2023, മാർച്ച് 8, ബുധനാഴ്‌ച

ഫ്രീഡ്രിക് നീച്ച -ഭ്രാന്തൻ



ഭ്രാന്തൻ
----------------


തെളിഞ്ഞ പുലർവെട്ടത്തിൽ ഒരു റാന്തലും കൊളുത്തിപ്പിടിച്ച് ചന്തയിലേക്കോടിച്ചെല്ലുകയും “എനിക്കു ദൈവത്തെക്കാണണം! എനിക്കു ദൈവത്തെക്കാണണം!” എന്ന് നിർത്താതെ വിളിച്ചുകൂവുകയും ചെയ്ത ആ ഭ്രാന്തനെക്കുറിച്ച് നിങ്ങൾ കേട്ടിട്ടില്ലേ? ദൈവത്തിൽ വിശ്വാസമില്ലാത്ത ഒട്ടനവധി ആളുകൾ അവിടെ കൂടിനിന്നിരുന്നതിനാൽ അയാളുടെ പെരുമാറ്റം വലിയൊരു കൂട്ടച്ചിരിക്കിടയാക്കുകയും ചെയ്തു. അങ്ങോർക്ക് വഴി തെറ്റിയതാണോ? ഒരാൾ ചോദിച്ചു. കുട്ടികളെപ്പോലെ വഴിയറിയാതെ അലഞ്ഞുനടക്കുകയാണോ അയാൾ? മറ്റൊരാൾ ചോദിച്ചു. അതോ അയാൾ ഒളിച്ചിരിക്കുകയാണോ? അയാൾക്കു നമ്മളെ പേടിയാണോ? ഇനി അയാൾ കപ്പലിൽ കയറി പോയതാവുമോ? മറ്റൊരു നാട്ടിൽ കുടിയേറിയിരിക്കുമോ? ഈ രീതിയിൽ ചോദ്യങ്ങളുയർത്തി അവർ പൊട്ടിച്ചിരിക്കുകയായിരുന്നു.
അപ്പോൾ ആ ഭ്രാന്തൻ അവർക്കിടയിലേക്കു ചാടിവീണിട്ട് തുളഞ്ഞുകയറുന്ന കണ്ണുകൾ കൊണ്ട് അവരെ ഒന്നു നോക്കി; അയാൾ അലറി: “എവിടെ ദൈവം? ഞാൻ നിങ്ങൾക്കു പറഞ്ഞുതരാം. നമ്മൾ അവനെ കൊന്നുകളഞ്ഞു- നിങ്ങളും ഞാനും. അവന്റെ കൊലയാളികളാണ്‌ ഒന്നൊഴിയാതെ നമ്മളെല്ലാം! എങ്ങനെയാണ്‌ നമ്മളതു ചെയ്തത്? കടൽ കുടിച്ചുവറ്റിക്കാൻ നമുക്കെങ്ങനെ കഴിഞ്ഞു? ചക്രവാളമപ്പാടെ തുടച്ചുമാറ്റാൻ ആരു നമുക്കു സ്പോഞ്ചു തന്നു? ഈ ഭൂമിയെ അതിന്റെ സൂര്യനിൽ നിന്നു തുടലഴിച്ചുവിടുമ്പോൾ നാമെന്തു ചെയ്യുകയായിരുന്നു? ഇപ്പോഴെങ്ങോട്ടാണതു പോകുന്നത്? എങ്ങോട്ടാണ്‌ നമ്മൾ പോകുന്നത്? എല്ലാ സൂര്യന്മാരിൽ നിന്നും അകലേക്ക്? നിരന്തരപതനത്തിലല്ലേ നമ്മൾ? പിന്നിലേക്ക്, വശത്തേക്ക്, മുന്നിലേക്ക്, എല്ലാ ദിശയിലേക്കും? ഇപ്പോഴുമുണ്ടോ ഒരു മേലും കീഴും? അനന്തമായ ഒരില്ലായ്മയിലൂടെന്നപോലെ ദിശയറ്റലയുകല്ലേ നമ്മൾ? ശൂന്യമായ സ്ഥലരാശിയുടെ നിശ്വാസം നമ്മളറിയുന്നില്ലേ? അതിന്റെ തണുപ്പു കൂടിയിട്ടില്ലേ? രാത്രി നമുക്കു മേലടഞ്ഞുകൂടുകയല്ലേ? രാവിലെയും വിളക്കുകൾ കൊളുത്തിവയ്ക്കേണ്ടിവരികയല്ലേ? ദൈവത്തെ കുഴിച്ചുമൂടുന്ന ശവക്കുഴിവെട്ടുകാരുടെ ഒച്ചവയ്പുകൾ ഇനിയും നാം കേൾക്കുന്നില്ലേ? ദിവ്യമായ ആ ചീഞ്ഞഴുകലിന്റെ കെട്ട മണം നാം അറിഞ്ഞുതുടങ്ങിയിട്ടില്ലേ? ദൈവങ്ങളും ചീയും. ദൈവം മരിച്ചുപോയി! മരിച്ച ദൈവമാണുള്ളത്! നമ്മളാണ്‌ അവനെ കൊന്നതും.
“എങ്ങനെയാണ്‌ നമ്മൾ, എല്ലാ കൊലയാളികളിലും വച്ചേറ്റവും വലിയ കൊലയാളികളായ നമ്മൾ, സ്വയം ആശ്വാസം കൊള്ളുക? ലോകം ഇന്നേവരെ അറിഞ്ഞതിൽ വച്ചേറ്റവും വിശുദ്ധവും ശക്തവുമായത് നമ്മുടെ കത്തികൾക്കടിയിൽ ചോര വാർത്തു മരിച്ചു- നമ്മുടെ കൈകളിൽ നിന്ന് ഈ ചോര കഴുകിക്കളയാൻ ആരുണ്ട്? ഏതു ജലം നമുക്കു പുണ്യാഹമാകും? ഏതു പരിഹാരക്രിയകൾ, ഏതു മാന്ത്രികകർമ്മങ്ങൾ നമുക്കു കണ്ടുപിടിക്കേണ്ടിവരും? ഈ പ്രവൃത്തിയുടെ വലിപ്പം നമുക്കു താങ്ങാത്തതല്ലേ? നാം തന്നെ ദൈവങ്ങളായി മാറുകയല്ലേ വേണ്ടത്, അതിനർഹരാണ്‌ നാമെന്നു കാണിക്കാൻ വേണ്ടിയെങ്കിലും? ഇതിലും മഹത്തായൊരു പ്രവൃത്തി ഇന്നേവരെ ഉണ്ടായിട്ടില്ല- അതിനാൽത്തന്നെ, നമുക്കു ശേഷം പിറക്കുന്ന ആരും ഇതഃപര്യന്തമുള്ള ചരിത്രത്തെക്കാൾ മഹത്തായ ഒരു ചരിത്രത്തിനവകാശിയുമാകുന്നു!“
ഇത്രയും പറഞ്ഞിട്ട് ആ ഭ്രാന്തൻ നിശ്ശബ്ദനാവുകയും തന്റെ കേൾവിക്കാർക്കു നേരെ പിന്നെയും നോട്ടമെറിയുകയും ചെയ്തു; അവരും നിശ്ശബ്ദരാവുകയും അയാളെ പകച്ചുകൊണ്ട് തുറിച്ചുനോക്കിനില്ക്കുകയും ചെയ്തു. ഒടുവിൽ അയാൾ തന്റെ റാന്തൽ തറയിലേക്കെടുത്തെറിഞ്ഞു; അത് കഷണങ്ങളായി ചിതറുകയും കെട്ടുപോവുകയും ചെയ്തു. ”ഞാൻ വന്നത് നേരത്തേയായിപ്പോയി,“ അയാൾ പറഞ്ഞു; ”എന്റെ നേരമായിട്ടില്ല. അതിശക്തമായ ആ സംഭവം വഴിയിൽ കിടക്കുന്നതേയുള്ളു; അതിനിയും മനുഷ്യരുടെ കാതുകളിലേക്കെത്തിയിട്ടില്ല. ഇടിയും മിന്നലും ഭൂമിയിലെത്താൻ സമയമെടുക്കും; നക്ഷത്രങ്ങളുടെ വെളിച്ചം സമയമെടുക്കും; ചെയ്തികൾ, ചെയ്തുകഴിഞ്ഞാലും, മനുഷ്യരുടെ കണ്ണിലും കാതിലുമെത്താൻ സമയമെടുക്കും. ഈ ചെയ്തിയാകട്ടെ, ഏതു വിദൂരതാരത്തെക്കാളും അവരിൽ നിന്നു വിദൂരവുമാണ്‌- എന്നാൽ അതു ചെയ്തത് അവരുമാണ്‌!“
ആ ഭ്രാന്തൻ അതേ ദിവസം തന്നെ പല പള്ളികളിലും ഇടിച്ചുകയറുകയും തന്റെ ”ദൈവത്തിനു നിത്യശാന്തി“ ഈണത്തിൽ ചൊല്ലുകയും ചെയ്തതായി പറയപ്പെടുന്നു. അയാളെ പുറത്താക്കി, ഇത്തരം പെരുമാറ്റത്തിനു കാരണം ചോദിച്ചപ്പോൾ അയാളുടെ മറുപടി എപ്പോഴും ഇതായിരുന്നു: “പള്ളികളിപ്പോൾ ശവക്കുഴികളും ശവമാടങ്ങളുമല്ലാതെ മറ്റെന്താണ്‌?”

**

ഏറ്റവും വലിയ മാറ്റം
---------------------

നാം കാര്യങ്ങളെ കാണുന്ന വെളിച്ചം, നാമവയ്ക്കു നല്കുന്ന നിറങ്ങൾ- എല്ലാം മാറിക്കഴിഞ്ഞു. ഏറ്റവും പരിചിതവും നിത്യസാധാരണവുമായ കാര്യങ്ങളെ പണ്ടുള്ളവർ എങ്ങനെയാണ്‌ മനസ്സിലാക്കിയിരുന്നതെന്ന് നമുക്കിപ്പോൾ മനസ്സിലാകാതായിക്കഴിഞ്ഞു- ഉദാഹരണത്തിന്‌, പകൽനേരവും ഉണർച്ചയും: സ്വപ്നങ്ങളിൽ വിശ്വസിച്ചിരുന്നതിനാൽ ജാഗ്രദവസ്ഥയെ മറ്റൊരു വെളിച്ചത്തിലാണ്‌ അവർ കണ്ടത്. അതുപോലെ ജീവിതത്തെയാകെയും; അവർക്കത് മരണത്തിന്റെ പ്രതിബിംബമായിരുന്നു. എന്നാൽ നമ്മുടെ ‘മരണം’ തീർത്തും മറ്റൊരു മരണമാണ്‌. അവരുടെ എല്ലാ അനുഭവങ്ങൾക്കും മറ്റൊരു തെളിച്ചമായിരുന്നു; കാരണം, അവയിൽ ഒരു ദൈവം തെളിഞ്ഞുനിന്നിരുന്നു; അതുപോലെ തീരുമാനങ്ങളുടേയും വിദൂരഭാവിയിലേക്കുമുള്ള നോട്ടങ്ങളും: കാരണം, അവർക്ക് വെളിച്ചപ്പാടുകളുണ്ടായിരുന്നു, ശകുനങ്ങളുണ്ടായിരുന്നു, അവർ പ്രവചനങ്ങളിൽ വിശ്വസിച്ചുമിരുന്നു. ‘സത്യ’ത്തെ അവർ കണ്ടിരുന്നത് വ്യത്യസ്തമായിട്ടാണ്‌; കാരണം, അതിന്റെ ജിഹ്വയായി പരിഗണിക്കപ്പെടാൻ ഭ്രാന്തനായാലും മതിയായിരുന്നു- നാം കിടുങ്ങിപ്പോകുന്ന, അല്ലെങ്കിൽ ചിരിച്ചുപോകുന്ന ഒരു കാര്യം. അനീതിയെ മറ്റൊരു രീതിയിലാണ്‌ കണ്ടിരുന്നത്; കാരണം ആളുകൾ ഭയന്നിരുന്നത് നിയമപരമായ ശിക്ഷയേയും ദുഷ്പേരിനെയും മാത്രമല്ല, ദൈവശിക്ഷയെക്കൂടിയാണ്‌. മനുഷ്യർ പിശാചിലും അവന്റെ പ്രലോഭനങ്ങളിലും വിശ്വസിച്ചിരുന്ന ഒരു കാലത്ത് എന്താനന്ദമാണ്‌ അനുഭവിക്കാനുള്ളത്! നോക്കുന്നിടത്തെല്ലാം ഭൂതങ്ങൾ പതിയിരിക്കുകയാണെങ്കിൽ അഭിനിവേശങ്ങൾക്കെവിടെയിടം! എന്തു തത്വചിന്ത, സംശയം ഏറ്റവും അപകടം പിടിച്ച പാപമാണെങ്കിൽ, തന്നെയല്ല, നിത്യസ്നേഹത്തിനെതിരെയുള്ള ഒരു പാതകമാണെങ്കിൽ, നല്ലതും ഉന്നതവും നിർമ്മലവും ദയാപരവുമായതിനോടെല്ലാമുള്ള അവിശ്വാസമാണെങ്കിൽ!
നാം എല്ലാറ്റിനും പുതിയ നിറങ്ങൾ നല്കിയിരിക്കുന്നു, നിരന്തരം നാം നിറങ്ങൾ പുതുക്കുകയുമാണ്‌- എന്നാൽ, ആ പഴയ ചിത്രകാരന്മാരുടെ ചായത്തളികയുമായി തട്ടിച്ചുനോക്കുമ്പോൾ നമ്മുടെ ചോരത്തിളപ്പുള്ള കലാചാതുര്യം എവിടെ നില്ക്കുന്നു! പ്രാചീനമായ മനുഷ്യരാശിയെയാണ്‌ ഞാൻ ഉദ്ദേശിക്കുന്നത്.
*


അന്യാപദേശരൂപേണ
------------------------

ഒരു ജൂതഭൂദൃശ്യത്തിലേ ഒരു യേശുക്രിസ്തു സാദ്ധ്യമാകുമായിരുന്നുള്ളു- കോപിഷ്ടനായ യഹോവയുടെ തമോവൃതവും ഉദാത്തവുമായ ഇടിമേഘം പെയ്തൊഴിയാതെ തങ്ങിനില്ക്കുന്ന ഒരു ഭൂദൃശ്യം എന്നാണ്‌ ഞാൻ അർത്ഥമാക്കുന്നത്. ഭീഷണവും സ്ഥായിയും സർവ്വവ്യാപിയുമായ പകലിരുട്ടിനെ കീറിയെത്തുന്ന ഒരേയൊരു വെയിൽനാളത്തിന്റെ അപൂർവ്വവും ആകസ്മികവുമായ പ്രത്യക്ഷപ്പെടലിനെ ‘സ്നേഹ’മെന്ന ദിവ്യാത്ഭുതമായി, എത്രയും അനർഹമായ ‘ദൈവപ്രസാദ’ത്തിന്റെ പ്രകാശമായി പരിഗണിക്കാൻ ഇവിടെയേ സാദ്ധ്യമാകുമായിരുന്നുള്ളു. ക്രിസ്തുവിനു തന്റെ മഴവില്ലും ദൈവം മനുഷ്യനിലേക്കിറങ്ങിവന്ന സ്വർഗ്ഗത്തിൽ നിന്നുള്ള കോണിയും ഭാവന ചെയ്യാൻ ഇവിടെ മാത്രമേ കഴിയുമായിരുന്നുള്ളു; മറ്റെവിടെയും തെളിഞ്ഞ അന്തരീക്ഷവും വെയിലും ക്രമാനുസൃതവും ദൈനന്ദിനസംഗതിയായിട്ടുമാണ്‌ പരിഗണിക്കപ്പെട്ടുപോന്നിരുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല: