2023, സെപ്റ്റംബർ 10, ഞായറാഴ്‌ച

റാൽഫ് വാൽഡോ എമേഴ്സൺ- സ്വാശ്രയത്വം

 മനുഷ്യൻ ഭീരുവാണ്‌; ക്ഷമ ചോദിക്കുന്ന മട്ടിലാണ്‌ അവന്റെ നില്പ്; അവനിപ്പോൾ നിവർന്നുനില്ക്കാൻ കഴിയുന്നില്ല. “ഞാൻ ചിന്തിക്കുന്നു,” “ഞാൻ ഞാനാണ്‌” എന്നു പറയാൻ ധൈര്യം കാണിക്കുന്നതിനു പകരം ഏതെങ്കിലും വിശുദ്ധനോ ജ്ഞാനിയോ പറഞ്ഞത് ആവർത്തിക്കുകയാണ്‌ അവൻ ചെയ്യുന്നത്. ഒരു പുല്ക്കൊടിക്കു മുന്നിൽ, കാറ്റത്തുലയുന്ന ഒരു റോസാപ്പൂവിനു മുന്നിൽ അവനു നാണക്കേടു തോന്നുന്നു. എന്റെ ജനാലയ്ക്കു തൊട്ടു താഴെയുള്ള ഈ റോസാപ്പൂക്കൾ മുമ്പുണ്ടായിരുന്ന പൂക്കളെക്കുറിച്ചോ കൂടുതൽ സുന്ദരമായവയെക്കുറിച്ചോ ഒരു പരാമർശവും നടത്തുന്നില്ല; തങ്ങൾ എന്താണോ, അതാണവ. ഇന്നത്തെ ദൈവത്തിനൊപ്പമാണ്‌ അവയുടെ അസ്തിത്വം. അവയ്ക്ക് കാലം എന്നതില്ല. റോസാപ്പൂവു മാത്രം; സ്വന്തം അസ്തിത്വത്തിന്റെ ഓരോ നിമിഷത്തിലും പരിപൂർണ്ണമാണത്. ഒരു മൊട്ട് വിടരും മുമ്പേ അതിന്റെ പൂർണ്ണജീവിതത്തിനു തുടക്കമായിക്കഴിഞ്ഞു; വിടർന്ന പൂവിൽ കൂടുതലൊന്നുമില്ല; ഇലയില്ലാത്ത വേരിൽ കുറവുമില്ല. തൃപ്തമാണ്‌ അതിന്റെ പ്രകൃതി; എല്ലാ നിമിഷങ്ങളിലുമൊരേപോലെ അത് പ്രകൃതിയെ തൃപ്തിപ്പെടുത്തുകയും ചെയ്യുന്നു. എന്നാൽ മനുഷ്യനാകട്ടെ, മാറ്റിവയ്ക്കുകയോ ഓർമ്മിക്കുകയോ ആണ്‌ ചെയ്യുക; അവൻ വർത്തമാനകാലത്തിൽ ജീവിക്കുന്നില്ല; പകരം, ‘കണ്ണേ, മടങ്ങുക,’ എന്നും പറഞ്ഞ് പോയ കാലത്തെച്ചൊല്ലി വിലപിക്കുകയാണ്‌; അല്ലെങ്കിൽ, തനിക്കു ചുറ്റുമുള്ള സമൃദ്ധിയെ കണ്ട മട്ടില്ലാതെ പെരുവിരലൂന്നി നിന്ന് ഭാവികാലത്തെ മുൻകൂട്ടി കാണാൻ നോക്കുകയാണ്‌. വർത്തമാനകാലത്തിൽ, കാലത്തിനുപരിയായി പ്രകൃതിക്കൊത്തു ജീവിച്ചാലല്ലാതെ അവൻ സന്തുഷ്ടനോ ബലവാനോ ആകാൻ പോകുന്നില്ല. 



അഭിപ്രായങ്ങളൊന്നുമില്ല: