക്ഷത്രം,
പാടങ്ങൾക്കു വെളിച്ചമേകാൻ.
അതൊരു കുഞ്ഞുതേൻകൂട്,
അതിന്റെ തേനറകൾക്കു ചോരച്ചുവപ്പ്,
സ്ത്രീകളുടെ ചുണ്ടുകൾ കൊണ്ടാണ്
തേനീച്ചകളതു രൂപപ്പെടുത്തിയതെന്നതിനാൽ.
അതുകൊണ്ടല്ലേ, പൊട്ടിത്തുറക്കുമ്പോൾ
ആയിരം ചുണ്ടുള്ള ചുവപ്പുകളായതു പൊട്ടിച്ചിരിക്കുന്നതും.
പാടങ്ങൾക്കു മേൽ തുടിക്കുന്ന ഹൃദയം,
മാതളം,
കിളികൾ കൊത്താൻ മടിക്കുന്ന ഗർവ്വിഷ്ഠഹൃദയം,
പുറമേ മനുഷ്യന്റേതുപോലെ കടുത്ത ഹൃദയം,
എന്നാലതിനെ തുളച്ചുകേറുന്നവനതു നല്കുന്നു,
മേയ്മാസത്തിന്റെ ചോരയും പരിമളവും.
മേച്ചില്പുറങ്ങളിലെ കിഴവൻ ഭൂതം
കാത്തുവയ്ക്കുന്ന നിധിയാണ് മാതളം,
ഏകാന്തകാനനത്തിൽ
റോസപ്പെണ്ണിനോടു സംസാരിച്ച ഭൂതം,
വെള്ളത്താടിയും ചുവന്ന അങ്കിയുമുള്ള ഭൂതം.
മങ്ങിയ പൊൻനിറമാർന്നൊരുദരത്തിൽ
അനർഘരത്നങ്ങളുടെ പെട്ടകം.
ഗോതമ്പുകതിർ അപ്പമാണ്.
ജീവിതവും മരണവും കൊണ്ട്
തൊട്ടറിയാവുന്നവനായ ക്രിസ്തു.
ഒലീവുമരം ഉറപ്പാണ്,
ബലത്തിന്റെയും പ്രയത്നത്തിന്റെയും.
ആപ്പിൾ മാംസളമായ കാമം,
പാപത്തിന്റെ സ്ഫിങ്ക്സ് ഫലം,
സാത്താന്റെ സ്പർശമിനിയും മാറാത്ത
യുഗങ്ങൾ പഴകിയൊരു തുള്ളി.
ഓറഞ്ച് അതിന്റെ മലിനപ്പെട്ട പൂവിന്റെ വിഷാദം,
ഒരിക്കൽ ശുദ്ധതയും വെണ്മയുമായതൊന്ന്
പിന്നെ സുവർണ്ണവും ആഗ്നേയവുമാവുകയല്ലേ.
വേനലിൽ സാന്ദ്രമാകുന്ന തൃഷ്ണ,
മുന്തിരിപ്പഴങ്ങൾ;
അവയെ ആശീർവദിച്ചിട്ടല്ലോ,
തിരുസഭ അതിൽ നിന്നും
ഒരു വിശുദ്ധപാനീയം വാറ്റിയെടുക്കുന്നതും.
ചെസ്റ്റ്നട്ടുകൾ കുടുംബസമാധാനം.
പുതുമ പോയ വസ്തുക്കൾ.
വിറകിന്റെ വെടിക്കലും കത്തലും,
വഴി തുലഞ്ഞ തീർത്ഥാടകർ.
ഓക്കിൻകായ പഴമയുടെ സൗമ്യകാവ്യം,
നേർത്ത പൊൻനിറമാർന്ന ക്വിൻസ്
ആരോഗ്യത്തിന്റെ തെളിമ.
മാതളം പക്ഷേ, ചോരയാണ്,
ആകാശത്തിന്റെ പവിത്രരക്തം,
നീർച്ചാലിന്റെ സൂചി തറച്ചുകയറിയ
മണ്ണിന്റെ ചോര.
പരുക്കൻമലകൾ വീശിവരുന്ന
കാറ്റിന്റെ ചോര.
അലയടങ്ങിയ കടലിന്റെ ചോര,
മയങ്ങുന്ന തടാകത്തിന്റെ ചോര.
നമ്മുടെ സിരകളിലൊഴുകുന്ന ചോരയുടെ
പ്രാഗ്ചരിത്രമത്,
ചോരയുടെ പ്ലേറ്റോണിക് ആദിരൂപം,
ഹൃദയം പോലെ, കപാലം പോലെ തോന്നുന്ന,
കയ്ക്കുന്ന കട്ടിഗോളത്തിനുള്ളിൽ അതു നിറയുന്നു.
പിളർന്ന മാതളമേ!
മരത്തിലൊരു തീനാളം നീ,
വീനസിനു നേർപെങ്ങൾ,
കാറ്റു വീശുന്ന തോപ്പിന്റെ ചിരി.
പൂമ്പാറ്റകൾ നിന്നെ വലം വയ്ക്കുന്നു,
ഭ്രമണം നിലച്ച സൂര്യനാണു നീയെന്നവർ കരുതുന്നു.
എരിഞ്ഞുപോകുമെന്ന ഭീതിയിൽ
പുഴുക്കൾ നിന്നെവിട്ടു പായുന്നു.
ജീവന്റെ വെളിച്ചമാണു നീ,
കനികളിൽ പെൺജാതി.
തോപ്പിനു മേൽ ദീപ്തമായ സാന്ധ്യതാരം.
ഞാനും നിന്നെപ്പോലായിരുന്നെങ്കിൽ, കനിയേ,
നാട്ടുപാടം നിറയ്ക്കുന്നൊരുത്കടവികാരം!
(1920)
2022, സെപ്റ്റംബർ 15, വ്യാഴാഴ്‌ച
ലോർക്ക- വിഷാദഗാനം
രാപ്പാടിയുടെ ചിറകുകളിൽ
മഞ്ഞുതുള്ളികൾ,
അതിപ്രതീക്ഷകളിൽ നിന്നൂറിയിറങ്ങിയ
തെളിനിലാവിന്റെ മുത്തുകൾ.
വെണ്ണക്കൽജലധാരയിൽ
ജലത്തിന്റെ ചുംബനം,
വിനീതനക്ഷത്രങ്ങളുടെ സ്വപ്നം.
ഉദ്യാനത്തിലൂടെ ഞാൻ കടന്നുപോകെ
എല്ലാ പെൺകുട്ടികളുമെനിക്കു വിട ചൊല്ലുന്നു.
പള്ളിമണികളുമെനിക്കു വിട ചൊല്ലുന്നു.
സന്ധ്യയുടെ പാതിയിരുട്ടിൽ
മരങ്ങളന്യോന്യം ചുംബിക്കുന്നു.
തേങ്ങിക്കരഞ്ഞും കൊണ്ടു
തെരുവിലൂടെ ഞാൻ കടന്നുപോയി,
വിലക്ഷണനായി, അനിശ്ചിതമനസ്സായി,
സിറാനോയെപ്പോലെ, ക്വിഹോത്തെയെപ്പോലെ
വിഷാദിയായി.
ഘടികാരത്തിന്റെ സ്പന്ദനതാളത്തിൽ
അനന്തമായ അസാദ്ധ്യതകളെ വീണ്ടെടുത്തും.
ചോരച്ച വെളിച്ചം
കറ പറ്റിച്ചതാണെന്റെ ശബ്ദം;
അതു തൊടുമ്പോൾ
ഐറിസ് പൂക്കൾ വാടുന്നതു ഞാൻ കണ്ടു;
എന്റെ ഭാവഗീതത്തിലെനിക്കു വേഷം
മുഖത്തു ചായം തേച്ചൊരു കോമാളിയുടെ.
പ്രണയം, ചാരുവായ പ്രണയം,
ഒരെട്ടുകാലിക്കടിയിൽ മറഞ്ഞിരിക്കുന്നു.
സൂര്യൻ, മറ്റൊരെട്ടുകാലി,
തന്റെ പൊൻകാലുകൾക്കടിയിലെന്നെ മറയ്ക്കുന്നു.
എന്റെ ഭാഗ്യമെനിക്കു കിട്ടില്ല,
പ്രണയത്തിന്റെ ദേവനെപ്പോലെയാണു ഞാനെന്നതിനാൽ-
അവന്റെ അമ്പുകൾ കണ്ണീർത്തുള്ളികൾ,
ഹൃദയം ആവനാഴിയും.
ഒക്കെയും ഞാനന്യർക്കു നല്കും,
വിലപിച്ചും കൊണ്ടു ഞാനലയും,
പാതി മറന്നൊരു നാടോടിക്കഥയിൽ
കൈവിട്ടുപോയൊരു ബാലനെപ്പോലെ.
(1918 ഡിസംബർ)
2022, സെപ്റ്റംബർ 12, തിങ്കളാഴ്‌ച
ഹാവിയെർ മരിയാസിന്റെ ഇഷ്ടങ്ങൾ
*ഞാൻ ഇപ്പോൾ വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകം
Per Olev Enquistന്റെ The Chamber Doctor's Visit (ഇംഗ്ലീഷിൽ അതിന്റെ പേരെന്താണെന്ന് എനിക്കറിയില്ല; സ്പാനിഷിൽ അതിന്റെ അർഥം അങ്ങനെയാണ്). പതിനെട്ടാം നൂറ്റാണ്ടിലെ ഡെന്മാർക്കാണ് നോവലിന്റെ പശ്ചാത്തലം. എനിക്കങ്ങോട്ടു യാത്ര ഉള്ളതുകൊണ്ട് ഉചിതമായ വായനയായിരിക്കും അതെന്നു ഞാൻ കരുതി. അതുപോലെ, ആ സ്വീഡിഷ് എഴുത്തുകാരനെ പരിചയപ്പെടാൻ ഒരു വഴിയും.
*എന്റെ ജീവിതത്തെ മാറ്റിമറിച്ച പുസ്തകം
ഇരുപത്തഞ്ചാം വയസ്സിൽ സ്പാനിഷിലേക്കു വിവർത്തനം ചെയ്യുന്ന കാലത്ത് Laurence Sterneന്റെ The Life and Opinions of Tristram Shandy, Gentleman. അതിനു ഞാൻ രണ്ടുകൊല്ലമെടുത്തു.
* ഞാനെഴുതിയിരുന്നെങ്കിൽ എന്നു ഞാനാഗ്രഹിക്കുന്ന പുസ്തകം
കുറേയുണ്ട്: ജോസഫ് കോൺറാഡ്, മാർസൽ പ്രൂസ്റ്റ്, ജോർജ്ജ് എലിയട്ട്. ഒരുപക്ഷേ ഇതിനേക്കാളൊക്കെയേറെ Giuseppe Tomasi di Lampedusaയുടെ “പുള്ളിപ്പുലി.” അദ്ദേഹം ആകെ എഴുതിയ നോവലാണത്; അതിനാലത് “പ്രായോഗികം” ആയും തോന്നുന്നു.
* എന്റെ എഴുത്തിനെ സ്വാധീനിച്ച പുസ്തകം
അതും, Tristram Shandy. നോവലെഴുത്തിനെക്കുറിച്ചറിയേണ്ടതെല്ലാം എന്നുതന്നെ പറയാം, അതിൽ നിന്നു ഞാൻ പഠിച്ചു. നോവലിൽ എന്തും കൊള്ളിക്കാമെന്നും അപ്പോഴും അത് നോവൽ തന്നെയായിരിക്കുമെന്നും.
*ഏറ്റവും overrated/underrated ആയ പുസ്തകം
ജയിംസ് ജോയ്സിന്റെ യുളീസസ് overrated ആണ്. കാരണം, അതത്ര പുതിയ കാര്യമല്ല, പഴയ സമ്പ്രദായത്തിലുള്ള റിയലിസത്തിന്റെ ഉച്ചാവസ്ഥയാണെന്നേയുള്ളു. റിച്ചാർഡ് ഹ്യൂഗ്സിന്റെ A High Wind in Jamaica underrated ആണ്. എവിടെയും ഒന്നാന്തരം മാസ്റ്റർപീസ് ആയായി ഗണിക്കപ്പെടാൻ യോഗ്യമാണത്.
*എന്റെ മനസ്സ് മാറ്റിയ പുസ്തകം
പ്രൂസ്റ്റ് എപ്പോഴും നിങ്ങളുടെ മനസ്സിനെ മാറ്റിത്തീർക്കും. വ്ലാദിമിർ നബക്കോഫും അതുപോലെ.
*എന്നെ കരയിച്ച അവസാനത്തെ പുസ്തകം
വായിക്കുമ്പോൾ അപൂർവ്വമായേ ഞാൻ കരയാറുള്ളു. ഒരുപക്ഷേ, കുറേക്കാലം മുമ്പ് റയ്നർ മരിയ റില്ക്കേയുടെ ഡ്യൂണോ വിലാപങ്ങൾ; അന്നു ഞാൻ ചെറുപ്പമായിരുന്നു, സംവേദനക്ഷമതയും കൂടുതലായിരുന്നു.
*എന്നെ ചിരിപ്പിച്ച അവസാനത്തെ പുസ്തകം
തോമസ് ബേൺഹാർഡിന്റെ ചില നോവലുകൾ. മ്ളാനതയുടെ എഴുത്തുകാരനായിട്ടാണ് പലരും അദ്ദേഹത്തെ കാണുന്നതെങ്കിലും എനിക്കദ്ദേഹം അങ്ങേയറ്റം രസകരമായിട്ടാണ് തോന്നിയിട്ടുള്ളത്, അതും മനഃപൂർവ്വമായി.
*വായിച്ചുതീർക്കാൻ പറ്റാതെപോയ പുസ്തകം
അധികമില്ല, ഞാൻ ചിട്ടയോടെ വായിക്കുന്നയാളാണ്. എന്നാൽ അടുത്തകാലത്ത് Karl Ove Knausgaardനെ ആദ്യത്തെ 300 പേജു കഴിഞ്ഞപ്പോൾ ഞാൻ ഉപേക്ഷിച്ചു.
*വായിക്കാത്തതിൽ നാണക്കേടു തോന്നുന്ന പുസ്തകം
ടൈറ്റസ് ലിവിയുടെ റോമിന്റെ ചരിത്രം, എഡ്വേഡ് ഗിബ്ബണിന്റെ റോമൻ സാമ്രാജത്തിന്റെ പതനം. എന്നാൽ എനിക്കവ വായിക്കാൻ പ്ലാനുണ്ട്, എന്നെങ്കിലും.
*വായനയെക്കുറിച്ചുള്ള ആദ്യത്തെ ഓർമ്മ
റിച്ച്മൽ ക്രോംപ്റ്റണിന്റെ Just Williams പുസ്തകങ്ങൾ. സ്പെയിനിൽ അവ നല്ല വിജയമായിരുന്നു. എനിക്കവ വലിയ ഇഷ്ടമായിരുന്നു.
*കുറ്റബോധത്തോടെയുള്ള ആനന്ദം
PG Wodehouse. ഇടയ്ക്കൊക്കെ കുറേയധികം സമയം ഞാൻ അദ്ദേഹത്തെ വായിക്കാറുണ്ട്. അതുപോലെ ഇയാൻ ഫ്ലെമിങ്ങും.
*സമ്മാനമായി ഞാൻ കൊടുക്കുന്ന പുസ്തകം
ജോസഫ് കോൺറാഡിന്റെ The Mirror of the Sea. സ്പാനിഷിലുള്ളത് (ഞാനത് വിവർത്തനം ചെയ്തിട്ടുള്ളതിനാലും; വലിയ ഒരുദ്യമമായിരുന്നു അത്.) വിസ്മയാവഹമായ പുസ്തകം, ഇംഗ്ലീഷിൽ അത്ര അറിയപ്പെടുന്നില്ല.
*ഞാൻ ഓർമ്മിക്കപ്പെടാൻ ആഗ്രഹിക്കുന്ന പുസ്തകം
വരുംതലമുറ ഭൂതകാലത്തിന്റേതായ ഒന്നായി മാറിക്കഴിഞ്ഞു, അത് ഭാവിയുടേതല്ല.
(സെപ്തംബർ 11ന് എഴുപതാം വയസ്സിൽ അന്തരിച്ച സ്പാനിഷ് നോവലിസ്റ്റും വിവർത്തകനുമായ ഹാവിയെർ മരിയാസ് (Javier Marias) ഗാർഡിയൻ പത്രത്തിൽ)
2022, സെപ്റ്റംബർ 10, ശനിയാഴ്‌ച
പാബ്ലോ നെരൂദ - ഫെദറിക്കോ ഗാർസിയ ലോർക്കയ്ക്ക് ഒരു വാഴ്ത്ത്
ആളൊഴിഞ്ഞ വീട്ടിലൊറ്റയ്ക്കാവുമ്പോൾ
പേടി കൊണ്ടു കരയാനെനിക്കായെങ്കിൽ,
സ്വന്തം കണ്ണുകൾ ചൂഴ്ന്നെടുത്തു തിന്നാനെനിക്കായെങ്കിൽ,
ഞാനതു ചെയ്യുമായിരുന്നു,
വിലാപവേഷമണിഞ്ഞ നിന്റെ നാരകമരശബ്ദത്തിനായി,
ഒച്ചയിട്ടും കൊണ്ടു ലോകത്തേക്കെത്തുന്ന നിന്റെ കവിതയ്ക്കായി.
ആശുപത്രികൾക്കു നീലച്ചായമടിക്കുന്നതു നിനക്കായി,
പള്ളിക്കൂടങ്ങളും കടലോരച്ചേരികളും വളരുന്നതു നിനക്കായി,
മുറിവേറ്റ മാലാഖമാരെ തൂവൽ കൊണ്ടു പൊതിയുന്നതും
പരിണയിക്കുന്ന മത്സ്യങ്ങളെ ചെതുമ്പൽ മൂടുന്നതും
കടൽച്ചൊറികളാകാശത്തേക്കു പറക്കുന്നതും നിനക്കായി:
തൊലി കറുത്ത തുന്നൽക്കടകൾ
ചോരയും കരണ്ടികളും കൊണ്ടു നിറയുന്നതും
ചുവന്ന നാടകൾ വിഴുങ്ങുന്നതും
അന്യോന്യം ചുംബിച്ചു മരിക്കുന്നതും
വെൺനിറവേഷമണിയുന്നതും നിനക്കായി.
ഒരു പീച്ചുമരത്തിന്റെ വേഷത്തിൽ നീ പറന്നുപോകുമ്പോൾ,
കാറ്റടിച്ചുപാറ്റുന്ന അരിമണികൾ പോലെ നീ ചിരിക്കുമ്പോൾ,
പല്ലുകളും സിരകളും തൊണ്ടയും വിരലുകളും വിറപ്പിച്ചു
നീ പാടുമ്പോൾ,
ആ ഓമനത്തത്തിനായി ഞാൻ മരിക്കുമായിരുന്നു,
കാലൊടിഞ്ഞ പടക്കുതിരയും ചോരയിൽ കുളിച്ച ദൈവവുമായി
ശരല്ക്കാലത്തിന്റെ പാരമ്യത്തിൽ നീ പാർക്കുന്ന
ചുവന്ന തടാകങ്ങൾക്കായി ഞാൻ മരിക്കുമായിരുന്നു;
രാത്രിയിൽ, ഒച്ചയമർന്ന മണികൾക്കിടയിൽ,
ജലവും ശവമാടങ്ങളുമൊഴുകുന്ന ചാമ്പൽപ്പുഴകൾ പോലെ
സിമിത്തേരികൾ കടന്നുപോകുമ്പോൾ
അവയ്ക്കായി ഞാൻ മരിക്കുമായിരുന്നു;
മുറിപ്പെട്ട പട്ടാളക്കാർ കിടക്കുന്ന വാർഡുകൾ പോലെ തിങ്ങിയ പുഴകൾ,
വെണ്ണക്കല്ലക്കങ്ങളും ചീയുന്ന കിരീടങ്ങളും
തൈലലേപനങ്ങളുമൊഴുകുന്ന പുഴയിൽ
പൊടുന്നനേ മരണത്തിലേക്കു വീർക്കുന്ന പട്ടാളക്കാർ:
രാത്രിയിൽ, പുഴയിലെ പെരുവെള്ളത്തിൽ
കുരിശുകളൊലിച്ചുപോകുന്നതു കണ്ടു നീ നില്ക്കുമ്പോൾ,
മരണപ്പുഴയുടെ മുന്നിൽ ആശയറ്റവനായി, മുറിപ്പെട്ടവനായി
നീ നിന്നു കരയുമ്പോൾ,
കണ്ണീരണിഞ്ഞും തേങ്ങിയും
കണ്ണീർ, കണ്ണീർ, കണ്ണീർ നിറഞ്ഞ കണ്ണുകളുമായി നീ നില്ക്കുമ്പോൾ,
നിനക്കായി ഞാൻ മരിക്കുമായിരുന്നു.
രാത്രിയിൽ, പരിത്യക്തനും ഏകാകിയുമായി,
പല്ലുകളിൽ ചാമ്പലുമായി,
തീവണ്ടികളിലും കപ്പലുകളിലും നിന്നൊരു ഫണലുമായി
വിസ്മൃതിയും നിഴലുകളും പുകയും ശേഖരിക്കാനെനിക്കായെങ്കിൽ,
ഞാനതു ചെയ്യുമായിരുന്നു,
നീ വളരുന്ന ആ മരത്തിനായി,
നീ കോരിയെടുത്ത സുവർണ്ണജലത്തിന്റെ കിളിക്കൂടുകൾക്കായി,
നിന്റെ എല്ലുകളിൽ പടർന്നുകയറി
രാത്രിയുടെ രഹസ്യം നിനക്കു പകർന്നുതരുന്ന വല്ലികൾക്കായി.
നനഞ്ഞ ഉള്ളികൾ മണക്കുന്ന നഗരങ്ങൾ
തൊണ്ടകാറിപ്പാടിക്കൊണ്ടു നീ കടന്നുപോകുന്നതും കാത്തു നില്ക്കുന്നു,
ശുക്ലത്തിന്റെ നിശബ്ദനൗകകൾ നിന്റെ പിന്നാലെ വരുന്നു,
പച്ചനിറത്തിൽ മീവല്പക്ഷികൾ നിന്റെ മുടിയിൽ കൂടുകൂട്ടുന്നു,
ഒച്ചുകളും ആഴ്ചകളുമതുപോലെ;
പതിനഞ്ചു കണ്ണുകളുള്ള നിന്റെ വിളറിയ മുഖവും
ചോര മുങ്ങിത്താണ നിന്റെ വായും കാഴ്ചയിൽ വരുമ്പോൾ
ചുരുട്ടിക്കെട്ടിയ കപ്പല്പായകളും ചെറിമരങ്ങളും വിറകൊണ്ടുപോകുന്നു.
ടൗൺ ഹാളുകൾ കരി കൊണ്ടു നിറയ്ക്കാനെനിക്കായെങ്കിൽ,
തേങ്ങിക്കൊണ്ടു ക്ലോക്കുകൾ താഴെ വലിച്ചിടാനെനിക്കായെങ്കിൽ,
ഞാനതു ചെയ്യുമായിരുന്നു:
ചതഞ്ഞ ചുണ്ടുകളുമായി വേനലെത്തുന്ന നിന്റെ വീടു കാണാൻ,
മരണവേഷമണിഞ്ഞ ഒരുപറ്റമാൾക്കാരെ,
ഉജ്ജ്വലശോകം നിറഞ്ഞ ദേശങ്ങളെ,
മരിച്ച കലപ്പകളേയും പോപ്പിപ്പൂവുകളേയും,
കുഴിവെട്ടുകാരെയും കുതിരസവാരിക്കാരെയും,
ഗ്രഹങ്ങളെയും ചോര പറ്റിയ ഭൂപടങ്ങളേയും,
ചാരം പൊതിഞ്ഞ മുങ്ങല്ക്കാരെ,
കത്തികൾ തറഞ്ഞുകേറിയ പെൺകുട്ടികളേയും വലിച്ചിഴച്ചു വരുന്ന മുഖംമൂടിക്കാരെ,
പിന്നെ, വേരുകളെ, സിരകളെ, ആശുപത്രികളെ,
ഉറവകളെ, ഉറുമ്പുകളെ,
എട്ടുകാലികൾക്കിടയിൽ ഒറ്റയ്ക്കു കിടന്നു മരിക്കുന്ന ഒരു ഹുസ്സാറിനെ
കിടക്കയിൽ കിടത്തിയെത്തുന്ന രാത്രിയെ,
വെറുപ്പിന്റെ പനിനീർപ്പൂവിനെ, പിന്നുകളെ,
നിറം വിളറിയൊരു നൗകയെ,
കാറ്റൂതുന്നൊരു നാളിലൊരു കുട്ടിയെ കാണാൻ;
പിന്നെ എന്നെ,
ഒളിവേറിയോ, നോറ,
വിസേന്തെ അലെക്സാൻഡ്രെ, ഡേലിയ,
മരൂക്ക, മാൾവ, മരിയ ലൂയിസ, ലാർക്കോ,
ലാ റൂബിയ, റഫായെൽ ഉഗാർത്തെ,
കോറ്റപ്പോസ്, റഫായെൽ ആല്ബെർത്തി,
കാർലോസ്, ബെബെ, മനോല അൾട്ടോലഗ്യൂറെ,
മൊളിനാരി,
റൊസാലെസ്, കൊഞ്ച മെൻഡെസ്,
പിന്നെ ഞാനറിയാത്ത പലരുമായെത്തുന്ന
എന്നെക്കാണാൻ.
2022, സെപ്റ്റംബർ 9, വെള്ളിയാഴ്‌ച
റില്ക്കെ- ഒരു യുവകവിക്കയച്ച കത്തുകൾ
1912 റിൽക്കെയ്ക്ക് ആന്തരികപ്രതിസന്ധിയുടെ കാലമായിരുന്നു; ഒരു വരി കവിത പോലും എഴുതാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല; സൈക്കോ-അനാലിസിസിനു വിധേയനായാലോ എന്ന ആലോചനയിലുമായിരുന്നു അദ്ദേഹം. അപ്പോഴാണ് ഏഡ്രിയാറ്റിക്ക് കടലിനഭിമുഖമായിട്ടുള്ള തന്റെ ഡ്യൂണോ കാസിലിൽ വന്നു താമസിക്കാൻ പ്രിൻസസ് മാരീ വോൺ തേൺ ഉൺഡ് ടാക്സിസ് അദ്ദേഹത്തെ ക്ഷണിക്കുന്നത്. പ്രിൻസസിന്റെ സ്മരണകൾ പ്രകാരം, പ്രചണ്ഡമായ കൊടുങ്കാറ്റു വീശുന്ന ഒരു ദിവസം റിൽക്കെ വീടിന്റെ മുൻവശത്ത് ആലോചനയിൽ മുഴുകി ഉലാത്തുകയായിരുന്നു. കൊടുങ്കാറ്റിനുള്ളിൽ നിന്നെന്നപോലെ ഒരു വരി അദ്ദേഹം കേട്ടു: “മാലാഖമാരുടെ ഗണത്തിൽ നിന്നാരുണ്ടാവും, ഞാൻ കരഞ്ഞുവിളിച്ചാലതിനു കാതു കൊടുക്കാൻ?” ആ വരി തുടക്കമായിട്ടെടുത്തുകൊണ്ടാണ് റിൽക്കെ തന്റെ “ഒന്നാം ഡ്യൂണോ വിലാപഗീതം” എഴുതുന്നത്. കാവ്യോത്പത്തികളെക്കുറിച്ചുള്ള മിത്തുകൾ വച്ചുപോലും വിചിത്രമായ ഒരു കഥ. കാറ്റ് റിൽക്കേയോടു സംസാരിക്കുകയായിരുന്നു; എന്നാലത് റിൽക്കേയ്ക്കു വേണ്ടിക്കൂടിയും സംസാരിക്കുകയായിരുന്നു; അത് റിൽക്കേയുടെ ഉടലിലേക്ക് തന്റെ ശബ്ദം പകരുകയായിരുന്നു.
2022, സെപ്റ്റംബർ 6, ചൊവ്വാഴ്ച
ലോർക്ക - ന്യൂയോർക്കിൽ ഒരു കവി
ഈ മഹാനഗരത്തിലെത്തുന്ന സഞ്ചാരി ആദ്യം തന്നെ പിടിച്ചെടുക്കുന്ന രണ്ടു കാര്യങ്ങൾ മനുഷ്യാതീതമായ വാസ്തുവിദ്യയും രുഷ്ടമായ താളവുമാണ്. ജ്യാമിതിയും വേദനയും. ഒറ്റനോട്ടത്തിൽ ആ താളം ഉല്ലാസത്തിന്റേതാണെന്നു തോന്നാം; എന്നാൽ സമൂഹജീവിതത്തിന്റെ ഘടനയേയും മനുഷ്യരുടേയും യന്ത്രങ്ങളുടേയും വേദനാപൂർണ്ണമായ അടിമത്തത്തേയും അടുത്തുനിന്നു നോക്കുമ്പോൾ ആ നഗരത്തിനു സവിശേഷമായ, പൊള്ളയായ വേദനയാണതെന്നു നിങ്ങൾക്കു മനസ്സിലാകുന്നു, കവർച്ചയും കുറ്റകൃത്യങ്ങളും പോലും ആ വേദനയിൽ നിന്നൊഴിഞ്ഞുമാറാനുള്ള, മാപ്പു കൊടുക്കാവുന്ന മാർഗ്ഗങ്ങളാണെന്നും.
കെട്ടിടങ്ങളുടെ മുനകൾ മേഘങ്ങളോ കീർത്തിയോ ആഗ്രഹിക്കാതെ ആകാശത്തേക്കുയർന്നു നില്ക്കുന്നു. മരിച്ചവരുടേയും കുഴിച്ചിട്ടവരുടേയും ഹൃദയങ്ങളിൽ നിന്നാണ് ഗോത്തിക് മുനകൾ ഉയരുന്നതെങ്കിൽ ഇവ ആകാശത്തേക്കു നിർവ്വികാരമായി പിടിച്ചുകയറുന്നത് വേരുകളോ ഉത്കടാഭിലാഷമോ ഇല്ലാത്ത സൗന്ദര്യത്തോടെയാണ്, തങ്ങളെക്കുറിച്ചുതന്നെയുള്ള മൂഢമായ ഒരുറപ്പോടെയാണ്, കീഴടക്കാനോ അതിവർത്തിക്കാനോ ഉള്ള ഒരു കഴിവുമില്ലാതെയാണ്, ഒരു വാസ്തുശില്പിയുടെ ഉദ്ദേശ്യങ്ങൾ ഏറ്റവും കുറച്ചു പ്രതിഫലിക്കുന്ന ആത്മീയനിർമ്മിതികൾ പോലെ. ആകാശത്തോടു പട വെട്ടുന്ന അംബരചുംബികളെപ്പോലെ കാവ്യാത്മകവും ഭീഷണവുമായ മറ്റൊന്നില്ല. മഞ്ഞും മഴയും മൂടൽമഞ്ഞും കടന്നുകയറിവരികയും ആ വിപുലഗോപുരങ്ങളെ നനയ്ക്കുകയും മറയ്ക്കുകയും ചെയ്യുന്നു; എന്നാൽ നിഗൂഢതയ്ക്കു വിരോധികളും ഏതൊരുതരം കളിതമാശയ്ക്കും നേരേ അന്ധരുമായ ആ ഗോപുരങ്ങൾ മഴയുടെ മുടിച്ചുരുളുകളെ അരിഞ്ഞുകളയുകയും മൂടൽമഞ്ഞെന്ന മൃദുഹംസത്തിനിടയിലൂടെ മൂവായിരം വാളുകൾ തുളച്ചുകയറ്റുകയും ചെയ്യുന്നു.
ഈ വിപുലലോകത്തിന് വേരുകൾ എന്നൊന്നില്ലെന്നു ബോദ്ധ്യമാകാൻ കുറച്ചു ദിവസങ്ങളേ നിങ്ങൾക്കു വേണ്ടൂ; എഡ്ഗാർ പോ എന്ന ദീർഘദർശിക്ക് നിഗൂഢതയെ അത്രയധികം ചേർത്തുപിടിക്കേണ്ടിവന്നതും ഹിതകരമായ ഉന്മത്തതയെ തന്റെ സിരകളിൽ പതഞ്ഞുയരാൻ അനുവദിക്കേണ്ടിവന്നതും എന്തുകൊണ്ടാണെന്ന് നിങ്ങൾക്കപ്പോൾ മനസ്സിലാകും.
*
എന്നാൽ നിങ്ങൾക്കു പുറത്തേക്കിറങ്ങി നഗരത്തെ നേരിൽ കണ്ടുമുട്ടാതെ പറ്റില്ല, അതിനെ കീഴടക്കാതെ പറ്റില്ല; തെരുവുകളിലെ ജനക്കൂട്ടങ്ങളോടും ലോകമെമ്പാടും നിന്നുള്ള വിവിധവർണ്ണഭേദങ്ങളോടും തോളുരുമ്മാതെ കാവ്യാത്മകപ്രതികരണങ്ങൾക്കു കീഴടങ്ങുകയല്ല വേണ്ടത്. അങ്ങനെ ഞാൻ തെരുവുകളിലേക്കിറങ്ങുന്നു; അവിടെ ഞാൻ കണ്ടുമുട്ടുന്നത് കറുത്തവരെയാണ്. ലോകത്തെ ഏതു ജനവർഗ്ഗത്തെയും ന്യൂയോർക്കിൽ കാണാം; എന്നാൽ ചൈനാക്കാരും അർമ്മേനിയക്കാരും റഷ്യക്കാരും ജർമ്മൻകാരും വിദേശികളായിത്തന്നെ കഴിയുന്നു. കറുത്തവർ ഒഴികെ എല്ലാവരും. വടക്കേ അമേരിക്കയിൽ വലിയ സ്വാധീനം ചെലുത്തുന്നവരാണ് കറുത്തവർ എന്നതിൽ ഒരു സംശയവുമില്ല; ആരെന്തും പറഞ്ഞോട്ടെ, ആ ലോകത്തെ ഏറ്റവും മൃദുസ്വഭാവികളാണവർ, അതിലെ ആത്മീയഘടകവും. അവർക്കു വിശ്വാസമുണ്ടെന്നതിനാൽ, അവർക്കു പ്രത്യാശയുണ്ടെന്നതിനാൽ, അവർ പാടുന്നുവെന്നതിനാൽ, ഇന്നത്തെ അപകടകരമായ പ്രശ്നങ്ങളിൽ നിന്നെല്ലാം അവരെ രക്ഷപ്പെടുത്തുന്ന വിശിഷ്ടമായ ഒരു മതനൈർമ്മല്യം അവർക്കുണ്ടെന്നതിനാലും.
വെളുത്ത അമേരിക്കക്കാർ പാർക്കുന്ന ബ്രോൻക്സിലോ ബ്രൂൿലിനിലോ സഞ്ചരിക്കുമ്പോൾ ഒരുതരം ബാധിര്യം നിങ്ങൾക്കനുഭവപ്പെടും- ഓരോ വീട്ടിലും ക്ലോക്ക്; അവന്റെ കാല്പാദത്തിന്റെ നിമിഷദർശനത്തിലൂടെ മാത്രം ദൃശ്യമാകുന്ന ഒരു ദൈവം. എന്നാൽ കറുത്തവർ പാർക്കുന്ന മേഖലകളിൽ പുഞ്ചിരികളുടെ ഒരു നിരന്തരവിനിമയമുണ്ട്; നിക്കൽത്തൂണുകളിൽ തുരുമ്പു കയറ്റുന്ന ഒരു ഭൂകമ്പത്തിന്റെ മുരൾച്ച; മുറിവേറ്റ കൊച്ചുകുട്ടി, വേണ്ടത്ര നേരം അവനെ ഉറ്റുനോക്കിയാൽ, നിങ്ങൾക്കവന്റെ ആപ്പിൾ പൈ വച്ചുനീട്ടിയെന്നും വരും. പല ദിവസങ്ങളും കാലത്ത് ഞാൻ താമസിക്കുന്ന യൂണിവേഴ്സിറ്റിയിൽ നിന്ന് നടന്നുപോകാറുണ്ടായിരുന്നു. കറുത്തവരുടെ മനസ്സിൽ എന്താണെന്നറിയാനായി അവർ നൃത്തം ചെയ്യുന്നത് ഞാൻ നോക്കിനില്ക്കും. തങ്ങളുടെ വേദനയും വികാരങ്ങളും ആവിഷ്കരിക്കാൻ അവർക്കുള്ള ഏറ്റവും തീക്ഷ്ണവും അതുല്യവുമായ മാർഗ്ഗമാണ് നൃത്തം.
*
എന്റെ കണ്ണുകൾക്കു മുന്നിലുള്ളത് ഒരു സൗന്ദര്യമാനദണ്ഡമോ നീലപ്പറുദീസയോ അല്ല. ഞാൻ നോക്കിനിന്നതും അലഞ്ഞുനടന്നതും സ്വപ്നം കണ്ടതും ഹാർലെം എന്ന കറുത്തവരുടെ മഹാനഗരത്തെയായിരുന്നു; ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട കറുത്ത നഗരം. അവിടെ ആഭാസം പോലും നിഷ്കളങ്കമാണ്. റോസ് നിറമടിച്ച വീടുകളുടെ ഒരു ചുറ്റുവട്ടം; നിറയെ പിയാനോളകളും റേഡിയോയും സിനിമാതിയേറ്ററുകളും. പക്ഷേ, ആ വർഗ്ഗത്തിന്റെ ലക്ഷണമായ അവിശ്വാസം എവിടെയും. മലർക്കെത്തുറന്നിട്ട വാതിലുകൾ, പാർക്ക് അവന്യൂവിലെ പണക്കാരെ പേടിയായ തവിട്ടുനിറമുള്ള കുട്ടികൾ, പെട്ടെന്നു നിന്നുപോകുന്ന ഫോണോഗ്രാഫുകൾ, ഏതു നിമിഷം വന്നെത്താവുന്ന ശത്രുക്കൾക്കായുള്ള കാത്തിരിപ്പ്. വടക്കേ അമേരിക്കയിലെ കറുത്ത വർഗ്ഗക്കാരെക്കുറിച്ച് ഒരു കവിതയെഴുതി ഒരു വിപരീതലോകത്ത് കറുത്തവരാകുന്നതിൽ കറുത്തവർ അനുഭവിക്കുന്ന വേദന ഊന്നിപ്പറയാൻ ഞാൻ ആഗ്രഹിച്ചു. വെളുത്തവരുടെ എല്ലാ കണ്ടുപിടുത്തങ്ങളുടേയും യന്ത്രങ്ങളുടേയും അടിമകളാണവർ; എന്നെങ്കിലും ഒരു ദിവസം ഗ്യാസ് സ്റ്റൗ കത്തിക്കുന്നതോ കാർ ഡ്രൈവ് ചെയ്യുന്നതോ കോളറിന്റെ ബട്ടണിടുന്നതോ മറന്നുപോകുമോയെന്ന് എന്നും പേടിയാണവർക്ക്, അല്ലെങ്കിൽ ഫോർക്ക് കൊണ്ട് കണ്ണിൽ കുത്തുമോയെന്ന് പേടിയാണ്. ഈ കണ്ടുപിടുത്തങ്ങളൊന്നും അവരുടെ സ്വന്തമല്ല എന്നാണു ഞാൻ അർത്ഥമാക്കുന്നത്. കറുത്തവർ കടത്തിലാണ്; തങ്ങളുടെ സ്ത്രീകളും കുട്ടികളും ഫോണോഗ്രാഫ് റിക്കോഡുകളെ ആരാധിച്ചാലോ, അല്ലെങ്കിൽ കാറ്റു തീർന്ന ടയറുകൾ തിന്നാലോ എന്നു ഭയന്ന് വീടുകളിൽ കർശനമായ അച്ചടക്കം നടപ്പിലാക്കുകയാണ് പിതാക്കന്മാർ.
എന്നാല്ക്കൂടി, ഏതൊരു സന്ദർശകനും കാണാവുന്നപോലെ, അവരുടെ ആ അത്യുത്സാഹമൊക്കെ ഇരിക്കെത്തന്നെ ഒരു രാഷ്ട്രമാകാൻ അവർക്കാഗ്രഹമുണ്ട്; ഇടയ്ക്കൊക്കെ അതിനാടകീയമായിപ്പോയേക്കാമെങ്കിലും അവരുടെ ആത്മീയഗഹനത വിലയ്ക്കു വാങ്ങാവുന്നതുമല്ല. ഒരു കാബറേയിൽ (അതിൽ ഡാൻസ് ചെയ്തുകൊണ്ടിരുന്ന സദസ്സ് ഒരു ടിൻ മീൻമുട്ട പോലെ കറുത്തതും നനഞ്ഞതും കൊഴുത്തതുമായിരുന്നു) അദൃശ്യമായൊരു തീമഴയ്ക്കു ചുവട്ടിൽ സന്നി വന്ന പോലെ കുലുങ്ങിക്കൊണ്ട് ഡാൻസ് ചെയ്യുന്ന നഗ്നയായ ഒരു നർത്തകിയെ ഞാൻ കണ്ടു. അവൾക്കു താളത്തിന്റെ ബാധ കേറിയതാണെന്നു വിശ്വസിക്കുന്നപോലെ മറ്റെല്ലാവരും ആർപ്പു വിളിക്കുമ്പോൾ അവളുടെ കണ്ണുകളിലെ വിദൂരത ഒരുനിമിഷത്തേക്കു പിടിച്ചെടുക്കാൻ എനിക്കു കഴിഞ്ഞു- വിദൂരത, അടഞ്ഞ പ്രകൃതം, വിദേശികളും അമേരിക്കക്കാരുമായ, തന്നെ പുകഴ്ത്തുന്ന ആ സദസ്സിൽ നിന്ന് വളരെ അകലെയാണ് താൻ എന്ന ബോദ്ധ്യം. ഹാർലെം ആകെ അവളെപ്പോലെയായിരുന്നു.
മറ്റൊരിക്കൽ കറുത്ത വർഗ്ഗത്തിൽ പെട്ട ഒരു കൊച്ചുപെൺകുട്ടി സൈക്കിൾ ചവിട്ടുന്നത് ഞാൻ കണ്ടു. അതിനെക്കാൾ ഹൃദയസ്പർശിയായ മറ്റൊന്നുണ്ടെന്നു പറയാനില്ല: പുകയുടെ നിറമായ കാലുകൾ, മരണാസന്നമായ റോസാപ്പൂ പോലത്തെ ചുണ്ടുകളിൽ ഉറഞ്ഞുകട്ടിയായ പല്ലുകൾ, ഉണ്ട കെട്ടി വച്ച കമ്പിളിരോമം പോലുള്ള മുടി. ഞാൻ അവളെ തുറിച്ചുനോക്കി; അവളും അതേപോലെ എന്നെ തുറിച്ചുനോക്കി. എന്നാൽ എന്റെ നോട്ടം പറയുകയായിരുന്നു: “മോളേ, നീ എന്തിനാണ് സൈക്കിൾ ചവിട്ടുന്നത്? കറുത്ത വർഗ്ഗക്കാരിയായ ഒരു പെൺകുട്ടിക്ക് ഇങ്ങനെയൊരു യന്ത്രത്തിൽ സഞ്ചരിക്കാൻ ശരിക്കും പറ്റുമോ? എവിടെ നിന്നാണ് നീയിതു മോഷ്ടിച്ചത്? ഇതോടിക്കാൻ പറ്റുമെന്നു നിനക്കു തോന്നുന്നുണ്ടോ?” പ്രതീക്ഷിച്ചപോലെ അവൾ ഒരു കുട്ടിക്കരണമെടുക്കുകയും ഉരുണ്ടുപിരണ്ട് താഴെ വീഴുകയും ചെയ്തു.
എന്നാൽ എല്ലാ ദിവസവും ഞാൻ പ്രതിഷേധിക്കുകയായിരുന്നു. കട്ടിക്കോളറും സ്യൂട്ടും കനത്ത ബൂട്ടുകളും തടവിൽ പിടിച്ച കറുത്ത കൊച്ചുകുട്ടികൾ താറാവുകളെപ്പോലിരുന്നു സംസാരിക്കുന്ന തണുത്ത മനുഷ്യരുടെ തുപ്പൽക്കോളാമ്പികൾ വൃത്തിയാക്കാൻ കൊണ്ടുപോകുമ്പോൾ ഞാൻ പ്രതിഷേധിച്ചു.
പറുദീസയിൽ നിന്നപഹരിച്ചതും വെറുങ്ങലിച്ച മൂക്കും ബ്ലോട്ടിങ്ങ് പേപ്പറിന്റെ ആത്മാവുമുള്ള ജൂതന്മാർ വില്ക്കാൻ വച്ചതുമായ മാംസക്കൂനകൾ കണ്ടപ്പോൾ ഞാൻ പ്രതിഷേധിച്ചു. എന്നാൽ ഏറ്റവും ദാരുണമായ കാര്യം കറുത്തവർക്ക് കറുത്തവരാവാൻ ആഗ്രഹമില്ല എന്നതായിരുന്നു. തങ്ങളുടെ മുടിയുടെ ഹൃദ്യമായ ചുരുളുകൾ നിവർത്താൻ കേശതൈലങ്ങളും മുഖങ്ങളുടെ കറുപ്പു കുറയ്ക്കാൻ പൗഡറുകളും അരക്കെട്ടുകൾ തൂർക്കാനും തടിച്ചുതുടുത്ത ചുണ്ടുകൾ വരട്ടാനും സിറപ്പുകളും അവർ ഉപയോഗിക്കുന്നുവെന്നതിനെതിരെ ഞാൻ പ്രതിഷേധിച്ചു.
ഞാൻ പ്രതിഷേധിച്ചു; അതിന്റെ തെളിവാണ് ഈ “ഹാർലെം രാജാവിനൊരു വാഴ്ത്ത്.” കറുത്ത വർഗ്ഗത്തിന്റെ ആത്മാവാണിത്, വിറകൊള്ളുകയും സംശയിക്കുകയും ചുണ കെട്ടും ലജ്ജയോടെയും വെള്ളക്കാരികളുടെ ഉടൽ തേടുകയും ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കാനുള്ള ഒരാർപ്പുവിളി.
എന്നാൽ, ന്യൂയോർക്കിന്റെ ശരിക്കും കിരാതമായ, ഭ്രാന്തമായ ഭാഗം ഹാർലെം അല്ല. ഹാർലെമിൽ മനുഷ്യരുടെ ഒരാവിയും പുകയും കുട്ടികളുടെ ഒച്ചപ്പാടും അടുപ്പുകളും പായലും സാന്ത്വനം കണ്ടെത്തുന്ന വേദനയും പതുത്ത ബാൻഡേജ് കണ്ടെത്തുന്ന മുറിവുമുണ്ട്.
ഭീഷണമായ, നിർവ്വികാരമായ, ക്രൂരമായ ഭാഗം, വാൾ സ്റ്റ്രീറ്റാണ്. ലോകമെമ്പാടും നിന്ന് സ്വർണ്ണപ്പുഴകൾ അവിടേക്കെത്തുന്നു, കൂടെ മരണവും. അവിടെ, മറ്റെവിടെയുമില്ലാത്തപോലെ, ആത്മാവിന്റെ പരിപൂർണ്ണമായ അഭാവം നിങ്ങൾക്കനുഭവപ്പെടുന്നു: മൂന്നിനപ്പുറം എണ്ണാനറിയാത്ത ആളുകളുടെ പറ്റങ്ങൾ, ആറിനപ്പുറം പോകാത്ത വേറേ കൂട്ടങ്ങൾ, ശുദ്ധശാസ്ത്രത്തോടുള്ള അവജ്ഞ, വർത്തമാനകാലത്തോട് പൈശാചികമായ ഒരാരാധന. ഇതിനെക്കാളൊക്കെ ഭയാനകമായ കാര്യമാണ്, തെരുവുകളിൽ നിറയുന്ന ആൾക്കൂട്ടം ലോകം എന്നും ഇതേപോലെയുണ്ടാവുമെന്നും ഈ കൂറ്റൻ യന്ത്രത്തെ രാവും പകലും ചലിപ്പിച്ചുകൊണ്ടേയിരിക്കേണ്ടത് തങ്ങളുടെ കടമായാണെന്നും കരുതുന്നു എന്നത്. ഒരു പ്രൊട്ടെസ്റ്റന്റ് ധാർമ്മികബോധത്തിന്റെ തികവുറ്റ പരിണതഫലം: ഒരു സ്പാനിഷുകാരനായ (ദൈവത്തിനു നന്ദി) എന്നെ അധീരനാക്കുന്നതായിരുന്നു അത്. അടുത്ത കാലത്തു നടന്ന സാമ്പത്തികത്തകർച്ച നേരിൽ കാണാനുള്ള ഭാഗ്യം എനിക്കുണ്ടായി; എത്രയോ കോടി ഡോളർ അവർക്കു നഷ്ടപ്പെട്ടു; കടലിലേക്കൊഴുകിപ്പോയ ചത്ത പണം. ആത്മഹത്യകൾക്കും അപസ്മാരത്തിനും ബോധം നഷ്ടപ്പെടുന്നവർക്കുമിടയിൽ നിന്ന അക്കാലത്തെന്നപോലെ യഥാർത്ഥമരണം, ആശയറ്റ മരണം, കെട്ടഴുകൽ മാത്രമായ മരണം ഞാൻ മറ്റൊരിക്കലും അനുഭവിച്ചിട്ടില്ല; അത്രയും ഭീഷണമായിരുന്നു, എന്നാൽ മഹത്വത്തിന്റെ ഒരംശവും ഇല്ലാത്തതായിരുന്നു, ആ കാഴ്ച. എനിക്ക്, മഹാനായ കവി ഉനാമുനോ പറഞ്ഞപോലെ “രാത്രിയിൽ ഭൂമി ആകാശത്തേക്കു പിടിച്ചുകയറുന്ന” ഒരു നാട്ടിൽ നിന്നു വന്ന എനിക്ക്, ആത്മഹത്യ ചെയ്തവരെ (അവരുടെ വിരലുകൾ നിറയെ മോതിരമായിരുന്നു) പെറുക്കിയിട്ടോടുന്ന ആംബുലൻസുകൾ നിറഞ്ഞ ആ ഇരുണ്ട താഴ്വരയെ ചുട്ടെരിക്കാനുള്ള ദിവ്യരോഷമുണ്ടായി.
അതുകൊണ്ടാണ് ഞാൻ ഈ മരണനൃത്തം ഉൾപ്പെടുത്തിയത്.* ആഫ്രിക്കയ്ക്കു സവിശേഷമായ മുഖംമൂടിനൃത്തം. മാലാഖമാരോ ഉയിർപ്പോ ഇല്ലാത്ത, മരണം തന്നെയായ മരണം; ആത്മാവിൽ നിന്നാവുന്നത്ര അകലെയായ മരണം; സ്വർഗ്ഗത്തിനു വേണ്ടി ഇന്നേവരെ പടവെട്ടാത്ത, ഭാവിയിലും പട വെട്ടാത്ത അമേരിക്കൻ ഐക്യനാടുകളെപ്പോലെ കിരാതവും പ്രാകൃതവുമായ മരണം.
*
പിന്നെ, ആൾക്കൂട്ടം! ന്യൂയോർക്കിലെ ആൾക്കൂട്ടം എന്തുവിധമാണെന്ന് ആർക്കും ഊഹിക്കാൻ പറ്റില്ല, ഒരുപക്ഷേ വാൾട്ട് വിറ്റ്മാനല്ലാതെ (അദ്ദേഹമതിൽ ഏകാന്തതകൾ തിരഞ്ഞു), റ്റി.എസ്.എലിയട്ടിനുമല്ലാതെ (
തന്റെ കവിതയിൽ ആൾക്കൂട്ടത്തിൽ നിന്ന് ഒരു നാരങ്ങയിൽ നിന്നെപോലെ പോലെ അദ്ദേഹം എലികളേയും മുറിവുകളും നനഞ്ഞ നിറങ്ങളും പുഴയുടെ നിറങ്ങളും പിഴിഞ്ഞെടുത്തു). ആ ആൾക്കൂട്ടം ഉന്മത്തം കൂടിയാകുമ്പോൾ നമുക്കു സങ്കല്പിക്കാൻ പറ്റുന്നതിൽ വച്ചേറ്റവും തീക്ഷ്ണജീവനാർന്ന കാഴ്ചകളിൽ ഒന്നാവുകയും ചെയ്യുന്നു.
വേനല്ക്കാലത്ത് ഞായറാഴ്ചകളിൽ ഒരു പത്തുലക്ഷം ജന്തുക്കൾ പങ്കെടുക്കുന്ന കൂറ്റനൊരു മേളയാണ് കോണി ദ്വീപ്. അവർ കുടിക്കുകയും ഒച്ച വയ്ക്കുകയും തിന്നുകയും അന്യോന്യം ചവിട്ടിമെതിക്കുകയും കടൽ മൊത്തം പത്രക്കടലാസും തെരുവുകൾ നിറയെ ടിന്നുകളും സിഗററ്റുകുറ്റികളും എച്ചിലും ഹീലു പോയ ഷൂസുകളും വാരിവിതറുകയും ചെയ്യുന്നു. മേള കഴിഞ്ഞു മടങ്ങുന്ന വഴി ആൾക്കൂട്ടം പാടുകയും നൂറുപേരുടെ സംഘങ്ങളായി നടപ്പാതകളുടെ കൈവരിയിൽ ഛർദ്ദിക്കുകയും ചെയ്യുന്നു. ആയിരം പേരുടെ സംഘങ്ങളായി അത് മൂത്രമൊഴിക്കുന്നു, മൂലകളിൽ, ഉപേക്ഷിക്കപ്പെട്ട തോണികളിൽ, അല്ലെങ്കിൽ, ഗാരിബാൾഡിയുടേയോ അത്ജ്ഞാതഭടന്റെയോ സ്മാരകത്തിൽ.
അവിടെ ഒരു സ്പെയിൻകാരന്, ആൻഡലൂഷ്യക്കാരനു വിശേഷിച്ചും, തോന്നുന്ന ഏകാകിത നിങ്ങൾക്കു സങ്കല്പിക്കാൻ പറ്റില്ല. താഴെ വീണാൽ അവർ നിങ്ങളെ ചവിട്ടിമെതിക്കും; വെള്ളത്തിലേക്കു വീണാൽ നിങ്ങളെ ലഞ്ച് റാപ്പറുകൾ കൊണ്ടു മൂടുകയും ചെയ്യും.
പേടിപ്പെടുത്തുന്ന ആ ആൾക്കൂട്ടത്തിന്റെ ആരവം ഞായറാഴ്ച മുഴുവൻ ന്യൂയോർക്കിൽ നിറയുന്നു, ഒരു കുതിരപ്പറ്റത്തിന്റെ താളത്താൽ പൊള്ളയായ പാതകളെ മെതിച്ചുകൊണ്ട്.
(തന്റെ “ന്യൂയോർക്കിൽ ഒരു കവി” എന്ന പുസ്തകത്തെക്കുറിച്ച് ലോർക്ക 1931ൽ നടത്തിയ പ്രഭാഷണത്തിൽ നിന്ന്)
2022, സെപ്റ്റംബർ 5, തിങ്കളാഴ്‌ച
സെൻ കഥകൾ
ഒരു സെൻ ഭിക്ഷു തന്റെ ഗുരുവിനോടു ചോദിച്ചു: “ഗുരോ, നൂറു കൊല്ലം കഴിഞ്ഞാൽ അങ്ങെവിടെയായിരിക്കും?”
ഗുരു: “ഈ മലയടിവാരത്ത് ഞാനൊരു മൂരിയായിരിക്കും.”
ഭിക്ഷു: “ഞാനും അങ്ങയുടെ കൂടെ വന്നോട്ടെ?”
ഗുരു: “പിന്നെന്താ?വരുമ്പോൾ നീയൊരു പുൽക്കൊടി കൂടി കടിച്ചുപിടിച്ചിരിക്കണമെന്നേയുള്ളു.”
*
കടൽ ചൂണ്ടിക്കാണിച്ചുകൊണ്ട് ഗുരു ശിഷ്യനോടു പറഞ്ഞു: “മനസ്സാണു പ്രധാനമെന്നു നീ പറയാറുണ്ടല്ലോ. ആ തോണികളുടെ യാത്ര നിർത്താൻ നിനക്കു കഴിയുമോ?” ശിഷ്യൻ ഒന്നും മിണ്ടാതെ കടലിന്റെ കാഴ്ച മറയ്ക്കുന്ന തട്ടി താഴ്ത്തിയിട്ടു. “കൊള്ളാം,” ഗുരു പറഞ്ഞു, “പക്ഷേ നിനക്ക് കൈകളുപയോഗിക്കേണ്ടിവന്നു.” ശിഷ്യൻ അപ്പോഴും ഒന്നും മിണ്ടാതെ കണ്ണുകളടച്ചു.
*