നോക്കൂ, അയാൾ മറ്റുള്ളവരെ സ്നേഹിക്കുന്നത് അവരെ ഉപയോഗപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണെങ്കിൽ അതു സ്നേഹമല്ല; അയാൾ സ്നേഹത്തെ ഒരൊഴികഴിവായി ഉപയോഗിക്കുന്നു എന്നുമാത്രം, സ്വന്തം സ്വാർത്ഥതാല്പര്യങ്ങളെ മൂടിവയ്ക്കാനുള്ള ഒരാവരണം. അന്യരെ യഥാർത്ഥത്തിൽ സ്നേഹിക്കണമെങ്കിൽ താൻ സ്വയം സ്നേഹിക്കുന്നുണ്ടെന്ന് അയാൾ ആദ്യം തന്നെ തെളിവു നല്കണം; എന്തെന്നാൽ, തന്നെത്തന്നെ സ്നേഹിക്കുക എന്നതാണ് ഏറ്റവും ദുഷ്കരമായ ഉദ്യമം. മറ്റൊരാളെ സ്നേഹിക്കുക എളുപ്പമാണ്, എന്നാൽ നിങ്ങൾ എന്താണോ, നിങ്ങളുടെ സത്ത എന്താണോ അതിനെ സ്നേഹിക്കുക ചുട്ടുപഴുത്ത ഇരുമ്പിനെ പുണരുന്നതുപോലെയാണ്: നിങ്ങളിലേക്കത് എരിഞ്ഞുകേറും, അത് അത്യധികം വേദനാകരവുമാണ്. അതിനാൽ, മറ്റൊരാളെ സ്നേഹിക്കുക എന്നത് നാമെല്ലാം കൊതിക്കുന്ന ഒരൊളിച്ചോട്ടമാണ്, അതിനു കഴിഞ്ഞാൽ നമുക്കു സന്തോഷമാവുകയും ചെയ്യും. എന്നാൽ കാലം പോകെ അതു തിരിച്ചുവരികതന്നെ ചെയ്യും. എന്നെന്നേക്കുമായി തന്നിൽ നിന്നകന്നു കഴിയാൻ നിങ്ങൾക്കാവില്ല, നിങ്ങൾക്കു മടങ്ങിത്തന്നെയാവണം, ആ പരീക്ഷയ്ക്കു വിധേയനാവണം; എന്നാൽ മാത്രമേ തനിക്ക് യഥാർത്ഥത്തിൽ സ്നേഹിക്കാൻ കഴിയുമോയെന്ന് നിങ്ങൾ അറിയുകയുള്ളു. അതാണ് ചോദ്യം: നിങ്ങൾക്ക് സ്വയം സ്നേഹിക്കാൻ കഴിയുമോ? അതാണ് പരീക്ഷയും.
(നീച്ചയുടെ സരതുഷ്ട്ര)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ