2016, സെപ്റ്റംബർ 27, ചൊവ്വാഴ്ച

പ്രണയലേഖനങ്ങൾ (2)- നാദിയ മാൻഡെൽസ്റ്റാം



ഓസിപ് മാൻഡെൽസ്റ്റാമിന്‌

1938 ഒക്ടോബർ 22

ഓസിയാ, എന്റെ പ്രിയനേ, അകലെയായ വശ്യഹൃദയമേ!

നിനക്കൊരിക്കലും വായിക്കാൻ പറ്റിയില്ലെന്നു വരാവുന്ന ഈ കത്തെഴുതാൻ എനിക്കു വാക്കുകളില്ല, പ്രിയപ്പെട്ടവനേ. ശൂന്യതയിലാണു ഞാൻ ഇതെഴുതുന്നതെന്നു തോന്നിപ്പോകുന്നു. ഇനിയഥവാ, നീ മടങ്ങിവന്നുവെന്നും എന്നെ ഇവിടെ കണ്ടില്ലെന്നും വരാം. എങ്കിൽ എന്നെ ഓർമ്മിക്കാൻ നിനക്കിതു മാത്രമേ ബാക്കിയാവൂ എന്നും വരാം.
ഓസിയാ, കുട്ടികളെപ്പോലെ ഒരുമിച്ചു ജീവിക്കുമ്പോൾ നമുക്കെന്തു സന്തോഷമായിരുന്നു- നമ്മുടെ ശണ്ഠകളും വാക്കുതർക്കങ്ങളും, നാം കളിച്ച കളികൾ, പിന്നെ നമ്മുടെ പ്രേമവും. ഇപ്പോൾ ഞാൻ ആകാശത്തു നോക്കുക പോലും ചെയ്യാറില്ല. ഒരു മേഘം കണ്ടാൽ ഞാനതാരെ വിളിച്ചു കാണിച്ചുകൊടുക്കാൻ?

നാടോടികളെപ്പോലെ തമ്പടിച്ചു കൂടിയിരുന്നിടങ്ങളിലൊക്കെ നമ്മുടെ ദരിദ്രമായ വിരുന്നുകളൊരുക്കാൻ നാം ഉത്സാഹിച്ചിരുന്നതോർക്കുന്നുണ്ടോ? ദിവ്യാത്ഭുതം പോലെ വീണുകിട്ടിയ റൊട്ടിയുടെ സ്വാദും അതു നാം ഒരുമിച്ചിരുന്നു കഴിച്ചതും ഓർമ്മയുണ്ടോ? പിന്നെ വൊറോണേഷിലെ നമ്മുടെ അവസാനത്തെ മഞ്ഞുകാലവും. നമ്മുടെ സന്തുഷ്ടമായ ദാരിദ്ര്യം, നീ എഴുതിയിരുന്ന കവിതയും. ഒരിക്കൽ നാം കുളിക്കാൻ പോയിട്ടു തിരിയെ വരുന്നതു ഞാനോർക്കുന്നു; മുട്ടയോ സോസേജോ വാങ്ങി നാം കൈയിൽ പിടിച്ചിരുന്നു; വൈക്കോൽ കയറ്റിയ ഒരു വണ്ടി നമ്മെക്കടന്നുപോയി. നല്ല തണുപ്പുണ്ടായിരുന്നു; ഇറക്കം കുറഞ്ഞ ജാക്കറ്റുമിട്ട് ഞാൻ കിടുങ്ങിവിറയ്ക്കുകയായിരുന്നു(പക്ഷേ ഇപ്പോൾ നാം അനുഭവിക്കുന്നതുപോലെയൊന്നുമല്ല: നീ തണുത്തുവിറയ്ക്കുകയായിരിക്കും എന്നെനിക്കറിയാം). ആ ദിവസം ഇപ്പോൾ എന്നിലേക്കു തിരിച്ചു വരുന്നു. അത്രയൊക്കെ വൈഷമ്യങ്ങളുണ്ടായിരുന്ന ആ മഞ്ഞുകാലദിനങ്ങളാണ്‌ ജീവിതത്തിൽ നമുക്കനുവദിച്ചു കിട്ടിയ ഏറ്റവും മഹത്തായതും ഏറ്റവും അവസാനത്തേതുമായ സന്തോഷമെന്ന് എനിക്കിപ്പോൾ വ്യക്തമായി മനസ്സിലാകുന്നു, അതിന്റെ വേദന എന്നെ നീറ്റുകയും ചെയ്യുന്നു.

എന്റെ ഓരോ ചിന്തയും നിന്നെക്കുറിച്ചു തന്നെയാണ്‌. എന്റെ ഓരോ കണ്ണീര്‍ത്തുള്ളിയും ഓരോ പുഞ്ചിരിയും നിനക്കുള്ളതാണ്‌. നാമൊരുമിച്ചു ജീവിച്ച കയ്ക്കുന്ന ജീവിതത്തിന്റെ ഓരോ ദിവസവും ഓരോ മണിക്കൂറും ധന്യത നിറഞ്ഞതാണെനിക്ക്, എന്റെ ഓമനേ, എന്റെ ചങ്ങാതീ, എന്റെ ജീവിതത്തിലെ അന്ധനായ വഴികാട്ടീ!

കണ്ണു വിരിയാത്ത രണ്ടു നായ്ക്കുട്ടികളെപ്പോലെയായിരുന്നു നാം; അന്യോന്യം മൂക്കുരുമ്മി, സുഖം പറ്റി നാം കഴിഞ്ഞു. നിന്റെ പാവം തലയ്ക്കുള്ളിൽ അന്നെന്തു ചൂടായിരുന്നു, നമ്മുടെ ജീവിതത്തിന്റെ നാളുകൾ ഉന്മാദികളെപ്പോലെയാണു നാം തുലച്ചുകളഞ്ഞതും. അതെന്തൊരാനന്ദമായിരുന്നു, അതെന്തൊരാനന്ദമായിരുന്നുവെന്ന് നാമൊരിക്കലും മറന്നതുമില്ല.

ജീവിതം എത്ര കാലവും ദീർഘിക്കട്ടെ. ഒറ്റയ്ക്കു മരിക്കേണ്ടി വന്നാൽ അതു നാമോരുത്തർക്കും എത്ര കഠിനവും ദീർഘവുമായിരിക്കും. ഒരിക്കലും വേർപെടാത്ത നമുക്ക് ഈ വിധി വരാമോ? കുട്ടികളും നായ്ക്കുട്ടികളുമായിരുന്ന നാം ഇതർഹിക്കുന്നുണ്ടോ? നീ ഇതർഹിക്കുന്നുണ്ടോ, എന്റെ മാലാഖേ? എല്ലാം മുമ്പെന്ന പോലെ മുന്നോട്ടു പോകുന്നു. എനിക്കു യാതൊന്നുമറിയില്ല. എന്നാൽ എനിക്കെല്ലാം അറിയുകയും ചെയ്യാം- നിന്റെ ജീവിതത്തിലെ ഓരോ ദിവസവും ഓരോ മണിക്കൂറും ജ്വരവിഭ്രാന്തിയിലെന്നപോലെ എനിക്കു തെളിഞ്ഞുകാണാം.

എന്നും രാത്രിയിൽ ഞാൻ ഉറങ്ങിക്കിടക്കുമ്പോൾ നീ എനിക്കടുത്തു വരുന്നു; എന്തു സംഭവിച്ചുവെന്നു ഞാൻ എടുത്തെടുത്തു ചോദിച്ചിട്ടും നീ ഒരു മറുപടിയും പറയുന്നില്ല.
ഒടുവിൽ കണ്ട സ്വപ്നത്തിൽ ഞാൻ നിനക്കു വേണ്ടി ഏതോ വൃത്തികെട്ട ഹോട്ടലിൽ നിന്നു ഭക്ഷണം വാങ്ങുകയായിരുന്നു. ചുറ്റും എനിക്കു തീരെ പരിചയമില്ലാത്തവരായിരുന്നു. വാങ്ങിക്കഴിയുമ്പോഴാണ്‌ എനിക്കു ബോദ്ധ്യമായത്, നീ എവിടെയാണെന്നറിയാത്തതിനാൽ എങ്ങനെയാണു നിനക്കതെത്തിക്കുക എന്നെനിക്കറിയില്ല എന്ന്.

ഉണർന്നപ്പോൾ ഞാൻ ഷൂരായോടു പറഞ്ഞു: ‘ഓസിയ മരിച്ചു.’ നീ ഇപ്പോഴും ജീവനോടുണ്ടോയെന്ന് എനിക്കറിയില്ല. എന്നാൽ ആ സ്വപ്നം കണ്ടതിൽ പിന്നെ നിന്റെ കാല്പാടുകൾ എനിക്കു കാണാതെയായി. നീ എവിടെയാണെന്ന് എനിക്കറിയില്ല. ഞാൻ പറയുന്നതു നിനക്കു കേൾക്കാമോ? എനിക്കു നിന്നെ എന്തു സ്നേഹമാണെന്നു നിനക്കറിയാമോ? എനിക്കു നിന്നോടെന്തു സ്നേഹമാണെന്നു പറഞ്ഞറിയിക്കാൻ എനിക്കു കഴിയില്ല. ഇപ്പോഴും എനിക്കതു കഴിയില്ല. ഞാൻ ഈ പറയുന്നതു നിന്നോടാണ്‌, നിന്നോടു മാത്രമാണ്‌. നീ എന്നും എന്നോടൊപ്പമുണ്ട്; ഒട്ടും അടക്കമില്ലാത്ത, എന്നും കോപക്കാരിയായ, നിഷ്കളങ്കമായ കണ്ണീരൊഴുക്കി പരിചയമില്ലാത്ത ഞാൻ - ഞാനിന്നു കരഞ്ഞു കരഞ്ഞു കരഞ്ഞിരിക്കുന്നു.
ഇതു ഞാനാണ്‌: നാദിയ. നീയെവിടെയാണ്‌?

വിട.

നാദിയ


ഓസിപ് എമിലിയേവിച്ച് മാൻഡെൽസ്റ്റാം Osip Emilievich Mandelstam(1891-1938) സ്റ്റാലിൻ ഭരണകാലത്തെ അടിച്ചമർത്തലിനു വിധേയനായ റഷ്യൻ കവിയും ലേഖകനുമായിരുന്നു. 1934ൽ അദ്ദേഹത്തെ അറസ്റ്റു ചെയ്ത് ഭാര്യ നദേഷ്ദ (Nadiezhda Mandelstam)യോടൊപ്പം വടക്കൻ യുറാലിലേക്കു നാടു കടത്തി. പിന്നീട് ബുഖാറിൻ ഇടപെട്ടതിനെത്തുടർന്ന് വലിയ നഗരങ്ങളൊഴികെ മറ്റെവിടെയെങ്കിലും താമസമാക്കാൻ അനുമതി കിട്ടി. അവർ തിരഞ്ഞെടുത്തത് വെറോണേഷ് ആയിരുന്നു. 1937ൽ അദ്ദേഹത്തെ വീണ്ടും അറസ്റ്റു ചെയ്ത് വ്ളാദിവൊസ്റ്റോക്കിലേക്കയച്ചു. അവിടെ വച്ച് ഹൃദ്രോഗം ബാധിച്ച് അദ്ദേഹം മരിച്ചു എന്നാണ്‌ ഔദ്യോഗികമായ വിശദീകരണം. നദേഷ്ദയാണ്‌ പിന്നീട് അദ്ദേഹത്തിന്റെ അപ്രകാശിതരചനകൾ സമാഹരിച്ചു പ്രസിദ്ധീകരിച്ചത്.

അഭിപ്രായങ്ങളൊന്നുമില്ല: