കവി “കുഞ്ഞുദൈവ”മല്ല. അല്ല, അയാൾ “കുഞ്ഞുദൈവ”മൊന്നുമല്ല. മറ്റു കലകളും തൊഴിലുകളും പിന്തുടരുന്നവരെക്കാൾ ഉത്കൃഷ്ടവും അർത്ഥനിഗൂഢവുമായ ഒരു ഭാഗധേയം അയാൾക്കു കല്പിച്ചുകൊടുത്തിട്ടുമില്ല. നമുക്കു നമ്മുടെ നിത്യാന്നം നല്കുന്നതാരോ, അയാളാണ് ഏറ്റവും നല്ല കവി എന്നു ഞാൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്: ഒരു ദിവ്യത്വവും അവകാശപ്പെടാത്ത നമ്മുടെ നാട്ടിലെ ബേക്കറിക്കാരൻ...
റാങ്ങ്ബോയുടെ, ആ സ്വപ്നദർശിയുടെ, പ്രവചനത്തിൽ ഞാൻ വിശ്വസിക്കുന്നു. ഞാൻ വരുന്നത് ഇരുളടഞ്ഞ ഒരു പ്രവിശ്യയിൽ നിന്നാണ്, പരുഷമായ ഒരു ഭൂമിശാസ്ത്രം കൊണ്ട് മറ്റെല്ലാ നാടുകളിൽ നിന്നും വേർപെടുത്തപ്പെട്ട ഒരു നാട്ടിൽ നിന്ന്. ഒരുകാലത്ത് കവികളിൽ വച്ചേറ്റവും മനസ്സിടിഞ്ഞവനായിരുന്നു ഞാൻ, എന്റെ കവിത പ്രാദേശികവും ദുഃഖപൂരിതവും തോരാമഴയുടേതുമായിരുന്നു. എന്നാൽ എനിക്കു മനുഷ്യരാശിയിൽ വിശ്വാസമുണ്ടായിരുന്നു. ഞാൻ പ്രതീക്ഷ കൈവിട്ടില്ല. അതുകൊണ്ടായിരിക്കാം, എനിക്കിത്രയുമെത്താനായത്, എന്റെ കവിതയും ഒപ്പം എന്റെ പതാകയുമായി ഇവിടെ ഞാൻ എത്തിച്ചേർന്നത്.
നല്ലവരായ മനുഷ്യരോട്, തൊഴിലാളികളോട്, കവികളോട് ഇങ്ങനെ പറഞ്ഞു ഞാൻ അവസാനിപ്പിക്കട്ടെ: ഭാവി എന്തെല്ലാമാണോ, അതെല്ലാം റാങ്ങ്ബോയുടെ വരികളിൽ ആവിഷ്കരിക്കപ്പെട്ടിരിക്കുന്നു: എരിയുന്നൊരു ക്ഷമയോടെ മാത്രമേ വിശിഷ്ടമായ നഗരത്തിൽ നാം വിജയം കണ്ടെത്തുകയുള്ളു, നമുക്കെല്ലാം വെളിച്ചവും നീതിയും അന്തസ്സും നല്കുന്ന നഗരത്തിൽ.
(നെരൂദ 1971 ഡിസംബർ 11ന് സ്വീഡിഷ് അക്കാദമിയിൽ നടത്തിയ നൊബേൽ പ്രഭാഷണത്തിൽ നിന്ന്)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ