പരസ്പരം അപരിചിതരായ രണ്ടു പേർ (നാമെല്ലാം അങ്ങനെ തന്നെയാണല്ലോ) തങ്ങൾക്കിടയിലെ ചുമർ പെട്ടെന്നിടിഞ്ഞുവീഴാൻ അനുവദിക്കുകയും തങ്ങൾ തമ്മിലടുത്തുവെന്നും തങ്ങൾ ഒന്നാണെന്നുമുള്ള തോന്നലിലേക്കെത്തുകയും ചെയ്യുമ്പോൾ ആ ഒന്നാകലിന്റെ മുഹൂർത്തം ജീവിതത്തിലെ ഏറ്റവും ഉത്തേജകവും ആഹ്ളാദദായകവുമായ അനുഭവങ്ങളിൽ ഒന്നാവുകയാണ്. സ്വയം കൊട്ടിയടച്ചവരും ഒറ്റപ്പെട്ടവരും സ്നേഹമറിയാത്തവരുമാണവരെങ്കിൽ അത്രയ്ക്കത് ഒരു ദിവ്യാത്ഭുതം പോലെ അവർക്കനുഭവപ്പെടുകയും ചെയ്യും. ലൈംഗികാകർഷണവും അതിന്റെ പൂർത്തീകരണവും പലപ്പോഴും ആ ദിവ്യാത്ഭുതം നടക്കാൻ സൗകര്യം ചെയ്തുകൊടുക്കുന്നുമുണ്ട്, അതിനൊപ്പമായോ അല്ലെങ്കിൽ തുടക്കമായോ. പക്ഷേ ഈ തരം സ്നേഹം അതിന്റെ സ്വഭാവം കൊണ്ടു തന്നെ ശാശ്വതവുമല്ല. അടുത്തറിഞ്ഞു വരുമ്പോൾ അവരുടെ അടുപ്പത്തിന്റെ അത്ഭുതസ്വഭാവം കൂടുതൽ കൂടുതൽ നഷ്ടമാവുകയാണ്; ഒടുവിൽ അവർക്കിടയിലെ വൈരുദ്ധ്യങ്ങളും അവരുടെ ഇച്ഛാഭംഗങ്ങളും അന്യോന്യമുള്ള മടുപ്പും തുടക്കത്തിലെ ആവേശത്തിൽ നിന്നു ശേഷിച്ചതെന്തെങ്കിലുമുണ്ടെങ്കിൽ അതിനെ കൊന്നുകളയുകയും ചെയ്യുന്നു. എന്നാൽ തുടക്കത്തിൽ അവർക്കിതൊന്നും അറിവുണ്ടായിരുന്നില്ല. തങ്ങളുടെ ഭ്രമത്തിന്റെ തീവ്രത തങ്ങളുടെ സ്നേഹത്തിന്റെ തീവ്രതയ്ക്കു തെളിവായിട്ടാണ് അവർ എടുത്തത്; വാസ്തവത്തിലത് അവർക്കു തുടക്കത്തിൽ ഉണ്ടായിരുന്ന ഒറ്റപ്പെടലിന്റെ തീവ്രതയുടെ തെളിവു മാത്രമായിരുന്നു...
*
സ്നേഹം, പ്രാഥമികമായും, പ്രത്യേകിച്ചൊരു വ്യക്തിയുമായുള്ള ബന്ധമല്ല; അതൊരു മനോഭാവമാണ്, ഒരു സ്വഭാവവിന്യാസമാണ്; തന്റെ സ്നേഹത്തിനു പാത്രമായ ഒന്നിനോടല്ല, ലോകത്തിനോടാകെയുള്ള ഒരു വ്യക്തിയുടെ ബന്ധത്തെ നിർണ്ണയിക്കുന്നത് അതാണ്. ഒരാൾ മറ്റൊരാളെ മാത്രമേ സ്നേഹിക്കുന്നുള്ളുവെങ്കിൽ, ശേഷിച്ച തന്റെ സഹജീവികളോട് ഉദാസീനനാണ് അയാളെങ്കിൽ, അയാളുടെ സ്നേഹം സ്നേഹമല്ല, മറിച്ച്, ജന്തുസ്വഭാവത്തിലുള്ള ഒരൊട്ടിച്ചേരലാണ്, വലുപ്പം വച്ച ആത്മപരതയാണ്. എന്നാലും മിക്കവരും വിശ്വസിക്കുന്നത് സ്നേഹമെന്നാൽ അതിനു ലക്ഷ്യമായതെന്തോ, അതാണ്, ആ സിദ്ധിയല്ല എന്നാണ്. തങ്ങൾ ‘സ്നേഹിക്കുന്ന’ വ്യക്തികളെയല്ലാതെ മറ്റാരെയും തങ്ങൾ സ്നേഹിക്കുന്നില്ല എന്നത് തങ്ങളുടെ സ്നേഹത്തിന്റെ തീവ്രതയുടെ തെളിവാണെന്നുകൂടി അവർ വിശ്വസിക്കുന്നു എന്നതാണ് വസ്തുത. നേരത്തേ നാം പരാമർശിച്ച അതേ യുക്ത്യാഭാസം തന്നെയാണിതും. സ്നേഹം ഒരു കർമ്മമാണെന്ന്, ആത്മാവിന്റെ ഒരു സിദ്ധിയണെന്ന് നിങ്ങൾ കാണുന്നില്ലെന്നതിനാൽ നിങ്ങൾ വിശ്വസിക്കുന്നു, ശരിയായ ലക്ഷ്യം കിട്ടുകയേ വേണ്ടൂ എന്ന്- പിന്നെ അതതിന്റെ വഴിയ്ക്കു പൊയ്ക്കോളുമെന്നും. ഈ മനോഭാവത്തെ താരതമ്യപ്പെടുത്തേണ്ടത് ചിത്രം വരയ്ക്കാൻ അതിയായി താല്പര്യപ്പെടുന്ന ഒരാളുടേതിനോടാണ്: അയാൾക്കു പക്ഷേ ആ കല പഠിക്കാൻ പറ്റില്ല; വരയ്ക്കാൻ ഉചിതമായ വിഷയം കിട്ടുന്നതുവരെ താൻ കാത്തിരുന്നാൽ മതിയെന്നും അതു കണ്ടെത്തിക്കഴിഞ്ഞാൽ താൻ മനോഹരമായി അതു വരയ്ക്കുമെന്നുമാണ് അയാൾ അവകാശപ്പെടുന്നത്. ഞാൻ ഒരാളെ യഥാർത്ഥമായും സ്നേഹിക്കുന്നുണ്ടെങ്കിൽ ഞാൻ എല്ലാവരെയും സ്നേഹിക്കുന്നു. ഞാൻ ലോകത്തെ സ്നേഹിക്കുന്നു, ഞാൻ ജീവിതത്തെ സ്നേഹിക്കുന്നു. എനിക്ക് മറ്റൊരാളോട് ‘ഞാൻ നിന്നെ സ്നേഹിക്കുന്നു’ എന്നു പറയാൻ കഴിയുന്നുണ്ടെങ്കിൽ ‘നിന്നിൽ ഞാൻ എല്ലാവരേയും സ്നേഹിക്കുന്നു, നിന്നിലൂടെ ഞാൻ ലോകത്തെയും സ്നേഹിക്കുന്നു, നിന്നിൽ ഞാൻ എന്നെയും സ്നേഹിക്കുന്നു’ എന്നു പറയാനും എനിക്കു കഴിഞ്ഞിരിക്കണം. (സ്നേഹിക്കുക എന്ന കല)
ആധുനികസമൂഹത്തിൽ ഇന്നു നാം കാണുന്ന തരത്തിലുള്ള അന്യവല്ക്കരണം മിക്കവാറും പൂർണ്ണമാണെന്നു പറയണം. മുമ്പൊരിക്കലുമില്ലാത്ത രീതിയിൽ മനുഷ്യനിർമ്മിതമായ വസ്തുക്കളുടെ ഒരു ലോകമാണ് മനുഷ്യൻ സൃഷ്ടിച്ചിരിക്കുന്നത്. താൻ പണിത ആ സാങ്കേതികയന്ത്രത്തിന്റെ നിർവ്വഹണത്തിനായി സങ്കീർണ്ണമായ ഒരു സാമൂഹികയന്ത്രവും അവൻ നിർമ്മിച്ചു. താൻ കെട്ടഴിച്ചുവിടുന്ന ശക്തികൾ എത്രയ്ക്കു ബലവത്തും ഭീമവുമാകുന്നുവോ, അത്രയ്ക്ക് ഒരു മനുഷ്യജീവി എന്ന നിലയിൽ താൻ അശക്തനാവുകയാണെന്ന് അവനു തോന്നുന്നുമുണ്ട്. അവന്റെ സൃഷ്ടികളാണ് ഇപ്പോൾ അവന്റെ ഉടമസ്ഥൻ ; അവനു സ്വന്തം ഉടമസ്ഥത നഷ്ടമായിരിക്കുന്നു.
*
അന്യവല്ക്കരണത്തിനു പല രൂപങ്ങളുള്ളതിൽ ഏറ്റവും സാധാരണമായിട്ടുള്ളതാണ് ഭാഷയിലെ അന്യവല്ക്കരണം. ഞാൻ എന്റെ ഒരു മനോവികാരം ഒരു വാക്കിലൂടെ പ്രകടിപ്പിക്കുമ്പോൾ, ഉദാഹരണത്തിന്, “ഞാൻ നിന്നെ സ്നേഹിക്കുന്നു” എന്നു പറയുമ്പോൾ, എന്റെ ഉള്ളിലുള്ള ഒരു യാഥാർത്ഥ്യത്തെ, എന്റെ സ്നേഹത്തിന്റെ ബലത്തെ സൂചിപ്പിക്കുക എന്നതാണ് ആ വാക്കു കൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത്. ‘സ്നേഹം’ എന്ന വാക്ക് ‘സ്നേഹം’ എന്ന വസ്തുതയുടെ പ്രതീകമായിട്ടാണ് ഞാൻ ഉപയോഗിക്കുന്നതെങ്കിലും, ഉച്ചരിച്ചുകഴിഞ്ഞാലുടനേ അത് സ്വന്തമായിട്ടൊരു ജീവിതം കൈക്കൊള്ളുന്നു, അത് ഒരു യാഥാർത്ഥ്യമാകുന്നു. ആ വാക്കു പ്രയോഗിക്കുക എന്നാൽ അതനുഭവിക്കുക എന്നായി എന്നൊരു മിഥ്യാബോധത്തിന് ഞാൻ അടിമയാകുന്നു; ഒടുവിൽ എന്റെ മനസ്സിനെ സ്പർശിക്കാത്ത, സ്നേഹം എന്ന ആശയത്തെ മാത്രം ദ്യോതിപ്പിക്കുന്ന ഒരു വാക്കായി ഞാൻ അതുപയോഗിക്കാൻ തുടങ്ങുകയും ചെയ്യുന്നു.
*
മറ്റു ജന്തുക്കൾക്കുള്ള ആ സഹജബോധം, ജന്തുവാസന, മനുഷ്യനില്ല; അവയെപ്പോലെ ഓടിയകലാനോ ചെന്നാക്രമിക്കാനോ സജ്ജനുമല്ല അവൻ. “അപ്രമാദിത്വം‘ അവനറിയില്ല. മുട്ടയിടാൻ പുഴയുടെ ഏതു ഭാഗത്തേക്കു മടങ്ങണമെന്ന് സാൽമൺ മീനുകൾക്കറിയാം; മഞ്ഞുകാലത്ത് തെക്കൻനാടുകളിൽ എവിടേയ്ക്കു കുടിയേറണമെന്നും വേനല്ക്കാലത്ത് എവിടേയ്ക്കു മടങ്ങണമെന്നും പല പക്ഷികൾക്കുമറിയാം. എന്നാൽ മനുഷ്യന്റെ തീരുമാനങ്ങളെടുക്കുന്നത് അവന്റെ ജന്മവാസനയല്ല; അവന്റെ തീരുമാനങ്ങൾ അവനായിത്തന്നെ എടുക്കണം. പക്ഷാന്തരങ്ങളാണ് അവന്റെ മുന്നിൽ വരുന്നത്; ഏതു തീരുമാനമെടുത്താലും പരാജയപ്പെടാമെന്ന അപകടവുമുണ്ട്. ബോധത്തിനു പകരമായി മനുഷ്യൻ കൊടുക്കേണ്ട വില അരക്ഷിതത്വമാണ്. മനുഷ്യാവസ്ഥയെക്കുറിച്ചു ബോധവാനായും അതിനെ അംഗീകരിച്ചും വിജയിക്കുമെന്നുറപ്പില്ലെങ്കിലും താൻ തോല്ക്കില്ലെന്ന പ്രത്യാശ സൂക്ഷിച്ചുമാണ് ആ അരക്ഷിതത്വത്തിൽ അവൻ പിടിച്ചുനില്ക്കേണ്ടത്. അവനു തീർച്ചകളില്ല; തീർച്ചയോടെ അവനു പ്രവചിക്കാൻ കഴിയുന്നത് ഇതു മാത്രമാണ്: ”ഞാൻ മരിക്കും.“
*
പ്രവൃത്തിയുടെ വ്യത്യസ്തമാർഗ്ഗങ്ങളുടെ തിരഞ്ഞെടുപ്പ് അസ്തിത്വത്തിൻ്റെ തുടക്കം മുതലേ മനുഷ്യന് അഭിമുഖീകരിക്കേണ്ടിവരുന്നു. ജന്തുവിലാണെങ്കിൽ പ്രതികരണങ്ങളുടെ ഇടമുറിയാത്ത ഒരു ശൃംഘലയാണുണ്ടാകുന്നത്: വിശപ്പ് പോലെയുള്ള ഒരുദ്ദീപനത്തിൽ നിന്നു തുടങ്ങുകയും നിർണ്ണീതമെന്നു പറയാവുന്ന പ്രവൃത്തികളുടെ ഒരു തുടർച്ചയിലൂടെ ആ ഉദ്ദീപനം സൃഷ്ടിച്ച സമ്മർദ്ദം പരിഹൃതമാവുകയും ചെയ്യുന്നു. മനുഷ്യനിൽ ആ ശൃംഘലയ്ക്ക് ഭംഗം വരികയാണ്. ഉദ്ദീപനം അവിടെയുണ്ട്, എന്നാൽ, അതിൻ്റെ ശമനം 'തുറന്ന'താണ്; എന്നുപറഞ്ഞാൽ, പ്രവൃത്തിയുടെ പല മാർഗ്ഗങ്ങളിൽ നിന്ന് അവൻ തിരഞ്ഞെടുക്കേണ്ടിവരികയാണ്. പൂർവ്വനിശ്ചിതവും നൈസർഗ്ഗികവുമായ ഒരു പ്രവൃത്തിക്കു പകരം മനുഷ്യന് സാദ്ധ്യമായ പലതരം പ്രവൃത്തികളെ മനസ്സിലിട്ടു തട്ടിച്ചുനോക്കേണ്ടിവരുന്നു; അവൻ ചിന്തിക്കാൻ തുടങ്ങുന്നു. പ്രകൃതിയോടുള്ള അവൻ്റെ പ്രതികരണം തീർത്തും നിഷ്ക്രിയമായ അനുകൂലനത്തിൽ നിന്ന് ക്രിയാത്മകമായ ഒന്നിലേക്കു മാറുന്നു: അവൻ ഉല്പാദിപ്പിക്കാൻ തുടങ്ങുന്നു. അവൻ പണിയായുധങ്ങൾ കണ്ടുപിടിക്കുന്നു; അതിലൂടെ പ്രകൃതിയ്ക്കു മേൽ മേൽക്കോയ്മ കൈവരിക്കുമ്പോൾത്തന്നെ അവൻ അതിൽ നിന്ന് കൂടുതൽക്കൂടുതലായി സ്വയം വേർപെടുത്തുകയും ചെയ്യുകയാണ്. താനും -അല്ലെങ്കിൽ താനുൾപ്പെടുന്ന സംഘവും- പ്രകൃതിയും ഒന്നല്ലെന്ന് അസ്പഷ്ടമായ ഒരവബോധം അവനുണ്ടാകുന്നു. ദാരുണമായ ഒരു വിധിയാാണ് തൻ്റേതെന്ന ബോധം അവനുദിക്കുന്നു: പ്രകൃതിയുടെ ഭാഗമാവുക, ഒപ്പം അതിനെ അതിവർത്തിക്കുകയും ചെയ്യുക. മരണമാണ് തൻ്റെ ആത്യന്തികമായ വിധിയെന്ന്, നാനാവിധമായ മനോരഥങ്ങളിലൂടെ താനതിനെ നിരാകരിക്കാൻ നോക്കിയാലും, അവനു ബോധമുണ്ടാകുന്നു.
*
മറ്റുള്ളവർക്ക് നമ്മുടെ പെരുമാറ്റം മനസ്സിലാകുന്നില്ലെങ്കിൽ- എങ്കിലെന്ത്? തങ്ങൾക്കു മനസ്സിലാകുന്നതേ നമ്മൾ ചെയ്യാവൂ എന്നുള്ള അവരുടെ അപേക്ഷ നമ്മളെ വരുതിയ്ക്കു നിർത്താനുള്ള അവരുടെ ഒരു ശ്രമമാണ്. അവരുടെ കണ്ണിൽ നമ്മൾ ‘സാമൂഹികവിരുദ്ധരോ’ ‘യുക്തിയില്ലാത്തവരോ’ ആകുന്നെങ്കിൽ ആയിക്കോട്ടെ. അവർക്കു കൂടുതലും കണ്ണുകടിയുണ്ടാക്കുന്നത് നമ്മുടെ സ്വാതന്ത്ര്യവും നമ്മളായിരിക്കാൻ നമ്മൾ കാണിക്കുന്ന ധൈര്യവുമാണ്. നമ്മുടെ പ്രവൃത്തികൾ ആരുടെയെങ്കിലും മനസ്സു വ്രണപ്പെടുത്തുകയോ അന്യരുടെ അവകാശങ്ങളെ ഹനിക്കുകയോ ചെയ്യാതിരിക്കുന്ന കാലത്തോളം നാം ആർക്കും വിശദീകരണത്തിനു കടപ്പെട്ടവരല്ല, ആരോടും നാം കണക്കു ബോധിപ്പിക്കേണ്ടതുമില്ല. ‘വിശദീകരിക്കുക’ എന്ന ഈ ആവശ്യം എത്ര ജീവിതങ്ങളെയാണ് നശിപ്പിച്ചിരിക്കുന്നത്. (വിശദീകരിക്കുക എന്നു പറയുമ്പോൾ ആ വിശദീകരണം അവർക്കു ‘മനസ്സിലാകുന്നതായിരിക്കണം,’ അതായത് അവർക്കു ‘സമ്മതമായിരിക്കണം’ എന്നാണ് പൊതുവേ അർത്ഥമാക്കുന്നതും.) നിങ്ങളുടെ പ്രവൃത്തികൾ വിലയിരുത്തപ്പെടട്ടെ, നിങ്ങളുടെ പ്രവൃത്തികളിൽ നിന്ന് നിങ്ങളുടെ യഥാർത്ഥമായ ഉദ്ദേശ്യങ്ങളും വിലയിരുത്തപ്പെടട്ടെ; അതേ സമയം, ഒരു സ്വതന്ത്രവ്യക്തി എന്ന നിലയിൽ നിങ്ങൾ വിശദീകരണത്തിനു ബാദ്ധ്യതപ്പെട്ടിരിക്കുന്നത് നിങ്ങളോടും -നിങ്ങളുടെ യുക്തിയോടും നിങ്ങളുടെ മനസ്സാക്ഷിയോടും- പിന്നെ, ഒരു വിശദീകരണത്തിനു ന്യായമായും അവകാശമുള്ള ചുരുക്കം ചിലരോടും മാത്രമാണ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ