2016, സെപ്റ്റംബർ 27, ചൊവ്വാഴ്ച

പ്രണയലേഖനങ്ങൾ (1)- കാതെറൈന്‍ മാൻസ്ഫീൽഡ്


എട്ടു മണി കഴിഞ്ഞു പത്തു മിനുട്ട്. ഞാൻ നിന്നെ എന്തു മാത്രം സ്നേഹിക്കുന്നുവെന്ന് എനിക്കിപ്പോൾ പറയേണ്ടിയിരിക്കുന്നു, 1918 ജനുവരി 27 ന്‌ ഒരു ഞായറാഴ്ച രാത്രി എട്ടു കഴിഞ്ഞ് പത്തു മിനുട്ടുള്ളപ്പോൾ.

പകലു മുഴുവൻ ഞാൻ വീട്ടിനുള്ളിൽത്തന്നെയായിരുന്നു(നിനക്കുള്ള കത്തു പോസ്റ്റു ചെയ്യാൻ പോയതൊഴിച്ചാൽ); അതിനാൽ ഇപ്പോൾ നല്ല ശരീരസുഖം തോന്നുന്നു. ഗ്രാമത്തിൽ പുതിയൊരു പര്യടനവും കഴിഞ്ഞ് നീല ഐറിസ് പൂക്കളുമായി ജൂലിയറ്റ് മടങ്ങിവന്നിരിക്കുന്നു- പാറക്കെട്ടു വളഞ്ഞുചെല്ലുന്നിടത്ത് വള്ളിക്കുടിലുള്ള ആ കൊച്ചുവീട്ടിൽ എത്ര മനോഹരമായിട്ടാണവ വളർന്നുനിന്നിരുന്നതെന്ന് നിനക്കോർമ്മയുണ്ടോ?- പല നിറത്തിലും തരത്തിലുമുള്ള വാസനിക്കുന്ന ജൊങ്കിൾ പൂക്കളുമുണ്ടായിരുന്നു...ഈ മുറിയിൽ സുഖകരമായ ചൂടാണ്‌. സ്റ്റൌവിൽ ചെറിയൊരു തീയുണ്ട്; ആ കുഞ്ഞുനാളങ്ങളാവട്ടെ, വിറകിനെ കേറി ആക്രമിക്കണോ വേണ്ടയോ എന്നു തീർച്ചപ്പെടുത്താതെ അതിന്മേൽ നിന്നു കളിക്കുന്നതേയുള്ളു...അതാ ഒരു തീവണ്ടി കടന്നുപോകുന്നു. ഇപ്പോൾ പിന്നെയും എല്ലാം നിശബ്ദമായിരിക്കുന്നു, എന്റെ വാച്ചിന്റെ ശബ്ദമൊഴിച്ചാൽ. മിനുട്ടുസൂചി നോക്കിയിരിക്കുമ്പോൾ ഞാൻ ഓർത്തുപോവുകയാണ്‌, നിന്റെ വീട്ടിലേക്കുള്ള യാത്രയിൽ എന്തൊരു കാഴ്ചവസ്തുവായിരിക്കും ഞാനെന്ന്. മടിയിൽ ആ പഴയ വാച്ചുമെടുത്തുവച്ച്, അതിനെ മറയ്ക്കാനെന്നപോലെ മുകളിലൊരു പുസ്തകവുമായി തീവണ്ടിമുറിയിൽ ഞാനിരിക്കും- പക്ഷേ ഞാൻ വായിക്കുകയാവില്ല, നോക്കുകയുമാവില്ല; ഒന്നു വേഗത്തിലോടാൻ എന്റെ നോട്ടത്തിന്റെ ചാട്ട കൊണ്ടു പ്രഹരിക്കുകയാവും ഞാനാ വാച്ചിനെ.

ഇന്നു രാത്രിയിൽ എനിക്കു നിന്നോടു തോന്നുന്ന പ്രേമം എത്ര ഗാഢവും ആർദ്രവുമാണെന്നോ- എനിക്കു പുറത്താണതെന്നും തോന്നിപ്പോകുന്നു. ഏതോ വന്മലയുടെ ആശ്ളേഷത്തിലമർന്നുകിടക്കുന്ന ഒരു കുഞ്ഞുതടാകം പോലെയാണു ഞാൻ. അങ്ങു താഴെ നിനക്കെന്നെ കാണാം, ആഴമേറിയതായി, തിളങ്ങുന്നതായി- നിലയില്ലാത്തതുമായും, പ്രിയനേ. നിന്റെ ഹൃദയം എന്നിലേക്കിട്ടുനോക്കൂ, അതടിത്തട്ടു തൊടുന്നതു നീ കേൾക്കുകയേയില്ല...

1918 ജനുവരി 27

കാതെറൈൻ മാൻസ്ഫീൽഡ് (Katherine Mansfield Murry)1888ൽ ന്യൂസിലണ്ടിൽ ജനിച്ചു. 19 വയസ്സുള്ളപ്പോൾ ഇംഗ്ളണ്ടിൽ സ്ഥിരതാമസമാക്കി. ക്ഷയരോഗം മൂർച്ഛിച്ച് 1923ൽ അന്തരിച്ചു. കൃത്യവും സുതാര്യവുമായ ഭാഷയിലൂടെയും ബിംബങ്ങളുടെയും പ്രതീകങ്ങളുടെയും പുതുമയാർന്ന പ്രയോഗത്തിലൂടെയും ആധുനിക ഇംഗ്ളീഷ് കഥയുടെ അഗ്രഗാമികളിൽ ഒരാളായിരുന്നു. ഈ കത്ത് എഴുത്തുകാരനും എഡിറ്ററുമായിരുന്ന ജോൺ മിഡിൽടൺ മറിയ്ക്കെഴുതിയതാണ്‌. അവർ 1918ൽ വിവാഹിതരായി.

അഭിപ്രായങ്ങളൊന്നുമില്ല: