2023, മാർച്ച് 26, ഞായറാഴ്‌ച

ഷൊവാക്കിം ദി ബലേ

ഒരു പകലിന്റെ നെടുവീർപ്പുയർന്നുതാഴുന്നപോലെയേയുള്ളു...



ഒരു പകലിന്റെ നെടുവീർപ്പുയർന്നുതാഴുന്നപോലെയേയുള്ളു
നിത്യതയുടെ വിധാനത്തിൽ നമ്മുടെ ആയുസ്സെങ്കിൽ,
ഇനി മടങ്ങിവരാതവണ്ണമുരുണ്ടുമറയുകയാണു നമ്മുടെയാണ്ടുകളെങ്കിൽ,
നിസ്സഹായമായി മരണത്തെയനുസരിക്കണമോരോ ജന്തുവുമെങ്കിൽ,

എങ്കിലെന്റെ കൂട്ടിലടച്ച ആത്മാവേ, നീ സ്വപ്നം കാണുന്നതെന്തിനെ?
എന്തിനിരുട്ടിനെ സ്നേഹിച്ചിവിടെ നീ ചടഞ്ഞുകിടക്കണം,
വിപുലാകാശത്തിന്റെ തെളിഞ്ഞ നീലിമയിലേക്കുയരാൻ
ബലിഷ്ഠമായ ചിറകുകൾ കൊണ്ടനുഗൃഹീതയാണു നീയെങ്കിൽ?

ഓരോ മനുഷ്യാത്മാവുമഭിലഷിക്കുന്ന നന്മകളുണ്ടവിടെ,
തളർന്നുവീഴുമ്പോളവൻ തേടുന്ന നിത്യവിശ്രമമുണ്ടവിടെ,
നമുക്കു മേൽ ധന്യത ചൊരിയുന്ന പ്രണയവുമാനന്ദവുമുണ്ടവിടെ.

ആ സ്വർഗ്ഗീയോന്നതിയിലെത്തുമ്പോളവിടെന്റെയാത്മാവേ,
നിന്റെ കാഴ്ചയിലേക്കു തെളിഞ്ഞുവരുമൊരാദർശസൌന്ദര്യം,
ഈ മണ്ണിന്റെ താഴ്ചകളിൽ കിടന്നു ഞാൻ സ്വപ്നം കണ്ട സൌന്ദര്യം. 
*

നക്ഷത്രങ്ങളുടെ ഹിതം ചികഞ്ഞുപോകണമെന്നെനിക്കില്ല...



നക്ഷത്രങ്ങളുടെ ഹിതം ചികഞ്ഞുപോകണമെന്നെനിക്കില്ല,
പ്രപഞ്ചഹൃദയത്തിന്റെ സ്പന്ദനമറിയണമെന്നെനിക്കില്ല,
പെരുങ്കടൽക്കയങ്ങളിൽ മുങ്ങാങ്കുഴിയിടണമെന്നെനിക്കില്ല,
ആകാശക്കമാനങ്ങളുടെ വാസ്തുവേല പഠിക്കണമെന്നുമില്ല.

എന്റെ തൂലികയ്ക്കു ചിത്രമെഴുതാൻ സമൃദ്ധവർണ്ണങ്ങൾ വേണ്ട,
എന്റെ കവിതയ്ക്കു വിഷയമാവാനഭിജാതപ്രമേയങ്ങൾ വേണ്ട:
നല്ലതോ മോശമോ ആവട്ടെ, ഞാനെഴുതുന്നതെനിക്കിണങ്ങിയപോലെ,
അതിക്ഷുദ്രവസ്തുതകളെപ്പറ്റി, നിസ്സാരസംഭവങ്ങളെപ്പറ്റി.

എന്റെ ഹൃദയത്തിനൊരേയൊരാത്മമിത്രമാണെന്റെ കവിത,
തന്റെ ഖേദങ്ങളും നൈരാശ്യങ്ങളും പങ്കുവച്ചു കരയാൻ,
തന്റെ രഹസ്യങ്ങൾ കാതിൽ പറഞ്ഞൊരുമിച്ചാർത്തുചിരിക്കാൻ.

അതിനാലമിതാഡംബരങ്ങളതിനെ ഞാനണിയിക്കില്ല,
മുഴങ്ങുന്ന പേരു കൊണ്ടതിനെ ഞാൻ വിളിക്കില്ല:
വെറും കുറിപ്പുകൾ, അഗണ്യവാർത്തകൾ, അതു മാത്രമാണെന്റെ കവിത..
*

ഷൊവാക്കിം ദി ബലേ Joachim du Bellay(1522-1560)- മാതൃഭാഷാഭിമാനിയായ ഫ്രഞ്ചുകവി. പ്രാചീനഗ്രീക്ക്, റോമൻ സാഹിത്യങ്ങൾക്കു കിട പിടിക്കുന്ന ഭാവപ്രകാശനസാമർത്ഥ്യം ഫ്രഞ്ചിനുണ്ടെന്നും, ക്ളാസ്സിക്കൽ ഗ്രന്ഥങ്ങളെ മാത്രമല്ല, വർത്തമാനകാലജീവിതത്തെക്കൂടി പ്രതിപാദ്യമായി സ്വീകരിക്കണമെന്നും വാദിച്ചു. അനാരോഗ്യവും ഇടവിട്ടുള്ള ബാധിര്യവും കാരണം ജീവിതം ദുരിതപൂർണ്ണമായിരുന്നു. ഇടയ്ക്ക് റോമിൽ പോയിരുന്നുവെങ്കിലും വത്തിക്കാനിലെ അനുഭവങ്ങൾ അദ്ദേഹത്തിന്റെ ഹിതത്തിനു ചേർന്നതായിരുന്നില്ല.

അഭിപ്രായങ്ങളൊന്നുമില്ല: