2023, മാർച്ച് 8, ബുധനാഴ്‌ച

ചാൾസ് സിമിക് - വിവർത്തനത്തെക്കുറിച്ച്:

 

ചോദ്യം: താൻ എഴുതാനാഗ്രഹിക്കുന്ന കവിതയെക്കുറിച്ചുള്ള ധാരണയുടെ കാര്യത്തിൽ എന്തുമാത്രം നിർണ്ണായകമായിരുന്നു, വാസ്കോ പോപ്പ, ഇവാൻ ലാലിയ പോലുള്ള യുഗോസ്ലാവിയൻ കവികളെ വായിച്ചത്?
ചാൾസ് സിമിക്: എന്റെ മനസ്സിൽ അത് അവ വിവർത്തനം ചെയ്തതിന്റെ അനുഭവവുമായി കൂടിക്കുഴഞ്ഞുകിടക്കുന്നു. വിവർത്തനം ഒരു കവിതയുടെ ഏറ്റവും സൂക്ഷ്മമായ വായനയാണ്‌; അതിനാൽ അതിന്റെ സ്വാധീനത്തിൽ നിന്നൊഴിഞ്ഞുനില്ക്കുക അസാദ്ധ്യമെന്നുതന്നെ പറയണം. അവർ തീർത്തും വ്യത്യസ്തരായ രണ്ടു കവികളായിരുന്നു: പോപ്പ വരുന്നത് ഫ്രഞ്ച് സറിയലിസത്തിൽ നിന്നും സെർബിയൻ നാടോടിപാരമ്പര്യത്തിൽ നിന്നുമാണ്‌; ലാലിയയുടെ വേരുകളാവട്ടെ, ഹോൾഡെർലിനിലും റില്ക്കേയിലും. മൗലികമായി അത്രയും വിജാതീയമായ കവിതകൾ രചിക്കുന്നതെങ്ങനെ എന്നതിൽ അതുവഴി എനിക്കൊരു വിശദവിദ്യാഭ്യാസമാണു കിട്ടിയത്. കഴിഞ്ഞ നാല്പതുകൊല്ലമായി ഞാൻ ചെയ്ത മറ്റു വിവർത്തനങ്ങളുടെ കാര്യത്തിലും ഇതു ശരിയാണ്‌. എല്ലാത്തരം കവികളേയും ഞാൻ പരിഭാഷപ്പെടുത്തി; കവിതകൾ എഴുതപ്പെടുന്നത് എങ്ങനെയാണെന്നും, അതിലും പ്രധാനമായി, ഭാഷകളെക്കുറിച്ചും എന്റെ മാതൃഭാഷയും ആർജ്ജിതഭാഷയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ഞാൻ പഠിക്കുകയും ചെയ്തു. ഒരു ഭാഷയിൽ സുഗ്രാഹ്യമായ ഒരു വാക്ക്, ഒരു പ്രയോഗം, അല്ലെങ്കിൽ ഒരു കവിത തന്നെ മറ്റൊരു ഭാഷയിലേക്കു വിവർത്തനം ചെയ്യാനാവാതെവരുന്നു എന്നത് എത്ര വല്ലാത്തൊരത്ഭുതമാണ്‌. ആ പ്രഹേളികയ്ക്കുള്ള ഉത്തരം എന്തുതന്നെയായാലും അനുഭവത്തിന്‌ ഭാഷയുമായുള്ള ബന്ധവുമായി അതു ചേർന്നുകിടക്കുന്നു; അതുപോലെ, ഓരോ ഭാഷയും ഉൾക്കൊള്ളുന്ന പ്രത്യേകമായ ലോകവീക്ഷണവുമായും. വാസ്തവത്തിൽ, കവിതയ്ക്കു മാത്രം താല്പര്യമുള്ള ഒരു പ്രശ്നമല്ല അത്; തത്വചിന്തയ്ക്കും ആലോചനയ്ക്കെടുക്കാവുന്നതാണത്.
ചോദ്യം: വിവർത്തനം ചെയ്യാൻ അസാദ്ധ്യമായ ഒരു വാക്കിന്റെയോ കവിതയുടെയോ ഉദാഹരണം തരാമോ?
ചാൾസ് സിമിക്: Chieftain Iffucan of Azcan in caftan
Of tan with henna hackles, halt!
ഒരു കവിത ഫലപ്രാപ്തിക്കായി ഭാഷയെ എത്രത്തോളം ആശ്രയിക്കുന്നു, അത്രത്തോളം വിവർത്തനത്തിനത് ദുഷ്കരമാവുകയാണ്‌. ഉള്ളടക്കം എന്നതില്ലെന്നു പറയാവുന്ന, പദാവലിയുടെ ശോഭയും സംഗീതവും മാത്രം എല്ലാമായ ഭാവഗീതങ്ങളെയാണ്‌ ഞാൻ അർത്ഥമാക്കുന്നത്. ഒറ്റയൊറ്റ വാക്കുകളുടെ കാര്യമാണെങ്കിൽ, ഒരു ഭാഷയിലേയും ‘അപ്പം’ എന്ന വാക്കിന്‌ മറ്റൊരു ഭാഷയിൽ തത്തുല്യം കണ്ടുപിടിക്കാൻ പറ്റില്ലെന്നു ശഠിച്ചിരുന്ന ഒരാളെ ഞാനൊരിക്കൽ കണ്ടിരുന്നു. സമ്മതിച്ചു, നിഘണ്ടുവിൽ നിന്ന് ഒരു സമാനപദം നമുക്കു കണ്ടെത്താവുന്നതേയുള്ളു; എന്നാൽ നാമറിയുന്ന ‘അപ്പ’ത്തിനോടു നീതി പുലർത്താൻ കഴിയുമോ, ആ മറ്റേ ‘അപ്പ’ത്തിന്‌?
(ചാൾസ് സിമിക്കുമായി മാർക്ക് ഫോർഡ് 2005ൽ നടത്തിയ പാരീസ് റിവ്യു അഭിമുഖത്തിൽ നിന്ന്)
“വസ്തുനിഷ്ഠയാഥാർത്ഥ്യം” എന്നു നാം വിളിക്കുന്നത് വിഭിന്നഭാഷകൾ നിർദ്ദേശിക്കുന്ന, ഏറെക്കുറെ വിശ്വാസം വരുത്തുന്ന വിവരണങ്ങളുടെ ഒരു ശ്രേണിയാണെങ്കിൽ എല്ലാ പ്രവൃത്തികളിലും വച്ച് ഏറ്റവും അടിസ്ഥാനപരവും ദാർശനികവുമാണ്‌ വിവർത്തനം. അപ്പോൾ വിവർത്തനം ചെയ്യുക എന്നാൽ ഓരോ ഭാഷയേയും വ്യതിരിക്തമാക്കുന്ന വ്യത്യസ്തത അനുഭവിച്ചറിയുക എന്നുമാത്രമല്ല, അത്രതന്നെ, വാക്കും വസ്തുവും തമ്മിൽ, എഴുത്തും പൊരുളും തമ്മിൽ, താനും ലോകവും തമ്മിലുള്ള ബന്ധത്തിന്റെ രഹസ്യത്തിലേക്ക് അടുത്തടുത്തു ചെല്ലുക എന്നുകൂടിയാണ്‌. വിവർത്തനം ചെയ്യുക എന്നാൽ കണ്ണാടികൾ കൊണ്ടു നിറഞ്ഞ ഒരാഗോളഭവനത്തിൽ ഉറക്കമുണരുക എന്നാണ്‌.
*
വിവർത്തകൻ ഒരു സൂക്ഷ്മവായനക്കാരനാണ്‌; അതോ, അയാളൊരു ആദർശവായനക്കാരനാണോ? മൂലകൃതി രചിക്കുന്ന സ്വത്വത്തിലേക്ക് തന്നെ അധികമധികം അടുപ്പിക്കുകയും ഒടുവിൽ അതിൽ പാർപ്പിക്കുകയും ചെയ്യുന്ന ഒരു രീതിയിലാണ്‌ അയാളുടെ വായന പോകുന്നത്. അയാൾ ഒരു മന്ത്രവാദിയെപ്പോലെയാണ്‌, “അതിരുകളുടെ വൈരി.”

അഭിപ്രായങ്ങളൊന്നുമില്ല: