പിന്നതു പുഴയുടെ കൈവഴിയിലേക്കു ചാലുകളായൊഴുകി;
ആകാശത്തു നിന്നു തൂങ്ങിക്കിടന്ന വെളുത്ത ചുണ്ടുകൾ
കല്ലിന്റെ മുലക്കണ്ണുകൾ വലിച്ചുകുടിച്ചുകൊണ്ടേയിരുന്നു.
മാനത്തിനു മനം തെളിഞ്ഞപ്പോൾ കണ്ണുകൾ തെളിഞ്ഞു:
തളർന്നു വിയർത്തിറ്റുന്ന, മുടി പാറിയൊരു തെളിപ്പുകാരൻ
കവിടിത്തിളക്കമുള്ള കടലിലേക്കാട്ടിത്തെളിക്കുകയാണ്,
ഇരട്ടപ്പൂഞ്ഞുള്ള മടി പിടിച്ചൊരൊട്ടകത്തെ, നേവയെ.
(1913)
എക്സ്പ്രഷനിസ്റ്റ് രൂപകങ്ങൾ കൊണ്ടു സമൃദ്ധമായ ഒരാദ്യകാലകവിത. മഴക്കാലത്തെ നഗരാകാശത്തെ മനുഷ്യമുഖമായും അതിന്റെ ചുണ്ടുകൾ ഊറ്റിക്കുടിക്കുന്ന മുലക്കണ്ണുകളായി പള്ളികളുടെ കുംഭഗോപുരങ്ങളെയും ചിത്രീകരിക്കുന്നു. താലം പോലെ തിളങ്ങുന്ന ബാൾട്ടിക്ക് കടലിലേക്ക് തുരുത്തുകൾക്കിടയിലൂടൊഴുകുന്ന നേവ ഇരട്ടപ്പൂഞ്ഞുള്ള ഒരു ബാക്ട്രിയൻ ഒട്ടകവുമാണ്.
1912ലാണ് മയക്കോവ്സ്കി സെയിന്റ് പീറ്റേഴ്സ്ബർഗ്ഗിൽ എത്തുന്നത്. അവിടെ വച്ചാണ് അദ്ദേഹം മാക്സിം ഗോർക്കി, അന്ന ആഹ്മാത്തോവ, അവരുടെ ഭർത്താവ് ഗുമില്യോവ് തുടങ്ങിയവരെ പരിചയപ്പെടുന്നത്. തന്റെ ആദ്യനാടകമായ ‘വ്ലദിമിർ മയക്കോവ്സ്കി’ എന്ന നാടകം ആദ്യമായി അവതരിപ്പിക്കുന്നതും ഇവിടെയാണ്. 1913ൽ സെയിന്റ് പീറ്റേഴ്സ്ബർഗ്ഗിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു വീട്ടിൽ വച്ചാണ് മയക്കോവ്സ്കി തന്റെ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ച ലില്യ ബ്രിക്കിനെ ആദ്യമായി കാണുന്നതും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ