2016, സെപ്റ്റംബർ 27, ചൊവ്വാഴ്ച

ചോ ധർമ്മൻ - പടക്കങ്ങൾ

11062316_1127757320586888_4743843391970524079_n

കെട്ടിടങ്ങൾക്കു കുറച്ചപ്പുറത്തുള്ള ഒരു സിമന്റ് തറയിൽ അവർ വട്ടം കൂടിയിരിക്കുന്നു. അധികം ഉയരമില്ലാതെ  പണിത  ആ ചതുരത്തറ നിറയെ കുട്ടികളാണ്‌. ഓരോ ആളുടെ മുന്നിലും ലോഹച്ചുറ്റുകളുടെ കെട്ടുകൾ അട്ടികളാക്കി വച്ചിട്ടുണ്ട്; തലേ ദിവസം അവർ അതിൽ വെടിമരുന്നു നിറച്ച് തിരി കയറ്റി വച്ചതാണ്‌. അച്ചിൽ നിന്നു മാറ്റി പടക്കങ്ങൾ വെയിലത്തുണക്കാൻ വയ്ക്കുകയാണ്‌ ഇന്നു ചെയ്യാനുള്ളത്. ഫോർമാൻ ശങ്കരൻ പിള്ള റോന്തു ചുറ്റലിനിറങ്ങിയിട്ടുണ്ട്.

“ഡേയ്!” അയാൾ ഒച്ചയിട്ടു, “അതു തറയിലിട്ടിടിക്കരുത്. അടിയിലെ മരുന്ന് തെറിച്ചു പുറത്തു പോകും. ഞെക്കിപ്പിടിച്ചൂരെടാ. ഡേയ്, പിരാക്കൻ, പറഞ്ഞതു കേട്ടോടാ, കള്ളനായേ?”
പിരാക്കൻ പരക്കെ നോക്കി. എന്നിട്ടവൻ പറഞ്ഞു, “കേട്ടോ, വേലുച്ചാമീ? കൃത്യം നേരം വെളുക്കുമ്പോൾ ഞെക്കിയിറക്കണമെന്നാ ഫോർമാൻ അണ്ണാച്ചി പറയുന്നത്!”

എല്ലാവരും പൊട്ടിച്ചിരിച്ചു. ആ ധിക്കാരം കേട്ട് കറുപ്പായിയുടെ നാവിറങ്ങിപ്പോയി. ശങ്കരൻ പിള്ള കോപാകുലനായി. “റാസ്ക്കൽ! എന്താടാ പണി ചെയ്യുന്നിടത്ത് ഇത്രയും ഒച്ച? പെട്ടെന്നു പണി തീർത്ത് പടക്കം ഉണക്കാൻ വച്ചില്ലെങ്കിൽ ഇന്നിനി വെറും കൈയോടെ ഇരിക്കേണ്ടി വരും. പിന്നെ കഞ്ഞിക്കലവുമെടുത്തങ്ങു വീട്ടിൽ പോയാൽ മതി.”

ശങ്കരൻ പിള്ളയുടെ ഭീഷണികൾ ആരും കേൾക്കുന്നു പോലുമുണ്ടായിരുന്നില്ല.

ഒഴിഞ്ഞ കുഴലുകളിൽ മരുന്നു നിറയ്ക്കുന്ന ഫോർമാൻ കൊളമ്പൻ കയറിവന്നു. അയാളുടെ കറുത്തിരുണ്ട ദേഹം അലൂമിനിയം പൊടി പറ്റിപ്പിടിച്ച് മിനുങ്ങുന്നുണ്ടായിരുന്നു.

“ആരാ വന്നതെന്നു നോക്കിയേ! വെള്ള സായിപ്പ്! തിരി വയ്ക്കാൻ കുഴലു റെഡിയാണോ, സായിപ്പേ?” ഒരു കുട്ടി ചോദിച്ചു.

പടിഞ്ഞാറേ മൂലയ്ക്ക് തിരിയുണ്ടാക്കുന്ന പണി ഊർജ്ജസ്വലമായി നടക്കുന്നുണ്ട്. നീളത്തിലുള്ള ചരടുകൾ ബക്കറ്റുകളിൽ നിറച്ചു വച്ചിട്ടുള്ള കറുത്ത കുഴമ്പു പോലത്തെ കെമിക്കലിൽ മുക്കിയെടുക്കുകയാണ്‌. ഈ ചരടുകൾ പിന്നെ വിലങ്ങനെ കെട്ടിയിട്ടുള്ള കഴകളിൽ തൂക്കി ഉണങ്ങാനിടുന്നു. ഉണങ്ങുമ്പോൾ ചരടുകൾ വലിഞ്ഞുമുറുകി വെടിത്തിരയ്ക്കു പാകത്തിലാവുകയാണ്‌. അതു പിന്നെ കനം കുറഞ്ഞ വെള്ളക്കടലാസ്സിൽ ചുരുട്ടിയെടുത്തിയിട്ട് അളവു നോക്കി മുറിച്ചെടുക്കും; എന്നിട്ട് തുമ്പ് വെടിമരുന്നിൽ മുക്കി പടക്കച്ചുറ്റിൽ തിരുകിവയ്ക്കുന്നു. മുഖത്തു കറുത്ത കെമിക്കലിന്റെ പാടുകളുമായി ജോലി ചെയ്യുന്ന ആ കുട്ടികളെ കണ്ടാൽ സർക്കസിലെ കോമാളികളെപ്പോലിരുന്നു.
അതൊരു കുഴപ്പം പിടിച്ച പണിയുമായിരുന്നു. വേസ്റ്റേജ് കൂടുതലായാൽ ശമ്പളത്തിൽ കട്ടു വരും; തിരിയ്ക്കു മുറുക്കം കുറഞ്ഞാൽ അതിനു വേറെ.

“പെട്ടെന്നാവട്ടെടാ, തന്തയില്ലാത്തവന്മാരേ! പടക്കമെല്ലാം ചുറ്റിൽ നിന്നിളക്കിയോടാ? മിക്കേലൂ, ഒഴിഞ്ഞ ചുറ്റെല്ലാം വാരിക്കൂട്ടി അങ്ങോട്ടിട്.”

മിക്കേൽ പുറത്തു കേൾക്കാതെ പിറുപിറുത്തു, “പണി ചെയ്യിക്കാൻ വല്ലാത്ത മിടുക്കു തന്നെ!” അവൾ കുനിഞ്ഞ് ചുറ്റുകൾ പെറുക്കി തന്റെ തോളു വരേയ്ക്കും കൈകളിൽ കോർത്തെടുത്തു. ജൽ...ജൽ...ജൽ...അവൾ ചുറ്റുകൾ ചിലമ്പിച്ച് അതിനൊപ്പിച്ചു ചുവടു വയ്ച്ചു.

“കടവുളേ! അതു നോക്ക്, ഷണ്മുഖാണ്ണേ,” ഒരു പയ്യൻ വിളിച്ചു പറഞ്ഞു, “ദാവണി ചുറ്റാൻ തുടങ്ങിയതിൽ പിന്നെ ആളൊരു സുന്ദരിയായിരിക്കുന്നു.” മിക്കേൽ ചുണ്ടു പിളുത്തിക്കാണിച്ചു.
അവൾ കോപം അഭിനയിച്ചുകൊണ്ട് ഒരൊഴിഞ്ഞ ചുറ്റെടുത്ത് അവന്റെ നേർക്കെറിഞ്ഞു. അവൻ ചിരിച്ചുകൊണ്ട് തല താഴ്ത്തിക്കളഞ്ഞു.
“അണ്ണാച്ചീ, എല്ലാം ഉണക്കാനിട്ടു. ഒഴിഞ്ഞ ചുറ്റൊക്കെ കൂട്ടി വച്ചിട്ടുണ്ട്.”

പച്ചപ്പുല്ലു തേടിപ്പോകുന്ന വെള്ളാടുകളെപ്പോലെ അവർ ഓടിപ്പോയി. തിരി കയറ്റാനുള്ള ഒഴിഞ്ഞ ചുറ്റുകൾ അവിടെ കൂടിക്കിടന്നു.

ഫോർമാന്റെ കല്പനകൾ ദൂരത്തുള്ള കെട്ടിടങ്ങളിൽ തട്ടി പ്രതിധ്വനിക്കുകയായിരുന്നു.
“ഡേയ്, വാടാ! ആറായിരം സെയിന്റ്, നാലായിരം ബിജ്ലി, നാലായിരം ഗോവ, എണ്ണായിരം തുക്കട, ഒപ്പം ആയിര സാദായും പാക്കറ്റാക്കണം- ഇപ്പത്തന്നെ!”
ഓരോരുത്തരും നൂറും ഇരുന്നൂറും വീതമെടുത്ത് അടുക്കിവച്ചു. ഓരോ ചുറ്റിലും ഇനി ചേടിയും കളിമണ്ണും കുഴച്ചു തേക്കണം. ചുറ്റുകൾ ഉണങ്ങിക്കഴിഞ്ഞാൽ ഇരുമ്പുസൂചി കൊണ്ട് അതിൽ ഓട്ടയുണ്ടാക്കും. ഈ ഓട്ടയിലൂടെയാണ്‌ പിന്നെ തിരി തിരുകിക്കയറ്റുന്നത്.

കുട്ടികൾ വട്ടത്തിലിരുന്ന് ഓട്ടയുണ്ടാക്കിക്കൊണ്ടിരുന്നു. ഉച്ചവെയിലത്തു കൊത്തിപ്പെറുക്കുന്ന കോഴികളെപ്പോലെ തോന്നും. പമ്പരങ്ങൾ പോലെ അവരുടെ വിരലുകൾ തിരിഞ്ഞു.

“ഡേയ്, സൂചി പതുക്കെ കേറ്റെടാ. ചേടി നേരേ ഉള്ളിലേക്കു പോകട്ടെ. സൂചി തിരിച്ചുതിരിച്ചു വേണം ഊരിയെടുക്കാൻ. അല്ലെങ്കിൽ ചെളിയെല്ലാം പുറത്തു പോരും.“

”അണ്ണാച്ചീ, അവൻ പുതിയ പയ്യനാ. അവനതു ശരിക്കറിയത്തില്ല.“

”അതൊക്കെ എന്താടാ പഠിക്കാനുള്ളത്? ഡേയ്, തങ്കമാടാത്തീ, അവനതു കാണിച്ചു കൊടുക്ക്. ഷണ്മുഖവടിവേ, നീയുമൊന്നു സഹായിക്ക്.“

എല്ലാവരും അടക്കിപ്പിടിച്ചു ചിരിച്ചു. പണി തീർന്ന ചുറ്റുകളെടുത്ത് ഉണക്കാൻ വയ്ച്ച ശേഷം അവർ പിന്നെയും വന്നിരുന്നു.

ചേടി നിറച്ച ചുറ്റുകൾ കൂടിക്കിടന്നപ്പോൾ എത്രയോ ചെരാതുകൾ പോലെ. ഇടുപ്പു കഴയ്ക്കുമ്പോൾ പണിക്കാർ ഇടയ്ക്കിടെ ഇരിപ്പിന്റെ രീതി ഒന്നു മാറ്റും. ചുറ്റുകൾ കുറേയായിക്കഴിഞ്ഞാൽ അവർ തിരി വാങ്ങാൻ ഓടുകയായി. മുറുക്കമുള്ള നല്ല തിരികൾ കിട്ടാൻ അവർ തമ്മിൽത്തമ്മിൽ വഴക്കിടും. തിരികളുണ്ടാക്കുന്ന ഷണ്മുഖയ്യ സരോജയ്ക്ക് ഏറ്റവും നല്ല കുറച്ചു തിരികൾ ആരും കാണാതെ എടുത്തു കൊടുത്തു. അതു വാങ്ങുമ്പോൾ സരോജ ചിരിച്ചുകൊണ്ട് അല്പം കറുത്ത കുഴമ്പെടുത്ത് അവന്റെ മുഖത്തു തേച്ചിട്ട് ഓടിക്കളഞ്ഞു. ഷണ്മുഘയ്യ ഏഴാം സ്വർഗ്ഗത്തിലായി.

അവരിപ്പോൾ പടക്കങ്ങൾ ഇനം തിരിയ്ക്കുന്ന തിരക്കിലാണ്‌. സെയിന്റ് വലിയ ശബ്ദത്തിൽ പൊട്ടുന്ന ചുവന്ന നിറത്തിലുള്ള ഒരു പടക്കമാണ്‌; അതിന്റെ ചെറിയ രൂപമാണ്‌ സാദാ; ബിജ്ലി പല നിറത്തിൽ വർണ്ണക്കടലാസു ചുറ്റിയ പടക്കമാണ്‌.

തിരിയിടാൻ ഇരുന്നു കഴിഞ്ഞാൽ പിന്നെ എഴുന്നേല്ക്കാൻ പറ്റില്ലെന്ന് അവർക്കറിയാമായിരുന്നു. അതിനാൽ അതിനു മുമ്പാണ്‌ അവരുടെ മുഖം കഴുകലും കഞ്ഞി കുടിക്കലും. കടത്തിനു വട വില്ക്കുന്ന കിഴവി വലിയ പെട്ടിയുമെടുത്തു വന്നിട്ടുണ്ട്. തോട്ടത്തിലെ കിണറിൽ കൈ കഴുകാൻ വന്നവരെ തോട്ടക്കാരൻ ഓടിച്ചു വിടുകയാണ്‌.

“ഏയ്, തേവിടിയാപ്പൈതങ്ങളേ! ഓടിക്കോ, ഇല്ലെങ്കിൽ കാലു ഞാൻ തല്ലിയൊടിക്കും. നിന്റെയൊക്കെ ചണ്ടി കഴുകാൻ ഇങ്ങോട്ടാണോടാ വരുന്നത്, ങ്ഹേ? നീയൊക്കെ തൊട്ടാൽ പിന്നെ പോത്തു പോലും ആ വെള്ളം കുടിക്കത്തില്ല. പൊയ്ക്കോണമിവിടുന്ന്, പ്ശാശുക്കളേ!” അയാൾ അവർക്കു നേരേ എടുത്തെറിഞ്ഞ മൺകട്ട തലാനാരിഴയ്ക്കു ലക്ഷ്യം തെറ്റി തറയിൽ വീണു പൊടിഞ്ഞു.

“ആ കൂത്തിമകനെ ഞാനൊരു ദിവസം ഒരു പാഠം പഠിപ്പിക്കും. അവന്റെ കിണറ്റിൽ ഞാൻ വെടിമരുന്നു കലക്കും,” എല്ലാവരും കൂടി ഇറങ്ങിപ്പോരുമ്പോൾ പിരാക്കൻ പിറുപിറുത്തു.
ഇല തഴച്ച വേപ്പു മരത്തിന്റെ ചുവട്ടിൽ അവർ വട്ടത്തിൽ അടുത്തുകൂടി ഇരുന്നു. അവരുടെ മൂക്കിലും മുഖത്തും കൈകളിലും പുരണ്ടിരുന്ന അലൂമിനിയം കലർന്ന കരിപ്പൊടിയെക്കുറിച്ചാലോചിക്കാൻ അവരാരും മിനക്കെട്ടില്ല.

“നിന്നെ ഇന്നലെ സിനിമയ്ക്കു കണ്ടില്ലല്ലോ?”

“നല്ല സിനിമ ആയിരുന്നോ?”

“പിന്നേ. നല്ല കൂട്ടവുമുണ്ടായിരുന്നു. വിയർത്തൊലിച്ച് ക്യൂവിൽ നില്ക്കുമ്പോൾ എനിക്കാകെ വല്ലാതെ തോന്നി. ചുറ്റും നിന്നവരൊക്കെ എന്റെ അഴുക്കു പിടിച്ച മുഖത്തു തന്നെ നോക്കുകയായിരുന്നു; എന്റെ ദേഹത്തെ നാറ്റം കൊണ്ട് തനിക്കു ശ്വാസം മുട്ടുന്നുവെന്നു കൂടി ഒരുത്തൻ പറഞ്ഞു. ഞാനെന്റെ നാവു പിഴുതെടുത്ത് അവിടെക്കിടന്നു ചത്തേനെ; അത്രയ്ക്കെനിക്കു നാണക്കേടു തോന്നി.“

”നമ്മളെന്തു ചെയ്യാൻ? ആ നശിച്ച അമ്മമാർ നമ്മളെ പെറ്റ നേരം അതായിപ്പോയി. ഈ ജോലി കളഞ്ഞിട്ടു നീ എങ്ങോട്ടു പോകും? നേരം പുലർന്നാൽ നീ വഴിയരികിൽ കുത്തിയിരിക്കും, ആരെങ്കിലും എന്തെങ്കിലും പണിയ്ക്കു വിളിക്കുമെന്നും കാത്ത്.“

”നമുക്കു പരിചയമായതു കൊണ്ട് ഈ നശിച്ച നാറ്റം നമ്മളറിയുന്നില്ല. ആരുടെയെങ്കിലും മുഖത്തു നോക്കാൻ തന്നെ എനിക്കു നാണക്കേടാണ്‌; എനിക്കറിയാം അറപ്പു കാരണം അയാൾ മുഖം ചുളിക്കുന്നുണ്ടാവുമെന്ന്.“

അവർ കുഴമ്പു പരുവത്തിൽ കെമിക്കലൊഴിച്ചു വച്ചിരുന്ന കിണ്ണങ്ങളിൽ തിരി മുക്കി പടക്കങ്ങളിൽ തിരുകിക്കയറ്റുകയാണ്‌.

”ഡേയ്! തിരി ശരിക്കു തിരുകിക്കേറ്റെടാ. അങ്ങേരിപ്പോൾ ചെക്കു ചെയ്യാൻ വരും. തിരി ലൂസായിക്കണ്ടാൽ അയാൾ നിന്റെ കണക്കിൽ നാലെണ്ണം കുറയ്ക്കും.“

ശങ്കരൻ പിള്ളയുടെ ഉച്ചത്തിലുള്ള ശാസനകൾ ഒരിക്കലും തീരില്ലെന്ന് അവർക്കറിയാമായിരുന്നു.

അവർ ജോലി ചെയ്യുന്ന ആ കൊച്ചു കെട്ടിടങ്ങൾക്ക് നാലു വശത്തും വാതിലുകളുണ്ടായിരുന്നു. ഓരോ വാതിലിനടുത്തും വെള്ളത്തൊട്ടികളുമുണ്ട്. ആ മുറികളിൽ ഓരോന്നിലും ചെറുപ്പക്കാരും പ്രായമായവരും തീപ്പെട്ടിക്കൂടിൽ കോലുകൾ പോലെ അടുങ്ങിയടുങ്ങിയിരുന്ന് പണിയെടുക്കുകയാണ്‌.

പുതുതായി വന്ന പയ്യൻ ചോദിച്ചു, ”ഈ കൊച്ചു മുറിക്കെന്തിനാ നാലു വാതിൽ?“

”ഓ, അതോ! ഇൻസ്പെക്റ്റർ വരുന്ന ദിവസം നോക്കിക്കോ. അന്നറിയാം.“

മുറിയിൽ പൊട്ടിച്ചിരികൾ മുഴങ്ങി. ആ പാവം പയ്യൻ സംഗതി പിടി കിട്ടാതെ തലയും കുമ്പിട്ടിരുന്നു. എന്നിട്ടവൻ ദയനീയമായി പിരാക്കനെ നോക്കി.

“അതിന്റെ ഉത്തരം അറിയാമെങ്കിൽ അവൻ ഏഴിൽ തോറ്റിട്ട് നമ്മുടെ കൂടെ ഇവിടെയിരുന്ന് ദിവസവും ഈ കരിവിഷം വിഴുങ്ങുമായിരുന്നോ?”

“മിണ്ടാതിരിയെടാ, കഴുതേ. നീ വലിയ അറിവാളിയാണല്ലേ? എന്നിട്ടെന്താ പഠിച്ചു വലിയ ഉദ്യോഗത്തിനൊന്നും പോകാതിരുന്നത്? നീയെങ്ങനെ ഇവിടെ വന്നടിഞ്ഞു?” പിരാക്കന്റെ പൊട്ടിത്തെറി ആ പച്ചനിക്കറുകാരന്റെ വായടപ്പിച്ചു കളഞ്ഞു.

“നിയമം പറഞ്ഞാൽ ഈ മുറിയിൽ ഒരു സമയത്തു നാലു പേരേ കാണാൻ പാടുള്ളു. ഈ നാലു പേരും അടുത്തിരിക്കാനും പാടില്ല. ഓരോ ആളും വാതിലിനടുത്തു വേണം ഇരുന്നു ജോലി ചെയ്യാൻ. ഒരു ചുറ്റിൽ തിരി ഉറപ്പിച്ചു കഴിഞ്ഞാൽ അതെടുത്ത് ആ തറയിൽ കൊണ്ടുപോയി വച്ചിരിക്കണം. തിരി വച്ച പടക്കം മുറിയിൽ ഉണ്ടാകാൻ പാടില്ല. ഓരോ തവണ പുറത്തു പോയിട്ടു വരുമ്പോഴും തൊട്ടിയിലെ വെള്ളത്തിൽ കാലു കഴുകിയിട്ടു വേണം ഉള്ളിൽ വരാൻ...അതാണു നിയമം.”

“ഇല്ലെങ്കിൽ?”

“ഇല്ലെങ്കിൽ നിന്റെ കാലടിയിലെ മണൽത്തരി സിമന്റു തറയിലുരഞ്ഞ് തീപ്പൊരിയുണ്ടായി തറയിലെ വെടിമരുന്നിനു തീ പിടിക്കും. ഇവിടെയുള്ള പടക്കമെല്ലാം പൊട്ടിത്തെറിച്ച് നീയും കത്തി ചാമ്പലാകും. ആ പാവം ചങ്കിലിയ്ക്കു പറ്റിയ പോലെ.”

അവർ അമർത്തിച്ചിരിച്ചു. ഇവിടെ സാധാരണ ഒരു വാതിൽ മാത്രം അല്പം തുറന്നു വയ്ക്കും; മറ്റുള്ളവ പൂട്ടിക്കിടക്കും. വെള്ളത്തൊട്ടി ചവറിടാനുള്ളതായിക്കഴിഞ്ഞിരുന്നു. “നാലു പേർ മാത്രം” എന്നെഴുതി ചുമരിൽ തൂക്കിയിരുന്ന ബോർഡിൽ നാലു കഴിഞ്ഞിട്ട് ഒരു പൂജ്യം കൂടി ആരോ വരച്ചു ചേർത്തിരുന്നു- അതേ കറുത്ത കെമിക്കൽ കൊണ്ട്!

തിരി കയറ്റിയ പടക്കച്ചുറ്റുകൾ സിമന്റു തറയിൽ വന്നു നിറയുകയായിരുന്നു. ദൂരെ നിന്നു നോക്കുമ്പോൾ കരിമണ്ണു തുളച്ചു പുറത്തു വരുന്ന പുതുമുളകൾ പോലെ തോന്നും.

“ഈ സരോജയ്ക്കു മാത്രം ഏറ്റവും നല്ല തിരി കിട്ടുന്നതൊരു രഹസ്യമാണല്ലോ,” വേലുച്ചാമി ഉറക്കെ ആത്മഗതം ചെയ്തു.

“നീയൊരു മണ്ടനാ, വേലുച്ചാമീ. അതു വെറും വെടിത്തിരിയല്ല. വിളക്കുതിരിയാണ്‌; മംഗളകർമ്മത്തിനുള്ളത്.”

“മംഗളകർമ്മം? സരോജ ഇത്ര പെട്ടെന്നു തിരി വയ്ക്കുന്നതെന്തു കൊണ്ടാണെന്ന് ഇപ്പോഴെനിക്കു മനസ്സിലായി.”

ഉള്ളിൽ പതഞ്ഞുയർന്ന ചിരി അമർത്താൻ സരോജ ചുണ്ടു കടിച്ചു. ഈ കുട്ടിപ്പൂതങ്ങളുടെ ഒരു കാര്യം. അവരുടെ കണ്ണു വെട്ടിച്ച് ഒരു കാര്യവും നടക്കില്ല. അവർക്കവളെ തോണ്ടിക്കൊണ്ടിരിക്കാൻ ഇഷ്ടമായിരുന്നു; അവളുടെ വായിൽ നിന്നെന്തെങ്കിലുമൊന്നു വീണുകിട്ടിയാലോ!

ഒരു കൊച്ചുപയ്യൻ വാതിലിനടുത്തു വന്ന് ഒരു പൊതിയെടുത്ത് സരോജയെ ഏല്പിച്ചു. അവൾ അതു തുറന്നു നോക്കുമ്പോൾ അതിൽ നാലു സുശിയവും വടയും ഉണ്ടായിരുന്നു.

“ഇതാരു തന്നു?”

“ഇതിവിടെ തരാൻ ഷണ്മുഖണ്ണാച്ചി പറഞ്ഞു.”

“ഏതു ഷണ്മുഖം? തിരിയുണ്ടാക്കുന്നയാളോ?”

പയ്യൻ തലയാട്ടിയിട്ട് ഓടിപ്പോയി.

“വേലുച്ചാമീ, ഇപ്പോ നിനക്കു പിടി കിട്ടിയോ സരോജയ്ക്ക് ഏറ്റവും നല്ല തിരി കിട്ടുന്നതെങ്ങനെയാണെന്ന്?”

പൊതിയെടുത്ത് സാരിക്കുള്ളിൽ ഒളിപ്പിക്കുമ്പോൾ സരോജയുടെ മുഖം തുടുത്തു.

“സരോജക്കാ! മിക്കേലും കൊളമ്പനും ഇപ്പോൾ കണ്ടാൽ മിണ്ടാറില്ലെന്നു തോന്നുന്നു.”

“അവരുടെ പാശമൊക്കെ കഴിഞ്ഞു.”

“എന്നു പറഞ്ഞാൽ?”

“എന്നു പറഞ്ഞാൽ നിന്റെ തള്ളച്ചി! വിസ്തരിച്ചു പറഞ്ഞാലേ എല്ലാം നിനക്കു തലയിൽ കേറൂ! നിനക്ക് മിക്കേലിന്റെ താഴെയുള്ളതിനെ അറിഞ്ഞൂടേ, ആ വെളുത്ത കൊച്ചിനെ?”

“അറിയാം.”

“അവൾക്ക് അഞ്ചു മാസം വയറ്റിലുണ്ട്.”

“ഹൊ, ആരാണെന്നാ അവൾ പറയുന്നത്?”

“ഗോവാലു, പായ്ക്കിങ്ങിലെ.”

“കടവുളേ! അവനു പാലുകുടി മാറിയിട്ടില്ലല്ലോ!”

“അവനെന്താ പറയുന്നത്?”

“താനല്ലെന്ന് അവൻ ആണയിടുന്നു. അവൻ ജോലിക്കു വന്നിട്ടിപ്പോൾ പത്തു ദിവസമായി.”

“അനിയത്തി ഈ വഴിക്കു പോയതിന്‌ ചേട്ടത്തിയും ആ വഴിക്കു പോകണമെന്നില്ലല്ലോ.”

“നീയിതു കൊളമ്പനോടു പറഞ്ഞോ?”

ഞാനെന്തിനാ ഇതിലിടപെടുന്നത്?“

”എന്നാപ്പിന്നെ വായ മൂട്.“

ശങ്കരൻ പിള്ളയുടെ അലർച്ച അവർ കേട്ടു: ”തേവിടിയാമക്കളേ! മരുന്നിട്ടു കഴിഞ്ഞാൽ അപ്പൊഴേ പടക്കമെടുത്ത് തറയിൽ കൊണ്ടുവച്ചേക്കണം. ഒരെണ്ണമെങ്കിലും ഇവിടെ കണ്ടാൽ ഞാൻ കൂലിയിൽ കുറയ്ക്കും. പിന്നെ എന്നെ കുറ്റം പറയരുത്.“ കുട്ടികൾ ചുറ്റുകൾ വാരിക്കൂട്ടി തറയിൽ കൊണ്ടുവയ്ക്കാൻ ഓടി.

”അഞ്ചു മാസമായിട്ടും ആ തള്ള അറിഞ്ഞില്ലെന്നാണോ നീ പറയുന്നത്? എന്തൊരു സ്ത്രീയാണവർ? കാലത്തു തല ചുറ്റലും ഛർദ്ദിയുമുണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് ഏതു മച്ചിക്കുമറിയാമല്ലോ.“

”ആ പാവം തള്ള എന്തു ചെയ്യാനാ? മകൾ ഓക്കാനിക്കുനതു കാണാൻ അവരെന്താ എപ്പോഴും വീട്ടിലിരിക്കുകയാണോ? എന്തോ പന്തികേടു കണ്ടപ്പോൾ അവർ ഉടനേ അവളെ ആശുപത്രിയിൽ കാണിച്ചു. ആ നാറി ഡോക്ടർ ഒന്നും തുറന്നു പറഞ്ഞില്ല. മകൾ ഏതെങ്കിലും കമ്പനിയിലാണോ പണിയെടുക്കുന്നതെന്നു മാത്രം ചോദിച്ചു. വിഷവായു ശ്വസിച്ചിട്ടാണ്‌ മകളുടെ വയറു വീർത്തിരിക്കുന്നതെന്ന് തള്ള കരുതി. അതിനാൽ അവരതു പിന്നെ കാര്യമാക്കിയതുമില്ല. പക്ഷേ സംഗതി ഇന്നതാണെന്നു പിടി കിട്ടിയപ്പോഴേക്കും സമയം വൈകിപ്പോയി. നേരത്തേ അറിഞ്ഞിരുന്നെങ്കിൽ അതങ്ങ് അലസിപ്പിച്ചു കളയാമായിരുന്നു. ഇതു പുതിയ കാര്യമൊന്നുമല്ലല്ലോ. സർക്കാരാശുപത്രിയിൽ പോകുന്നതിനു പകരം കമ്പനി ഡോക്ടറെ കണ്ടാൽ മതിയായിരുന്നു.എബനിസർ ഏഴാം മാസത്തിൽ ചാപിള്ളയെ പെറ്റതല്ലേ? എന്നിട്ടവളു ചാത്തോ? ഇല്ല. അവൾക്കൊരു കുഴപ്പവുമില്ല.“

”ഏയ്, അക്കാ, എനിക്കിനി രണ്ടു ചുറ്റു കൂടിയുണ്ട്, പക്ഷേ തിരിയില്ല. ഫോർമാന്റടുത്തു ചെന്നാൽ അയാൾ ചീറിക്കൊണ്ടു വരും. രണ്ടു തിരി തരാമോ?“ അടുത്ത മുറിയിലിരുന്നു പണി ചെയ്യുന്ന തങ്കരാജ് ഒരു പച്ചച്ചിരിയുമായി സരോജയുടെ അടുത്തു ചെന്നു.

”ആദ്യം നീ എന്റെ ചുറ്റിൽ തിരിയിടാനൊന്നു സഹായിക്ക്; എന്നിട്ടു പിന്നെ നിനക്കു വേണ്ടതെടുത്തോ.“

”അക്കാ, ഒന്നു സഹായിക്കക്കാ!“

”നീ ചുറ്റെടുത്തു കൊണ്ടുവാ, ഞാൻ തിരി തരാം.“

”അതാ ഫോർമാനെങ്ങാനും കണ്ടാൽ അയാളെന്നെ ജീവനോടെ തിന്നുമക്കാ.“

”ഫോർമാനോടു പോയി ചാവാൻ പറ. നീ ആണല്ലേ.  വാടാ.“

തങ്കരാജ് സരോജയുടെ മുന്നിൽ വന്നിരുന്നു. ഒമ്പതാം ക്ളാസ്സിൽ പഠിപ്പു നിർത്തിയിട്ട് അവന്റെ അനിയന്റെ കൂടെ ഇവിടെ പണിക്കു ചേർന്നതാണ്‌. അവനു പ്രായത്തിലും കൂടുതൽ പൊക്കമുണ്ടായിരുന്നു.

”നിന്റെ ചേച്ചിയെ ആരൊക്കെയോ കാണാൻ വന്നെന്നു കേട്ടല്ലോ. എന്നിട്ടെന്തായി?“

”ഓ! അതിനെക്കുറിച്ചൊന്നും ചോദിക്കണ്ട. കഴിഞ്ഞ മാസം ഊരാളക്കുടിയിൽ നിന്ന് ഒരു ചെറുക്കൻ വന്നിരുന്നു. പയ്യൻ കുഴപ്പമില്ല. വലിയ കൃഷിക്കാരാണ്‌, ഒറ്റ മോനാണ്‌. പെൺകുട്ടി വയലിലിറങ്ങി പണി ചെയ്യുമോയെന്ന് അവർക്കറിയണം. പറ്റില്ലെന്ന് ചേച്ചി തല കുലുക്കി.“

”അതിൽ ഞാൻ കുറ്റം പറയില്ല. കൃഷിയുള്ള വീട്ടിൽ പോയാൽ വയലിലിറങ്ങാതെ പറ്റില്ല. പൊള്ളുന്ന വെയിലും കൊണ്ട് പണി ചെയ്യേണ്ടി വരും. ഈ പടക്കക്കമ്പനിയുടെ സുഖമറിഞ്ഞ ഏതെങ്കിലുമൊരുത്തി പിന്നെ വെയിലു കൊള്ളാൻ പോകുമോ. ഞാൻ പോകുമോ? ജീവൻ പോയാലും പോകില്ല. എന്റെ ദേഹമുരുകും.“

അവൾ സാരിത്തുമ്പെടുത്ത് ഇടുപ്പിൽ മുറുക്കിക്കെട്ടി. അവൾക്കു ചുറ്റുമിരുന്നവർ അർത്ഥഗർഭമായി പരസ്പരം കണ്ണിറുക്കിക്കാണിച്ചു.

”മിനിയാന്നും വേറൊരു ചെറുക്കൻ കൂട്ടർ കാണാൻ വന്നിരുന്നു.“

”എവിടുന്ന്?“

”വരദമ്പട്ടിയിൽ നിന്ന്.എന്റെ അമ്മേടെ ഒരകന്ന ബന്ധു. പയ്യന്‌ സർക്കാരുദ്യോഗമാണ്‌. സൂട്ടും കോട്ടുമൊക്കെയിട്ട്!“

”കല്യാണമെന്നാ?“

”കല്യാണമെന്നാണെന്നോ!പയ്യനു പെണ്ണിനെ ഇഷ്ടപ്പെട്ടു. അവൾ എത്ര വരെ പഠിച്ചിട്ടുണ്ടെന്നറിയണം. അവൾ പള്ളിക്കൂടമേ കണ്ടിട്ടില്ലെന്നറിഞ്ഞപ്പോൾ അവർ ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ അപ്പോൾത്തന്നെ ഇറങ്ങി.

“കാണാൻ വരുന്നവർക്കെല്ലാം അവളെ പിടിക്കുന്നുണ്ട്. കണ്ടാലൊരു ടീച്ചറെപ്പോലുണ്ടല്ലോ! പഠിച്ച പയ്യന്മാർക്ക് അവൾ സ്കൂളിൽ പോയിട്ടുണ്ടോയെന്നറിയണം. കൃഷിയുള്ളവർക്ക് അവൾ വയലിൽ പണിയണം. നമ്മൾ അവിടെയുമല്ല, ഇവിടെയുമല്ല. ഫലം കെട്ട ജീവിതമാണിത്. ഇതൊരു പ്രലോഭനമാണ്‌. വല്ലാത്തൊരു പ്രലോഭനം...ആ കൊടിച്ചിപ്പട്ടികൾ ആണുങ്ങളെ മയക്കാൻ ഏറുകണ്ണിട്ടു നോക്കുന്നതു കണ്ടോ; സിനിമാക്കാരികളെ തോല്പിക്കും!”

സരോജയ്ക്ക് ആകെ മടുത്തു.

“ഇങ്ങോട്ടു വന്നാൽ വെയിലു കൊള്ളാതിരുന്നു പണിയെടുക്കാം. ചാവുന്ന കാലം വരെ ഈ വിഷവും വിഴുങ്ങാം. അല്ലെങ്കിൽ മിക്കേലിന്റെ അനിയത്തിയെപ്പോലെ ഏതവന്റെയെങ്കിലും കൂടെ കിടന്നിട്ട് വയറും വീർപ്പിച്ച് എല്ലാവരുടെയും കളിയാക്കലും കേട്ടു നടക്കാം. എല്ലാവരും തങ്കമാടത്തിയുടെ കെട്ടിയവനെപ്പോലെയല്ല, കൃഷിയും കളഞ്ഞ് ഇങ്ങോട്ടു വരാൻ. ആളുകൾ അയാൾ കേൾക്കാതെ പറയുകയാണ്‌- അയാൾക്ക് കെട്ടിയവളെ പിരിയാൻ വയ്യെന്ന്.”

തങ്ങളുടെ ക്വോട്ട തീർത്തവർ ചുറ്റുകൾ അടുക്കിവച്ചിട്ട് സോപ്പു വാങ്ങാനുള്ള ക്യൂവിൽ ഓടിപ്പോയി നിന്നു. ഇതൊരു നിത്യാഭ്യാസമായിരുന്നു. ദേഹത്തു പറ്റിപ്പിടിച്ച അലൂമിനിയം പൊടിയും സൾഫറും കറുത്ത കറുത്ത ചെളി പോലത്തെ കെമിക്കലും കഴുകിക്കളയാൻ നിങ്ങൾക്കു കിട്ടുന്നത് ഒരു ചെറിയ കട്ട സോപ്പാണ്‌. അതു കിട്ടണമെങ്കിൽ ക്യൂ നില്ക്കണം. സോപ്പും വാങ്ങി, ഒരു കൈയിൽ തൊട്ടിയും മറ്റേക്കൈയിൽ തുണിയുമായി നിങ്ങൾ കുറുഞ്ചാങ്കുളം ചിറയിലേക്കോടുന്നു. കഴിഞ്ഞ കൊല്ലം ചെല്ലയ്യ ഈങ്ങനെ ക്യൂ നില്ക്കുകയായിരുന്നു. നാവിനു നല്ല മൂർച്ചയുള്ള ഒരു മിടുക്കൻ ചെറുക്കൻ. അവൻ തന്റെ ഊഴം വന്ന്പ്പോൾ ചോദിച്ചു, “കുറച്ചു കൂടി വലിയ കട്ട തന്നുകൂടേ? ഇതു  കൈ കഴുകാൻ പോലുമില്ല. രാവിലെ നോക്കുമ്പോൾ വെയിലത്തു ദേഹം മിനുങ്ങുന്നതു കാണാം- അലൂമിനിയം പൊടി പോയിട്ടുണ്ടാവില്ല.”

പറഞ്ഞു തീരും മുമ്പേ അഞ്ചു വിരലിന്റെയും പാട് കവിളത്തു വീഴ്ത്തിക്കോണ്ട് സീനിയർ അക്കൗണ്ടന്റിന്റെ കൈ അവന്റെ മുഖത്തു പതിച്ചു.

“നീ നിന്റെ കാര്യം നോക്കെടാ, നായേ! മുഴുക്കട്ട, അരക്കട്ട! എന്താ ധൈര്യം! നാളെ മുതൽ നീ പണിക്കു വരണ്ട.”

“എന്നാൽ കണക്കു തീർത്ത് എനിക്കു തരാനുള്ളതു താ. ഈ കുണ്ടല്ലെങ്കിൽ വേറൊരു കുണ്ട്.”

“നാളെ നിന്റെ തന്തയേയും വിളിച്ചുകൊണ്ടു വാ; അപ്പോൾ തരാം.”

“ജോലി ചെയ്തതു ഞാനാണ്‌, എന്റെ അച്ഛനല്ല.”

പാവം ചെല്ലയ്യ ഇപ്പോൾ തട്ടപ്പാറ ജൂവനൈൽ ജയിലിന്റെ അഴികളെണ്ണുകയാണ്‌- കമ്പനിയിൽ നിന്ന് ക്ളോറേറ്റ് കട്ടു വിറ്റതിന്‌. അവന്റെ പെങ്ങൾ ഇപ്പോൾ വേറൊരു കമ്പനിയിൽ ജോലി അന്വേഷിച്ചു നടക്കുന്നു. ക്ളോറേറ്റു കള്ളന്റെ പെങ്ങൾ എന്നാണ്‌ അവൾക്കിപ്പോൾ പേര്‌.

കുട്ടികളെ വീടുകളിലെത്തിക്കാനുള്ള ബസ് വന്ന് ഗെയ്റ്റിൽ കാത്തു കിടപ്പുണ്ടായിരുന്നു. മേലു കഴുകിയവരും പാതി കഴുകിയവരുമായ ആണും പെണ്ണും സീറ്റു കിട്ടാൻ വേണ്ടി ഇടിച്ചു കയറുകയായിരുന്നു. സന്ധ്യക്കു കിളികൾ ചേക്ക കൂട്ടുന്ന ആല്മരത്തിൽ നിന്നെന്ന പോലെയാണ്‌ കോലാഹലം ഉയർന്നുകൊണ്ടിരുന്നത്. നേരം വൈകുന്നു, എന്നിട്ടും സരോജയുടെയും ഷണ്മുഖയ്യയുടെയും പൊടി പോലുമില്ല. ചിറയ്ക്കപ്പുറത്തുള്ള തോട്ടത്തിൽ, പിച്ചിച്ചെടിക്കരികിൽ, രണ്ടു തൊട്ടികൾ അന്തിവെയിലേറ്റു തിളങ്ങുന്നുണ്ടായിരുന്നു. മദിപ്പിക്കുന്നതായിരുന്നു, പിച്ചിപ്പൂക്കളുടെ തീക്ഷ്ണഗന്ധം...

ഹോണടി കാതു തുളച്ചു കേറി.

പുറപ്പെടാനൊരുങ്ങിയ ബസ്സിനടുത്തേക്ക് കൈയും കലാശവും കാട്ടി ശങ്കരൻ പിള്ള ഓടിക്കിതച്ചു വന്നു. കുട്ടികൾ പുറത്തേക്കു തലയിട്ടു നോക്കി. ബസ്സ് മുരണ്ടുകൊണ്ടു നിന്നു.

“പോകാൻ വരട്ടെ! കൊച്ചു മുതലാളി ഇപ്പോൾ ഗോഡൗണിൽ നിന്നു വിളിച്ചിരുന്നു. അർജന്റായി പതിനായിരം പടക്കം വേണം. നാളെ രാവിലത്തെ ലോഡിനുള്ളതാണ്‌. തീർത്താൽ രൊക്കം കാശ്.”

രൊക്കം കാശ് എന്നു പറഞ്ഞാൽ ആഴ്ചയൊടുക്കം കണക്കു തീർത്തു കൂലി കിട്ടാൻ കാത്തിരിക്കേണ്ട എന്നാണർത്ഥം. കൈയിലേക്കു കാശു വന്നുവീഴുകയാണ്‌. വീടു വരെ പോകാനുള്ള ടിക്കറ്റിനു പുറമേ ചായ, ബണ്ണ്‌, പക്കാവട, സേവ ഇതൊക്കെ ഫ്രീ.

കുറച്ചു പേർ ഇറങ്ങി. ബാക്കിയുള്ളവരെയും കൊണ്ട് ബസ്സ് നീങ്ങി.

പായ്ക്കിംഗ് മുറിയിൽ അവർ വട്ടം കൂടി ഇരുന്നപ്പോൾ അതേ വരെ ഒളിപ്പിച്ചു വച്ചിരുന്ന പെട്രോമാക്സ് വിളക്കുകൾ പുറത്തേക്കു വന്നു. പടക്കക്കൂമ്പാരങ്ങൾക്കു ചുറ്റുമിരുന്ന് അവർ പായ്ക്കിംഗ് തുടങ്ങി.
“അണ്ണാച്ചീ, ഒരു ട്യൂബ് ലൈറ്റിടാൻ മുതലാളിയോടു പറഞ്ഞൂടേ? കണ്ണു കണ്ടു പണി ചെയ്യാമല്ലോ.”

“വായ മൂടെടാ മുണ്ടമേ! മാനേജരുടെ മുറിയിൽ പോലും കറണ്ടില്ല. വൈകിട്ടു നാലു മണി കഴിഞ്ഞാൽ വാച്ച്മാനല്ലാതെ ആരെയും ഇവിടെ കണ്ടുപോകരുതെന്നാണ്‌ ഇൻസ്പെക്ടർ പറയുന്നത്.”

“ഏയ്, മിക്കേലേ, തങ്കമാടാത്തീ, കുറച്ചു കൂടി അടുത്തിരിക്ക്. കതകു ശരിക്കടയ്ക്കട്ടെ. വെളിച്ചം കണ്ടാൽ ഏതെങ്കിലും റാസ്ക്കൽ പോലീസിനു ഫോൺ ചെയ്യും; അവരു പിന്നെ ജീപ്പും കൊണ്ടു വന്ന് ഒക്കെ പൂട്ടി സീലു വച്ചു പോവുകയും ചെയ്യും.ഇന്നുണ്ടാക്കുന്ന പടക്കം ഇന്നു തന്നെ ഗോഡൗണിലേക്കു പോകണമെന്നറിഞ്ഞുകൂടേ. അതാണു നിയമം. ഇവിടെ പക്ഷേ, ലോറി വാടക ലാഭിക്കാൻ വേണ്ടി കഴിഞ്ഞ പത്തു ദിവസം ഉണ്ടാക്കിയ പടക്കം ഇവിടെത്തന്നെ സ്റ്റോക്കു ചെയ്തിരിക്കുകയാണ്‌. അങ്ങനെ നമുക്ക് ഇതിന്റെ വാടക മാത്രം കൊടുത്താൽ മതി, ഗോഡൗൺ വാടക ലാഭവുമായി. പക്ഷേ പിടിച്ചാൽ പണി പോയി.”

പടക്കങ്ങൾ എണ്ണി നിറച്ച സഞ്ചികൾ ശങ്കരൻ പിള്ള സ്റ്റേപ്പിൾ ചെയ്ത് എണ്ണി പെട്ടിയിലാക്കുകയാണ്‌; സന്തോഷം കൊണ്ട് അയാളുടെ നെഞ്ചു തുള്ളുന്നുണ്ട്.

“അണ്ണാച്ചീ, സ്റ്റേപ്പിളു കഴിഞ്ഞു. പുതിയ പായ്ക്കറ്റു വേണം.”

“പടക്കമെണ്ണി ഒരു വശത്തു വയ്ക്ക്. ഞാൻ പോയി സ്റ്റേപ്പിൾ എടുത്തിട്ടു വരാം.”

പറഞ്ഞതും, അയാൾ തിരിച്ചുവന്നു. പക്ഷേ സ്റ്റേപ്പിളിന്റെ പായ്ക്കറ്റിനു പകരം അയാളുടെ കൈയിലുണ്ടായിരുന്നത് നാലഞ്ചു മെഴുകുതിരിയായിരുന്നു.

“സ്റ്റേപ്പിളു വാങ്ങിവച്ചതു തീർന്നു,” അയാൾ പറഞ്ഞു. “സ്റ്റോറിലുമില്ല.ഈ മെഴുകുതിരി കത്തിച്ചിട്ട്, പായ്ക്കറ്റു മടക്കി പതുക്കെ അതിൽ കാണിയ്ക്ക്. പ്ളാസ്റ്റിക്ക് ബാഗുരുകി സീലായിക്കോളും. ഇനി ഒരായിരം പായ്ക്കറ്റു കൂടി മതി. ബാഗ് ശരിക്കു കുലുക്കി പടക്കം ഉള്ളിലാക്കണം. തിരി അല്പമെങ്കിലും പുറത്തു ഞാന്നു കിടന്നാൽ നമ്മുടെ കഥ കഴിഞ്ഞു!”
ആദ്യം ഒരു പൊട്ടിത്തെറിയുണ്ടായി. പിന്നാലെ ഒന്നൊന്നായി പൊട്ടിത്തെറികൾ കേട്ടു. കനത്ത പുകയിൽ പെട്ടുപോയതു കൊണ്ട് അടച്ചിട്ട വാതിലുകൾ അവർക്കു കണ്ടെത്താൻ കഴിഞ്ഞില്ല. അവർക്കതു തുറക്കാൻ പറ്റിയില്ല.

പൊട്ടിത്തെറിക്കുന്ന പടക്കങ്ങളുടെ ഗർജ്ജനത്തിൽ നിലവിളികൾ മുങ്ങിപ്പോയി. കത്തിച്ചാരമായ ജീവിതങ്ങൾ. രാവിലെയായപ്പോൾ മറ്റു പടക്കങ്ങൾക്കൊപ്പം എട്ടു കുട്ടിപ്പടക്കങ്ങളും ആറു മുതിർന്ന പടക്കങ്ങളും മൂന്ന് വയസ്സൻ പടക്കങ്ങളും ചാരമായിക്കഴിഞ്ഞിരുന്നു. അഞ്ചു പെൺപടക്കങ്ങളുണ്ടായിരുന്നത് തിരിച്ചറിയാൻ പറ്റാത്ത വിധത്തിൽ കത്തിച്ചാമ്പലായിരുന്നു.


11866436_1127757383920215_7836735840686565731_n
ചോ ധർമ്മൻ - തിരുനെൽവേലി-കോവിൽപ്പെട്ടി ഭാഗത്തെ ഗന്ധകം ചുവയ്ക്കുന്ന കരിമണ്ണിന്റെ എഴുത്തുകാരൻ. തുണിമിൽ ജോലിക്കാരനായിരുന്നു.  ‘കൂമൻ’ എന്ന നോവൽ പ്രസിദ്ധമാണ്‌. ‘പടക്കങ്ങൾ’ ശിവകാശിയിലെ പടക്കനിർമ്മാണവ്യവസായത്തിൽ പണിയെടുക്കുന്ന കുട്ടികളുടെ കഥ പറയുന്നു. കുട്ടിക്കാലത്ത് താനും ഇതേ പോലൊരു ഫാക്റ്ററിയിൽ പണിയെടുത്തിരുന്നുവെന്ന് ചോ ധർമ്മൻ പറയുന്നു. “ഈ കഥയിൽ ബൗദ്ധികമാനങ്ങൾ വരാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്; കാരണം, ജ്വലിക്കുന്ന ഹൃദയമാണ്‌ കർമ്മത്തിനു തുടക്കമിടുന്നതെന്ന് എനിക്കറിയാം...”
(2015ലെ മാതൃഭുമി ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്)

അഭിപ്രായങ്ങളൊന്നുമില്ല: