ഇക്വറ്റോറിയൽ ആഫ്രിക്കയുടെ ഗഹനതയിൽ വച്ച്, നായാട്ടുകാരനും ലോകപരിചയം ഏറെയുള്ളയാളുമായ മാർസെൽ പ്രെട്രെ എന്ന ഫ്രഞ്ച് പര്യവേക്ഷകൻ വിസ്മയപ്പെടുത്തും വിധം വലിപ്പം കുറഞ്ഞ ഒരു പിഗ്മിഗോത്രത്തെ കണ്ടുമുട്ടി. അപ്പോഴാണ് അതിനെക്കാൾ വലിപ്പം കുറഞ്ഞ ഒരു ജനത കാടുകൾക്കും ദൂരങ്ങൾക്കുമപ്പുറം ജീവിക്കുന്നുണ്ടെന്ന വാർത്ത അയാളുടെ കാതിലെത്തുന്നത്; എങ്കിൽ അയാൾക്കുണ്ടായ അത്ഭുതം പറയേണ്ടതില്ലല്ലോ. അങ്ങനെ കാട്ടിനുള്ളിലേക്ക് കൂടുതലാഴത്തിൽ അയാൾ ഇറങ്ങിച്ചെന്നു.
അവിടെ, സെൻട്രൽ കോംഗോയിൽ വച്ച്, ലോകത്തെ ഏറ്റവും ചെറിയ പിഗ്മികളെ അയാൾ കണ്ടുമുട്ടി. പെട്ടിക്കുള്ളിൽ പെട്ടി പോലെ, അതിനുമുള്ളിൽ മറ്റൊന്നു പോലെ ലോകത്തെ ഏറ്റവും ചെറിയ പിഗ്മികൾക്കിടയിലുണ്ടായിരുന്നു, ലോകത്തെ ഏറ്റവും ചെറിയ പിഗ്മികളിൽ വച്ചേറ്റവും ചെറുത്. പ്രകൃതിക്കു ചിലപ്പോൾ തന്നെത്തന്നെ അതിശയിക്കേണ്ടിവരാറുണ്ടല്ലോ.
കൊതുകുകൾക്കും ഈർപ്പം കൊണ്ടൂഷ്മളമായ മരങ്ങൾക്കുമിടയിൽ, എത്രയും അലസമായ പച്ചനിറം പൂണ്ട പച്ചിലത്തഴപ്പിനിടയിൽ, മാർസെൽ പ്രെട്രെയുടെ മുഖത്തോടു മുഖം നിന്നു, പതിനെട്ടിഞ്ചുയരമുള്ള, പൂർണ്ണവളർച്ചയെത്തിയ, കറുത്ത, നിശ്ശബ്ദയായ ഒരു സ്ത്രീ. “ഒരു കുരങ്ങിനെപ്പോലിരുണ്ടത്,” പിന്നീടയാൾ പത്രക്കാരോടു പറഞ്ഞു; തന്റെ കൊച്ചുഭർത്താവുമായി ഒരു മരത്തിന്റെ മണ്ടയ്ക്കാണ് അവളുടെ താമസമെന്നും അയാൾ അവരോടു പറയുന്നുണ്ട്. കനികളെ നേരത്തേ പാകമാക്കുകയും അവയെ മടുപ്പിക്കും വിധം മധുരമുള്ളതാക്കുകയും ചെയ്യുന്ന ഊഷ്മളവും വന്യവുമായ മൂടല്മഞ്ഞിൽ അവൾ ഗർഭവതിയായിരുന്നു.
അങ്ങനെ അവൾ നിന്നു, ലോകത്തെ ഏറ്റവും ചെറിയ സ്ത്രീ. ഉഷ്ണത്തിന്റെ മൂളക്കത്തിൽ ഒരു നിമിഷത്തേക്കു തോന്നിയിരുന്നു, ആ ഫ്രഞ്ചുകാരൻ അപ്രതീക്ഷിതമായി തന്റെ നിഗമനത്തിൽ എത്തിയെന്ന്. സുബോധം നഷ്ടപ്പെടാത്തതുകൊണ്ടാണ് അയാളുടെ ആത്മാവ് മോഹാലസ്യപ്പെടാത്തതും നിയന്ത്രണം വിടാത്തതും എന്നതിൽ സംശയിക്കാനില്ല. ഒരു ക്രമം വേണമല്ലോ എന്നു പെട്ടെന്നു തോന്നിയതിനാൽ, ലോകത്തുള്ളതിനെല്ലാം ഒരു പേരിടാനുമായി, അയാൾ അവൾക്ക് ‘ലിറ്റിൽ ഫ്ലവർ’ എന്നു പേരിട്ടു. പരിചിതയാഥാർത്ഥ്യങ്ങൾക്കിടയിൽ അവളെ ഉൾക്കൊള്ളിക്കാനായി അയാൾ അപ്പോൾത്തന്നെ അവളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനും തുടങ്ങി.
അവൾ ഉൾപ്പെടുന്ന വംശം കാലം ചെല്ലുന്തോറും നശിച്ചുകൊണ്ടുവരികയാണ്. ഈ ജീവിവർഗ്ഗത്തിന്റെ വളരെക്കുറച്ചു മാതൃകകളേ ശേഷിക്കുന്നുള്ളു; ആഫ്രിക്ക ഒളിപ്പിച്ചുവച്ചിരിക്കുന്ന അപകടങ്ങൾ കാരണം അവരും ചിതറിപ്പോകുന്നില്ല എന്നുമാത്രം. രോഗങ്ങൾ, ജലാശയങ്ങളിൽ നിന്നുള്ള വിഷവായു, മതിയായ ആഹാരം കിട്ടായ്ക, കാട്ടുമൃഗങ്ങൾ എന്നിവയ്ക്കു പുറമേ അല്പമാത്രമായ ലിക്കൗലാകൾക്കു നേരിടേണ്ടിവരുന്ന ഏറ്റവും വലിയ വിപത്ത് കാട്ടാളന്മാരായ ബണ്ടുക്കൾ ആണ്; യുദ്ധത്തിന്റന്നു രാവിലത്തെ നിശബ്ദമായ അന്തരീക്ഷം പോലെ അവരെ വന്നുപൊതിയുന്ന ഒരു ഭീഷണി. കുരങ്ങുകളെ നായാടുന്നപോലെ അവർ ലിക്കൗലാകളേയും നായാടുന്നത് വല വീശിയാണ്. അവരെ തിന്നുകയും ചെയ്യുന്നു. അത്രതന്നെ: അവർ വല വീശി അവരെ നായാടുകയും പിന്നെ അവരെ തിന്നുകയും ചെയ്യുന്നു. ആ തീർത്തും ചെറിയ മനുഷ്യവംശം പിൻവാങ്ങിപ്പിൻവാങ്ങി ഒടുവിൽ ആഫ്രിക്കയുടെ ഹൃദയത്തിൽ വാസമുറപ്പിക്കുന്നു; അവിടെ വച്ച് ഭാഗ്യവാനായ ഒരു പര്യവേക്ഷകൻ അവരെ കണ്ടുപിടിക്കുന്നു. തന്ത്രപ്രധാനമായ കാരണങ്ങളാൽ അവർ താമസിക്കുന്നത് ഏറ്റവും ഉയരമുള്ള മരങ്ങളിലാണ്. അവിടെ നിന്ന് പെണ്ണുങ്ങൾ ഇറങ്ങിവരുന്നു, ചോളം പാചകം ചെയ്യാനും കൊള്ളിയരയ്ക്കാനും കായ്കറികൾ ശേഖരിക്കാനും; ആണുങ്ങൾ നായാടാനും. ഒരു കുട്ടി പിറന്നാൽ അവന് അപ്പോൾത്തന്നെയെന്നു പറയാം, സ്വാതന്ത്ര്യം അനുവദിക്കപ്പെടുകയാണ്. കാട്ടുമൃഗങ്ങൾക്കിടയിൽ അധികകാലം ആ സ്വാതന്ത്ര്യം അനുഭവിക്കാനുള്ള ആയുസ്സ് അവനു കിട്ടുന്നുണ്ടാവില്ല എന്നത് സത്യമാണ്. അതിനെച്ചൊല്ലി ആരും വിലപിക്കാൻ പോകുന്നില്ല എന്നതും സത്യമാണ്; കാരണം, അത്രയും ചെറിയൊരു ജീവിതത്തിനുതന്നെ വേണ്ടിവരുന്ന യത്നം എത്രയും വലുതായിരുന്നുവല്ലോ. ആ കുട്ടി പഠിക്കുന്ന ഭാഷ തന്നെ ഹ്രസ്വവും ലളിതവുമായിരിക്കും, തികച്ചും അവശ്യമായതു മാത്രം. ലിക്കൗലാകൾ വളരെക്കുറച്ചു നാമപദങ്ങളേ ഉപയോഗിക്കുന്നുള്ളു; വസ്തുക്കളെ കുറിക്കാൻ ചേഷ്ടകളും മൃഗങ്ങളുണ്ടാക്കുന്ന ശബ്ദങ്ങളുമാണ് അവരുടെ ഉപാധി. ആത്മീയവികാസത്തിന്റെ കാര്യമെടുത്താൽ അവർക്കൊരു ചെണ്ടയുണ്ട്. ചെണ്ടയുടെ ശബ്ദത്തിനൊപ്പിച്ച് നൃത്തം ചെയ്യുമ്പോൾ ഒരാൾ കാവൽ നില്ക്കുന്നുണ്ടാകും: ബണ്ടുക്കൾ എവിടെനിന്നാണ് ചാടിവരുന്നതെന്നറിയില്ലല്ലോ.
ഇങ്ങനെയാണപ്പോൾ ആ പര്യവേക്ഷകൻ ജീവനുള്ള മനുഷ്യരിൽ ഏറ്റവും ചെറുതിനെ കണ്ടെത്തുന്നത്. അയാളുടെ ഹൃദയം അതിദ്രുതം മിടിക്കുകയായിരുന്നു: എന്തെന്നാൽ ഒരു മരതകവും ഇത്ര അപൂർവ്വമല്ലല്ലോ. ഇന്ത്യയിലെ ഋഷികളുടെ ഉപദേശങ്ങളും ഇത്ര അപൂർവ്വമല്ല. ലോകത്തെ ഏറ്റവും ധനികനായ മനുഷ്യൻ ഇത്രയും വിചിത്രമായ ഒരനുഗ്രഹത്തിൽ കണ്ണു പതിപ്പിച്ചുണ്ടെന്നു പറയാനുമില്ല. എത്രയും വിശിഷ്ടമായ സ്വപ്നത്തിന്റെ അത്യാർത്തിക്കൊരിക്കലും ഭാവന ചെയ്യാൻ പറ്റാത്ത ഒരു സ്ത്രീയാണ് തന്റെ കണ്ണിനു നേരേ മുന്നിൽ നില്ക്കുന്നത്. അപ്പോഴാണ്, അയാൾക്കു സാദ്ധ്യമാകുമെന്ന് അയാളുടെ ഭാര്യ സംശയിച്ചിട്ടില്ലാത്ത ഒരു വൈകാരികമാർദ്ദവത്തോടെ അയാൾ പ്രഖ്യാപിക്കുന്നത്:
“നീയാണ് ലിറ്റിൽ ഫ്ലവർ!”
അതേ നിമിഷത്തിൽ ഒരാൾ സാധാരണയായി ചൊറിയാറില്ലാത്ത ഒരു സ്ഥലത്ത് അവൾ ചൊറിഞ്ഞു. പര്യവേക്ഷകൻ, ഔചിത്യദീക്ഷയിൽ പുരസ്കാരം ലഭിച്ച ഒരാദർശവാദിയെപ്പോലെ, നോട്ടം മാറ്റുകയും ചെയ്തു.
ലിറ്റിൽ ഫ്ലവറിന്റെ ഫോട്ടോ ഞായറാഴ്ചപ്പത്രങ്ങളുടെ കളർ സപ്ലിമെന്റുകളിൽ അച്ചടിച്ചുവന്നു; തന്റെ പൂർണ്ണവലിപ്പത്തിൽ അവൾ പേജു നിറഞ്ഞുനിന്നു. വളരെ നീണ്ട വയറുമായി, ഒരു തുണിത്തുണ്ടു കൊണ്ട് പൊതിഞ്ഞ്. മൂക്കു പരന്ന്, മുഖം കറുത്ത്, കണ്ണുകൾ കുഴിഞ്ഞ്, കാലടികൾ പരന്ന്. അവളെക്കാണാൻ ഒരു നായയെപ്പോലെയുണ്ടായിരുന്നു.
അന്നു ഞായറാഴ്ച ഒരു ഫ്ലാറ്റിൽ തുറന്നുകിടന്ന പത്രത്തിൽ ലിറ്റിൽ ഫ്ലവറിന്റെ ഫോട്ടോ കണ്ട ഒരു സ്ത്രീയ്ക്ക് അതിൽ രണ്ടാമതൊന്നു നോക്കാൻ തോന്നിയില്ല; “കാരണം, എന്നെയത് വല്ലാതെ വേദനിപ്പിക്കുന്നു.”
മറ്റൊരു ഫ്ലാറ്റിലെ മഹതിയ്ക്ക് ആ ആഫ്രിക്കക്കാരിയോടു തോന്നിയ തല തിരിഞ്ഞ അടുപ്പം കുഞ്ഞിപ്പൂവിനെ അവരുടെ അടുത്ത് ഒറ്റയ്ക്കു വിടുന്നത് അപകടകരമാകുന്ന വിധത്തിലുള്ളതായിരുന്നു. സ്നേഹത്തിന്റെ ഏതിരുട്ടിലേക്കാണ് ആ മമത വളരുന്നതെന്ന് ആരു കണ്ടു? ആ സ്ത്രീ ഒരു ദിവസത്തേക്ക് അസ്വസ്ഥയായിരുന്നു; അവർ തീവ്രാഭിലാഷത്തിന്റെ പിടിയിലായിരുന്നു എന്നുവേണമെങ്കിൽ പറയാം. തന്നെയുമല്ല, വസന്തകാലവുമായിരുന്നു; അപകടം പിടിച്ച ഒരുദാരമനസ്കത അന്തരീക്ഷത്തിലുണ്ടായിരുന്നു.
മറ്റൊരു വീട്ടിലെ ഒരഞ്ചുവയസ്സുകാരിക്ക് ആ ചിത്രം കാണുകയും അതിന്റെ വിവരണം കേൾക്കുകയും ചെയ്തപ്പോൾ ഒരപായസൂചന തോന്നി. കൂടുതലും മുതിർന്നവരുടേതായ ആ കുടുംബത്തിൽ അതുവരെ ആ കുട്ടിയായിരുന്നു ഏറ്റവും ചെറിയ മനുഷ്യജീവി. ഏറ്റവും നല്ല ലാളനകളുടെ ഉറവിടമായിരുന്നു ആ സംഗതിയെങ്കിൽ, സ്നേഹത്തിന്റെ നിഷ്ഠുരതയെക്കുറിച്ചുള്ള പേടിയുടെ ആദ്യത്തെ ഉറവിടമാവുകയായിരുന്നു ഇപ്പോഴത്. ലിറ്റിൽ ഫ്ലവറിന്റെ അസ്തിത്വം ആ പെൺകുട്ടിയെ നയിച്ചത് ‘നിർഭാഗ്യത്തിന് അതിരുകളില്ല’ എന്ന ജ്ഞാനത്തിന്റെ നിംഷദർശനത്തിലേക്കാണ്. (അത്ര സ്പഷ്ടമല്ലാതിരുന്ന ആ തോന്നൽ ഒരുപാടു വർഷങ്ങൾക്കു ശേഷമാണ്, തീർത്തും വ്യത്യസ്തമായ കാരണങ്ങളാൽ, ഒരു ചിന്തയായി ഘനീഭവിക്കുന്നത്.)
മറ്റൊരു വീട്ടിൽ യുവതിയായ ഒരു വധുവിന് സഹതാപത്തിന്റെ ഹർഷമൂർച്ഛയുണ്ടാകുന്നു: “മമ്മാ, അവളുടെ ആ കൊച്ചുപടം കണ്ടോ, പാവം തോന്നും! എന്തു സങ്കടമാണ് അവളുടെ മുഖത്തെന്നു നോക്കൂ!”
“പക്ഷേ,” സ്ഥിരചിത്തയായ, പരാജിതയായ, അഭിമാനിനിയായ അമ്മ പറഞ്ഞു, “പക്ഷേ ഒരു മൃഗത്തിന്റെ സങ്കടമാണത്, മനുഷ്യസങ്കടമല്ല.”
“എന്താ, മമ്മാ!” ഉത്സാഹം കെട്ടുപോയ യുവതി പറഞ്ഞു.
മറ്റൊരു വീട്ടിലാണ് ഒരു മിടുക്കൻകുട്ടിയ്ക്ക് ഒരു മിടുക്കൻചിന്ത ഉണ്ടായത്.
“മമ്മാ, ഞാനാ കൊച്ചാഫ്രിക്കൻ സ്ത്രീയെ പൗലിഞ്ഞോ ഉറങ്ങുമ്പോൾ അവന്റെ കട്ടിലിൽ കിടത്തിയാൽ എങ്ങനിരിക്കും? ഉണരുമ്പോൾ അവൻ പേടിച്ചുവിറയ്ക്കും, അല്ലേ? കട്ടിലിൽ അവളിരിക്കുന്നതു കാണുമ്പോൾ അവൻ അലറിവിളിക്കും! എന്നിട്ടു ഞങ്ങൾക്ക് അവളെയും കൊണ്ടു കളിക്കാം. ഞങ്ങൾക്കവളെ കളിപ്പാട്ടമാക്കാം, അല്ലേ!”
അവന്റെ അമ്മ ആ സമയത്ത് കുളിമുറിയിലെ കണ്ണാടി നോക്കി തന്റെ മുടി ചുരുളു പിടിപ്പിച്ചെടുക്കുകയായിരുന്നു; ഒരു പാചകക്കാരി താൻ അനാഥാലയത്തിലായിരുന്നപ്പോഴത്തെ ഒരനുഭവം പറഞ്ഞത് അവർക്കപ്പോൾ ഓർമ്മവന്നു. കളിക്കാൻ പാവകളൊന്നും കിട്ടാതെവരികയും ആ അനാഥക്കുട്ടികളുടെ ഹൃദയങ്ങളിൽ മാതൃത്വം ഉഗ്രമായി തുടിക്കാൻ തുടങ്ങുകയും ചെയ്ത ഒരവസരത്തിൽ സൂത്രക്കാരികളായ ആ കൊച്ചുപെൺകുട്ടികൾ മറ്റൊരു പെൺകുട്ടിയുടെ മരണം കന്യാസ്ത്രീയെ അറിയിക്കാതെ ഗോപ്യമാക്കിവച്ചു. കന്യാസ്ത്രീ പോകുന്നതുവരെ അവർ ജഡം അലമാരയിൽ ഒളിപ്പിച്ചുവയ്ക്കും; പിന്നെ അവർ ആ മരിച്ച കുട്ടിയെ പുറത്തെടുത്ത് കളിക്കാൻ തുടങ്ങും; അവരതിനെ കുളിപ്പിക്കും, പലഹാരം കൊടുക്കും, ഇടയ്ക്കവളെ ശിക്ഷിക്കുകയും ചെയ്യും; അതവളെ ആശ്വസിപ്പിക്കാനായി പിന്നീട് ഉമ്മ കൊടുക്കാൻ വേണ്ടി ചെയ്യുന്നതാണ്. കുളിമുറിയിൽ വച്ച് അമ്മ ഓർത്തത് ഇക്കാര്യമാണ്; നിറയെ മുടിപ്പിന്നുകളുമായി ഉയർത്തിവച്ച കൈകൾ അവർ താഴ്ത്തി. എന്നിട്ടവർ സ്നേഹിക്കുക എന്ന ക്രൂരമായ ആവശ്യകതയെക്കുറിച്ചാലോചിച്ചു. സന്തോഷത്തോടിരിക്കാൻ വേണ്ടിയുള്ള നമ്മുടെ ആഗ്രഹത്തിന്റെ ദുഷ്ടതയെക്കുറിച്ചാലോചിച്ചു. കുട്ടിക്കളിയ്ക്കു പിന്നിലെ നിഷ്ഠുരതയെക്കുറിച്ചാലോചിച്ചു. എത്ര തവണയാണ് സ്നേഹം കൊണ്ടു നാം കൊല്ലുന്നതെന്നും. പിന്നെയവർ തന്റെ മിടുക്കനായ മകനെ നോക്കി, അപകടകാരിയായ ഒരപരിചിതനെയെന്നപോലെ. തന്റെ സ്വന്തം ആത്മാവാണ്, തന്റെ ഉടലിലുമുപരി, ജീവിതത്തിനും സന്തോഷത്തിനും വേണ്ടിയുള്ള ആ മനുഷ്യജീവിയെ ജനിപ്പിച്ചതെന്നോർത്തപ്പോൾ അവർക്ക് ഭയവും അറപ്പും തോന്നി. അങ്ങനെയൊരു മട്ടിലാണ് ആശങ്ക കലർന്ന ഒരഭിമാനത്തോടെ അവർ അവനെ നോക്കിനിന്നത്; അവന്റെ മുൻവരിയിലെ രണ്ടു പല്ലുകൾ ഇപ്പോഴേ നഷ്ടപ്പെട്ടുകഴിഞ്ഞിരിക്കുന്നു; പരിണാമം അതിന്റെ ജോലി തുടങ്ങിക്കഴിഞ്ഞു; ഒരു പല്ല് കൊഴിഞ്ഞ് മറ്റൊരു പല്ലിന് വഴിയൊരുക്കുന്നു, കടിക്കാൻ കൂടുതൽ പറ്റിയതൊന്നിന്. “ഞാനവന് നല്ലൊരു സൂട്ട് വാങ്ങിച്ചുകൊടുക്കും,” ചിന്താധീനയായി അവനെത്തന്നെ സൂക്ഷിച്ചുനോക്കിക്കൊണ്ട് അവർ തീരുമാനമെടുത്തു. പിടിവാശിയോടെ അവർ തന്റെ പല്ലിനു വിടവുള്ള മകനെ നല്ല വേഷം ധരിപ്പിച്ചു; ഒരു പാടുപോലുമില്ലാത്തവിധം വൃത്തിയുണ്ടാവണം അവനെന്ന് അവർക്കു പിടിവാശിയായിരുന്നു; വൃത്തി സമാധാനം നല്കുന്ന ഒരു ബാഹ്യതലത്തെ എടുത്തുകാട്ടുമെന്നപോലെ, സൗന്ദര്യത്തിന്റെ മര്യാദാവശത്തെ പൂർണ്ണമാക്കുമെന്നപോലെ. തന്നെയും അവനെയും “കുരങ്ങനെപ്പോലിരുണ്ട ” ഒന്നിൽ നിന്ന് പിടിവാശിയോടെ അകറ്റിനിർത്താനെന്നപോലെ. പിന്നെ, കുളിമുറിയിലെ കണ്ണാടിയിൽ നോക്കിക്കൊണ്ട് മനഃപൂർവ്വമായ മര്യാദയോടെ, നിറഞ്ഞ സഭ്യതയോടെ ഒന്നു പുഞ്ചിരി തൂകി; അതിലൂടെ അമൂർത്തരേഖകൾ നിറഞ്ഞ തന്റെ മുഖത്തിനും ലിറ്റിൽ ഫ്ലവറിന്റെ അപരിഷ്കൃതമുഖത്തിനുമിടയിൽ സഹസ്രാബ്ദങ്ങളുടെ തരണം ചെയ്യാനാവാത്ത ദൂരം പ്രതിഷ്ഠിക്കുകയായിരുന്നു അവർ. എന്നാൽ വർഷങ്ങളുടെ അനുഭവത്തിൽ നിന്ന് അവർക്കറിയാമായിരുന്നു, താൻ തന്നിൽ നിന്നുതന്നെ ഉത്കണ്ഠയും സ്വപ്നങ്ങളും നഷ്ടമായ സഹസ്രാബ്ദങ്ങളും മറയ്ക്കേണ്ടിവരുന്ന ഞായറാഴ്ചകളിൽ ഒന്നാണതെന്ന്.
മറ്റൊരു വീട്ടിൽ, ഒരു ചുമരിനരികിൽ, ലിറ്റിൽ ഫ്ലവറിന്റെ പതിനെട്ടിഞ്ച് ഒരു സ്കെയിൽ കൊണ്ടളക്കുന്നതിന്റെ ഉത്സാഹത്തിലായിരുന്നു അവർ. അപ്പോഴാണവർ ആഹ്ലാദത്തിന്റേതായ ഒരു നടുക്കത്തോടെ ശ്വാസം പിടിച്ചുപോയത്: അവരുടെ സങ്കല്പത്തിനുമപ്പുറം ചെറുതായിരുന്നു അവൾ. എത്രയും ചെറുതും മെരുങ്ങാത്തതുമായ ആ വസ്തുവിനെ, തീറ്റയാകുന്നതിൽ നിന്നൊഴിവാക്കപ്പെട്ട ആ വസ്തുവിനെ, ദാനശീലർക്കുള്ള ആ നിത്യപ്രചോദനത്തെ തനിക്കു മാത്രമായി സ്വന്തമാക്കാനുള്ള ആഗ്രഹം ഓരോ കുടുംബാംഗത്തിന്റെയും ഹൃദയത്തിൽ പതഞ്ഞുപൊങ്ങി. കുടുംബത്തിന്റെ ആത്മാവ് അതിനായി വ്യഗ്രതയോടെ സ്വയം സമർപ്പിക്കാനാഗ്രഹിച്ചു. സത്യം പറഞ്ഞാൽ, ഒരു മനുഷ്യജീവിയെ തന്റേതു മാത്രമാക്കാൻ ആരാണ് ആഗ്രഹിക്കാതിരുന്നിട്ടുള്ളത്? എപ്പോഴുമത് സൗകര്യപ്രദമാകണമെന്നുമില്ല; ഇങ്ങനെയുള്ള തോന്നലുകൾ വേണ്ടെന്ന് ചിലപ്പോൾ നിങ്ങൾക്കു തോന്നിയെന്നും വരാം:
“അവൾ ഇവിടെയാണു ജീവിക്കുന്നതെങ്കിൽ കുടുംബകലഹമുണ്ടാവുമെന്ന് ഞാൻ പന്തയം വയ്ക്കാം,” പത്രം മറിച്ചുനോക്കിക്കൊണ്ട് ചാരുകസേരയിൽ ഇരിക്കുന്ന അച്ഛൻ പറഞ്ഞു. “ഈ വീട്ടിൽ എന്തു നടന്നാലും ഒടുവിൽ കലഹമായിരിക്കും.”
“ആ വിചാരമല്ലാതെ നിങ്ങൾക്കില്ല, ഹൊസേ; നല്ലതൊന്നും ഒരിക്കലും നിങ്ങൾ കാണില്ല,“ അമ്മ പറഞ്ഞു.
”മമ്മാ, അവളുടെ കുഞ്ഞ് എത്ര ചെറുതായിരിക്കുമെന്നു ചിന്തിച്ചിട്ടുണ്ടോ?“ പതിമൂന്നുകാരിയായ മൂത്ത മകൾ ആത്മാർത്ഥതയോടെ ചോദിച്ചു.
പത്രത്തിനു പിന്നിൽ അച്ഛൻ ഒന്നിളകി.
”ലോകത്തെ ഏറ്റവും ചെറിയ കറുത്ത കുട്ടിയായിരിക്കുമത്,“ ആനന്ദമൊലിപ്പിച്ചുകൊണ്ട് അമ്മ പറഞ്ഞു. ”അവൾ ഇവിടെ അത്താഴം വിളമ്പുന്നത് ഒന്നു മനസ്സിൽ കണ്ടു നോക്കിയേ! അതും ആ വലിയ കൊച്ചുവയറും വച്ചുകൊണ്ട്!“
”ഈ കലപില നിർത്താറായില്ലേ?“ അച്ഛൻ മുരണ്ടു.
”ഞങ്ങൾ സംസാരിക്കുന്നത് ഒരപൂർവ്വവസ്തുവിനെക്കുറിച്ചാണെ
ആ അപൂർവ്വവസ്തുവിന്റെ കാര്യമോ?
ഈ സമയത്ത്, ആഫ്രിക്കയിൽ, ആ അപൂർവ്വവസ്തു അവളുടെ ഹൃദയത്തിൽ- അതും കറുത്തതായിരിക്കില്ലെന്ന് ആരു കണ്ടു, ഒരിക്കൽ പിഴച്ച പ്രകൃതിയെ പിന്നെ വിശ്വസിക്കാനാവില്ലല്ലോ- ആ അപൂർവ്വവസ്തു തന്റെ ഹൃദയത്തിൽ തന്നിലും അപൂർവ്വമായതൊന്നിന് അഭയം കൊടുത്തിരുന്നു; ആ രഹസ്യത്തിന്റെയും രഹസ്യമെന്നപോലെ: ഒരു കുഞ്ഞുശിശു. പര്യവേക്ഷകൻ പൂർണ്ണവളർച്ചയെത്തിയ ഏറ്റവും ചെറിയ മനുഷ്യജീവിയുടെ കുഞ്ഞുദരത്തെ സൂക്ഷ്മതയോടെ നോക്കി. അവളെ കണ്ടതില്പിന്നെ ഇതാദ്യമായി അയാൾക്ക് ജിജ്ഞാസയോ വിജയമോ ശാസ്ത്രീയമനോഭാവമോ അല്ല തോന്നിയത്, മറിച്ച് ഒരു മാനോവേദനയാണ്.
കാരണം, ലോകത്തെ ഏറ്റവും ചെറിയ സ്ത്രീ ചിരിക്കുകയായിരുന്നു.
അവൾ ഊഷ്മളമായി, ഊഷ്മളമായി ചിരിക്കുകയായിരുന്നു. ലിറ്റിൽ ഫ്ലവർ ജീവിതത്തിൽ ആഹ്ലാദം കൊള്ളുകയായിരുന്നു. താൻ ഇനിയും തീറ്റയായിട്ടില്ലെന്ന അവാച്യമായ അനുഭൂതി അനുഭവിക്കുകയായിരുന്നു, ആ അപൂർവ്വവസ്തു. താനിനിയും തീറ്റയായിട്ടില്ലെന്ന വസ്തുത, മറ്റവസരങ്ങളിലാണെങ്കിൽ, ഒരു മരക്കൊമ്പിൽ നിന്നു മറ്റൊന്നിലേക്കു ചാടാനുള്ള മെയ്‌വഴക്കത്തിന്റെ ചോദനയിലേക്ക് അവളെ തള്ളിവിട്ടേനെ. എന്നാൽ പ്രശാന്തതയുടെ ഈ നിമിഷത്തിൽ, സെൻട്രൽ കോംഗോയിലെ ഇടതൂർന്ന ഇലകൾക്കിടയിൽ വച്ച്, ആ ചോദനയെ അവൾ പ്രവൃത്തിയിലേക്കു പകർത്തിയില്ല- ആ ചോദന ആ അപൂർവ്വവസ്തുവിന്റെ വലിപ്പക്കുറവിലേക്കു മാത്രമായി കേന്ദ്രീകരിച്ചിരുന്നു. അങ്ങനെയാണ് അവൾ ചിരിക്കാനിടയായത്. സംസാരിക്കാത്ത ഒരാൾ ചിരിക്കുന്ന ചിരിയായിരുന്നു അത്. മനസ്സു കുഴങ്ങിപ്പോയ പര്യവേക്ഷകന് ആ ചിരിയെ ഏതു ഗണത്തിൽ പെടുത്തണമെന്നു മനസ്സിലായില്ല. അവൾ തന്റെയാ പതിഞ്ഞ ചിരി ആസ്വദിച്ചുകൊണ്ടേയിരുന്നു, മറ്റൊന്നിന്റെ തീറ്റയാകുന്നതിൽ നിന്നു രക്ഷപെട്ട ഒന്നിന്റെ ചിരി. മറ്റൊന്നിന്റെ വായിലേക്കു പോകാതിരിക്കുക എന്നതാണ് ഏറ്റവും പൂർണ്ണത തികഞ്ഞ വികാരം. മറ്റൊന്നിന്റെ തീറ്റയാവാതിരിക്കുക എന്നതാണ് ഒരു മുഴുവൻജീവിതത്തിന്റെ ഗൂഢലക്ഷ്യം. അവൾ തീറ്റയാവാതിരിക്കുന്നിടത്തോളം കാലം ആ മൃഗതുല്യമായ ചിരി കോമളമാണ്, ആഹ്ലാദം എത്ര കോമളമാണോ അത്രയും തന്നെ. പര്യവേക്ഷകൻ ആകെ ചിന്താക്കുഴപ്പത്തിലായി.
രണ്ടാമതാവട്ടെ, ആ അപൂർവ്വവസ്തു ചിരിക്കുകയായിരുന്നെങ്കിൽ അതിനു കാരണം, അവളുടെ ആ വലിപ്പക്കുറവിനുള്ളിൽ ഒരു വലിയ അന്ധകാരം ചലിക്കാൻ തുടങ്ങിയിരുന്നു എന്നതാണ്.
പ്രേമം എന്നു വിളിക്കാവുന്നതൊന്നുകൊണ്ട് തന്റെ നെഞ്ച് ഊഷ്മളമാകുന്നത് ആ അപൂർവ്വവസ്തുതന്നെ അറിഞ്ഞുതുടങ്ങിയിരുന്നു. മഞ്ഞനിറമുള്ള ആ പര്യവേക്ഷകനോട് അവൾക്കു സ്നേഹം തോന്നി. സംസാരിക്കാനറിയുമായിരുന്നെങ്കി
പര്യവേക്ഷകൻ അവളെ നോക്കി തിരിച്ചൊന്നു പുഞ്ചിരിക്കാൻ ശ്രമിച്ചുവെങ്കിലും ഏതു ഗർത്തത്തിലാണ് തന്റെ പുഞ്ചിരി ചെന്നടിയാൻ പോകുന്നതെന്ന് അയാൾക്കറിയില്ലായിരുന്നു; അയാൾക്കാകെ പരിഭ്രമവുമായി, വലിയ ഒരു മനുഷ്യൻ പരിഭ്രമത്തിലാകുന്നപോലെ. ആകെ ചുവന്നുതുടുത്തുകൊണ്ട് അയാൾ തന്റെ ഹെല്മെറ്റ് ശരിക്കു വയ്ക്കുന്നതായി ഭാവിച്ചു. അയാളുടെ മുഖമാകെ ചന്തമുള്ള ഒരു നിറം പരന്നു, അയാളുടെ സ്വന്തമായ, പച്ച കലർന്ന ഒരു പാടലനിറം, പുലർച്ചെ ഒരു നാരങ്ങയുടേതുപോലെ. നല്ല പുളിയുണ്ടാവണം.
തന്റെ പ്രതീകാത്മകമായ ഹെല്മെറ്റ് ശരിക്കു വയ്ക്കുമ്പോഴാകണം, പര്യവേക്ഷകന് മനഃസാന്നിദ്ധ്യം വീണ്ടുകിട്ടിയത്; അയാൾ തന്റെ ജോലിയുടെ അച്ചടക്കം തിരിച്ചുപിടിക്കുകയും കുറിപ്പുകളെടുക്കുന്നത് പുനരാരംഭിക്കുകയും ചെയ്തു. ആ ഗോത്രം സംസാരിക്കുന്ന വളരെക്കുറച്ചു വാക്കുകളിൽ ചിലത് അയാൾ ഇതിനകം പഠിച്ചുകഴിഞ്ഞിരുന്നു; അതുപോലെ അവരുടെ സൂചനകൾ വ്യാഖ്യാനിക്കാനും അയാൾ മനസ്സിലാക്കിയിരുന്നു. ഇപ്പോൾ അയാൾക്ക് ചൊദ്യങ്ങൾ ചോദിക്കാമെന്നും ആയിരിക്കുന്നു.
ലിറ്റിൽ ഫ്ലവർ ഉത്തരം പറഞ്ഞു, “അതെ.” തനിക്കു പാർക്കാൻ തന്റേതായ, തന്റെ മാത്രമായ ഒരു മരം ഉണ്ടെന്നതിൽ താൻ വളരെ സന്തുഷ്ടയാണെന്ന് അവൾ പറഞ്ഞു. കാരണം- ഇതവൾ പറഞ്ഞതല്ല, എന്നാൽ അവളുടെ കണ്ണുകൾ അത്രയും ഇരുണ്ടപ്പോൾ അവ അങ്ങനെ പറഞ്ഞപോലായി- സ്വന്തമാക്കുന്നത് നല്ലതാണ്, സ്വന്തമാക്കുന്നത് നല്ലതാണ്, സ്വന്തമാക്കുന്നത് നല്ലതാണ്. പര്യവേക്ഷകൻ പലവട്ടം കണ്ണു ചിമ്മി.
മാർസെൽ പ്രെട്രെയ്ക്ക് തന്നെത്തന്നെ നിയന്ത്രിക്കാൻ പറ്റാതെവന്ന ദുഷ്കരനിമിഷങ്ങൾ പലതുണ്ടായി. എന്തായാലും അയാൾ തുരുതുരെ കുറിപ്പുകളെങ്കിലും എടുത്തുകൊണ്ടിരുന്നു. കുറിപ്പുകൾ എടുക്കാത്തവരുടെ കാര്യം തങ്ങൾക്കാവും വിധം അവർ തന്നെ നോക്കേണ്ടിവരും.
“നോക്ക്,” വായിച്ചവസാനിപ്പിച്ചപോലെ പത്രം മടക്കിവച്ചുകൊണ്ട് ഒരു വൃദ്ധ പറഞ്ഞു, “നോക്ക്, എനിക്കിതേ പറയാനുള്ളു: താൻ എന്താണ് ചെയ്യുന്നതെന്ന് ദൈവത്തിനറിയാം.”
*
(ദീപിക 2023 വാർഷികപ്പതിപ്പിൽ പ്രസിദ്ധീകരിച്ചത് )
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ