സാഹിത്യത്തിൽ നമ്മെ ആകർഷിക്കുന്നത് വന്യമായതു മാത്രമാണ്. മെരുക്കത്തിന്റെ മറ്റൊരു പേരാണെന്നേയുള്ളു വിരസത. ഹാംലറ്റിലും ഇലിയഡിലും, വിദ്യാലയങ്ങളിലല്ലാതെ നാം പഠിക്കുന്ന വേദഗ്രന്ഥങ്ങളിലുമൊക്കെ നമ്മെ ആനന്ദിപ്പിക്കുന്നത് അനാഗരികവും സ്വച്ഛന്ദവും വന്യവുമായ ആ ചിന്തകളാണ്. മഞ്ഞുതുള്ളികൾക്കിടയിലൂടെ, പന്നലുകൾക്കു മുകളിലൂടെ, പറന്നുപോകുന്ന കാട്ടുതാറാവിനാണ് വളർത്തുതാറാവിനെക്കാൾ വേഗതയും ഭംഗിയുമുള്ളതെന്നപോലെയാണ് അടക്കമില്ലാത്ത ചിന്തകളുടെ കാര്യവും. ശരിക്കും ഉത്കൃഷ്ടമെന്നു പറയാവുന്ന ഒരു പുസ്തകം പടിഞ്ഞാറുള്ള പുല്മൈതാനങ്ങളിലോ പൗരസ്ത്യവനങ്ങളിലോ കണ്ടെടുക്കപ്പെടുന്ന ഒരു കാട്ടുപൂവു പോലത്ര സ്വാഭാവികമായിരിക്കും, അത്രയ്ക്കപ്രീതിക്ഷിതമായിരിക്കും, വിശദീകരണങ്ങൾക്കപ്പുറവുമായിരിക്കും. പ്രതിഭ ഇരുട്ടിനെ വെളിച്ചപ്പെടുത്തുന്ന, (അറിവിന്റെ ദേവാലയത്തെത്തന്നെ അതു തകർത്തുവെന്നും വരാം) ഇടിമിന്നലാണ്- അടുപ്പുകല്ലിനരികിൽ കൊളുത്തിവച്ച, പകൽവെളിച്ചത്തിൽ പ്രഭ മങ്ങുന്ന മെഴുകുതിരിയല്ല.
*
എല്ലാ മനുഷ്യരും ആചാരങ്ങളുടെ ശവക്കുഴിയിൽ പാതി മൂടിക്കിടക്കുകയാണ്; ചിലരുടെ കാര്യത്തിലാണെങ്കിൽ അവരുടെ തലമുടിത്തലപ്പു മാത്രമേ പുറത്തു കാണാനുള്ളു. അവരെക്കാൾ എത്രയോ ഭേദമാണ്, ഭൗതികമായി മരിച്ചവർ; അവർ എത്ര ജീവനോടെയാണ് ജീർണ്ണിക്കുന്നത്! നന്മ പോലും കെട്ടിക്കിടന്നാൽ ആ പേരിനർഹമല്ല. ഒരു മനുഷ്യന്റെ ജീവിതം ഈ പുഴ പോലെ നിരന്തരം നൂതനമായിരിക്കണം: ചാൽ അതുതന്നെ, എന്നാൽ ഓരോ നിമിഷവും അതിലൂടൊഴുകുന്നത് പുതിയൊരു ജലം.
(തോറോ)
കാട്ടിലൂടെയും പാടത്തൂടെയുമുള്ള ഒരു നടത്തപോലെ ഇത്ര ആരോഗ്യപ്രദവും ഇത്ര കാവ്യാത്മകവുമായി മറ്റൊന്നില്ല. അവിടങ്ങളിൽ എനിക്കാരെയും കണ്ടുമുട്ടേണ്ടിവരുന്നില്ല. തെരുവിലും സമൂഹത്തിലും ഞാനൊരു നിസ്സാരനും പാഴുമാണ്; പറയരുതാത്ത വിധം ഹീനമാണ് എന്റെ ജീവിതം. ധനവും മാന്യതയും കൊണ്ട് അതിനൊരർത്ഥവും കിട്ടാൻ പോകുന്നില്ല. എന്നാൽ അകലെയുള്ള കാടുകളിലോ പാടങ്ങളിലോ ഒറ്റയ്ക്കാവുമ്പോൾ എനിക്കെന്നെ തിരിച്ചുകിട്ടുന്നു, മഹത്തുക്കൾ ബന്ധുക്കളായതായി എനിക്കു തോന്നുന്നുാ തണുപ്പും ഏകാന്തതയും എന്റെ ചങ്ങാതിമാരുമാകുന്നു. മറ്റുള്ളവർക്ക് പള്ളിയിൽപോക്കും പ്രാർത്ഥനയും കൊണ്ടു കിട്ടുന്നതിനു തുല്യമാണ് എനിക്കിതിന്റെ മൂല്യം എന്നു ഞാൻ കരുതുന്നു. അങ്ങനെ, വസ്തുക്കളെ ഉപരിപ്ലവമായിട്ടല്ലാതെ അവ യഥാർത്ഥത്തിൽ എന്താണോ അങ്ങനെ കാണാൻ എനിക്കു കഴിയുന്നു, എന്നുപറഞ്ഞാൽ, മഹത്തും സുന്ദരവുമായി.
(തോറോയുടെ ഡയറിയിൽ നിന്ന്)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ