2023, മാർച്ച് 17, വെള്ളിയാഴ്‌ച

നെരൂദ - സംഖ്യകൾക്കൊരു വാഴ്ത്ത്


ഹാ, എത്രയുണ്ടെന്നറിയാനുള്ള
ദാഹം!
ആകാശത്തെത്ര
നക്ഷത്രങ്ങളുണ്ടെന്നറിയാനുള്ള
ഈ ആർത്തി!
കല്ലുകളും ചെടികളും,
വിരലുകളും നഖങ്ങളും,
മണൽത്തരികളും പല്ലുകളുമെണ്ണി
നമ്മുടെ ബാല്യം കഴിഞ്ഞു.
പൂക്കളുടെ ഇതളുകളും
ധൂമകേതുക്കളുടെ വാലുകളുമെണ്ണി
യൗവനവും കഴിഞ്ഞു.
നിറങ്ങളും കൊല്ലങ്ങളും,
ജീവിതങ്ങളും ചുംബനങ്ങളും
നാമെണ്ണി.
നാട്ടുമ്പുറത്തു നാം
കാളകളെയെണ്ണി;
കടൽക്കരയിൽ
തിരകളും.
കപ്പലുകൾ
പെരുകുന്ന പൂജ്യങ്ങളായി.
ആയിരങ്ങളും ലക്ഷങ്ങളുമായിരുന്നു
നഗരങ്ങൾ;
ഗോതമ്പ്‌
ഒരു ധാന്യമണിയെക്കാൾ
ചെറിയ സംഖ്യകൾ ഉള്ളിലടക്കിയ
നൂറുകണക്കിനു മാത്രകളും.
കാലം ഒരു സംഖ്യയായി.
ശബ്ദവുമായി
ഓടിജയിച്ചിട്ടെന്താ,
പ്രകാശത്തിന്റെ വേഗം
37 ആയിരുന്നു.
സംഖ്യകൾ നമ്മെപ്പൊതിഞ്ഞു.
രാത്രിയിൽ
ക്ഷീണിച്ചു നാം വാതിലടയ്ക്കുമ്പോൾ
ഒരു 800
വാതിലിനടിയിലൂടെ നുഴഞ്ഞുകടന്ന്
നമ്മോടൊപ്പം കട്ടിലിൽ കിടക്കുന്നു,
സ്വപ്നങ്ങളിൽ
4000ങ്ങളും 77കളും
കൊട്ടുവടികളും കൊടിലുകളും കൊണ്ട്‌
നമ്മുടെ നെറ്റികളിൽ ആഞ്ഞടിക്കുന്നു.
5കൾ 5കളോടു ചേർന്നുചേർന്നൊടുവിൽ
കടലിലേക്കോ ഭ്രാന്തിലേക്കോ പതിയ്ക്കുന്നു,
സൂര്യൻ നമ്മെ പൂജ്യവുമായി വന്നു വിളിയ്ക്കുന്നു,
അപ്പോൾ നാം ഓടിയിറങ്ങിപ്പോകുന്നു
ഓഫീസിലേക്ക്‌,
വർക്ക്ഷോപ്പിലേക്ക്‌,
ഫാക്റ്ററിയിലേക്ക്‌,
ഓരോ പുതിയ ദിവസത്തിന്റെയും
അനന്തമായ 1
വീണ്ടും എണ്ണിത്തുടങ്ങാൻ.
നമ്മുടെ ദാഹം തീർക്കാനുള്ള നേരം
നമുക്കുണ്ടായിരുന്നു,
വസ്തുക്കളുടെ കണക്കെടുക്കാൻ,
ആകെത്തുക കാണാൻ,
അവയെ പൊടിയാക്കി
കൂന കൂട്ടാനുള്ള പ്രാചീനദാഹം.
സംഖ്യകളും പേരുകളും കൊണ്ട്‌
ലോകത്തെ നാം പരത്തിയിട്ടു.
പക്ഷേ വസ്തുക്കൾ അതിജീവിച്ചു,
അവ സംഖ്യകളിൽ നിന്നൊളിച്ചോടി,
ആവിയായി,
ഒരു ഗന്ധമോ ഓർമ്മയോ മാത്രം ബാക്കിയായി,
ഒഴിഞ്ഞ സംഖ്യകൾ മാത്രം ശേഷിച്ചു.
അതുകൊണ്ടത്രേ
നിങ്ങൾ വസ്തുക്കളിലേക്കു തിരിയൂ
എന്നു ഞാൻ പറയുന്നു.
സംഖ്യകൾ ചെന്നു
ജയിലിൽ കിടക്കട്ടെ,
അണി ചേർന്നവ
കവാത്തു നടത്തട്ടെ,
പെറ്റുപെരുകി
അനന്തതയുടെ
ആകെത്തുകയും നൽകട്ടെ.
നിങ്ങൾക്ക്‌
വഴിവക്കിലെ ചില സംഖ്യകൾ മതി
നിങ്ങളെ കാക്കാൻ,
നിങ്ങൾക്കു കാക്കാൻ.
നിങ്ങളുടെ ആഴ്ചശമ്പളം,
നിങ്ങളുടെ നെഞ്ചളവിനൊപ്പം വികസിക്കുമാറാകട്ടെ!
തമ്മിൽ പുണരുന്ന നിങ്ങൾ 2 പേരിൽ നിന്ന്,
നിങ്ങളുടെയും നിങ്ങളുടെ കമിതാവിന്റെയും
ദേഹങ്ങളിൽ നിന്ന്
കുഞ്ഞുങ്ങളുടെ ജോഡിക്കണ്ണുകൾ പിറക്കുമാറാകട്ടെ;
അവയും എണ്ണാൻ തുടങ്ങും
പ്രാചീനനക്ഷത്രങ്ങളെ,
രൂപം മാറിയൊരു ഭൂമിയെ പുതപ്പിക്കുന്ന
എണ്ണമറ്റ ധാന്യമണികളെ.

അഭിപ്രായങ്ങളൊന്നുമില്ല: