അന്ത്യവിധിയുടെ നാൾ
തന്റെ പ്രിയപ്പെട്ട ടെലിവിഷൻ പരിപാടിയിൽ അത്രയ്ക്കും ആമഗ്നനായിപ്പോകയാൽ അയാൾ ശ്രദ്ധിക്കുന്നില്ല, ശേഷിച്ച ലോകം തനിക്കു ചുറ്റും മറഞ്ഞുപോയിക്കഴിഞ്ഞുവെന്ന്, കാഹളങ്ങൾ മുഴങ്ങിക്കഴിഞ്ഞുവെന്ന്, നാലശ്വാരൂഢർ തങ്ങളുടെ ഉഗ്രകോപം വിതറിക്കഴിഞ്ഞുവെന്ന്. അയാൾ ശ്രദ്ധിക്കുന്നതേയില്ല, തന്റെയും അന്ത്യവിധി നടന്നുകഴിഞ്ഞുവെന്ന്, തന്റെ നല്ലതും ചീത്തയുമായ പ്രവൃത്തികൾ തൂക്കിനോക്കിയപ്പോൾ തനിക്കനുകൂലമായിട്ടാണ് തുലാസ് താണതെന്ന്, ഇപ്പോൾ, ഇനി കാലമുള്ള കാലത്തോളവും, തന്റെ പ്രിയപ്പെട്ട പരിപാടിയിൽ ആമഗ്നനായി താനിരിക്കുകയാണ്, സ്വർഗ്ഗത്തിലെന്ന്.
മാ ലിയാങ്ങിന്റെ സർവ്വാതിശായിയായ കല
ഐതിഹാസികപ്രസിദ്ധി നേടിയ ചൈനീസ് ചിത്രകാരനായിരുന്നു മാ ലിയാങ്ങ്; അത്ര പരിപൂർണ്ണമായിരുന്നു അദ്ദേഹത്തിന്റെ ലോകാനുകരണമെന്നതിനാൽ തൂലിക ഒന്നു ചലിപ്പിച്ചാൽ കല യാഥാർത്ഥ്യമായി മാറുമായിരുന്നു. മഹാസമുദ്രം വരച്ചുകാണിക്കാൻ അദ്ദേഹത്തോടാവശ്യപ്പെട്ട ഒരു ചക്രവർത്തി തന്റെ സർവ്വപരിവാരങ്ങൾക്കുമൊപ്പം അതിൽ മുങ്ങിത്താണുവത്രെ.
മാ ലിയാങ്ങിന്റെ കലയെ അതിശയിക്കാൻ പാശ്ചാത്യലോകം ഫോട്ടോഗ്രഫിയും പിന്നീട് സിനിമയും കണ്ടുപിടിച്ചു; അതിൽ മരിച്ചവർ അതിജീവിക്കുകയാണല്ലോ, ഒരേ പ്രവൃത്തികൾ ആവർത്തിച്ചാവർത്തിച്ചു ചെയ്തുകൊണ്ട്, മറ്റേതു നരകത്തിലുമെന്നപോലെ.
ദുരുപദേശം
മാന്ത്രികന്റെ ഉപദേശമനുസരിച്ച് തന്റെ ശത്രുവിന്റെ നേർച്ഛായയിൽ അയാൾ ഒരു ദാരുവിഗ്രഹം കടഞ്ഞെടുത്ത് നിലാവുള്ള ഒരു രാത്രിയിൽ ഒരു പാടത്തു വച്ചു തീ കൊടുത്തു. തീ കത്തുന്നതു ശ്രദ്ധയിൽ പെട്ട അയാളുടെ ശത്രു തിരഞ്ഞുതിരഞ്ഞുവന്ന് ഒടുവിൽ അയാളെ കണ്ടെത്തുകയും കുന്തം കൊണ്ട് ഒറ്റയേറിനാൽ അയാളെ കൊല്ലുകയും ചെയ്തു.
അമിതാവേശം
ഞങ്ങൾക്കന്യോന്യം അത്ര ഭ്രാന്തമായ പ്രണയമായിരുന്നു; ഒറ്റയുടലായി ഞങ്ങൾ ഉരുകിച്ചേർന്നു. ഞങ്ങൾ ഒരിക്കൽ രണ്ടുപേരായിരുന്നു എന്നു കാണിക്കാൻ ഞങ്ങളുടെ ഐഡികൾ മാത്രമേയുള്ളു. പക്ഷേ ഞങ്ങൾക്കു നേരിടേണ്ടിവരുന്ന വെല്ലുവിളികളുണ്ട്: ടാക്സ് ഫോറം, ബന്ധുക്കൾ, കരുതിയപോലെ അത്രയ്ക്കൊന്നും ഞങ്ങൾക്കു തമ്മിൽ പൊതുവായില്ല എന്ന പരിതാപകരമായ വസ്തുത.
കമിതാക്കൾ
എല്ലാവരും കാൺകെ ചുംബിക്കുന്നതിനു വിലക്കുകളില്ലാത്ത ഒരു പുനർജ്ജന്മമാണ് അവർ എപ്പോഴും സ്വപ്നം കണ്ടിരുന്നത്. അവർക്കു പതിവുണ്ടായിരുന്ന രഹസ്യയാത്രകളിലൊന്നിൽ ഒരപകടത്തിൽ പെട്ട് ഇരുവരും ഒരുമിച്ചു മരിച്ചു. അയാൾ ഒരു സർക്കസ്സ് ആനയായി തിരിച്ചുവന്നു, അവൾ ഒരു പെറ്റൂണിയ പൂവായും. പൂക്കൾ ഹ്രസ്വായുസ്സുകളായതിനാൽ ആ ജന്മത്തിൽ അവർക്കൊരുമിക്കാൻ കഴിഞ്ഞില്ല. അടുത്ത ജന്മത്തിൽ അവർ വീണ്ടും മനുഷ്യരായി. പക്ഷേ അവർ തമ്മിൽ 63 വയസ്സിന്റെ പ്രായവ്യത്യാസമുണ്ടായിരുന്നു. അവൾ മാർപ്പാപ്പയായി, അയാൾ ഓമനത്തമുള്ള ഒരു ബാലികയും. ഒരു പൊതുചടങ്ങിൽ വച്ച് പാപ്പയുടെ മോതിരം ചുംബിക്കുന്നതിന് അവൾക്ക് അനുമതി കിട്ടുകയും ചെയ്തു.
Ana Maria Shua (ജ. 1951) ‘മിനിക്കഥകളുടെ റാണി’ എന്നറിയപ്പെടുന്ന അർജ്ജന്റീനിയൻ എഴുത്തുകാരി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ