2023, സെപ്റ്റംബർ 8, വെള്ളിയാഴ്‌ച

ഹൂലിയോ കൊർത്താസർ - കവിതകൾ

നല്ല കുട്ടി



ഷൂസുകളൂരിമാറ്റാനും കാലടികളിൽ നഗരത്തിന്റെ ദംശനമറിയാനും ഞാനൊരുകാലത്തും പഠിക്കില്ല,
പാലങ്ങൾക്കടിയിൽ ഞാൻ കുടിച്ചു ബോധം കെട്ടു കിടക്കില്ല, ശൈലിയിൽ ഞാൻ പിശകു വരുത്തുകയുമില്ല.
ഇസ്തിരിയിട്ട ഷർട്ടുകളുടെ ഈ ഭാഗധേയം ഞാൻ കൈക്കൊള്ളുന്നു,
സിനിമാതിയേറ്ററിൽ ഞാൻ സമയത്തിനുതന്നെ എത്തുന്നു, പ്രായമായ സ്ത്രീകൾക്കായി ഞാനെന്റെ സീറ്റൊഴിഞ്ഞുകൊടുക്കുന്നു.
ഇന്ദ്രിയങ്ങൾക്കേറെനേരം താളം തെറ്റിയാൽ എനിക്കു മനം പുരട്ടും,
ടൂത്ത്പേസ്റ്റും ടൗവ്വലുകളുമെനിക്കിഷ്ടം. എനിക്കെടുക്കാനില്ലാത്തതായി ഒരു വാക്സിനുമില്ല.
ഈ കാമുകനെ ഒന്നു നോക്കൂ,
പോലീസുകാരുടേയും ആയമാരുടേയും ധാർമ്മികരോഷം കൊള്ളുന്ന കണ്ണുകൾക്കു മുന്നിൽ
ജലധാരയിലേക്കെടുത്തുചാടാനും ഒരു ചുവന്ന കുഞ്ഞുമീനിനെ നിനക്കു പിടിച്ചുതരാനും കഴിയാത്ത
ഈ ചുണകെട്ട കാമുകനെ.
*

വിരുന്നിനു ശേഷം



എല്ലാവരും പോയിക്കഴിഞ്ഞപ്പോൾ,
ഒഴിഞ്ഞ ഗ്ലാസ്സുകൾക്കും അഴുക്കായ ആഷ്ട്രേകൾക്കുമിടയിൽ
നാമിരുപേർ മാത്രമായപ്പോൾ,

ഒരു മരുപ്പച്ച പോലെ നീയവിടെയുണ്ടെന്നറിയുന്നത്,
രാത്രിയുടെ വിളുമ്പിൽ ഞാനൊരുമിച്ചൊറ്റയ്ക്കുണ്ടെന്നറിയുന്നത്,
അതെത്ര ചേതോഹരമായിരുന്നു,
നീ നിതാന്തയായിരുന്നു, കാലത്തിലുമതീതയായിരുന്നു,

വിട്ടുപോകാത്തവൾ നീയൊരാൾ മാത്രമായിരുന്നു,
എന്തെന്നാൽ,
ഒരു തലയിണ,
ഒരൂഷ്മളത,
നമ്മെ മാടിവിളിക്കാൻ തുടങ്ങുകയായിരുന്നു,
പുതിയൊരു ദിവസത്തിലേക്കുണരാൻ,
ഒരുമിച്ച്, ചിരിച്ചുകൊണ്ട്, അലങ്കോലമായി.
*

ഭാവി


നീയവിടെയുണ്ടാവില്ലെന്നെത്രയും നന്നായിട്ടെനിക്കറിയാം.
തെരുവിൽ നീയുണ്ടാവില്ല,
രാത്രിയിൽ ഗ്യാസുവിളക്കുകളുടെ ഇരമ്പത്തിൽ നീയുണ്ടാവില്ല,
മെനു നോക്കി ഒരു വിഭവം തിരഞ്ഞെടുക്കുന്ന ചേഷ്ടയിൽ,
സബ്‌വേയിലടുങ്ങിനില്ക്കുന്നവരുടെ പിരിമുറുക്കമയയ്ക്കുന്ന പുഞ്ചിരിയിൽ,
കടം വാങ്ങിയ പുസ്തകങ്ങളിൽ,
നാളെക്കാണാമെന്ന പിരിയലിലും നീയുണ്ടാവില്ല.

എന്റെ സ്വപ്നങ്ങളിൽ നീയുണ്ടാവില്ല,
എന്റെ വാക്കുകളുടെ ആദ്യലാക്കിൽ,
ഒരു ഫോൺ നമ്പരിൽ,
ഒരു ജോഡി കയ്യുറകളുടെ, ഒരു ബ്ളൗസിന്റെ നിറത്തിലും നീയുണ്ടാവില്ല.
എനിക്കു ദേഷ്യം വരും, പ്രിയേ, നിന്നോടല്ലാതെ,
ഞാൻ ചോക്ക്ളേറ്റ് വാങ്ങും, നിനക്കായല്ലാതെ,
നീ വരാത്ത തെരുവുകോണിൽ ഞാൻ നില്ക്കും,
പറയുന്ന വാക്കുകൾ ഞാൻ പറയും,
കഴിക്കുന്ന കാര്യങ്ങൾ ഞാൻ കഴിക്കും,
സ്വപ്നം കാണുന്ന സ്വപ്നങ്ങൾ ഞാൻ കാണും,
നീയവിടെക്കാണില്ലെന്നെത്രയും നന്നായിട്ടെനിക്കറിയുകയും ചെയ്യാം,
ഇങ്ങിവിടെ, ഇപ്പോഴും ഞാൻ നിന്നെ പിടിച്ചുവച്ചിരിക്കുന്ന ഈ തടവറയിൽ,
അങ്ങവിടെ, തെരുവുകളുടേയും പാലങ്ങളുടേയും ആ പുഴയിലും നീയുണ്ടാവില്ല.
അവിടെ നീയുണ്ടാവുകയേയില്ല,
നീയൊരോർമ്മപോലുമാവില്ല,
നിന്നെക്കുറിച്ചു ചിന്തിക്കുമ്പോഴാകട്ടെ,
അവ്യക്തമായി നിന്നെയോർമ്മിച്ചെടുക്കാൻ ശ്രമിക്കുന്ന ഒരു ചിന്ത 
ചിന്തിക്കുകയായിരിക്കും ഞാൻ.
*

നീ കൂടെയില്ലാതെനിക്കു ജീവിക്കേണ്ടിവന്നാൽ...



നീ കൂടെയില്ലാതെനിക്കു ജീവിക്കേണ്ടിവന്നാൽ, കഠിനവും ക്രൂരവുമാകട്ടേയത്,
തണുത്തുപോയ സൂപ്പ്, പൊട്ടിപ്പോയ ചെരുപ്പുകൾ,
ഇനിയഥവാ, സമൃദ്ധിയുടെ നടുവിലാണെങ്കിൽ,
ഒരു ചുമയുടെ വരണ്ട ചില്ലയെന്നിൽ നിന്നു തെറിച്ചുചാടട്ടെ,
നിന്റെ പേരിനെ വികൃതമാക്കിയും അതിന്റെ സ്വരാക്ഷരങ്ങളിൽ നുര പറ്റിച്ചും.
വിരിപ്പുകളെന്റെ വിരലുകളിൽ പറ്റിപ്പിടിക്കട്ടെ, യാതൊന്നുമെനിക്കു സമാധാനം നല്കില്ലെന്നാവട്ടെ.
കൂടുതൽ നന്നായി നിന്നെ സ്നേഹിക്കാനിതുവഴി ഞാൻ പഠിക്കില്ലെങ്കിലും
സന്തോഷമില്ലാതാവുമ്പോൾ ഞാൻ പഠിച്ചുവെന്നു വരാം,
ഇടയ്ക്കെല്ലാമടുത്തുണ്ടായതുകൊണ്ടുമാത്രം നീയെനിക്കെന്തെല്ലാം തന്നിരുന്നുവെന്ന്.
ഇതെല്ലാമറിയാമെന്നാണെന്റെ വിചാരമെങ്കിലും ഞാനെന്നെത്തന്നെ കബളിപ്പിക്കുന്നു:
വാതിൽക്കട്ട്ളയിൽ മഞ്ഞു വീണുകിടന്നാലേ
ഇടനാഴിയിലഭയം തേടിയ വീടില്ലാത്തവനറിയൂ,
തീന്മുറിയിലെ വെട്ടവും പാൽവെളുപ്പായ മേശവിരികളും 
വാതിലിന്റെ വിള്ളലിലുടെ കൈ പായിക്കുന്ന മൊരിഞ്ഞ റൊട്ടിയുടെ മണവും.

ഒരു കണ്ണ്‌ മറ്റേക്കണ്ണിൽ നിന്നെന്നപോലത്രദൂരം നിന്നിൽ നിന്നകന്ന ഞാൻ
ഈയനുഭവിച്ച യാതനകളിൽ നിന്നുണ്ടാവട്ടെ,
ഒടുവിൽ നിന്നെയർഹിക്കുന്നൊരു നോട്ടം.
*

കൈരേഖകൾ



മേശപ്പുറത്തേക്കെറിഞ്ഞ ഒരു കത്തിൽ നിന്ന് ഒരു വരി പുറത്തുവന്ന് പൈൻപലകയിലൂടോടി ഒരു കാലിലൂടെ താഴേക്കു പിടിച്ചിറങ്ങുന്നു. കാണുന്നില്ലേ, ആ വരി പലക പാകിയ തറയിലൂടെ പോകുന്നു, ചുമരു കയറി ഒരു ബോഷർ പെയിന്റിങ്ങിന്റെ പ്രിന്റിലേക്കു കടക്കുന്നു, ഒരു ദിവാനിൽ ചരിഞ്ഞുകിടക്കുന്ന സ്ത്രീയുടെ ചുമലു വരയുന്നു, ഒടുവിൽ മേല്ക്കൂര വഴി മുറിക്കു പുറത്തുകടന്ന്, മാലമാലയായി നാട്ടിയ മിന്നൽ രക്ഷാക്കമ്പികളിലൂടെ പിടിച്ചിറങ്ങി തെരുവിലെത്തുകയും ചെയ്യുന്നു. വാഹനത്തിരക്കു കാരണം ഇവിടം മുതൽ അതിനെ പിന്തുടരുക കുറച്ചു വിഷമമാണെങ്കിലും ശരിക്കും ശ്രദ്ധിച്ചാൽ നിങ്ങൾക്കു കാണാൻ പറ്റിയെന്നുവരാം, ഒരു മൂലയ്ക്കു നിർത്തിയിട്ടിരുന്ന ബസ്സിന്റെ ചക്രത്തിൽ അതു പറ്റിപ്പിടിച്ചുകയറുന്നത്; അതതിനെ കപ്പൽത്തുറ വരെ എത്തിക്കുന്നു. ഏറ്റവും സുന്ദരിയായ യാത്രക്കാരിയുടെ തിളങ്ങുന്ന നൈലോൺ സ്റ്റോക്കിങ്ങ്സിലൂടെ അതവിടെ ഇറങ്ങുന്നു, കസ്റ്റംസ് ഓഫീസെന്ന ശത്രുദേശത്തേക്കു കടക്കുന്നു, ചാടിയും പുളഞ്ഞും വളഞ്ഞും തിരിഞ്ഞും ഏറ്റവും വലിയ ഡോക്കിലേക്കതെത്തുന്നു. അവിടെ നിന്നത് (പക്ഷേ കാണാൻ വിഷമമാ്, അത് കപ്പലിൽ കയറുന്നത് പിന്നാലെ ചെന്ന എലികളേ കാണുന്നുള്ളു) എഞ്ചിനുകൾ മുരളുന്ന കപ്പലിലേക്കു കയറുന്നു, ഒന്നാം ക്ലാസ് ഡെക്കിന്റെ മരപ്പലകകൾ താണ്ടി അരവാതിൽ ബദ്ധപ്പെട്ടു തള്ളിത്തുറക്കുന്നു, ഒരു ക്യാബിനിൽ കപ്പൽ വിടാനുള്ള ചൂളം വിളിയും കേട്ട് കൊഞ്ഞ്യാക് കുടിക്കുന്ന അസന്തുഷ്ടനായ ഒരാളുടെ ട്രൗസറിലൂടെ കയറി, ബനിയനും കടന്ന്, തിരിച്ചു കൈമുട്ടിലേക്കിറങ്ങി, അവസാനമായൊരു തള്ളലോടെ വലതുകൈപ്പടത്തിൽ അഭയം കണ്ടെത്തുന്നു; ആ കൈപ്പടം ഒരു റിവോൾവറിന്റെ പാത്തിയിൽ അമരാൻ തുടങ്ങുകയാണപ്പോൾ.

അഭിപ്രായങ്ങളൊന്നുമില്ല: