2023, മാർച്ച് 26, ഞായറാഴ്‌ച

വിർജീലിയോ പിനേറ

 ഉറക്കമില്ലായ്മ
-----------------


നേരത്തേ ഉറങ്ങാൻ കിടന്നതാണയാൾ, എന്നിട്ടും അയാൾക്കുറക്കം വരുന്നില്ല. അയാൾ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നു. വിരിപ്പുകൾ കൂട്ടിപ്പിരിക്കുന്നു. ഒരു സിഗരറ്റിനു തീ കൊളുത്തുന്നു. ചില പേജുകൾ വായിക്കുന്നു. എന്നിട്ടയാൾ ലൈറ്റണയ്ക്കുന്നു. പക്ഷേ അയാൾക്കുറക്കം വരുന്നില്ല. പുലർച്ചെ മൂന്നുമണിയ്ക്ക്‌ അയാൾ കിടക്ക വിട്ടെഴുന്നേൽക്കുന്നു. അടുത്ത വീട്ടിൽ താമസിക്കുന്ന ചങ്ങാതിയെ ചെന്നുകണ്ട്‌ തനിയ്ക്കുറക്കം വരുന്നില്ലെന്ന കാര്യം പറയുന്നു. എന്തു ചെയ്യണമെന്നു പറയണം. ഒന്നു നടന്നിട്ടു വരാനാണ്‌ ചങ്ങാതി ഉപദേശിക്കുന്നത്‌; നടന്നു ക്ഷീണിക്കുമ്പോൾ ഒരു നാരങ്ങാച്ചായയും കുടിച്ച്‌ ലൈറ്റണച്ചു കിടക്കുക. പറഞ്ഞതുപോലെയൊക്കെ ചെയ്തിട്ടും അയാൾക്കുറക്കം വരുന്നില്ല. അയാൾ വീണ്ടും എഴുന്നേറ്റിരിക്കുന്നു. അയാൾ ഇത്തവണ ഡോക്ടറെ പോയിക്കാണുകയാണ്‌. ഡോക്ടർ പതിവുപോലെ അതുമിതുമൊക്കെ സംസാരിക്കുന്നു, അയാൾക്കു പക്ഷേ ഉറക്കമില്ല. കാലത്താറുമണിയ്ക്ക്‌ തോക്കിൽ ഉണ്ട നിറച്ച്‌ അയാൾ തന്റെ തല ചിതറിയ്ക്കുന്നു. ആൾ മരിച്ചുകഴിഞ്ഞു, എന്നിട്ടും പക്ഷേ, അയാൾക്ക്‌ ഉറങ്ങാൻ കഴിയുന്നില്ല. പിടിച്ച പിടി വിടാത്ത ഒരു സാധനമാണ്‌ ഈ ഉറക്കമില്ലായ്മ. 

*


നരകം
-----------


നരകം നാം കുട്ടികളായിരുന്നപ്പോൾ നമ്മുടെ അച്ഛനമ്മമാരുടെ ചുണ്ടുകളിലെ പിശാചിന്റെ പേരു മാത്രമായിരുന്നു. പില്ക്കാലത്ത് ഈ ആശയം കൂടുതൽ സങ്കീർണ്ണമാകുന്നു; കൗമാരത്തിന്റെ ഒടുക്കമില്ലാത്ത രാത്രികളിൽ നാം കിടക്കകളിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നു: നമ്മെ ചുട്ടുപൊള്ളിക്കുന്ന തീനാളങ്ങൾ, ഭാവനയുടെ തീനാളങ്ങൾ, കെടുത്താൻ ശ്രമിക്കുകയാണ്‌ നാം. അക്കാലവും കഴിഞ്ഞാൽ നാം പിന്നെ കണ്ണാടികളിൽ നോക്കുന്നതു നിർത്തുകയായി; നമ്മുടെ മുഖങ്ങളിപ്പോൾ പിശാചിന്റെ മുഖത്തിനു സദൃശമാകാൻ തുടങ്ങുകയാണ്‌, നരകമെന്ന ആശയം ബുദ്ധിപരമായ ഒരു ഭീതി മാത്രമാകുന്നു, അത്രയധികം മനോവേദനയിൽ നിന്നു രക്ഷ നേടാനായി നാമതിനെ വർണ്ണിക്കാൻ നോക്കുകയും ചെയ്യുന്നു. പിന്നെ, വാർദ്ധക്യമായാൽ, നരകം കയ്യെത്തും ദൂരത്തെത്തുകയും ഒഴിവാക്കാൻ പറ്റാത്ത തിന്മയായി നാമതിനെ അംഗീകരിക്കുകയും അതു സഹിക്കുന്നതിന്റെ കാര്യത്തിൽ ഒരുതരം ആകാംക്ഷ തന്നെ നാം പ്രകടിപ്പിച്ചു തുടങ്ങുകയും ചെയ്യുന്നു. അക്കാലവും കഴിഞ്ഞാൽ (ഇപ്പോൾ നാമതിന്റെ ജ്വാലകൾക്കുള്ളിലാണ്‌) അതില്ക്കിടന്നു ദഹിക്കുമ്പോൾത്തന്നെ നമുക്കതുമായി ഇണങ്ങിപ്പോകാൻ കഴിഞ്ഞേക്കുമെന്ന് നമുക്കു തോന്നിത്തുടങ്ങുന്നു. ഒരായിരം കൊല്ലത്തിനു ശേഷം മുഖത്തു ഗൗരവം വെച്ചുകെട്ടിയ ഒരു പിശാച് വന്നന്വേഷിക്കുകയാണ്‌: നിങ്ങൾ ഇപ്പോഴും വേദന തിന്നുകയാണോ? യാതനയെക്കാൾ അതൊരു നിത്യകർമ്മമാണെന്ന് നാം അവനോടു പറയുന്നു. ഒടുവിൽ നരകം വിട്ടുപോകാൻ നമുക്കു തടസ്സമില്ലാത്ത ആ ദിവസം വന്നെത്തുന്നു; പക്ഷേ ആ വാഗ്ദാനം നിസ്സംശയം തള്ളിക്കളയുകയാണ്‌ നാം; എന്തെന്നാൽ, ആരു വേണ്ടെന്നുവയ്ക്കും താലോലിച്ചുവളർത്തിയ ഒരു ശീലം?


അഭിപ്രായങ്ങളൊന്നുമില്ല: