മരണമെത്തുമ്പോൾ
മരണമെത്തുമ്പോൾ,
ശരല്ക്കാലത്തെ വിശന്ന കരടിയെപ്പോലെ
മരണമെത്തുമ്പോൾ,
എന്നെ വിലയ്ക്കു വാങ്ങാനവൻ മടിശ്ശീലയിലെ വെള്ളിനാണയങ്ങൾ
എണ്ണിയെടുക്കുമ്പോൾ,
പിന്നെയവൻ മടിശ്ശീല മുറുക്കിക്കെട്ടുമ്പോൾ,
പൊങ്ങൻ പനിപോലെ
മരണമെത്തുമ്പോൾ,
തോൾപ്പലകകൾക്കിടയിലൊരു മഞ്ഞുമല പോലെ
മരണമെത്തുമ്പോൾ,
എനിക്കു മോഹം,
കൗതുകത്തോടെ വാതിലിനു പുറത്തേക്കിറങ്ങാൻ,
എനിക്കറിയണം,
അതെന്തുമാതിരിയുണ്ടാവും,
ഇരുട്ടു നിറഞ്ഞ ആ കുടിൽ?
അതിനാലത്രേ, എന്തിനേയും ഞാൻ കാണുന്നു,
ഒരു സഹോദരബന്ധമായി, ഒരു സഹോദരീബന്ധമായി,
മരണത്തെ ഞാനൊരാശയം മാത്രമായി കാണുന്നു,
നിത്യതയെ മറ്റൊരു സാദ്ധ്യതയായും,
ഓരോ ജീവനേയും ഞാനൊരു പൂവായി കാണുന്നു,
ഒരു വയല്പൂവു പോലെ നിത്യസാധാരണം, അത്രയും അനന്യവും,
ഏതു പേരും ചുണ്ടിലൊരു ഹൃദ്യസംഗീതമായും
സംഗീതമേതും പോലെ മൗനത്തിലേക്കടുക്കുന്നതായും,
ഏതുടലിനേയും ഒരു ധീരസിംഹമായും,
ഭൂമിയ്ക്കു പ്രിയപ്പെട്ടതായും.
ഒക്കെക്കഴിഞ്ഞാൽ എനിക്കു പറയണം,
വിസ്മയത്തെ പരിണയിച്ച വധുവായിരുന്നു
ജീവിതത്തിലെന്നും ഞാനെന്ന്,
ലോകത്തെ കൈകളിലെടുത്ത വരനായിരുന്നുവെന്ന്.
ഒക്കെക്കഴിഞ്ഞാൽ എനിക്കാലോചിക്കണമെന്നില്ല,
യഥാർത്ഥവും വിശേഷിച്ചെന്തെങ്കിലുമാക്കിയിരുന്നോ
ജീവിതത്തെ ഞാനെന്ന്.
എനിക്കെന്നെ കാണേണ്ട,
നെടുവീർപ്പിടുന്ന കാതരയായി, വാദിക്കാൻ നില്ക്കുന്നവളായി.
എനിക്കൊടുങ്ങുകയും വേണ്ട,
ഈ ലോകമൊന്നു ചുറ്റിയടിക്കാൻ വന്നവളായി.
*
ഇലകൊഴിയും കാലത്തിനൊരു ഗാനം
----------------------------------------
നിങ്ങൾ ഭാവന ചെയ്യാറില്ലേ, വായുവിന്റെ ശൂന്യതയ്ക്കും കാറ്റിന്റെ നിലയ്ക്കാത്ത കുത്തൊഴുക്കുകൾക്കും പകരം മണ്ണിൽ തൊട്ടുകിടക്കുകയാണു സുഖകരമെന്നിലകൾ സ്വപ്നം കാണുകയാണിപ്പോഴെന്ന്?
നിങ്ങൾ ചിന്തിക്കാറില്ലേ, മരങ്ങൾ, കോടരങ്ങളിൽ പായലു മൂടിയവ വിശേഷിച്ചും, തങ്ങളുടെ ഉടലിനുള്ളിലുറങ്ങാൻ കിളികളെ, ആറും പന്ത്രണ്ടുമായി, കാത്തിരുന്നുതുടങ്ങുകയാണിപ്പോഴെന്ന്?
നിങ്ങൾ കേൾക്കുന്നില്ലേ, വിട മന്ത്രിക്കുന്ന ഗോൾഡൻറോഡുകളെ, പുതുമഞ്ഞിന്റെ തലപ്പൂവു വച്ച ചിരഞ്ജീവികളെ?
ചിറയുറയുന്നു, പാടത്തിന്റെ വെണ്മയിൽ പാഞ്ഞുപോകുന്ന കുറുനരിയുടെ നീലിച്ച നിഴൽ നീളുന്നു. കാറ്റതിന്റെ നിരവധിയായ വാലുകളാട്ടുന്നു. സന്ധ്യയ്ക്കു വിറകിന്റെ കൂമ്പാരമൊന്നിളകുന്നു, അതിന്റെ വഴിയ്ക്കു പോകാനുള്ള അഭിലാഷത്തോടെ.
*
കാട്ടുവാത്തുകൾ
നിങ്ങൾ നല്ലവരാകണമെന്നില്ല.
പ്രായശ്ചിത്തമായി മരുഭൂമികളിലൂടൊരു നൂറു മൈൽ
മുട്ടിലിഴയണമെന്നില്ല.
നിങ്ങളുടെയുടലെന്ന പതുപതുത്ത ജീവിയെ
അതിനിഷ്ടമുള്ളതിനെ സ്നേഹിക്കാനനുവദിച്ചാൽ മതി.
നിങ്ങളുടെ നൈരാശ്യത്തെക്കുറിച്ചെന്നോടു പറയൂ,
എന്റെ നൈരാശ്യത്തെക്കുറിച്ചു ഞാനും പറയാം.
ഇതിനിടയിലതിന്റെ വഴിക്കു പോകുന്നുണ്ട് ലോകം.
ഇതിനിടയിൽ സൂര്യനും വെള്ളാരങ്കല്ലുകൾ പോലത്തെ മഴയും
നീങ്ങിനീങ്ങിപ്പോവുകയാണ്
പലപല ഭൂഭാഗങ്ങളിലൂടെ,
പുല്പരപ്പുകൾക്കും അഗാധവൃക്ഷങ്ങൾക്കും
മലകൾക്കും പുഴകൾക്കും മുകളിലൂടെ.
ഇതിനിടയിൽ കാട്ടുവാത്തുകൾ ചേക്കകളിലേക്കു മടങ്ങുകയാണ്,
ഉയരത്തിൽ, തെളിഞ്ഞ നീലവാനത്തിലൂടെ.
നിങ്ങളാരുമായിക്കോട്ടെ, എത്രയേകാകികളുമായിക്കോട്ടെ,
ലോകം നിങ്ങളുടെ ഭാവനയ്ക്കു സ്വയം സമർപ്പിക്കുന്നു,
കാട്ടുവാത്തുകളെപ്പോലെ നിങ്ങളെ വിളിക്കുന്നു,
കാറിയ ഒച്ചയിൽ, ഉത്സാഹത്തോടെ-
കാര്യങ്ങളുടെ കുടുംബത്തിൽ
നിങ്ങളുടെയിടമിന്നതാണെന്നു വിളിച്ചുപറയുകയാണവ,
പിന്നെയും പിന്നെയും.
*
അത്യാശയ്ക്കുമപ്പുറത്തൊരിടമുണ്ട്
---------------------------------
ഇനിയെന്തു പറയണമെന്ന്
പുല്ലാങ്കുഴൽ വായിക്കുന്നവർക്കറിയാതാകുമ്പോൾ
അവർ പുല്ലാങ്കുഴലുകൾ താഴെ വയ്ക്കും,
പിന്നെ തങ്ങളെത്തന്നെ താഴെക്കിടത്തും,
എന്നിട്ടവർ കാതോർക്കും,
പുഴക്കരയിൽ.
ചിലർ അല്പനേരം കഴിഞ്ഞാൽ
ചാടിയെഴുന്നേല്ക്കും,
തിരക്കു പിടിച്ച നഗരത്തിൽ മറഞ്ഞുപോകും.
എന്നാൽ ശേഷിച്ചവർ-
അത്രയും ശാന്തരായവർ,
ചിന്തപോലുമില്ലാത്തവർ-
അവരിപ്പോഴും അവിടെയുണ്ട്,
ഇപ്പോഴും കാതോർത്തുകൊണ്ട്.
*
തീന്മേശയിലെ തേൻ
-----------------------
കാണാതെയായ പൂക്കളുടെ നേർത്ത സത്തായി
അതു നിങ്ങളുടെയുള്ളിൽ നിറയുന്നു,
മുടിയിഴ പോലെ നേർത്തതൊലിക്കുമ്പോൾ
നിങ്ങളതിന്റെ പിന്നാലെ പോകുന്നു,
തേൻഭരണിയിൽ നിന്നു മേശയ്ക്കു മുകളിലൂടെ
വാതിൽ വഴി പറമ്പിലൂടൊഴുകുമ്പോൾ
അതു കൊഴുക്കുന്നു, ആഴവും വന്യതയുമതിനേറുന്നു,
പൈന്മരച്ചില്ലകളും വെള്ളമിറ്റുന്ന പാറക്കെട്ടുകളും
അതിനിരുവശവും നിരക്കുന്നു,
കാട്ടുപൂച്ചയുടേയും കരടിയുടേയും പാദമുദ്രകളും;
ഒടുവിൽ വനഹൃദയത്തിലേതോ മരത്തിൽ
നിങ്ങൾ പൊത്തിപ്പിടിച്ചുകയറുന്നു,
നിങ്ങളതിന്റെ തൊലിയുരിക്കുന്നു,
ഇറ്റുന്ന തേനറകളിലേക്കിറങ്ങി നിങ്ങളതകത്താക്കുന്നു,
മരത്തിന്റെ ശകലങ്ങൾ, ചതഞ്ഞ തേനീച്ചകൾ,
നഷ്ടമായതെല്ലാം ചേർന്നൊരു സ്വാദ്-
നഷ്ടമായതെല്ലാമതിൽ നിങ്ങൾ കണ്ടെത്തുകയും ചെയ്യുന്നു.
1 അഭിപ്രായം:
നന്നായി എഴുതിയിരിക്കുന്നു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ