2016, സെപ്റ്റംബർ 4, ഞായറാഴ്‌ച

ആന്ദ്രേ ബുർസ - കഥയും കവിതയും

ആന്ദ്രേ ബുർസ Andrezj Bursa (1932-1957)ഒരു നിരൂപകൻ പറഞ്ഞ പോലെ “ഒരു കവിയും ഒരു മിത്തും ഒരിതിഹാസവും” ആയിട്ടാണ്‌ ജനിച്ചത്. ബുർസ തന്റെ ഹ്രസ്വജീവിതത്തിനിടയിൽ 37 കവിതകളും ഒരു നോവലും ഒരു നാടകവും രചിച്ചു. ബുർസയുടെ കൗമാരവും യൗവനവും ആധുനിക പോളണ്ടിന്റെ ഏറ്റവും ഇരുണ്ട കാലഘട്ടത്തിലൂടെയാണ്‌ കടന്നുപോയത്- നാസി അധിനിവേശവും രണ്ടാം ലോകമഹായുദ്ധത്തിന്റെ കെടുതികളും മുതൽ സോവിയറ്റ് അധിനിവേശവും കമ്മ്യൂണിസ്റ്റ് ഭരണവും വരെ. നിരാശനായ, സിനിക്കലായ ബുർസ കപടമൂല്യങ്ങളുടെയും പൊള്ളയായ വാഗ്ദാനങ്ങളുടെയും ഒരു ലോകത്തെ, ആത്മാർത്ഥതയ്ക്കും സത്യസന്ധതയ്ക്കും അനുതാപത്തിനും സ്ഥാനമില്ലാത്ത ഒരു ലോകത്തെ കളിയാക്കിക്കൊല്ലുന്നു. 


പരിഭവത്തോടെ ഒരുപകാരസ്മരണ



നീയെന്നെ അന്ധനാക്കിയില്ല
അതിനു ദൈവമേ, നിനക്കു നന്ദി
നീയെന്നെ കൂനനാക്കിയില്ല
അതിനു ദൈവമേ, നിനക്കു നന്ദി
നീയെന്നെ ഒരു കുടിയന്റെ സന്തതിയാക്കിയില്ല
അതിനു ദൈവമേ, നിനക്കു നന്ദി
നീയെന്നെ ഒരു ഹൈഡ്രോസെഫാലിക്* ആക്കിയില്ല
അതിനു ദൈവമേ നിനക്കു നന്ദി
നീയെന്നെ വിക്കനോ മുടന്തനോ കുള്ളനോ
ചുഴലിദീനക്കാരനോ നപുംസകമോ കുതിരയോ
പായലോ മറ്റേതെങ്കിലും സസ്യജന്തുവർഗ്ഗമോ ആക്കിയില്ല
അതിനെല്ലാം ദൈവമേ, നിനക്കു നന്ദി
എന്നാൽ എന്തിനു നീയെന്നെ ഒരു പോളണ്ടുകാരനാക്കി?
 

*തലയ്ക്കുള്ളിൽ ദ്രാവകം നിറഞ്ഞ് വീർക്കുന്ന രോഗമുള്ളയാൾ


നടക്കാൻ പഠിക്കൽ



ഗുരുത്വാകർഷണത്തെ അതിജീവിക്കുന്നതിൽ
എനിക്കൊരുപാടു കഷ്ടപ്പാടുകൾ നേരിടേണ്ടി വന്നു
എങ്ങനെയെങ്കിലും രണ്ടു കാലിൽ നില്ക്കാനായാൽ
കുറച്ചൊക്കെ മതിപ്പു കിട്ടിയേക്കാമെന്ന് ഞാനോർത്തു
അവരെന്റെ മുഖത്താഞ്ഞിടിക്കുകയാണു ചെയ്തത്
എനിക്കൊന്നും മനസ്സിലായില്ല
ഞാൻ നിവർന്നുനില്ക്കാൻ സാഹസികമായി ശ്രമിക്കുകയായിരുന്നു
എനിക്കിതൊന്നും മനസ്സിലാകുന്നതേയില്ല
“താനൊരു മണ്ടനാണ്‌”
എന്റെ ചില അഭ്യുദയകാംക്ഷികൾ എന്നെ ഉപദേശിക്കുകയാണ്‌
(എല്ലാറ്റിലും തെമ്മാടികൾ ഇവരാണ്‌)
“യഥാർത്ഥലോകത്ത് ഇഴയുകയാണ്‌ വേണ്ടതെടോ”
അങ്ങനെ ഞാൻ കമിഴ്ന്നു കിടക്കുന്നു
(എന്റെ ചന്തി തമാശ തോന്നും മട്ട് തള്ളിനില്ക്കുന്നുണ്ട്)
അങ്ങനെ കുഞ്ഞിച്ചെരുപ്പു മുതൽ കൊച്ചു ഷൂസ് വരെയിട്ട്
കൊച്ചു കാൻവാസ് ഷൂസ് മുതൽ കൊച്ചുബൂട്ട് വരെയിട്ട്
ഈ ലോകത്തു നടക്കുന്നതെങ്ങനെയെന്ന്
പഠിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്‌ ഞാൻ

കാസനോവ



നിങ്ങൾ അത്രമേൽ അസൂയപ്പെടുന്ന
ജ്യൂസപ്പേ കാസനോവ
അത്രക്കങ്ങൊരു ധനികനായിരുന്നില്ല
വലിയ കരുത്തനുമായിരുന്നില്ല
അയാളെക്കാളല്ലെങ്കിൽ
അയാളോളമെങ്കിലും
സുന്ദരന്മാരായിരുന്ന പലരെയും
അയാളുടെ തലമുറയ്ക്ക്
പരിചയവുമായിരുന്നു
എന്നാൽ അയാൾ
മര്യാദക്കാരനായിരുന്നു
സ്നേഹിക്കുന്നവനായിരുന്നു
പൗരുഷമുള്ളവനായിരുന്നു
അയാൾ സ്ത്രീകളുടെ സ്നേഹം
സമ്പാദിക്കുകയല്ലാതെ ചെയ്തിട്ടില്ല
അധികം പ്രണയനാടകത്തിനൊന്നും നില്ക്കാതെ
തന്റെ ഉദ്ദേശ്യം സാധിക്കാമെന്നുള്ളപ്പോൾപ്പോലും
അതിനാൽ
നിങ്ങൾക്കയാളെപ്പോലാകണമെന്നാണെങ്കിൽ
ഒരു സ്ത്രീയുടെ സ്നേഹം സമ്പാദിക്കണമെന്നാണെങ്കിൽ
ദുർഘടങ്ങൾ നിരുത്സാഹപ്പെടുത്തരുതെന്നാണെങ്കിൽ
സ്വന്തം ഭാര്യയിൽ നിന്നു തുടങ്ങുക


 ---------------------------------------------------------------------------------------------------------------------
 കവിധർമ്മം
---------------------------------------------------------------------------------------------------------------

 10 മുതൽ 1.30 വരെ ഒരു കവി
ജനകോടികൾക്കായി മനസ്സുരുക്കുന്നു.
11 മണിക്ക് മൂത്രശങ്ക തോന്നി
അദ്ദേഹം പുറത്തു പോകുന്നു
പാന്റിന്റെ കുടുക്കഴിക്കുന്നു
കുടുക്കിടുന്നു
മേശയിങ്കലേക്കു മടങ്ങുന്നു
കണ്ഠശുദ്ധി വരുത്തുന്നു
എന്നിട്ടു പിന്നെയും
ജനകോടികൾക്കായി മനസ്സുരുക്കുന്നു
.



യക്ഷിക്കഥ



പണ്ടൊരിക്കൽ ചക്രവർത്തിക്കു മൂശേട്ട പിടിച്ചിരിക്കുന്ന സമയത്ത് ഒരു സാധാരണക്കാരൻ വശപ്പിശകായിട്ടെന്തോ പറയുകയോ എടുക്കുകയോ ചെയ്യാനിടയായി. ചക്രവർത്തി അയാളെ ശിരച്ഛേദം ചെയ്യാൻ കല്പിച്ചു. ചക്രവർത്തിക്കു പക്ഷേ അപ്പോൾ നേരമുണ്ടായിരുന്നില്ല. അദ്ദേഹം പറഞ്ഞു:
-ഓരോ മണിക്കൂറും നീ എന്റെ ഓഫീസിൽ വന്ന് ആസന്നഭാവിയിൽ ഞാൻ നിന്റെ തല വെട്ടേണ്ടതാണെന്ന് ഓർമ്മിപ്പിക്കുക.
അങ്ങനെ ആ മനുഷ്യൻ കൊട്ടാരത്തിൽ ഹാജരാവാൻ തുടങ്ങി. ആദ്യമൊക്കെ അയാൾക്കു വലുതായ മനഃപ്രയാസമൊക്കെ തോന്നിയിരുന്നു. അസ്തിത്വത്തിന്റെ അഗണ്യതയെക്കുറിച്ചും വ്യക്തിക്കു മേൽ അടിച്ചേല്പിക്കപ്പെടുന്ന നിയന്ത്രണങ്ങളെക്കുറിച്ചും മന്ദബുദ്ധിയായ ഒരു നാട്ടുപ്രമാണിയുടെ മാറിമറിയുന്ന മാനസികാവസ്ഥയ്ക്കു വിധേയനാവേണ്ടി വരുന്നതിനെക്കുറിച്ചുമൊക്കെ ദീർഘവിചിന്തനം ചെയ്തിരുന്നു. പിന്നീട് അയാൾക്കതു പൊരുത്തമായി. കൊട്ടാരം ഉദ്യോഗസ്ഥന്മാർക്ക് അയാൾ വലിയൊരു കുരിശ്ശായി മാറി. കൊട്ടക്കണക്കിനു ജോലി കിടക്കുന്നു, നിവേദനവുമായി വരുന്നവർ നിര നിന്നുനിന്ന് തളർന്നു വീഴുകയാണ്‌; അപ്പോഴാണ്‌ നേരം തെറ്റാതെ ഈ മനുഷ്യന്റെ വരവ്.
-നമസ്കാരം. ആസന്നഭാവിയിൽ അദ്ദേഹം എന്റെ തല വെട്ടാനുള്ളതാണെന്നു നിങ്ങളെ ഓർമ്മിപ്പിക്കാൻ ചക്രവർത്തി എന്നോടു കല്പിച്ചിരിക്കുന്നു. എന്നാൽ ഞാൻ പിന്നെ വരാം.
ഓരോ മണിക്കൂറും ഇതിങ്ങനെ നടന്നു.
പന്ത്രണ്ടു മണിയ്ക്ക് രണ്ടു മിനുട്ടുള്ളപ്പോൾ ഈ മനുഷ്യൻ “മിനിസ്റ്റീരിയൽ” എന്നു പേരുള്ള കാപ്പിക്കടയിൽ നിന്ന് (അയാൾ വേറേയെങ്ങും പോകാറു പതിവില്ല) ചാടിയിറങ്ങി ഓടുകയാണ്‌, ആ കൊച്ചു സൂത്രവാക്യം ഉരുവിടാൻ. എല്ലാ ശനിയാഴ്ച രാത്രിയും പതിനൊന്നു മണിക്ക് “അംബാസഡേഴ്സ് പാരഡൈസ്” എന്നു പേരുള്ള ബാറിൽ നിന്ന് (അയാൾ വേറേയെങ്ങും പോകാറു പതിവില്ല) ഒരു കുപ്പിയെടുത്ത് അപ്പാടെ വായിൽ കമിഴ്ത്തി ഉറയ്ക്കാത്ത കാലടികളോടെ പുറത്തേക്കു വരികയാണ്‌, കൊട്ടാരത്തിൽ ചെന്ന് നാവു കുഴഞ്ഞുകൊണ്ടാവർത്തിക്കാൻ:
-ചക്രവർത്തി എന്നോടു കല്പിച്ചിരിക്കുന്നു...എന്തെന്നാൽ... എന്നു പറഞ്ഞാൽ...അതായത് ആസന്നഭാവിയിൽ അദ്ദേഹം എന്റെ തല വെട്ടേണ്ടതാണെന്ന് അദ്ദേഹത്തെ ഓർമ്മിപ്പിക്കാൻ.
പുലർച്ചെ നാലു മണിയ്ക്ക് കൊട്ടാരം ഓഫീസിനു മുന്നിലെ ഇടനാഴിയിലുള്ള തന്റെ കട്ടിലിൽ നിന്നു ചാടിയെഴുന്നേറ്റ് ( അയാൾ വേറേയെങ്ങും ഇപ്പോൾ കിടന്നുറങ്ങാറില്ല) ഡ്യുട്ടിയിലിലിരുന്നുറങ്ങുന്ന സെക്രട്ടറിയുടെ ഉറക്കം കെടുത്തുകയാണ്‌:
-ചക്രവർത്തി എന്നോടു കല്പിച്ചിരിക്കുന്നു...എന്നിങ്ങനെ.
ഇങ്ങനെ ഇരുപതു കൊല്ലം കഴിഞ്ഞ് ഒരു ദിവസം ഈ മനുഷ്യൻ കൊട്ടാരം ഓഫീസിൽ വച്ച് രാജാവിന്റെ കണ്ണില്പെടാനിടയായി.
-ഈ മനുഷ്യനെന്താ വേണ്ടത്? ചക്രവർത്തി ചോദിച്ചു.
-ഈയാൾ പറയുകയാണ്‌, അയാളുടെ തല വെട്ടിക്കളയാൻ അവിടുന്ന് കല്പിച്ചിരിക്കുന്നുവെന്ന്, സെക്രട്ടറി ബോധിപ്പിച്ചു.
-എന്നാൽ വെട്ടിക്കളഞ്ഞേക്ക്, ചക്രവർത്തി ക്രോധത്തോടെ മുക്രയിട്ടു.
അങ്ങനെ അയാളുടെ തല വെട്ടുകയും ചെയ്തു.


അഭിപ്രായങ്ങളൊന്നുമില്ല: