1
വേനലിൽ തൊണ്ട പൊരിഞ്ഞവന്
ഒരു മഞ്ഞുതുള്ളി വലുതു തന്നെ;
മഞ്ഞുകാലം പൊയ്ക്കഴിഞ്ഞാൽ
വസന്തം വീശുന്ന തെന്നല്‍, നാവികനും.
രണ്ടു കമിതാക്കളെപ്പൊതിയുന്ന
ഒറ്റവിരിപ്പതിലൊക്കെ വലുതത്രേ.
2
ജനാല പാതി തുറന്നവൾ പുറത്തേക്കു നോക്കുമ്പോള്‍
തൃഷ്ണകൾ കൊണ്ടീറനായ മുഖത്തു വന്നേറ്റുവല്ലോ,
അവന്റെ കണ്ണുകളിൽ നിന്നൊരു നീലമിന്നൽ.
3
അവൾ മന്ത്രവടിയൊന്നുഴിഞ്ഞപ്പോൾ
ആ വശ്യത്തിനടിമയായി ഞാനെന്നേ.
അവളുടെ സൌന്ദര്യം മുന്നിലെത്തുമ്പോൾ
മെഴുകുപ്രതിമ പോലെ ഞാനലിഞ്ഞുപോകുന്നു.
അവളൊരു കറുമ്പിയാണെങ്കിലെന്തേ,
കൽക്കരിയുമെരിയുമ്പോൾ പനിനീർപ്പൂവല്ലേ?
4
പൊന്നുവിളക്കേ, നിനക്കു മുന്നിൽ വച്ചല്ലേ,
നിശ്ചയമായും വരുമെന്നവളാണയിട്ടത്?
എന്നിട്ടാണല്ലോ അവൾ വരാതിരുന്നത്?
അതിനാൽ വരുന്ന രാത്രിയിലവൾ വരുമ്പോൾ
നീയൊന്നു കണ്ണുചിമ്മുക, പിന്നെക്കെട്ടുപോവുക.
5
ഇല കൊഴിയ്ക്കാൻ തിടുക്കമരുതേ,
എന്റെ വാതിൽക്കലെ മുല്ലവള്ളികളേ;
കണ്ണീരു തേവി ഞാൻ നിങ്ങൾക്കു നനച്ചു
-മഴമേഘങ്ങൾ, കാമുകരുടെ കണ്ണുകൾ.
ഈ വാതില്പാളി തുറന്നവൻ മുന്നിലെത്തുമ്പോൾ
അവന്റെ മൂർദ്ധാവിൽ കണ്ണുകളെന്നെപ്പെയ്യട്ടെ,
ആ പൊന്മുടിയെങ്കിലുമെന്റെ കണ്ണീരു കുടിക്കട്ടെ.
6
നിനക്കു രണ്ടു ചിറകുണ്ടായിരുന്നെങ്കില്‍,
കൈയിലൊരമ്പും വില്ലുമുണ്ടായിരുന്നെങ്കില്‍,
അഫ്രോഡിറ്റിയുടെ മകനെയല്ല, നിന്നെയാവും
ആളുകള്‍ കാമദേവനെന്നു വിളിക്കുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ