2023, മാർച്ച് 23, വ്യാഴാഴ്‌ച

വേര പാവ്ലോവ -സ്വർഗ്ഗം വാചാലമല്ല (കുറിപ്പുകൾ)

 

പ്രായം ചെന്ന ഒരു കവി എന്നെ വിളിക്കുന്നത് “ലോകത്തെ ഏറ്റവും സുന്ദരിയായ സ്ത്രീ” എന്നാണ്‌; അദ്ദേഹത്തിന്‌ എന്റെ പേര്‌ ഓർമ്മ വരുന്നില്ല എന്നതാണ്‌ കാരണം.

*

എഴുതിത്തീരാത്ത ഒരു കവിതയുമായി കിടക്കയിൽ ചെന്നുകിടന്നു; അതിനാലെനിക്കു ചുംബിക്കാനായില്ല.

*

പ്രചോദനം: ആത്മവിശ്വാസമുള്ളപ്പോൾ എനിക്കുള്ളത്.

*

എന്റെ കവിത മനസ്സിലാകാത്തവരെക്കുറിച്ച് എനിക്കെന്തു തോന്നുമെന്നോ?

എനിക്കവരെ മനസ്സിലാകും.

*

അറിയപ്പെടുക എന്നതിനർത്ഥം നിങ്ങളെ അറിയുന്നവരെക്കുറിച്ചും അവർക്കു നിങ്ങളെക്കുറിച്ച് എന്തറിയാം എന്നതിനെക്കുറിച്ചും ഒന്നുമറിയാതിരിക്കുക എന്നാണ്‌.

*

അന്യരോട് അസൂയ തോന്നാതിരിക്കാൻ എളുപ്പമാണ്‌. അന്യർക്ക് നിങ്ങളോടസൂയ തോന്നുമ്പോൾ അതിൽ സന്തോഷം തോന്നാതിരിക്കുക പ്രയാസമാണ്‌.

*

എന്റെ ഒരു കവിത ഒരു കൈത്തലത്തിലൊതുങ്ങും; എന്റെ അനേകം കവിതകൾ ഒരു കുഞ്ഞിന്റെ കൈത്തലത്തിലൊതുങ്ങും.

*

എന്റെ പുസ്തകങ്ങൾ ഉപഹാരമായി നല്കിക്കൊണ്ട് ഞാൻ എന്റെ അതിരുകൾ അടയാളപ്പെടുത്തുന്നു.

*

കവിതയിൽ ഞാൻ വാക്കുകൾ ഉപയോഗിക്കുന്നത് വിദേശയാത്രയ്ക്കു പോകുമ്പോൾ പെട്ടി ഒരുക്കുന്നതുപോലെയാണ്‌: ഏറ്റവും അത്യാവശ്യമുള്ളതും ഏറ്റവും കാണാൻ കൊള്ളാവുന്നതും ഏറ്റവും ഭാരം കുറഞ്ഞതും ഏറ്റവും ഒതുക്കമുള്ളതും മാത്രം.

*

ചൂടുവെള്ളം നിറച്ച കുളിത്തൊട്ടിയിൽ കിടന്നുകൊണ്ട് ഒരു കവിത അവസാനിപ്പിക്കാനുള്ള വരി ഞാൻ തേടുന്നു; അതു കണ്ടെത്തുമ്പോൾ ഒരു തണുത്ത വിറ എന്റെ നട്ടെല്ലിലൂടെ പാഞ്ഞുപോകുന്നു.

*

എന്റെ പൂർവ്വസത്ത എന്റെ ഭാവിസത്തയ്ക്കയച്ച കത്തുകളാണ്‌ എന്റെ ഡയറിക്കുറിപ്പുകൾ. ആ കത്തുകൾക്കുള്ള മറുപടികളാണ്‌ എന്റെ കവിതകൾ.

*

-ഹൊ, ടോയ്‌ലറ്റിൽ എന്തൊക്കെയാണ്‌ തൂക്കിയിട്ടിരിക്കുന്നത്!

-അതെല്ലാം എനിക്കു കിട്ടിയ അവാർഡുകളാണ്‌.

-ജോലിയൊന്നുമില്ലേ?

- ഞാൻ  കവിയാണ്‌.

പിന്നെ ഞങ്ങൾ അവരവരുടെ ജോലിയിലേക്കു തിരിഞ്ഞു: പ്ലംബർ കമ്മോഡ് ശരിയാക്കാൻ പോയി, ഞാൻ കവിതകളുടെ ശരിപ്പകർപ്പെടുക്കാനും.

*

ഒരു ചൂണ്ടക്കാരൻ എന്നോടു പറഞ്ഞു: “കവിതയെഴുതുന്നത് മണ്ണിരകളെ കുഴിച്ചെടുക്കുന്നതു പോലെയായിരിക്കണം: പുഴുവിന്റെ ഒരറ്റത്തു പിടിച്ച് നിങ്ങൾ വലിച്ചെടുക്കുകയാണ്‌. വല്ലാതെ വലിച്ചാൽ അതു പൊട്ടും, പതുക്കെ വലിച്ചാൽ കൂടെപ്പോരും.”

*

കവിതകൾ കുട്ടികളാണെങ്കിൽ കവിയരങ്ങുകൾ പി.റ്റി.എ മീറ്റിങ്ങുകളാണ്‌.

*

നിങ്ങൾക്കറിയാത്തതിനെക്കുറിച്ചോ ഉറപ്പായും അറിയാവുന്നതിനെക്കുറിച്ചോ കവിതയെഴുതരുത്. നിങ്ങൾക്കു ചെറിയൊരൂഹം മാത്രമുള്ളതിനെക്കുറിച്ചെഴുതുക; കവിത ഒന്നുകിൽ അതിനു സ്ഥിരീകരണം നല്കും അല്ലെങ്കിൽ നിങ്ങളുടെ സംശയം ദൂരീകരിക്കും എന്നു നിങ്ങൾക്കു പ്രതീക്ഷിക്കാം.

*

തന്നെക്കുറിച്ചു പറയുന്ന ഒരു കവി ഏതൊരാളെക്കുറിച്ചുമാണ്‌ പറയുന്നത്. ഒരു കവിയെക്കുറിച്ചു പറയുന്ന ഏതൊരാളും തന്നെക്കുറിച്ചാണ്‌ പറയുന്നത്.

*

വിരൂപരായി കാണപ്പെടുന്നതിൽ പേടിയില്ലാത്തവരാണ്‌ ശരിക്കും സൗന്ദര്യമുള്ളവർ. കവിതകളുടെ കാര്യത്തിലും അതു സത്യമാണ്‌.

*

മുന്തിരിത്തോട്ടങ്ങൾക്കു ചുറ്റും റോസാച്ചെടികൾ നടുന്നത് വെറും അലങ്കാരത്തിനല്ല, പൂപ്പൽ രോഗം വരാതിരിക്കാനുള്ള മുൻകരുതൽ എന്ന നിലയ്ക്കാണെന്ന് ഒരു സ്വിസ് വീഞ്ഞുനിർമ്മാതാവ് എന്നോടു പറഞ്ഞു; കൂടുതൽ സംവേദനക്ഷമമായതിനാൽ മുന്തിരിവള്ളികൾക്കു മുമ്പേ പൂപ്പൽ ബാധിക്കുക റോസാച്ചെടികളെയാണ്‌. ആൻഡേഴ്സന്റെ ‘രാജകുമാരിയും പയറുമണിയും’ എന്ന കഥ അമിതലാളനയെക്കുറിച്ചല്ല, ഒരു യഥാർത്ഥകവിയും ഒരു തട്ടിപ്പുകവിയും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചാണെന്നു ഞാൻ മനസ്സിലാക്കുന്നതും അപ്പോഴാണ്‌.

*

ഒരാദർശകവിത: അതിന്റെ ഓരോ വരിയും ഒരു പുസ്തകത്തിന്റെ ശീർഷകമാകാൻ പറ്റിയതായിരിക്കും.

*

വായനക്കാരൻ: എന്റെ ദൈനന്ദിനജീവിതത്തെ നിങ്ങളുടെ കവിതകളിൽ ഞാൻ കണ്ടെടുക്കണമെന്നാണോ നിങ്ങളുടെ ആഗ്രഹം?

കവി: അല്ല, പുസ്തകത്തിൽ നിന്നു കണ്ണെടുത്തുകഴിഞ്ഞാൽ നിങ്ങളുടെ ലോകം നിങ്ങൾക്കപരിചിതമായിത്തോന്നണം എന്നാണ്‌.

*

ഒരു യഥാർത്ഥകവി മരിക്കുമ്പോൾ നമുക്കു ബോദ്ധ്യമാകുന്നു, അയാളുടെ കവിതകളെല്ലാം മരണത്തെക്കുറിച്ചായിരുന്നു എന്ന്.

*

കവിതയുടെ നീളം കൂടുന്തോറും അത് മുകളിൽ നിന്നുള്ള ഒരനുശാസനത്തിൻ കീഴിൽ എഴുതപ്പെട്ടതാണെന്നുള്ള തോന്നൽ ദുർബ്ബലമായി വരുന്നു. സ്വർഗ്ഗം വാചാലമല്ല. എന്നുമാത്രമല്ല, നിങ്ങൾ കൂടുതൽ സംസാരിക്കുന്തോറും കൂടുതൽ നുണ പറയുകയും ചെയ്യും.

*

വായനക്കാരൻ: റഷ്യയിൽ കവി എന്നു പറയുന്നത് വെറുമൊരു കവിയല്ല, കവിയിലും കൂടുതൽ ചിലതാണെന്ന് യെവ്തുഷെങ്കോ അവകാശപ്പെടുന്നുണ്ട്. ഇത് ശരിയാണോ?

കവി: അല്ല, കവിയെക്കാൾ കൂടുതലായി ഒന്നുമില്ല.  

*

കവിതയുടെ അവസാനത്തിലുള്ള പൂർണ്ണവിരാമചിഹ്നം മുകളിൽ നിന്നു കാണുന്ന ഒരാശ്ചര്യചിഹ്നമാണ്‌, ഒറ്റയടി കൊണ്ട് തലയോളം അടിച്ചുകയറ്റിയത്.

*



അഭിപ്രായങ്ങളൊന്നുമില്ല: