2023, സെപ്റ്റംബർ 28, വ്യാഴാഴ്‌ച

മരീന സ്വെറ്റയേവ

 ഏകാകിനിയായി അവൾ മരിയ്ക്കും, എന്തെന്നാൽ ഒരു നായയെ സ്നേഹിക്കാൻ അനുവദിക്കുന്നതല്ല അവളുടെ അഭിമാനം, ഒരു കുട്ടിയെ ദത്തെടുക്കാനാവാത്തത്രയാണ്‌ അവളുടെ ഓർമ്മകൾ. അവൾക്കു വേണ്ട, ജന്തുക്കളും അനാഥക്കുട്ടികളും പങ്കാളി പോലും. വില കൊടുത്തു വാങ്ങിയ ഊഷ്മളത അവൾക്കു വേണ്ട, കടം വാങ്ങിയ പുഞ്ചിരികളും വേണ്ട. ചോര കുടിക്കുന്ന യക്ഷിയാവാനോ ഒരു മുത്തശ്ശിയാവാനോ അവളില്ല. അന്യരുടെ യൗവ്വനത്തിന്റെ വിരുന്നിൽ ദരിദ്രയായ ബന്ധുവായി കയറിച്ചെല്ലാൻ അവൾക്കു വയ്യ. സൗഹൃദമോ ബഹുമാനമോ നന്മയെന്ന മറ്റേ പാതാളമോ- സ്നേഹത്തിനു പകരമല്ല അവൾക്കിതൊന്നും. പോയ വർഷത്തിന്റെ ആനന്ദം പൊള്ളലേല്പിച്ച ആ കറുത്ത വടു അവൾ വിട്ടുകൊടുക്കില്ല.

(ആമസോണിനൊരു കത്ത്)


എന്നെക്കുറിച്ച്. എല്ലാവരും എന്നെ ധൈര്യവതിയായി കരുതുന്നു. എന്നെക്കാൾ ഭീരുവായ മറ്റൊരാളെ എനിക്കറിയില്ല. എനിക്കു പേടിയാണെല്ലാം: കണ്ണുകളെ, ഇരുട്ടിനെ, പടവുകളെ, അതിലൊക്കെയേറെ,  നോട്ടുബുക്കുകളിൽ അത്ര വിശ്വസ്തതയോടെ എന്നെ സേവിക്കുമ്പോൾത്തന്നെ എന്റെ ജീവിതം നശിപ്പിച്ച എന്റെ തലയെ. ആരും കാണുന്നില്ല - ആർക്കും അറിയുകയില്ല- ഒരു കൊല്ലമായി...കണ്ണുകൾ കൊണ്ട് ഞാൻ തേടുകയായിരുന്നു ഒരു കൊളുത്തെന്ന്; എന്നാൽ ഒന്നും കാണാനില്ല. ഒരു കൊല്ലമായി മരിക്കാനുള്ള മാർഗ്ഗങ്ങൾ തേടുകയായിരുന്നു ഞാൻ. എന്നാൽ എല്ലാം വികൃതവും പേടിപ്പെടുത്തുന്നതുമാണ്‌. വിഴുങ്ങുക- അതറപ്പുണ്ടാക്കുന്നതാണ്‌; ചാടുക- എനിക്കു വിരുദ്ധമാണത്; വെള്ളത്തിനോടുള്ള ആദിമജുഗുപ്സ. പേടിപ്പെടുത്താൻ എനിക്കാഗ്രഹമില്ല (മരണശേഷം); എനിക്കെന്നെത്തന്നെ (മരണശേഷം) പേടിയാണെന്നു തോന്നുന്നു. എനിക്കു മരിക്കേണ്ട. എനിക്കില്ലാതാകേണ്ട. അസംബന്ധം. എന്നെ വേണ്ടിടത്തോളം...എന്നാൽ ദൈവമേ, എത്ര ചെറുതാണ്‌ ഞാൻ, എന്തെങ്കിലുമൊന്നു ചെയ്യാൻ എത്ര കഴിവില്ലാത്തവളാണു ഞാൻ. ജീവിച്ചുപോവുക-, ചവച്ചുകൊണ്ടിരിക്കുക. കയ്പും ചവച്ചുകൊണ്ടിരിക്കുക. എത്ര വരികൾ എനിക്കു നഷ്ടപ്പെട്ടുകഴിഞ്ഞു! ഞാനൊന്നും എഴുതിവയ്ക്കുന്നില്ല. അതൊക്കെക്കഴിഞ്ഞു.

(മരീന സ്വെറ്റായെവ 1940ൽ ഡയറിയിൽ എഴുതിയത്. 1941 ആഗസ്റ്റ് 31ന്‌ താൻ തേടിനടന്ന കൊളുത്ത് സ്വെറ്റായെവ തന്റെ വാടകമുറിയിൽ കണ്ടെത്തി.)

അഭിപ്രായങ്ങളൊന്നുമില്ല: