2016, സെപ്റ്റംബർ 10, ശനിയാഴ്‌ച

ബഷോ



ജാപ്പനീസ്‌ സാഹിത്യമെന്നാൽ അത്‌ ഹൈക്കു എന്ന ഹ്രസ്വകവിതാരൂപമാണെന്ന ഒരു ധാരണ പുറംലോകത്തിനുണ്ടായിട്ടുണ്ടെങ്കിൽ അതിനു കാരണക്കാരൻ പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഈ ബഷോ ഒരാളാണ്‌. പൊട്ടക്കുളത്തിലേക്കെടുത്തുചാടുന്ന തവളയും ശരൽക്കാലസന്ധ്യക്ക്‌ ഇലകൊഴിഞ്ഞ മരക്കൊമ്പിലേക്കു പറന്നിറങ്ങുന്ന കാക്കയും അകലെ ഒരു ദ്വീപിലേക്കു പോയി മറയുന്ന കുയിലും മഴയുടെ വെളിയടയിൽ മറഞ്ഞുതെളിയുന്ന ഫ്യൂജീമലയും തളിരിലകളിൽ തിളങ്ങുന്ന ഇളംവെയിലും ചോറിലും കറിയിലും സൂപ്പിലും വന്നുവീഴുന്ന ചെറിപ്പൂക്കളും പൊള്ളുന്ന വേനൽസൂര്യനെ കടലിൽ കൊണ്ടുതള്ളുന്ന പുഴയുമൊക്കെയായ പ്രകൃതി ബഷോയുടെ വാക്കുകളിൽ ഹൈക്കുവായി മാറുന്നു. പക്ഷേ ഹൈക്കു വായിക്കുന്ന ഒരാൾ കണ്ടെടുക്കേണ്ടത്‌ അതേ പ്രകൃതിയെയല്ല, അതിനു പിന്നിലുള്ള അമൂർത്തപ്രകൃതിയെയാണെന്നു മാത്രം. ഹൈക്കുവായന വെറുമൊരു കവിതവായനയാവാതെ വിശേഷപ്പെട്ടൊരു വായനയാവുന്നതും ബഷോ വിശേഷപ്പെട്ടൊരു കവിയാവുന്നതും അതുകൊണ്ടാണ്‌.

1644-ൽ ഇഗാപ്രവിശ്യയിലെ ഉയെനോ എന്ന ദേശത്താണ്‌ ബഷോയുടെ ജനനം. ഒരു സമുരായികുടുംബത്തിലെ ആറുമക്കളിൽ ഒരാളായിരുന്നു അദ്ദേഹം. ചെറുപ്പത്തിൽ ഒരു പ്രഭുകുടുംബത്തിലെ സേവകനായെങ്കിലും കുടുംബനാഥന്റെ മരണത്തോടെ അതുപേക്ഷിച്ചു. പിന്നീടുള്ള അദ്ദേഹത്തിന്റെ ജീവിതം യാത്രകളുടേതായിരുന്നു. ചെറിയൊരിടവേളയിൽ ക്യോട്ടോവിൽ താമസിച്ച്‌ പ്രാചീനഗ്രന്ഥങ്ങൾ പഠിച്ചതായും കാണുന്നു.

1672-ൽ 29 വയസ്സുള്ളപ്പോൾ അദ്ദേഹം ഇഡോ (ഇന്നത്തെ ടോക്യോ)യിലേക്കു പോയി. അവിടെ വച്ച്‌ ഒരു ഹൈക്കുസമാഹാരവും ഇറക്കി. പിന്നീടുള്ള നാലുകൊല്ലം പക്ഷേ നിത്യവൃത്തിക്കായി നഗരത്തിലെ തോടുപണിയിൽ കൂടുകയും ചെയ്തു. അതിനുശേഷമുള്ള കാലം ശിഷ്യന്മാരുടെയും സുഹൃത്തുക്കളുടെയും സഹായത്താൽ ആ വിധമുള്ള വേവലാതികളിൽ നിന്നു മുക്തനാവാനും കവിതയെഴുത്തും യാത്രയും ധ്യാനവുമായി ജീവിതം തുടരാനും അദ്ദേഹത്തിനു സാധ്യമായി.

1680-ൽ ഒരു ശിഷ്യൻ ഇഡോയിലെ ഫുകാഗാവായിൽ അദ്ദേഹത്തിന്‌ ഒരു കുടിൽ കെട്ടിക്കൊടുത്തു. മറ്റൊരു ശിഷ്യൻ കുടിലിന്റെ വളപ്പിൽ ഒരു വാഴത്തൈയും നട്ടുപിടിപ്പിച്ചു. അങ്ങനെ ആ കുടിലിന്‌ ബഷോ-ആൻ(കദളീവനം) എന്നും അതിലെ അന്തേവാസിക്ക്‌ ബഷോ എന്നും പേരു വീണു. താപസനായ കവി എന്ന നിലയ്ക്കുള്ള ബഷോയുടെ ജീവിതം തുടങ്ങുന്നതങ്ങനെയാണ്‌.

1682-ൽ പക്ഷേ കുടിൽ കത്തിനശിച്ചു. അതിനാൽ ചെറിയൊരിടവേള അദ്ദേഹം കായിപ്രവിശ്യയിലേക്കു മാറിത്താമസിച്ചു. ഫുക്കാഗാവായിലെ ചൊക്കായ്ക്ഷേത്രത്തിൽ വച്ച്‌ സെൻപഠനം നടത്തുന്നതും ഇക്കാലത്താണ്‌. അതിന്റെ കൃത്യമായ അർത്ഥത്തിൽ ബഷോ ഒരു സെൻ ഗുരുവായിരുന്നില്ല. അതിനാൽ ഒരു ഭിക്ഷുവിന്റെ ചര്യയായിരുന്നു അദ്ദേഹത്തിന്റേതെന്നും ആ ദർശനമാണ്‌ കവിതകളെ തിളക്കുന്നതെന്നുമാണ്‌ പറയേണ്ടത്‌.

1683-ൽ വീണ്ടും കുടിലു കെട്ടി ബഷോ തന്റെ പഴയ ആശ്രമത്തിലേക്കു മടങ്ങി. അതിനടുത്ത വർഷം തന്റെ ജന്മനാട്ടിലേക്കു നടത്തിയ ഒരു യാത്രയുടെ വിവരണമാണ്‌ 'മഴയും വെയിലുമേറ്റുള്ള യാത്ര' എന്ന പുസ്തകത്തിൽ. അതേ വർഷം തന്നെ 'ഹേമന്തദിനങ്ങൾ' എന്ന ഹൈക്കുപുസ്തകവും പുറത്തുവന്നു. ഈ ഗ്രന്ഥത്തിലെ കവിതകളാണ്‌ ഹൈക്കുവിന്റെ പിന്നീടുള്ള ഗതിയെ നിർണ്ണയിക്കുന്നത്‌. 'വടക്കുദിക്കിലെ ഉൾനാടുകളിലേക്ക്‌ ഊടുവഴികളിലൂടെ' എന്ന പുസ്തകം 1689-ൽ ഔ പ്രവിശ്യയിലേക്കു നടത്തിയ ഒരു ദീർഘയാത്രയുടെ പ്രശസ്തമായ രേഖയത്രെ. അദ്ദേഹത്തിന്റെ യാത്രക്കുറിപ്പുകളിൽ ഏറ്റവും പേരു കേട്ടതും ഇതുതന്നെ. തന്റെ അനുയായിയായ സോറയോടൊപ്പം അഞ്ചു മാസം നീണ്ട, 1500 മൈൽ താണ്ടിയുള്ള ആ യാത്ര വെറുമൊരു യാത്രയല്ല, ജപ്പാന്റെ പ്രാചീനതയിലൂടെ, അതിന്റെ ചരിത്രത്തിലൂടെ, അതിന്റെ പ്രകൃതിയിലൂടെ, അതിന്റെ സാഹിത്യത്തിലൂടെയുള്ള ഒരു തീർഥാടനമാണ്‌. അതിനു വഴികാട്ടികളോ, നൂറ്റാണ്ടുകൾക്കു മുമ്പ്‌ അതേ വഴിയിലൂടെ യാത്ര ചെയ്തവരും യാത്രയ്ക്കിടയിൽ വീണുമരിച്ചവരുമായ തന്റെ പൂർവികർ കവികളും ഭിക്ഷുക്കളും. 1694-ൽ പൂർത്തിയാക്കിയെങ്കിലും ഈ കൃതി പ്രസിദ്ധീകരിക്കുന്നത്‌ 1702-ൽ മാത്രമാണ്‌.

1690-ൽ ബഷോ ക്യോടോവിനു വടക്ക്‌ ബീവാതടാകത്തിനരികിലുള്ള ഗെൻജു-ആൻ എന്ന ആശ്രമത്തിൽ ഏകാന്തവാസത്തിലായിരുന്നു. അതിന്റെ വിവരണമാണ്‌ 'മായാഗൃഹം' എന്ന കുറിപ്പ്‌. 'തരിശുനിലം', 'ചുരയ്ക്കാ', കുരങ്ങന്റെ മഴക്കുപ്പായം' എന്നീ ഹൈക്കുസമാഹാരങ്ങളും ഈ കാലത്തുള്ളവ തന്നെ. 1691-ൽ ബഷോ ഇഡോവിലേക്കു മടങ്ങി. തന്റെ പഴയ ആശ്രമം നിന്നിരുന്ന അതേ സ്ഥലത്തു തന്നെ പുതിയൊരു കുടിൽ, വളപ്പിൽ ഒരു വാഴത്തൈയോടൊപ്പം, ശിഷ്യന്മാർ കെട്ടിക്കൊടുത്തിരുന്നു. അടുത്ത മൂന്നുകൊല്ലം കവിതയെഴുതിയും, ശിഷ്യന്മാരോടു കവിതയെക്കുറിച്ചു സംസാരിച്ചും ബഷോ അവിടെത്തന്നെ കഴിഞ്ഞു. 1694-ൽ അദ്ദേഹം വീണ്ടുമൊരു യാത്രയ്ക്കൊരുമ്പെട്ടു. ഒസാക്കായിൽ വച്ചു പക്ഷേ അദ്ദേഹം രോഗബാധിതനായി. സുഹൃത്തുക്കളും ശിഷ്യന്മാരും അദ്ദേഹത്തെ പരിചരിക്കാനെത്തി. എന്നാൽ ചില നാളുകൾ കഴിഞ്ഞ്‌ അദ്ദേഹം ഈ ലോകം വിട്ടു.
 


അഭിപ്രായങ്ങളൊന്നുമില്ല: