നിങ്ങളുടെ സുഹൃത്തിന്റെ മരണത്തിൽ എന്റെ ദുഃഖം അറിയിക്കട്ടെ. നാം സ്നേഹിക്കുന്നവരെ നഷ്ടപ്പെടുക എന്നത് ചെറിയ കാര്യമല്ലതന്നെ. ഞാൻ തന്നെ ഒരാൾ കഴിഞ്ഞാൽ മറ്റൊരാളെ ശവക്കച്ച കൊണ്ടു പൊതിഞ്ഞിട്ടുണ്ട്; പല ജഡങ്ങൾക്കരികിലും ഉറക്കമിളച്ചിട്ടുണ്ട്. ഈ ലോകത്ത് ഞാൻ ഏറ്റവുമധികം സ്നേഹിച്ചിരുന്ന മനുഷ്യന്റെ ശരീരം ശരിക്കും എന്റെ കൈകളിൽ കിടന്ന് ചിതറിപ്പോവുകയായിരുന്നു. ഒരു ജഡത്തെ അതിന്റെ നെറ്റിയിൽ ചുംബിച്ചുകഴിഞ്ഞാല്പിന്നെ അതിന്റേതായതൊന്ന് നിങ്ങളുടെ ചുണ്ടുകളിലെപ്പോഴും ബാക്കിനില്ക്കും- അനന്തമായ ഒരു തിക്തത, ഒന്നിനും ഒരിക്കലും തുടച്ചുമാറ്റാനാവാത്ത നിർമ്മൂലനത്തിന്റെ ഒരു ചുവ. നാം നക്ഷത്രങ്ങളെ നോക്കി പറയണം: “ഒരുപക്ഷേ ഞാനവിടെ പോകും.” എന്നാൽ എല്ലാ മതങ്ങളും ദൈവത്തെക്കുറിച്ചു പറയുന്ന രീതി കാണുമ്പോൾ എനിക്കറപ്പു തോന്നിപ്പോകുന്നു- അത്രയും തീർച്ചയോടെ, അത്രയും കൂസലില്ലായ്മയോടെയും അതിപരിചയത്തോടെയുമാണ് അവർ അവനെയെടുത്തു പെരുമാറുന്നത്. പുരോഹിതന്മാർ വിശേഷിച്ചുമെന്നെ വെറുപ്പിക്കുന്നു; അവരുടെ ചുണ്ടുകളിൽ നിന്ന് അവന്റെ നാമമൊഴിഞ്ഞ നേരമില്ല. മാറാത്ത തുമ്മൽ പോലെയാണതവർക്ക്: “ദൈവത്തിന്റെ നന്മ,” “ദൈവകോപം,” ദൈവവിരോധം.“ അങ്ങനെയാണവരുടെ സംസാരം. അതിനർത്ഥം അവർ അവനെ കാണുന്നത് ഒരു മനുഷ്യനായിട്ട്, അതിലും വഷളായി, ഒരു ബൂർഷ്വയായിട്ടാണ് എന്നാണ്. കാട്ടാളന്മാർ അവരുടെ പൂജാവസ്തുക്കളിൽ തൂവലുകൾ കുത്തിനിർത്തുന്നപോലെ അവർ ദൈവത്തിന് ലക്ഷണങ്ങൾ ആരോപിക്കുന്നതിൽ വാശി കാണിക്കുകയും ചെയ്യുന്നു. ചിലർ അനന്തതയെ നീല പൂശുന്നു, മറ്റു ചിലർ കറുപ്പും. ഇതെല്ലാം നരഭോജികളുടെ നിരപ്പിൽ നിന്നൊട്ടും മേലെയല്ല. ബലൂണുകളുണ്ടെങ്കിലും പുല്ലും മേഞ്ഞ്, നാലു കാലിൽ നടക്കുന്ന അവസ്ഥയിൽത്തന്നെയാണ് നാമിപ്പോഴും. മനുഷ്യവർഗ്ഗം സ്വരൂപിച്ചെടുത്ത ദൈവമെന്ന ആശയം പരിവാരങ്ങൾ ചുറ്റിപ്പറ്റിനില്ക്കുന്ന ഒരു പൗരസ്ത്യചക്രവർത്തിയുടേതിനപ്പുറം പോകുന്നില്ല. അങ്ങനെ നമ്മുടെ മതപരമായ സങ്കല്പം സാമൂഹികമായ സങ്കല്പത്തെക്കാൾ പല നൂറ്റാണ്ടുകൾ പിന്നിലാണ്; അതിനു മുന്നിൽ ആരാധന കൊണ്ടു മോഹാലസ്യപ്പെടുന്നതായി നടിക്കുന്ന കോമാളികളുടെ എണ്ണത്തിനു കുറവുമില്ല.
(ഗുസ്താവ് ഫ്ലോബേർ മദാം റോഷെർ ദ് ഷെനെറ്റിനെഴുതിയ കത്തിൽ നിന്ന്)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ