2023, ഏപ്രിൽ 30, ഞായറാഴ്‌ച

നെരൂദ- ഒരു നൈരാശ്യഗീതം

 

എന്നെച്ചുഴലുന്ന രാത്രിയിൽ നിന്നുയർന്നുവരുന്നു നിന്നെക്കുറിച്ചുള്ളോർമ്മകൾ,
കടലിൽച്ചെന്നു കലരുന്നു പുഴയുടെ തോരാത്ത വിലാപങ്ങൾ.
പുലർവേളയിൽ കടൽപ്പാലങ്ങൾ പോലെ പരിത്യക്തൻ ഞാൻ.
ഇതു വേർപാടിന്റെ നേരം, എന്നെ ത്യജിച്ചുപോയവളേ!
ഈറൻ പറ്റിയ പൂവിതിളുകളിറുന്നുവീഴുകയാണെന്റെ ഹൃദയത്തിൽ.
അവശിഷ്ടങ്ങളുടെ ഗർത്തമേ, നാവികർ മുങ്ങിത്താഴുന്ന ഗുഹാഗർഭമേ!
നിന്നിൽ വീണടിയുന്നു യുദ്ധങ്ങൾ, പലായനങ്ങളും,
പാടുന്ന കിളികൾക്കു ചിറകു മുളയ്ക്കുന്നതും നിന്നിൽ നിന്നല്ലോ.
എല്ലാം വിഴുങ്ങി നീ, വിദൂരത പോലെ,
കടൽ പോലെ, കാലം പോലെ. എല്ലാം മുങ്ങിത്താണു നിന്നിൽ!
ആക്രമണത്തിന്റെ, ആശ്ളേഷത്തിന്റെ ആനന്ദവേള,
വിളക്കുമാടം പോലെ നിന്നെരിഞ്ഞ വശ്യമുഹൂർത്തം.
കപ്പിത്താന്റെ ഭീതി, മുത്തു വാരാൻ മുങ്ങുന്നവന്റെ അന്ധരോഷം,
പ്രണയത്തിന്റെ ക്ഷുഭിതോന്മാദം, എല്ലാം മുങ്ങിത്താണു നിന്നിൽ!
മൂടൽമഞ്ഞിന്റെ ബാല്യത്തിൽ ചിറകു കുഴഞ്ഞ എന്റെയാത്മാവ്,
വഴി പിണഞ്ഞ സഞ്ചാരി, എല്ലാം മുങ്ങിത്താണു നിന്നിൽ!
ശോകമെടുത്തരയിലണിഞ്ഞു നീ, ആസക്തിയിലള്ളിപ്പിടിച്ചു നീ,
വിഷാദം സ്തബ്ധയാക്കി നിന്നെ, എല്ലാം മുങ്ങിത്താണു നിന്നിൽ!
നിഴലടഞ്ഞ ചുമരുകളെ പൊരുതിപ്പിന്മടക്കി ഞാൻ,
തൃഷ്ണയ്ക്കും ക്രിയയ്ക്കുമപ്പുറം നടന്നുകേറി ഞാൻ.
എന്റെയുടലേ, ഉടലിന്റെയുടലേ, ഞാൻ പ്രണയിച്ച, എനിക്കു നഷ്ടമായ പെണ്ണേ,
ഈറൻ പുരണ്ട ഈ മുഹൂർത്തത്തിൽ നിന്നെ ഞാൻ ആവാഹിക്കുന്നു, നിന്നെ ഞാൻ സ്തുതിക്കുന്നു.
ഒടുങ്ങാത്ത ദയാവായ്പ്പിനിടമുണ്ടായിരുന്നുവല്ലോ നിന്റെ പാനപാത്രത്തിൽ,
ഒടുങ്ങാത്ത വിസ്മൃതി തകർത്തുകളഞ്ഞു നിന്റെയാ പാനപാത്രത്തെ.
നിഴലടഞ്ഞ തുരുത്തുകളുടെ ഏകാന്തത്തിലടിഞ്ഞുകിടന്നവൻ ഞാൻ,
പ്രണയം രൂപമെടുത്തവളേ, അന്നെനിക്കഭയം തന്നതു നിന്റെ കൈകൾ.
ദാഹിച്ചും വിശന്നും പരവശനായിരുന്നു ഞാൻ, മധുരിക്കുന്ന കനിയായതു നീ.
ദുഃഖിതനും പരിത്യക്തനുമായിരുന്നു ഞാൻ, വീണ്ടെടുപ്പിന്റെ മാലാഖയായതു നീ.
ഹാ,യെന്റെ പെണ്ണേ, എങ്ങിനെ നിനക്കായി
നിന്റെയാത്മാവിന്റെ മണ്ണിൽ, നിന്റെ കൈകളുടെ കുരിശ്ശിൽ എന്നെയൊതുക്കാൻ!
എത്ര കഠോരമായിരുന്നു, എത്ര ഹ്രസ്വമായിരുന്നു നിന്നെപ്രതി എന്റെയാർത്തി!
എത്ര ദുർവഹവും ഉന്മത്തവുമായിരുന്നു, എത്ര ക്ളിഷ്ടവും വ്യഗ്രവുമായിരുന്നു!
ചുംബനങ്ങളുടെ ചുടലപ്പറമ്പേ, എരിഞ്ഞടങ്ങിയിട്ടില്ലല്ലോ നിന്റെ ചിതകൾ,
തീയാളുന്ന മരച്ചില്ലകളിൽ കനികൾ കൊത്തിയിരിക്കുന്നുമുണ്ടല്ലോ കിളികൾ.
ഹാ, കനച്ച ചുണ്ടുകൾ, ചുംബനങ്ങളേറ്റ കൈകൾ,
ഹാ, ആർത്തി പെറ്റ പല്ലുകൾ, പിണഞ്ഞുകൂടിയ ഉടലുകൾ.
ഹാ, ഊർജ്ജത്തിന്റെ, പ്രത്യാശയുടെ വിഭ്രാന്തമൈഥുനം,
നാമതിൽ ലയിച്ചു, ഹതാശരായി.
ആർദ്രത പിന്നെ, ജലം പോലെ, ധാന്യം പോലെ സൗമ്യം,
ചുണ്ടുകളിൽ മുളയെടുത്തുവരുന്ന വചനവും.
എന്റെ നിയോഗമത്, എന്റെ തൃഷ്ണകൾ പ്രയാണം ചെയ്തതിൽ,
എന്റെ തൃഷ്ണകൾ പതിച്ചതതിൽ. എല്ലാം മുങ്ങിത്താണു നിന്നിൽ.
അവശിഷ്ടങ്ങളുടെ ഗർത്തമേ, എല്ലാം വന്നുപതിച്ചതു നിന്നിൽ.
പുറമേ പറയാത്ത ദുഃഖങ്ങളെത്ര, കുഴഞ്ഞുവീണ ചിറകുകളെത്ര!
എന്നിട്ടും തിരകളിൽ നിന്നെന്നെ പാടിവിളിച്ചു നീ,
അണിയം ചേർന്നുനില്ക്കുന്ന നാവികനെപ്പോലെ.
എന്നിട്ടും പാട്ടുകളായി വിരിഞ്ഞു നീ, ഒഴുക്കായി ചിതറി നീ.
അവശിഷ്ടങ്ങളുടെ ഗർത്തം നീ, ശോകം കനച്ച തുറന്ന ഖനി നീ.
കണ്ണു കാണാതെ വിളർത്തു മുങ്ങുന്നവൻ, ഭാഗ്യം കെട്ട കവണേറ്റുകാരൻ,
വഴി പിണഞ്ഞ സഞ്ചാരി, എല്ലാം മുങ്ങിത്താണു നിന്നിൽ.
ഇതു വേർപാടിന്റെ നേരം, ശൈത്യത്തിന്റെ ദുർവഹവേള,
എല്ലാ സമയപ്പട്ടികയിലും രാത്രി തൊടുത്തുവയ്ക്കുന്നതിത്.
തീരത്തെ ചിലമ്പുന്ന അരപ്പട്ടയണിയിക്കുന്നു കടൽ,
വലിഞ്ഞിഴഞ്ഞെത്തുന്നു തണുത്ത നക്ഷത്രങ്ങൾ, ദേശാന്തരം പോകുന്നു പറവകൾ.
പുലർവേളയിൽ കടൽപ്പാലങ്ങൾ പോലെ പരിത്യക്തൻ ഞാൻ.
കാതരമായ നിഴലുകൾ മാത്രം എന്റെ കൈകളിൽ പിണഞ്ഞുകൂടുന്നു.
ഹാ, സർവതിൽ നിന്നുമകലെ. ഹാ, സർവതിൽ നിന്നുമകലെ.
ഇതു വേർപാടിന്റെ നേരം. ഹാ, എന്നെ ത്യജിച്ചുപോയവളേ!


2023, ഏപ്രിൽ 27, വ്യാഴാഴ്‌ച

യാന്നിസ് റിറ്റ്സോസ് - കുന്ന്



ഒരാൾക്കനേകം പരേതരുണ്ടായിരുന്നു.
അയാൾ മണ്ണിൽ കുഴികളെടുത്തുകൊണ്ടേയിരുന്നു,
അയാളൊറ്റയ്ക്കവരെ കുഴിച്ചിട്ടുകൊണ്ടേയിരുന്നു.
കല്ലിന്മേൽ കല്ലടുക്കി, മണ്ണിനു മേൽ മണ്ണിട്ട്
അയാളൊരു കുന്നു പടുത്തുയർത്തി.
ആ കുന്നിനു മേൽ
സൂര്യനഭിമുഖമായി അയാളൊരു കുടിലും പണിതു.

പിന്നയാൾ കുഞ്ഞുകുഞ്ഞുതെരുവുകൾ തീർത്തു,
മരങ്ങൾ നട്ടു,
ശ്രദ്ധയോടെ, നിര തെറ്റാതെ, ആലോചനയോടെ;
അയാളുടെ കണ്ണുകൾ മന്ദഹസിക്കുകയായിരുന്നു.
അയാളുടെ കൈകളൊന്നു വിറപൂണ്ടതുമില്ല.

ആ കുന്ന്.
ഞായറാഴ്ച വൈകുന്നേരങ്ങളിൽ
അമ്മമാർ കുഞ്ഞുങ്ങളേയും കൊണ്ട് കുന്നു കയറി;
പരിസരത്തെ പണിക്കാർ വൃത്തിയുള്ള കുപ്പായങ്ങളുമിട്ട് കുന്നു കയറി,
ഒന്നു വെയിലു കായാൻ,
അല്പം ശുദ്ധവായു ശ്വസിക്കാൻ.
രാത്രികളിൽ നവദമ്പതിമാരതു നടന്നുകയറി;
നക്ഷത്രങ്ങളെ നിരീക്ഷിക്കാൻ പഠിക്കുകയാണവർ.
മരങ്ങൾക്ക് ചുവട്ടിലിരുന്ന് ഒരു കുട്ടി ഹാർമ്മോണിക്ക വായിക്കുന്നു.
ലെമണേഡുകാരൻ ഒച്ച വയ്ക്കുന്നു.

കുന്നിനു മുകളിൽ വച്ചെല്ലാവർക്കുമറിയാം,
ആകാശത്തോടല്പം കൂടി അടുത്താണു തങ്ങളെന്ന്.

എന്നാലൊരാൾക്കുമറിയില്ല, 
ആ കുന്നവിടെ ഉണ്ടായിവന്നതെങ്ങനെയെന്ന്,
ഒരാൾക്കുമറിയില്ല,
കുന്നിന്റെ ഉദരത്തിനുള്ളിൽ എത്രപേരുറങ്ങിക്കിടക്കുന്നുവെന്ന്.


ലിയനാർദോ സിനിസ്ഗള്ളി - കവിതകൾ

 

നിന്റെയുദരത്തിനുള്ളിൽ...


നിന്റെയുദരത്തിനുള്ളിൽ ചൂടു പറ്റിക്കിടന്നപോലെ
നിന്റെയരക്കെട്ടിൽ ഞാനള്ളിപ്പിടിക്കുന്നു.
പ്രിയപ്പെട്ട അമ്മേ, നിന്റെ കനിയാണു ഞാൻ,
നിന്നിലേക്കു ഞാൻ മടങ്ങുന്നു,
ഓരോ രാത്രിയിലും മരണമുഹൂർത്തത്തിലും.
അന്നെന്നപോലൊരുമിച്ചു നാമുറങ്ങും,
എന്റെ ഉള്ളംകാലുകൾ നിന്റെ ഹൃദയത്തിലമർത്തിച്ചവിട്ടി.
*

ഞാൻ വഞ്ചിച്ച കൂട്ടുകാരൻ


ഞാൻ വഞ്ചിച്ച കൂട്ടുകാരൻ
എന്റെ ഹൃദയത്തിനാഴത്തിൽ നിന്നെന്നെ വിളിക്കുന്നു,
എനിക്കടുത്തേക്കു വരുന്നു,
എന്റെയുറക്കത്തിലവൻ പിടിച്ചുകയറുന്നതു ഞാൻ കേൾക്കുന്നു,
അവസാനത്തെ ചുവടു വയ്ക്കുമ്പോൾ ഞാനലറിവിളിക്കുന്നു,
അവനെന്റെ മേൽ ചവിട്ടുമെന്നു ഞാൻ കരയുന്നു,
പിന്നെയവൻ എന്റെ നെഞ്ചു പറ്റിയുറക്കമാവുന്നു,
ഒരു ഭാരവുമില്ലാതെ.
*

പ്രായമായവരുടെ കണ്ണീർ


പ്രായമായവർക്കു കണ്ണീരു പൊട്ടുന്നതെത്രവേഗം.
പട്ടാപ്പകൽ, ഒരൊഴിഞ്ഞ വീടിന്റെ ഒളിഞ്ഞ മൂലയ്ക്കിരുന്ന്
അവർ പൊട്ടിപ്പൊട്ടിക്കരയുന്നു.
തോരാത്തൊരു നൈരാശ്യമവരെ പൊടുന്നനേ വന്നു ബാധിക്കുന്നു.
തങ്ങളുടെ ചുണ്ടുകളിലേക്കവരുയർത്തുന്നു,
ഒരു പെയറിന്റെ ഉണങ്ങിയ അല്ലി,
അല്ലെങ്കിൽ പുരപ്പുറത്തുണങ്ങിയ ഒരത്തിപ്പഴം.
അവരുടെ പ്രതിസന്ധി പരിഹരിക്കാൻ
ഒരു കവിൾ വെള്ളം മതി,
അല്ലെങ്കിലൊരൊച്ചിന്റെ സന്ദർശനം.
*

ലിയനാർദോ സിനിസ്ഗള്ളി Leonardo Sinisgalli (1908- 1981)


ഹേയ്തം എൽ വർദാനി - പ്രത്യാശയുടെ പ്രമാണം

 

നാമില്ലെങ്കിലും അതുണ്ടാവുമെന്നറിഞ്ഞുകൊണ്ടുതന്നെ നാം ലോകത്തോടു വിട ചൊല്ലുന്നു. നമ്മൾ കാരണം യാതൊന്നും അവസാനിക്കാൻ പോകുന്നില്ല; നമ്മുടെ അഭാവം യാതൊന്നിനെയും ബാധിക്കാൻ പോകുന്നില്ല. നമ്മെക്കൊണ്ടാകുന്നതെല്ലാം നാം ചെയ്തുകഴിഞ്ഞു; എന്നാൽ നമ്മുടെ പ്രവൃത്തികളുടെ വിധി അപൂർണ്ണമായി ശേഷിക്കാനാണ്‌; ഇപ്പോഴാകട്ടെ, പകൽ പോയിമറയുകയും ചെയ്യുന്നു. നാം ലോകത്തോടു വിട ചൊല്ലുകയും നമ്മുടെ തലയിണകളിൽ തല ചേർത്തുവയ്ക്കുകയും ചെയ്യുന്നു. എന്നാൽ നമുക്കു ദുഃഖമില്ല. നമ്മൾ പ്രത്യാശ നിറഞ്ഞവരാണ്‌. അവിടെ, ആ ഇരുട്ടിന്റെ ഹൃദയത്തിൽ, ഒരു പ്രത്യാശ നാം കണ്ടെടുക്കുന്നു: അനക്കമില്ലാതെ പുഷ്ടിപ്പെടുകയും നാം രാത്രിയിലേക്കു കടന്നുചെല്ലുന്തോറും ശക്തവും ദൃഢവുമാവുകയും ചെയ്യുന്ന ഒരു പ്രത്യാശ. ഉണരാമെന്ന പ്രത്യാശ. ഇരുട്ടുരുണ്ടുമറയുമെന്ന ഒരു പ്രത്യാശ. നാളെയിലുള്ള ഒരു പ്രത്യാശ; ഒരു പുതിയ തുടക്കത്തിലുള്ള പ്രത്യാശ. അടുത്ത ദിവസം കണ്ണു തുറക്കുമ്പോൾ സർവ്വതും അതേതുവിധം വേണ്ടിയിരുന്നുവോ, അതുപോലായിരിക്കുമെന്ന ഒരു പ്രത്യാശ. ആ പ്രത്യാശ രാത്രിക്കുള്ളിൽ ഒരു കനി പോലെ വിളയുന്നു. ഇരുട്ടിനുള്ളിൽ അതു തിടം വയ്ക്കുന്നു; ഇരുട്ടിനു കറുപ്പു കൂടുന്തോറും അതു മധുരം വായ്ക്കുന്നു. ഈ കനിയാണ്‌ ഉറക്കത്തിന്റെ ഉപഹാരം; എന്തെന്നാൽ, ഉറക്കമാണല്ലോ പ്രത്യാശയുടെ യഥാർത്ഥമായ നിർവ്വഹണം; മോചനത്തിനും സ്വാതന്ത്ര്യത്തിനുമായുള്ള ഒരു ദീർഘപരിശീലനം. എന്നാൽ എന്തിനെയാണ്‌ ഈ പ്രത്യാശ ആലംബമാക്കുന്നത്? അജ്ഞാതത്തിലുള്ള അതിരറ്റ വിശ്വാസത്തെ, അജ്ഞാതത്തോടുള്ള ഭയത്തെ അതിജീവിച്ചുകഴിഞ്ഞാൽ. അഭാവത്തിലുള്ള ഒരു വിശ്വാസത്തെ, അഭാവത്തിനു നാം സ്വയം കീഴടങ്ങിയാൽ. ഓരോ രാത്രിയിലും നാം വിട ചൊല്ലുന്ന ഒരു ലോകത്തോടുള്ള അതിരറ്റ വിശ്വാസം; വിശ്വസിക്കാവുന്ന കൈകളിലാണ്‌ നാം നമ്മെ കൊടുത്തിട്ടു പോകുന്നതെന്ന തീർച്ച. ലോകത്തിന്മേലുള്ള നമ്മുടെ നിയന്ത്രണം നഷ്ടപ്പെടുന്ന ഓരോ സമയത്തും നമുക്കുണ്ടാകുന്ന ഒരു വിശ്വാസം; നാമപ്പോൾ നമ്മളെത്തന്നെ ലോകത്തിനേല്പിച്ചുകൊടുക്കുന്നു, നമ്മെക്കൊണ്ട് അതിനിഷ്ടമുള്ളതു ചെയ്യട്ടെ എന്നതിനായി. ഉറക്കത്തിൽ കുടി കൊള്ളുന്ന വിശ്വാസം, അതിനാൽ, മറ്റേതു പോലെയുമല്ല.  വിശ്വാസത്തിന്റെ പ്രമാണമാണത്. പ്രത്യേകിച്ചൊരു വസ്തുവിനോടുള്ള തൃഷ്ണയിൽ നിന്നുണ്ടാകുന്നതല്ല അത്; എല്ല വസ്തുക്കളേയും അതിവർത്തിക്കുന്ന കൂടുതൽ വലിയൊരു തൃഷ്ണയിൽ നിന്നു ജനിക്കുന്നതാണത്: മറുകരയിലേക്കു കടക്കാനും അജ്ഞാതത്തെ പുണരാനുമുള്ള തൃഷ്ണ.

*


ഈജിപ്ഷ്യൻ എഴുത്തുകാരനായ Haytham El Wardany(ജനനം 1972)യുടെ ‘ഉറക്കത്തിന്റെ പുസ്തക’ത്തിൽ നിന്ന്


2023, ഏപ്രിൽ 26, ബുധനാഴ്‌ച

ബ്രോണിസ്ലാവ് മാജ് - കവിതകൾ

 

ഒരില


ഒരില, 
ഒടുവിൽ ശേഷിച്ചതിലൊന്ന്,
ഒരു മേപ്പിൾച്ചില്ലയിൽ നിന്നടർന്ന്,
തെളിഞ്ഞ ഒക്ടോബർവായുവിൽ വട്ടം ചുറ്റി,
മറ്റിലകളുടെ ഒരു കൂമ്പാരത്തിനു മേൽ വീണ്‌,
കരുവാളിച്ച് നിശ്ചേഷ്ടമാവുന്നു.
കാറ്റുമായുള്ള അതിന്റെ ആവേശഭരിതമായ യുദ്ധത്തെ
ആരും പുകഴ്ത്തിയില്ല,
ആരുമതിന്റെ സഞ്ചാരം പിന്തുടർന്നില്ല,
മറ്റിലകൾക്കിടയിൽ കിടക്കുന്ന അതിനെ
ആരുമിനി വേർതിരിച്ചറിയാനും പോകുന്നില്ല,
ഞാൻ കണ്ടത് ആരും കണ്ടില്ല, ഒരാളും.
ഞാൻ ഒറ്റയാണ്‌.


‘ഒരാൾ മരിക്കാൻ കിടക്കുന്ന വീട്ടിൽ...’


ഒരാൾ മരിക്കാൻ കിടക്കുന്ന വീട്ടിലെ നിശബ്ദത:
അടക്കംപറച്ചിലുകൾ,
തൂവാല വച്ചമർത്തിയ തേങ്ങലുകൾ,
പതിയെ അടയുന്ന വാതിലുകൾ.
ഇനിമേലാവശ്യം വരാത്ത മരുന്നുകളുടെ മണം,
മെഴുകുതിരിയുടെ മഞ്ഞനാളം.
ആ നിശ്ശബ്ദനായ മനുഷ്യൻ, എന്റെ പിതാവ്,
ആ ബാലന്റെ അമ്മയാണു മരിക്കുന്നത്.
അവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നതിൽ,
ആരുടെയും ശ്രദ്ധയിൽ വരാതെ സംഭവിച്ചുകഴിഞ്ഞതിൽ
ആരുമിനിയും വിശ്വസിച്ചുതുടങ്ങിയിട്ടില്ല;
എന്നിട്ടും ആ നിശ്ശബ്ദത.
മുറ്റത്താരോ പരവതാനി തട്ടിക്കുടയുന്നു,
ഒരു കാർ സ്റ്റാർട്ടാകുന്നു,
കോണിപ്പടിയിൽ ഒരു ലഹള,
സംഗീതം, പുല്ലു മണക്കുന്ന കാറ്റോട്ടത്തിൽ മെഴുകുതിരിയണയുന്നു.
ഇവിടെയുള്ളതൊന്നും ഇനിമേലവർക്കുള്ളതല്ല.
അവരുമായി ഒരു ബന്ധവും ഇനിമേൽ നമുക്കില്ല,
നാം ബാക്കിയാകുന്നു.
ഇനി നമുക്കു കരയാം, ഉറക്കെക്കരയാം:
ജീവിതത്തിനു നിത്യസാക്ഷികളാണിനി നാം.
*

ട്രെയിനിലിരിക്കുമ്പോൾ മിന്നായം പോലെ കണ്ടത്...


ട്രെയിനിലിരിക്കുമ്പോൾ മിന്നായം പോലെ കണ്ടത്:
മൂടൽമഞ്ഞുള്ളൊരു സായാഹ്നം,
പാടംങ്ങൾക്കു മേലനക്കമറ്റു തൂങ്ങിക്കിടക്കുന്ന പുകനാരുകൾ,
മണ്ണിന്റെ ഈറൻകാളിമ,
അസ്തമയമടുത്ത സൂര്യൻ-
അതിന്റെ മങ്ങുന്ന ഫലകത്തിനെതിരിൽ,
 അങ്ങകലെ, രണ്ടു പുള്ളിക്കുത്തുകൾ:
കറുത്ത സാൽവ ചുറ്റിയ രണ്ടു സ്ത്രീകൾ,
അവർ പള്ളിയിൽ പോയിട്ടു വരികയാവാം,
ഒരാൾ മറ്റേയാളോടു പറയുന്നുണ്ടാവാം,
എന്നും നടക്കുന്നൊരു കഥ,
അല്ലെങ്കിലൊരു പ്രണയപാപം-
വ്യക്തവും ലളിതവുമാണവളുടെ വാക്കുകൾ,
എന്നാലതിൽ നിന്നു പിന്നെയും നിങ്ങൾക്കു സൃഷ്ടിക്കാം,
തുടക്കം തൊട്ടെല്ലാം.
അതിനാലിതോർമ്മ വയ്ക്കുക, എന്നെന്നേക്കുമായി:
സൂര്യൻ, ഉഴുത പാടം, സ്ത്രീകൾ, പ്രണയം, സായാഹ്നം
തുടക്കമിടാൻ ഈ കുറച്ചു വാക്കുകൾ മതി-
നാളെ നാം മറ്റൊരിടത്താണെന്നും വരാം.

(Bronislaw Maj 1953ൽ ജനിച്ച പോളിഷ് കവി.)


ലിഡിയ ഡേവിസ്- വിവർത്തനത്തെക്കുറിച്ച്

 വിവർത്തനം ചെയ്യുന്നതിനിടയിൽ സ്വന്തം ഭാഷയെ കൂടുതൽ നന്നായി പരിചയമാവുകയാണ്‌ നമുക്ക്. സ്വന്തം കൃതി രചിക്കുമ്പോൾ നമ്മുടെ തിരഞ്ഞെടുപ്പുകൾ അത്രയും അവധാനപൂർവ്വമല്ല, അനിച്ഛാപൂർവ്വമാവുകയുമാണ്‌, ആദ്യത്തെ ഡ്രാഫ്റ്റിലെങ്കിലും. നമുക്കു സ്വാഭാവികമായിട്ടുള്ള പദാവലിയായിരിക്കും മനസ്സിലേക്കു കയറിവരിക. എന്നാൽ വിവർത്തനം ചെയ്യുമ്പോൾ നമ്മുടെ തിരഞ്ഞെടുപ്പുകളല്ല നമ്മെ നേരിടുന്നത്, മറ്റൊരെഴുത്തുകാരന്റെ തിരഞ്ഞെടുപ്പാണ്‌; അതു പകർന്നുകൊടുക്കാൻ സമർത്ഥമായ വാക്കുകൾ ബോധപൂർവ്വം നാം തേടിപ്പിടിക്കേണ്ടിവരും. അപ്പോഴാണ്‌ നമ്മുടെ ഭാഷയിലെ പര്യായപദങ്ങൾ എന്നുപറയുന്നവയെ നാം തടുത്തുകൂട്ടുന്നത്, ഏറ്റവും കൃത്യമായ ആ ഒന്നിനെ കണ്ടെത്താമെന്ന ആശയോടെ. അവ കൃത്യമായ തത്സമങ്ങളല്ല എന്നതു ശരിതന്നെ; അവയെല്ലാം ഒരല്പം വ്യത്യാസപ്പെട്ടിരിക്കും, വ്യത്യസ്തമായ ഉല്പത്തികളും വ്യത്യസ്തമായ ധ്വനികളുമുള്ളവ.



മിലാൻ കുന്ദേര- Testaments Betrayed

 മരിച്ചുപോയ ഒരാളുടെ ആഗ്രഹത്തെ മാനിക്കാതിരിക്കുക എത്ര എളുപ്പമാണ്‌. എന്നിട്ടും ചിലപ്പോഴൊക്കെ നാം അയാളുടെ ആഗ്രഹങ്ങൾക്കു വഴങ്ങിക്കൊടുക്കുന്നുണ്ടെങ്കിൽ അത് ഭയം കൊണ്ടല്ല, പ്രേരണ കൊണ്ടല്ല, മറിച്ച്, നാം അയാളെ സ്നേഹിക്കുന്നതുകൊണ്ടാണ്‌, അയാൾ മരിച്ചുപോയെന്നു വിശ്വസിക്കാൻ നാം വിസമ്മതിക്കുന്നതുകൊണ്ടാണ്‌. വൃദ്ധനായ ഒരു കർഷകൻ മരണശയ്യയിൽ കിടന്നുകൊണ്ട് ജനാലയ്ക്കു വെളിയിലുള്ള പഴയ പെയർ മരം മുറിച്ചുകളയരുതെന്ന് മകനോടഭ്യർത്ഥിക്കുകയാണെങ്കിൽ ആ മകൻ തന്റെ പിതാവിനെ സ്നേഹത്തോടെ ഓർമ്മിക്കുന്ന കാലത്തോളം പെയർ മരം അവിടെയുണ്ടാകും.

ആത്മാവിന്റെ നിത്യജീവനെക്കുറിച്ചുള്ള മതപരമായ ഒരു വിശ്വാസവുമായും ഇതിനൊരു ബന്ധവുമില്ല. മരിച്ചയാളെ ഞാൻ സ്നേഹിക്കുന്നുണ്ടെങ്കിൽ എനിക്കയാൾ മരിച്ചയാളല്ല എന്നേ അതിനർത്ഥമുള്ളു. “ഞാനയാളെ സ്നേഹിച്ചിരുന്നു,” എന്നുപോലും എനിക്കു പറയാൻ പറ്റില്ല; അല്ല, “ഞാനയാളെ സ്നേഹിക്കുന്നു,” എന്നായിരിക്കണം അത്. എനിക്കയാളോടുള്ള സ്നേഹത്തെക്കുറിച്ച് ഭൂതകാലത്തിൽ പറയാൻ ഞാൻ വിസമ്മതിക്കുനതിനർത്ഥം മരിച്ചയാൾ ‘ഉണ്ട്’ എന്നാണ്‌. മനുഷ്യന്റെ മതാത്മകമാനത്തിന്റെ ആധാരം അതായിരിക്കാം. തീർച്ചയായും ഒരാളുടെ അന്ത്യാഭിലാഷത്തെ മാനിക്കുക എന്നതിൽ ഒരു നിഗൂഢതയുണ്ട്: പ്രായോഗികവും യുക്തിപരവുമായ എല്ലാ ചിന്തകൾക്കുമപ്പുറത്താണത്; പെയർ മരം മുറിച്ചോ ഇല്ലയോ എന്ന് ശവക്കുഴിയിൽ കിടക്കുന്ന കർഷകൻ അറിയാനേ പോകുന്നില്ല; എന്നാൽ അയാളെ സ്നേഹിക്കുന്ന മകന്‌ അയാളെ അനുസരിക്കാതിരിക്കുക അസാദ്ധ്യവുമാണ്‌.
*

എന്റെ ചെറുപ്പത്തിൽ നിന്നൊരു ദിവസം എനിക്കോർമ്മ വരുന്നു: ഞാൻ ഒരു കൂട്ടുകാരനോടൊപ്പം കാറിൽ യാത്ര ചെയ്യുകയാണ്‌; ഞങ്ങൾക്കു മുന്നിൽ ആളുകൾ റോഡ് മുറിച്ചു നടക്കുന്നുണ്ട്. എനിക്കു തീരെ കണ്ണിനു പിടിക്കാത്ത ഒരു മനുഷ്യനെ അപ്പോൾ ഞാൻ കണ്ടു; അയാളെ ചൂണ്ടിക്കാണിച്ചുകൊണ്ട് ഞാൻ കൂട്ടുകാരനോടു പറഞ്ഞു: “അയാളെ ഇടിച്ചിട്!” ഞാനൊരു തമാശ പറഞ്ഞതായിരുന്നു, ശരി തന്നെ; പക്ഷേ ആ വാക്കുകൾ എന്റെ കൂട്ടുകാരനെ ഏതോ ഉന്മാദാവസ്ഥയിലേക്കു കൊണ്ടുപോയെന്നു തോന്നി; അവൻ ആക്സിലേറ്ററിൽ ആഞ്ഞുചവിട്ടി. ആ മനുഷ്യൻ പേടിച്ചു കാലിടറി റോഡിൽ വീണു. തൊട്ടു, തൊട്ടില്ലെന്ന മട്ടിൽ എന്റെ കൂട്ടുകാരൻ കാർ നിർത്തുകയും ചെയ്തു. അയാൾക്കു പരിക്കൊന്നും പറ്റിയില്ല; പക്ഷേ ആളുകൾ ഞങ്ങളെ തല്ലിക്കൊല്ലുമെന്ന മട്ടിൽ (അതു പറയേണ്ടല്ലോ) ചുറ്റും കൂടി. കൊലപാതകിയുടെ പ്രകൃതമൊന്നും എന്റെ കൂട്ടുകാരനില്ല. പക്ഷേ എന്റെ വാക്കുകൾ അപ്പോൾ ഒരു ക്ഷണികലഹരിയിലേക്ക് അവനെ കൊണ്ടുപോവുകയായിരുന്നു (അതും എത്രയും വിചിത്രമായ ഒരു ലഹരി, ഒരു തമാശയുടെ ലഹരി).
അങ്ങനെയൊരു ലഹരിയെ നാം സാധാരണ ബന്ധപ്പെടുത്തുക മിസ്റ്റിക് അനുഭൂതിയുടെ മുഹൂർത്തങ്ങളുമായിട്ടാണ്‌. എന്നാൽ നിത്യജീവിതത്തോടു ബന്ധപ്പെട്ട, സർവസാധാരണമായ, പ്രാകൃതമായ ലഹരി എന്നൊരു സംഗതി കൂടിയുണ്ട്: കോപത്തിന്റെ ലഹരി, സ്റ്റിയറിങ്ങ് വീലിനു പിന്നിലെ ലഹരി, കാതടപ്പിക്കുന്ന ഒച്ചയുടെ ലഹരി, ഫുട്ബാൾ സ്റ്റേഡിയത്തിലെ ലഹരി. ജീവിക്കുക എന്നാൽ നമ്മെ നമ്മുടെ കണ്ണിൽ നിന്നു തെറ്റിപ്പോകാതെ നോക്കാനുള്ള, നമ്മെ നമ്മിൽത്തന്നെ, നമ്മുടെ സ്ഥായിയിൽത്തന്നെ പിടിച്ചുനിർത്താനുള്ള നിരന്തരവും കഠിനവുമായ യത്നമാണ്‌. ഒരു നിമിഷത്തേക്കെങ്കിലും നാം നമ്മിൽ നിന്നു പുറത്തേക്കൊരു ചുവടുവച്ചുകഴിഞ്ഞു, മരണം ഭരിക്കുന്ന ദേശത്താണു നാമെത്തുക.
*

കാഫ്ക എഴുതിയിട്ടുള്ളതിൽ വച്ചേറ്റവും സുന്ദരമായ ലൈംഗികവര്‍ണ്ണന കാസിലിന്റെ മൂന്നാമത്തെ അദ്ധ്യായത്തിലാണ്‌: കെ.യും ഫ്രീഡയും തമ്മിലുള്ള വേഴ്ച. വെള്ളനിറവും വെള്ള മുടിയുമുള്ള, തീർത്തും അനാകർഷകയായ ഒരു ചെറിയ പെണ്ണിനെ കണ്ട് ഒരു മണിക്കൂറിനുള്ളിൽ അയാൾ ബാറിനു പിന്നിൽ “ബിയറു തളം കെട്ടിക്കിടക്കുന്നതും മറ്റഴുക്കുകൾ നിറഞ്ഞതുമായ തറയിൽ” അവളുമായി കെട്ടിമറിയുകയാണ്‌. അഴുക്ക്: ലൈംഗികതയിൽ നിന്ന്, അതിന്റെ സത്തയിൽ നിന്ന് അഭേദ്യമാണത്.

എന്നാൽ തൊട്ടു പിന്നാലെ, അതേ ഖണ്ഡികയിൽ തന്നെ, കാഫ്കയുടെ വാക്കുകൾ ലൈംഗികതയുടെ കവിത പകരുന്നു: “മണിക്കൂറുകൾ അവിടെ കടന്നുപോയി, ശ്വാസങ്ങളൊരുമിച്ചെടുക്കുന്ന മണിക്കൂറുകൾ, ഹൃദയങ്ങളൊരുമിച്ചു മിടിക്കുന്ന മണിക്കൂറുകൾ, തനിയ്ക്കു വഴി തെറ്റുന്നുവെന്നും ഒരന്യദേശത്ത് മുമ്പൊരാളും ചെല്ലാത്തത്ര ഉള്ളിലേക്കു കടന്നുചെല്ലുകയാണു താനെന്നുമുള്ള തോന്നൽ കെ.യെ പിരിയാതെ നിന്ന മണിക്കൂറുകൾ; വായുവിൽ പോലും സ്വദേശത്തിന്റെ ഒരംശമില്ലാത്ത ഒരപരിചിതദേശത്താണയാൾ; ആ അപരിചിതത്വം ശ്വാസം മുട്ടിക്കുന്നതാണെങ്കിലും അതിന്റെ മൂഢവിലോഭനങ്ങളിലേക്കു പിന്നെയുമെടുത്തുചാടുകയല്ലാതെ, പിന്നെയും വഴി തെറ്റുകയല്ലാതെ ഒന്നും ചെയ്യാനുമില്ല...“

സുരതത്തിന്റെ ദൈർഘ്യം അപരിചിതത്വത്തിന്റെ ആകാശത്തിനു ചുവടെയുള്ള നടത്തയുടെ രൂപകമായി മാറുകയാണിവിടെ. എന്നാൽ ആ നടത്തം വൈരൂപ്യവുമല്ല; മറിച്ച്, അതു നമ്മെ ആകർഷിക്കുകയാണ്‌, പിന്നെയുമുള്ളിലേക്കു ചെല്ലാൻ നമ്മെ ക്ഷണിക്കുകയാണ്‌, നമ്മെ ലഹരി പിടിപ്പിക്കുകയാണ്‌: ഇതു സൗന്ദര്യമാണ്‌.

ചില വരികൾക്കു ശേഷം: ”ഫ്രീഡയെ കൈകളിലൊതുക്കി നില്ക്കുമ്പോൾ അയാൾ ഏറെ സന്തോഷത്തിലായിരുന്നു, ഏറെ ഉത്കണ്ഠയിലുമായിരുന്നു; എന്തെന്നാൽ ഫ്രീഡ തന്നെ വിട്ടുപോയാൽ തനിക്കുള്ളതൊക്കെ വിട്ടുപോകുമെന്ന് അയാൾക്കു തോന്നിപ്പോയി.“ എങ്കിൽ ഇതു പ്രണയമാണോ? തീർച്ചയായുമല്ല, പ്രണയമല്ല. നിഷ്കാസിതനായ, സ്വന്തമായിട്ടുള്ളതെല്ലാം കവർന്നെടുക്കപ്പെട്ട ഒരാൾക്കു പിന്നെ, ആരെന്നു തനിക്കറിയാത്ത, ബിയറു തളം കെട്ടിയ തറയിൽ കിടന്നു താൻ കെട്ടിപ്പിടിച്ച ഒരു കൊച്ചുപെണ്ണ്‌ ഒരു പ്രപഞ്ചമാകെത്തന്നെയാവുന്നു- അതിൽ പ്രണയത്തിനു കാര്യമില്ല.

(മിലൻ കുന്ദേരയുടെ Testaments Betrayed എന്ന പുസ്തകത്തിൽ നിന്ന്)

മരിയ പാവ്ലിക്കോവ്സ്ക-ജസ്നോർസെവ്സ്ക - കത്തുകൾ

 

അഗ്നിയിലേക്കു പോകട്ടെ,
എന്റെ പ്രണയലേഖനങ്ങൾ!
അഗ്നിയിലേക്കു പോകട്ടെ,
എന്റെ കടലാസുതാളുകൾ!
അഗ്നിനാളങ്ങളാണ്‌ നിങ്ങളെ 
പ്രചോദിപ്പിച്ചതെന്നതിനാൽ,
അഗ്നിനാളങ്ങൾ തന്നെയാവും
നിങ്ങൾക്കു ശവക്കോടി!


(പോളിഷ് കവി 1893-1945)

ഹാൻസ് മാഗ്നസ് എൻസെൻസ്ബെർഗർ- കവിതകൾ

സന്ദർശനം

ഒഴിഞ്ഞ താളിൽ നിന്നു തലപൊക്കി നോക്കിയപ്പോൾ
മുറിക്കുള്ളിൽ ഒരു മാലാഖയുണ്ടായിരുന്നു.

എടുത്തുപറയാൻ ഒന്നുമില്ലാത്ത ഒരു മാലാഖ,
മാലാഖമാരുടെ ഗണത്തിൽ താഴത്തെ തട്ടിലുള്ളയാളായിരിക്കണം.

നിങ്ങൾക്കു സങ്കല്പിക്കാൻ പോലുമാവില്ല, അവൻ പറഞ്ഞു,
ഏതളവിൽ ഉപേക്ഷണീയനാണു നിങ്ങളെന്ന്.

നീലയുടെ പതിനയ്യായിരം നിറഭേദങ്ങളിൽ,
അവൻ പറഞ്ഞു, ഓരോന്നിനുമുണ്ടൊരു പ്രാധാന്യം,

നിങ്ങളെന്തു ചെയ്താലുമതിനും മേലെയായി,
എന്തു ചെയ്യാതിരുന്നാലുമതിനും മേലെയായി.

ചന്ദ്രകാന്തത്തിന്റെ കാര്യം പിന്നെ പറയേണ്ടല്ലോ,
മഗല്ലെനിക് മേഘത്തിന്റെ കാര്യവും.

ഒരു നാട്യവുമില്ലാത്ത വാഴച്ചെടി പോലുമില്ലാതാവുമ്പോൾ 
ഒരു വിടവു ശേഷിപ്പിക്കും. നിങ്ങളങ്ങനെയല്ല.

അവന്റെ തിളങ്ങുന്ന കണ്ണുകളിൽ നിന്നെനിക്കു കാണാം-
ഒരു തർക്കം, ഒരു ദീർഘയുദ്ധം അവനാഗ്രഹിക്കുന്നുണ്ട്.

ഞാൻ അനങ്ങിയതേയില്ല. 
ഒന്നും മിണ്ടാതെ ഞാൻ കാത്തിരുന്നു, ഒടുവിലവൻ പോയിമറയുന്നതുവരെ.
*

ജീവന്റെ പാതിയും



ആദ്യമൊക്കെ തീരെക്കുറച്ചുപേർ ഇരയായി എന്നേ ഉണ്ടായിരുന്നുള്ളു.
ഒരാൾ കാറു കയറി മരിച്ചു, 6ബിയിലെ ആ വിടുവായൻ;
അല്ലെങ്കിൽ മുടി പിന്നിയിടാറുള്ള, തടിച്ചുകൊഴുത്ത ആ കസിൻ,
പ്രത്യേകിച്ചൊരു മണവുമായിരുന്നു അവൾക്ക്,
അവൾ പൊയ്ക്കഴിഞ്ഞു, പൊടുന്നനേ പൊയ്ക്കഴിഞ്ഞു.
വേറേ ചിലർ തീയിൽ വെന്തുമരിച്ചു, അല്ലെങ്കിൽ
പാതിരാത്രിയിൽ ആരോ അവരെ വിളിച്ചിറക്കിക്കൊണ്ടുപോയി.
പില്ക്കാലത്ത് കറുത്ത ബോർഡറുള്ള കത്തുകൾ വരാൻ തുടങ്ങി,
നിഴലുകൾ പോലെ അതു വളർന്നുവന്നു
-കാണാതാകുന്നവരുടെ ചെറുസംഘം.
ഈയാളുടെ തൊപ്പിയോ അയാളുടെ വായയോ
നിങ്ങൾക്കോർമ്മിച്ചെടുക്കാനാവുന്നില്ല.
പിന്നെ, ഒരു നാൾ, ആ നിമിഷമെത്തുന്നു,
നിങ്ങളുടെ കണ്ണിൽ പെടാതെ, അതു കടന്നുപോവുകയും ചെയ്യുന്നു,
നിങ്ങളെ ഊട്ടുകയും വെറുക്കുകയും പഠിപ്പിക്കുകയും
ചുംബിക്കുകയും ചെയ്തവരിൽ പാതിയും കാണാതാകുന്ന നിമിഷം.
*

താക്കോലുകളുടെ ശക്തി



അന്നൊക്കെ, ദ്വീപുകളിലും കാടുകൾക്കപ്പുറവും,
ഒരാളും വീടകത്തു നിന്നു പൂട്ടിയിരുന്നില്ല,
വീടു പൂട്ടിയിറങ്ങിയിരുന്നുമില്ല.
അടുക്കളവാതിൽ എന്നും തുറന്നുകിടന്നിരുന്നു.
ഇന്നുപക്ഷേ, നമ്മെയെല്ലാം
താക്കോൽവളയങ്ങളോടു ഘടിപ്പിച്ചിരിക്കുകയാണ്‌.
ഓടാമ്പലുകൾ, താഴുകൾ,
മാൻഹട്ടണിലെന്നപോലെ വേലികൾ.
ഒരാൾക്ക് തന്റെയിടത്തിനുള്ള ഉടമസ്ഥാവകാശം നല്കുന്ന
ഈ കിലുങ്ങുന്ന സാധനം നഷ്ടപ്പെടുത്തുകയോ
മറന്നുപോവുകയോ സ്ഥാനം മാറ്റി വയ്ക്കുകയോ ചെയ്തോ,
അയാളുടെ കാര്യം കഷ്ടം തന്നെ.
നമ്മുടെ സ്വന്തം ഒഴിഞ്ഞ കീശ പോലെ തേഞ്ഞവരായി,
ബഹിഷ്കൃതരായി, കിടക്കാനിടമില്ലാത്തവരായി
നാം നമ്മുടെ നെറ്റിത്തടം കൊണ്ടിടിയ്ക്കുന്നു,
നമ്മുടെതന്നെ മുൻവാതിലുകളിൽ.

*


താപനിലകൾ


ഒരുഷ്ണമാപിനിയുമളക്കാത്ത താപനിലകളുണ്ട്,
ചർമ്മത്തിനു മാത്രം തിരിച്ചറിയാവുന്നത്:
പാൽ മണക്കുന്ന കൈക്കുഞ്ഞിന്റെ ഇളംചൂടുള്ള നിശ്വാസം,
ഫ്രിഡ്ജ് തുറക്കുമ്പോൾ പീച്ച് പഴങ്ങളുടെ ശീതപ്രസാരം,
അഞ്ചാംപനിയുടെ രോഷത്തിന്റെ ചുവന്ന തടിപ്പുകൾ,
കുഞ്ഞിന്റെ ജിജ്ഞാസുവായ നാവിൻ തുമ്പിലെരിയുന്ന 
ഉറമഞ്ഞിന്റെ ശീതപുഷ്പം;
അതും കൂടാതെ, നമ്മുടെ വിരൽത്തുമ്പുകളിലെ
അസൂയയുടെ ജ്വരദീപ്തി,
തലച്ചോറിനെ പ്രളയത്തിലാഴ്ത്തിയെരിയുന്ന നാണക്കേട്;
പിന്നെ, നമ്മുടെ ഗാലക്സിയുടെ മറ്റൊരു കാലത്തിലും ബിന്ദുവിലും 
സമാന്തരമില്ലാത്തതൊന്ന്:
കിടക്കയിലന്യോന്യം പറ്റിച്ചേർന്നു കിടക്കുന്ന രണ്ടൂഷ്മളതകൾ.

*


ആത്മകഥാകാരൻ

അന്യരെക്കുറിച്ചാണയാളെഴുതുന്നത്,
തന്നെക്കുറിച്ചയാളെഴുതുമ്പോൾ.
തന്നെക്കുറിച്ചാണയാളെഴുതുന്നത്,
തന്നെക്കുറിച്ചല്ലാതയാളെഴുതുമ്പോൾ.
അയാളവിടെയില്ല, അയാളെഴുതുമ്പോൾ.
അയാളെഴുതുന്നുമില്ല, അയാളവിടെയുള്ളപ്പോൾ.
അയാളെഴുതുന്നു, മറയാനായി.
അയാൾ മറയുന്നു, എഴുതാനായി.
അയാൾ മറഞ്ഞുകഴിഞ്ഞു,
താനെഴുതിയതിനുള്ളിൽ.

*

ഹാൻസ് മാഗ്നസ് എൻസെൻസ്ബെർഗർ - അഭിമുഖം

 ചോദ്യം: എന്താണ്‌ അങ്ങയുടെ സാഹിത്യപാരമ്പര്യം? ആരെയാവും അങ്ങു പരാമർശിക്കുക?

ഹാൻസ് മാഗ്നസ് എൻസെൻസ്ബെർഗർ: ജീവിതാരംഭത്തിലേ ആർജ്ജിച്ചതാണ്‌ വായന എന്ന ദൂഷ്യം. അപ്പോൾ, പറയാനാണെങ്കിൽ ഒരാൾക്കൂട്ടം തന്നെയുണ്ട്, അങ്ങ് പൗരാണികകാലം വരെ നീണ്ടുചെല്ലുന്നത്. മൗലികത എന്ന കൾട്ടിനെ ഞാൻ സംശയത്തോടെയേ കണ്ടിട്ടുള്ളു. കാരണം, നിങ്ങൾക്കും വളരെക്കാലം മുമ്പേ നടപ്പുള്ള ഒരു സംഗതിയുമായിട്ടാണ്‌ നിങ്ങളുടെ നടപ്പ്; താൻ പൂജ്യത്തിൽ നിന്നാണ്‌ തുടങ്ങുന്നതെന്നു സങ്കല്പിക്കുന്നതോ അങ്ങനെ നടിക്കുന്നതോ വലിയ മൂഢതയാണ്‌. അത് സാദ്ധ്യമല്ല, അഭിലഷണീയവുമല്ലത്. കൂടാതെ ഞാൻ മറ്റു ഭാഷകളിൽ നിന്ന് കണ്ടമാനം വിവർത്തനം ചെയ്യാറുണ്ട്. പരോപകാരത്തിനായി മാത്രം ചെയ്യുന്നതല്ലത്; അതിൽ കുറച്ചു സ്വാർത്ഥതയുമുണ്ട്. ഒരു സംഗതിയുടെ പ്രവർത്തനരീതി കണ്ടുപഠിക്കാനായി അതഴിച്ചെടുത്തു നോക്കുന്നപോലെയാണത്. വ്യാപാരരഹസ്യങ്ങൾ നിങ്ങൾക്കു പഠിക്കാൻ പറ്റും. വിവർത്തനം ഒരെഴുത്തുരീതി കൂടിയാണ്‌. നിങ്ങൾ വിവർത്തനം ചെയ്യുന്ന സംഗതി എത്ര അന്യമാണോ, അത്രയും നല്ലതാണ്‌; അതിലൂടെ മറ്റൊരു ലോകത്തേക്ക് നിങ്ങൾക്കൊരുൾക്കാഴ്ച കിട്ടുകയാണ്‌.

ചോദ്യം: ഒരു വായനക്കാരന്‌ ഒരു കവിതയോടു പ്രതികരിക്കാനുള്ള അവകാശത്തെക്കുറിച്ച്, തനിക്കിഷ്ടമുള്ള രീതിയിൽ അതിനെ കാണാനുള്ള അവകാശത്തെക്കുറിച്ച് താങ്കൾ എഴുതിയിട്ടുണ്ട്. അതേ സമയം, ഒരു കവിതയിൽ ചില സ്വാതന്ത്ര്യങ്ങൾ എടുക്കാതിരിക്കാനുള്ള വിവർത്തകരുടെ ഉത്തരവാദിത്വത്തെക്കുറിച്ചും താങ്കൾ ഇന്നു സൂചിപ്പിച്ചിരുന്നു. എങ്കിൽ, വിവർത്തകനെ ഒരു തരം വായനക്കാരനായും വിവർത്തനത്തെ ഒരുതരം സമഗ്രവായനയായും കരുതിയാൽ വിവർത്തകരുടെ അവകാശങ്ങളും വായനക്കാരുടെ അവകാശങ്ങളും തമ്മിലുള്ള വൈജാത്യങ്ങളെക്കുറിച്ച് താങ്കൾക്ക് എന്താണു പറയാനുള്ളത് എന്നാണു ഞാൻ ആലോചിക്കുന്നത്.

ഹാൻസ് മാഗ്നസ് എൻസെൻസ്ബെർഗർ: കൗതുകകരമായ, വളരെ ആഴമുള്ളതുമായ ഒരു ചോദ്യം; കാരണം, വിവർത്തകന്മാരുണ്ടായ കാലം മുതൽ തർക്കവിഷയമായ ഒന്നാണത്. പക്ഷേ അതിനു മുമ്പ് വിവർത്തകരെ സംബന്ധിച്ച് വളരെ പ്രാഥമികമായ ഒന്നിനെക്കുറിച്ച് എനിക്കു ചിലതു പറയാനുണ്ട്: ചെയ്ത ജോലിക്ക് കൂലി കിട്ടാനുള്ള അവകാശം അവർക്കുണ്ട്. അർഹമായ പരിഗണന കിട്ടാനുള്ള അവകാശം അവർക്കുണ്ട്. പകർപ്പവകാശത്തിന്‌, ഭീമന്മാരായ പ്രസാധകസംരഭങ്ങൾ കൊള്ളയടിക്കാതിരിക്കാനുള്ള അവകാശം അവർക്കുണ്ട്. കുറേ വർഷങ്ങൾ ഞാനും ഒരു പ്രസാധകനായിരുന്നു; വിവർത്തകരുടെ അവകാശങ്ങൾക്കു വേണ്ടിയാണ്‌ ഞാനെന്നും നിലകൊണ്ടിരുന്നത്. സാഹിത്യത്തിലെ അഭിജാതരായ കൂലിപ്പണിക്കാർ എന്ന് ഞാൻ അവരെ വിളിക്കുന്നു. പക്ഷേ, അതുപോകട്ടെ; താങ്കളുടെ ചോദ്യം അതായിരുന്നില്ലല്ലോ. അതിനൊരു നിയമം വയ്ക്കുക ദുഷ്കരമാണെന്ന് എനിക്കു തോന്നുന്നു; ഒരുകൂട്ടം സാദ്ധ്യതകളാണ്‌ ഇക്കാര്യത്തിലുള്ളത്. പണ്ടുകാലത്ത്, ഉദാഹരണത്തിന്‌, ഒരു സംസ്കൃതപാഠത്തിന്റെ വിവർത്തനമെടുത്താൽ അത് വിദഗ്ധരുടേതായ ഒരു കാര്യമായിരുന്നു; മിക്കപ്പോഴും സംസ്കൃതത്തിൽ നല്ല പരിജ്ഞാനമുള്ള, എന്നാൽ ഭാഷയുടെ സംഗീതം കേൾക്കാൻ കാതില്ലാത്ത പ്രൊഫസർമാരുടെ വിഷയം. മൂലത്തിന്റെ വരി തിരിച്ചുള്ള വിവർത്തനമായിരിക്കും അതിന്റെ ഫലം. കാതില്ല, സംഗീതമില്ല, ഒന്നുമില്ല എങ്കിൽ എന്തിനു നിങ്ങൾ അതിനിറങ്ങണം? വിവർത്തനങ്ങളുടെ കാലാവധിയെക്കുറിച്ച് കൗതുകകരമായ ഒരു കാര്യം കൂടി ഇവിടെ പറയട്ടെ. പ്രധാനപ്പെട്ട ഒരു പുസ്തകമാണെങ്കിൽ ഓരോ അമ്പതുകൊല്ലം കൂടുമ്പോഴും അതിനു പുതിയൊരു വിവർത്തനം ഉണ്ടാകണം. പഴയ ഒരു വിവർത്തനം വായിക്കുമ്പോൾ, ഉദാഹരണത്തിന്‌ പതിനാറാം നൂറ്റാണ്ടിലെ ഒരു പുസ്തകത്തിന്റെ പത്തൊമ്പതാം നൂറ്റാണ്ടിലെ വിവർത്തനമാണതെങ്കിൽ നിങ്ങൾക്കൊരു വിക്ടോറിയൻ മണം അനുഭവപ്പെടും. അപ്പോൾ അത് മാറ്റിയെഴുതണം. 

ചോദ്യം: ഇംഗ്ലീഷിലേക്കുള്ള താങ്കളുടെ വിവർത്തനങ്ങൾ, താങ്കൾ സ്വന്തമായി ചെയ്ത വിവർത്തനങ്ങൾ, മൂലപാഠത്തിൽ സ്വാതന്ത്ര്യങ്ങളെടുത്തിരിക്കുന്നതായി ഞാൻ ശ്രദ്ധിച്ചു. അപ്പോൾ മറ്റൊരു ഭാഷയിലേക്കുള്ള ഈ രക്ഷപ്പെടൽ പുതിയൊരു വഴി തുറക്കലാണല്ലേ?

ഹാൻസ് മാഗ്നസ് എൻസെൻസ്ബെർഗർ: തന്നെത്തന്നെ വിവർത്തനം ചെയ്യുമ്പോൾ നിങ്ങൾക്കു കിട്ടുന്ന ഒരു സവിശേഷാവകാശമാണത്. അങ്ങനെയൊരു സ്വാതന്ത്ര്യം പക്ഷേ, ഒരു വിവർത്തകനില്ല. പദാനുപദവിവർത്തനം കൊണ്ടു കാര്യമില്ലെന്നു നമുക്കറിയാമല്ലോ. ഞാൻ ജർമ്മനിൽ ഒരു കവിതയെഴുതുകയാണെന്നും അതിൽ പട്ടാളത്തെക്കുറിച്ചു വരുന്നുണ്ടെന്നുമിരിക്കട്ടെ; സ്വന്തം പദാവലിയും പാരമ്പര്യവുമായി ഒരു പട്ടാളസംസ്കാരം ജർമ്മനിയ്ക്കുണ്ട്. അതേ കവിത ഞാൻ ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്യുമ്പോൾ ബ്രിട്ടീഷ് പട്ടാളത്തെ ഞാൻ കാണണം; അതിന്റെ പദാവലി വ്യത്യസ്തമാണ്‌, ശീലങ്ങൾ വ്യത്യസ്തമാണ്‌, കിറുക്കു പോലും വ്യത്യസ്തമാണ്‌. പട്ടാളത്തെ മൊത്തമായിട്ടെടുത്താൽ ഒരല്പം പൊറുതി കെട്ടതാണെന്നതു ശരിതന്നെ.

(2022 നവംബർ 24നു മരിച്ചുപോയ ജർമ്മൻ എഴുത്തുകാരനും വിവർത്തകനുമായ ഹാൻസ് മാഗ്നസ് എൻസെൻസ്ബെർഗർ ഒരഭിമുഖത്തിൽ പറഞ്ഞത്)


എയ്ഞ്ചൽ ഗൊൺസാലെസ്- കവിതകൾ

 Angel Gonzalez Muniz (1925-2008)- Generation of 1950 എന്ന ഗ്രൂപ്പിൽ പെട്ട ഏറ്റവും പ്രധാനപ്പെട്ട സ്പാനിഷ് കവി. സ്പാനിഷ് ആഭ്യന്തരയുദ്ധവും തുടർന്നുണ്ടായ ഫ്രാങ്കോയുടെ സ്വേച്ഛാധിപത്യവും നേരിട്ടു വളർന്നയാളാണെന്നതിനാൽ ‘അടക്കം പറഞ്ഞുകൊണ്ടു പ്രതിഷേധിക്കാൻ, ഉള്ളിൽ ശപിക്കാൻ, പറയുന്നതു വ്യക്തമാക്കാതിരിക്കാൻ, നേരിട്ടല്ലാതെ എഴുതാനാണ്‌’ താൻ ശീലിച്ചതെന്ന് അദ്ദേഹം പറയുന്നുണ്ട്.


പ്രതിമകൾക്കൊരു സന്ദേശം

ഘോരമായി കോലം കെടുത്തപ്പെട്ട ശിലകളേ, കല്ലുളിയുടെ കൃത്യമായ പ്രഹരം കൊണ്ടു തകർന്ന നിങ്ങൾ അവർ നിങ്ങൾക്കു നല്കിയ അന്തിമരൂപം വരാനുള്ള നൂറ്റാണ്ടുകൾക്കായി പ്രദർശിപ്പിച്ചുനില്ക്കും: ഒരു നെടുവീർപ്പിലുമിളകാത്ത മാറിടം, ക്ഷീണമെന്തെന്നറിയാത്ത ഉറച്ച കാലുകൾ, ഫലമില്ലാത്ത യത്നത്താൽ വലിഞ്ഞുമുറുകിയ മാംസപേശികൾ, കാറ്റു പിടിച്ചുലയ്ക്കാത്ത മുടിച്ചുരുളുകൾ, വെളിച്ചത്തെ നിഷേധിക്കാനായി തുറന്ന കണ്ണുകൾ. എന്നാൽ നിങ്ങളുടെ അചഞ്ചലമായ ധാർഷ്ട്യം, നിങ്ങളുടെ തണുത്തുറഞ്ഞ സൗന്ദര്യം, നിർവ്വികാരമായ ചേഷ്ടകളിലെ പുച്ഛം നിറഞ്ഞ വിശ്വാസദാർഢ്യം, -അവയ്ക്കൊരുനാൾ അന്ത്യമാകും. നിങ്ങളെക്കാൾ ശാഠ്യമുള്ളതാണ്‌ കാലം. എന്തിനേയും പോലെ മണ്ണ്‌ നിങ്ങളേയും കാത്തുനില്ക്കുന്നു. സ്വന്തം ഭാരം കൊണ്ടുതന്നെ നിങ്ങളതിൽ വീഴും, നിങ്ങൾ, ചാരമല്ലെങ്കിൽ അവശിഷ്ടങ്ങളെങ്കിലുമാകും, പൊടിയാകും, നിങ്ങൾ കിനാക്കണ്ട നിത്യത ഒന്നുമല്ലാതാകും. കല്ലിലേക്കു കല്ലായി നിങ്ങൾ മടങ്ങും, അഗണ്യമായ ധാതു, തകർന്നമ്പിയ ചല്ലി. ഏതു പ്രതാപത്തെ ഓർമ്മപ്പെടുത്താനായി നിങ്ങളെ പടുത്തുയർത്തിയോ, കഠിനവും ഭവ്യവും വിശ്രുതവും വിജയശ്രീലാളിതവുമായ ആ അശ്വാരൂഢസ്വപ്നവും വിസ്മൃതിയായി ചിതറിപ്പോകും.

പരുഷലോകം

പേലവമായിരുന്നപ്പോൾ നിന്നെ ഞാൻ കൈകളിലെടുത്തു, അരുമലോകമേ. ഒരു മേഘം തന്നെയായിരുന്ന യാഥാർത്ഥ്യമേ, എങ്ങനെ നീയെന്റെ കൈകളിൽ നിന്നു പറന്നുപോയി! ഇന്നു ഞാൻ പിന്നെയും നിന്നെയറിയുന്നു. നിന്റെ വെളിച്ചത്തിലൂടെയല്ല, നിന്റെ തൊലിയിലൂടെ. നിന്റെ സുവ്യക്തസാന്നിദ്ധ്യം ഞാനറിയുന്നു ...നിശിതമായ ബാഹ്യരേഖകൾ, കല്ലിച്ച ധ്രുവരേഖകൾ, എന്റെ രണ്ടു കൈകളിലൊതുങ്ങാത്ത പരുഷലോകം!

മരിച്ചവർക്കൊരു ശകാരം

മരിച്ചവർ സ്വാർത്ഥികളാണ്‌: അവർ നമ്മെ കരയിക്കുന്നു, നമ്മൾ കരയുന്നതവർ കാര്യമാക്കുന്നതുമില്ല. ഒട്ടും സൗകര്യമില്ലാത്തിടങ്ങളിൽ ഒച്ചയനക്കമില്ലാതവരിരിക്കുന്നു. നടക്കാനവർ കൂട്ടാക്കുന്നില്ല, കുട്ടികളെപ്പോലെ നമുക്കവരെയെടുത്ത് കുഴിമാടങ്ങളിൽ കിടത്തേണ്ടിവരികയാണ്‌. എന്തു ഭാരമാണവർക്ക്! വല്ലാതെ വെറുങ്ങലിച്ച അവരുടെ മുഖങ്ങൾ എന്തിന്റെയോ പേരിൽ നമ്മെ കുറ്റപ്പെടുത്തുന്നു, അല്ലെങ്കിൽ നമ്മെ താക്കീതു ചെയ്യുന്നു: നമ്മുടെ മനഃസാക്ഷിക്കുത്താണവർ, നാം പിന്തുടരാൻ പാടില്ലാത്ത മാതൃകയാണ്‌, നമ്മുടെ ജീവിതങ്ങളിൽ എന്നുമെന്നും നടക്കുന്ന ഏറ്റവും മോശമായ കാര്യമാണ്‌. അവരെ കൊല്ലാൻ ഒരു വഴിയുമില്ല എന്നതാണു പിന്നെയും കഷ്ടം. അക്കാരണം കൊണ്ടുതന്നെ എണ്ണിയാലൊടുങ്ങാത്തതാണ്‌ അവരുടെ നിരന്തരമായ നശീകരണകൃത്യങ്ങളും. നിർവ്വികാരർ, അകന്നവർ, നിർബ്ബന്ധബുദ്ധികൾ, തണുത്തവർ, തങ്ങളുടെ ഗർവ്വും തങ്ങളുടെ മൗനവും കൊണ്ട് എന്തൊക്കെയാണവർ തകർക്കുന്നതെന്ന് അവരറിയുന്നതുമില്ല.

ജന്മദിനം

ഞാനിതു ശ്രദ്ധിച്ചുതുടങ്ങിയിരിക്കുന്നു: പതുക്കെപ്പതുക്കെ എനിക്കൊരുറപ്പില്ലാതെവരികയാണ്‌, ഞാൻ ആശയക്കുഴപ്പത്തിലാവുകയാണ്‌, ദൈനന്ദിനാന്തരീക്ഷത്തിൽ അലിഞ്ഞുപോവുകയാണ്‌ ഞാൻ, എന്റെതന്നെ പരുക്കൻ പഴന്തുണി, വലിഞ്ഞതും കയ്യറ്റം കീറിയതും. എനിക്കു മനസ്സിലാവുന്നുണ്ട്: ഒരു കൊല്ലം കൂടി ഞാൻ ജീവിച്ചുകഴിഞ്ഞിരിക്കുന്നു, അതൊരു ദുഷ്കരമായ കാര്യമാണെന്നും. ദിനേന മിനിട്ടിൽ നൂറു തവണയോളം ഹൃദയത്തെ ചലിപ്പിക്കുക! ഒരു കൊല്ലം ജീവിക്കാൻ മാത്രമായി പിന്നെയും പിന്നെയും മരിക്കേണ്ടിവരുന്നു നിങ്ങൾക്ക്.


എഡ്വാർഡോ ഗലിയാനോ

 ജിജ്ഞാസുക്കൾ

സോളിഡാഡ്, അഞ്ചു വയസ്സ്, ഹുവാനിറ്റ ഫെർണാണ്ടസിന്റെ മകൾ: “നായ്ക്കൾ മധുരം കഴിക്കാത്തതെന്താ?”

വേര, ആറു വയസ്സ്, എൽസ വിയാഗ്രയുടെ മകൾ: “രാത്രി ഉറങ്ങാൻ പോകുന്നതെവിടെയാണ്‌? ഈ കട്ടിലിനടിയിലാണോ രാത്രി ഉറങ്ങാൻ കിടക്കുന്നത്?”

ലൂയിസ്, ഏഴു വയസ്സ്, ഫ്രാൻസിസ്ക ബെർമൂഡെസിന്റെ മകൻ: “വിശ്വസിച്ചില്ലെങ്കിൽ ദൈവമെന്നോടു കോപിക്കുമോ? ഇതെങ്ങനെ ദൈവത്തിനോടു പറയണമെന്ന് എനിക്കറിഞ്ഞുകൂടാ.”

മാർക്കോസ്, ഒമ്പതു വയസ്സ്, സിൽവിയ അവാദിന്റെ മകൻ: “ദൈവം സ്വയം തന്നെ സൃഷ്ടിക്കുകയായിരുന്നെങ്കിൽ എങ്ങനെയാണ്‌ സ്വന്തം മുതുകുണ്ടാക്കിയത്?”

കാർലിറ്റോസ്, നാല്പതു വയസ്സ്, മരിയ സ്കലിയോനിയുടെ മകൻ: “അമ്മേ, എന്റെ പാലുകുടി നിർത്തിയപ്പോൾ എനിക്കെത്ര വയസ്സായിരുന്നു? എന്റെ സൈക്ക്യാട്രിസ്റ്റിന്‌ അതറിയണമത്രെ.”

*


മനുഷ്യാദ്ധ്വാനം

മുഹമ്മദ് അഷ്‌റഫ് സ്കൂളിൽ പോകാറില്ല. 

സൂര്യോദയം മുതൽ ചന്ദ്രോദയം വരെ അവൻ അളക്കുകയും മുറിക്കുകയും രൂപപ്പെടുത്തുകയും തുളയിടുകയും തുന്നുകയും ചെയ്ത് ഫുട്ബോളുകളുണ്ടാക്കുകയാണ്‌. അവ പിന്നെ പാകിസ്താനിലെ ഉമർ കോട്ട് എന്ന ഗ്രാമത്തിൽ നിന്നുരുണ്ട് ലോകത്തെ സ്റ്റേഡിയങ്ങളിലേക്കു പോകുന്നു.

മുഹമ്മദിനു പ്രായം പതിനൊന്ന്. അഞ്ചാം വയസ്സു മുതൽ അവൻ ഇതുതന്നെ ചെയ്തുകൊണ്ടിരിക്കുന്നു.

അവന്‌ വായിക്കാൻ അറിയുമെങ്കിൽ, അവന്‌ ഇംഗ്ലീഷ് വായിക്കാൻ പറ്റിയെങ്കിൽ, തന്റെ ഓരോ ഉല്പന്നത്തിലും താൻ പതിക്കുന്ന ലേബൽ അവനു മനസ്സിലാകുമായിരുന്നു: “ഈ പന്ത് കുട്ടികൾ നിർമ്മിച്ചതല്ല.”


പിറവി


റിയോ ഡി ജനിറോയിലെ ഏറ്റവും സുന്ദരമായ പ്രാന്തപ്രദേശത്തെ സർക്കാരാശുപത്രിയിൽ ദിനേന അഡ്മിറ്റാവുന്നത് ഒരായിരം രോഗികളാണ്‌. മിക്കവരുമെല്ലാവരും ദരിദ്രരോ അതിദരിദ്രരോ ആയിരിക്കും.

ഒരു ഡ്യൂട്ടിഡോക്ടർ ഹുവാൻ ബെദോയനോട് ഇങ്ങനെ പറഞ്ഞു: “കഴിഞ്ഞാഴ്ച എനിക്ക് രണ്ടു നവജാതശിശുക്കൾക്കിടയിൽ ഒരു തിരഞ്ഞെടുപ്പു നടത്തേണ്ടിവന്നു. ഞങ്ങൾക്കാകെ ഒരു ഇൻകുബേറ്ററേയുള്ളു. കുഞ്ഞുങ്ങൾ രണ്ടും ഒരേ സമയത്താണു വന്നത്; രണ്ടിന്റെയും ഓരോ കാൽ ശവക്കുഴിയിലുമായിരുന്നു. ഏതു ജീവിക്കണം, ഏതു മരിക്കണം എന്നെനിക്കു തിരഞ്ഞെടുക്കേണ്ടിയിരുന്നു.

ഇതിനു ഞാൻ ആളല്ല, ഡോക്ടർ മനസ്സിൽ പറഞ്ഞു. ദൈവം തീരുമാനിക്കട്ടെ.

പക്ഷേ ദൈവം അതൊന്നും ശ്രദ്ധിച്ചില്ല.

ഡോക്ടർ എന്തു ചെയ്താലും ചെയ്യുന്നത് ഒരപരാധമായിരിക്കും. ഒന്നും ചെയ്യാതിരുന്നാൽ എണ്ണം രണ്ടാകും.

ആലോചിച്ചുനില്ക്കാൻ സമയമില്ല. കുഞ്ഞുങ്ങൾ അതിവേഗം മരണത്തിലേക്കു വഴുതിപ്പോവുകയാണ്‌.

ഡോക്ടർ കണ്ണുകളടച്ചു. ഒരു കുഞ്ഞ് മരിക്കാൻ വിധിക്കപ്പെട്ടു; മറ്റേക്കുഞ്ഞ് ജീവിക്കാനും വിധിക്കപ്പെട്ടു.

*


കൊഞ്ച്


പകൽ വിട പറയുന്ന ആ മുഹൂർത്തത്തിൽ കാലിഫോർണിയ ഉൾക്കടലിലെ മീൻപിടുത്തക്കാർ തങ്ങളുടെ വലകൾ തയ്യാറാക്കിവയ്ക്കുന്നു.

സൂര്യനെന്ന ആ ഐന്ദ്രജാലികൻ തന്റെ അന്തിമശോഭ വീശുമ്പോൾ അവരുടെ തോണികൾ തീരത്തിനരികു വയ്ക്കുന്ന തുരുത്തുകൾക്കിടയിലൂടെ തെന്നിക്കടന്നുപോകുന്നു. അവിടെ അവർ ചന്ദ്രനുദിക്കുന്നതും കാത്തു കിടക്കുന്നു.

കൊഞ്ചുകൾ പകൽ മുഴുവൻ ചെളിയിലോ മണലിലോ പുതഞ്ഞ് കയങ്ങളിൽ ഒളിഞ്ഞുകിടക്കുകയായിരിക്കും. ചന്ദ്രൻ വെളിച്ചപ്പെടുന്നതോടെ അവ ഉയർന്നുവരുന്നു. നിലാവെളിച്ചം അവരെ മാടിവിളിക്കുന്നു, അവരതിനോടു പ്രതികരിക്കുകയും ചെയ്യുന്നു.  അപ്പോൾ മീൻപിടുത്തക്കാർ ചുമലുകളിൽ മടക്കിയിട്ട വലകളെടുത്തെറിയുന്നു. വീഴുമ്പോൾ തുറക്കുന്ന വലകൾ വായുവിൽ വിശാലമായ ചിറകുകൾ പോലെ പതിക്കുകയും ഇരകളെ പിടിക്കുകയും ചെയ്യുന്നു.

ചന്ദ്രനെ തേടിവന്ന കൊഞ്ചുകൾക്കു കിട്ടുന്നത് മരണമാണ്‌.

മീശ വച്ച ഈ ജീവികൾക്ക് കാവ്യാത്മകമായ അങ്ങനെയൊരു ചായ്‌വുണ്ടെന്ന് ആരും സങ്കല്പിക്കുകപോലുമില്ല. എന്നാൽ അതിന്റെ രുചിയറിഞ്ഞ ഏതു മനുഷ്യനും അതു ശരിവയ്ക്കുകയും ചെയ്യും.

എമിൽ ചൊറൻ - ചരിത്രവും ഉട്ടോപ്പിയയും

 ഒരു നഗരത്തിലെത്തിയാൽ, അതേതു വലിപ്പത്തിലുമുള്ളതായിക്കോട്ടെ, എന്തുകൊണ്ടാണവിടെ ദിവസവും ലഹളകൾ പൊട്ടിപ്പുറപ്പെടാത്തതെന്ന് ഞാൻ അത്ഭുതപ്പെട്ടുപോകുന്നു: കൂട്ടക്കൊലകൾ, പറയാൻ പറ്റാത്ത അരുംകൊലകൾ, അന്ത്യവിധിനാളിലെന്നപോലത്തെ അവ്യവസ്ഥ. എങ്ങനെയാണ്‌ ഇത്രയധികം മനുഷ്യജീവികൾക്ക് അത്രയും ഞെരുങ്ങിയ ഒരിടത്ത് അന്യോന്യം നശിപ്പിക്കാതെ, മരണത്തോളമെത്തുന്ന വിദ്വേഷം അന്യോന്യമില്ലാതെ സഹവസിക്കാനാവുക? അവർ അന്യോന്യം വെറുക്കുന്നുണ്ട് എന്നതുതന്നെയാണ്‌ വാസ്തവം; തങ്ങളുടെ വെറുപ്പിനൊപ്പമെത്തുന്നില്ല അവരെന്നു മാത്രം.  ഈ മദ്ധ്യമത്വം, ഈ ഷണ്ഡത്വം തന്നെയാണ്‌ സമൂഹത്തെ രക്ഷിക്കുന്നതും, അതിന്റെ തുടർച്ച, അതിന്റെ സ്ഥിരത ഉറപ്പുവരുത്തുന്നതും. ഇടയ്ക്കെപ്പോഴെങ്കിലും ഒരാഘാതം നമ്മുടെ സഹജവാസനകൾക്കുപകാരപ്പെടുന്നുണ്ട്; എന്നാൽ പിന്നീട് യാതൊന്നും സംഭവിക്കാത്തതുപോലെ നാം പരസ്പരം മുഖത്തു നോക്കി നടക്കും, പരസ്പരം കടിച്ചുകീറുന്നില്ലെന്ന മട്ടിൽ ഒരുമിച്ചു ജീവിക്കും. ക്രമം പുന:സ്ഥാപിക്കപ്പെടുന്നു, മുൻപത്തെ ഭ്രാന്താവസ്ഥയെപ്പോലെതന്നെ ഭീകരമായ ഒരു ശാന്തത.


(എമിൽ ചൊറാന്റെ ‘ചരിത്രവും ഉട്ടോപ്പിയയും’ എന്ന പുസ്തകത്തിൽ നിന്ന്) 


അൽബേർ കമ്യു - കലാകാരന്റെ സമകാലികാവസ്ഥയെക്കുറിച്ച്

 പൗരസ്ത്യദേശക്കാരനായ ഒരു ജ്ഞാനി തന്റെ ദൈവത്തോടുള്ള പ്രാർത്ഥനകളിൽ ഇതൊന്നേ ആവശ്യപ്പെട്ടിരുന്നുള്ളു: താല്പര്യജനകമായ ഒരു കാലഘട്ടത്തിൽ ജീവിച്ചിരിക്കുന്നതിൽ നിന്ന് തന്നെ ഒഴിവാക്കാനുള്ള ദാക്ഷിണ്യമുണ്ടാവണം. നമ്മൾ ജ്ഞാനികളല്ലാത്ത നിലയ്ക്ക് ദൈവം നമുക്ക് ആ ദാക്ഷിണ്യം തന്നിട്ടില്ല: നാം ജീവിക്കുന്നത് താല്പര്യജനകമായ ഒരു കാലഘട്ടത്തിലാണ്‌. അതെന്തായാലും ഈ കാലഘട്ടം നമ്മുടെ താല്പര്യം പിടിച്ചുവാങ്ങുകയാണ്‌. ഇന്നത്തെ എഴുത്തുകാർക്ക് അതറിയാം. അവർ തങ്ങളുടെ അഭിപ്രായം തുറന്നുപറഞ്ഞാൽ അതിന്റെ പേരിൽ അവർ വിമർശിക്കപ്പെടുകയും ആക്രമിക്കപ്പെടുകയുമാണ്‌. അവർ വിനീതരായി നാവടക്കി ഇരുന്നാലോ, ആ മൗനത്തിന്റെ പേരിലും അവർ പഴി കേൾക്കേണ്ടിവരുന്നു.

ഈ കോലാഹലത്തിനു നടുവിൽ തനിക്കു പ്രിയപ്പെട്ട ബിംബങ്ങളേയും ചിന്തകളേയും പിന്തുടരാൻ പറ്റുന്ന രീതിയിൽ അകന്നുനില്ക്കാമെന്ന പ്രതീക്ഷ എഴുത്തുകാരനു വേണ്ട. ഈ നിമിഷം വരെ അകന്നുനില്ക്കാൻ ചരിത്രത്തിൽ സാദ്ധ്യമായിരുന്നു. ഒരാൾക്ക് ഒരു കാര്യം അംഗീകരിക്കാൻ പറ്റാത്തതാണെങ്കിൽ അയാൾക്ക് നിശബ്ദനായിരിക്കാൻ പറ്റുമായിരുന്നു, അല്ലെങ്കിൽ അയാൾക്ക് മറ്റെന്തിനെയെങ്കിലും കുറിച്ചു പറയാമായിരുന്നു. ഇന്ന് സർവ്വതും മാറിമറിഞ്ഞിരിക്കുന്നു; മൗനത്തിനു പോലും ആപല്ക്കരമായ വിവക്ഷകളാണുള്ളത്. തിരഞ്ഞെടുക്കാതെ മാറിനില്ക്കുന്നതുപോലും ഒരു തിരഞ്ഞെടുപ്പായി ഗണിക്കപ്പെടുകയാണ്‌, അതിന്റെ പേരിൽ പുകഴ്ത്തപ്പെടുകയോ പഴിക്കപ്പെടുകയോ ആണ്‌; കലാകാരൻ അയാൾക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും യുദ്ധത്തിനിറങ്ങേണ്ടിവരികയാണ്‌. സമകാലീനമായ പടക്കപ്പലിൽ തണ്ടു വലിക്കാൻ നിയോഗിക്കപ്പെടുന്ന അടിമയാണ്‌ ഇന്നത്തെ ഓരോ കലാകാരനും. ഭൂതകാലത്തിന്റെ ചൂരു കെട്ടിക്കിടക്കുന്നതാണ്‌ കപ്പലെങ്കിലും വേണ്ടതിലധികമാണ്‌ കങ്കാണികളെങ്കിലും, ഇതിനൊക്കെപ്പുറമേ, ചുക്കാൻ പിടിത്തം ശരിയായ ദിശയിലേക്കല്ലെങ്കിലും അയാൾക്കു വഴങ്ങിക്കൊടുക്കേണ്ടിവരികയാണ്‌. നാം പുറംകടലിലാണ്‌. കലാകാരൻ, മറ്റാരെയും പോലെ, ആഞ്ഞു തണ്ടു വലിക്കണം, കഴിയുമെങ്കിൽ ജീവൻ നഷ്ടപ്പെടുത്താതെ- എന്നു പറഞ്ഞാൽ, അയാൾ ജീവിക്കുകയും വേണം, സൃഷ്ടിക്കുകയും വേണം.

സത്യം പറഞ്ഞാൽ അതെളുപ്പമല്ല; തങ്ങൾക്കു മുമ്പു കിട്ടിയിരുന്ന ആ സുഖത്തെക്കുറിച്ചോർത്ത് കലാകാരന്മാർക്കുണ്ടാവുന്ന നഷ്ടബോധം എനിക്കു മനസ്സിലാവുകയും ചെയ്യുന്നുണ്ട്. ഒരുതരത്തിൽ ക്രൂരമായിരുന്നു ആ മാറ്റം. ചരിത്രത്തിന്റെ ആംഫിതിയേറ്ററിൽ എന്നുമുണ്ടായിരുന്നു രക്തസാക്ഷിയും സിംഹവും. ആദ്യത്തെയാളിന്റെ ആശ്രയം നിത്യതയുടെ സാന്ത്വനമായിരുന്നു, മറ്റേയാൾക്കത് ചരിത്രത്തിന്റെ പച്ചയിറച്ചിയും. പക്ഷേ ഇന്നാൾ വരെ കലാകാരന്റെ ഇരിപ്പിടം ഗാലറിയിലായിരുന്നു. അയാൾ പാടിയിരുന്നത് സ്വന്തം രസത്തിനായിരുന്നു; ഇനി അതുമല്ലെങ്കിൽ രക്തസാക്ഷിയെ പ്രോത്സാഹിപ്പിക്കാനോ സിംഹത്തിനെ വിശപ്പോർമ്മിപ്പിക്കാതിരിക്കാനോ ആയിരുന്നു. ഇന്നുപക്ഷേ, കലാകാരൻ ആംഫിതിയേറ്ററിനുള്ളിലാണ്‌. അതിനാൽത്തന്നെ അയാളുടെ ശബ്ദം പണ്ടത്തെപ്പോലെയല്ല; അതിനിപ്പോൾ പണ്ടത്തെ ദാർഢ്യവുമില്ല.

*

എല്ലാറ്റിനെയും കുറിച്ചു സംസാരിക്കുക, എല്ലാവരോടും സംസാരിക്കുക എന്നു പറഞ്ഞാൽ എല്ലാവർക്കുമറിയുന്നതിനെക്കുറിച്ച്, എല്ലാവർക്കും പൊതുവായിട്ടുള്ള യാഥാർത്ഥ്യത്തെക്കുറിച്ചു സംസാരിക്കുക എന്നാണ്‌. കടൽ, മഴ, അനിവാര്യത, തൃഷ്ണ, മരണത്തിനെതിരെയുള്ള സമരം- ഇതൊക്കെയാണ്‌ നമ്മളെയെല്ലാം ഒരുമിപ്പിക്കുന്നത്. നാമൊരുമിച്ചെന്തു കാണുന്നു, ഒരുമിച്ചെന്തനുഭവിക്കുന്നു, അതിലാണ്‌ നാം ഒരാൾ ഒരാൾക്കു സദൃശനായിരിക്കുന്നത്. സ്വപ്നങ്ങൾ വ്യക്തികൾ തോറും വ്യത്യസ്തമായിരിക്കും, എന്നാൽ ലോകത്തിന്റെ യാഥാർത്ഥ്യം നമുക്കെല്ലാം പൊതുവായിട്ടുള്ളതാണ്‌. റിയലിസത്തിനു നേർക്കുദ്യമിക്കുക എന്നത് അതിനാൽ സാധുവാണ്‌; കാരണം, മൗലികമായിത്തന്നെ അത് കലാപരമായ സംരംഭങ്ങളോടു ബന്ധപ്പെട്ടിരിക്കുന്നു.

അതിനാൽ നാം യാഥാർത്ഥ്യബോധമുള്ളവരാവുക. അതല്ലെങ്കിൽ ഇങ്ങനെ പറയാം: സാദ്ധ്യമാണതെങ്കിൽ അങ്ങനെയാകാൻ ശ്രമിക്കുകയെങ്കിലും ചെയ്യുക. എന്തെന്നാൽ, ലോകത്തിന്‌ ഒരർത്ഥമുണ്ടെന്ന് ഇനിയും തീർച്ചയായിട്ടില്ല; റിയലിസം, അതാണഭിലഷണീയമെന്നു വന്നാലും, സാദ്ധ്യമാണെന്നു തീർച്ചയായിട്ടുമില്ല. ശുദ്ധമായ റിയലിസം കലയിൽ സാദ്ധ്യമാണോയെന്ന് നമുക്കൊന്നു നിന്നാലോചിക്കുക. പത്തൊമ്പതാം നൂറ്റാണ്ടിലെ നാച്ചുറലിസ്റ്റുകളുടെ പ്രഖ്യാപനങ്ങൾ വിശ്വസിക്കാമെങ്കിൽ യാഥാർത്ഥ്യത്തിന്റെ കൃത്യമായ ചിത്രീകരണമാണത്. അതിനാൽ അതിനു കലയോടുള്ളത് ഫോട്ടോഗ്രഫിക്ക് പെയിന്റിംഗിനോടുള്ള ബന്ധത്തിനു തുല്യമായ ഒന്നാണ്‌: ആദ്യത്തേത് പുനഃസൃഷ്ടിക്കുകയും രണ്ടാമത്തേത് തിരഞ്ഞെടുക്കുകയുമാണ്‌. പക്ഷേ എന്താണത് പുനഃസൃഷ്ടിക്കുന്നത്, എന്താണ്‌ യാഥാർത്ഥ്യം? ഏറ്റവും മികച്ച ഒരു ഫോട്ടോഗ്രാഫ് പോലും തൃപ്തികരമെന്നു പറയാവുന്ന രീതിയിൽ വിശ്വസ്തമായ ഒരു പുനഃസൃഷ്ടിയല്ല, മതിയായത്ര റിയലിസ്റ്റിക്കല്ല. ഉദാഹരണത്തിന്‌, ഒരു മനുഷ്യന്റെ ജീവിതം പോലെ യഥാർത്ഥമായി ഈ പ്രപഞ്ചത്തിൽ മറ്റെന്താണുള്ളത്; ഒരു റിയലിസ്റ്റിക് സിനിമയിലല്ലാതെ അതെങ്ങനെ പിടിച്ചുവയ്ക്കാമെന്നാണു നാം പ്രതീക്ഷിക്കുക? എന്നാൽ അങ്ങനെയൊരു സിനിമ സാദ്ധ്യമാവുക ഏതു പരിതസ്ഥിതിയിലാണ്‌? തീർത്തും സാങ്കല്പികമായ ഉപാധികൾക്കു കീഴിൽ. അയാളുടെ ഓരോ ചലനവും ഒപ്പിയെടുത്തുകൊണ്ട് അയാൾക്കു മേൽ തിരിച്ചുവച്ചിരിക്കുന്ന ഒരു ഐഡിയൽ ക്യാമറ നമുക്കു മനസ്സിൽ കാണേണ്ടിവരും. അങ്ങനെയൊരു സിനിമയുടെ പ്രദർശനം തന്നെ ഒരു ജീവിതകാലം നീണ്ടുനില്ക്കുന്നതായിരിക്കും; മറ്റൊരാളുടെ ജീവിതം സർവ്വവിശദാംശങ്ങളോടെയും കാണാൻ വേണ്ടി സ്വന്തം ജീവിതം തുലയ്ക്കാൻ മനസ്സുള്ള ഒരു സദസ്സുമുണ്ടാവണം. ഇനി അങ്ങനെ സംഭാവിച്ചാലും ഭാവനാതീതമായ ആ സിനിമ റിയലിസ്റ്റിക്കാകാൻ പോകുന്നില്ല; കാരണം, ഒരു മനുഷ്യന്റെ ജീവിതത്തിന്റെ യാഥാർത്ഥ്യം അയാളുടെ തൽസ്ഥിതിയിലേക്കു മാത്രമായി ചുരുക്കാൻ പറ്റില്ലല്ലോ. അതു കിടക്കുന്നത് അയാളുടെ ജീവിതത്തിനു രൂപം നല്കിയ മറ്റു ജീവിതങ്ങളിലുമാണ്‌- ഒന്നാമതായി, അയാൾ സ്നേഹിക്കുന്നവരുടെ ജീവിതങ്ങളിൽ; അവയും പകർത്തേണ്ടിവരും; അയാളെ സ്വാധീനിച്ചവരും അഗണ്യരുമായ മനുഷ്യർ, ദേശവാസികൾ, പോലീസുകാർ, പ്രൊഫസ്സർമാർ, ഖനികളിലും ഫൗണ്ടറികളിലും പണിയെടുക്കുന്ന അദൃശ്യരായ സഖാക്കൾ, നയതന്ത്രജ്ഞരും ഏകാധിപതികളും, മതപരിഷ്കർത്താക്കൾ, നമ്മുടെ പെരുമാറ്റമര്യാദകളിൽ നിർണ്ണായകമായ മിത്തുകൾ സൃഷ്ടിക്കുന്ന കലാകാരന്മാർ- ചുരുക്കത്തിൽ, എത്ര നിത്യാനുസാരിയായ അസ്തിത്വത്തെയും ഭരിക്കുന്ന യാദൃച്ഛികത എന്ന പരമാധികാരിയുടെ എളിമപ്പെട്ട പ്രതിനിധികൾ. തല്ഫലമായി റിയലിസ്റ്റ് സിനിമ എന്നത് സാദ്ധ്യമാണെങ്കിൽ അത് ഒന്നേയുള്ളു: ലോകമെന്ന തിരശ്ശീലയിൽ അദൃശ്യമായ ഒരു ക്യാമറ നിരന്തരമായി നമ്മെ കാണിച്ചുകൊണ്ടിരിക്കുന്നതെന്തോ അത്. റിയലിസ്റ്റിക്കായ കലാകാരൻ അപ്പോൾ, ഒരാളേയുള്ളു, ദൈവം, അങ്ങനെയൊരാളുണ്ടെങ്കിൽ. മറ്റെല്ലാ കലാകാരന്മാരും, അതിനാൽത്തന്നെ, യാഥാർത്ഥ്യത്തോട് വിശ്വസ്തത പുലർത്താത്തവരുമാണ്‌.

*

കലാകാരൻ എല്ലാവരുടേയും യാതനകളും സന്തോഷങ്ങളും എല്ലാവരുടേയും ഭാഷയിലേക്കു വിവർത്തനം ചെയ്താൽ മതി, എല്ലാവർക്കും അതു മനസ്സിലായിക്കൊള്ളും. യാഥാർത്ഥ്യത്തോടു സമ്പൂർണ്ണമായ വിശ്വസ്തത പുലർത്തിയതിനുള്ള പാരിതോഷികമായി മനുഷ്യർക്കിടയിൽ പൂർണ്ണമായ ആശയവിനിമയം അയാൾ കൈവരിക്കും.

പൂർണ്ണമായ ആശയവിനിമയം എന്ന ഈ ആദർശം ഏതു വലിയ കലാകാരന്റെയും ആദർശം തന്നെയാണ്‌. ഇന്നു പരക്കെയുള്ള ധാരണ പോലെയല്ല, ഏകാന്തത അവകാശപ്പെടാൻ പാടില്ലാത്ത ഒരാളുണ്ടെങ്കിൽ അത് കലാകാരനാണ്‌. കല ആത്മഭാഷണമാകാൻ പാടില്ല. എത്രയും ഏകാകിയും ഒട്ടും പ്രസിദ്ധനുമല്ലാത്ത ഒരു കലാകാരൻ തന്റെ രചന ഭാവിയിലേക്കായി സമർപ്പിക്കുമ്പോൾ അയാൾ തന്റെ അടിസ്ഥാനവൃത്തിയെ ആവർത്തിച്ചു സ്ഥിരീകരിക്കുകമാത്രമാണു ചെയ്യുന്നത്. ബധിരരോ അശ്രദ്ധരോ ആയ സമകാലികരുമായി ഒരു സംവാദം അസാദ്ധ്യമാണെന്നിരിക്കെ, വരാനിരിക്കുന്ന തലമുറകളുമായി സാർത്ഥകമായ ഒരു സംവാദത്തിനാണ്‌ അയാൾ അപേക്ഷിക്കുന്നത്.

പക്ഷേ, എല്ലാറ്റിനെക്കുറിച്ചും എല്ലാവരോടും സംസാരിക്കാൻ എല്ലാവർക്കും അറിവുള്ളതിനെക്കുറിച്ചും നമുക്കെല്ലാം പൊതുവേയുള്ളതായ യാഥാർത്ഥ്യത്തെക്കുറിച്ചും വേണം സംസാരിക്കാൻ. കടൽ, മഴ, ദാരിദ്ര്യം, തൃഷ്ണ, മരണവുമായുള്ള സമരം- ഇതൊക്കെയാണ്‌ നമ്മെ ഒരുമിപ്പിക്കുന്നത്. നാം ഒരുമിച്ചെന്തു കാണുന്നു, ഒരുമിച്ചെന്തു സഹിക്കുന്നു എന്നതിലാണ്‌ നാം ഒരാളോടു മറ്റൊരാൾ സദൃശനായിരിക്കുന്നത്. വ്യത്യസ്തരായ വ്യക്തികളുടെ സ്വപ്നങ്ങൾ വ്യത്യസ്തമാകാം; എന്നാൽ ലോകത്തിന്റെ യാഥാർത്ഥ്യം നമുക്കെല്ലാം ഒന്നുതന്നെയാണ്‌. റിയലിസത്തിനായുള്ള ഉദ്യമം അതിനാൽ ന്യായം തന്നെയാണ്‌, കാരണം, അത് മൗലികമായി കലാവൃത്തിയോടു ബന്ധപ്പെട്ടതാണല്ലോ.

(അൽബേർ കമ്യു 1957ൽ ഉപ്സാല യൂണിവേഴ്സിറ്റിയിൽ ചെയ്ത ഒരു പ്രഭാഷണത്തിൽ നിന്ന്)


ബ്രെഹ്റ്റിന്റെ ഡയറിയിൽ നിന്ന്

 

1920 ജൂലൈ 8


വാൻഗോഗ് തിയോക്കയച്ച കത്തുകൾ വായിക്കുകയായിരുന്നു. ദാരിദ്ര്യത്തിന്റെയും ഉന്മത്തമായ പ്രയത്നത്തിന്റെയും ഹൃദയസ്പർശിയായ രേഖകളാണവ. ആഹാരത്തിനു പകരം അയാൾ കഴിക്കുന്നത് ചായങ്ങളാണ്‌; തന്റെ ക്ഷയരോഗം എത്ര ചായമാണ്‌  സംഭാവന ചെയ്തതെന്നതിന്റെ കണക്കെടുപ്പും അയാൾ നടത്തുന്നുണ്ട്. അയാൾ ഒന്നിലും വിജയം കാണുന്നില്ല; എന്നാല്ക്കൂടി ഒരുന്മത്തനെപ്പോലെയാണ്‌ അയാൾ ജോലി ചെയ്യുന്നത്; തുടക്കം തന്നെ ഇരുണ്ട വർത്തമാനകാലത്തെക്കാൾ ഇരുണ്ടതായിട്ടാണ്‌ ഭാവിയെ അയാൾ കാണുന്നത്. അതിൽ നിന്നു പഠിക്കാൻ കാര്യമായിത്തന്നെയുണ്ട്, അതാകട്ടെ, മാനുഷികവശത്തു നിന്നു നോക്കുമ്പോൾ മാത്രവുമല്ല. ആ രീതിയിൽ ജോലി ചെയ്യുന്നത് എനിക്കു വലിയ ഗുണം ചെയ്യുമായിരുന്നു- വിഷണ്ണനായി, മൂഢബുദ്ധിയായി, പ്രചോദനത്തെ ഗൗനിക്കാതെ, പകിട്ടുള്ള ആശയങ്ങൾക്കു മേൽ കാറിത്തുപ്പിക്കൊണ്ട്. അതു പക്ഷേ, വിവരണം കൊണ്ടേ കൈവരിക്കാനാവൂ: ഒരുപാടു കാര്യങ്ങൾ അറിയണം, അനുഭവങ്ങൾ പിന്നിലുണ്ടാവണം, എന്തിലും ‘പ്രയുക്തമാക്കാവുന്ന’ ഒരു സവിശേഷശൈലിയും നിങ്ങൾക്കുണ്ടാകണം. അതെന്തായാലും, ‘രസികത്വ’ത്തെ, പഞ്ചാരപ്പാവിൽ മുക്കിയ പഴങ്ങളെ, കലാവാസന നിറഞ്ഞ അലങ്കരണങ്ങളെ, മിനുസമായ പുറംമോടിയെ കരുതിയിരിക്കുകയും വേണം. വിഭാവന ചെയ്യുന്ന ആശയത്തിന്റെ ഗരിമ, ഇരുണ്ടു കൂമ്പാരം കൂടുന്ന പിണ്ഡം, സർവ്വതിനും മേൽ വിറ കൊള്ളുന്ന വെളിച്ചം, കാര്യങ്ങളെ അവയായി കാണുന്ന, ആ രീതിയിൽ കാണാനിഷ്ടപ്പെടുന്ന മനുഷ്യഹൃദയത്തിന്റെ നിർഭയത്വം- അതാണ്‌ സുപ്രധാനം.

*


ബോർഹസ്‌ -പുസ്തകപൂജ

 

വരുംതലമുറകൾക്കു വാഴ്ത്തിപ്പാടാൻ വേണ്ടിയാണ്‌ ദേവകൾ നിർഭാഗ്യങ്ങൾ മെനയുന്നതെന്ന്‌ ഒഡീസിയുടെ എട്ടാം അദ്ധ്യായത്തിൽ നാം വായിക്കുന്നു; “ഒരു പുസ്തകമായിത്തീരാനാണ്‌ ലോകം നിലനില്ക്കുന്നത്‌” എന്ന  മല്ലാർമേയുടെ പ്രസ്താവന ദുഷ്ടതകളുടെ കലാത്മകന്യായീകരണം എന്ന മേല്പറഞ്ഞ സങ്കല്പത്തെ മുപ്പതു നൂറ്റാണ്ടിനിപ്പുറം ആവർത്തിക്കുന്നതായും തോന്നാം.

ഈ രണ്ടു പ്രയോജനവാദങ്ങളും പക്ഷേ, സമാനമാണെന്നു പറയാൻ പറ്റില്ല; ആദ്യത്തേത്‌ വാമൊഴിയുടെ കാലത്തേതാണ്‌, രണ്ടാമത്തേത്‌ വരമൊഴിയുടേതായ ഒരു കാലത്തിന്റേതും. കഥ പറയുന്നതിനെക്കുറിച്ചാണ്‌ ഒന്ന്‌, മറ്റേത്‌ പുസ്തകങ്ങളെക്കുറിച്ചും.

പുസ്തകം, ഏതു പുസ്തകവും, നമുക്കൊരു പവിത്രവസ്തുവാണ്‌: ആരെന്തു പറഞ്ഞാലും കേൾക്കണമെന്നു നിർബ്ബന്ധമില്ലാത്ത സെർവാന്റെസ്‌ “തെരുവിൽ കാണുന്ന ഏതു കീറക്കടലാസ്സും” എടുത്തു വായിച്ചിരുന്നു. ബെർണാഡ്‌ ഷായുടെ ഒരു കോമഡിയിൽ അലക്സാൻഡ്രിയയിലെ ഗ്രന്ഥപ്പുരയ്ക്കു തീപിടിക്കുന്നു; മനുഷ്യരാശിയുടെ ഓർമ്മകളാണ്‌ കത്തിപ്പോകുന്നതെന്ന്‌ ആരോ സങ്കടപ്പെടുമ്പോൾ സീസറുടെ മറുപടി “നാണം കെട്ട ഓർമ്മ. അതെരിഞ്ഞുതീരട്ടെ!” എന്നാണ്‌. ചരിത്രത്തിലെ സീസർ, എന്റെ അഭിപ്രായത്തിൽ, ഗ്രന്ഥകാരൻ അദ്ദേഹം പറഞ്ഞതായി ആരോപിക്കുന്ന ആ ശാസനത്തെ അംഗീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്തിരിക്കാം; പക്ഷേ, നാം ചെയ്യുന്നപോലെ ദൈവവിരോധം പറയുന്നപോലുള്ള ഒരു ഫലിതമായി അതിനെ പരിഗണിച്ചിരിക്കാൻ ഇടയില്ല. കാരണം സ്പഷ്ടമാണ്‌: പുരാതനർക്ക്‌ വരമൊഴി വാമൊഴിക്കുള്ള പകരം വയ്ക്കൽ മാത്രമായിരുന്നു.

പൈത്തഗോറസ്‌ ഒന്നും എഴുതിയിട്ടില്ലെന്ന്‌ സുവിദിതമാണ്‌; അതിനു കാരണമായി ഗോമ്പേർസ്‌ (Gomperz) പറയുന്നത്‌ വാമൊഴിയിലൂടെയുള്ള ബോധനത്തിലായിരുന്നു അദ്ദേഹത്തിനു കൂടുതൽ വിശ്വാസം എന്നാണ്‌. പൈത്തഗോറസ്സിന്റെ വെറും ഒഴിഞ്ഞുനില്പിനെക്കാൾ ശക്തമാണ്‌ പ്ലേറ്റോയുടെ അസന്ദിഗ്ധമായ പ്രമാണം. തിമ്മേയുസ്സിൽ അദ്ദേഹം ഇങ്ങനെ പ്രസ്താവിക്കുന്നു: “ഈ പ്രപഞ്ചത്തിന്റെ സ്രഷ്ടാവിനെയും പിതാവിനെയും കണ്ടെത്തുക എന്നത്‌ ദുഷ്കരമായ ഒരുദ്യമമാണ്‌; ഇനി കണ്ടെത്തിയാൽത്തന്നെ അതെല്ലാവരെയും അറിയിക്കുക അസാദ്ധ്യവും.” ഫെയ്ദ്‌റസിൽ അദ്ദേഹം എഴുത്തിനെതിരെയുള്ള ഒരു ഈജിപ്ഷ്യൻ കഥ ഉദാഹരിക്കുന്നുമുണ്ട്‌; അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഓർമ്മയുടെ ഉപയോഗത്തെ അവഗണിച്ച്‌ പ്രതീകങ്ങളെ ആശ്രയിക്കാനുള്ള പ്രവണതയാണ്‌ എഴുത്തിലൂടെ ബലപ്പെടുന്നത്‌; പുസ്തകങ്ങൾ വരച്ചുവച്ച രൂപങ്ങൾ പോലെയാണ്‌; “അവയ്ക്കു ജീവനുണ്ടെന്നപോലെ തോന്നാം; എന്നാൽ എന്തെങ്കിലും ചോദിച്ചാൽ അവയ്ക്കൊരു വാക്കു പോലും മറുപടി പറയാൻ കഴിയില്ല.“ ആ വൈഷമ്യത്തെ ലഘൂകരിക്കാനോ അല്ലെങ്കിൽ ഇല്ലാതാക്കാനോ ആണ്‌ അദ്ദേഹം ‘ദാർശനികസംവാദം’ (Dialogues) എന്ന വിഭാഗം തന്നെ സൃഷ്ടിക്കുന്നത്‌.

അദ്ധ്യാപകൻ തന്റെ വിദ്യാർത്ഥിയെ തിരഞ്ഞെടുക്കുന്നു; എന്നാൽ പുസ്തകം തന്റെ വായനക്കാരെ തിരഞ്ഞെടുക്കുന്നില്ല; അവർ ദുഷ്ടരാകാം, ബുദ്ധിശൂന്യരാവാം. പാഗൻ സംസ്കാരത്തില്പെട്ട അലക്സാൻഡ്രിയയിലെ ക്ലെമന്റിന്റെ വാക്കുകളിൽ ഈ പ്ലേറ്റോണിക്‌ അവിശ്വാസം നിലനില്ക്കുന്നുണ്ട്‌: ”ഒന്നുമെഴുതാതിരിക്കുക, വാമൊഴിയിലൂടെ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുക എന്നതാണ്‌ ഏറ്റവും വിവേകപൂർവ്വമായ മാർഗ്ഗം; എന്തെന്നാൽ, എഴുതപ്പെട്ടത്‌ ശേഷിക്കും.“ അതേ പ്രബന്ധത്തിൽത്തന്നെ അദ്ദേഹം ഇങ്ങനെയും പറയുന്നുണ്ട്‌: ”എല്ലാക്കാര്യങ്ങളും പുസ്തകത്തിൽ എഴുതിവയ്ക്കുക എന്നത്‌ കുട്ടിയുടെ കയ്യിൽ വാൾ കൊടുക്കുന്നപോലെയാണ്‌.“ ഇപ്പറഞ്ഞതിന്റെ ഉറവിടം സുവിശേഷങ്ങൾ ആയിരിക്കാം: ”വിശുദ്ധമായത്‌ നായ്ക്കൾക്കു മുന്നിൽ ഇട്ടുകൊടുക്കരുത്‌; പന്നികൾക്കു മുന്നിൽ മുത്തുമണികൾ വിതറുകയുമരുത്‌; അവ അത്‌ കാല്ക്കീഴിലിട്ടു ചവിട്ടിയരയ്ക്കുക മാത്രമല്ല, ഒടുവിൽ നിങ്ങൾക്കു നേരേ തിരിഞ്ഞ്‌ നിങ്ങളെ കടിച്ചുകീറുകയും ചെയ്യും.“ ആ വാചകം യേശുവിന്റേതാണ്‌, പറഞ്ഞുപഠിപ്പിച്ചവരിൽ ഏറ്റവും മഹാനായവന്റെ. അവൻ ഒരിക്കലേ മണ്ണിൽ എന്തോ എഴുതിയുള്ളു; അവൻ എഴുതിയതെന്തെന്ന്‌ ഒരാളും വായിച്ചതുമില്ല.

എഴുത്തിനോടുള്ള തന്റെ അവിശ്വാസത്തെക്കുറിച്ച്‌ അലക്സാൻഡ്രിയയിലെ ക്ലെമെന്റ്‌ എഴുതുന്നത്‌ രണ്ടാം നൂറ്റാണ്ടിന്റെ ഒടുക്കമാണ്‌; നാലാം നൂറ്റാണ്ടിന്റെ തുടക്കമായപ്പോഴേക്കും പല തലമുറകൾക്കു ശേഷം വാമൊഴിക്കു മേൽ വരമൊഴിയുടെ, ശബ്ദത്തിനു മേൽ പേനയുടെ മേല്ക്കോയ്മയിൽ കലാശിക്കുന്ന ആ മാനസികപ്രക്രിയയുടെ ആരംഭം കുറിക്കപ്പെട്ടുകഴിഞ്ഞു. ആ വിപുലമായ പ്രക്രിയ തുടങ്ങിയ കൃത്യമായ മുഹൂർത്തം (ഞാൻ അതിശയോക്തി പറയുകയല്ല) സ്ഥാപിക്കാൻ ഒരെഴുത്തുകാരൻ തന്നെ വേണമെന്ന്‌ നിയതി തീരുമാനമെടുക്കുകയും ചെയ്തു.  “കുമ്പസാരങ്ങ”ളുടെ ആറാം പുസ്തകത്തിൽ വിശുദ്ധ അഗസ്റ്റിൻ അത്‌ പറയുന്നുണ്ട്‌: “വായിക്കുമ്പോൾ അദ്ദേഹത്തിന്റെ (അംബ്രോസിന്റെ) കണ്ണുകൾ താളിനു മേൽ കൂടി കടന്നുപോവുകയും അദ്ദേഹത്തിന്റെ ഹൃദയം അതിന്റെ സാരാംശം ഗ്രഹിക്കുകയും ചെയ്തു; എന്നാൽ അദ്ദേഹത്തിന്റെ ശബ്ദവും നാവും മൂകമായിരുന്നു. കടന്നുവരുന്നതിൽ നിന്ന്‌ അദ്ദേഹം ആരെയും വിലക്കിയിരുന്നില്ല; ഒരു സന്ദർശകൻ വരുമ്പോൾ അക്കാര്യം മുൻകൂട്ടി അറിയിക്കുക എന്നതും അവിടെ പതിവായിരുന്നില്ല. പലപ്പോഴും ഞങ്ങൾ അവിടെയുള്ളപ്പോൾ അദ്ദേഹം നിശ്ശബ്ദനായിരുന്നു വായിക്കുന്നത്‌ ഞങ്ങൾ കണ്ടിട്ടുണ്ട്‌; അങ്ങനെയല്ലാതെ ഒരിക്കലും കണ്ടിട്ടുമില്ല. ദീർഘനേരം അങ്ങനെ നിശ്ശബ്ദരായി ഇരുന്നിട്ട്‌ (അത്രയും ഗഹനമായ ഏകാഗ്രതയിൽ മുഴുകിയിരിക്കുന്ന ഒരാൾക്കു മേൽ മറ്റൊരു ഭാരം അടിച്ചേല്പിക്കാൻ ആർക്കു ധൈര്യം വരും?) ഞങ്ങൾ ഇറങ്ങിപ്പോരുകയാണു പതിവ്‌. മറ്റാളുകളുടെ വേവലാതികളുടെ ബഹളത്തിനിടയിൽ പുതിയൊരു പ്രശ്നം പരിഗണിക്കാൻ ക്ഷണിക്കപ്പെടുന്നതിൽ നിന്നൊഴിവാകാൻ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടായിരിക്കുമെന്ന്‌ ഞങ്ങൾ സങ്കല്പിച്ചു. ഇനിയഥവാ, തല്പരനായ ഒരു കേൾവിക്കാരനുണ്ടായെന്നും വൈഷമ്യമുള്ള ഭാഗങ്ങൾ അയാൾക്കു വിശദീകരിച്ചുകൊടുക്കേണ്ടിവരികയും ചില വിഷമപ്രശ്നങ്ങളെക്കുറിച്ചു ചർച്ച ചെയ്യാൻ അയാൾക്കാഗ്രഹമുണ്ടായെന്നുമിരിക്കട്ടെ; അങ്ങനെയൊരു കുടുക്കിൽ നിന്നു സ്വയം രക്ഷിക്കാനാവില്ലേ അദ്ദേഹം നിശബ്ദമായ വായന നടത്തുന്നതെന്നും ഞങ്ങൾ സംശയിച്ചു. അതിനൊക്കെ സമയം നഷ്ടപ്പെടുത്തുക എന്നുവന്നാൽ താനിഷ്ടപ്പെടുന്ന പുസ്തകങ്ങളെല്ലാം വായിക്കാൻ തനിക്കു നേരം കിട്ടിയില്ലെന്നും വരാമല്ലോ. തന്നെയുമല്ല, വേഗം ശബ്ദമടഞ്ഞുപോകുന്ന തന്റെ തൊണ്ടയോടുള്ള കരുതൽ കൂടിയാകാം ആ നിശബ്ദവായന. ആ ശീലത്തിനുള്ള പ്രേരണ എന്തുമാകട്ടെ, ആ മനുഷ്യന്റെ പ്രവൃത്തിക്ക്‌ നല്ലൊരു കാരണമുണ്ടെന്നു പറയേണ്ടിയിരിക്കുന്നു.“

വിശുദ്ധ അഗസ്റ്റിൻ മിലാനിലെ ബിഷപ്പായ വിശുദ്ധ അംബ്രോസിന്റെ  ശിഷ്യനായിരുന്നത്‌ 384നടുപ്പിച്ചായിരുന്നു; പതിമൂന്നു കൊല്ലത്തിനു ശേഷം നുമീഡിയയിൽ വച്ച്‌ അദ്ദേഹം തന്റെ “കുമ്പസാരങ്ങൾ” എഴുതുകയും ചെയ്തു. അന്നും പക്ഷേ, അസാധാരണമായ ആ ദൃശ്യം അദ്ദേഹത്തിന്റെ മനസ്സിനെ വേവലാതിപ്പെടുത്തിക്കൊണ്ടിരുന്നു: വാക്കുകൾ പുറത്തുവരാതെ പുസ്തകം വായിച്ചുകൊണ്ട്‌ ഒരു മുറിയിലിരിക്കുന്ന ഒരു മനുഷ്യൻ. ആ മനുഷ്യൻ എഴുതപ്പെട്ട പ്രതീകത്തിൽ നിന്ന്‌ ശബ്ദത്തിന്റെ ഇടനിലയില്ലാതെ നേരേ അന്തർജ്ഞാനത്തിലേക്കു കടക്കുകയായിരുന്നു. അയാൾ തുടങ്ങിവച്ച ആ വിചിത്രവിദ്യ, നിശബ്ദവായന എന്ന വിദ്യ, അത്ഭുതകരമായ അനന്തരഫലങ്ങളിലേക്കു നയിക്കുകയും ചെയ്തു. അത്‌, വർഷങ്ങൾക്കു ശേഷം, പുസ്തകം ഒരു ലക്ഷ്യത്തിലേക്കുള്ള മാർഗ്ഗമല്ല, അതുതന്നെ ഒരു ലക്ഷ്യമാണെന്നുള്ള സങ്കല്പനത്തിൽ ചെന്നുചേരുകയും ചെയ്യും. (ലൗകികസാഹിത്യത്തിലേക്കു പറിച്ചുനടപ്പെട്ട ഈ മിസ്റ്റിക്‌ സങ്കല്പനം പിന്നീട്‌ ഫ്ലോബേറിന്റെ, മല്ലാർമേയുടെ, ഹെൻറി ജയിംസിന്റെ, ജയിംസ്‌ ജോയ്സിന്റെ അനന്യഭാഗധേയതകൾ സൃഷ്ടിക്കുകയും ചെയ്യും.) ഇന്നതു ചെയ്യണമെന്നു ശാസിക്കാനോ ഇന്നതു ചെയ്യരുതെന്നു വിലക്കാനോ മനുഷ്യനോടു സംസാരിക്കുന്ന ഒരു ദൈവം എന്ന സങ്കല്പത്തിനു മേൽ അദ്ധ്യാരോപം ചെയ്യപ്പെടുകയായിരുന്നു, ഏകഗ്രന്ഥം, വിശുദ്ധവചനം എന്ന സങ്കല്പം.

മുസ്ലീങ്ങൾക്ക്‌ ഖുറാൻ (“ഗ്രന്ഥം” അൽ-കിതാബ്‌ എന്നും അത്‌ വിളിക്കപ്പെടുന്നു) മനുഷ്യരുടെ ആത്മാവുകൾ പോലെയോ പ്രപഞ്ചം പോലെയോ ദൈവത്തിന്റെ വെറുമൊരു സൃഷ്ടി മാത്രമല്ല; അത്‌ ദൈവത്തിന്റെ ഒരു ഗുണം തന്നെയാണ്‌, അവന്റെ നിത്യത പോലെ, അവന്റെ രൗദ്രത പോലെ. മൂലഗ്രന്ഥം, മാതൃപുസ്തകം, സ്വർഗ്ഗത്തിൽ നിക്ഷിപ്തമാണെന്ന്‌ ആറാമദ്ധ്യായത്തിൽ നാം വായിക്കുന്നു. മുഹമ്മദ്‌ അൽ-ഗസാലി, സ്കോളാസ്റ്റിക്കുകളുടെ അൽഗസെൽ, ഇങ്ങനെ പ്രഖ്യാപിക്കുന്നു: “ഖുറാൻ ഒരു പുസ്തകത്തിലേക്കു പകർത്തിയതാണ്‌, നാവു കൊണ്ട്‌ ഉച്ചരിക്കപ്പെടുന്നതാണ്‌, ഹൃദയം കൊണ്ട്‌ ഓർമ്മിക്കപ്പെടുന്നതുമാണ്‌; എന്നാല്ക്കൂടി, ദൈവത്തിന്റെ കേന്ദ്രബിന്ദുവിൽ ചിരസ്ഥായിയാണത്‌, എഴുതപ്പെട്ട താളുകളിലൂടെയും മനുഷ്യബുദ്ധിയിലൂടെയും കടന്നുപോയാലും അതിന്‌ പരിവർത്തനം വരുന്നതുമില്ല.” സ്വയംഭൂവായ ഈ ഖുറാൻ അതിന്റെ ആശയമോ പ്ലേറ്റോണിക്‌ ആദിരൂപമോ അല്ലാതെ ഒന്നുമല്ല എന്ന്‌ ജോർജ്ജ്‌ സേൽ നിരീക്ഷിക്കുന്നു. അവിസെന്നയും Encyclopedia of the Brethren of Purityയും ഇസ്ലാമിനു പരിചയപ്പെടുത്തിയ ആദിരൂപങ്ങൾ എന്ന ആശയം മാതൃഗ്രന്തം എന്ന പരികല്പനയെ സാധൂകരിക്കാനായി അൽ-ഗസാലി എടുത്തുപയോഗിച്ചതാവാനാണ്‌ സാദ്ധ്യത.

മുസ്ലീങ്ങളെക്കാൾ ധാരാളികളായിരുന്നു, ജൂതന്മാർ. ജൂതന്മാരുടെ ബൈബിളിന്റെ ഒന്നാമദ്ധ്യായം പ്രശസ്തമായ ആ വാക്യം അടങ്ങുന്നതാണ്‌: “പിന്നെ ദൈവം പറഞ്ഞു, ‘വെളിച്ചമുണ്ടാകട്ടെ,’ അപ്പോൾ വെളിച്ചമുണ്ടായി.” ആ ശാസനയുടെ ബലം ആ വാക്കുകളുടെ അക്ഷരങ്ങളിൽ നിന്നാണു വരുന്നതെന്ന്‌ കബ്ബാളിസ്റ്റുകൾ വാദിക്കുന്നു. സിറിയയിലോ പാലസ്തീനിലോ വച്ച്‌ ആറാം നൂറ്റാണ്ടിനടുപ്പിച്ച്‌ എഴുതപ്പെട്ട സെഫെർ യെസീര (വിധാനത്തിന്റെ പുസ്തകം) വെളിപ്പെടുത്തുന്നത്‌ ഇസ്രായേലിന്റെ ദൈവവും സർവ്വശക്തനുമായ യഹോവ പ്രപഞ്ചം സൃഷ്ടിച്ചത്‌ 1 മുതൽ 10 വരെയുള്ള അക്കങ്ങളും അക്ഷരമാലയിലെ ഇരുപത്തിരണ്ടക്ഷരങ്ങളും കൊണ്ടാണെന്നാണ്‌. അക്കങ്ങൾ സൃഷ്ടിയുടെ ഉപകരണങ്ങളോ ഘടകങ്ങളോ ആകുന്നത്‌ പൈത്തഗോറസിന്റെയും ഇയാംബ്ലിക്കസിന്റെയും സിദ്ധാന്തങ്ങളായിരുന്നു; അക്ഷരങ്ങളും അങ്ങനെയാകുന്നത്‌ എഴുത്ത്‌ എന്ന നൂതനവിശ്വാസത്തിന്റെ വ്യക്തമായ സൂചനയാണ്‌. രണ്ടാമദ്ധ്യായത്തിന്റെ രണ്ടാം ഖണ്ഡിക ഇങ്ങനെ പോകുന്നു: “ഇരുപത്തിരണ്ട്‌ മൗലികാക്ഷരങ്ങൾ: ദൈവം അവയെ വരച്ചെടുക്കുകയും മുദ്രണം ചെയ്യുകയും കൂട്ടിച്ചേർക്കുകയും തൂക്കിനോക്കുകയും പലതരത്തിൽ ക്രമപ്പെടുത്തുകയും ചെയ്തു; അവയിൽ നിന്നവൻ ഉള്ളതും ഉണ്ടാകാനിരിക്കുന്നതുമായ സർവ്വതും സൃഷ്ടിച്ചു.” തുടർന്ന്‌, ഏതക്ഷരമാണ്‌ വായുവിന്റെ അധികാരിയെന്നും ഏതാണ്‌ ജലത്തിന്റേതെന്നും ഏതാണ്‌ അഗ്നിയുടേതെന്നും ഏതാണ്‌ ജ്ഞാനത്തിന്റേതെന്നും ഏതാണ്‌ ചാരുതയുടേതെന്നും ഏതാണ്‌ ന്നിദ്രയുടേതെന്നും ഏതാണ്‌ കോപത്തിന്റേതെന്നും ഏതാണ്‌ ഉറക്കത്തിന്റേതെന്നും എങ്ങനെയാണ്‌ (ഉദാഹരണത്തിന്‌) ജീവനധികാരിയായ  ‘കഫ്‌’ എന്ന  അക്ഷരം ലോകത്ത്‌ സൂര്യനേയും ആഴ്ചകളിൽ ബുധനാഴ്ചയേയും ഉടലിൽ ഇടതുചെവിയേയും സൃഷ്ടിക്കാൻ ഉതകിയതെന്നും പുസ്തകം വിശദീകരിക്കുന്നു. 

ക്രിസ്ത്യാനികൾ അതിനപ്പുറവും  പോയി. ദൈവം ഗ്രന്ഥമെഴുതി എന്ന ആശയത്തിൽ നിന്ന്‌ അവൻ രണ്ടു ഗ്രന്ഥങ്ങളെഴുതി എന്നും അവയിൽ ഒന്ന്‌ പ്രപഞ്ചമാണെന്നുമുള്ള ഭാവനയിലേക്കാണ്‌ അവർ പോയത്‌. പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിലെഴുതിയ Advancement of Learning എന്ന പുസ്തകത്തിൽ ഫ്രാൻസിസ്‌ ബേക്കൺ പ്രഖ്യാപിക്കുന്നത്‌ നമുക്ക്‌ അബദ്ധം വരരുതെന്നു വച്ചിട്ടാണ്‌ ദൈവം നമുക്ക്‌ രണ്ടു ഗ്രന്ഥങ്ങൾ നല്കിയത്‌ എന്നാണ്‌. ആദ്യത്തേത്‌, സുവിശേഷങ്ങളുടെ പുസ്തകം, അവന്റെ ഇച്ഛയെ വെളിപ്പെടുത്തുന്നു; രണ്ടാമത്തേത്‌, സൃഷ്ടികളുടെ പുസ്തകം, അവന്റെ  ശക്തിയെ വെളിപ്പെടുത്തുന്നു; ആദ്യത്തേതിലേക്കുള്ള സൂചകവുമാണത്‌. ഒരു രൂപകം മാത്രമല്ല ബേക്കൺ ഇതു കൊണ്ടുദ്ദേശിച്ചത്‌; ലോകത്തെ ചില അടിസ്ഥാനരൂപങ്ങളായി (ഊഷ്മാവുകൾ, സാന്ദ്രതകൾ, ഭാരങ്ങൾ, നിറങ്ങൾ) ലഘൂകരിക്കാമെന്നും പ്രപഞ്ചഗ്രന്ഥം എഴുതിയിരിക്കുന്ന അക്ഷരങ്ങളുടെ പരമ്പരയാണ്‌ പരിമിതസംഖ്യയായ ആ രൂപങ്ങളെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം.

1642നോടടുപ്പിച്ച്‌ സർ തോമസ്‌ ബ്രൗൺ അതിനു സ്ഥിരീകരണം നല്കി: “അങ്ങനെ ഞാൻ എന്റെ ദൈവത്തെ സഞ്ചയിക്കുന്നത് രണ്ടു ഗ്രന്ഥങ്ങളിൽ നിന്നാണ്‌: ദൈവത്തിനെക്കുറിച്ചുള്ള ആ ലിഖിതഗ്രന്ഥത്തിനു പുറമേ അവന്റെ ദാസനായ പ്രകൃതി എന്ന ഗ്രന്ഥവും; സർവ്വരുടേയും കണ്ണുകൾക്കായി തുറന്നുകിടക്കുന്ന സാർവ്വജനീനവും പരസ്യവുമായ ആ ഹസ്തലിഖിതം. ഒന്നിൽ അവനെ കണ്ടെത്താത്ത ആരും മറ്റേതിൽ അവനെ കണ്ടെത്തിയിരിക്കും. (Religio Medici I,16). അതേ ഖണ്ഡികയിൽ നാം ഇങ്ങനെയും വായിക്കുന്നു: ”ചുരുക്കത്തിൽ എല്ലാം നിർമ്മിതമാണ്‌; എന്തെന്നാൽ പ്രകൃതി ദൈവത്തിന്റെ കലയാണ്‌.“

ഇരുന്നൂറുകൊല്ലം കഴിയുമ്പോൾ സ്കോട്ട്ലന്റുകാരനായ കാർലൈൽ തന്റെ പുസ്തകങ്ങളിൽ പലയിടത്തായി, പ്രത്യേകിച്ചും Cagliostroയെക്കുറിച്ചുള്ള ലേഖനത്തിൽ ബേക്കണിന്റെ പരികല്പനയിൽ നിന്നു മുന്നോട്ടു പോകുന്നു: പ്രപഞ്ചചരിത്രം നാം ചുരുളഴിച്ചെടുക്കുകയും നിശ്ചയമില്ലാതെ എഴുതുകയും ചെയ്യുന്ന ഒരു വിശുദ്ധഗ്രന്ഥമാണെന്നും അതിൽ നമ്മളും എഴുതപ്പെടുന്നുവെന്നും അദ്ദേഹം പറയുന്നു. പില്ക്കാലത്ത് ലിയോൺ ബ്ലോയ് (Leon Bloy) ഇങ്ങനെ എഴുതും: ”താൻ ആരാണെന്നു പ്രസ്താവിക്കാൻ പ്രാപ്തിയുള്ള ഒരു മനുഷ്യജീവിയും ലോകത്തില്ല. ആർക്കുമറിയില്ല, താൻ എന്തു ചെയ്യാനായി ഈ ലോകത്തു വന്നുവെന്ന്, എന്തിനോടാണ്‌ തന്റെ പ്രവൃത്തികളും വികാരങ്ങളും ആശയങ്ങളും അനുരൂപമായിരിക്കുന്നതെന്ന്, തന്റെ യഥാർത്ഥത്തിലുള്ള പേരെന്താണെന്ന്: പ്രകാശത്തിന്റെ പേരേടിൽ നാശമില്ലാത്ത ആ പേര്‌...ചരിത്രം അതിബൃഹത്തായ ഒരു പ്രാർത്ഥനാപുസ്തകമത്രെ; അതിൽ ശ്ലോകങ്ങളെക്കാൾ, അദ്ധ്യായങ്ങളെക്കാൾ ഒട്ടും മൂല്യം കുറഞ്ഞതല്ല, ഏതൊരക്ഷരവും പൂർണ്ണവിരാമചിഹ്നവും; എന്നാൽ രണ്ടിന്റേയും പ്രാധാന്യം നിർണ്ണയാതീതവും അതിഗൂഢവുമാണെന്നു മാത്രം.“ (L'Ame de Napoleon, 1912)

മല്ലാർമേയുടെ അഭിപ്രായത്തിൽ ലോകം നിലനില്ക്കുന്നതുതന്നെ ഒരു പുസ്തകത്തിനായിട്ടാണ്‌; ബ്ലോയ് പറയുന്നതു പ്രകാരം ഒരു മാന്ത്രികഗ്രന്ഥത്തിലെ ശ്ലോകങ്ങളോ വാക്കുകളോ അക്ഷരങ്ങളോ ആണു നാം; ഈ ലോകത്തുള്ള ഒരേയൊരു വസ്തു ആ അനുസ്യൂതഗ്രന്ഥമാണ്‌; കൃത്യമായിപ്പറഞ്ഞാൽ, അതുതന്നെയാണ്‌ ലോകം.

(On the Cult of Books)


2023, ഏപ്രിൽ 12, ബുധനാഴ്‌ച

കീർത്തിൿ ശശിധരൻ - കാഫ്കയുടെ ഡയറി

 1914 ആഗസ്റ്റ് 2ന്‌ ഫ്രാൻസ് കാഫ്ക ഡയറിയിൽ ഇങ്ങനെയെഴുതി: “ജർമ്മനി റഷ്യയോട് യുദ്ധം പ്രഖ്യാപിച്ചു. ഉച്ച തിരിഞ്ഞ് നീന്താൻ പോയി.” അദ്ദേഹം ഇവിടെ പരാമർശിക്കുന്നത് ഒന്നാം ലോകമഹായുദ്ധത്തെക്കുറിച്ചാണ്‌; ആ യുദ്ധമാണ്‌ അടുത്ത നാലു കൊല്ലത്തിനുള്ളിൽ ഒന്നരക്കോടിയോളം മനുഷ്യരെ കൊന്നൊടുക്കുകയും ഏഴു നൂറ്റാണ്ടു നീണ്ടുനിന്ന ഒട്ടോമൻ സാമ്രാജ്യത്തിന്റെ പതനത്തിനു തുടക്കമിടുകയും ഒരു ലോകശക്തിയായി അമേരിക്കയുടെ വരവ് വിളംബരം ചെയ്യുകയും ചെയ്യുന്നത്. വർഷങ്ങൾക്കു ശേഷം കാഫ്കയുടെ ദുരന്തപൂർണ്ണമായ ഹ്രസ്വജീവിതത്തിന്റെ പൊരുൾ ചികഞ്ഞുപോയ ജീവചരിത്രകാരന്മാരുടെ കണ്ണിൽ ഈ ഡയറിക്കുറിപ്പ് വന്നുപെട്ടു. ചിലർക്ക് ആ വാക്യം കാഫ്കയുടെ സാരാംശമായിരുന്നു- ബാഹ്യലോകത്തിനോടുള്ള ഉദാസീനത. ഒരു മഹായുദ്ധത്തിന്റെ ചുരുൾ നിവരുന്ന മനുഷ്യക്കശാപ്പും ഒരു മദ്ധ്യവർഗ്ഗജീവിതത്തിന്റെ നിത്യസാധാരണമായ അനുഷ്ഠാനങ്ങളും അദ്ദേഹത്തിന്റെ മനസ്സിൽ, ജനനം കാത്തുകിടക്കുന്ന ഇരട്ടക്കുട്ടികൾ ഗർഭജലത്തിലെന്നപോലെ, സഹവസിച്ചിരുന്നുവെന്നത് അവരെ നയിച്ചത് കാഫ്ക ആളൊരു നിർമ്മമനായിരുന്നു എന്ന നിഗമനത്തിലേക്കാണ്‌.

എന്നാൽ കാഫ്കയെക്കുറിച്ച് അടുത്തകാലത്ത് വിപുലമായ ഒരു ജീവചരിത്രമെഴുതിയ റെയ്നർ സ്റ്റാഷ് (Reiner Stach) അദ്ദേഹത്തിന്റെ വൈകാരികമായ ആ ഉദാസീനതയെ ഒരു സൂക്ഷ്മാർത്ഥത്തിൽ വിശദീകരിക്കുന്നു. അദ്ദേഹം തന്റെ ഡയറിയിൽ രേഖപ്പെടുത്തിവച്ചത് പത്രവാർത്തകളല്ല, മറിച്ച്, കുളത്തിൽ പായലെന്നപോലെ യൂറോപ്പിന്റെ മിക്ക ഭാഗത്തും പടർന്നുകിടന്നിരുന്ന ആസ്ട്രോ-ഹംഗേറിയൻ സാമ്രാജ്യത്തിന്റെ പതനത്തിന്റെ തുടക്കം തന്നെ സംബന്ധിച്ചിടത്തോളം എത്ര പ്രധാനമായിരുന്നു എന്നതാണ്‌. കാഫ്കയുടെ സ്വകാര്യഡയറികൾ പ്രസിദ്ധീകരിക്കപ്പെട്ടപ്പോൾ അത് രണ്ടിനും വിരുദ്ധമായിരുന്നു- അദ്ദേഹത്തിന്റെ കൃതികളിലെ ശില്പഭദ്രമായ മനോവിഭ്രാന്തികൾക്കും അദ്ദേഹത്തിൽ ആരോപിക്കപ്പെട്ട വൈകാരികോദാസീനതയ്ക്കും. അവ വെളിപ്പെടുത്തിയത് കാഫ്ക എന്ന വ്യക്തിയും കാഫ്ക എന്ന എഴുത്തുകാരനും പുറത്തുവന്നത് അസ്തിത്വാകാംക്ഷകളുടേയും വൈരുദ്ധ്യങ്ങളുടേയും ഏതു ചതുപ്പിൽ നിന്നാണ്‌ എന്നതാണ്‌.
കാഫ്ക തന്റെ ഡയറികളിൽ രേഖപ്പെടുത്തിയ ചിന്തകളുടേയും ലൈംഗികസാഹസങ്ങളുടേയും സ്വകാര്യനൈരാശ്യങ്ങളുടേയും വാസ്തവസ്ഥിതി വേർതിരിച്ചെടുക്കുക അത്ര പ്രയാസമുള്ള കാര്യമല്ല; എന്നാൽ അവയുടെ ആന്തരാർത്ഥങ്ങൾ അത്രയെളുപ്പത്തിൽ പിടി തരണമെന്നില്ല. അതിന്‌ ഒരു കാരണം ഇതാണ്‌: പഴയ ലോകം പുതിയതെന്തിനോ പിറവി കൊടുക്കുകയാണെ ജാഗ്രത കലർന്ന തിരിച്ചറിവ് അദ്ദേഹത്തിനുണ്ട്; എന്നാൽ അതെന്താണെന്ന് അദ്ദേഹം അല്ലെങ്കിൽ അദ്ദേഹത്തിന്റെ ഡയറി രേഖപ്പെടുത്തുന്നില്ല. സ്വന്തം ചുവട്ടടിയിൽ നിന്ന് മണ്ണൊലിച്ചുപോവുകയാണെന്ന ഒരു വിപൽശങ്ക വായിച്ചെടുക്കാൻ വിഷമമൊന്നുമില്ല, എന്നാൽ ഡയറിയിൽ എഴുതിവയ്ക്കുക എന്ന പ്രവൃത്തി കൊണ്ട് എന്താണദ്ദേഹം ലക്ഷ്യമിട്ടത് എന്നു കണ്ടുപിടിക്കുക കുറച്ചുകൂടി വിഷമകരമാണ്‌. ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, ട്വിറ്റർ, ടംബ്ലർ എന്നീ നാൽവർസംഘം കുത്തകയാക്കിയ സോഷ്യൽമീഡിയാക്കാലം പോലെയല്ല, അന്നൊക്കെ ഒരാളുടെ ചിന്തകൾ കുറിച്ചിടാനുള്ള ഒരേയൊരിടം ഡയറിയായിരുന്നു. മാന്യതയുടെ മേലുടുപ്പുകളൊക്കെ ഊരിയെറിഞ്ഞ് തങ്ങളെത്തന്നെ സ്വയം കണ്ടെടുക്കാൻ പലർക്കും അങ്ങനെയൊരിടം മാത്രമേ ഉണ്ടായിരുന്നുള്ളു എന്നതാണ്‌ വാസ്തവം. ദുരഭിമാനങ്ങളും മുൻവിധികളും അഭിലാഷങ്ങളും ഉപജാപങ്ങളുമൊക്കെ നിറഞ്ഞുകവിയുന്നതായിരുന്നു ഡയറിയുടെ പേജുകൾ.
(കീർത്തിക് ശശിധരൻ ഹിന്ദു പത്രത്തിലെഴുതിയ Inner Worlds of Others എന്ന ലേഖനത്തിൽ നിന്ന്)

2023, ഏപ്രിൽ 2, ഞായറാഴ്‌ച

വീസ്വാവ ഷിംബോർസ്ക്ക - മടക്കയാത്രയിൽ ചുമക്കാനുള്ളത്



കുഞ്ഞുകുഴിമാടങ്ങൾക്കുള്ള സെമിത്തേരിയുടെ ഭാഗം.
നമ്മൾ, ദീർഘകാലം ജീവിച്ചുകഴിഞ്ഞവർ,
ഒച്ച കേൾപ്പിക്കാതവിടം കടന്നുപോകുന്നു,
ചേരികൾ കടന്നുപോകുന്ന ധനികരെപ്പോലെ.

ഇവിടെ ശയിക്കുന്നു കൊച്ചുസോസിയ, ജാസക്ക്, ഡൊമിനിക്ക്,
സൂര്യനും ചന്ദ്രനും മേഘങ്ങളും തിരിഞ്ഞെത്തുന്ന ഋതുക്കളും
അകാലത്തിലേ അപഹരിക്കപ്പെട്ടവർ.

മടക്കയാത്രയ്ക്കു ബാഗൊരുക്കുമ്പോൾ
അവർക്കധികമൊന്നും കുത്തിനിറയ്ക്കാനുണ്ടായിരുന്നില്ല.
കാഴ്ചകളുടെ ചില ശകലങ്ങൾ:
എണ്ണിയാൽ ഒരു കയ്യുടെ വിരലുകളിലെണ്ണാം.
ഒരു കൈപ്പിടിയിൽ കൊള്ളുന്നത്ര വായു,
അതിൽ തത്തിപ്പറക്കുന്നൊരു പൂമ്പാറ്റയുമായി.
ഒരു സ്പൂൺ കയ്ക്കുന്ന ജ്ഞാനം- മരുന്നിന്റെ ചുവ.

ചെറുകിടവികൃതിത്തരം,
സമ്മതിച്ചു, ചിലതൊക്കെ മാരകവുമായിരുന്നു.
പന്തിനു പിന്നാലെ റോഡിലേക്കു പാച്ചിൽ.
ഐസുപാളിക്കു മേൽ സ്കേറ്റു ചെയ്യുന്നതിന്റെ സന്തോഷം.

ഇവിടെക്കിടക്കുന്ന ഈയാൾ, അപ്പുറത്തു കിടക്കുന്ന അയാൾ,
അങ്ങേയറ്റത്തു കിടക്കുന്ന മറ്റേയാൾ:
ഒരു വാതില്പിടിയിൽ പിടിക്കാനുള്ള ഉയരമെത്തും മുമ്പേ,
ഒരു വാച്ചുടയ്ക്കാനാകും മുമ്പേ,
ആദ്യത്തെ ജനാലച്ചില്ലു തകർക്കാനാകും മുമ്പേ.

മാൽഗോർസറ്റ, നാലു വയസ്സു പ്രായം,
അതിൽ രണ്ടും മച്ചിൽ തുറിച്ചുനോക്കി കഴിച്ചവൾ.

റഫാലെക്ക്: ഒരു മാസത്തിന്റെ കുറവു കൊണ്ട്
അഞ്ചാം പിറന്നാൾ നഷ്ടമായവൻ,
സൂസിയയ്ക്കു ക്രിസ്തുമസ്സ് നഷ്ടപ്പെട്ടു,
പുകമഞ്ഞു പോലത്തെ ശ്വാസം കട്ടിമഞ്ഞായപ്പോൾ.

ഒരു ദിവസത്തെ ജീവിതത്തെ, ഒരു മിനുട്ടിനെ, 
ഒരു സെക്കന്റിനെക്കുറിച്ച് നിങ്ങളെന്തു പറയും:
ഇരുട്ട്, ഒരു ബൾബിന്റെ മിന്നൽ, പിന്നെയും ഇരുട്ട്, എന്നോ?

“കോസ്മോസ് മാക്രോസ്
ക്രോണോസ് പാരഡൊക്സൊസ്”*
അതു പറയാൻ കല്ലു പോലത്തെ ഗ്രീക്ക് തന്നെ വേണം.

*പ്രപഞ്ചം വിപുലം/കാലം വൈരുദ്ധ്യം“ എന്നർത്ഥം വരുന്ന ഗ്രീക്ക് പഴമൊഴി.


ഫ്രാൻസ് കാഫ്ക - ഒരു കൊച്ചുസ്ത്രീ

 

ഇനി ഞാൻ പറയാൻ പോകുന്നത് ഒരു കൊച്ചുസ്ത്രീയെക്കുറിച്ചാണ്‌; നന്നേ മെലിഞ്ഞ ദേഹപ്രകൃതി; അതാണെങ്കിൽ ലേസിട്ടു മുറുക്കിക്കെട്ടിയതും; ഞാൻ കാണുമ്പോഴൊക്കെ ഒരേ വേഷത്തിലാണവൾ; തടിയെ ഓർമ്മിപ്പിക്കുന്ന മഞ്ഞിച്ചുനരച്ച നിറത്തിൽ, അതേ നിറത്തിലുള്ള ചില തൊങ്ങലുകളോ കുടുക്കുകളോ കൊണ്ടു മോടി പിടിപ്പിച്ച ഒരു വേഷം; ഒരിക്കലും തല മറയ്ക്കില്ല; വിളറിയ മഞ്ഞനിറത്തിലുള്ള നീളൻ മുടി അലങ്കോലമായിട്ടല്ലെങ്കിലും പാറിപ്പറന്നുകിടക്കും. ലേസിട്ടു മുറുക്കിക്കെട്ടിയിട്ടുണ്ടെങ്കിലും ചലനങ്ങളുടെ ചടുലതയ്ക്ക് ഒരു കുറവുമില്ല; അവൾ അതൊന്നു പെരുപ്പിച്ചുകാട്ടുകകൂടിച്ചെയ്യുന്നുണ്ട്. ഇടയ്ക്കൊക്കെക്കാണാം, കൈകൾ ഇടുപ്പിൽ കുത്തിയിട്ട് ഉടലിന്റെ മേല്ഭാഗം പെട്ടെന്നവൾ വശത്തേക്കു വെട്ടിത്തിരിക്കുന്നത്. അവളുടെ കൈകളെക്കുറിച്ചുള്ള എന്റെ തോന്നൽ വ്യക്തമാക്കണമെങ്കിൽ എനിക്കിങ്ങനെ പറഞ്ഞാലേ പറ്റൂ: വിരലുകൾ ഒന്നിനൊന്ന് ഇത്ര വേർതിരിഞ്ഞുനില്ക്കുന്ന ഒരു കൈ അവളുടേതല്ലാതെ ഞാൻ കണ്ടിട്ടില്ല; എന്നാൽ അവളുടെ കൈകൾക്ക് ശരീരശാസ്ത്രപരമായ എന്തെങ്കിലും വിലക്ഷണതയുണ്ടോ എന്നു ചോദിച്ചാൽ അതുമില്ല.

ഈ കൊച്ചുസ്ത്രീയ്ക്ക് എന്നെ തീരെ തൃപ്തിയില്ല; എന്നെ വിമർശിക്കാൻ എന്തെങ്കിലും കാരണം അവൾ കണ്ടുകൊണ്ടേയിരിക്കും; ഞാനവളോട് ഒരു നീതിയും കാണിക്കുന്നില്ല എന്ന മട്ടാണ്‌; ഞാൻ ഒന്നു തിരിഞ്ഞാൽ, ശ്വാസം വിട്ടാൽത്തന്നെ അതവളെ നീരസപ്പെടുത്തുന്നുണ്ടെന്നപോലെയാണ്‌. സ്വന്തം ജീവിതത്തെ ഏറ്റവും ചെറിയ ഭാഗങ്ങളായി വിഭജിച്ചിട്ട് അതിൽ ഓരോ ഭാഗത്തെയും പ്രത്യേകമായി എടുത്തുനോക്കിയാൽ അതിലുമുണ്ടാവും അവളെ ഈറ പിടിപ്പിക്കുന്നതെന്തെങ്കിലും എന്നത് തീർച്ചയാണ്‌. ഞാൻ അവളെ ഇത്ര വെറി പിടിപ്പിക്കുന്നത് എന്തു കാരണം കൊണ്ടാണെന്ന് ഞാൻ പലപ്പോഴും ആലോചിച്ചുനോക്കിയിട്ടുണ്ട്; അതിനി എന്നെ സംബന്ധിച്ചതെന്തും അവളുടെ സൗന്ദര്യബോധത്തിന്‌, അവളുടെ നീതിബോധത്തിന്‌, അവളുടെ ശീലങ്ങൾക്ക്, അവളുടെ നിഷ്ഠകൾക്ക്, അവളുടെ പ്രതീക്ഷകൾക്കെതിരായി പോകുന്നതുകൊണ്ടാണെന്നുവരാം- അത്രയും ഒന്നിനൊന്നു പൊരുത്തമില്ലാത്ത പ്രകൃതങ്ങൾ ഉണ്ടാകാമല്ലോ; എന്നാലും ആ വസ്തുത അവളെ ഇത്രമാത്രം ക്ലേശിപ്പിക്കുന്നതിനു കാരണമെന്താണ്‌? എന്റെ പേരിൽ മനഃക്ലേശം തോന്നാനും മാത്രം ഒരു ബന്ധം ഞങ്ങൾ തമ്മിൽ ഇല്ല.  ഞാനവൾക്ക് വെറും ഒരപരിചിതനായ നിലയ്ക്ക് എന്നെ അങ്ങനെ മാത്രം കാണാനുള്ള ഒരു തീരുമാനമെടുക്കേണ്ട കാര്യമേയുള്ളു (ഒരെതിർപ്പിനും നില്ക്കാതെ ഞാനതിനെ സ്വാഗതം ചെയ്യാനാണു പോവുക); എന്റെ അസ്തിത്വത്തെ പൂർണ്ണമായി മറന്നുകളയാനുള്ള തീരുമാനമെടുക്കേണ്ട കാര്യമേയുള്ളു ( ഞാൻ അതൊരിക്കലും അവളുടെ മേൽ കെട്ടിവയ്ക്കുകയോ അതിനു ശ്രമിക്കുകയോ ചെയ്തിട്ടില്ല)- അവളുടെ യാതനകൾക്കെല്ലാം ഒരവസാനമുണ്ടാവും. (ഇവിടെ എന്റെ കാര്യം ഞാൻ വിട്ടുകളയുകയാണ്‌, അവളുടെ പെരുമാറ്റം സ്വാഭാവികമായും എനിക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് എന്ന വസ്തുതയെക്കുറിച്ചും ഞാൻ ഒന്നും പറയുന്നില്ല; കാരണം, അവൾ അനുഭവിക്കുന്നതുവച്ചു നോക്കുമ്പോൾ എന്റെ മാനസികപ്രയാസം ഒന്നുമല്ലെന്ന പൂർണ്ണബോദ്ധ്യം എനിക്കുണ്ട്.) അതേ സമയം അവളുടെ മാനസികപ്രയാസത്തിൽ എന്നോടെന്തെങ്കിലും മമതയുടെ ഒരംശവുമില്ലെന്ന് സംശയമില്ലാത്തവിധം എനിക്കു വ്യക്തവുമാണ്‌;  എന്നെ ഏതെങ്കിലും രീതിയിൽ നന്നാക്കിയെടുക്കണമെന്നൊന്നും അവൾക്കില്ല; എന്റെ കാര്യത്തിൽ അവൾക്കെതിർപ്പുള്ളതൊന്നും ജീവിതത്തിൽ എന്റെ മുന്നേറ്റത്തിനു വിഘാതമാവുന്നതുമല്ലല്ലോ. പിന്നെ, എന്റെ ജീവിതവിജയമൊന്നും അവൾക്കു താല്പര്യമുള്ള കാര്യവുമല്ല; അവൾക്കു താല്പര്യമുള്ള ഒരേയൊരു കാര്യം അവളുടെ വ്യക്തിപരമായ ദൗത്യമാണ്‌: അതാവട്ടെ, ഞാൻ അവൾക്കേല്പിക്കുന്ന പീഡനങ്ങൾക്കു പ്രതികാരം ചെയ്യുക എന്നതും ഭാവിയിൽ ഞാനേല്പിച്ചേക്കാവുന്ന പീഡനങ്ങൾക്കു തടയിടുക എന്നതുമാണ്‌. അവളുടെ ഈ തീരാത്ത ക്ഷോഭം തീർക്കുന്നതിലേക്കു നയിക്കുന്ന ഒരു വഴിയെക്കുറിച്ച് ഒരിക്കൽ ഞാനവളുടെ ശ്രദ്ധ തിരിക്കാൻ നോക്കിയതാണ്‌; എന്നാൽ അതവളെ കൊണ്ടുചാടിച്ച മനക്കുഴപ്പം കണ്ടപ്പോൾ ഇനി അങ്ങനെയൊരു ശ്രമം നടത്താനില്ലെന്ന് ഞാൻ തീരുമാനിച്ചു.

ഇക്കാര്യത്തിൽ ഒരുത്തരവാദിത്വം എനിക്കുണ്ടെന്നും വേണമെങ്കിൽ പറയാം; കാരണം, ആ സ്ത്രീ എനിക്കെത്ര അപരിചിതയാണെങ്കിലും ഞങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരേയൊരു കാര്യം ഞാൻ കാരണം അവൾക്കുണ്ടാകുന്ന നീരസം, അല്ലെങ്കിൽ, അവളനുവദിച്ച് ഞാൻ അവൾക്കുണ്ടാക്കുന്ന നീരസം മാത്രമാണെങ്കിലും അതിൻ ഫലമായി അവൾക്കുണ്ടാകുന്ന ശാരീരികപ്രയാസങ്ങൾ ഞാൻ കണ്ടില്ലെന്നു നടിക്കാൻ പാടില്ലാത്തതാകുന്നു. ഇടയ്ക്കിടെ, ഇപ്പോഴാണെങ്കിൽ കൂടെക്കൂടെയും, ഞാൻ കേൾക്കുന്നുണ്ട്, ഉറക്കമില്ലാത്തതു കാരണം മുഖത്തൊരു വിളർച്ചയും തല വെട്ടിപ്പൊളിക്കുന്ന തലവേദനയും കൊണ്ട് അവൾ കാലത്തെഴുന്നേറ്റു വരുന്നതിനെക്കുറിച്ച്, ജോലിക്കു പോകാൻ തീരെ പറ്റാത്ത സ്ഥിതിയിലാവുന്നതിനെക്കുറിച്ച്. അവളുടെ വീട്ടുകാർക്ക് അവളെപ്രതി നല്ല വിഷമമുണ്ട്; അവളുടെ അവസ്ഥ ഇങ്ങനെയാവാൻ എന്താണു കാരണമെന്നു കണ്ടുപിടിക്കാൻ അവർ ശ്രമിക്കുന്നുമുണ്ട്; എന്നാൽ ഇന്നുവരെ അതിനൊരു വിശദീകരണം കണ്ടെത്താൻ അവർക്കു കഴിഞ്ഞിട്ടില്ല. അതറിയുന്ന ഒരേയൊരാൾ ഞാൻ മാത്രമാണ്‌; അവൾക്കെന്നോടു പണ്ടേയുള്ളതും ഇന്നും തുടരുന്നതുമായ ആ നീരസമാണ്‌ കാരണം. അവളുടെ പേരിൽ അവളുടെ ബന്ധുക്കൾക്കുള്ള ഉത്കണ്ഠ എനിക്കില്ല; മനക്കരുത്തും പിടിച്ചുനില്ക്കാനുള്ള മനസ്സുറപ്പും അവൾക്കുണ്ട്; അത്രയും കടുത്ത നീരസമുള്ള ഒരാൾക്ക് അതിന്റെ അനന്തരഫലങ്ങൾ അതിജീവിക്കാനുള്ള കഴിവും ഉണ്ടായിരിക്കണം; ആളുകളുടെ സംശയം എനിക്കുമേൽ തിരിയാൻ വേണ്ടി ഇതെല്ലാം അവളുടെ ഒരു നാടകമാണോ എന്ന ഒരു സംശയം കൂടി എനിക്കുണ്ടെന്നു പറയണം. എന്റെ അസ്തിത്വം തനിക്കെന്തുമാത്രം പീഡാജനകമാണെന്ന് തുറന്നു പ്രഖ്യാപിക്കാൻ അവളുടെ അഭിമാനം അവളെ അനുവദിക്കില്ല; എനിക്കെതിരായി അന്യരുടെ പിന്തുണ തേടുന്നത് സ്വന്തം വിലയിടിക്കുന്നതായിട്ടാണ്‌ അവളെടുക്കുക; വെറുപ്പു മാത്രമാണ്‌, ഒടുങ്ങാത്ത വെറുപ്പു മാത്രമാണ്‌ അവളെ എന്നോടു ബന്ധപ്പെടുത്തുന്നത്; ഈ അധമമായ സംഗതി നാലാളുകൾക്കു മുന്നിൽ വച്ചു ചർച്ച ചെയ്യുന്നത് ഓർക്കുമ്പോൾത്തന്നെ ലജ്ജാകരമായിട്ടാണ്‌ അവൾക്കു തോന്നുന്നത്. അതേ സമയം, തന്നെ നിരന്തരസമ്മർദ്ദത്തിലാക്കുന്ന ഈ കാര്യത്തെക്കുറിച്ചു മിണ്ടാതിരിക്കുന്നതും അവൾക്കു താങ്ങാൻ പറ്റുന്നില്ല. അതിനാൽ ഒരു സ്ത്രീയുടെ കൗശലത്തോടെ അവൾ ഒരു മദ്ധ്യമാർഗ്ഗം കണ്ടെത്താൻ നോക്കുകയാണ്‌; നിശ്ശബ്ദയായി, ഒരു നിഗൂഢശോകത്തിന്റെ ബാഹ്യാവിഷ്കാരങ്ങൾ കൊണ്ടുതന്നെ ഇക്കാര്യം പൊതുജനാഭിപ്രായമെന്ന കോടതിക്കു മുന്നിൽ കൊണ്ടുവരാൻ നോക്കുകയാണവൾ. പൊതുജനത്തിന്‌ എന്നെക്കുറിച്ച് വ്യക്തമായ ഒരഭിപ്രായം ഉണ്ടായിക്കഴിഞ്ഞാൽ എന്റെ പേരിൽ പൊതുവായ ഒരു നീരസം ഉടലെടുക്കുമെന്നും അതിന്റെ സ്വാധീനത്തിലുള്ള വലുതും പ്രബലവുമായ ശക്തികൾ അവളുടെ താരതമ്യേന ദുർബ്ബലമായ സ്വകാര്യനീരസത്തിനു സാധിക്കുന്നതിനേക്കാൾ വേഗത്തിലും ആധികാരികമായും ഖണ്ഡിതമായും  എന്റെ വിധി തീരുമാനിക്കുമെന്നും അവൾ പ്രതീക്ഷിക്കുന്നുണ്ടെന്നും വരാം; പക്ഷേ അപ്പോഴാണ്‌, ഒരു ദീർഘശ്വാസമെടുത്തുകൊണ്ട്  അവൾ പിന്മാറുന്നതും എനിക്കു പുറം തിരിയുന്നതും. ഇനി അതുതന്നെയാണ്‌ അവളുടെ പ്രതീക്ഷയെങ്കിൽ അവൾ നിരാശപ്പെടാനാണു പോകുന്നതെന്ന് എനിക്കു പറയേണ്ടിവരും. പൊതുജനം അവളുടെ വേഷമാടാൻ പോകുന്നില്ല; ഒരാക്ഷേപവും അതെന്നിൽ കണ്ടെത്താൻ പോകുന്നില്ല, ഏതു ഭൂതക്കണ്ണാടി വച്ചെന്നെ പരിശോധിച്ചാലും. അവൾ കരുതുന്നപോലെ അത്ര ഉപയോഗമില്ലാത്ത ജീവിയല്ല ഞാൻ; സ്വയം പുകഴ്ത്താൻ ഒരാഗ്രഹവും എനിക്കില്ല, ഇക്കാര്യത്തിൽ വിശേഷിച്ചും; അസാധാരണമായ ഉപയുക്തത കൊണ്ട് ശ്രദ്ധയാകർഷിക്കുന്നയാളല്ല ഞാനെങ്കിൽ മറിച്ചുള്ള കാരണം കൊണ്ടും ഞാൻ അങ്ങനെയല്ല എന്നെങ്കിലും എനിക്കു പറയാം. അവൾക്കു മാത്രമാണ്‌ ഞാൻ അപ്രകാരം കാണപ്പെടുന്നത്, അവളുടെ വെളുവെളെ വെളുത്ത ആ കണ്ണുകൾക്കു മാത്രം; മറ്റൊരാളെ അതു വിശ്വസിപ്പിക്കുന്നതിൽ അവൾ വിജയിക്കാൻ പോകുന്നില്ല. എങ്കിൽ അക്കാര്യത്തിൽ എനിക്കു മനസ്സമാധാനത്തോടെ ഇരിക്കാമെന്നോ? അല്ല, അങ്ങനെയല്ലെന്നു തോന്നുന്നു; എന്തെന്നാൽ, ഞാൻ എന്റെ പെരുമാറ്റം കൊണ്ട് അവളുടെ ജീവിതം ദുരിതമയമാക്കുകയാണെന്ന് ആളുകളറിഞ്ഞുവെന്നിരിക്കട്ടെ- കണ്ണിലെണ്ണയുമൊഴിച്ചു നോക്കിയിരിക്കുന്ന ചിലർ, സ്ഥിരോത്സാഹികളായ കുറേ പരദൂഷണക്കാർ, ആ രീതിയിൽ അതിനെ കാണാൻ തുടങ്ങിക്കഴിഞ്ഞു, അല്ലെങ്കിൽ തങ്ങൾക്കങ്ങനെ കാണാമെന്ന ഒരു സൂചന എനിക്കു തരികയെങ്കിലും ചെയ്തു- ലോകം മുന്നോട്ടു വന്ന്, ഞാനെന്തിനാണ്‌ ഇത്ര പിടിവാശിയോടെ ആ പാവം കൊച്ചുസ്ത്രീയെ ഇങ്ങനെ പീഡിപ്പിക്കുന്നതെന്നും അവളുടെ ശവമടക്കു കണ്ടേ ഞാൻ അടങ്ങുകയുള്ളോയെന്നും അതു നിർത്താനുള്ള സാമാന്യബോധവും മാനുഷികമര്യാദയും എന്നാണു ഞാൻ കാണിക്കുക എന്നും എന്റെ മുഖത്തു നോക്കി ചോദിച്ചാൽ അതിനൊരു മറുപടി പറയാൻ എനിക്കു നന്നായി കഷ്ടപ്പെടേണ്ടിവരും. അവൾ കാണിക്കുന്ന ആ രോഗലക്ഷണങ്ങളിൽ എനിക്കത്രങ്ങു വിശ്വാസം വന്നിട്ടില്ലെന്നു സമ്മതിക്കുകയാണോ ഞാൻ ചെയ്യേണ്ടത്? സ്വന്തം അപരാധത്തിൽ നിന്നൊഴിവാകാനായി ഒരു മര്യാദയുമില്ലാതെ അന്യരെ അപരാധികളാക്കുകയാണു ഞാൻ എന്ന അസുഖകരമായ പ്രതീതി ജനിപ്പിക്കുകയല്ലേ അതുകൊണ്ടുണ്ടാവുകയുള്ളു? അവളുടെ അവസ്ഥ യഥാർത്ഥമാണെന്ന വിശ്വാസം എനിക്കുണ്ടെങ്കിൽത്തന്നെ, ആ സ്ത്രീ എനിക്കാരുമല്ലെന്നതിനാൽ, ഞങ്ങൾ തമ്മിലുള്ള ബന്ധം അവളുടെ സൃഷ്ടിയാണെന്നതിനാൽ, അവളുടെ വീക്ഷണത്തിലേ അതിനു നിലനില്പുള്ളൂ എന്നതിനാൽ എനിക്കവളോട് സഹതാപത്തിന്റെ ഒരു തരി പോലുമില്ലെന്നു തുറന്നുപറയാൻ എന്നെക്കൊണ്ടാകുമോ? ആരുമെന്നെ വിശ്വസിക്കാൻ പോകുന്നില്ല എന്നു ഞാൻ പറയുന്നില്ല; ആളുകൾ എന്നെ വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്തേക്കാം; അങ്ങനെയൊരു ചോദ്യമുദിക്കുന്ന ഘട്ടത്തിലേക്കുപോലും അവരെത്തണമെന്നുമില്ല; ദുർബ്ബലയും രോഗിണിയുമായ ഒരു സ്ത്രീയുടെ കാര്യത്തിൽ എന്റെ ഭാഗത്തു നിന്നുണ്ടായ പ്രതികരണം ഇന്നതായിരുന്നു എന്ന് രേഖപ്പെടുത്തുകമാത്രമേ അവർ ചെയ്തുള്ളു എന്നുവരാം; അതുതന്നെ മതിയായ വിധത്തിൽ എനിക്കു പ്രതികൂലമായിക്കഴിഞ്ഞു. കാരണം, എന്റെ മറുപടിക്കെതിരായി, മറ്റെന്തു മറുപടി ഞാൻ പറഞ്ഞാലും അതിനെതിരായി, വരാൻ പോകുന്നത് ഇതിനൊക്കെപ്പിന്നിൽ ഒരു സ്നേഹബന്ധം സംശയിക്കാതിരിക്കാൻ ലോകത്തിനു കഴിയുന്നില്ല എന്നതായിരിക്കും, അങ്ങനെയൊരു ബന്ധം ഇല്ലേയില്ലെന്ന് സുവ്യക്തമാണെങ്കിലും ഇനി, അങ്ങനെയൊന്നുണ്ടെങ്കിൽ അത് അവളുടെ ഭാഗത്തു നിന്നെന്നതിനെക്കാൾ എന്റെ ഭാഗത്തു നിന്നാണുണ്ടാകുന്നതെങ്കിലും; ഒന്നുമല്ലെങ്കിൽ അവളുടെ വിലയിരുത്തലുകളുടെ മൂർച്ചയേയും സ്വന്തം വാദങ്ങളെ മുന്നോട്ടു കൊണ്ടുപോകുന്നതിലുള്ള നിതാന്തപരിശ്രമത്തേയും ബഹുമാനത്തോടെ ഞാൻ കാണുകയും ചെയ്തേനെയല്ലോ, അതേ ഗുണങ്ങളെ എനിക്കെതിരായുള്ള ആയുധങ്ങളായിട്ടാണ്‌ അവൾ ഉപയോഗപ്പെടുത്തുന്നത് എന്ന വസ്തുത ഇല്ലായിരുന്നുവെങ്കിൽ. എന്നോടൊരു സുഹൃദ്ബന്ധത്തിന്റെ എത്രയും ചെറിയൊരു കണിക പോലും അവളുടെ ഭാഗത്തില്ല; ആ ഒരു കാര്യത്തിൽ അവളുടെ ആത്മാർത്ഥതയും സത്യസന്ധതയും സംശയിക്കാനില്ല; എന്റെ അവസാനത്തെ പ്രതീക്ഷ കിടക്കുന്നതും അതിലാണ്‌; അങ്ങനെയൊരു ബന്ധത്തെക്കുറിച്ചൊരു പ്രതീതി ജനിപ്പിക്കുന്നത് എന്നോടുള്ള അവളുടെ സമരതന്ത്രത്തെ സഹായിക്കുമെന്നായാല്ക്കൂടി അങ്ങനെയെന്തെങ്കിലും ചെയ്യാൻ മാത്രം അവൾ സ്വയം മറക്കാൻ പോകുന്നില്ല.  ഇത്തരം കാര്യങ്ങളിൽ ഒരു ബോധവുമില്ലാത്ത പൊതുജനം പക്ഷേ, സ്വന്തം അഭിപ്രായത്തിൽ ഉറച്ചുനില്ക്കുകയും അനിവാര്യമായും എന്നെ തള്ളിപ്പറയുകയും ചെയ്യും.

എനിക്കിനി ചെയ്യാൻ ശേഷിച്ചത് ലോകം കയറി ഇടപെടുന്നതിനു മുമ്പ് സ്വയം മാറുക എന്നതാണ്‌; എന്നു പറഞ്ഞാൽ, അവൾക്കെന്നോടുള്ള നീരസം ഇല്ലാതാകുന്നത്രയും അളവിൽ മാറുക എന്നല്ല ( അവളുടെ നീരസം ഇല്ലാതാവുക എന്നത് അചിന്ത്യമാണ്‌), അതിനെ ഒന്നു മയപ്പെടുത്തുക എന്നുമാത്രം. ശരിയാണ്‌, പലപ്പോഴും ഞാൻ എന്നോടുതന്നെ ചോദിച്ചിട്ടുള്ളതുമാണ്‌, എന്റെ ഇപ്പോഴത്തെ അവസ്ഥയിൽ ഞാൻ ശരിക്കും അത്രയ്ക്കങ്ങു സംതൃപ്തനാണോ, അതിൽ എന്തെങ്കിലും മാറ്റം വരുത്താൻ ആഗ്രഹം തോന്നാതിരിക്കാനെന്ന്; ആവശ്യമാണെന്ന ബോദ്ധ്യത്തിൽ നിന്നല്ലെങ്കില്ക്കൂടി അവളെ ഒന്നു സമാധാനിപ്പിക്കാൻ വേണ്ടിയെങ്കിലും ചില നീക്കുപോക്കുകൾ വരുത്താൻ എനിക്കു സാധിക്കേണ്ടതല്ലേയെന്ന്. മാറാൻ ആത്മാർത്ഥമായ ചില ശ്രമങ്ങൾ ഞാൻ നടത്തുകയും ചെയ്തിരുന്നു, കുറച്ചു ശ്രമവും ശ്രദ്ധയുമൊക്കെ വേണ്ടിവന്നിരുന്നുവെങ്കില്ക്കൂടി; എനിക്കതു ഹിതകരമായി തോന്നുകയും ചെയ്തിരുന്നു, എന്നല്ല, ഞാനതാസ്വദിക്കുകയും ചെയ്തു. ചിലചില മാറ്റങ്ങൾ വരികയും ചെയ്തതാണ്‌; എല്ലാവർക്കും കാണത്തക്കവിധം അത്ര വ്യക്തമായിരുന്നതിനാൽ അതിലേക്കവളുടെ ശ്രദ്ധ പ്രത്യേകമായി ക്ഷണിക്കേണ്ടിവന്നില്ല; അങ്ങനെയുള്ള കാര്യങ്ങൾ എന്നെക്കാൾ മുമ്പ് അവൾ കാണാറുണ്ടല്ലോ, എന്റെ മനസ്സിലിരുപ്പുകൾ കൂടി അവൾ അറിയാറുള്ളതുമാണ്‌; പക്ഷേ, ഞാനതിൽ വിജയം കണ്ടില്ല. എങ്ങനെ വിജയിക്കാനാണ്‌? അവൾക്കെന്നോടുള്ള അനിഷ്ടം, എനിക്കിപ്പോൾ വ്യക്തമായി മനസ്സിലാകുന്നപോലെ, അടിസ്ഥാനപരമായ ഒന്നാണ്‌; അതിനെ ഇല്ലാതാക്കാൻ ഒന്നിനുമാവില്ല, എന്നെ ഇല്ലാതാക്കുന്നതിനു പോലും; ഞാൻ ആത്മഹത്യ ചെയ്തുവെന്ന് അവൾ കേട്ടുവെന്നിരിക്കട്ടെ, അവളുടെ രോഷം നിയന്ത്രണം വിട്ടതായിരിക്കും. അവൾക്ക്, കുശാഗ്രബുദ്ധിയായ ഒരു സ്ത്രീയെന്ന നിലയ്ക്ക്, അവൾക്കിതു മനസിലാകാത്തത് എനിക്കു സങ്കല്പിക്കാൻ പറ്റുന്നില്ല; എന്നു പറയുമ്പോൾ ഞാൻ ഉദ്ദേശിക്കുന്നത് അവളുടെ പ്രയത്നങ്ങളുടെ നിരർത്ഥകത മാത്രമല്ല, എന്റെ നിഷ്കളങ്കത കൂടിയാണ്‌, എത്രയൊക്കെ ഇച്ഛാശക്തി പ്രയോഗിച്ചാലും അവളുടെ ആവശ്യങ്ങൾ നടപ്പാക്കാൻ പറ്റാത്ത എന്റെ കഴിവുകേടിനെക്കൂടിയാണ്‌. അവൾക്കിതൊക്കെ അറിയാമെന്നതിൽ സംശയമൊന്നുമില്ല; തന്റെ പോരാളിപ്രകൃതം കാരണമായി യുദ്ധക്കലികൊണ്ടു നില്ക്കുമ്പോൾ അവൾ ഇതെല്ലാം മറന്നുപോകുന്നുവെന്നുമാത്രം; അതേസമയം എന്റെ അസന്തുഷ്ടപ്രകൃതമാവട്ടെ (സഹജപ്രകൃതിയായതിനാൽ അതിൽ എനിക്കൊന്നും ചെയ്യാനില്ല), കോപം കൊണ്ടു മതി മറന്നു നില്ക്കുന്ന ആരുടെയും ചെകിട്ടിൽ താക്കീതു നല്കുന്ന ഒരു സൗമ്യപദം മന്ത്രിക്കാൻ എന്നെ പ്രേരിപ്പിക്കുന്ന വിധത്തിലുള്ളതുമാണ്‌. ഞങ്ങൾ ഒരിക്കലും അന്യോന്യം മനസ്സിലാക്കുക എന്നതുണ്ടാവാൻ പോകുന്നില്ല. പിന്നെയും പിന്നെയും ഒരു പ്രഭാതത്തിന്റെ പുതുമയിലേക്കു ഞാനിറങ്ങിച്ചെല്ലുമ്പോൾ കാണുന്നത് ഇതായിരിക്കും: ഞാൻ കാരണം നീരസം മുറ്റിയ ഒരു മുഖം, ഈർഷ്യ പിടിച്ചു പിളുത്തിയ ചുണ്ടുകൾ, എന്താണതിന്റെ പരിണതഫലം എന്നു മുൻകൂട്ടി അറിഞ്ഞുകൊണ്ടുള്ള ചുഴിഞ്ഞ നോട്ടം (എത്ര ക്ഷണികമാണെങ്കിലും ഒന്നും വിടാതെ കാണുന്ന ആ നോട്ടം എന്നെയൊന്നു തൊട്ടുരുമ്മിക്കടന്നുപോവുകയേയുള്ളു), നിഷ്കപടമായ ആ മുഖത്തു ചാലു കീറിയ കയ്പൻ പുഞ്ചിരി, ആകാശത്തേക്ക് വിഷാദത്തോടെയുള്ള ആ കണ്ണു പായിക്കൽ, ബലം കിട്ടാൻ വേണ്ടി ഇടുപ്പിന്മേലുള്ള ആ കൈ കുത്തൽ, ഒടുവിൽ, വിളറിയും വിറച്ചും കൊണ്ട് പൊട്ടിപ്പുറപ്പെടുന്ന കോപവും വെറുപ്പും.

അടുത്ത കാലത്ത്, ഇതാദ്യമായി (അതെനിക്ക് ഒരത്ഭുതമായിട്ടാണു തോന്നിയത്), ഈ സംഗതിയെക്കുറിച്ചുള്ള ചില സൂചനകൾ ഞാനെന്റെ ഏറ്റവുമടുത്ത ഒരു സ്നേഹിതനുമായി പങ്കുവയ്ക്കുകയുണ്ടായി; എന്നുപറഞ്ഞാൽ, പലതും പറയുന്നതിനിടയിൽ ഒന്നുരണ്ടു വാക്കുകൾ; അതത്ര പരിഗണനാർഹമായി തോന്നരുതെന്നതിനാൽ യഥാർത്ഥത്തിൽ അതിനുള്ള പ്രാധാന്യത്തിലും ഒരു പടി താഴ്ത്തിയാണ്‌ (വസ്തുനിഷ്ഠമായി നോക്കിയാൽ അതെത്ര ചെറിയ സംഗതിയാണെന്ന് എനിക്കറിയാമല്ലോ) ഞാൻ പരാമർശിച്ചതും. വിചിത്രമെന്നു പറയട്ടെ, എന്നിട്ടുകൂടി എന്റെ സ്നേഹിതൻ അതവഗണിക്കുകയല്ല ചെയ്തത്; അവൻ സ്വന്തനിലയ്ക്ക് അതിൽ കൂട്ടിച്ചേർക്കുകയും മറ്റൊരു വിഷയത്തിലേക്കും തെന്നിപ്പോകാതിരിക്കുകയും അതിനെക്കുറിച്ചു കൂടുതൽ സംസാരിക്കാൻ താല്പര്യം കാണിക്കുകയും ചെയ്തു എന്നതാണ്‌ വാസ്തവം. അതുമല്ല വിചിത്രം: സുപ്രധാനമായ ഒരു കാര്യത്തിൽ അവൻ അതിനെ വിലതാഴ്ത്തിക്കാണുകയും ചെയ്തു; കാരണം, കുറച്ചു കാലത്തേക്ക് മറ്റെവിടെയെങ്കിലും പോയി താമസിക്കാൻ അവൻ എന്നെ ഉപദേശിക്കുകയായിരുന്നു. അതിലധികം ബുദ്ധിശൂന്യമായ ഒരുപദേശം ഉണ്ടാവുക വയ്യ; സ്ഥിതി വളരെ ലളിതമാണെന്നതു വാസ്തവം തന്നെ; ഒന്നടുത്തുവന്നു നോക്കാൻ മിനക്കെടുന്ന ആർക്കും കാര്യം പിടി കിട്ടാനേയുള്ളു; എന്നുവച്ച്, ഞാൻ പോകുന്നതുകൊണ്ട് എല്ലാം, അല്ലെങ്കിൽ അതിന്റെ ഏറ്റവും പ്രധാനപ്പെട്ട സംഗതികൾ, പരിഹരിക്കപ്പെടുമെന്നു വരാവുന്നത്ര ലളിതവുമല്ല. നേരേ മറിച്ച്, പോകാതിരിക്കാൻ നോക്കുകയാണു ഞാൻ ചെയ്യേണ്ടത്; എന്തെങ്കിലും പ്ലാൻ എന്റെ മനസ്സിലുണ്ടെങ്കിൽ അതിതായിരിക്കണം: പുറംലോകത്തിനു കൈ കടത്താൻ ഇട കിട്ടാത്ത ഇപ്പോഴത്തെപ്പോലെ അതിനെ അതിന്റെ ഇടുങ്ങിയ അതിരുകളിൽത്തന്നെ സൂക്ഷിക്കുക; എന്നു പറഞ്ഞാൽ, ഞാൻ എന്റെ ഇപ്പോഴത്തെ സ്ഥിതിയിൽ അടങ്ങിക്കിടക്കുകയും കണ്ണിൽ പെടാവുന്ന വലിയ മാറ്റങ്ങൾക്കിടകൊടുക്കാതിരിരിക്കുകയും ചെയ്യുക; എന്നു പറയുമ്പോൾ, ഇക്കാര്യത്തെക്കുറിച്ച് ആരോടും ഒന്നും മിണ്ടാതിരിക്കുക; അതുപക്ഷേ ഇതെന്തോ അപകടം പിടിച്ച രഹസ്യമായതുകൊണ്ടൊന്നുമല്ല, മറിച്ച്, തികച്ചും വ്യക്തിപരമായ ചെറിയൊരു സംഗതിയായതുകൊണ്ടും അതിനാൽ ലാഘവത്തോടെ കാണേണ്ടതും തുടർന്നും അങ്ങനെതന്നെ വയ്ക്കേണ്ടതുമായതുകൊണ്ടാണ്‌. അങ്ങനെ നോക്കുമ്പോൾ എന്റെ സ്നേഹിതന്റെ അഭിപ്രായങ്ങൾ കൊണ്ട് പ്രയോജനമൊന്നും ഉണ്ടായില്ലെന്നു പറയാനും പറ്റില്ല; അതിൽ നിന്ന് പുതുതായൊന്നും ഞാൻ പഠിച്ചില്ലെങ്കിലും എന്റെ ആദ്യത്തെ നിലപാടിനെ ബലപ്പെടുത്താനെങ്കിലും അതുതകിയല്ലോ.

ഒന്നുകൂടി സൂക്ഷ്മമായി ആലോചിച്ചുനോക്കുമ്പോൾ ഈ സംഗതിയുടെ കാര്യത്തിൽ ഇപ്പോഴുണ്ടായിരിക്കുന്ന മാറ്റങ്ങൾ ശരിക്കുമൊരു മാറ്റമല്ല, എനിക്കതിനോടുള്ള മനോഭാവത്തിലെ മാറ്റങ്ങളാണെന്നും തോന്നുന്നു. ഈ മനോഭാവം, ഒരു വശത്ത്, കൂടുതൽ സംയമനമുള്ളതും പൗരുഷമുറ്റതുമാവുകയും കാര്യത്തിന്റെ ഉള്ളിലേക്ക് കുറച്ചുകൂടി ആഴത്തിലേക്കു പോവുകയും ചെയ്യുമ്പോൾ മറുവശത്ത്, നിരന്തരമായ ആഘാതങ്ങളുടെ സ്വാധീനത്താൽ, എത്ര ചെറുതാണെങ്കിലും എനിക്കു നിയന്ത്രിക്കാൻ പറ്റാത്ത ഒരസ്വാസ്ഥ്യത്തിന്റെ നേരിയ ഛായ കൈവരിക്കുകയുമാണ്‌.

ഒരന്തിമതീരുമാനം, അതെത്ര ആസന്നമാണെന്ന് ഇടയ്ക്കൊക്കെ തോന്നിയാലും, അടുത്തൊന്നും ഉണ്ടാകാൻ പോകുന്നില്ലെന്നു സ്വയം ഓർമ്മിപ്പിക്കുമ്പോൾ ഒരു സമാധാനമൊക്കെ എനിക്കിപ്പോൾ തോന്നിത്തുടങ്ങിയിട്ടുണ്ട്; തീരുമാനങ്ങളുണ്ടാകുന്നതിലെ വേഗതയെ ഉള്ളതിലേറെയായി കാണാനുള്ള ഒരു പ്രവണത നമുക്കുണ്ട്, ചെറുപ്പത്തിൽ വിശേഷിച്ചും; എന്റെ കൊച്ചു ന്യായാധിപതി എന്നെ കണ്ട മാത്രയിൽ മോഹാലസ്യപ്പെടുന്നപോലെയാവുകയും കസേരയിലേക്ക് ഒരു വശം ചരിഞ്ഞ് ചടഞ്ഞുവീഴുകയും ഒരു കൈ കൊണ്ട് കസേരയുടെ പിൻഭാഗത്തു പിടിച്ചിട്ട് മറ്റേക്കൈ കൊണ്ട് തന്റെ ഉടുപ്പിന്റെ ചരടിൽ തിരുപ്പിടിക്കുകയും ചെയ്യുമ്പോൾ, രോഷവും നൈരാശ്യവും കലർന്ന കണ്ണീർത്തുള്ളികൾ അവളുടെ കവിളുകളിലൂടെ ധാരയായി ഒഴുകുന്നതു കാണുമ്പോൾ എനിക്കു തോന്നിപ്പോകാറുണ്ട്, നിർണ്ണായകമായ ആ മുഹൂർത്തം അടുത്തുകഴിഞ്ഞിരിക്കുന്നുവെന്ന്, എന്റെ ഭാഗം വിശദീകരിക്കാൻ എന്നെ വിളിച്ചുവരുത്താനുള്ള സമയം ആഗതമായിരിക്കുന്നുവെന്ന്. എന്നിട്ടെന്താ, ഒരന്തിമതീരുമാനവുമില്ല, ഒരു വിളിച്ചുവരുത്തലുമില്ല; പെണ്ണുങ്ങൾക്കു തോന്നുമ്പോഴൊക്കെ മോഹാലസ്യപ്പെടാം; അതിനൊക്കെ ഓടിച്ചെല്ലാൻ ലോകത്തിനെവിടെ നേരമിരിക്കുന്നു? ഇക്കഴിഞ്ഞ വർഷങ്ങളിൽ ശരിക്കും എന്താണ്‌ നടന്നിരിക്കുന്നത്? ഒന്നുമില്ല, അത്തരം സന്ദർഭങ്ങൾ, ചിലപ്പോൾ മയത്തിലും ചിലപ്പോൾ കടുപ്പത്തിലും,  ആവർത്തിച്ചുവന്നിരുന്നു എന്നല്ലാതെ; അതിനാൽ അവയുടെ ആക്?ത്തുക മുമ്പത്തേക്കാൾ കൂടുതലായി എന്നല്ലാതെ. ആളുകൾ സമീപത്തു ചുറ്റിപ്പറ്റി നടക്കാനും തുടങ്ങി, ഒരവസരം കിട്ടിയാൽ ഒരു കൈ സഹായിക്കാനായി; പക്ഷേ അവർക്കങ്ങനെയൊരവസരം കിട്ടുന്നില്ല; ഇതേവരെ അവർ തങ്ങളുടെ ഘ്രാണശേഷിയെ മാത്രമാണ്‌ ആശ്രയിച്ചിരുന്നത്; എന്നാൽ മണത്തുനടക്കുന്നതുകൊണ്ട് മൂക്കുകൾ സദാ പ്രവൃത്തിനിരതമാകുമെന്നല്ലാതെ മറ്റു ഗുണമൊന്നുമില്ലല്ലോ. അതെന്നും അങ്ങനെതന്നെയായിരുന്നു; എന്നുമുണ്ടാവും, താങ്ങിത്തൂങ്ങിനടക്കുന്ന വകയ്ക്കു കൊള്ളാത്തവന്മാർ; ബന്ധുത്വം പറഞ്ഞുകൊണ്ട് തങ്ങളുടെ സാന്നിദ്ധ്യം ന്യായീകരിക്കുന്നവർ. എപ്പോഴുമവർ നിരീക്ഷണത്തിലായിരുന്നു, അവരുടെ നാസാദ്വാരങ്ങൾ ഏതുനേരവും തുറന്നിരിക്കുകയായിരുന്നു; എന്നിട്ടുമെന്താ, ഇപ്പോഴുമവർ ആ നില്പു തന്നെ. ഒരേയൊരു വ്യത്യാസം, എനിക്കവരെ ഓരോരുത്തരേയും ക്രമേണ തിരിച്ചറിയാൻ പറ്റിത്തുടങ്ങി എന്നതാണ്‌, എനിക്കവരുടെ മുഖങ്ങൾ വേറിട്ടറിയാറായി എന്നതാണ്‌; മുമ്പു ഞാൻ കരുതിയിരുന്നത് അവർ അവിടെയും ഇവിടെയും എവിടെയും നിന്ന് തെന്നിയെത്തുകയായിരുന്നുവെന്നും ഈ സംഗതി അളവുകൾ കവിഞ്ഞു വളരുകയാണെന്നും ഒരു തീരുമാനമെടുക്കേണ്ട ഘട്ടത്തിലേക്ക് അത് സ്വയം ചെന്നെത്തുമെന്നുമായിരുന്നു. എന്നാൽ ഇന്നെനിക്കു നല്ല തീർച്ചയാണ്‌, ഇതെന്നും ഇങ്ങനെതന്നെയായിരുന്നുവെന്ന്, ഒരു തീരുമാനമെടുക്കുന്നതിന്റെ ആസന്നതയുമായി വലിയ ബന്ധമൊന്നും അല്ലെങ്കിൽ ഒരു ബന്ധവും അതിനില്ലെന്ന്. പിന്നെ, തീരുമാനത്തിന്റെ കാര്യമാണെങ്കിൽ- അതിനെ കുറിക്കാൻ ഞാനെന്തിന്‌ അങ്ങനെ വലിയ ഒരു പേരുപയോഗിക്കണം? പൊതുജനാഭിപ്രായം ഇക്കാര്യത്തിൽ ഇടപെടുന്ന ഒരുനാളുണ്ടായെന്നിരിക്കട്ടെ- അതു നാളെയാവണമെന്നില്ല, മറ്റേന്നാളാവണമെന്നില്ല, ഇനി, അങ്ങനെയൊരുനാളുണ്ടായില്ലെന്നും വരാം-, ഞാനെന്നും ആവർത്തിച്ചുപറഞ്ഞിട്ടുള്ളപോലെ, അതിനതിൽ ഇടപെടേണ്ട ഒരു കാര്യവുമില്ലെങ്കില്ക്കൂടി, അങ്ങനെയുണ്ടായെന്നിരിക്കട്ടെ, തീർച്ചയായും ഞാനതിൽ നിന്നു പുറത്തുവരിക പരിക്കു പറ്റാതെയാവില്ല; എന്നാല്ക്കൂടി ആളുകൾ ഇക്കാര്യം കണക്കിലെടുക്കും: അതായത്, പൊതുജനത്തിന്‌ അറിയാത്തയാളല്ല ഞാനെന്ന്, അതിനെ വിശ്വസിച്ചും  അതിന്റെ വിശ്വാസം നേടിയും പൊതുജനമദ്ധ്യത്തിൽ ജീവിക്കുകയായിരുന്നു ഞാനെന്ന്, അതിനാൽ അപ്രസന്നയായ ഈ കൊച്ചുസ്ത്രീയ്ക്ക്, എന്റെ ജീവിതത്തിൽ അടുത്ത കാലത്തു കയറിവന്ന ഈ സ്ത്രീയ്ക്ക്, -ഇടയ്ക്കൊന്നു പറയട്ടെ, മറ്റൊരാളായിരുന്നെങ്കിൽ തൊന്തരപ്പെടുത്തുന്ന ഈ മുള്ളൻകായയെ ആരും കേൾക്കാത്ത വിധം കാല്ക്കീഴിലിട്ടു ഞെരിച്ചുപൊട്ടിക്കുമായിരുന്നു- ആകെ ചെയ്യാവുന്നത് സമൂഹം അതിലെ ബഹുമാന്യനായ ഒരംഗമായി എന്നെ അംഗീകരിച്ചുകൊണ്ട് എനിക്കു തന്ന ബിരുദത്തിൽ വികൃതമായ ചെറിയൊരു കുത്തിവരയ്ക്കൽ നടത്താം എന്നതുമാത്രമാണെന്ന്. ഇങ്ങനെയൊക്കെയാണ്‌ ഇപ്പോഴത്തെ അവസ്ഥ ചെന്നുനില്ക്കുന്നത്; അതെനിക്കെന്തെങ്കിലും അസ്വാസ്ഥ്യമുണ്ടാക്കുന്നതാണെന്നു പറയാനുമില്ല.

അതേ സമയം, ഇത്രയും കൊല്ലങ്ങൾ കഴിഞ്ഞപ്പോൾ ചെറിയൊരളവിൽ എനിക്ക് ഒരുത്കണ്ഠ വളർന്നുവന്നിട്ടുണ്ടെന്നുള്ളത് ഈ സംഗതിയുടെ പ്രാധാന്യവുമായി ഒരുതരത്തിലും ബന്ധപ്പെട്ടതല്ല. നിരന്തരമായി മറ്റൊരാളുടെ നീരസത്തിനു പാത്രമാകാൻ ഒരാൾക്കും കഴിയില്ല, ആ നീരസം കാരണമില്ലാത്തതാണെന്ന് അയാൾ കാണുന്നുണ്ടെങ്കില്ക്കൂടി; അയാളുടെ സ്വസ്ഥത ഇല്ലാതാവുകയാണ്‌; എന്തെങ്കിലുമൊരു തീരുമാനമുണ്ടാകാൻ കാത്തുകാത്തിരിക്കുന്ന അവസ്ഥയിലേക്കെത്തുകയാണയാൾ, അതിൽ അത്രയധികം വിശ്വാസം വയ്ക്കേണ്ടെന്ന വിവേകമുണ്ടെങ്കില്ക്കൂടി. ഭാഗികമായി, പ്രായം കൂടുന്നതിന്റെ ഒരു ലക്ഷണം കൂടിയാണത്; യൗവ്വനത്തിൽ യാതൊന്നും അഭംഗിയല്ല; യൗവ്വനത്തിന്റെ അദമ്യമായ ഓജസ്സിൽ അനാകർഷകമായ വിശദാംശങ്ങൾ കാണപ്പെടാതെയാകുന്നു; ഒരാൾക്ക് ചെറുപ്പത്തിൽ മിഴിച്ചുനോക്കുന്ന സ്വഭാവമുണ്ടായിരുന്നെങ്കിൽ ആരുമത് ഒരു തെറ്റായി കണ്ടിരിക്കില്ല, ആരുമത് ശ്രദ്ധിച്ചിട്ടുകൂടിയുണ്ടാവില്ല, അയാൾ പോലും; എന്നാൽ വാർദ്ധക്യത്തിൽ ശേഷിക്കുന്നത് അവശിഷ്ടങ്ങളാണ്‌, ഒന്നൊഴിയാതെ ആവശ്യമുള്ളവ, ഒന്നും പുതുക്കിയെടുക്കാൻ പറ്റാത്തവ, ഓരോന്നും സൂക്ഷ്മനിരീക്ഷണത്തിലുള്ളതും; പ്രായം ചെന്ന ഒരാളുടെ മിഴിച്ചുനോട്ടം വ്യക്തമായ ഒരു മിഴിച്ചുനോട്ടമാണ്‌, അതു തിരിച്ചറിയാൻ ഒരു പ്രയാസവുമില്ല. അതയാളുടെ അവസ്ഥ കൂടുതൽ മോശമായതാണെന്നു പറയാൻ പറ്റില്ല എന്നുമാത്രം.

ഏതു കോണിലൂടെ നോക്കിയാലും എനിക്കു തോന്നുന്നതിതാണ്‌- അതു ഞാൻ മാറ്റിപ്പറയില്ല- അതായത്, ഈ ചെറിയ കാര്യത്തെ എന്റെ കൈ കൊണ്ട് പതുക്കെയെങ്കിലും ഒന്നു മറച്ചുപിടിച്ചാൽ ഇനിയുമേറെക്കാലം സ്വസ്ഥമായി, ലോകത്തിന്റെ ശല്യമില്ലാതെ,  എനിക്കു ജീവിച്ചുപോകാം, ഈ സ്ത്രീയുടെ കോപാവേശമൊക്കെ ഇരിക്കെത്തന്നെ.