2023, മാർച്ച് 28, ചൊവ്വാഴ്ച

സെസർ വയഹോയുടെ കവിതകൾ

മരിച്ചവൻ്റെ ഗാനം


എവിടെയാവുമവളിപ്പോൾ, ആൻഡീസുകാരി എന്റെ റീത്ത,
കാട്ടോടപ്പുല്ലുകളുടെ, ഇരുണ്ട ചെറിപ്പഴങ്ങളുടെ ഓമന?
ബൈസാന്റിയത്തിൽ ഞാൻ ശ്വാസം മുട്ടിക്കിടക്കുമ്പോൾ,
നേർപ്പിച്ച ബ്രാണ്ടി പോലെ ചോരയുള്ളിൽ മയങ്ങുമ്പോൾ?

എവിടെയാവുമവളുടെ കൈകളിപ്പോൾ,
പോയ സായാഹ്നങ്ങളിൽ വെണ്മകളിസ്തിരിയിട്ടവ?
ഇപ്പോൾ, എന്റെ ജീവിതാശയൊക്കെയും
ഈ മഴ കവർന്നെടുക്കുമ്പോൾ?

എവിടെ, അവളുടെ കമ്പിളിപ്പാവാട,
അവളുടെ വേവലാതികൾ, അവളുടെ നടത്ത,
മേയ്മാസറം പോലവളുടെ ചുവയും?

ഏതോ മേഘരൂപം നോക്കി വാതിൽക്കൽ നിൽക്കുകയാവുമവൾ,
പിന്നെ വിറ പൂണ്ടുംകൊണ്ടവൾ പറയും:“യേശുവേ...എന്തു കുളിര്‌ !”
മേച്ചിലോടുകൾക്കു മേലൊരു കാട്ടുകിളി കരയും. 
*

സ്നേഹവിരുന്ന്


ആരുമിന്നന്വേഷിച്ചെത്തിയില്ല;
ആരുമീ സായാഹ്നത്തിലെന്നോടൊന്നുമാവശ്യപ്പെട്ടുമില്ല.
വെളിച്ചങ്ങളുടെ ഈ ഘോഷയാത്രയിൽ
ഒരു സിമിത്തേരിപ്പൂവിനെപ്പോലും ഞാൻ കണ്ടുമില്ല.
പൊറുക്കൂ, കർത്താവേ: എത്ര കുറച്ചേ ഞാൻ മരിച്ചുള്ളൂ!
ഈ സായാഹ്നത്തിലേവരുമേവരും കടന്നുപോകുന്നു,
എന്നെയന്വേഷിക്കാതെ, എന്നോടൊന്നും ചോദിക്കാതെ.
എനിക്കറിയില്ല, എന്റെ കൈകളിലവർ മറന്നുവച്ചതെന്തെന്ന്,
എന്റേതല്ലാത്തതൊന്നുപോലെ.
വാതിൽക്കലേക്കു ഞാൻ പോയിരുന്നു,
സർവരോടുമായി വിളിച്ചുകൂവാനെനിക്കു തോന്നിയിരുന്നു:
നിങ്ങൾക്കെന്തെങ്കിലും കാണാതെപോയെങ്കിൽ,
അതിവിടെയുണ്ടെന്നേ!
ഈ ജീവിതത്തിലെ ഓരോ സായാഹ്നത്തിലും
എത്ര വാതിലുകളാണൊരു മുഖത്തിനു നേർക്കു
കൊട്ടിയടയ്ക്കപ്പെടുന്നതെന്നെനിക്കറിയാത്തതിനാൽ,
അന്യന്റേതായതെന്തോ എന്റെയാത്മാവിനെ ഗ്രസിച്ചതിനാൽ.
ആരുമിന്നെത്തിയില്ല;
ഈ സായാഹ്നത്തിലെത്ര കുറച്ചേ ഞാൻ മരിച്ചിട്ടുമുള്ളൂ!

*

ജനം

യുദ്ധം കഴിഞ്ഞതിൽപ്പിന്നെ,
പടയാളി വീണതിൽപ്പിന്നെ,
ഒരാളടുത്തുചെന്നു പറഞ്ഞു:
“മരിക്കരുതേ; എനിക്കത്ര സ്നേഹമാണു നിങ്ങളെ!”
ജഡമോ, കഷ്ടം, മരിച്ചുകൊണ്ടേയിരുന്നു.

രണ്ടുപേരടുത്തുചെന്നാവർത്തിച്ചു:
“ഞങ്ങളെ വിട്ടുപോകരുതേ! ധൈര്യമായിരിക്കൂ!
ജീവിതത്തിലേക്കു മടങ്ങിവരൂ!”
ജഡമോ, കഷ്ടം, മരിച്ചുകൊണ്ടേയിരുന്നു.

ഇരുപത്, ഒരു നൂറ്‌, ഒരായിരം,
അഞ്ചു ലക്ഷം പേർ നേരിട്ടുചെന്നു,
അവരൊച്ചവച്ചു: “എത്രയധികം സ്നേഹം,
മരണത്തിനതുമെതിരാവുന്നില്ല!”
ജഡമോ, കഷ്ടം, മരിച്ചുകൊണ്ടേയിരുന്നു.

ജനകോടികളയാളെ ചൂഴ്ന്നു,
ഒരേയൊരു നിവേദനവുമായി:
“പോകരുതേ, സഹോദരാ!“
ജഡമോ, കഷ്ടം, മരിച്ചുകൊണ്ടേയിരുന്നു.

പിന്നെ ഭൂമിയിലെ സർവജനങ്ങളും
അയാൾക്കു ചുറ്റും കൂടി;
ജഡം വിഷാദത്തോടെ അവരെ ഒന്നുനോക്കി,
അയാൾ സാവധാനമെഴുന്നേറ്റുനിന്നു,
ആദ്യം കണ്ടയാളെ കെട്ടിപ്പിടിച്ചു;
പിന്നെ കാലെടുത്തുവച്ചു...

അഭിപ്രായങ്ങളൊന്നുമില്ല: