“പറയൂ, മുനേ, മരണത്തിനു ജീവനുണ്ടോ?
ഇല്ലെങ്കിലെന്തുകൊണ്ടാണ് ചിത്രകാരന്മാരതിനെ
ജീവനുള്ളപോലെ വരച്ചുവെക്കുന്നത്?
ഇനി, ജീവനുണ്ടെങ്കിൽ
എന്തിനാണതിനെ മരണമെന്നു വിളിക്കുന്നത്?
അല്ല, മരിച്ചതാണെങ്കിൽ
എങ്ങനെയാണതു ജീവനെടുക്കുന്നതും?”
“നിന്റെ ചോദ്യത്തിനുള്ള നേരുത്തരമിതാ:
നിനക്കു ജീവനുള്ളപ്പോൾ മരണത്തിനു ജീവനില്ല,
നീ മരിക്കുമ്പോൾ അതിനു ജീവൻ വയ്ക്കുന്നു.
മരണം നല്ലതോ ചീത്തയോ? അതും നിനക്കറിയണോ?
അറിഞ്ഞോളൂ: നീയെന്താണോ, അതു തന്നെ
നിന്റെ മരണത്തിന്റെ പേരും.“
യാൻ ആന്ദ്രേ മോർഷിൻ Jan Andrzej Morsztyn
(1621-93)- പ്രഭുവർഗ്ഗത്തിൽ പെട്ട പോളിഷ് കവി. രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ടതിനാൽ 1684ൽ ഫ്രാൻസിലേക്കു കുടിയേറി.
പോളിഷ് ബറോക്ക് പ്രസ്ഥാനത്തിന്റെ പ്രാതിനിധ്യം വഹിക്കുന്നവയാണ് കവിതകൾ.
Link to Biography
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ