2023, സെപ്റ്റംബർ 30, ശനിയാഴ്‌ച

ഹന്ന ആരെന്റ് - അഭിമുഖം

 ഗുന്തർ ഗാസ്: നിങ്ങൾ ഇപ്പോൾ ന്യൂയോർക്കിലാണ്‌ താമസിക്കുന്നത്. ഭർത്താവ് ഫിലോസഫി പ്രൊഫസറാണ്‌. നിങ്ങൾ കൂടി അംഗമായ അക്കാദമിക് സമൂഹം ബഹുരാഷ്ട്രസ്വഭാവമുള്ളതുമാണ്‌. എന്നാല്ക്കൂടി ഞാനൊന്നു ചോദിക്കട്ടെ, പ്രാഗ്-ഹിറ്റ്ലർ കാലത്തെ യൂറോപ്പിനെക്കുറിച്ചോർത്ത്, അതിനി ഒരിക്കലും തിരിച്ചുവരാൻ പോകുന്നില്ല, നിങ്ങൾക്കു നഷ്ടബോധം തോന്നാറുന്നുണ്ടോ?  യൂറോപ്പിന്റെ കാര്യമെടുത്താൽ താങ്കളുടെ തോന്നലിൽ, എന്താണ്‌ ശേഷിക്കുന്നത്, എന്താണ്‌ തിരിച്ചുകിട്ടാത്തവിധം നഷ്ടപ്പെട്ടത്?

ഹന്ന ആരെന്റ്: പ്രാഗ്-ഹിറ്റ്ലർ കാലത്തെ യൂറോപ്പ്? അതിപ്പോഴും എന്റെ ദാഹമാണ്‌. എന്തു ശേഷിക്കുന്നുവെന്നോ? ഭാഷ ശേഷിക്കുന്നു.

ഗാസ്: നിങ്ങളെ സംബന്ധിച്ച് അതർത്ഥമാക്കുന്നത് വളരെയധികവുമാണ്‌?

ആരെന്റ്: വളരെയധികം. എന്റെ മാതൃഭാഷ നഷ്ടപ്പെടുത്താതിരിക്കാൻ ഞാൻ ബോധപൂർവ്വം ശ്രമിച്ചിട്ടുണ്ട്. അന്നു ഞാൻ നന്നായി സംസാരിച്ചിരുന്ന ഫ്രെഞ്ചിൽ നിന്നും ഇന്നു ഞാനെഴുതുന്ന ഇംഗ്ലീഷിൽ നിന്നും ഞാനെന്നും ഒരകലം പാലിച്ചിട്ടുണ്ട്.

ഗാസ്: ഞാൻ അതു ചോദിക്കാൻ പോവുകയായിരുന്നു. നിങ്ങൾ ഇപ്പോൾ ഇംഗ്ലീഷിലാണെഴുതുന്നത്?

ആരെന്റ്: ഞാൻ എഴുതുന്നത് ഇംഗ്ലീഷിലാണ്‌; എന്നാൽ എനിക്കതിനോട് ഒരകലമുണ്ടെന്നുള്ള തോന്നൽ ഇതേവരെ പോയിട്ടില്ല. നിങ്ങളുടെ മാതൃഭാഷയും മറ്റൊരു ഭാഷയും തമ്മിൽ അതിഭീമമായ ഒരന്തരമുണ്ട്. എന്റെ കാര്യത്തിൽ എനിക്കത് തീർത്തും ലളിതമായി പറയാൻ പറ്റും: ജർമ്മൻ കവിതയുടെ വലിയൊരു ഭാഗം എനിക്കു ഹൃദിസ്ഥമാണ്‌; ആ കവിതകൾ എന്റെ ഹൃദയത്തിന്റെ പിന്നാമ്പുറത്ത് എപ്പോഴുമുണ്ടാവും. ഇംഗ്ലീഷിൽ ചെയ്യാൻ ഞാൻ സ്വയം അനുവദിക്കാത്ത കാര്യങ്ങൾ ഞാൻ ജർമ്മനിലാണു ചെയ്യുക. എന്നു പറഞ്ഞാൽ, ഇംഗ്ലീഷിലും ചിലപ്പോഴൊക്കെ ചെയ്യാറുണ്ടെങ്കിലും (അതിനുള്ള ധൈര്യം വന്നതിനാൽ) പൊതുവേ അതിനോട് ഞാൻ ഒരകലം പാലിക്കാറുണ്ട്. എനിക്കു ശേഷിച്ച പരമപ്രധാനമായ കാര്യവും ഞാനെന്നും ബോധപൂർവ്വം കാത്തുസൂക്ഷിച്ചതും ജർമ്മൻ ഭാഷയാണ്‌.

ഗാസ്: ഏറ്റവും തിക്തമായ കാലഘട്ടത്തിലും?

ആരെന്റ്: എപ്പോഴും. ഞാൻ ആലോചിച്ചു, ഞാനെന്തു ചെയ്യണം? ഭ്രാന്തു പിടിച്ചത് ജർമ്മൻ ഭാഷയ്ക്കല്ല. രണ്ടാമതായി, മാതൃഭാഷയ്ക്ക് ഒരു പകരംവയ്പില്ല. ആളുകൾക്ക് തങ്ങളുടെ മാതൃഭാഷയെ മറക്കാം. അത് ശരിയാണ്‌- ഞാനത് കണ്ടിട്ടുണ്ട്. എന്നെക്കാൾ നന്നായി പുതിയ ഭാഷ സംസാരിക്കുന്നവരുണ്ട്. എന്റെ സംസാരത്തിന്‌ ഇപ്പോഴും ഒരു വൈദേശികച്ചുവയുണ്ട്, ശൈലിയുടെ സൗന്ദര്യവും അതിനില്ല. അവർക്കിതൊക്കെ നന്നായി വഴങ്ങുന്നുണ്ട്. പക്ഷേ അവർ ഇതൊക്കെ ചെയ്യുന്നത് ഒന്നിനു പിന്നാലെ മറ്റൊരു ക്ലീഷേ വരുന്ന ഒരു ഭാഷയിലാണ്‌; കാരണം, സ്വന്തം ഭാഷയിൽ ഒരാൾക്കുള്ള ഉല്പാദനക്ഷമത ആ ഭാഷ മറക്കുന്നതോടെ ഇല്ലാതാവുകയാണ്‌.

(1964 ഒക്ടോബർ 28ന്‌ ഗുന്തർ ഗാസുമായി നടത്തിയ അഭിമുഖത്തിൽ നിന്ന്)

Günter Gaus, “Conversation with Hannah Arendt,” from the Series Zur Person (1964)

അഭിപ്രായങ്ങളൊന്നുമില്ല: