2023, സെപ്റ്റംബർ 13, ബുധനാഴ്‌ച

ഹെർമ്മൻ ഹെസ്സെ - മരങ്ങൾ

 

മരങ്ങളെ ഞാനെന്നും കണ്ടിട്ടുള്ളത് എത്രയും നിശിതദൃഷ്ടികളായ പ്രബോധകന്മാരായിട്ടാണ്‌.

കാടുകളിലും തോപ്പുകളിലും ഗോത്രങ്ങളും കുടുംബങ്ങളുമായി ജീവിക്കുന്ന അവരെ ഞാൻ ആദരിക്കുന്നു. അതിലും കൂടുതലായി ഞാനവരെ ആദരിക്കുന്നത് അവർ ഒറ്റയ്ക്കു നില്ക്കുമ്പോഴാണ്‌. 

ഏകാകികളായ മനുഷ്യരെപ്പോലെയാണവർ.

ഏതോ ദൗബ്ബല്യത്തിന്റെ പേരിൽ പാഞ്ഞൊളിച്ച സന്ന്യാസിമാരെപ്പോലെയല്ല, മറിച്ച്, മഹാന്മാരായ ഏകാകികളെപ്പോലെ, ബീഥോവനെയും നീച്ചയേയും പോലെ. അവയുടെ ഏറ്റവും ഉയർന്ന ചില്ലകളിൽ ലോകം മർമ്മരം വയ്ക്കുന്നുണ്ട്; അവയുടെ വേരുകൾ അനന്തതയിൽ ശയിക്കുകയുമാണ്‌. എന്നാൽ അവിടെയവ സ്വയം നഷ്ടപ്പെടുത്തുന്നുമില്ല. തങ്ങളുടെ ജീവച്ഛക്തിയെല്ലാമെടുത്ത് അവ പൊരുതുന്നത് ഒന്നിനു വേണ്ടി മാത്രമാണ്‌: സ്വന്തം പ്രമാണങ്ങൾക്കനുസൃതമായി സ്വയം നിറവേറാൻ, സ്വന്തം രൂപം പണിതെടുക്കാൻ, സ്വയം ആവിഷ്കരിക്കാൻ.

സുന്ദരവും ബലത്തതുമായ ഒരു മരത്തെക്കാൾ പവിത്രമായി ഒന്നുമില്ല, അനുകരണീയമായി ഒന്നുമില്ല.

ഒരു മരം വെട്ടിമുറിച്ചിടുമ്പോൾ, തന്റെ മരണകാരണമായ മുറിവ് വെയിലത്തു കാട്ടി അതു കിടക്കുമ്പോൾ, അതിന്റെ മിനുങ്ങുന്ന തായ്ത്തടിയിൽ അതിന്റെ ചരിത്രമൊന്നാകെ നിങ്ങൾക്കു വായിക്കാം:അതിന്റെ വാർഷികവലയങ്ങളിൽ, അതിന്റെ മുറിപ്പാടുകളിൽ, അതിന്റെ സംഘർഷങ്ങൾ, അതിന്റെ യാതനകൾ, അതിന്റെ രോഗാവസ്ഥകൾ, സന്തോഷങ്ങളും ഐശ്വര്യങ്ങളും- എല്ലാമെല്ലാം സത്യസന്ധമായി എഴുതപ്പെട്ടിരിക്കുന്നു; ഇടുങ്ങിപ്പോയ വർഷങ്ങൾ, സമൃദ്ധിയുടെ വർഷങ്ങൾ, ചെറുത്തുനിന്ന ആക്രമണങ്ങൾ, അതിജീവിച്ച കൊടുങ്കാറ്റുകൾ.

ഏറ്റവും കടുപ്പമുള്ളതും ഏറ്റവും അഭിജാതവുമായ തടിയ്ക്ക് ഏറ്റവുമിടുങ്ങിയ വലയങ്ങളാണുള്ളതെന്ന് കൃഷിക്കാരുടെ കുടുംബങ്ങളിലെ ഏതു ചെറിയ കുട്ടിക്കുമറിയാം; മലമുകളിൽ, നിരന്തരമായ അപകടങ്ങളെ നേരിട്ടാണ്‌ ഏറ്റവും ബലത്തതും നശിക്കാത്തതുമായ ആദർശവൃക്ഷങ്ങൾ വളരുന്നതെന്നും.

മരങ്ങൾ വിശുദ്ധസങ്കേതങ്ങളാണ്‌.

അവയോടു സംസാരിക്കാനറിയുന്നവർ, അവയ്ക്കു കാതു കൊടുക്കാനറിയുന്നവർ, അവർക്കവയിൽ നിന്നു സത്യം ഗ്രഹിക്കാം. അറിവും പ്രമാണവും അവ പറഞ്ഞുതരുന്നില്ല; അവ പഠിപ്പിക്കുന്നത് ജീവന്റെ ചിരന്തനനിയമമാണ്‌.

മരം പറയുന്നു: എന്റെയുള്ളിൽ ഒരു വിത്ത് ഒളിഞ്ഞിരിക്കുന്നു, ഒരു തീപ്പൊരി, ഒരാശയം, നിത്യജീവനിൽ നിന്നു തെറിച്ചുവീണ ഒരു ജീവൻ. അന്യന്യമാണ്‌ നിത്യയായ മാതാവ് എന്റെ കാര്യത്തിലെടുത്ത ഉദ്യമം; അനന്യം എന്റെ തൊലിയുടെ വടിവും സിരകളും; അനന്യം എന്റെ ചില്ലകളിൽ ഇലകളുടെ എത്രയുമൊതുങ്ങിയ കളിയാട്ടവും; അനന്യം എന്റെ പട്ടയിലെ മുറിപ്പാടും. നിത്യതയെ അതിന്റെ ഏറ്റവും ചെറിയ വിശദാംശത്തിലും രൂപപ്പെടുത്താനും വെളിപ്പെടുത്താനുമത്രേ എന്നെ സൃഷ്ടിച്ചത്.

മരം പറയുന്നു: വിശ്വാസമാണ്‌ എന്റെ ബലം. എന്റെ പൂർവ്വികരെക്കുറിച്ച് എനിക്കൊന്നുമറിയില്ല. വർഷം തോറും എന്നിൽ നിന്നു മുളയ്ക്കുന്ന ആയിരക്കണക്കിനു സന്തതികളെക്കുറിച്ചും എനിക്കൊന്നുമറിയില്ല. എന്റെ വിത്തിന്റെ രഹസ്യവും പേറി അന്ത്യം വരെയും ഞാൻ ജീവിക്കുന്നു. മറ്റൊന്നിനെക്കുറിച്ചും ഞാൻ ശ്രദ്ധിക്കുന്നില്ല. ദൈവം എന്നിലുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ യത്നം പവിത്രമാണെന്ന് ഞാൻ വിശ്വസിക്കുന്നു.

ഈ വിശ്വാസത്തിന്റെ ബലത്തിൽ ഞാൻ ജീവിക്കുന്നു.

നാം വിധിയുടെ അടിയേറ്റു വീഴുമ്പോൾ, ജീവിതം നമുക്കു ദുർവ്വഹമാവുമ്പോൾ, അപ്പോൾ മരത്തിന്‌ നമ്മോടെന്തോ പറയാനുണ്ട്: അടങ്ങൂ! അടങ്ങൂ! എന്നെ നോക്കൂ! ജീവിതം അനായാസമല്ല, ജീവിതം ദുഷ്കരമല്ല. അതെല്ലാം ബാലിശമായ ചിന്തകളാണ്‌.

നിങ്ങൾക്കുള്ളിൽ ദൈവം സംസാരിക്കട്ടെ, അപ്പോൾ നിങ്ങളുടെ ചിന്തകൾക്കു നാവില്ലാതാകും. നിങ്ങൾ ഉത്കണ്ഠാകുലനാണെങ്കിൽ അമ്മയിൽ നിന്നും വീട്ടിൽ നിന്നും അകന്നുപോകുന്നു നിങ്ങളുടെ പാത എന്നതുകൊണ്ടാണത്. എന്നാൽ ഓരോ ചുവടും ഓരോ നാളും നിങ്ങളെ പിന്നെയും അമ്മയുടെ അടുത്തെത്തിക്കുകയും ചെയ്യും. വീട് ഇവിടെയല്ല, അവിടെയുമല്ല. വീട് നിങ്ങൾക്കുള്ളിലാണ്‌, അഥവാ അതെവിടെയുമല്ല.

സായാഹ്നത്തിൽ മരങ്ങൾ കാറ്റത്തിളകുന്നതു കേൾക്കുമ്പോൾ അലഞ്ഞുനടക്കാനുള്ള ഒരു ദാഹം എന്റെ ഹൃദയത്തെ പിളരുന്നു. ഏറെ നേരം നിശ്ശബ്ദനായി അതു കേട്ടുകൊണ്ടിരുന്നാൽ ആ അഭിലാഷം അതിന്റെ കാമ്പ്, അതിന്റെ പൊരുൾ വെളിപ്പെടുത്തുകയും ചെയ്യും.

സ്വന്തം പീഡകളിൽ നിന്നുള്ള ഒരു രക്ഷപ്പെടലല്ല അത്, അങ്ങനെയാണെന്നു തോന്നിയാലും. ആ ദാഹം വീടിനു വേണ്ടിയാണ്‌, അമ്മയുടെ ഒരോർമ്മയ്ക്കു വേണ്ടിയാണ്‌, ജീവിതത്തിന്റെ പുതിയ രൂപകങ്ങൾക്കു വേണ്ടിയാണ്‌. ഏതു വഴിയും വീട്ടിലേക്കുള്ള വഴിയാണ്‌, ഓരോ ചുവടുവയ്പും ജനനമാണ്‌, ഓരോ ചുവടുവയ്പും മരണമാണ്‌, ഓരോ ശവക്കുഴിയും അമ്മയാണ്‌.

സ്വന്തം ബാലിശചിന്തകൾക്കു മുന്നിൽ നാം സ്വസ്ഥത കെട്ടു നില്ക്കുമ്പോൾ സായാഹ്നത്തിൽ മരങ്ങൾ മർമ്മരം വയ്ക്കുന്നു. മരത്തിനുള്ളത് ദീർഘചിന്തകളാണ്‌, ദീർഘമായ ശ്വാസമാണ്‌; നമ്മെക്കാൾ ദീർഘായുസ്സുകളുമാണവ.

നാമവയ്ക്കു കാതു കൊടുക്കാത്തിടത്തോളം കാലം നമ്മെക്കാൾ ജ്ഞാനികളുമാണവ. എന്നാൽ മരങ്ങൾക്കു കാതു കൊടുക്കേണ്ടതെങ്ങനെയെന്നു പഠിച്ചുകഴിഞ്ഞാൽ നമ്മുടെ ചിന്തകളുടെ സംക്ഷിപ്തതയും ബാലിശമായ തിടുക്കവും അതുല്യമായ ഒരാനന്ദം കൈവരിക്കുകയും ചെയ്യുന്നു.

മരങ്ങൾക്കു കാതു കൊടുക്കാൻ പഠിച്ചവനു പിന്നെ മരമാകാനുള്ള ആഗ്രഹവും ഇല്ലാതാകുന്നു. അയാൾക്ക് താനല്ലാതെ മറ്റൊന്നുമാകേണ്ട.

അതാണ്‌ വീട്. അതാണ്‌ സന്തോഷം.

അഭിപ്രായങ്ങളൊന്നുമില്ല: