2023, മാർച്ച് 20, തിങ്കളാഴ്‌ച

വേര പാവ്‌ലോവ - കവിതകൾ

 1.
സ്വപ്നത്തിൽ ഞാൻ പ്രണയത്തിലായി,
കണ്ണീരിൽ കുളിച്ചു ഞാനുണർന്നു;
ഇത്രയേറെ സ്നേഹിച്ചിട്ടില്ല ഞാനാരെയും,
ഇത്രയ്ക്കെന്നെ സ്നേഹിച്ചിട്ടില്ലൊരാളും.
ഒരു ചുംബനത്തിനുള്ള നേരം പോലും കിട്ടിയില്ല,
പേരെന്തെന്നു ചോദിക്കാൻ പോലുമായില്ല.
ഇന്നുറക്കം വരാത്ത രാത്രികൾ ഞാൻ കടന്നുപോകുന്നു,
അവനെയും സ്വപ്നം കണ്ട്.
*
2
മോഹിക്കാനെന്തെങ്കിലുമുണ്ടെങ്കിൽ
ഖേദിക്കാനെന്തെങ്കിലുമുണ്ടാവും.
ഖേദിക്കാനെന്തെങ്കിലുമുണ്ടെങ്കിൽ
ഓർമ്മിക്കാനെന്തെങ്കിലുമുണ്ടാവും.
ഓർമ്മിക്കാനെന്തെങ്കിലുമുണ്ടെങ്കിൽ
ഖേദിക്കാനൊന്നുമുണ്ടായിരുന്നില്ല.
ഖേദിക്കാനൊന്നുമില്ലായിരുന്നെങ്കിൽ
മോഹിക്കാനൊന്നുമുണ്ടായിരുന്നില്ല.
*
3
മഞ്ഞുകാലത്തൊരു മൃഗം,
വസന്തത്തിലൊരു സസ്യം,
വേനലിലൊരു കീടം,
വേനലിലൊരു കീടം,
ശരല്ക്കാലത്തൊരു പക്ഷിയും.
ശേഷിച്ച കാലം ഞാനൊരു സ്ത്രീയുമാണ്‌.
*

4
നിന്റെ ഹൃദയം ഞാൻ തകർത്തു.
ഇന്നതിന്റെ തുണ്ടുകളിൽ ചവിട്ടി
ഞാൻ നടക്കുന്നു,
നഗ്നപാദയായി.
*

5
അതേയെന്ന വാക്ക് എന്തിനിത്ര ചെറുതായി?
അതേറ്റവും ദീർഘമാകേണ്ടിയിരുന്നു,
ഏറ്റവും ക്ളിഷ്ടമാകേണ്ടിയിരുന്നു;
എങ്കിൽ എടുത്തടിച്ച പോലെ
നിങ്ങൾക്കതു പറയാൻ കഴിയില്ലായിരുന്നു,
ഒരു വീണ്ടുവിചാരമുണ്ടായാൽ
പറഞ്ഞുവരുന്നതിനിടയിൽ
നിങ്ങൾക്കതു മുഴുമിപ്പിക്കാതെയുമിരിക്കാമായിരുന്നു...


6.
-ഉത്തമഗീതം എനിക്കു പാടിത്തരൂ.
-എനിക്കതിന്റെ വരികളറിയില്ല.
-എങ്കിലതിന്റെ സ്വരങ്ങൾ പാടൂ.
-അതുമെനിക്കറിയില്ല.
-എന്നാലൊന്നു മൂളുകയെങ്കിലും ചെയ്യൂ.
-ഈണം ഞാൻ മറന്നേപോയി.
-എങ്കിൽ നിന്റെ കാതെന്റെ കാതോടമർത്തൂ,
അപ്പോൾ കേൾക്കുന്നതുറക്കെപ്പാടൂ.
*
7
ഒരു പെൺകുട്ടി ഉറങ്ങുന്നു,
ആരോ തന്നെ സ്വപ്നം കാണുകയാണെന്ന പോലെ;
ഒരു സ്ത്രീ ഉറങ്ങുന്നു,
നാളെ യുദ്ധം പൊട്ടിപ്പുറപ്പെടുമെന്ന പോലെ;
ഒരു വൃദ്ധ ഉറങ്ങുന്നു,
മരിച്ച പോലെ കിടന്നാൽ
ഉറക്കത്തിന്റെ വിദൂരാതിർത്തിയിലൂടെ
മരണം തന്നെ ഒഴിവാക്കി
കടന്നുപോകുമെന്ന പോലെ.
*
8
സന്തുഷ്ടപ്രണയത്തിലാണ്‌ രണ്ടുപേരും.
അയാൾ:
“നീ ഇവിടില്ലാത്തപ്പോൾ എനിക്കു തോന്നുന്നു,
നീയിപ്പോൾ പുറത്തേക്കു പോയതേയുള്ളുവെന്ന്,
അടുത്തൊരു മുറിയിൽ നീയുണ്ടെന്ന്.”
അവൾ:
“നിങ്ങൾ പുറത്തേക്കിറങ്ങുമ്പോൾ,
അടുത്തൊരു മുറിയിലാണെങ്കിൽ,
എനിക്കു തോന്നുന്നു,
നിങ്ങളിപ്പോൾ ഈ ലോകത്തില്ലെന്ന്.”
*
9
സുരതാനന്തരം
മലർന്നുകിടക്കുമ്പോൾ:
“നോക്കിയേ,
മച്ചിൽ നിറയെ
നക്ഷത്രങ്ങൾ!”
“അതിലൊന്നിൽ
ജീവനുണ്ടെന്നും വരാം...”
*

10
ഏതു ഭാഷയിൽ നിന്നാണ്‌
നിന്റെ ‘ഞാൻ നിന്നെ സ്നേഹിക്കുന്നു’
പരിഭാഷപ്പെടുത്തിയതെന്നറിഞ്ഞിരുന്നെങ്കിൽ,
മൂലം കണ്ടുപിടിച്ച്,
നിഘണ്ടുവിൽ അർത്ഥം നോക്കി,
‘വിവർത്തകനു തെറ്റിയിട്ടില്ല’
എന്നുറപ്പു വരുത്താൻ കഴിഞ്ഞിരുന്നെങ്കിൽ!
*

11
നാം ധനികരാണ്‌: നമുക്കു നഷ്ടപ്പെടാൻ ഒന്നുമില്ല.
നാം വൃദ്ധരാണ്‌: നമുക്കെവിടെയും തിടുക്കപ്പെട്ടെത്താനില്ല.
പോയകാലത്തിന്റെ തലയിണകൾ നാം തട്ടിപ്പൊത്തിക്കൊണ്ടിരിക്കും,
വരാനുള്ള നാളുകളുടെ കനലുകൾ നാം ചികഞ്ഞിളക്കിക്കൊണ്ടിരിക്കും,
അലസമായ പകൽവെളിച്ചം മങ്ങിമങ്ങിവരുമ്പോൾ
നമുക്കേറ്റവും കാര്യമായതിനെക്കുറിച്ചു നാം സംസാരിച്ചുകൊണ്ടിരിക്കും;
നമ്മുടെ മരിക്കാത്ത പരേതരെ നാമടക്കം ചെയ്യും:
ഞാൻ നിന്നെ മറവു ചെയ്യും, നീയെന്നെ മറവു ചെയ്യും.
*

12
സ്ത്രീയ്ക്കു പുരുഷൻ സ്വദേശമാണ്‌.
സ്ത്രീ പുരുഷനു വഴിയും.
എത്ര ദൂരം നീ പോന്നുകഴിഞ്ഞു!
പ്രിയനേ, ഇനിയൊന്നു വിശ്രമിക്കൂ:
ഇതാ, ഒരു നെഞ്ച്: അവിടെ തല ചായ്ക്കൂ;
ഇതാ, ഒരു ഹൃദയം: അവിടെ തമ്പടിക്കൂ;
നമുക്കു പപ്പാതി പങ്കു വയ്ക്കുകയുമാവാം,
സങ്കടങ്ങളുടെ വരണ്ട അടിമട്ട്.
*

13
ജീവചരിത്രത്തിന്റെ കരടുരൂപം:
മിന്നാമിനുങ്ങുകളെ പിടിച്ചു,
പുലരും വരെ വായിച്ചു,
വട്ടന്മാരെ പ്രേമിച്ചു,
കാരണമെന്തെന്നറിയാതെ
വീപ്പക്കണക്കിനു കണ്ണീരൊഴുക്കി,
ഏഴാണുങ്ങളിൽ നിന്ന്
രണ്ടു പെണ്മക്കളെ ജനിപ്പിച്ചു.
*

14
വാർദ്ധക്യം വരും, അക്ഷരമാലാക്രമത്തിൽ പുസ്തകങ്ങൾ അടുക്കിവയ്ക്കും, ഫോട്ടോകളും നെഗറ്റീവുകളും തരം തിരിയ്ക്കും.
ഒരു തലകുലുക്കലോടെ: “എത്ര ശുഷ്കം, അത്രയും കഴിവുള്ളവരുടെ പൈതൃകം!”
ഒരു തോൾവെട്ടിക്കലോടെ: “എന്നിട്ടും, തങ്ങളെക്കൊണ്ടാവുന്നത്ര അവർ ചെയ്യാതിരുന്നില്ല.”
ഷാൾ ഒന്നുകൂടി മുറുകെച്ചുറ്റിക്കൊണ്ട്: “വിശ്വസിക്കാൻ പറ്റുന്നില്ല: കടന്നുവരുന്ന പുരുഷൻ ഏതായാലും അയാൾ ‘ഡാർലിംഗ്’ എന്ന വിളിക്കർഹനാവുക!”
പല്ലില്ലാത്തൊരു ചിരിയോടെ: “എത്ര സുന്ദരമാണവ, ആല്ബത്തിലൊട്ടിക്കാതെ ഉപേക്ഷിച്ച ആ ഫോട്ടോകൾ!” 
*

15
ഉറക്കമില്ലായ്മയ്ക്ക് ഒരു മരുന്ന്

കുന്നിറങ്ങിവരുന്ന ചെമ്മരിയാടുകളെയല്ല,
മച്ചിലെ വിള്ളലുകളല്ല...
നിങ്ങൾ എണ്ണേണ്ടത് നിങ്ങളൊരിക്കൽ സ്നേഹിച്ചവരെ,
നിങ്ങളുടെ ഉറക്കം കെടുത്താൻ
നിങ്ങളുടെ സ്വപ്നങ്ങളിൽ വന്നു താമസിച്ചിരുന്നവരെ,
നിങ്ങൾക്കൊരിക്കൽ ലോകം തന്നെയായിരുന്ന,
നിങ്ങളെ കൈകളിലെടുത്തു താരാട്ടിയ,
നിങ്ങളെ സ്നേഹിച്ചിരുന്നവരെ...
പുലർച്ചയോടെ നിങ്ങളുറങ്ങും, കണ്ണീരോടെ.
*

16
മറക്കാൻ പഠിക്കുക,
ആദ്യം വിട പറയുന്നയാളാവുക.
കണ്ണീര്‌, ഉമിനീര്‌, ശുക്ളം,
ഈ ലായനികളിലൊന്നിലും
ഏകാന്തത അലിയില്ല.
പൊന്നു പൂശിയ കല്യാണക്കപ്പുകൾ,
ഹോട്ടൽമുറികളിലെ പ്ളാസ്റ്റിക് കപ്പുകൾ,
നിപുണമെങ്കിൽ കണ്ണിനതിൽ കാണാം,
ഏകാന്തതയുടെ കയ്ക്കുന്ന അടിമട്ട്.
*

17

നിങ്ങൾ ദൂരേയ്ക്കു പോകുന്നതിൽ എനിക്കൊരു വിഷമവുമില്ല.
അതല്ല പ്രശ്നം.
നിങ്ങൾ സിഗററ്റ് വാങ്ങാൻ പുറത്തേക്കു പോകുന്നു,
തിരിയെ വരുന്നു,
എനിക്കു പ്രായം കൂടിയതായി നിങ്ങൾക്കു തോന്നുന്നു.
ദൈവമേ, എത്ര ദയനീയമാണത്,
ആ വിരസമായ മൂകനാടകം!
ഇരുട്ടത്ത് ലൈറ്ററിന്റെ ഒരു ക്ളിക്ക്,
ഒരു പുക വിടൽ,
എനിക്കു പ്രണയം നഷ്ടമാവുകയും ചെയ്യുന്നു!
*

18
വെയിലു കാഞ്ഞു,
കിളികളെ കേട്ടു,
മഴത്തുള്ളി നുണഞ്ഞു,
കാറ്റത്തു കൊഴിയുമ്പോഴേ
ഇല മരത്തെക്കണ്ടുള്ളു,
അതെന്തായിരുന്നുവെന്നറിഞ്ഞുള്ളു.
*

19
അത്രയുമുയരത്തിൽ നിന്നാണ്‌
എന്നെ ഇടുകയും
അത്രയും നേരമാണ്‌
ഞാൻ വീഴുകയും 
ചെയ്യുന്നതെന്നതിനാൽ
അത്രയും സമയം 
കൊണ്ടെനിക്കു
പറക്കാൻ
പഠിക്കാമെന്നപോലെ.
*

20
ഞാൻ നിനക്കെഴുതുന്ന കത്തുകളിൽ
ഒറ്റ വാക്കു പോലുമുണ്ടാവില്ല,
കൊഞ്ചലായി, വീരസ്യമായി, വായാടിത്തമായി,
ചാപല്യമായി, കാപട്യമായി, നുണകളായി,
ധാർഷ്ട്യമായി, കോപമായി, പരാതിയായി,
വിഡ്ഢിത്തമായി, വേദാന്തമായി...
ഞാൻ നിനക്കെഴുതുന്ന കത്തുകളിൽ
ഒറ്റ വാക്കു പോലുമുണ്ടാവില്ല.
*

21
അതു നന്നായി
എന്നു ദൈവം കണ്ടു
അതൊന്നാന്തരമായി
എന്നാദം കണ്ടു
അതു തരക്കേടില്ല
എന്നു ഹവ്വ കണ്ടു.
*

22
എന്റെ കവിത മനസ്സിലാകാത്തവരെക്കുറിച്ച്
എനിക്കെന്തു തോന്നുന്നുവെന്നോ?
എനിക്കവരെ മനസ്സിലാകും.

വേര പാവ്‌ലോവ Vera Pavlova റഷ്യൻ കവി. 1963ൽ മോസ്ക്കോയിൽ ജനിച്ചു. സംഗീതചരിത്രത്തിൽ ബിരുദം. 14 കവിതാസമാഹാരങ്ങൾക്കു പുറമേ ഓപ്പെറകൾക്കുള്ള ഗാനങ്ങളും എഴുതിയിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല: