പച്ചയ്ക്കു കബളിപ്പിക്കുന്നവരേയും മന്ദബുദ്ധികളേയും ഷണ്ഡരായ കവികളേയും ഒഴിച്ചാൽ വിവർത്തകർ, പൊതുവേ, മൂന്നു തരമുണ്ട്...ഒരജ്ഞാതപ്രതിഭയുടെ രചനകൾ താൻ വിലമതിക്കുന്നത്ര ലോകത്തെക്കൊണ്ടും വിലമതിപ്പിക്കാൻ വ്യഗ്രത പൂണ്ട പണ്ഡിതൻ; സദുദ്ദേശക്കാരനായ കൂലിയെഴുത്തുകാരൻ; ഒരേ തൊഴിലെടുക്കുന്ന ഒരു വിദേശിയുമായുള്ള സംസർഗ്ഗത്തിൽ മാനസികോല്ലാസം കണ്ടെത്തുന്ന പ്രൊഫഷണൽ എഴുത്തുകാരൻ. പണ്ഡിതന്റെ വിവർത്തനം കൃത്യവും നിഷ്കൃഷ്ടവുമായിരിക്കും; അടിക്കുറിപ്പുകൾ സമൃദ്ധവും സവിസ്തരവുമായിരിക്കും; അവ പുസ്തകത്തിന്റെ ഏറ്റവും ഒടുവിലെങ്ങും കൊണ്ടുപോയി ചൊരുകിവച്ചിരിക്കുകയുമാവില്ല, അതാതു പേജുകളിൽത്തന്നെയാവും. പിന്നെ, ആരുടെയോ സമാഹൃതകൃതികളുടെ പതിനൊന്നാം വാല്യം പതിനൊന്നാം മണിക്കൂറിൽ പരിഭാഷപ്പെടുത്തുന്ന കഠിനാദ്ധ്വാനിയായ സ്ത്രീജനം; പണ്ഡിതനുള്ളത്ര കൃത്യതയും നിഷ്കൃഷ്ടതയും അവരിൽ നിന്നു പ്രതീക്ഷിക്കണമെന്നില്ല. എന്നാൽ ശ്രദ്ധിക്കേണ്ട കാര്യം, വിടുപണിക്കാരിയുടെ അത്രയും അബദ്ധങ്ങൾ പണ്ഡിതൻ കാണിക്കുന്നില്ല എന്നല്ല; സർഗ്ഗാത്മകസിദ്ധിയുടെ ഒരു നിഴലാട്ടവും അയാളിലോ അവരിലോ കാണുമെന്നു പ്രതീക്ഷിക്കേണ്ട എന്നാണ്. ഭാവനയ്ക്കും ശൈലിക്കും പകരം നില്ക്കാൻ പഠിപ്പോ ശുഷ്കാന്തിയോ പോരാ.
2023, മാർച്ച് 19, ഞായറാഴ്‌ച
വ്ലാദിമിർ നബക്കോവ് - വിവർത്തനത്തെക്കുറിച്ച്
ഇവിടെയാണ് ഒടുവിൽ പറഞ്ഞ രണ്ടാസ്തികളുമുള്ള, സ്വന്തം കവിതകളെഴുതുന്നതിനിടയിൽ കിട്ടുന്ന ഇടവേളകളിൽ ഒരല്പം ലെർമൊണ്ടോവിനെയോ വെർലെയ്നെയോ വിവർത്തനം ചെയ്യുന്നതിൽ മനസ്സയവു കണ്ടെത്തുന്ന സാക്ഷാൽ കവിയുടെ വരവ്. ഒന്നുകിൽ അയാൾ മൂലഭാഷ അറിയാത്തയാൾ ആയിരിക്കും; തന്നെക്കാൾ കഴിവു കുറഞ്ഞ, എന്നാൽ അല്പം കൂടി പാണ്ഡിത്യമുള്ള ഒരാൾ ചെയ്ത ‘അക്ഷരാർത്ഥത്തിലുള്ള’ പരിഭാഷയെ ആശ്രയിച്ചായിരിക്കും അയാൾ തന്റെ വിവർത്തനം തയ്യാറാക്കുക. അതല്ല, മൂലഭാഷ അയാൾക്കറിയാമെങ്കിൽ പണ്ഡിതന്റെ കൃത്യതയോ പരിഭാഷത്തൊഴിലുകാരന്റെ അനുഭവപരിചയമോ അയാൾക്കുണ്ടാകണമെന്നുമില്ല. ഇവിടെ വരുന്ന മുഖ്യമായ ന്യൂനത അയാളുടെ വ്യക്തിപരമായ സിദ്ധി എത്രയധികമാണോ, അത്രയ്ക്കയാൾ സ്വന്തം കവിത്വസിദ്ധിയുടെ ഓളത്തിളക്കത്തിൽ ആ വിദേശമാസ്റ്റർപ്പീസിനെ മുക്കിത്താഴ്ത്താനുള്ള പ്രവണത കാട്ടും എന്നതാണ്. മൂലരചയിതാവിനെപ്പോലെ വേഷമിടുന്നതിനു പകരം ആ എഴുത്തുകാരനെ സ്വന്തം വേഷമിടീക്കുകയാണ് അയാൾ ചെയ്യുന്നത്.
ഒരു വിദേശമാസ്റ്റർപീസിന്റെ ആദർശപാഠാന്തരം നല്കാൻ കഴിയണമെങ്കിൽ ഒരു വിവർത്തകനുണ്ടാവേണ്ട അവശ്യോപാധികൾ എന്തെല്ലാമാണെന്നതിന് നമുക്കിനി ഒരു നിഗമനത്തിലെത്താം. ഒന്നാമതായി, അയാൾ തിരഞ്ഞെടുക്കുന്ന എഴുത്തുകാരന്റെ അത്രയും സിദ്ധി, അല്ലെങ്കിൽ ആ തരത്തിലെങ്കിലുമുള്ള സിദ്ധി, അയാൾക്കുണ്ടാകണം. ഇക്കാര്യത്തിൽ, എന്നാൽ ഇക്കാര്യത്തിൽ മാത്രം, ബോദ്‌ലേറും പോയും അല്ലെങ്കിൽ ഷുക്കോവ്സ്ക്കിയും ഷില്ലറും മാതൃകാപരമായ കൂട്ടുകളിക്കാരായിരുന്നു. രണ്ടാമതായി, പരാമൃഷ്ടമാവുന്ന രണ്ടു ദേശങ്ങളേയും രണ്ടു ഭാഷകളേയും കുറിച്ച് അഗാധജ്ഞാനം അയാൾക്കുണ്ടായിരിക്കണം; എഴുത്തുകാരന്റെ രീതികൾ, സമ്പ്രദായങ്ങൾ അയാൾക്കു നല്ല പരിചയമായിരിക്കണം; അതുപോലെതന്നെ, വാക്കുകളുടെ സാമൂഹ്യപശ്ചാത്തലം, അവയുടെ രീതികൾ, ചരിത്രം, ഓരോ കാലത്തോടുമുള്ള ബന്ധങ്ങൾ. ഇതു നമ്മെ മൂന്നാമത്തെ പോയിന്റിലേക്കു നയിക്കുന്നു: പ്രതിഭയും ജ്ഞാനവും ഉള്ളതിരിക്കട്ടെ, അനുകരണത്തിനുള്ള സിദ്ധിയും അയാൾക്കുണ്ടാവണം; എഴുത്തുകാരന്റെ മട്ടും ഭാവവും വാക്കുകളും അയാളുടെ രീതികളും അയാളുടെ മനസ്സും അങ്ങേയറ്റത്തെ സാദൃശ്യത്തോടെ അനുകരിച്ച് അയാളായി വേഷം കെട്ടാൻ വിവർത്തകനു കഴിയണം.
*
വിവർത്തനം എന്ന കല
വിവർത്തനം ഒരു യാത്രയാണ്; അതിന് മൂന്നു ഘട്ടങ്ങൾ ഉണ്ടെന്നും പറയാം. ഒന്നാമത്- പഠനത്തിന്റെയും അനുഭാവത്തിന്റെയും ഘട്ടം. മൂലകവിതയെ ഒരു പൂവായി കണ്ടാൽ ആദ്യപാദം ഒരു ചുഴിഞ്ഞിറക്കമാണ്, പൂവിന്റെ തണ്ടിലൂടെ, ഇതളടുക്കിൽ നിന്ന് മറഞ്ഞുകിടക്കുന്ന വേരിലേക്ക് ഉരസിയിറങ്ങിയുള്ള ഒരു യാത്ര. ഇവിടെ നാം അടുത്ത ഘട്ടത്തിൽ എത്തിച്ചേരുന്നു- പ്രചോദനത്തിന്റെ ഘട്ടം. മറഞ്ഞുകിടക്കുന്ന വേരുപടലം സമ്പുഷ്ടമാണ്; നമ്മുടെ ദൗത്യത്തിനാവശ്യമായ ഉന്മേഷവും ഉത്തേജനവും അതിന്റെ ആർദ്രഹൃദയത്തിനുള്ളിൽ നാം കണ്ടെത്തുകയും ചെയ്യുന്നു. മൂന്നാമത്തേതും അവസാനത്തേതുമായ ഘട്ടം ആൾമാറാട്ടത്തിന്റേതും ആവിഷ്കാരത്തിന്റേതുമാണ്. മറ്റൊരു ഭാഷയിൽ മുകളിലേക്കുള്ള യാത്രയാണിനി; വേരിൽ നിന്ന്, പുതിയൊരു തണ്ടിലൂടെ, പുതിയൊരു പൂവിലേക്കാണ് ആ യാത്ര. അവിടെ, മൂലരചനയുടെ അതേ നിരപ്പിൽ നാം വിരിയുകയും ചെയ്യുന്നു. ഇതൊരു V-സഞ്ചാരമാണ്: ഒരു തണ്ടിലൂടിറങ്ങി മറ്റൊരു തണ്ടിലൂടെ കയറുക. ഇതാണ് ശരിക്കുമുള്ള വിവർത്തനം.
അടുത്ത ചോദ്യം, ആ ആദർശവ്യക്തിയെ, പൂർണ്ണത തികഞ്ഞ വിവർത്തകനെ, എങ്ങനെ വിവരിക്കും എന്നതാണ്. രണ്ടു ദേശങ്ങൾ നാം മനസ്സിൽ കാണുക: ഒന്ന്, ‘അവിടം’; മറ്റേത്, ‘ഇവിടം’. അവിടത്തെ വിദൂരപർവ്വതങ്ങൾ, വിവർത്തകന്റെ ജന്മദേശമായ ഇവിടം. വിവർത്തനം നടക്കുന്നത് അവിടെ നിന്ന് ഇവിടെയ്ക്കാണ്. ആദർശവിവർത്തകൻ ഇവിടത്തെ ഭാഷയെന്നപോലെ അത്ര നന്നായി അവിടത്തെ ഭാഷയും അറിഞ്ഞിരിക്കണം. രണ്ടു ദേശങ്ങളിലേയും ആചാരമര്യാദകൾ, പാരമ്പര്യങ്ങൾ, സസ്യജന്തുജാലങ്ങൾ, ഋതുക്കൾ ഇതൊക്കെ അയാൾക്കു പരിചയമായിരിക്കണം. താൻ വിവർത്തനം ചെയ്യുന്ന എഴുത്തുകാരന്റെ, ‘അവിടത്തെ ജോണി’ന്റെ, കൃതികളെക്കുറിച്ച് അയാൾക്ക് സവിശേഷജ്ഞാനം ഉണ്ടായിരിക്കണം; അതുപോലെ താൻ ഭാഗമായ സാഹിത്യത്തെക്കുറിച്ച് അഗാധമായ ഉൾക്കാഴ്ച്ചയും. അയാൾക്ക്, ‘ഇവിടുത്തെ ജോണി’ന്, പ്രതിഭയും ശൈലിയും ദർശനവും രസികത്തവും വേണം. അയാൾ തികച്ചും സത്യസന്ധനായിരിക്കണം; ദുർഘടങ്ങൾ അയാൾ ഒഴിവാക്കരുത്, പാവം ‘അവിടത്തെ ജോണി’നെ നിരാശപ്പെടുത്തരുത് (സാധാരണഗതിയിൽ അയാൾ അതിനകം മരിച്ചുപോയിരിക്കം, അതിനാൽ അയാൾ തിരിച്ചൊരടി തരാൻ പോകുന്നുമില്ല). മൂലഗ്രന്ഥകാരന്റെ അതേ ലിംഗമായിരിക്കണം അയാൾ. പൊതുജനത്തെയോ പ്രസാധകനെയോ പാദസേവ ചെയ്യാൻ അയാൾ പോകരുത്. തന്റെ ജോലിക്ക് അന്തസുറ്റ പ്രതിഫലം അയാൾക്കു കിട്ടണം. അബദ്ധങ്ങൾക്കും മണ്ടത്തരങ്ങൾക്കും കനത്ത പിഴശിക്ഷ വിധിക്കണം, വെട്ടിയൊതുക്കലിനും വിട്ടുകളയലിനും കൈവിലങ്ങും.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ