2023, മാർച്ച് 20, തിങ്കളാഴ്‌ച

അസീസ് നെസിൻ - ആദ്യത്തെ മരണം


ഒരു ദിവസം അച്ഛൻ വീട്ടിൽ വന്നത് ആപ്പിളും കൊണ്ടാണ്‌. “തിരിഞ്ഞുനില്ക്ക്.” അച്ഛൻ പറഞ്ഞു. ഞാൻ ചുമരിലേക്കു മുഖം തിരിച്ചുകൊണ്ടു നിന്നു. ഒരാപ്പിൾ എന്റെ മുന്നിൽ വന്നുവീണു; പിന്നെ ഒന്നുകൂടി.

അച്ഛൻ പറഞ്ഞു, “നോക്ക്! ദൈവമാണ്‌ ഈ ആപ്പിൾ കൊണ്ടുതന്നത്. പ്രാർത്ഥിക്ക്.”

ആപ്പിൾ തന്ന ദൈവം പക്ഷേ, എന്റെ കുഞ്ഞനിയത്തിയുടെ അസുഖം ഭേദപ്പെടുത്തിയില്ല. അവൾ മരിച്ചു.

കല്ലു കൊണ്ടുള്ള കവാടത്തിലൂടെ അച്ഛൻ ആ കൊച്ചുശവപ്പെട്ടിയും കൊണ്ടു പോകുമ്പോൾ ഞാൻ കരുതിയത് അതെന്തോ കളിയാണെന്നാണ്‌. മുറിയുടെ വാതില്ക്കൽ നിന്നിരുന്ന സാറാ അമ്മായിയെ നോക്കി ഞാൻ പൊട്ടിച്ചിരിച്ചു. ഒരു കളി നടക്കാൻ പോവുകയാണ്‌; എന്റെ പെങ്ങളെ ആ ചെറിയ പെട്ടിയിലിട്ട് ശവപ്പറമ്പിൽ കൊണ്ടു വയ്ക്കും; അവൾ രോഗം ഭേദമായി ഓടി വീട്ടിലേക്കു വരും.

“ആ കുട്ടിയെ അകത്തു കൊണ്ടുപോ!” ആളുകൾ പറഞ്ഞു.

അവരെന്നെ ഒരു മുറിയിലാക്കി. അമ്മ കരഞ്ഞുകൊണ്ടു വന്ന് എന്നെ പിടിച്ച് ഉമ്മ വച്ചു.

“നിന്റെ അനിയത്തി മരിച്ചുപോയി; നീ ചിരിക്കാൻ പാടില്ല!” അമ്മ പറഞ്ഞു.

മോശമായതെന്തോ ആണ്‌ ഞാൻ ചെയ്തതെന്നു മനസ്സിലായപ്പോൾ എനിക്കു നാണക്കേടു തോന്നി.

എന്തുകൊണ്ടാണ്‌, അല്ലെങ്കിൽ എങ്ങനെയാണ്‌ ഞാനൊരു ഹാസസാഹിത്യകാരനായതെന്ന് എപ്പോഴും എനിക്കു നേരേ ചോദ്യം വരാറുണ്ട്- എനിക്കറിയില്ല. ഞാൻ ഇവിടേക്കെത്തിയ വഴി കണ്ണീരിന്റെ പാതയായിരുന്നു.

*

Aziz Nesin (1915-1995) നൂറിലേറെ പുസ്തകങ്ങൾ എഴുതിയ ഒരു ടർക്കിഷ് ഹാസസാഹിത്യകാരനാണ്‌. അദ്ദേഹത്തിന്റെ Istanbul Boy: A Memoir എന്ന പുസ്തകത്തിൽ നിന്നാണ്‌ ഈ ഭാഗം.

അഭിപ്രായങ്ങളൊന്നുമില്ല: