അൽബേർ കമ്യു ആദ്യമായി ഒരു ഡയറിക്കുറിപ്പെഴുതുന്നത് 1935 മേയിൽ ആണ്; അന്നദ്ദേഹത്തിന് 22 വയസ്സായിരുന്നു. അന്നു തുടങ്ങിയ ഡയറിയെഴുത്ത് 1960ൽ മരിക്കുന്നതു വരെ തുടർന്നു. സാധാരണ സ്കൂൾ നോട്ടുബുക്കുകളിൽ എഴുതിയിട്ടുള്ള ഈ ഡയറികളിൽ വ്യക്തിജീവിതത്തെക്കുറിച്ചുള്ള പരാമർശങ്ങൾ വളരെ കുറവാണ്. ദാർശനികാശയങ്ങൾ, വിവരണങ്ങൾ, വീട്ടിലോ തെരുവുകളിലോ വച്ചു കേൾക്കുന്ന സംഭാഷണശകലങ്ങൾ, വായിച്ച പുസ്തകങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ഇവയൊക്കെ സൂക്ഷിച്ചുവയ്ക്കാനുള്ള ഒരു വലിപ്പു പോലെയാണ് അദ്ദേഹം ഈ ഡയറികൾ ഉപയോഗപ്പെടുത്തിയിട്ടുള്ളത്. ചില ഡയറിക്കുറിപ്പുകൾ അതേ പോലെയോ രൂപഭേദം വന്നിട്ടോ പുസ്തകങ്ങളിലേക്കു നേരിട്ടു കടക്കുന്നുമുണ്ട്.
നോട്ടുബുക്ക് 1- മേയ് 1935- സെപ്തംബർ 1937
അനുഭവം എന്ന വാക്കിന്റെ പൊള്ളത്തരം. പരീക്ഷണങ്ങളിലൂടെ അനുഭവം ആർജ്ജിക്കാൻ നിങ്ങൾക്കു കഴിയില്ല. അനുഭവം നിങ്ങൾക്കു സൃഷ്ടിച്ചെടുക്കാൻ പറ്റില്ല. നിങ്ങൾ അതിലൂടെ കടന്നുപോകണം.
*
കൊടുങ്കാറ്റു വീശുന്ന ആഗസ്റ്റുമാസത്തിലെ ആകാശം. ഇടയ്ക്കിടെ പൊള്ളുന്ന കാറ്റ്. കറുത്ത മേഘങ്ങൾ. എന്നാൽ അങ്ങു കിഴക്ക് നീലാകാശം തെളിഞ്ഞ, നേർത്ത നാട പോലെ. അതിനെ കണ്ണെടുത്തു നോക്കാൻ കഴിയുന്നില്ല. അതിന്റെ സാന്നിദ്ധ്യം കണ്ണുകൾക്കും ആത്മാവിനും ഒരു പീഡനമാകുന്നു; എന്തെന്നാൽ സൗന്ദര്യം ദുസ്സഹമാണ്, നമ്മെയത് നൈരാശ്യത്തിലാഴ്ത്തുന്നു, എക്കാലവും നീണ്ടുനില്ക്കണമെന്നു നാമാഗ്രഹിക്കുന്ന നിത്യതയുടെ ഒരു നിമിഷദർശനമേ നമുക്കതു നല്കുന്നുള്ളു.
*
എന്റെ ചെറുപ്പത്തിൽ ആളുകളിൽ നിന്ന് അവർക്കു നല്കാൻ കഴിയുന്നതിലധികം ഞാൻ പ്രതീക്ഷിച്ചിരുന്നു- നിരന്തരസൗഹൃദം, നിത്യവൈകാരികത.
ഇന്ന് അവർക്കു നല്കാൻ കഴിയുന്നതിൽ നിന്നു കുറവു പ്രതീക്ഷിക്കാൻ ഞാൻ പഠിച്ചു കഴിഞ്ഞിരിക്കുന്നു- ഒരു നിശ്ശബ്ദമായ ചങ്ങാത്തം. അങ്ങനെ അവരുടെ വികാരങ്ങളും അവരുടെ സൗഹൃദവും കുലീനമായ പെരുമാറ്റവും എന്റെ കണ്ണുകളിൽ അവയുടെ അത്ഭുതകരമായ മൂല്യം നഷ്ടപ്പെടാതെ നില്ക്കുന്നു.
*
യാത്രയ്ക്ക് മൂല്യം നല്കുന്നത് ഭീതിയാണ്. ഒരു പ്രത്യേകമുഹൂർത്തത്തിൽ, സ്വദേശത്തു നിന്നു നാം വളരെയകലെയെത്തുമ്പോൾ, അവ്യക്തമായ ഒരു ഭയം നമ്മെ പിടികൂടുന്നു, പരിചയിച്ച ശീലങ്ങളുടെ സുരക്ഷിതത്വത്തിലേക്കു മടങ്ങിപ്പോകാൻ ഒരാഗ്രഹം നമ്മെ തിടുക്കപ്പെടുത്തുന്നു. യാത്ര കൊണ്ടുള്ള ഏറ്റവും പ്രകടമായ ഗുണം ഇതാണ്. ആ മുഹൂർത്തത്തിൽ അത്ര പൊള്ളുന്ന പോലെ പനിയ്ക്കുകയാണു നാമെങ്കിലും എന്തും സ്വീകരിക്കാണുള്ള അവസ്ഥയിലുമാണ്. ഏറ്റവും ചെറിയ ഒരു സ്പർശം പോലും ആത്മാവിന്റെ കടയോളം നമ്മെ വിറപ്പിക്കുന്നു. വെളിച്ചത്തിന്റെ പെരുവെള്ളച്ചാട്ടത്തിലേക്കു നാമെത്തുന്നു, അതു നമുക്കു നിത്യതയുമാകുന്നു. അതുകൊണ്ടാണ് യാത്ര ചെയ്യുന്നത് സുഖത്തിനല്ല എന്നു പറയുന്നത്. യാത്ര ചെയ്യുന്നതിൽ ഒരാനന്ദവുമില്ല; ആത്മീയമായ ഒരു പരീക്ഷണമായിട്ടാണ് ഞാനതിനെ കാണുന്നത്. സംസ്കാരം എന്നതുകൊണ്ട് നാം ഉദ്ദേശിക്കുന്നത് നമ്മുടെ ഏറ്റവും സ്വകാര്യമായ ഇന്ദ്രിയത്തിന്റെ- നിത്യതയുടെ- പ്രയോഗമാണെങ്കിൽ നാം യാത്ര ചെയ്യുന്നത് സംസ്കാരത്തിനു വേണ്ടിയാണ്. സുഖം നമ്മെ അശ്രദ്ധ പോലെതന്നെ നമ്മിൽ നിന്നുതന്നെ അകലെക്കൊണ്ടുപോകുന്നു; പാസ്കലിന്റെ വാക്കുകളിൽ ദൈവത്തിൽ നിന്ന്. യാത്ര നമ്മെ നമ്മിലേക്കു മടക്കിക്കൊണ്ടുവരുന്നു...
*
എല്ലം തുറന്നുപറയാൻ പ്രായക്കൂടുതലുള്ള ഒരു സ്നേഹിതനെ കാണാൻ നിങ്ങൾ പോവുകയാണ്. അല്ലെങ്കിൽ നിങ്ങളെ ശ്വാസം മുട്ടിക്കുന്ന ചിലതെങ്കിലും. പക്ഷേ അയാൾ തിരക്കിലാണ്. നിങ്ങൾ സകലതും പറയുന്നു, അഥവാ ഒന്നും തന്നെ പറയുന്നില്ല. പറയാനുള്ള സമയം കഴിഞ്ഞിരിക്കുന്നു. ഞാനിതാ, പണ്ടത്തേക്കാൾ ഏകാകിയും ഒഴിഞ്ഞതുമായി മാറുന്നു. എന്റെ സാന്നിദ്ധ്യത്തിൽ ഒരു സ്നേഹിതന്റെ വായിൽ നിന്നു വീഴുന്ന അശ്രദ്ധമായ ഒരു വാക്ക് ഞാൻ പടുത്തുയർത്താൻ നോക്കുന്ന ഈ ദുർബലമായ ജ്ഞാനത്തെ എങ്ങനെ നശിപ്പിക്കുന്നില്ല! Non ridere, non lugere.*..എന്നെക്കുറിച്ചും അന്യരെക്കുറിച്ചും സംശയങ്ങൾ.
(Non ridere, non lugere, neque detestari, sed intelligere...മനുഷ്യരുടെ പ്രവൃത്തികളെ കളിയാക്കാനോ സഹതാപത്തോടെ കാണാനോ അവയെ പഴിക്കാനോ അല്ല, എന്തുകൊണ്ടാണവർ അങ്ങനെ ചെയ്യുന്നതെന്നു മനസ്സിലാക്കാനാണു താൻ ശ്രമിക്കുക എന്നർത്ഥം വരുന്ന സ്പിനോസയുടെ ഒരു വാചകം.)
മാർച്ച്
വെയിലും മേഘങ്ങളും നിറഞ്ഞ പകൽ. മഞ്ഞ പുള്ളി കുത്തിയ തണുപ്പ്. ഓരോ ദിവസത്തെയും കാലാവസ്ഥയ്ക്കായി ഞാനൊരു ഡയറി വയ്ക്കണം. ഇന്നലത്തെ സുന്ദരമായ, തെളിഞ്ഞ വെയിൽ. നനവാർന്ന ചുണ്ടു പോലെ വെളിച്ചത്തിൽ വിറ കൊള്ളുന്ന ഉൾക്കടൽ. പകലു മുഴുവൻ ഞാൻ പണിയെടുക്കുകയും ചെയ്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ