2023, സെപ്റ്റംബർ 13, ബുധനാഴ്‌ച

ഫെർണാണ്ടോ പെസൊവ - വിവർത്തനത്തെക്കുറിച്ച്


‘വിവർത്തനത്തിന്റെ ചരിത്രം’ എന്നൊരു പുസ്തകം ആരെങ്കിലും എഴുതിയിട്ടുണ്ടോയെന്ന് എനിക്കറിയില്ല. ഉണ്ടെങ്കിൽ  ദീർഘവും താല്പര്യജനകവുമായിരിക്കണമത്. ‘സാഹിത്യചോരണത്തിന്റെ ചരിത്രം’- ഒരു രചയിതാവിനെ കാത്തിരിക്കുന്ന മറ്റൊരു മാസ്റ്റർപീസ്- പോലെ സാഹിത്യപാഠങ്ങൾ അതിൽ നിറഞ്ഞുകവിയും. ഒന്ന് മറ്റൊന്നിനെ ഉയർത്തിക്കൊണ്ടുവരുന്നതിന്‌ ഒരു കാരണമുണ്ട്: എഴുത്തുകാരന്റെ പേരു മാറ്റാതെയുള്ള ഒരു സാഹിത്യചോരണം തന്നെയാണ്‌ വിവർത്തനം. ‘പാരഡികളുടെ ചരിത്രം’ കൂടിയായാൽ പരമ്പര പൂർത്തിയായി; കാരണം, വിവർത്തനം മറ്റൊരു ഭാഷയിലുള്ള ഹാസ്യാനുകരണം മാത്രമാണമല്ലോ; ഗൗരവത്തോടെയാണെന്നു മാത്രം. നന്നായി ഹാസ്യാനുകരണം നടത്തുന്നതിൽ അന്തർഭവിച്ചിരിക്കുന്ന മാനസികപ്രക്രിയകൾ തന്നെയാണ്‌ കാര്യക്ഷമമായി വിവർത്തനം ചെയ്യുന്നതിലുമുള്ളത്. രണ്ടു സംഗതികളിലും നടക്കുന്നത് എഴുത്തുകാരൻ ഉദ്ദേശിക്കാത്ത ഒരു ലക്ഷ്യത്തിനായി അയാളുടെ ചേതനയെ അനുരൂപമാക്കിയെടുക്കുക എന്നതാണ്‌.  ഒന്നിൽ ലക്ഷ്യം ഹാസ്യമാണ്‌; അവിടെ മൂലരചയിതാവിന്റെ ലക്ഷ്യം ഗൗരവമുള്ളതായിരുന്നു; മറ്റേതിന്റെ ലക്ഷ്യം ഒരു ഭാഷയാണ്‌; മൂലഗ്രന്ഥകാരൻ എഴുതിയത് മറ്റൊരു ഭാഷയിലും. ആരെങ്കിലും എന്നെങ്കിലും ഒരു ഹാസ്യകവിതയുടെ ഗൗരവരൂപത്തിലുള്ള പാരഡിയെഴുതുമോ? തീർച്ച പറയാൻ പറ്റില്ല. എന്നാൽ പല കവിതകളും- മഹത്തായ പല കവിതകൾ പോലും- അവ എഴുതപ്പെട്ട ഭാഷയിലേക്ക് വിവർത്തനം ചെയ്താൽ അവയ്ക്കു ഗുണം ചെയ്യുമെന്നതിൽ സംശയവുമില്ല. 

കലയാണോ കലാകാരനാണോ പ്രാമുഖ്യം, വ്യക്തിയാണോ ഉല്പന്നമാണോ പ്രധാനം എന്ന ചോദ്യം അതുയർത്തുന്നുണ്ട്. അന്തിമഫലമാണ്‌ പ്രധാനമെങ്കിൽ, അതാണ്‌ ആനന്ദിപ്പിക്കുന്നതെങ്കിൽ, പ്രസിദ്ധനായ ഒരു കവിയുടെ അത്ര പരിപൂർണ്ണമല്ലാത്ത ഒരു കവിതയെടുത്ത് മറ്റൊരു കാലഘട്ടത്തിന്റെ വിമർശനത്തിന്റെ വെളിച്ചത്തിൽ മുറിച്ചുകളഞ്ഞും കൂട്ടിച്ചേർത്തും പകരം വച്ചും അതിനെ പരിപൂർണ്ണമാക്കിയാൽ ആർക്കും നമ്മെ കുറ്റം പറയാൻ പറ്റില്ല. വേഡ്സ്‌വർത്തിന്റെ “നിത്യതക്കൊരു സങ്കീർത്തനം” മഹത്തായ ഒരു കവിത തന്നെ; എന്നാൽ പൂർണ്ണത തികഞ്ഞതുമല്ല. അത് വീണ്ടുമെടുത്ത് കൈകാര്യം ചെയ്യുന്നത് പ്രയോജനം ചെയ്യുകയേയുള്ളു.

വിവർത്തനത്തിൽ ആകെ താല്പര്യം തോന്നുന്നത് അത് ദുഷ്കരമാവുമ്പോൾ മാത്രമാണ്‌; എന്നു പറഞ്ഞാൽ, ഒരു ഭാഷയിൽ നിന്ന് തീർത്തും വ്യത്യസ്തമായ മറ്റൊരു ഭാഷയിലേക്കാവുമ്പോൾ; അല്ലെങ്കിൽ സജാതീയമായ ഒരു ഭാഷയിലേക്കാണെങ്കിലും വളരെ ക്ലിഷ്ടമായ ഒരു കവിത വിവർത്തനം ചെയ്യുമ്പോൾ. ഉദാഹരണത്തിന്‌ സ്പാനിഷിനും പോർച്ചുഗീസിനും ഇടയിൽ വിവർത്തനം ചെയ്യുന്നതിൽ ഒരു രസവുമില്ല. ഒരു ഭാഷ വായിക്കാനറിയുന്ന ഒരാൾക്ക് സ്വാഭാവികമായും മറ്റേതു വായിക്കാവുന്നതേയുള്ളു; അതിനാൽ വിവർത്തനത്തിന്റെ ആവശ്യം തന്നെ വരുന്നില്ല. എന്നാൽ ഷേക്സ്പിയറെ ലാറ്റിൻ കുടുംബത്തിൽ പെട്ട ഒരു ഭാഷയിലേക്കു വിവർത്തനം ചെയ്യുന്നത് ത്രസിപ്പിക്കുന്ന ഒരുദ്യമമായിരിക്കും. അത് ഫ്രഞ്ചിലേക്കു ചെയ്യാൻ പറ്റുമോയെന്ന് എനിക്കു സംശയമാണ്‌; ഇറ്റാലിയനിലേക്കോ സ്പാനിഷിലേക്കോ ചെയ്യുന്നത് ദുഷ്കരമായിരിക്കും; റൊമാൻസ് ഭാഷകളിൽ ഏറ്റവും വഴങ്ങുന്നതും സങ്കീർണ്ണവുമായ പോർച്ചുഗീസ് വിവർത്തനത്തിനു സാദ്ധ്യതകളുള്ള ഭാഷയാണ്‌. 




അഭിപ്രായങ്ങളൊന്നുമില്ല: