2023, സെപ്റ്റംബർ 30, ശനിയാഴ്‌ച

തകാഷി ഇക്കേമോട്ടോ - മഴ



മഴ പെയ്തു കൊണ്ടേയിരിക്കുന്നു,
സ്വപ്നങ്ങളിൽ പോലും.
തലയോട്ടി വല്ലാതെ ചോരുന്നു.

നിലയ്ക്കാതെ തുള്ളിയിറ്റുകയാണ്,
മുതുകിലൂടെ.

എന്നു തുടങ്ങിയെ-
ന്നാർക്കുമോർമ്മയില്ലാത്ത മഴ,
അതു പെയ്തുകൊണ്ടേയിരിക്കുന്നു,

നന്നായിത്തെളിഞ്ഞ നാളുകളിൽപോലും.

ഉംബെർട്ടോ സബ- ഒരു വേനല്ക്കാലരാത്രിയിൽ ഉറക്കമില്ലാതെ കിടക്കുമ്പോൾ



നക്ഷത്രങ്ങൾക്കു ചുവടെ
പുല്പുറത്തു ഞാൻ കിടന്നു,
എന്റെ നിദ്രാരാഹിത്യത്തെ
ഒരു മതാനുഷ്ഠാനമാക്കുന്ന രാത്രിയിൽ.
ഒരു കല്ലാണെന്റെ തലയിണ.

രണ്ടു ചുവടപ്പുറം ഒരു നായ.
നിശ്ചേഷ്ടനായി,
അകലെയുറപ്പിച്ച കണ്ണുകളുമായി
അവനിരിക്കുന്നു.
ചിന്താധീനനാണെന്നപോലെ,
ഒരനുഷ്ഠാനത്തിലാണെന്നപോലെ,
അനന്തതയുടെ മൗനങ്ങൾ
അവന്റെയുടലിലൂടെക്കടന്നുപോകുന്നപോലെ.

ഇതേ നീലിമയാർന്നൊരു രാത്രിയിൽ,
നക്ഷത്രസമൃദ്ധമായ ഈദൃശമൊരു രാത്രിയിൽ,
യാക്കോബ് മാലാഖമാരെ സ്വപ്നം കണ്ടു,
ആകാശപ്പടവുകളിറങ്ങി അവർ വരുന്നതായി-
ഒരു കല്ലാണവന്റെ തലയിണ.
എണ്ണമറ്റ നക്ഷത്രങ്ങൾക്കു ചുവട്ടിൽ
തനിക്കു പിറക്കാനിരിക്കുന്ന സന്തതികളെ അവനെണ്ണി
തന്നെക്കാൾ കരുത്തനായ തന്റെ ജ്യേഷ്ഠൻ,
ഏസാവിന്റെ പകയിൽ നിന്നവനൊളിച്ചോടിയ അതേ ദേശത്ത്
ഒരു സാമ്രാജ്യമവൻ ഭാവന ചെയ്തു,
ശക്തവും തന്റെ സന്തതികളുടെ നിധികളാൽ
കിരീടം ചൂടിയതും.
സ്വപ്നത്തിൽ നിന്നവനെ ഞെട്ടിയുണർത്തിയതാവട്ടെ,
അവനോടു മല്ലുപിടിച്ച ദൈവമായിരുന്നു.


(ഏസാവിന്റെയും യാക്കോബിന്റെയും കഥകൾക്ക് ഉല്പത്തിപുസ്തകം 25 മുതൽ വായിക്കുക.)

ഹന്ന ആരെന്റ് - അഭിമുഖം

 ഗുന്തർ ഗാസ്: നിങ്ങൾ ഇപ്പോൾ ന്യൂയോർക്കിലാണ്‌ താമസിക്കുന്നത്. ഭർത്താവ് ഫിലോസഫി പ്രൊഫസറാണ്‌. നിങ്ങൾ കൂടി അംഗമായ അക്കാദമിക് സമൂഹം ബഹുരാഷ്ട്രസ്വഭാവമുള്ളതുമാണ്‌. എന്നാല്ക്കൂടി ഞാനൊന്നു ചോദിക്കട്ടെ, പ്രാഗ്-ഹിറ്റ്ലർ കാലത്തെ യൂറോപ്പിനെക്കുറിച്ചോർത്ത്, അതിനി ഒരിക്കലും തിരിച്ചുവരാൻ പോകുന്നില്ല, നിങ്ങൾക്കു നഷ്ടബോധം തോന്നാറുന്നുണ്ടോ?  യൂറോപ്പിന്റെ കാര്യമെടുത്താൽ താങ്കളുടെ തോന്നലിൽ, എന്താണ്‌ ശേഷിക്കുന്നത്, എന്താണ്‌ തിരിച്ചുകിട്ടാത്തവിധം നഷ്ടപ്പെട്ടത്?

ഹന്ന ആരെന്റ്: പ്രാഗ്-ഹിറ്റ്ലർ കാലത്തെ യൂറോപ്പ്? അതിപ്പോഴും എന്റെ ദാഹമാണ്‌. എന്തു ശേഷിക്കുന്നുവെന്നോ? ഭാഷ ശേഷിക്കുന്നു.

ഗാസ്: നിങ്ങളെ സംബന്ധിച്ച് അതർത്ഥമാക്കുന്നത് വളരെയധികവുമാണ്‌?

ആരെന്റ്: വളരെയധികം. എന്റെ മാതൃഭാഷ നഷ്ടപ്പെടുത്താതിരിക്കാൻ ഞാൻ ബോധപൂർവ്വം ശ്രമിച്ചിട്ടുണ്ട്. അന്നു ഞാൻ നന്നായി സംസാരിച്ചിരുന്ന ഫ്രെഞ്ചിൽ നിന്നും ഇന്നു ഞാനെഴുതുന്ന ഇംഗ്ലീഷിൽ നിന്നും ഞാനെന്നും ഒരകലം പാലിച്ചിട്ടുണ്ട്.

ഗാസ്: ഞാൻ അതു ചോദിക്കാൻ പോവുകയായിരുന്നു. നിങ്ങൾ ഇപ്പോൾ ഇംഗ്ലീഷിലാണെഴുതുന്നത്?

ആരെന്റ്: ഞാൻ എഴുതുന്നത് ഇംഗ്ലീഷിലാണ്‌; എന്നാൽ എനിക്കതിനോട് ഒരകലമുണ്ടെന്നുള്ള തോന്നൽ ഇതേവരെ പോയിട്ടില്ല. നിങ്ങളുടെ മാതൃഭാഷയും മറ്റൊരു ഭാഷയും തമ്മിൽ അതിഭീമമായ ഒരന്തരമുണ്ട്. എന്റെ കാര്യത്തിൽ എനിക്കത് തീർത്തും ലളിതമായി പറയാൻ പറ്റും: ജർമ്മൻ കവിതയുടെ വലിയൊരു ഭാഗം എനിക്കു ഹൃദിസ്ഥമാണ്‌; ആ കവിതകൾ എന്റെ ഹൃദയത്തിന്റെ പിന്നാമ്പുറത്ത് എപ്പോഴുമുണ്ടാവും. ഇംഗ്ലീഷിൽ ചെയ്യാൻ ഞാൻ സ്വയം അനുവദിക്കാത്ത കാര്യങ്ങൾ ഞാൻ ജർമ്മനിലാണു ചെയ്യുക. എന്നു പറഞ്ഞാൽ, ഇംഗ്ലീഷിലും ചിലപ്പോഴൊക്കെ ചെയ്യാറുണ്ടെങ്കിലും (അതിനുള്ള ധൈര്യം വന്നതിനാൽ) പൊതുവേ അതിനോട് ഞാൻ ഒരകലം പാലിക്കാറുണ്ട്. എനിക്കു ശേഷിച്ച പരമപ്രധാനമായ കാര്യവും ഞാനെന്നും ബോധപൂർവ്വം കാത്തുസൂക്ഷിച്ചതും ജർമ്മൻ ഭാഷയാണ്‌.

ഗാസ്: ഏറ്റവും തിക്തമായ കാലഘട്ടത്തിലും?

ആരെന്റ്: എപ്പോഴും. ഞാൻ ആലോചിച്ചു, ഞാനെന്തു ചെയ്യണം? ഭ്രാന്തു പിടിച്ചത് ജർമ്മൻ ഭാഷയ്ക്കല്ല. രണ്ടാമതായി, മാതൃഭാഷയ്ക്ക് ഒരു പകരംവയ്പില്ല. ആളുകൾക്ക് തങ്ങളുടെ മാതൃഭാഷയെ മറക്കാം. അത് ശരിയാണ്‌- ഞാനത് കണ്ടിട്ടുണ്ട്. എന്നെക്കാൾ നന്നായി പുതിയ ഭാഷ സംസാരിക്കുന്നവരുണ്ട്. എന്റെ സംസാരത്തിന്‌ ഇപ്പോഴും ഒരു വൈദേശികച്ചുവയുണ്ട്, ശൈലിയുടെ സൗന്ദര്യവും അതിനില്ല. അവർക്കിതൊക്കെ നന്നായി വഴങ്ങുന്നുണ്ട്. പക്ഷേ അവർ ഇതൊക്കെ ചെയ്യുന്നത് ഒന്നിനു പിന്നാലെ മറ്റൊരു ക്ലീഷേ വരുന്ന ഒരു ഭാഷയിലാണ്‌; കാരണം, സ്വന്തം ഭാഷയിൽ ഒരാൾക്കുള്ള ഉല്പാദനക്ഷമത ആ ഭാഷ മറക്കുന്നതോടെ ഇല്ലാതാവുകയാണ്‌.

(1964 ഒക്ടോബർ 28ന്‌ ഗുന്തർ ഗാസുമായി നടത്തിയ അഭിമുഖത്തിൽ നിന്ന്)

Günter Gaus, “Conversation with Hannah Arendt,” from the Series Zur Person (1964)

2023, സെപ്റ്റംബർ 29, വെള്ളിയാഴ്‌ച

ക്ലാരിസ് ലിസ്പെക്റ്റർ - ലോകത്തെ ഏറ്റവും ചെറിയ സ്ത്രീ

 



ഇക്വറ്റോറിയൽ ആഫ്രിക്കയുടെ ഗഹനതയിൽ വച്ച്, നായാട്ടുകാരനും ലോകപരിചയം ഏറെയുള്ളയാളുമായ മാർസെൽ പ്രെട്രെ എന്ന ഫ്രഞ്ച് പര്യവേക്ഷകൻ വിസ്മയപ്പെടുത്തും വിധം വലിപ്പം കുറഞ്ഞ ഒരു പിഗ്മിഗോത്രത്തെ കണ്ടുമുട്ടി. അപ്പോഴാണ്‌ അതിനെക്കാൾ വലിപ്പം കുറഞ്ഞ ഒരു ജനത കാടുകൾക്കും ദൂരങ്ങൾക്കുമപ്പുറം ജീവിക്കുന്നുണ്ടെന്ന വാർത്ത അയാളുടെ കാതിലെത്തുന്നത്; എങ്കിൽ അയാൾക്കുണ്ടായ അത്ഭുതം പറയേണ്ടതില്ലല്ലോ. അങ്ങനെ കാട്ടിനുള്ളിലേക്ക് കൂടുതലാഴത്തിൽ അയാൾ ഇറങ്ങിച്ചെന്നു.

അവിടെ, സെൻട്രൽ കോംഗോയിൽ വച്ച്, ലോകത്തെ ഏറ്റവും ചെറിയ പിഗ്മികളെ അയാൾ കണ്ടുമുട്ടി. പെട്ടിക്കുള്ളിൽ പെട്ടി പോലെ, അതിനുമുള്ളിൽ മറ്റൊന്നു പോലെ ലോകത്തെ ഏറ്റവും ചെറിയ പിഗ്മികൾക്കിടയിലുണ്ടായിരുന്നു, ലോകത്തെ ഏറ്റവും ചെറിയ പിഗ്മികളിൽ വച്ചേറ്റവും ചെറുത്. പ്രകൃതിക്കു ചിലപ്പോൾ തന്നെത്തന്നെ അതിശയിക്കേണ്ടിവരാറുണ്ടല്ലോ.

കൊതുകുകൾക്കും ഈർപ്പം കൊണ്ടൂഷ്മളമായ മരങ്ങൾക്കുമിടയിൽ, എത്രയും അലസമായ പച്ചനിറം പൂണ്ട പച്ചിലത്തഴപ്പിനിടയിൽ, മാർസെൽ പ്രെട്രെയുടെ മുഖത്തോടു മുഖം നിന്നു, പതിനെട്ടിഞ്ചുയരമുള്ള, പൂർണ്ണവളർച്ചയെത്തിയ, കറുത്ത, നിശ്ശബ്ദയായ ഒരു സ്ത്രീ. “ഒരു കുരങ്ങിനെപ്പോലിരുണ്ടത്,” പിന്നീടയാൾ പത്രക്കാരോടു പറഞ്ഞു; തന്റെ കൊച്ചുഭർത്താവുമായി ഒരു മരത്തിന്റെ മണ്ടയ്ക്കാണ്‌ അവളുടെ താമസമെന്നും അയാൾ അവരോടു പറയുന്നുണ്ട്. കനികളെ നേരത്തേ പാകമാക്കുകയും അവയെ മടുപ്പിക്കും വിധം മധുരമുള്ളതാക്കുകയും ചെയ്യുന്ന ഊഷ്മളവും വന്യവുമായ മൂടല്മഞ്ഞിൽ അവൾ ഗർഭവതിയായിരുന്നു.

അങ്ങനെ അവൾ നിന്നു, ലോകത്തെ ഏറ്റവും ചെറിയ സ്ത്രീ. ഉഷ്ണത്തിന്റെ മൂളക്കത്തിൽ ഒരു നിമിഷത്തേക്കു തോന്നിയിരുന്നു, ആ ഫ്രഞ്ചുകാരൻ അപ്രതീക്ഷിതമായി തന്റെ നിഗമനത്തിൽ എത്തിയെന്ന്. സുബോധം നഷ്ടപ്പെടാത്തതുകൊണ്ടാണ്‌ അയാളുടെ ആത്മാവ് മോഹാലസ്യപ്പെടാത്തതും നിയന്ത്രണം വിടാത്തതും എന്നതിൽ സംശയിക്കാനില്ല. ഒരു ക്രമം വേണമല്ലോ എന്നു പെട്ടെന്നു തോന്നിയതിനാൽ, ലോകത്തുള്ളതിനെല്ലാം ഒരു പേരിടാനുമായി, അയാൾ അവൾക്ക് ‘ലിറ്റിൽ ഫ്ലവർ’ എന്നു പേരിട്ടു. പരിചിതയാഥാർത്ഥ്യങ്ങൾക്കിടയിൽ അവളെ ഉൾക്കൊള്ളിക്കാനായി അയാൾ അപ്പോൾത്തന്നെ അവളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനും തുടങ്ങി.

അവൾ ഉൾപ്പെടുന്ന വംശം കാലം ചെല്ലുന്തോറും നശിച്ചുകൊണ്ടുവരികയാണ്‌. ഈ ജീവിവർഗ്ഗത്തിന്റെ വളരെക്കുറച്ചു മാതൃകകളേ ശേഷിക്കുന്നുള്ളു; ആഫ്രിക്ക ഒളിപ്പിച്ചുവച്ചിരിക്കുന്ന അപകടങ്ങൾ കാരണം അവരും ചിതറിപ്പോകുന്നില്ല എന്നുമാത്രം. രോഗങ്ങൾ, ജലാശയങ്ങളിൽ നിന്നുള്ള വിഷവായു, മതിയായ ആഹാരം കിട്ടായ്ക, കാട്ടുമൃഗങ്ങൾ എന്നിവയ്ക്കു പുറമേ അല്പമാത്രമായ ലിക്കൗലാകൾക്കു നേരിടേണ്ടിവരുന്ന ഏറ്റവും വലിയ വിപത്ത് കാട്ടാളന്മാരായ ബണ്ടുക്കൾ ആണ്‌; യുദ്ധത്തിന്റന്നു രാവിലത്തെ നിശബ്ദമായ അന്തരീക്ഷം പോലെ അവരെ വന്നുപൊതിയുന്ന ഒരു ഭീഷണി. കുരങ്ങുകളെ നായാടുന്നപോലെ അവർ ലിക്കൗലാകളേയും നായാടുന്നത് വല വീശിയാണ്‌. അവരെ തിന്നുകയും ചെയ്യുന്നു. അത്രതന്നെ: അവർ വല വീശി അവരെ നായാടുകയും പിന്നെ അവരെ തിന്നുകയും ചെയ്യുന്നു. ആ തീർത്തും ചെറിയ മനുഷ്യവംശം പിൻവാങ്ങിപ്പിൻവാങ്ങി ഒടുവിൽ ആഫ്രിക്കയുടെ ഹൃദയത്തിൽ വാസമുറപ്പിക്കുന്നു; അവിടെ വച്ച് ഭാഗ്യവാനായ ഒരു പര്യവേക്ഷകൻ അവരെ കണ്ടുപിടിക്കുന്നു. തന്ത്രപ്രധാനമായ കാരണങ്ങളാൽ അവർ താമസിക്കുന്നത് ഏറ്റവും ഉയരമുള്ള മരങ്ങളിലാണ്‌. അവിടെ നിന്ന് പെണ്ണുങ്ങൾ ഇറങ്ങിവരുന്നു, ചോളം പാചകം ചെയ്യാനും കൊള്ളിയരയ്ക്കാനും കായ്കറികൾ ശേഖരിക്കാനും; ആണുങ്ങൾ നായാടാനും. ഒരു കുട്ടി പിറന്നാൽ അവന്‌ അപ്പോൾത്തന്നെയെന്നു പറയാം, സ്വാതന്ത്ര്യം അനുവദിക്കപ്പെടുകയാണ്‌. കാട്ടുമൃഗങ്ങൾക്കിടയിൽ അധികകാലം ആ സ്വാതന്ത്ര്യം അനുഭവിക്കാനുള്ള ആയുസ്സ് അവനു കിട്ടുന്നുണ്ടാവില്ല എന്നത് സത്യമാണ്‌. അതിനെച്ചൊല്ലി ആരും വിലപിക്കാൻ പോകുന്നില്ല എന്നതും സത്യമാണ്‌; കാരണം, അത്രയും ചെറിയൊരു ജീവിതത്തിനുതന്നെ വേണ്ടിവരുന്ന യത്നം എത്രയും വലുതായിരുന്നുവല്ലോ. ആ കുട്ടി പഠിക്കുന്ന ഭാഷ തന്നെ ഹ്രസ്വവും ലളിതവുമായിരിക്കും, തികച്ചും അവശ്യമായതു മാത്രം. ലിക്കൗലാകൾ വളരെക്കുറച്ചു നാമപദങ്ങളേ ഉപയോഗിക്കുന്നുള്ളു; വസ്തുക്കളെ കുറിക്കാൻ ചേഷ്ടകളും മൃഗങ്ങളുണ്ടാക്കുന്ന ശബ്ദങ്ങളുമാണ്‌ അവരുടെ ഉപാധി. ആത്മീയവികാസത്തിന്റെ കാര്യമെടുത്താൽ അവർക്കൊരു ചെണ്ടയുണ്ട്. ചെണ്ടയുടെ ശബ്ദത്തിനൊപ്പിച്ച് നൃത്തം ചെയ്യുമ്പോൾ ഒരാൾ കാവൽ നില്ക്കുന്നുണ്ടാകും: ബണ്ടുക്കൾ എവിടെനിന്നാണ്‌ ചാടിവരുന്നതെന്നറിയില്ലല്ലോ.

ഇങ്ങനെയാണപ്പോൾ ആ പര്യവേക്ഷകൻ ജീവനുള്ള മനുഷ്യരിൽ ഏറ്റവും ചെറുതിനെ കണ്ടെത്തുന്നത്. അയാളുടെ ഹൃദയം അതിദ്രുതം മിടിക്കുകയായിരുന്നു: എന്തെന്നാൽ ഒരു മരതകവും ഇത്ര അപൂർവ്വമല്ലല്ലോ. ഇന്ത്യയിലെ ഋഷികളുടെ ഉപദേശങ്ങളും ഇത്ര അപൂർവ്വമല്ല. ലോകത്തെ ഏറ്റവും ധനികനായ മനുഷ്യൻ ഇത്രയും വിചിത്രമായ ഒരനുഗ്രഹത്തിൽ കണ്ണു പതിപ്പിച്ചുണ്ടെന്നു പറയാനുമില്ല. എത്രയും വിശിഷ്ടമായ സ്വപ്നത്തിന്റെ അത്യാർത്തിക്കൊരിക്കലും ഭാവന ചെയ്യാൻ പറ്റാത്ത ഒരു സ്ത്രീയാണ്‌ തന്റെ കണ്ണിനു നേരേ മുന്നിൽ നില്ക്കുന്നത്. അപ്പോഴാണ്‌, അയാൾക്കു സാദ്ധ്യമാകുമെന്ന് അയാളുടെ ഭാര്യ സംശയിച്ചിട്ടില്ലാത്ത ഒരു വൈകാരികമാർദ്ദവത്തോടെ അയാൾ പ്രഖ്യാപിക്കുന്നത്:

“നീയാണ്‌ ലിറ്റിൽ ഫ്ലവർ!”

അതേ നിമിഷത്തിൽ ഒരാൾ സാധാരണയായി ചൊറിയാറില്ലാത്ത ഒരു സ്ഥലത്ത് അവൾ ചൊറിഞ്ഞു. പര്യവേക്ഷകൻ, ഔചിത്യദീക്ഷയിൽ പുരസ്കാരം ലഭിച്ച ഒരാദർശവാദിയെപ്പോലെ, നോട്ടം മാറ്റുകയും ചെയ്തു.

ലിറ്റിൽ ഫ്ലവറിന്റെ ഫോട്ടോ ഞായറാഴ്ചപ്പത്രങ്ങളുടെ കളർ സപ്ലിമെന്റുകളിൽ അച്ചടിച്ചുവന്നു;  തന്റെ പൂർണ്ണവലിപ്പത്തിൽ അവൾ പേജു നിറഞ്ഞുനിന്നു. വളരെ നീണ്ട വയറുമായി, ഒരു തുണിത്തുണ്ടു കൊണ്ട് പൊതിഞ്ഞ്. മൂക്കു പരന്ന്, മുഖം കറുത്ത്, കണ്ണുകൾ കുഴിഞ്ഞ്, കാലടികൾ പരന്ന്. അവളെക്കാണാൻ ഒരു നായയെപ്പോലെയുണ്ടായിരുന്നു.

അന്നു ഞായറാഴ്ച ഒരു ഫ്ലാറ്റിൽ തുറന്നുകിടന്ന പത്രത്തിൽ ലിറ്റിൽ ഫ്ലവറിന്റെ ഫോട്ടോ കണ്ട ഒരു സ്ത്രീയ്ക്ക് അതിൽ രണ്ടാമതൊന്നു നോക്കാൻ തോന്നിയില്ല; “കാരണം, എന്നെയത് വല്ലാതെ വേദനിപ്പിക്കുന്നു.”

മറ്റൊരു ഫ്ലാറ്റിലെ മഹതിയ്ക്ക് ആ ആഫ്രിക്കക്കാരിയോടു തോന്നിയ തല തിരിഞ്ഞ അടുപ്പം കുഞ്ഞിപ്പൂവിനെ അവരുടെ അടുത്ത് ഒറ്റയ്ക്കു വിടുന്നത് അപകടകരമാകുന്ന വിധത്തിലുള്ളതായിരുന്നു. സ്നേഹത്തിന്റെ ഏതിരുട്ടിലേക്കാണ്‌ ആ മമത വളരുന്നതെന്ന് ആരു കണ്ടു? ആ സ്ത്രീ ഒരു ദിവസത്തേക്ക് അസ്വസ്ഥയായിരുന്നു; അവർ തീവ്രാഭിലാഷത്തിന്റെ പിടിയിലായിരുന്നു എന്നുവേണമെങ്കിൽ പറയാം. തന്നെയുമല്ല, വസന്തകാലവുമായിരുന്നു; അപകടം പിടിച്ച ഒരുദാരമനസ്കത അന്തരീക്ഷത്തിലുണ്ടായിരുന്നു.

മറ്റൊരു വീട്ടിലെ ഒരഞ്ചുവയസ്സുകാരിക്ക് ആ ചിത്രം കാണുകയും അതിന്റെ വിവരണം കേൾക്കുകയും ചെയ്തപ്പോൾ ഒരപായസൂചന തോന്നി. കൂടുതലും മുതിർന്നവരുടേതായ ആ കുടുംബത്തിൽ അതുവരെ ആ കുട്ടിയായിരുന്നു ഏറ്റവും ചെറിയ മനുഷ്യജീവി. ഏറ്റവും നല്ല ലാളനകളുടെ ഉറവിടമായിരുന്നു ആ സംഗതിയെങ്കിൽ, സ്നേഹത്തിന്റെ നിഷ്ഠുരതയെക്കുറിച്ചുള്ള പേടിയുടെ ആദ്യത്തെ ഉറവിടമാവുകയായിരുന്നു ഇപ്പോഴത്. ലിറ്റിൽ ഫ്ലവറിന്റെ അസ്തിത്വം ആ പെൺകുട്ടിയെ നയിച്ചത് ‘നിർഭാഗ്യത്തിന്‌ അതിരുകളില്ല’ എന്ന ജ്ഞാനത്തിന്റെ നിംഷദർശനത്തിലേക്കാണ്‌. (അത്ര സ്പഷ്ടമല്ലാതിരുന്ന ആ തോന്നൽ ഒരുപാടു വർഷങ്ങൾക്കു ശേഷമാണ്‌, തീർത്തും വ്യത്യസ്തമായ കാരണങ്ങളാൽ, ഒരു ചിന്തയായി ഘനീഭവിക്കുന്നത്.)

മറ്റൊരു വീട്ടിൽ യുവതിയായ ഒരു വധുവിന്‌ സഹതാപത്തിന്റെ ഹർഷമൂർച്ഛയുണ്ടാകുന്നു: “മമ്മാ, അവളുടെ ആ കൊച്ചുപടം കണ്ടോ, പാവം തോന്നും! എന്തു സങ്കടമാണ്‌ അവളുടെ മുഖത്തെന്നു നോക്കൂ!”

“പക്ഷേ,” സ്ഥിരചിത്തയായ, പരാജിതയായ, അഭിമാനിനിയായ അമ്മ പറഞ്ഞു, “പക്ഷേ ഒരു മൃഗത്തിന്റെ സങ്കടമാണത്, മനുഷ്യസങ്കടമല്ല.”

“എന്താ, മമ്മാ!” ഉത്സാഹം കെട്ടുപോയ യുവതി പറഞ്ഞു.

മറ്റൊരു വീട്ടിലാണ്‌ ഒരു മിടുക്കൻകുട്ടിയ്ക്ക് ഒരു മിടുക്കൻചിന്ത ഉണ്ടായത്.

“മമ്മാ, ഞാനാ കൊച്ചാഫ്രിക്കൻ സ്ത്രീയെ പൗലിഞ്ഞോ ഉറങ്ങുമ്പോൾ അവന്റെ കട്ടിലിൽ കിടത്തിയാൽ എങ്ങനിരിക്കും? ഉണരുമ്പോൾ അവൻ പേടിച്ചുവിറയ്ക്കും, അല്ലേ? കട്ടിലിൽ അവളിരിക്കുന്നതു കാണുമ്പോൾ അവൻ അലറിവിളിക്കും! എന്നിട്ടു ഞങ്ങൾക്ക് അവളെയും കൊണ്ടു കളിക്കാം. ഞങ്ങൾക്കവളെ കളിപ്പാട്ടമാക്കാം, അല്ലേ!”

അവന്റെ അമ്മ ആ സമയത്ത് കുളിമുറിയിലെ കണ്ണാടി നോക്കി തന്റെ മുടി ചുരുളു പിടിപ്പിച്ചെടുക്കുകയായിരുന്നു; ഒരു പാചകക്കാരി താൻ അനാഥാലയത്തിലായിരുന്നപ്പോഴത്തെ ഒരനുഭവം പറഞ്ഞത് അവർക്കപ്പോൾ ഓർമ്മവന്നു. കളിക്കാൻ പാവകളൊന്നും കിട്ടാതെവരികയും ആ അനാഥക്കുട്ടികളുടെ ഹൃദയങ്ങളിൽ മാതൃത്വം ഉഗ്രമായി തുടിക്കാൻ തുടങ്ങുകയും ചെയ്ത ഒരവസരത്തിൽ സൂത്രക്കാരികളായ ആ കൊച്ചുപെൺകുട്ടികൾ മറ്റൊരു പെൺകുട്ടിയുടെ മരണം കന്യാസ്ത്രീയെ അറിയിക്കാതെ ഗോപ്യമാക്കിവച്ചു. കന്യാസ്ത്രീ പോകുന്നതുവരെ അവർ ജഡം അലമാരയിൽ ഒളിപ്പിച്ചുവയ്ക്കും; പിന്നെ അവർ ആ മരിച്ച കുട്ടിയെ പുറത്തെടുത്ത് കളിക്കാൻ തുടങ്ങും; അവരതിനെ കുളിപ്പിക്കും, പലഹാരം കൊടുക്കും, ഇടയ്ക്കവളെ ശിക്ഷിക്കുകയും ചെയ്യും; അതവളെ ആശ്വസിപ്പിക്കാനായി പിന്നീട് ഉമ്മ കൊടുക്കാൻ വേണ്ടി ചെയ്യുന്നതാണ്‌. കുളിമുറിയിൽ വച്ച് അമ്മ ഓർത്തത് ഇക്കാര്യമാണ്‌; നിറയെ മുടിപ്പിന്നുകളുമായി ഉയർത്തിവച്ച കൈകൾ അവർ താഴ്ത്തി. എന്നിട്ടവർ സ്നേഹിക്കുക എന്ന ക്രൂരമായ ആവശ്യകതയെക്കുറിച്ചാലോചിച്ചു. സന്തോഷത്തോടിരിക്കാൻ വേണ്ടിയുള്ള നമ്മുടെ ആഗ്രഹത്തിന്റെ ദുഷ്ടതയെക്കുറിച്ചാലോചിച്ചു. കുട്ടിക്കളിയ്ക്കു പിന്നിലെ നിഷ്ഠുരതയെക്കുറിച്ചാലോചിച്ചു. എത്ര തവണയാണ്‌ സ്നേഹം കൊണ്ടു നാം കൊല്ലുന്നതെന്നും. പിന്നെയവർ തന്റെ മിടുക്കനായ മകനെ നോക്കി, അപകടകാരിയായ ഒരപരിചിതനെയെന്നപോലെ. തന്റെ സ്വന്തം ആത്മാവാണ്‌, തന്റെ ഉടലിലുമുപരി, ജീവിതത്തിനും സന്തോഷത്തിനും വേണ്ടിയുള്ള ആ മനുഷ്യജീവിയെ ജനിപ്പിച്ചതെന്നോർത്തപ്പോൾ അവർക്ക് ഭയവും അറപ്പും തോന്നി. അങ്ങനെയൊരു മട്ടിലാണ്‌ ആശങ്ക കലർന്ന ഒരഭിമാനത്തോടെ അവർ അവനെ നോക്കിനിന്നത്; അവന്റെ മുൻവരിയിലെ രണ്ടു പല്ലുകൾ ഇപ്പോഴേ നഷ്ടപ്പെട്ടുകഴിഞ്ഞിരിക്കുന്നു; പരിണാമം അതിന്റെ ജോലി തുടങ്ങിക്കഴിഞ്ഞു; ഒരു പല്ല് കൊഴിഞ്ഞ് മറ്റൊരു പല്ലിന്‌ വഴിയൊരുക്കുന്നു, കടിക്കാൻ കൂടുതൽ പറ്റിയതൊന്നിന്‌. “ഞാനവന്‌ നല്ലൊരു സൂട്ട് വാങ്ങിച്ചുകൊടുക്കും,” ചിന്താധീനയായി അവനെത്തന്നെ സൂക്ഷിച്ചുനോക്കിക്കൊണ്ട് അവർ തീരുമാനമെടുത്തു. പിടിവാശിയോടെ അവർ തന്റെ പല്ലിനു വിടവുള്ള മകനെ നല്ല വേഷം ധരിപ്പിച്ചു; ഒരു പാടുപോലുമില്ലാത്തവിധം വൃത്തിയുണ്ടാവണം അവനെന്ന് അവർക്കു പിടിവാശിയായിരുന്നു; വൃത്തി സമാധാനം നല്കുന്ന ഒരു ബാഹ്യതലത്തെ എടുത്തുകാട്ടുമെന്നപോലെ, സൗന്ദര്യത്തിന്റെ മര്യാദാവശത്തെ പൂർണ്ണമാക്കുമെന്നപോലെ. തന്നെയും അവനെയും “കുരങ്ങനെപ്പോലിരുണ്ട ” ഒന്നിൽ നിന്ന് പിടിവാശിയോടെ അകറ്റിനിർത്താനെന്നപോലെ. പിന്നെ, കുളിമുറിയിലെ കണ്ണാടിയിൽ നോക്കിക്കൊണ്ട് മനഃപൂർവ്വമായ മര്യാദയോടെ, നിറഞ്ഞ സഭ്യതയോടെ ഒന്നു പുഞ്ചിരി തൂകി; അതിലൂടെ അമൂർത്തരേഖകൾ നിറഞ്ഞ തന്റെ മുഖത്തിനും ലിറ്റിൽ ഫ്ലവറിന്റെ അപരിഷ്കൃതമുഖത്തിനുമിടയിൽ സഹസ്രാബ്ദങ്ങളുടെ തരണം ചെയ്യാനാവാത്ത ദൂരം പ്രതിഷ്ഠിക്കുകയായിരുന്നു അവർ. എന്നാൽ വർഷങ്ങളുടെ അനുഭവത്തിൽ നിന്ന് അവർക്കറിയാമായിരുന്നു, താൻ തന്നിൽ നിന്നുതന്നെ ഉത്കണ്ഠയും സ്വപ്നങ്ങളും നഷ്ടമായ സഹസ്രാബ്ദങ്ങളും മറയ്ക്കേണ്ടിവരുന്ന ഞായറാഴ്ചകളിൽ ഒന്നാണതെന്ന്.

മറ്റൊരു വീട്ടിൽ, ഒരു ചുമരിനരികിൽ, ലിറ്റിൽ ഫ്ലവറിന്റെ പതിനെട്ടിഞ്ച് ഒരു സ്കെയിൽ കൊണ്ടളക്കുന്നതിന്റെ ഉത്സാഹത്തിലായിരുന്നു അവർ. അപ്പോഴാണവർ ആഹ്ലാദത്തിന്റേതായ ഒരു നടുക്കത്തോടെ ശ്വാസം പിടിച്ചുപോയത്: അവരുടെ സങ്കല്പത്തിനുമപ്പുറം ചെറുതായിരുന്നു അവൾ. എത്രയും ചെറുതും മെരുങ്ങാത്തതുമായ ആ വസ്തുവിനെ, തീറ്റയാകുന്നതിൽ നിന്നൊഴിവാക്കപ്പെട്ട ആ വസ്തുവിനെ, ദാനശീലർക്കുള്ള ആ നിത്യപ്രചോദനത്തെ തനിക്കു മാത്രമായി സ്വന്തമാക്കാനുള്ള ആഗ്രഹം ഓരോ കുടുംബാംഗത്തിന്റെയും ഹൃദയത്തിൽ പതഞ്ഞുപൊങ്ങി. കുടുംബത്തിന്റെ ആത്മാവ് അതിനായി വ്യഗ്രതയോടെ സ്വയം സമർപ്പിക്കാനാഗ്രഹിച്ചു. സത്യം പറഞ്ഞാൽ, ഒരു മനുഷ്യജീവിയെ തന്റേതു മാത്രമാക്കാൻ ആരാണ്‌ ആഗ്രഹിക്കാതിരുന്നിട്ടുള്ളത്? എപ്പോഴുമത് സൗകര്യപ്രദമാകണമെന്നുമില്ല; ഇങ്ങനെയുള്ള തോന്നലുകൾ വേണ്ടെന്ന് ചിലപ്പോൾ നിങ്ങൾക്കു തോന്നിയെന്നും വരാം:
“അവൾ ഇവിടെയാണു ജീവിക്കുന്നതെങ്കിൽ കുടുംബകലഹമുണ്ടാവുമെന്ന് ഞാൻ പന്തയം വയ്ക്കാം,” പത്രം മറിച്ചുനോക്കിക്കൊണ്ട് ചാരുകസേരയിൽ ഇരിക്കുന്ന അച്ഛൻ പറഞ്ഞു. “ഈ വീട്ടിൽ എന്തു നടന്നാലും ഒടുവിൽ കലഹമായിരിക്കും.”

“ആ വിചാരമല്ലാതെ നിങ്ങൾക്കില്ല, ഹൊസേ; നല്ലതൊന്നും ഒരിക്കലും നിങ്ങൾ കാണില്ല,“ അമ്മ പറഞ്ഞു.

”മമ്മാ, അവളുടെ കുഞ്ഞ് എത്ര ചെറുതായിരിക്കുമെന്നു ചിന്തിച്ചിട്ടുണ്ടോ?“ പതിമൂന്നുകാരിയായ മൂത്ത മകൾ ആത്മാർത്ഥതയോടെ ചോദിച്ചു.

പത്രത്തിനു പിന്നിൽ അച്ഛൻ ഒന്നിളകി.

”ലോകത്തെ ഏറ്റവും ചെറിയ കറുത്ത കുട്ടിയായിരിക്കുമത്,“ ആനന്ദമൊലിപ്പിച്ചുകൊണ്ട് അമ്മ പറഞ്ഞു. ”അവൾ ഇവിടെ അത്താഴം വിളമ്പുന്നത് ഒന്നു മനസ്സിൽ കണ്ടു നോക്കിയേ! അതും ആ വലിയ കൊച്ചുവയറും വച്ചുകൊണ്ട്!“

”ഈ കലപില നിർത്താറായില്ലേ?“ അച്ഛൻ മുരണ്ടു.

”ഞങ്ങൾ സംസാരിക്കുന്നത് ഒരപൂർവ്വവസ്തുവിനെക്കുറിച്ചാണെന്നറിയാമല്ലോ?“ മനസ്സു വേദനിച്ചെട്ടെന്നപോലെ അമ്മ പറഞ്ഞു. ”നിങ്ങൾക്കാണ്‌ ഒന്നും മനസ്സിൽ തട്ടാത്തത്.“

ആ അപൂർവ്വവസ്തുവിന്റെ കാര്യമോ?

ഈ സമയത്ത്, ആഫ്രിക്കയിൽ, ആ അപൂർവ്വവസ്തു അവളുടെ ഹൃദയത്തിൽ- അതും കറുത്തതായിരിക്കില്ലെന്ന് ആരു കണ്ടു, ഒരിക്കൽ പിഴച്ച പ്രകൃതിയെ പിന്നെ വിശ്വസിക്കാനാവില്ലല്ലോ- ആ അപൂർവ്വവസ്തു തന്റെ ഹൃദയത്തിൽ തന്നിലും അപൂർവ്വമായതൊന്നിന്‌ അഭയം കൊടുത്തിരുന്നു; ആ രഹസ്യത്തിന്റെയും രഹസ്യമെന്നപോലെ: ഒരു കുഞ്ഞുശിശു. പര്യവേക്ഷകൻ പൂർണ്ണവളർച്ചയെത്തിയ ഏറ്റവും ചെറിയ മനുഷ്യജീവിയുടെ കുഞ്ഞുദരത്തെ സൂക്ഷ്മതയോടെ നോക്കി. അവളെ കണ്ടതില്പിന്നെ ഇതാദ്യമായി അയാൾക്ക് ജിജ്ഞാസയോ വിജയമോ ശാസ്ത്രീയമനോഭാവമോ അല്ല തോന്നിയത്, മറിച്ച് ഒരു മാനോവേദനയാണ്‌.

കാരണം, ലോകത്തെ ഏറ്റവും ചെറിയ സ്ത്രീ ചിരിക്കുകയായിരുന്നു.

അവൾ ഊഷ്മളമായി, ഊഷ്മളമായി ചിരിക്കുകയായിരുന്നു. ലിറ്റിൽ ഫ്ലവർ ജീവിതത്തിൽ ആഹ്ലാദം കൊള്ളുകയായിരുന്നു. താൻ ഇനിയും തീറ്റയായിട്ടില്ലെന്ന അവാച്യമായ അനുഭൂതി അനുഭവിക്കുകയായിരുന്നു, ആ അപൂർവ്വവസ്തു. താനിനിയും തീറ്റയായിട്ടില്ലെന്ന വസ്തുത, മറ്റവസരങ്ങളിലാണെങ്കിൽ, ഒരു മരക്കൊമ്പിൽ നിന്നു മറ്റൊന്നിലേക്കു ചാടാനുള്ള മെയ്‌വഴക്കത്തിന്റെ ചോദനയിലേക്ക് അവളെ തള്ളിവിട്ടേനെ. എന്നാൽ പ്രശാന്തതയുടെ ഈ നിമിഷത്തിൽ, സെൻട്രൽ കോംഗോയിലെ ഇടതൂർന്ന ഇലകൾക്കിടയിൽ വച്ച്, ആ ചോദനയെ അവൾ പ്രവൃത്തിയിലേക്കു പകർത്തിയില്ല- ആ ചോദന ആ അപൂർവ്വവസ്തുവിന്റെ വലിപ്പക്കുറവിലേക്കു മാത്രമായി കേന്ദ്രീകരിച്ചിരുന്നു. അങ്ങനെയാണ്‌ അവൾ ചിരിക്കാനിടയായത്. സംസാരിക്കാത്ത ഒരാൾ ചിരിക്കുന്ന ചിരിയായിരുന്നു അത്. മനസ്സു കുഴങ്ങിപ്പോയ പര്യവേക്ഷകന്‌ ആ ചിരിയെ ഏതു ഗണത്തിൽ പെടുത്തണമെന്നു മനസ്സിലായില്ല. അവൾ തന്റെയാ പതിഞ്ഞ ചിരി ആസ്വദിച്ചുകൊണ്ടേയിരുന്നു, മറ്റൊന്നിന്റെ തീറ്റയാകുന്നതിൽ നിന്നു രക്ഷപെട്ട ഒന്നിന്റെ ചിരി. മറ്റൊന്നിന്റെ വായിലേക്കു പോകാതിരിക്കുക എന്നതാണ്‌ ഏറ്റവും പൂർണ്ണത തികഞ്ഞ വികാരം. മറ്റൊന്നിന്റെ തീറ്റയാവാതിരിക്കുക എന്നതാണ്‌ ഒരു മുഴുവൻജീവിതത്തിന്റെ ഗൂഢലക്ഷ്യം. അവൾ തീറ്റയാവാതിരിക്കുന്നിടത്തോളം കാലം ആ മൃഗതുല്യമായ ചിരി കോമളമാണ്‌, ആഹ്ലാദം എത്ര കോമളമാണോ അത്രയും തന്നെ. പര്യവേക്ഷകൻ ആകെ ചിന്താക്കുഴപ്പത്തിലായി.

രണ്ടാമതാവട്ടെ, ആ അപൂർവ്വവസ്തു ചിരിക്കുകയായിരുന്നെങ്കിൽ അതിനു കാരണം, അവളുടെ ആ വലിപ്പക്കുറവിനുള്ളിൽ ഒരു വലിയ അന്ധകാരം ചലിക്കാൻ തുടങ്ങിയിരുന്നു എന്നതാണ്‌.

പ്രേമം എന്നു വിളിക്കാവുന്നതൊന്നുകൊണ്ട് തന്റെ നെഞ്ച് ഊഷ്മളമാകുന്നത് ആ അപൂർവ്വവസ്തുതന്നെ അറിഞ്ഞുതുടങ്ങിയിരുന്നു. മഞ്ഞനിറമുള്ള ആ പര്യവേക്ഷകനോട് അവൾക്കു സ്നേഹം തോന്നി. സംസാരിക്കാനറിയുമായിരുന്നെങ്കിൽ, തനിക്കയാളോടു പ്രേമമാണെന്ന് അവൾ പറഞ്ഞിരുന്നുവെങ്കിൽ, അഭിമാനം കൊണ്ട് അയാളൊന്നു പൊങ്ങിപ്പോയേനെ. തനിക്കയാളുടെ മോതിരവും വളരെ ഇഷ്ടമായെന്നും അയാളുടെ ബൂട്ടുകളും വളരെ ഇഷ്ടമായെന്നും അവൾ കൂട്ടിച്ചേർക്കുമ്പോൾ ചുരുങ്ങിപ്പോകുന്ന അഭിമാനം. ഇച്ഛാഭംഗം കൊണ്ട് കാറ്റഴിച്ചുവിട്ടപോലെ അയാൾ നില്ക്കുമ്പോൾ ലിറ്റിൽ ഫ്ലവറിന്‌ അത് മനസ്സിലാവുകയുമില്ല. എന്തെന്നാൽ, പര്യവേക്ഷകനോടുള്ള അവളുടെ സ്നേഹം- അവളുടെ ‘ഗാഢസ്നേഹം’ എന്നുതന്നെ പറയാം, കാരണം, മറ്റു പാടവങ്ങൾ ഇല്ലാത്തതിനാൽ സ്നേഹത്തെ ഗാഢമാക്കാനേ അവൾക്കറിയൂ- അവൾക്കു പര്യവേക്ഷകനോടുള്ള ഗാഢസ്നേഹം അവൾക്കയാളുടെ ബൂട്ടുകളേയും സ്നേഹമാണെന്ന വസ്തുത കൊണ്ട് അല്പം പോലും വിലകുറഞ്ഞതാകാൻ പോകുന്നില്ല. സ്നേഹം എന്ന വാക്കിനെച്ചൊല്ലി വളരെപ്പണ്ടേ ഒരബദ്ധം നിലനിന്നുപോരുന്നുണ്ട്; പല കുട്ടികളും പിറന്നത് ഈയൊരു അബദ്ധത്തിൽ നിന്നാണെങ്കിൽ, എണ്ണമറ്റ കുട്ടികൾക്ക് ജനിക്കാനുള്ള ഒരേയൊരവസരം നഷ്ടപ്പെട്ടിട്ടുണ്ട്, നിങ്ങൾ എന്റേതു മാത്രമാകൂ, എന്റേതു മാത്രം! നീ എന്നെ ഇഷ്ടപ്പെടൂ, എന്റെ പണത്തെയല്ല എന്നാവശ്യപ്പെടുന്ന വൈകാരികതാരള്യം മൂലം. എന്നാൽ ഒരു കാടിന്റെ തണുപ്പിൽ അത്തരം ക്രൂരമായ ശിഷ്ടാചാരങ്ങൾക്കൊന്നും സ്ഥാനമില്ല; സ്നേഹം, മറ്റൊന്നിന്റെ തീറ്റയാവാതിരിക്കലാണ്‌, സ്നേഹം ഒരു ബൂട്ട് കാണാൻ ചന്തമുള്ളതാണെന്നു ചിന്തിക്കലാണ്‌, സ്നേഹം കറുമ്പനല്ലാത്ത ഒരാളുടെ അപൂർവ്വനിറം ഇഷ്ടപ്പെടലാണ്‌, സ്നേഹം വെട്ടിത്തിളങ്ങുന്ന ഒരു മോതിരത്തോടുള്ള സ്നേഹം കൊണ്ട് ചിരിക്കലാണ്‌. ലിറ്റിൽ ഫ്ലവർ സ്നേഹം കൊണ്ട് കണ്ണു ചിമ്മി, ഊഷ്മളമായി, ഗർഭിണിയായി, ഊഷ്മളമായി ചിരിക്കുകയും ചെയ്തു.

പര്യവേക്ഷകൻ അവളെ നോക്കി തിരിച്ചൊന്നു പുഞ്ചിരിക്കാൻ ശ്രമിച്ചുവെങ്കിലും ഏതു  ഗർത്തത്തിലാണ്‌ തന്റെ പുഞ്ചിരി ചെന്നടിയാൻ പോകുന്നതെന്ന് അയാൾക്കറിയില്ലായിരുന്നു; അയാൾക്കാകെ പരിഭ്രമവുമായി, വലിയ ഒരു മനുഷ്യൻ പരിഭ്രമത്തിലാകുന്നപോലെ. ആകെ ചുവന്നുതുടുത്തുകൊണ്ട് അയാൾ തന്റെ ഹെല്മെറ്റ് ശരിക്കു വയ്ക്കുന്നതായി ഭാവിച്ചു. അയാളുടെ മുഖമാകെ ചന്തമുള്ള ഒരു നിറം പരന്നു, അയാളുടെ സ്വന്തമായ, പച്ച കലർന്ന ഒരു പാടലനിറം, പുലർച്ചെ ഒരു നാരങ്ങയുടേതുപോലെ. നല്ല പുളിയുണ്ടാവണം.

തന്റെ പ്രതീകാത്മകമായ ഹെല്മെറ്റ് ശരിക്കു വയ്ക്കുമ്പോഴാകണം, പര്യവേക്ഷകന്‌ മനഃസാന്നിദ്ധ്യം വീണ്ടുകിട്ടിയത്; അയാൾ തന്റെ ജോലിയുടെ അച്ചടക്കം തിരിച്ചുപിടിക്കുകയും കുറിപ്പുകളെടുക്കുന്നത് പുനരാരംഭിക്കുകയും ചെയ്തു. ആ ഗോത്രം സംസാരിക്കുന്ന വളരെക്കുറച്ചു വാക്കുകളിൽ ചിലത് അയാൾ ഇതിനകം പഠിച്ചുകഴിഞ്ഞിരുന്നു; അതുപോലെ അവരുടെ സൂചനകൾ വ്യാഖ്യാനിക്കാനും അയാൾ മനസ്സിലാക്കിയിരുന്നു. ഇപ്പോൾ അയാൾക്ക് ചൊദ്യങ്ങൾ ചോദിക്കാമെന്നും ആയിരിക്കുന്നു.

ലിറ്റിൽ ഫ്ലവർ ഉത്തരം പറഞ്ഞു, “അതെ.” തനിക്കു പാർക്കാൻ തന്റേതായ, തന്റെ മാത്രമായ ഒരു മരം ഉണ്ടെന്നതിൽ താൻ വളരെ സന്തുഷ്ടയാണെന്ന് അവൾ പറഞ്ഞു. കാരണം- ഇതവൾ പറഞ്ഞതല്ല, എന്നാൽ അവളുടെ കണ്ണുകൾ അത്രയും ഇരുണ്ടപ്പോൾ അവ അങ്ങനെ പറഞ്ഞപോലായി- സ്വന്തമാക്കുന്നത് നല്ലതാണ്‌, സ്വന്തമാക്കുന്നത് നല്ലതാണ്‌, സ്വന്തമാക്കുന്നത് നല്ലതാണ്‌. പര്യവേക്ഷകൻ പലവട്ടം കണ്ണു ചിമ്മി.

മാർസെൽ പ്രെട്രെയ്ക്ക് തന്നെത്തന്നെ നിയന്ത്രിക്കാൻ പറ്റാതെവന്ന ദുഷ്കരനിമിഷങ്ങൾ പലതുണ്ടായി. എന്തായാലും അയാൾ തുരുതുരെ കുറിപ്പുകളെങ്കിലും എടുത്തുകൊണ്ടിരുന്നു. കുറിപ്പുകൾ എടുക്കാത്തവരുടെ കാര്യം തങ്ങൾക്കാവും വിധം അവർ തന്നെ നോക്കേണ്ടിവരും.

“നോക്ക്,” വായിച്ചവസാനിപ്പിച്ചപോലെ പത്രം മടക്കിവച്ചുകൊണ്ട് ഒരു വൃദ്ധ പറഞ്ഞു, “നോക്ക്, എനിക്കിതേ പറയാനുള്ളു: താൻ എന്താണ്‌ ചെയ്യുന്നതെന്ന് ദൈവത്തിനറിയാം.”
*
(ദീപിക 2023 വാർഷികപ്പതിപ്പിൽ പ്രസിദ്ധീകരിച്ചത് ) 

2023, സെപ്റ്റംബർ 28, വ്യാഴാഴ്‌ച

മരീന സ്വെറ്റയേവ

 ഏകാകിനിയായി അവൾ മരിയ്ക്കും, എന്തെന്നാൽ ഒരു നായയെ സ്നേഹിക്കാൻ അനുവദിക്കുന്നതല്ല അവളുടെ അഭിമാനം, ഒരു കുട്ടിയെ ദത്തെടുക്കാനാവാത്തത്രയാണ്‌ അവളുടെ ഓർമ്മകൾ. അവൾക്കു വേണ്ട, ജന്തുക്കളും അനാഥക്കുട്ടികളും പങ്കാളി പോലും. വില കൊടുത്തു വാങ്ങിയ ഊഷ്മളത അവൾക്കു വേണ്ട, കടം വാങ്ങിയ പുഞ്ചിരികളും വേണ്ട. ചോര കുടിക്കുന്ന യക്ഷിയാവാനോ ഒരു മുത്തശ്ശിയാവാനോ അവളില്ല. അന്യരുടെ യൗവ്വനത്തിന്റെ വിരുന്നിൽ ദരിദ്രയായ ബന്ധുവായി കയറിച്ചെല്ലാൻ അവൾക്കു വയ്യ. സൗഹൃദമോ ബഹുമാനമോ നന്മയെന്ന മറ്റേ പാതാളമോ- സ്നേഹത്തിനു പകരമല്ല അവൾക്കിതൊന്നും. പോയ വർഷത്തിന്റെ ആനന്ദം പൊള്ളലേല്പിച്ച ആ കറുത്ത വടു അവൾ വിട്ടുകൊടുക്കില്ല.

(ആമസോണിനൊരു കത്ത്)


എന്നെക്കുറിച്ച്. എല്ലാവരും എന്നെ ധൈര്യവതിയായി കരുതുന്നു. എന്നെക്കാൾ ഭീരുവായ മറ്റൊരാളെ എനിക്കറിയില്ല. എനിക്കു പേടിയാണെല്ലാം: കണ്ണുകളെ, ഇരുട്ടിനെ, പടവുകളെ, അതിലൊക്കെയേറെ,  നോട്ടുബുക്കുകളിൽ അത്ര വിശ്വസ്തതയോടെ എന്നെ സേവിക്കുമ്പോൾത്തന്നെ എന്റെ ജീവിതം നശിപ്പിച്ച എന്റെ തലയെ. ആരും കാണുന്നില്ല - ആർക്കും അറിയുകയില്ല- ഒരു കൊല്ലമായി...കണ്ണുകൾ കൊണ്ട് ഞാൻ തേടുകയായിരുന്നു ഒരു കൊളുത്തെന്ന്; എന്നാൽ ഒന്നും കാണാനില്ല. ഒരു കൊല്ലമായി മരിക്കാനുള്ള മാർഗ്ഗങ്ങൾ തേടുകയായിരുന്നു ഞാൻ. എന്നാൽ എല്ലാം വികൃതവും പേടിപ്പെടുത്തുന്നതുമാണ്‌. വിഴുങ്ങുക- അതറപ്പുണ്ടാക്കുന്നതാണ്‌; ചാടുക- എനിക്കു വിരുദ്ധമാണത്; വെള്ളത്തിനോടുള്ള ആദിമജുഗുപ്സ. പേടിപ്പെടുത്താൻ എനിക്കാഗ്രഹമില്ല (മരണശേഷം); എനിക്കെന്നെത്തന്നെ (മരണശേഷം) പേടിയാണെന്നു തോന്നുന്നു. എനിക്കു മരിക്കേണ്ട. എനിക്കില്ലാതാകേണ്ട. അസംബന്ധം. എന്നെ വേണ്ടിടത്തോളം...എന്നാൽ ദൈവമേ, എത്ര ചെറുതാണ്‌ ഞാൻ, എന്തെങ്കിലുമൊന്നു ചെയ്യാൻ എത്ര കഴിവില്ലാത്തവളാണു ഞാൻ. ജീവിച്ചുപോവുക-, ചവച്ചുകൊണ്ടിരിക്കുക. കയ്പും ചവച്ചുകൊണ്ടിരിക്കുക. എത്ര വരികൾ എനിക്കു നഷ്ടപ്പെട്ടുകഴിഞ്ഞു! ഞാനൊന്നും എഴുതിവയ്ക്കുന്നില്ല. അതൊക്കെക്കഴിഞ്ഞു.

(മരീന സ്വെറ്റായെവ 1940ൽ ഡയറിയിൽ എഴുതിയത്. 1941 ആഗസ്റ്റ് 31ന്‌ താൻ തേടിനടന്ന കൊളുത്ത് സ്വെറ്റായെവ തന്റെ വാടകമുറിയിൽ കണ്ടെത്തി.)

2023, സെപ്റ്റംബർ 18, തിങ്കളാഴ്‌ച

ക്രെയ്ഗ് മോർഗൻ റ്റെയ്ച്ചർ - കുട്ടിയ്ക്ക് ഹോംവർക്കിൽ സഹായം വേണം


“എനിക്കിതൊന്നും മനസ്സിലാവുന്നില്ല,” കുട്ടി അമ്മയോടു പറഞ്ഞു. “എന്തു കടുപ്പം! തീരുന്നുമില്ല.”

“ക്ഷമ വേണം. അതിൽത്തന്നെ ശ്രദ്ധിക്കുക. മനസ്സു വച്ചാൽ എന്തും ചെയ്യാം,” അമ്മ പറഞ്ഞു.

“എനിക്കു പറക്കാൻ പറ്റില്ലല്ലോ; വെറുതേ നോക്കിക്കൊണ്ടിരുന്നാൽ കെട്ടിടങ്ങൾക്കു തീയിടാനും പറ്റില്ല.”

“അത് നീ പറഞ്ഞതു ശരിയാണ്‌. മനസ്സു വച്ച് നന്നായി ശ്രമിച്ചാൽ നിനക്കൊരു ദിവസം വിമാനം പറത്താൻ പഠിക്കാം,” അമ്മ പറഞ്ഞു.

“എനിക്കാ മണ്ടൻവിമാനമൊന്നും പറത്തണ്ടാ. എന്റെ സ്വന്തം ശരീരം വച്ച് എനിക്കു പറക്കണം, ഇരുവശത്തേക്കും കയ്യിങ്ങനെ നീട്ടി. നോക്കിനോക്കി എനിക്കൊരു കെട്ടിടത്തെ തീയിടുകയും വേണം.”

“അതു നടക്കാത്ത കാര്യമാണ്‌,” ക്ഷമ നശിച്ച അമ്മ പറഞ്ഞു.

“അമ്മ കള്ളം പറഞ്ഞു,” കുട്ടി പറഞ്ഞു, “പിന്നെയും.”

“നമുക്കൊരുമിച്ച് ഹോംവർക്ക് ചെയ്യാൻ നോക്കിയാലോ?” ഒരു പെൻസിലുമെടുത്ത് കുട്ടിയുടെ സമീപത്തു ചെന്നിരുന്നുകൊണ്ട് അമ്മ പറഞ്ഞു.

“വേണ്ട,” അവൻ പറഞ്ഞു. എന്നിട്ടവൻ അവരെ തറപ്പിച്ചുനോക്കാൻ തുടങ്ങി; അവന്റെ കണ്ണുകൾ ഉരുകിയ പാറകൾ ചുഴറ്റിയെറിയുമെന്നു തോന്നിപ്പോയി. ഇങ്ങനെ നോക്കാൻ അവൻ എങ്ങനെ പഠിച്ചു, അവന്റെ അമ്മ ചിന്തിക്കുകയായിരുന്നു. “ഞാൻ അമ്മയ്ക്കു തീ വയ്ക്കും,” അവൻ പറഞ്ഞു, “കള്ളം പറഞ്ഞതിന്‌.”

അതെരിക്കുകയും ചെയ്തു. കരുണയറ്റ ചുവന്ന നാവുകൾ തന്റെ തൊലിയിൽ തൊടുന്നത് അവന്റെ അമ്മ ശരിക്കും അറിഞ്ഞുതുടങ്ങിയിരുന്നു.

2023, സെപ്റ്റംബർ 17, ഞായറാഴ്‌ച

മേരി ഒളിവർ - കവിതകൾ

മരണമെത്തുമ്പോൾ


മരണമെത്തുമ്പോൾ,
ശരല്ക്കാലത്തെ വിശന്ന കരടിയെപ്പോലെ
മരണമെത്തുമ്പോൾ,
എന്നെ വിലയ്ക്കു വാങ്ങാനവൻ മടിശ്ശീലയിലെ വെള്ളിനാണയങ്ങൾ
എണ്ണിയെടുക്കുമ്പോൾ,
പിന്നെയവൻ മടിശ്ശീല മുറുക്കിക്കെട്ടുമ്പോൾ,

പൊങ്ങൻ പനിപോലെ
മരണമെത്തുമ്പോൾ,

തോൾപ്പലകകൾക്കിടയിലൊരു മഞ്ഞുമല പോലെ
മരണമെത്തുമ്പോൾ,

എനിക്കു മോഹം, 
കൗതുകത്തോടെ വാതിലിനു പുറത്തേക്കിറങ്ങാൻ,
എനിക്കറിയണം,
അതെന്തുമാതിരിയുണ്ടാവും,
ഇരുട്ടു നിറഞ്ഞ ആ കുടിൽ?

അതിനാലത്രേ, എന്തിനേയും ഞാൻ കാണുന്നു,
ഒരു സഹോദരബന്ധമായി, ഒരു സഹോദരീബന്ധമായി,
മരണത്തെ ഞാനൊരാശയം മാത്രമായി കാണുന്നു,
നിത്യതയെ മറ്റൊരു സാദ്ധ്യതയായും,

ഓരോ ജീവനേയും ഞാനൊരു പൂവായി കാണുന്നു,
ഒരു വയല്പൂവു പോലെ നിത്യസാധാരണം, അത്രയും അനന്യവും,

ഏതു പേരും ചുണ്ടിലൊരു ഹൃദ്യസംഗീതമായും
സംഗീതമേതും പോലെ മൗനത്തിലേക്കടുക്കുന്നതായും,

ഏതുടലിനേയും ഒരു ധീരസിംഹമായും,
ഭൂമിയ്ക്കു പ്രിയപ്പെട്ടതായും.

ഒക്കെക്കഴിഞ്ഞാൽ എനിക്കു പറയണം,
വിസ്മയത്തെ പരിണയിച്ച വധുവായിരുന്നു
ജീവിതത്തിലെന്നും ഞാനെന്ന്,
ലോകത്തെ കൈകളിലെടുത്ത വരനായിരുന്നുവെന്ന്.

ഒക്കെക്കഴിഞ്ഞാൽ എനിക്കാലോചിക്കണമെന്നില്ല,
യഥാർത്ഥവും വിശേഷിച്ചെന്തെങ്കിലുമാക്കിയിരുന്നോ
ജീവിതത്തെ ഞാനെന്ന്.

എനിക്കെന്നെ കാണേണ്ട,
നെടുവീർപ്പിടുന്ന കാതരയായി, വാദിക്കാൻ നില്ക്കുന്നവളായി.

എനിക്കൊടുങ്ങുകയും വേണ്ട,
ഈ ലോകമൊന്നു ചുറ്റിയടിക്കാൻ വന്നവളായി.


ഇലകൊഴിയും കാലത്തിനൊരു ഗാനം

----------------------------------------

നിങ്ങൾ ഭാവന ചെയ്യാറില്ലേ, വായുവിന്റെ ശൂന്യതയ്ക്കും കാറ്റിന്റെ നിലയ്ക്കാത്ത കുത്തൊഴുക്കുകൾക്കും പകരം മണ്ണിൽ തൊട്ടുകിടക്കുകയാണു സുഖകരമെന്നിലകൾ സ്വപ്നം കാണുകയാണിപ്പോഴെന്ന്?

നിങ്ങൾ ചിന്തിക്കാറില്ലേ, മരങ്ങൾ, കോടരങ്ങളിൽ പായലു മൂടിയവ വിശേഷിച്ചും, തങ്ങളുടെ ഉടലിനുള്ളിലുറങ്ങാൻ കിളികളെ, ആറും പന്ത്രണ്ടുമായി, കാത്തിരുന്നുതുടങ്ങുകയാണിപ്പോഴെന്ന്?

നിങ്ങൾ കേൾക്കുന്നില്ലേ, വിട മന്ത്രിക്കുന്ന ഗോൾഡൻറോഡുകളെ, പുതുമഞ്ഞിന്റെ തലപ്പൂവു വച്ച ചിരഞ്ജീവികളെ?

ചിറയുറയുന്നു, പാടത്തിന്റെ വെണ്മയിൽ പാഞ്ഞുപോകുന്ന കുറുനരിയുടെ നീലിച്ച നിഴൽ നീളുന്നു. കാറ്റതിന്റെ നിരവധിയായ വാലുകളാട്ടുന്നു. സന്ധ്യയ്ക്കു വിറകിന്റെ കൂമ്പാരമൊന്നിളകുന്നു, അതിന്റെ വഴിയ്ക്കു പോകാനുള്ള അഭിലാഷത്തോടെ.


2023, സെപ്റ്റംബർ 16, ശനിയാഴ്‌ച

മയക്കോവ്സ്കി - പീറ്റേഴ്സ്ബെർഗ്ഗിനെക്കുറിച്ച്



പുരപ്പുറങ്ങളിൽ നിന്നോവുകളിലേക്കു കണ്ണീരൊലിച്ചിറങ്ങി,
പിന്നതു പുഴയുടെ കൈവഴിയിലേക്കു ചാലുകളായൊഴുകി;
ആകാശത്തു നിന്നു തൂങ്ങിക്കിടന്ന വെളുത്ത ചുണ്ടുകൾ
കല്ലിന്റെ മുലക്കണ്ണുകൾ വലിച്ചുകുടിച്ചുകൊണ്ടേയിരുന്നു.

മാനത്തിനു മനം തെളിഞ്ഞപ്പോൾ കണ്ണുകൾ തെളിഞ്ഞു:
തളർന്നു വിയർത്തിറ്റുന്ന, മുടി പാറിയൊരു തെളിപ്പുകാരൻ
കവിടിത്തിളക്കമുള്ള കടലിലേക്കാട്ടിത്തെളിക്കുകയാണ്‌,
ഇരട്ടപ്പൂഞ്ഞുള്ള മടി പിടിച്ചൊരൊട്ടകത്തെ, നേവയെ.

(1913)


എക്സ്പ്രഷനിസ്റ്റ് രൂപകങ്ങൾ കൊണ്ടു സമൃദ്ധമായ ഒരാദ്യകാലകവിത. മഴക്കാലത്തെ നഗരാകാശത്തെ മനുഷ്യമുഖമായും അതിന്റെ ചുണ്ടുകൾ ഊറ്റിക്കുടിക്കുന്ന മുലക്കണ്ണുകളായി പള്ളികളുടെ കുംഭഗോപുരങ്ങളെയും ചിത്രീകരിക്കുന്നു. താലം പോലെ തിളങ്ങുന്ന ബാൾട്ടിക്ക് കടലിലേക്ക് തുരുത്തുകൾക്കിടയിലൂടൊഴുകുന്ന നേവ ഇരട്ടപ്പൂഞ്ഞുള്ള ഒരു ബാക്ട്രിയൻ ഒട്ടകവുമാണ്‌.

1912ലാണ്‌ മയക്കോവ്സ്കി സെയിന്റ് പീറ്റേഴ്സ്ബർഗ്ഗിൽ എത്തുന്നത്. അവിടെ വച്ചാണ്‌ അദ്ദേഹം മാക്സിം ഗോർക്കി, അന്ന ആഹ്മാത്തോവ, അവരുടെ ഭർത്താവ് ഗുമില്യോവ് തുടങ്ങിയവരെ പരിചയപ്പെടുന്നത്. തന്റെ ആദ്യനാടകമായ ‘വ്ലദിമിർ മയക്കോവ്സ്കി’ എന്ന നാടകം ആദ്യമായി അവതരിപ്പിക്കുന്നതും ഇവിടെയാണ്‌. 1913ൽ സെയിന്റ് പീറ്റേഴ്സ്ബർഗ്ഗിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു വീട്ടിൽ വച്ചാണ്‌ മയക്കോവ്സ്കി തന്റെ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ച ലില്യ ബ്രിക്കിനെ ആദ്യമായി കാണുന്നതും

സ്റ്റാൻലി കുനിറ്റ്സ്- ഛായാചിത്രം



അച്ഛൻ സ്വന്തം ജീവനെടുത്തതിന്‌
അമ്മയൊരിക്കലും അദ്ദേഹത്തിനു മാപ്പുകൊടുത്തിരുന്നില്ല,
അതും അത്രയും വിഷമകരമായ ഒരു സമയത്ത്,
ഒരു പബ്ലിക് പാർക്കിൽ,
ജനിക്കാൻ ഞാൻ കാത്തിരിക്കുന്ന
ആ വസന്തകാലത്ത്.
അച്ഛന്റെ പേര്‌
അമ്മ തന്റെ ഏറ്റവും ആഴമുള്ള അറയിൽ അടച്ചിട്ടു;
അച്ഛൻ വാതിലിൽ ഇടിക്കുന്നത് ഞാൻ കേട്ടിരുന്നു,
അമ്മയെന്നാൽ വാതിൽ തുറന്നുകൊടുത്തതേയില്ല.
മനക്കരുത്തിന്റെ മീശയും
കടുംതവിട്ടുനിറത്തിൽ നിലവിടാത്ത കണ്ണുകളും
നീണ്ട ചുണ്ടുകളുമുള്ള ഒരപരിചിതന്റെ 
പേസ്റ്റലിൽ ചെയ്ത ഛായാചിത്രവുമായി
മച്ചുമ്പുറത്തു നിന്നു ഞാനിറങ്ങിവന്നപ്പോൾ
ഒരക്ഷരം മിണ്ടാതെ അമ്മയതു കീറിയെറിഞ്ഞു,
എന്റെ ചെകിട്ടത്താഞ്ഞടിക്കുകയും ചെയ്തു.
ഈ അറുപത്തിനാലാം വയസ്സിൽ
എന്റെ കവിളു ചുടുന്നതിപ്പോഴും ഞാനറിയുന്നു.


2023, സെപ്റ്റംബർ 13, ബുധനാഴ്‌ച

ഫെർണാണ്ടോ പെസൊവ - വിവർത്തനത്തെക്കുറിച്ച്


‘വിവർത്തനത്തിന്റെ ചരിത്രം’ എന്നൊരു പുസ്തകം ആരെങ്കിലും എഴുതിയിട്ടുണ്ടോയെന്ന് എനിക്കറിയില്ല. ഉണ്ടെങ്കിൽ  ദീർഘവും താല്പര്യജനകവുമായിരിക്കണമത്. ‘സാഹിത്യചോരണത്തിന്റെ ചരിത്രം’- ഒരു രചയിതാവിനെ കാത്തിരിക്കുന്ന മറ്റൊരു മാസ്റ്റർപീസ്- പോലെ സാഹിത്യപാഠങ്ങൾ അതിൽ നിറഞ്ഞുകവിയും. ഒന്ന് മറ്റൊന്നിനെ ഉയർത്തിക്കൊണ്ടുവരുന്നതിന്‌ ഒരു കാരണമുണ്ട്: എഴുത്തുകാരന്റെ പേരു മാറ്റാതെയുള്ള ഒരു സാഹിത്യചോരണം തന്നെയാണ്‌ വിവർത്തനം. ‘പാരഡികളുടെ ചരിത്രം’ കൂടിയായാൽ പരമ്പര പൂർത്തിയായി; കാരണം, വിവർത്തനം മറ്റൊരു ഭാഷയിലുള്ള ഹാസ്യാനുകരണം മാത്രമാണമല്ലോ; ഗൗരവത്തോടെയാണെന്നു മാത്രം. നന്നായി ഹാസ്യാനുകരണം നടത്തുന്നതിൽ അന്തർഭവിച്ചിരിക്കുന്ന മാനസികപ്രക്രിയകൾ തന്നെയാണ്‌ കാര്യക്ഷമമായി വിവർത്തനം ചെയ്യുന്നതിലുമുള്ളത്. രണ്ടു സംഗതികളിലും നടക്കുന്നത് എഴുത്തുകാരൻ ഉദ്ദേശിക്കാത്ത ഒരു ലക്ഷ്യത്തിനായി അയാളുടെ ചേതനയെ അനുരൂപമാക്കിയെടുക്കുക എന്നതാണ്‌.  ഒന്നിൽ ലക്ഷ്യം ഹാസ്യമാണ്‌; അവിടെ മൂലരചയിതാവിന്റെ ലക്ഷ്യം ഗൗരവമുള്ളതായിരുന്നു; മറ്റേതിന്റെ ലക്ഷ്യം ഒരു ഭാഷയാണ്‌; മൂലഗ്രന്ഥകാരൻ എഴുതിയത് മറ്റൊരു ഭാഷയിലും. ആരെങ്കിലും എന്നെങ്കിലും ഒരു ഹാസ്യകവിതയുടെ ഗൗരവരൂപത്തിലുള്ള പാരഡിയെഴുതുമോ? തീർച്ച പറയാൻ പറ്റില്ല. എന്നാൽ പല കവിതകളും- മഹത്തായ പല കവിതകൾ പോലും- അവ എഴുതപ്പെട്ട ഭാഷയിലേക്ക് വിവർത്തനം ചെയ്താൽ അവയ്ക്കു ഗുണം ചെയ്യുമെന്നതിൽ സംശയവുമില്ല. 

കലയാണോ കലാകാരനാണോ പ്രാമുഖ്യം, വ്യക്തിയാണോ ഉല്പന്നമാണോ പ്രധാനം എന്ന ചോദ്യം അതുയർത്തുന്നുണ്ട്. അന്തിമഫലമാണ്‌ പ്രധാനമെങ്കിൽ, അതാണ്‌ ആനന്ദിപ്പിക്കുന്നതെങ്കിൽ, പ്രസിദ്ധനായ ഒരു കവിയുടെ അത്ര പരിപൂർണ്ണമല്ലാത്ത ഒരു കവിതയെടുത്ത് മറ്റൊരു കാലഘട്ടത്തിന്റെ വിമർശനത്തിന്റെ വെളിച്ചത്തിൽ മുറിച്ചുകളഞ്ഞും കൂട്ടിച്ചേർത്തും പകരം വച്ചും അതിനെ പരിപൂർണ്ണമാക്കിയാൽ ആർക്കും നമ്മെ കുറ്റം പറയാൻ പറ്റില്ല. വേഡ്സ്‌വർത്തിന്റെ “നിത്യതക്കൊരു സങ്കീർത്തനം” മഹത്തായ ഒരു കവിത തന്നെ; എന്നാൽ പൂർണ്ണത തികഞ്ഞതുമല്ല. അത് വീണ്ടുമെടുത്ത് കൈകാര്യം ചെയ്യുന്നത് പ്രയോജനം ചെയ്യുകയേയുള്ളു.

വിവർത്തനത്തിൽ ആകെ താല്പര്യം തോന്നുന്നത് അത് ദുഷ്കരമാവുമ്പോൾ മാത്രമാണ്‌; എന്നു പറഞ്ഞാൽ, ഒരു ഭാഷയിൽ നിന്ന് തീർത്തും വ്യത്യസ്തമായ മറ്റൊരു ഭാഷയിലേക്കാവുമ്പോൾ; അല്ലെങ്കിൽ സജാതീയമായ ഒരു ഭാഷയിലേക്കാണെങ്കിലും വളരെ ക്ലിഷ്ടമായ ഒരു കവിത വിവർത്തനം ചെയ്യുമ്പോൾ. ഉദാഹരണത്തിന്‌ സ്പാനിഷിനും പോർച്ചുഗീസിനും ഇടയിൽ വിവർത്തനം ചെയ്യുന്നതിൽ ഒരു രസവുമില്ല. ഒരു ഭാഷ വായിക്കാനറിയുന്ന ഒരാൾക്ക് സ്വാഭാവികമായും മറ്റേതു വായിക്കാവുന്നതേയുള്ളു; അതിനാൽ വിവർത്തനത്തിന്റെ ആവശ്യം തന്നെ വരുന്നില്ല. എന്നാൽ ഷേക്സ്പിയറെ ലാറ്റിൻ കുടുംബത്തിൽ പെട്ട ഒരു ഭാഷയിലേക്കു വിവർത്തനം ചെയ്യുന്നത് ത്രസിപ്പിക്കുന്ന ഒരുദ്യമമായിരിക്കും. അത് ഫ്രഞ്ചിലേക്കു ചെയ്യാൻ പറ്റുമോയെന്ന് എനിക്കു സംശയമാണ്‌; ഇറ്റാലിയനിലേക്കോ സ്പാനിഷിലേക്കോ ചെയ്യുന്നത് ദുഷ്കരമായിരിക്കും; റൊമാൻസ് ഭാഷകളിൽ ഏറ്റവും വഴങ്ങുന്നതും സങ്കീർണ്ണവുമായ പോർച്ചുഗീസ് വിവർത്തനത്തിനു സാദ്ധ്യതകളുള്ള ഭാഷയാണ്‌. 




ഹെർമ്മൻ ഹെസ്സെ - മരങ്ങൾ

 

മരങ്ങളെ ഞാനെന്നും കണ്ടിട്ടുള്ളത് എത്രയും നിശിതദൃഷ്ടികളായ പ്രബോധകന്മാരായിട്ടാണ്‌.

കാടുകളിലും തോപ്പുകളിലും ഗോത്രങ്ങളും കുടുംബങ്ങളുമായി ജീവിക്കുന്ന അവരെ ഞാൻ ആദരിക്കുന്നു. അതിലും കൂടുതലായി ഞാനവരെ ആദരിക്കുന്നത് അവർ ഒറ്റയ്ക്കു നില്ക്കുമ്പോഴാണ്‌. 

ഏകാകികളായ മനുഷ്യരെപ്പോലെയാണവർ.

ഏതോ ദൗബ്ബല്യത്തിന്റെ പേരിൽ പാഞ്ഞൊളിച്ച സന്ന്യാസിമാരെപ്പോലെയല്ല, മറിച്ച്, മഹാന്മാരായ ഏകാകികളെപ്പോലെ, ബീഥോവനെയും നീച്ചയേയും പോലെ. അവയുടെ ഏറ്റവും ഉയർന്ന ചില്ലകളിൽ ലോകം മർമ്മരം വയ്ക്കുന്നുണ്ട്; അവയുടെ വേരുകൾ അനന്തതയിൽ ശയിക്കുകയുമാണ്‌. എന്നാൽ അവിടെയവ സ്വയം നഷ്ടപ്പെടുത്തുന്നുമില്ല. തങ്ങളുടെ ജീവച്ഛക്തിയെല്ലാമെടുത്ത് അവ പൊരുതുന്നത് ഒന്നിനു വേണ്ടി മാത്രമാണ്‌: സ്വന്തം പ്രമാണങ്ങൾക്കനുസൃതമായി സ്വയം നിറവേറാൻ, സ്വന്തം രൂപം പണിതെടുക്കാൻ, സ്വയം ആവിഷ്കരിക്കാൻ.

സുന്ദരവും ബലത്തതുമായ ഒരു മരത്തെക്കാൾ പവിത്രമായി ഒന്നുമില്ല, അനുകരണീയമായി ഒന്നുമില്ല.

ഒരു മരം വെട്ടിമുറിച്ചിടുമ്പോൾ, തന്റെ മരണകാരണമായ മുറിവ് വെയിലത്തു കാട്ടി അതു കിടക്കുമ്പോൾ, അതിന്റെ മിനുങ്ങുന്ന തായ്ത്തടിയിൽ അതിന്റെ ചരിത്രമൊന്നാകെ നിങ്ങൾക്കു വായിക്കാം:അതിന്റെ വാർഷികവലയങ്ങളിൽ, അതിന്റെ മുറിപ്പാടുകളിൽ, അതിന്റെ സംഘർഷങ്ങൾ, അതിന്റെ യാതനകൾ, അതിന്റെ രോഗാവസ്ഥകൾ, സന്തോഷങ്ങളും ഐശ്വര്യങ്ങളും- എല്ലാമെല്ലാം സത്യസന്ധമായി എഴുതപ്പെട്ടിരിക്കുന്നു; ഇടുങ്ങിപ്പോയ വർഷങ്ങൾ, സമൃദ്ധിയുടെ വർഷങ്ങൾ, ചെറുത്തുനിന്ന ആക്രമണങ്ങൾ, അതിജീവിച്ച കൊടുങ്കാറ്റുകൾ.

ഏറ്റവും കടുപ്പമുള്ളതും ഏറ്റവും അഭിജാതവുമായ തടിയ്ക്ക് ഏറ്റവുമിടുങ്ങിയ വലയങ്ങളാണുള്ളതെന്ന് കൃഷിക്കാരുടെ കുടുംബങ്ങളിലെ ഏതു ചെറിയ കുട്ടിക്കുമറിയാം; മലമുകളിൽ, നിരന്തരമായ അപകടങ്ങളെ നേരിട്ടാണ്‌ ഏറ്റവും ബലത്തതും നശിക്കാത്തതുമായ ആദർശവൃക്ഷങ്ങൾ വളരുന്നതെന്നും.

മരങ്ങൾ വിശുദ്ധസങ്കേതങ്ങളാണ്‌.

അവയോടു സംസാരിക്കാനറിയുന്നവർ, അവയ്ക്കു കാതു കൊടുക്കാനറിയുന്നവർ, അവർക്കവയിൽ നിന്നു സത്യം ഗ്രഹിക്കാം. അറിവും പ്രമാണവും അവ പറഞ്ഞുതരുന്നില്ല; അവ പഠിപ്പിക്കുന്നത് ജീവന്റെ ചിരന്തനനിയമമാണ്‌.

മരം പറയുന്നു: എന്റെയുള്ളിൽ ഒരു വിത്ത് ഒളിഞ്ഞിരിക്കുന്നു, ഒരു തീപ്പൊരി, ഒരാശയം, നിത്യജീവനിൽ നിന്നു തെറിച്ചുവീണ ഒരു ജീവൻ. അന്യന്യമാണ്‌ നിത്യയായ മാതാവ് എന്റെ കാര്യത്തിലെടുത്ത ഉദ്യമം; അനന്യം എന്റെ തൊലിയുടെ വടിവും സിരകളും; അനന്യം എന്റെ ചില്ലകളിൽ ഇലകളുടെ എത്രയുമൊതുങ്ങിയ കളിയാട്ടവും; അനന്യം എന്റെ പട്ടയിലെ മുറിപ്പാടും. നിത്യതയെ അതിന്റെ ഏറ്റവും ചെറിയ വിശദാംശത്തിലും രൂപപ്പെടുത്താനും വെളിപ്പെടുത്താനുമത്രേ എന്നെ സൃഷ്ടിച്ചത്.

മരം പറയുന്നു: വിശ്വാസമാണ്‌ എന്റെ ബലം. എന്റെ പൂർവ്വികരെക്കുറിച്ച് എനിക്കൊന്നുമറിയില്ല. വർഷം തോറും എന്നിൽ നിന്നു മുളയ്ക്കുന്ന ആയിരക്കണക്കിനു സന്തതികളെക്കുറിച്ചും എനിക്കൊന്നുമറിയില്ല. എന്റെ വിത്തിന്റെ രഹസ്യവും പേറി അന്ത്യം വരെയും ഞാൻ ജീവിക്കുന്നു. മറ്റൊന്നിനെക്കുറിച്ചും ഞാൻ ശ്രദ്ധിക്കുന്നില്ല. ദൈവം എന്നിലുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ യത്നം പവിത്രമാണെന്ന് ഞാൻ വിശ്വസിക്കുന്നു.

ഈ വിശ്വാസത്തിന്റെ ബലത്തിൽ ഞാൻ ജീവിക്കുന്നു.

നാം വിധിയുടെ അടിയേറ്റു വീഴുമ്പോൾ, ജീവിതം നമുക്കു ദുർവ്വഹമാവുമ്പോൾ, അപ്പോൾ മരത്തിന്‌ നമ്മോടെന്തോ പറയാനുണ്ട്: അടങ്ങൂ! അടങ്ങൂ! എന്നെ നോക്കൂ! ജീവിതം അനായാസമല്ല, ജീവിതം ദുഷ്കരമല്ല. അതെല്ലാം ബാലിശമായ ചിന്തകളാണ്‌.

നിങ്ങൾക്കുള്ളിൽ ദൈവം സംസാരിക്കട്ടെ, അപ്പോൾ നിങ്ങളുടെ ചിന്തകൾക്കു നാവില്ലാതാകും. നിങ്ങൾ ഉത്കണ്ഠാകുലനാണെങ്കിൽ അമ്മയിൽ നിന്നും വീട്ടിൽ നിന്നും അകന്നുപോകുന്നു നിങ്ങളുടെ പാത എന്നതുകൊണ്ടാണത്. എന്നാൽ ഓരോ ചുവടും ഓരോ നാളും നിങ്ങളെ പിന്നെയും അമ്മയുടെ അടുത്തെത്തിക്കുകയും ചെയ്യും. വീട് ഇവിടെയല്ല, അവിടെയുമല്ല. വീട് നിങ്ങൾക്കുള്ളിലാണ്‌, അഥവാ അതെവിടെയുമല്ല.

സായാഹ്നത്തിൽ മരങ്ങൾ കാറ്റത്തിളകുന്നതു കേൾക്കുമ്പോൾ അലഞ്ഞുനടക്കാനുള്ള ഒരു ദാഹം എന്റെ ഹൃദയത്തെ പിളരുന്നു. ഏറെ നേരം നിശ്ശബ്ദനായി അതു കേട്ടുകൊണ്ടിരുന്നാൽ ആ അഭിലാഷം അതിന്റെ കാമ്പ്, അതിന്റെ പൊരുൾ വെളിപ്പെടുത്തുകയും ചെയ്യും.

സ്വന്തം പീഡകളിൽ നിന്നുള്ള ഒരു രക്ഷപ്പെടലല്ല അത്, അങ്ങനെയാണെന്നു തോന്നിയാലും. ആ ദാഹം വീടിനു വേണ്ടിയാണ്‌, അമ്മയുടെ ഒരോർമ്മയ്ക്കു വേണ്ടിയാണ്‌, ജീവിതത്തിന്റെ പുതിയ രൂപകങ്ങൾക്കു വേണ്ടിയാണ്‌. ഏതു വഴിയും വീട്ടിലേക്കുള്ള വഴിയാണ്‌, ഓരോ ചുവടുവയ്പും ജനനമാണ്‌, ഓരോ ചുവടുവയ്പും മരണമാണ്‌, ഓരോ ശവക്കുഴിയും അമ്മയാണ്‌.

സ്വന്തം ബാലിശചിന്തകൾക്കു മുന്നിൽ നാം സ്വസ്ഥത കെട്ടു നില്ക്കുമ്പോൾ സായാഹ്നത്തിൽ മരങ്ങൾ മർമ്മരം വയ്ക്കുന്നു. മരത്തിനുള്ളത് ദീർഘചിന്തകളാണ്‌, ദീർഘമായ ശ്വാസമാണ്‌; നമ്മെക്കാൾ ദീർഘായുസ്സുകളുമാണവ.

നാമവയ്ക്കു കാതു കൊടുക്കാത്തിടത്തോളം കാലം നമ്മെക്കാൾ ജ്ഞാനികളുമാണവ. എന്നാൽ മരങ്ങൾക്കു കാതു കൊടുക്കേണ്ടതെങ്ങനെയെന്നു പഠിച്ചുകഴിഞ്ഞാൽ നമ്മുടെ ചിന്തകളുടെ സംക്ഷിപ്തതയും ബാലിശമായ തിടുക്കവും അതുല്യമായ ഒരാനന്ദം കൈവരിക്കുകയും ചെയ്യുന്നു.

മരങ്ങൾക്കു കാതു കൊടുക്കാൻ പഠിച്ചവനു പിന്നെ മരമാകാനുള്ള ആഗ്രഹവും ഇല്ലാതാകുന്നു. അയാൾക്ക് താനല്ലാതെ മറ്റൊന്നുമാകേണ്ട.

അതാണ്‌ വീട്. അതാണ്‌ സന്തോഷം.

2023, സെപ്റ്റംബർ 10, ഞായറാഴ്‌ച

എറിക്ക് ഫ്രോം - ചിന്തകൾ

 പരസ്പരം അപരിചിതരായ രണ്ടു പേർ (നാമെല്ലാം അങ്ങനെ തന്നെയാണല്ലോ) തങ്ങൾക്കിടയിലെ ചുമർ പെട്ടെന്നിടിഞ്ഞുവീഴാൻ അനുവദിക്കുകയും തങ്ങൾ തമ്മിലടുത്തുവെന്നും തങ്ങൾ ഒന്നാണെന്നുമുള്ള തോന്നലിലേക്കെത്തുകയും ചെയ്യുമ്പോൾ ആ ഒന്നാകലിന്റെ മുഹൂർത്തം ജീവിതത്തിലെ ഏറ്റവും ഉത്തേജകവും ആഹ്ളാദദായകവുമായ അനുഭവങ്ങളിൽ ഒന്നാവുകയാണ്‌. സ്വയം കൊട്ടിയടച്ചവരും ഒറ്റപ്പെട്ടവരും സ്നേഹമറിയാത്തവരുമാണവരെങ്കിൽ അത്രയ്ക്കത് ഒരു ദിവ്യാത്ഭുതം പോലെ അവർക്കനുഭവപ്പെടുകയും ചെയ്യും. ലൈംഗികാകർഷണവും അതിന്റെ പൂർത്തീകരണവും പലപ്പോഴും ആ ദിവ്യാത്ഭുതം നടക്കാൻ സൗകര്യം ചെയ്തുകൊടുക്കുന്നുമുണ്ട്, അതിനൊപ്പമായോ അല്ലെങ്കിൽ തുടക്കമായോ. പക്ഷേ ഈ തരം സ്നേഹം അതിന്റെ സ്വഭാവം കൊണ്ടു തന്നെ ശാശ്വതവുമല്ല. അടുത്തറിഞ്ഞു വരുമ്പോൾ അവരുടെ അടുപ്പത്തിന്റെ അത്ഭുതസ്വഭാവം കൂടുതൽ കൂടുതൽ നഷ്ടമാവുകയാണ്‌; ഒടുവിൽ അവർക്കിടയിലെ വൈരുദ്ധ്യങ്ങളും അവരുടെ ഇച്ഛാഭംഗങ്ങളും അന്യോന്യമുള്ള മടുപ്പും തുടക്കത്തിലെ ആവേശത്തിൽ നിന്നു ശേഷിച്ചതെന്തെങ്കിലുമുണ്ടെങ്കിൽ അതിനെ കൊന്നുകളയുകയും ചെയ്യുന്നു. എന്നാൽ തുടക്കത്തിൽ അവർക്കിതൊന്നും അറിവുണ്ടായിരുന്നില്ല. തങ്ങളുടെ ഭ്രമത്തിന്റെ തീവ്രത തങ്ങളുടെ സ്നേഹത്തിന്റെ തീവ്രതയ്ക്കു തെളിവായിട്ടാണ്‌ അവർ എടുത്തത്; വാസ്തവത്തിലത് അവർക്കു തുടക്കത്തിൽ ഉണ്ടായിരുന്ന ഒറ്റപ്പെടലിന്റെ തീവ്രതയുടെ തെളിവു മാത്രമായിരുന്നു...

*

സ്നേഹം, പ്രാഥമികമായും, പ്രത്യേകിച്ചൊരു വ്യക്തിയുമായുള്ള ബന്ധമല്ല; അതൊരു മനോഭാവമാണ്‌, ഒരു സ്വഭാവവിന്യാസമാണ്‌; തന്റെ സ്നേഹത്തിനു പാത്രമായ ഒന്നിനോടല്ല, ലോകത്തിനോടാകെയുള്ള ഒരു വ്യക്തിയുടെ ബന്ധത്തെ നിർണ്ണയിക്കുന്നത് അതാണ്‌. ഒരാൾ മറ്റൊരാളെ മാത്രമേ സ്നേഹിക്കുന്നുള്ളുവെങ്കിൽ, ശേഷിച്ച തന്റെ സഹജീവികളോട് ഉദാസീനനാണ്‌ അയാളെങ്കിൽ, അയാളുടെ സ്നേഹം സ്നേഹമല്ല, മറിച്ച്, ജന്തുസ്വഭാവത്തിലുള്ള ഒരൊട്ടിച്ചേരലാണ്‌, വലുപ്പം വച്ച ആത്മപരതയാണ്‌. എന്നാലും മിക്കവരും വിശ്വസിക്കുന്നത് സ്നേഹമെന്നാൽ അതിനു ലക്ഷ്യമായതെന്തോ, അതാണ്‌, ആ സിദ്ധിയല്ല എന്നാണ്‌. തങ്ങൾ ‘സ്നേഹിക്കുന്ന’ വ്യക്തികളെയല്ലാതെ മറ്റാരെയും തങ്ങൾ സ്നേഹിക്കുന്നില്ല എന്നത് തങ്ങളുടെ സ്നേഹത്തിന്റെ തീവ്രതയുടെ തെളിവാണെന്നുകൂടി അവർ വിശ്വസിക്കുന്നു എന്നതാണ്‌ വസ്തുത. നേരത്തേ നാം പരാമർശിച്ച അതേ യുക്ത്യാഭാസം തന്നെയാണിതും. സ്നേഹം ഒരു കർമ്മമാണെന്ന്, ആത്മാവിന്റെ ഒരു സിദ്ധിയണെന്ന് നിങ്ങൾ കാണുന്നില്ലെന്നതിനാൽ നിങ്ങൾ വിശ്വസിക്കുന്നു, ശരിയായ ലക്ഷ്യം കിട്ടുകയേ വേണ്ടൂ എന്ന്- പിന്നെ അതതിന്റെ വഴിയ്ക്കു പൊയ്ക്കോളുമെന്നും. ഈ മനോഭാവത്തെ താരതമ്യപ്പെടുത്തേണ്ടത് ചിത്രം വരയ്ക്കാൻ അതിയായി താല്പര്യപ്പെടുന്ന ഒരാളുടേതിനോടാണ്‌: അയാൾക്കു പക്ഷേ ആ കല പഠിക്കാൻ പറ്റില്ല; വരയ്ക്കാൻ ഉചിതമായ വിഷയം കിട്ടുന്നതുവരെ താൻ കാത്തിരുന്നാൽ മതിയെന്നും അതു കണ്ടെത്തിക്കഴിഞ്ഞാൽ താൻ മനോഹരമായി അതു വരയ്ക്കുമെന്നുമാണ്‌ അയാൾ അവകാശപ്പെടുന്നത്. ഞാൻ ഒരാളെ യഥാർത്ഥമായും സ്നേഹിക്കുന്നുണ്ടെങ്കിൽ ഞാൻ എല്ലാവരെയും സ്നേഹിക്കുന്നു. ഞാൻ ലോകത്തെ സ്നേഹിക്കുന്നു, ഞാൻ ജീവിതത്തെ സ്നേഹിക്കുന്നു. എനിക്ക് മറ്റൊരാളോട് ‘ഞാൻ നിന്നെ സ്നേഹിക്കുന്നു’ എന്നു പറയാൻ കഴിയുന്നുണ്ടെങ്കിൽ ‘നിന്നിൽ ഞാൻ എല്ലാവരേയും സ്നേഹിക്കുന്നു, നിന്നിലൂടെ ഞാൻ ലോകത്തെയും സ്നേഹിക്കുന്നു, നിന്നിൽ ഞാൻ എന്നെയും സ്നേഹിക്കുന്നു’ എന്നു പറയാനും എനിക്കു കഴിഞ്ഞിരിക്കണം. (സ്നേഹിക്കുക എന്ന കല)

ആധുനികസമൂഹത്തിൽ ഇന്നു നാം കാണുന്ന തരത്തിലുള്ള അന്യവല്ക്കരണം മിക്കവാറും പൂർണ്ണമാണെന്നു പറയണം. മുമ്പൊരിക്കലുമില്ലാത്ത രീതിയിൽ മനുഷ്യനിർമ്മിതമായ വസ്തുക്കളുടെ ഒരു ലോകമാണ്‌ മനുഷ്യൻ സൃഷ്ടിച്ചിരിക്കുന്നത്. താൻ പണിത ആ സാങ്കേതികയന്ത്രത്തിന്റെ നിർവ്വഹണത്തിനായി സങ്കീർണ്ണമായ ഒരു സാമൂഹികയന്ത്രവും അവൻ നിർമ്മിച്ചു. താൻ കെട്ടഴിച്ചുവിടുന്ന ശക്തികൾ എത്രയ്ക്കു ബലവത്തും ഭീമവുമാകുന്നുവോ, അത്രയ്ക്ക് ഒരു മനുഷ്യജീവി എന്ന നിലയിൽ താൻ അശക്തനാവുകയാണെന്ന് അവനു തോന്നുന്നുമുണ്ട്. അവന്റെ സൃഷ്ടികളാണ്‌ ഇപ്പോൾ അവന്റെ ഉടമസ്ഥൻ ; അവനു സ്വന്തം ഉടമസ്ഥത നഷ്ടമായിരിക്കുന്നു.

*

അന്യവല്ക്കരണത്തിനു പല രൂപങ്ങളുള്ളതിൽ ഏറ്റവും സാധാരണമായിട്ടുള്ളതാണ്‌ ഭാഷയിലെ അന്യവല്ക്കരണം. ഞാൻ എന്റെ ഒരു മനോവികാരം ഒരു വാക്കിലൂടെ പ്രകടിപ്പിക്കുമ്പോൾ, ഉദാഹരണത്തിന്‌, “ഞാൻ നിന്നെ സ്നേഹിക്കുന്നു” എന്നു പറയുമ്പോൾ, എന്റെ ഉള്ളിലുള്ള ഒരു യാഥാർത്ഥ്യത്തെ, എന്റെ സ്നേഹത്തിന്റെ ബലത്തെ സൂചിപ്പിക്കുക എന്നതാണ്‌ ആ വാക്കു കൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത്. ‘സ്നേഹം’ എന്ന വാക്ക് ‘സ്നേഹം’ എന്ന വസ്തുതയുടെ പ്രതീകമായിട്ടാണ്‌ ഞാൻ ഉപയോഗിക്കുന്നതെങ്കിലും, ഉച്ചരിച്ചുകഴിഞ്ഞാലുടനേ അത് സ്വന്തമായിട്ടൊരു ജീവിതം കൈക്കൊള്ളുന്നു, അത് ഒരു യാഥാർത്ഥ്യമാകുന്നു. ആ വാക്കു പ്രയോഗിക്കുക എന്നാൽ അതനുഭവിക്കുക എന്നായി എന്നൊരു മിഥ്യാബോധത്തിന്‌ ഞാൻ അടിമയാകുന്നു; ഒടുവിൽ എന്റെ മനസ്സിനെ സ്പർശിക്കാത്ത, സ്നേഹം എന്ന ആശയത്തെ മാത്രം ദ്യോതിപ്പിക്കുന്ന ഒരു വാക്കായി ഞാൻ അതുപയോഗിക്കാൻ തുടങ്ങുകയും ചെയ്യുന്നു.

*

മറ്റു ജന്തുക്കൾക്കുള്ള ആ സഹജബോധം, ജന്തുവാസന, മനുഷ്യനില്ല; അവയെപ്പോലെ ഓടിയകലാനോ ചെന്നാക്രമിക്കാനോ സജ്ജനുമല്ല അവൻ. “അപ്രമാദിത്വം‘ അവനറിയില്ല. മുട്ടയിടാൻ പുഴയുടെ ഏതു ഭാഗത്തേക്കു മടങ്ങണമെന്ന് സാൽമൺ മീനുകൾക്കറിയാം; മഞ്ഞുകാലത്ത് തെക്കൻനാടുകളിൽ എവിടേയ്ക്കു കുടിയേറണമെന്നും വേനല്ക്കാലത്ത് എവിടേയ്ക്കു മടങ്ങണമെന്നും പല പക്ഷികൾക്കുമറിയാം. എന്നാൽ മനുഷ്യന്റെ തീരുമാനങ്ങളെടുക്കുന്നത് അവന്റെ ജന്മവാസനയല്ല; അവന്റെ തീരുമാനങ്ങൾ അവനായിത്തന്നെ എടുക്കണം. പക്ഷാന്തരങ്ങളാണ്‌ അവന്റെ മുന്നിൽ വരുന്നത്; ഏതു തീരുമാനമെടുത്താലും പരാജയപ്പെടാമെന്ന അപകടവുമുണ്ട്. ബോധത്തിനു പകരമായി മനുഷ്യൻ കൊടുക്കേണ്ട വില അരക്ഷിതത്വമാണ്‌. മനുഷ്യാവസ്ഥയെക്കുറിച്ചു ബോധവാനായും അതിനെ അംഗീകരിച്ചും വിജയിക്കുമെന്നുറപ്പില്ലെങ്കിലും താൻ തോല്ക്കില്ലെന്ന പ്രത്യാശ സൂക്ഷിച്ചുമാണ്‌ ആ അരക്ഷിതത്വത്തിൽ അവൻ പിടിച്ചുനില്ക്കേണ്ടത്. അവനു തീർച്ചകളില്ല; തീർച്ചയോടെ അവനു പ്രവചിക്കാൻ കഴിയുന്നത് ഇതു മാത്രമാണ്‌: ”ഞാൻ മരിക്കും.“

*

പ്രവൃത്തിയുടെ വ്യത്യസ്തമാർഗ്ഗങ്ങളുടെ തിരഞ്ഞെടുപ്പ് അസ്തിത്വത്തിൻ്റെ തുടക്കം മുതലേ മനുഷ്യന് അഭിമുഖീകരിക്കേണ്ടിവരുന്നു. ജന്തുവിലാണെങ്കിൽ പ്രതികരണങ്ങളുടെ ഇടമുറിയാത്ത ഒരു ശൃംഘലയാണുണ്ടാകുന്നത്: വിശപ്പ് പോലെയുള്ള ഒരുദ്ദീപനത്തിൽ നിന്നു തുടങ്ങുകയും നിർണ്ണീതമെന്നു പറയാവുന്ന പ്രവൃത്തികളുടെ ഒരു തുടർച്ചയിലൂടെ ആ ഉദ്ദീപനം സൃഷ്ടിച്ച സമ്മർദ്ദം പരിഹൃതമാവുകയും ചെയ്യുന്നു. മനുഷ്യനിൽ ആ ശൃംഘലയ്ക്ക് ഭംഗം വരികയാണ്. ഉദ്ദീപനം അവിടെയുണ്ട്, എന്നാൽ, അതിൻ്റെ ശമനം 'തുറന്ന'താണ്; എന്നുപറഞ്ഞാൽ, പ്രവൃത്തിയുടെ പല മാർഗ്ഗങ്ങളിൽ നിന്ന് അവൻ തിരഞ്ഞെടുക്കേണ്ടിവരികയാണ്. പൂർവ്വനിശ്ചിതവും നൈസർഗ്ഗികവുമായ ഒരു പ്രവൃത്തിക്കു പകരം മനുഷ്യന് സാദ്ധ്യമായ പലതരം പ്രവൃത്തികളെ മനസ്സിലിട്ടു തട്ടിച്ചുനോക്കേണ്ടിവരുന്നു; അവൻ ചിന്തിക്കാൻ തുടങ്ങുന്നു. പ്രകൃതിയോടുള്ള അവൻ്റെ പ്രതികരണം തീർത്തും നിഷ്ക്രിയമായ അനുകൂലനത്തിൽ നിന്ന് ക്രിയാത്മകമായ ഒന്നിലേക്കു മാറുന്നു: അവൻ ഉല്പാദിപ്പിക്കാൻ തുടങ്ങുന്നു. അവൻ പണിയായുധങ്ങൾ കണ്ടുപിടിക്കുന്നു; അതിലൂടെ പ്രകൃതിയ്ക്കു മേൽ മേൽക്കോയ്മ കൈവരിക്കുമ്പോൾത്തന്നെ അവൻ അതിൽ നിന്ന് കൂടുതൽക്കൂടുതലായി സ്വയം വേർപെടുത്തുകയും ചെയ്യുകയാണ്. താനും -അല്ലെങ്കിൽ താനുൾപ്പെടുന്ന സംഘവും- പ്രകൃതിയും ഒന്നല്ലെന്ന് അസ്പഷ്ടമായ ഒരവബോധം അവനുണ്ടാകുന്നു. ദാരുണമായ ഒരു വിധിയാാണ് തൻ്റേതെന്ന ബോധം അവനുദിക്കുന്നു: പ്രകൃതിയുടെ ഭാഗമാവുക, ഒപ്പം അതിനെ അതിവർത്തിക്കുകയും ചെയ്യുക. മരണമാണ് തൻ്റെ ആത്യന്തികമായ വിധിയെന്ന്, നാനാവിധമായ മനോരഥങ്ങളിലൂടെ താനതിനെ നിരാകരിക്കാൻ നോക്കിയാലും, അവനു ബോധമുണ്ടാകുന്നു.

*

മറ്റുള്ളവർക്ക് നമ്മുടെ പെരുമാറ്റം മനസ്സിലാകുന്നില്ലെങ്കിൽ- എങ്കിലെന്ത്? തങ്ങൾക്കു മനസ്സിലാകുന്നതേ നമ്മൾ ചെയ്യാവൂ എന്നുള്ള അവരുടെ അപേക്ഷ നമ്മളെ വരുതിയ്ക്കു നിർത്താനുള്ള അവരുടെ ഒരു ശ്രമമാണ്‌. അവരുടെ കണ്ണിൽ നമ്മൾ ‘സാമൂഹികവിരുദ്ധരോ’ ‘യുക്തിയില്ലാത്തവരോ’ ആകുന്നെങ്കിൽ ആയിക്കോട്ടെ. അവർക്കു കൂടുതലും കണ്ണുകടിയുണ്ടാക്കുന്നത് നമ്മുടെ സ്വാതന്ത്ര്യവും നമ്മളായിരിക്കാൻ നമ്മൾ കാണിക്കുന്ന ധൈര്യവുമാണ്‌. നമ്മുടെ പ്രവൃത്തികൾ ആരുടെയെങ്കിലും മനസ്സു വ്രണപ്പെടുത്തുകയോ അന്യരുടെ അവകാശങ്ങളെ ഹനിക്കുകയോ ചെയ്യാതിരിക്കുന്ന കാലത്തോളം നാം ആർക്കും വിശദീകരണത്തിനു കടപ്പെട്ടവരല്ല, ആരോടും നാം കണക്കു ബോധിപ്പിക്കേണ്ടതുമില്ല. ‘വിശദീകരിക്കുക’ എന്ന ഈ ആവശ്യം എത്ര ജീവിതങ്ങളെയാണ്‌ നശിപ്പിച്ചിരിക്കുന്നത്. (വിശദീകരിക്കുക എന്നു പറയുമ്പോൾ ആ വിശദീകരണം അവർക്കു ‘മനസ്സിലാകുന്നതായിരിക്കണം,’ അതായത് അവർക്കു ‘സമ്മതമായിരിക്കണം’ എന്നാണ്‌ പൊതുവേ അർത്ഥമാക്കുന്നതും.) നിങ്ങളുടെ പ്രവൃത്തികൾ വിലയിരുത്തപ്പെടട്ടെ, നിങ്ങളുടെ പ്രവൃത്തികളിൽ നിന്ന് നിങ്ങളുടെ യഥാർത്ഥമായ ഉദ്ദേശ്യങ്ങളും വിലയിരുത്തപ്പെടട്ടെ; അതേ സമയം, ഒരു സ്വതന്ത്രവ്യക്തി എന്ന നിലയിൽ നിങ്ങൾ വിശദീകരണത്തിനു ബാദ്ധ്യതപ്പെട്ടിരിക്കുന്നത് നിങ്ങളോടും -നിങ്ങളുടെ യുക്തിയോടും നിങ്ങളുടെ മനസ്സാക്ഷിയോടും- പിന്നെ, ഒരു വിശദീകരണത്തിനു ന്യായമായും അവകാശമുള്ള ചുരുക്കം ചിലരോടും മാത്രമാണ്‌

അൽബേർ കമ്യു - ഇന്നത്തെ എഴുത്തുകാർ

 ഇന്നത്തെ എഴുത്തുകാർ സംസാരിക്കുന്നത് തങ്ങൾക്കെന്തു സംഭവിച്ചു എന്നതിനെക്കുറിച്ചാണ്‌. ടോൾസ്റ്റോയ്  ‘യുദ്ധവും സമാധാനവും’ എഴുതുമ്പോൾ അതിന്റെ പ്രമേയം കേന്ദ്രീകരിച്ചത് മോസ്ക്കോവിലെ പിന്മാറ്റത്തെയായിരുന്നു; അത് അദ്ദേഹത്തിനു നേരിട്ടനുഭവമുള്ളതും ആയിരുന്നില്ല. നമ്മുടെ കാലത്തായിരുന്നെങ്കിൽ തന്റെ സമകാലികരിൽ നിന്നു കിട്ടിയ അംഗീകാരം അദ്ദേഹത്തിനു കിട്ടുമായിരുന്നില്ല; അല്ലെങ്കിൽ നെപ്പോളിയൻ ഒന്നാമനു പകരം അദ്ദേഹം നെപ്പോളിയൻ മൂന്നാമനെ വയ്ക്കണമായിരുന്നു, പ്രിൻസ് ആന്ദ്രേയെ സെബാസ്റ്റപ്പോൾ ഉപരോധത്തിൽ പങ്കെടുപ്പിക്കുകയും ചെയ്യണമായിരുന്നു. (അതിൽ ടോൾസ്റ്റോയ് പ്രശംസാർഹമായി പങ്കെടുത്തതുമാണ്‌, തന്റെ എലിപ്പേടിയെ അതിജീവിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ലെങ്കിലും.)

ഇതിനു കാരണങ്ങളുണ്ട്, സങ്കീർണ്ണവുമാണവ. പക്ഷേ നമ്മുടെ എഴുത്തുകാരിൽ വളരെക്കുറച്ചു പേർക്കു മാത്രമേ സാങ്കല്പികകഥാപാത്രങ്ങൾക്കു ജീവൻ നല്കാനും തങ്ങളുടെ കഥാപാത്രങ്ങളെ സത്യമായും സ്നേഹിക്കാനും അതുവഴി മറ്റുള്ളവരെക്കൊണ്ടും അവരെ സ്നേഹിപ്പിക്കാനും വേണ്ട നിഷ്കളങ്കത ഉള്ളതായി തോന്നുന്നുള്ളു. ഇതിനു കാരണം നമുക്കു സമയവുമില്ല, ഒരു ഭാവിയുമില്ല എന്നതാണ്‌; യുദ്ധത്തിനും വിപ്ലവത്തിനുമിടയിലുള്ള ഇടവേളയിൽ തിടുക്കപ്പെട്ടു വേണം നമുക്കു സൃഷ്ടി നടത്താൻ എന്നതുമാണ്‌. അതിനാൽ എത്രയും പെട്ടെന്നു ചെയ്യാവുന്നത് നാം ചെയ്യുന്നു; എന്നു പറഞ്ഞാൽ, നാം എന്തു ചെയ്തു എന്നതും നാം എന്തു കണ്ടു എന്നതും നാം റിപ്പോർട്ടു ചെയ്യുന്നു. ഏതു മഹത്തായ രചനയും ഒരാത്മീയസാഹസികതയുടെ വിവരണമാണെന്നതു ശരിതന്നെ. പക്ഷേ അങ്ങനെയൊരു വിവരണം പൊതുവേ, സൂചിതമായോ രൂപാന്തരപ്പെട്ടോ ആയും നമുക്കു മുന്നിൽ വരിക. ഇന്നു പക്ഷേ, നാം ആ വിവരണത്തിനപ്പുറത്തേക്ക്, ആ രേഖയ്ക്കപ്പുറത്തേക്ക്, ആ ജീവിതചിത്രത്തിനപ്പുറത്തേക്കു പോകുന്നില്ല. ഏറ്റവും കുറഞ്ഞ സമയമെടുത്തുള്ള പാചകം, രണ്ടോ മൂന്നോ കടലാസ് പൂക്കൾ, പ്ലേറ്റിൽ മുന്നിലെത്തുന്നത് പച്ചമാംസം.

( Lyrical and Critical Essaysൽ നിന്ന്)

റാൽഫ് വാൽഡോ എമേഴ്സൺ- സ്വാശ്രയത്വം

 മനുഷ്യൻ ഭീരുവാണ്‌; ക്ഷമ ചോദിക്കുന്ന മട്ടിലാണ്‌ അവന്റെ നില്പ്; അവനിപ്പോൾ നിവർന്നുനില്ക്കാൻ കഴിയുന്നില്ല. “ഞാൻ ചിന്തിക്കുന്നു,” “ഞാൻ ഞാനാണ്‌” എന്നു പറയാൻ ധൈര്യം കാണിക്കുന്നതിനു പകരം ഏതെങ്കിലും വിശുദ്ധനോ ജ്ഞാനിയോ പറഞ്ഞത് ആവർത്തിക്കുകയാണ്‌ അവൻ ചെയ്യുന്നത്. ഒരു പുല്ക്കൊടിക്കു മുന്നിൽ, കാറ്റത്തുലയുന്ന ഒരു റോസാപ്പൂവിനു മുന്നിൽ അവനു നാണക്കേടു തോന്നുന്നു. എന്റെ ജനാലയ്ക്കു തൊട്ടു താഴെയുള്ള ഈ റോസാപ്പൂക്കൾ മുമ്പുണ്ടായിരുന്ന പൂക്കളെക്കുറിച്ചോ കൂടുതൽ സുന്ദരമായവയെക്കുറിച്ചോ ഒരു പരാമർശവും നടത്തുന്നില്ല; തങ്ങൾ എന്താണോ, അതാണവ. ഇന്നത്തെ ദൈവത്തിനൊപ്പമാണ്‌ അവയുടെ അസ്തിത്വം. അവയ്ക്ക് കാലം എന്നതില്ല. റോസാപ്പൂവു മാത്രം; സ്വന്തം അസ്തിത്വത്തിന്റെ ഓരോ നിമിഷത്തിലും പരിപൂർണ്ണമാണത്. ഒരു മൊട്ട് വിടരും മുമ്പേ അതിന്റെ പൂർണ്ണജീവിതത്തിനു തുടക്കമായിക്കഴിഞ്ഞു; വിടർന്ന പൂവിൽ കൂടുതലൊന്നുമില്ല; ഇലയില്ലാത്ത വേരിൽ കുറവുമില്ല. തൃപ്തമാണ്‌ അതിന്റെ പ്രകൃതി; എല്ലാ നിമിഷങ്ങളിലുമൊരേപോലെ അത് പ്രകൃതിയെ തൃപ്തിപ്പെടുത്തുകയും ചെയ്യുന്നു. എന്നാൽ മനുഷ്യനാകട്ടെ, മാറ്റിവയ്ക്കുകയോ ഓർമ്മിക്കുകയോ ആണ്‌ ചെയ്യുക; അവൻ വർത്തമാനകാലത്തിൽ ജീവിക്കുന്നില്ല; പകരം, ‘കണ്ണേ, മടങ്ങുക,’ എന്നും പറഞ്ഞ് പോയ കാലത്തെച്ചൊല്ലി വിലപിക്കുകയാണ്‌; അല്ലെങ്കിൽ, തനിക്കു ചുറ്റുമുള്ള സമൃദ്ധിയെ കണ്ട മട്ടില്ലാതെ പെരുവിരലൂന്നി നിന്ന് ഭാവികാലത്തെ മുൻകൂട്ടി കാണാൻ നോക്കുകയാണ്‌. വർത്തമാനകാലത്തിൽ, കാലത്തിനുപരിയായി പ്രകൃതിക്കൊത്തു ജീവിച്ചാലല്ലാതെ അവൻ സന്തുഷ്ടനോ ബലവാനോ ആകാൻ പോകുന്നില്ല. 



പാബ്ലോ നെരൂദ -എന്റെ കടമകൾക്കൊരു വാഴ്ത്ത്

 

കല്ലിന്മേൽ കല്ലു വച്ച്,
ഓരോ മഷിത്തുള്ളിയായി
ഞാനെന്റെ വേല ചെയ്തുകൊണ്ടിരിക്കെ
മഞ്ഞുകാലം കടന്നുപോകുന്നു,
അതു ശേഷിപ്പിച്ചുപോകുന്നു
ആളൊഴിഞ്ഞ ഇടങ്ങളും
മരവിച്ച പാർപ്പിടങ്ങളും.
ഞാനോ, ഞാൻ വേലയെടുത്തുകൊണ്ടേയിരിക്കുന്നു,
മറവിയില്പെട്ട എത്രയോ വസ്തുക്കൾക്കായി
പകരങ്ങൾ എനിക്കു കണ്ടെത്തണം,
രാത്രിയെനിക്കപ്പം കൊണ്ടു നിറയ്ക്കണം,
പ്രത്യാശയെ പിന്നെയും സ്ഥാപിച്ചെടുക്കണം.

എനിക്കെന്നാൽ സ്വന്തമായുള്ളത് പൊടി മാത്രം,
ക്രൂരകാലത്തെ മഴ മാത്രം,
സ്ഥലമായ സ്ഥലമല്ലാതെ മറ്റൊന്നും
ഞാനെനിക്കായി സൂക്ഷിക്കുന്നില്ല,
അവിടെ ഞാൻ പണിയെടുത്തുകൊണ്ടേയിരിക്കുന്നു,
ആസന്നവസന്തത്തിന്റെ വരവറിയിക്കാനായി.

ഓരോ ആൾക്കും എന്തെങ്കിലും ഞാൻ കൊടുക്കണം,
ഓരോ നാളും ഓരോ ആഴ്ചയും,
നീലനിറത്തിലൊരുപഹാരം,
കാട്ടിൽ നിന്നൊരു കുളിരിതൾ,
ആലസ്യത്തിൽ, പ്രണയത്തിൽ
അന്യർ മുങ്ങിക്കിടക്കുമ്പോൾ
അതികാലത്തേ ഞാനുണരുന്നു,
ഞാൻ വെടിപ്പാക്കിവയ്ക്കുന്നു,
എന്റെ മണി, എന്റെ ഹൃദയം, എന്റെ പണിക്കോപ്പുകൾ.

ഓരോ ആൾക്കും ഞാൻ കരുതുന്നു,
ഒരു മഞ്ഞുതുള്ളി.




2023, സെപ്റ്റംബർ 8, വെള്ളിയാഴ്‌ച

നീന കാസിയൻ- മുതിർന്നവർക്കോ അംഗവൈകല്യമുള്ളവർക്കോ വേണ്ടി ദയവായി ഈ സീറ്റ് ഒഴിഞ്ഞുകൊടുക്കുക




യാത്രയിലുടനീളം ഞാൻ നില്പു തന്നെയായിരുന്നു:
ഒരാളും എനിക്കു വേണ്ടി സീറ്റൊഴിഞ്ഞുതന്നില്ല,
മറ്റേതൊരു യാത്രക്കാരനെക്കാളും
ഒരു നൂറുകൊല്ലമെങ്കിലും പ്രായക്കൂടുതൽ എനിക്കുണ്ടായിരുന്നിട്ടും,
അഭിമാനം, ഏകാകിത, കല:
മൂന്നു മഹാവ്യാധികളുടെയെങ്കിലും ലക്ഷണങ്ങൾ
ആർക്കും കാണത്തക്കവിധം എനിക്കു മേലുണ്ടായിരുന്നിട്ടും.

(റുമേനിയൻ കവിയായ നീന കാസിയന്റെ ഈ കവിത ന്യൂയോർക്കിലെ സബ്‌വേ സ്റ്റേഷനുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.)

ഡെയ്സി സമോറ- പേമാരി




കാറ്റു കടക്കാത്ത ഒരോഫീസ് ജനാലയിലൂടെ
പേമാരിയും നോക്കി ഞാനിരിക്കുന്നു.
കാറ്റു പിടിച്ചുലച്ച ഒരക്കേഷ്യയുടെ
മഞ്ഞപ്പൂക്കൾ
തുരുമ്പു പിടിച്ച തകരക്കൂരയിലൂടുരുണ്ടിറങ്ങുന്നു.

മീൻഭരണിയിലിട്ടടച്ച ഒരു മീൻ-
അസൂയയോടെ ഞാനോർക്കുന്നു,
ചെളിവെള്ളത്തിൽ ചാടിയും
കയറിപ്പോരാനുള്ള വിളികൾ കേട്ടില്ലെന്നു നടിച്ചും
മഴയിൽ കുളിച്ചു സന്തോഷിക്കുന്ന
ഒരു പെൺകുട്ടിയെ.
എനിക്കിടനിലക്കാരിയായ വല്യമ്മായി പിന്നീട്
മുത്തശ്ശൻ കാണാതെന്റെ തല തോർത്തിത്തന്നിരുന്നു,
ഉടുപ്പു മാറ്റിത്തന്നിരുന്നു,
ചെരുപ്പിലെ ചെളി തുടച്ചുകളഞ്ഞിരുന്നു.
സ്നേഹം പോലൂഷ്മളമായ ഒരു പുതപ്പിലാകെപ്പൊതിഞ്ഞ്
ഞാനുറങ്ങുകയും ചെയ്തു.

ഉള്ളിൽ മാത്രമെന്നെ കുതിർക്കാനുതകുന്ന പഴയൊരു പേമാരി
ഇപ്പോഴിതാ, തകരക്കൂരയിലാഞ്ഞുവീഴുന്നു,
തോടുകളും തിട്ടകളും മുക്കിത്താഴ്ത്തുന്നു,
ഓർമ്മയുടെ പുഴത്തടങ്ങളും!

*

Daisy Zamora (1950) - നിക്കരാഗ്വൻ കവി

ഹൂലിയോ കൊർത്താസർ - കവിതകൾ

നല്ല കുട്ടി



ഷൂസുകളൂരിമാറ്റാനും കാലടികളിൽ നഗരത്തിന്റെ ദംശനമറിയാനും ഞാനൊരുകാലത്തും പഠിക്കില്ല,
പാലങ്ങൾക്കടിയിൽ ഞാൻ കുടിച്ചു ബോധം കെട്ടു കിടക്കില്ല, ശൈലിയിൽ ഞാൻ പിശകു വരുത്തുകയുമില്ല.
ഇസ്തിരിയിട്ട ഷർട്ടുകളുടെ ഈ ഭാഗധേയം ഞാൻ കൈക്കൊള്ളുന്നു,
സിനിമാതിയേറ്ററിൽ ഞാൻ സമയത്തിനുതന്നെ എത്തുന്നു, പ്രായമായ സ്ത്രീകൾക്കായി ഞാനെന്റെ സീറ്റൊഴിഞ്ഞുകൊടുക്കുന്നു.
ഇന്ദ്രിയങ്ങൾക്കേറെനേരം താളം തെറ്റിയാൽ എനിക്കു മനം പുരട്ടും,
ടൂത്ത്പേസ്റ്റും ടൗവ്വലുകളുമെനിക്കിഷ്ടം. എനിക്കെടുക്കാനില്ലാത്തതായി ഒരു വാക്സിനുമില്ല.
ഈ കാമുകനെ ഒന്നു നോക്കൂ,
പോലീസുകാരുടേയും ആയമാരുടേയും ധാർമ്മികരോഷം കൊള്ളുന്ന കണ്ണുകൾക്കു മുന്നിൽ
ജലധാരയിലേക്കെടുത്തുചാടാനും ഒരു ചുവന്ന കുഞ്ഞുമീനിനെ നിനക്കു പിടിച്ചുതരാനും കഴിയാത്ത
ഈ ചുണകെട്ട കാമുകനെ.
*

വിരുന്നിനു ശേഷം



എല്ലാവരും പോയിക്കഴിഞ്ഞപ്പോൾ,
ഒഴിഞ്ഞ ഗ്ലാസ്സുകൾക്കും അഴുക്കായ ആഷ്ട്രേകൾക്കുമിടയിൽ
നാമിരുപേർ മാത്രമായപ്പോൾ,

ഒരു മരുപ്പച്ച പോലെ നീയവിടെയുണ്ടെന്നറിയുന്നത്,
രാത്രിയുടെ വിളുമ്പിൽ ഞാനൊരുമിച്ചൊറ്റയ്ക്കുണ്ടെന്നറിയുന്നത്,
അതെത്ര ചേതോഹരമായിരുന്നു,
നീ നിതാന്തയായിരുന്നു, കാലത്തിലുമതീതയായിരുന്നു,

വിട്ടുപോകാത്തവൾ നീയൊരാൾ മാത്രമായിരുന്നു,
എന്തെന്നാൽ,
ഒരു തലയിണ,
ഒരൂഷ്മളത,
നമ്മെ മാടിവിളിക്കാൻ തുടങ്ങുകയായിരുന്നു,
പുതിയൊരു ദിവസത്തിലേക്കുണരാൻ,
ഒരുമിച്ച്, ചിരിച്ചുകൊണ്ട്, അലങ്കോലമായി.
*

ഭാവി


നീയവിടെയുണ്ടാവില്ലെന്നെത്രയും നന്നായിട്ടെനിക്കറിയാം.
തെരുവിൽ നീയുണ്ടാവില്ല,
രാത്രിയിൽ ഗ്യാസുവിളക്കുകളുടെ ഇരമ്പത്തിൽ നീയുണ്ടാവില്ല,
മെനു നോക്കി ഒരു വിഭവം തിരഞ്ഞെടുക്കുന്ന ചേഷ്ടയിൽ,
സബ്‌വേയിലടുങ്ങിനില്ക്കുന്നവരുടെ പിരിമുറുക്കമയയ്ക്കുന്ന പുഞ്ചിരിയിൽ,
കടം വാങ്ങിയ പുസ്തകങ്ങളിൽ,
നാളെക്കാണാമെന്ന പിരിയലിലും നീയുണ്ടാവില്ല.

എന്റെ സ്വപ്നങ്ങളിൽ നീയുണ്ടാവില്ല,
എന്റെ വാക്കുകളുടെ ആദ്യലാക്കിൽ,
ഒരു ഫോൺ നമ്പരിൽ,
ഒരു ജോഡി കയ്യുറകളുടെ, ഒരു ബ്ളൗസിന്റെ നിറത്തിലും നീയുണ്ടാവില്ല.
എനിക്കു ദേഷ്യം വരും, പ്രിയേ, നിന്നോടല്ലാതെ,
ഞാൻ ചോക്ക്ളേറ്റ് വാങ്ങും, നിനക്കായല്ലാതെ,
നീ വരാത്ത തെരുവുകോണിൽ ഞാൻ നില്ക്കും,
പറയുന്ന വാക്കുകൾ ഞാൻ പറയും,
കഴിക്കുന്ന കാര്യങ്ങൾ ഞാൻ കഴിക്കും,
സ്വപ്നം കാണുന്ന സ്വപ്നങ്ങൾ ഞാൻ കാണും,
നീയവിടെക്കാണില്ലെന്നെത്രയും നന്നായിട്ടെനിക്കറിയുകയും ചെയ്യാം,
ഇങ്ങിവിടെ, ഇപ്പോഴും ഞാൻ നിന്നെ പിടിച്ചുവച്ചിരിക്കുന്ന ഈ തടവറയിൽ,
അങ്ങവിടെ, തെരുവുകളുടേയും പാലങ്ങളുടേയും ആ പുഴയിലും നീയുണ്ടാവില്ല.
അവിടെ നീയുണ്ടാവുകയേയില്ല,
നീയൊരോർമ്മപോലുമാവില്ല,
നിന്നെക്കുറിച്ചു ചിന്തിക്കുമ്പോഴാകട്ടെ,
അവ്യക്തമായി നിന്നെയോർമ്മിച്ചെടുക്കാൻ ശ്രമിക്കുന്ന ഒരു ചിന്ത 
ചിന്തിക്കുകയായിരിക്കും ഞാൻ.
*

നീ കൂടെയില്ലാതെനിക്കു ജീവിക്കേണ്ടിവന്നാൽ...



നീ കൂടെയില്ലാതെനിക്കു ജീവിക്കേണ്ടിവന്നാൽ, കഠിനവും ക്രൂരവുമാകട്ടേയത്,
തണുത്തുപോയ സൂപ്പ്, പൊട്ടിപ്പോയ ചെരുപ്പുകൾ,
ഇനിയഥവാ, സമൃദ്ധിയുടെ നടുവിലാണെങ്കിൽ,
ഒരു ചുമയുടെ വരണ്ട ചില്ലയെന്നിൽ നിന്നു തെറിച്ചുചാടട്ടെ,
നിന്റെ പേരിനെ വികൃതമാക്കിയും അതിന്റെ സ്വരാക്ഷരങ്ങളിൽ നുര പറ്റിച്ചും.
വിരിപ്പുകളെന്റെ വിരലുകളിൽ പറ്റിപ്പിടിക്കട്ടെ, യാതൊന്നുമെനിക്കു സമാധാനം നല്കില്ലെന്നാവട്ടെ.
കൂടുതൽ നന്നായി നിന്നെ സ്നേഹിക്കാനിതുവഴി ഞാൻ പഠിക്കില്ലെങ്കിലും
സന്തോഷമില്ലാതാവുമ്പോൾ ഞാൻ പഠിച്ചുവെന്നു വരാം,
ഇടയ്ക്കെല്ലാമടുത്തുണ്ടായതുകൊണ്ടുമാത്രം നീയെനിക്കെന്തെല്ലാം തന്നിരുന്നുവെന്ന്.
ഇതെല്ലാമറിയാമെന്നാണെന്റെ വിചാരമെങ്കിലും ഞാനെന്നെത്തന്നെ കബളിപ്പിക്കുന്നു:
വാതിൽക്കട്ട്ളയിൽ മഞ്ഞു വീണുകിടന്നാലേ
ഇടനാഴിയിലഭയം തേടിയ വീടില്ലാത്തവനറിയൂ,
തീന്മുറിയിലെ വെട്ടവും പാൽവെളുപ്പായ മേശവിരികളും 
വാതിലിന്റെ വിള്ളലിലുടെ കൈ പായിക്കുന്ന മൊരിഞ്ഞ റൊട്ടിയുടെ മണവും.

ഒരു കണ്ണ്‌ മറ്റേക്കണ്ണിൽ നിന്നെന്നപോലത്രദൂരം നിന്നിൽ നിന്നകന്ന ഞാൻ
ഈയനുഭവിച്ച യാതനകളിൽ നിന്നുണ്ടാവട്ടെ,
ഒടുവിൽ നിന്നെയർഹിക്കുന്നൊരു നോട്ടം.
*

കൈരേഖകൾ



മേശപ്പുറത്തേക്കെറിഞ്ഞ ഒരു കത്തിൽ നിന്ന് ഒരു വരി പുറത്തുവന്ന് പൈൻപലകയിലൂടോടി ഒരു കാലിലൂടെ താഴേക്കു പിടിച്ചിറങ്ങുന്നു. കാണുന്നില്ലേ, ആ വരി പലക പാകിയ തറയിലൂടെ പോകുന്നു, ചുമരു കയറി ഒരു ബോഷർ പെയിന്റിങ്ങിന്റെ പ്രിന്റിലേക്കു കടക്കുന്നു, ഒരു ദിവാനിൽ ചരിഞ്ഞുകിടക്കുന്ന സ്ത്രീയുടെ ചുമലു വരയുന്നു, ഒടുവിൽ മേല്ക്കൂര വഴി മുറിക്കു പുറത്തുകടന്ന്, മാലമാലയായി നാട്ടിയ മിന്നൽ രക്ഷാക്കമ്പികളിലൂടെ പിടിച്ചിറങ്ങി തെരുവിലെത്തുകയും ചെയ്യുന്നു. വാഹനത്തിരക്കു കാരണം ഇവിടം മുതൽ അതിനെ പിന്തുടരുക കുറച്ചു വിഷമമാണെങ്കിലും ശരിക്കും ശ്രദ്ധിച്ചാൽ നിങ്ങൾക്കു കാണാൻ പറ്റിയെന്നുവരാം, ഒരു മൂലയ്ക്കു നിർത്തിയിട്ടിരുന്ന ബസ്സിന്റെ ചക്രത്തിൽ അതു പറ്റിപ്പിടിച്ചുകയറുന്നത്; അതതിനെ കപ്പൽത്തുറ വരെ എത്തിക്കുന്നു. ഏറ്റവും സുന്ദരിയായ യാത്രക്കാരിയുടെ തിളങ്ങുന്ന നൈലോൺ സ്റ്റോക്കിങ്ങ്സിലൂടെ അതവിടെ ഇറങ്ങുന്നു, കസ്റ്റംസ് ഓഫീസെന്ന ശത്രുദേശത്തേക്കു കടക്കുന്നു, ചാടിയും പുളഞ്ഞും വളഞ്ഞും തിരിഞ്ഞും ഏറ്റവും വലിയ ഡോക്കിലേക്കതെത്തുന്നു. അവിടെ നിന്നത് (പക്ഷേ കാണാൻ വിഷമമാ്, അത് കപ്പലിൽ കയറുന്നത് പിന്നാലെ ചെന്ന എലികളേ കാണുന്നുള്ളു) എഞ്ചിനുകൾ മുരളുന്ന കപ്പലിലേക്കു കയറുന്നു, ഒന്നാം ക്ലാസ് ഡെക്കിന്റെ മരപ്പലകകൾ താണ്ടി അരവാതിൽ ബദ്ധപ്പെട്ടു തള്ളിത്തുറക്കുന്നു, ഒരു ക്യാബിനിൽ കപ്പൽ വിടാനുള്ള ചൂളം വിളിയും കേട്ട് കൊഞ്ഞ്യാക് കുടിക്കുന്ന അസന്തുഷ്ടനായ ഒരാളുടെ ട്രൗസറിലൂടെ കയറി, ബനിയനും കടന്ന്, തിരിച്ചു കൈമുട്ടിലേക്കിറങ്ങി, അവസാനമായൊരു തള്ളലോടെ വലതുകൈപ്പടത്തിൽ അഭയം കണ്ടെത്തുന്നു; ആ കൈപ്പടം ഒരു റിവോൾവറിന്റെ പാത്തിയിൽ അമരാൻ തുടങ്ങുകയാണപ്പോൾ.

അൽബേർ കമ്യു - നോട്ട്ബുക്കുകൾ

 അൽബേർ കമ്യു ആദ്യമായി ഒരു ഡയറിക്കുറിപ്പെഴുതുന്നത് 1935 മേയിൽ ആണ്‌; അന്നദ്ദേഹത്തിന്‌ 22 വയസ്സായിരുന്നു. അന്നു തുടങ്ങിയ ഡയറിയെഴുത്ത് 1960ൽ മരിക്കുന്നതു വരെ തുടർന്നു. സാധാരണ സ്കൂൾ നോട്ടുബുക്കുകളിൽ എഴുതിയിട്ടുള്ള ഈ ഡയറികളിൽ വ്യക്തിജീവിതത്തെക്കുറിച്ചുള്ള പരാമർശങ്ങൾ വളരെ കുറവാണ്‌. ദാർശനികാശയങ്ങൾ, വിവരണങ്ങൾ, വീട്ടിലോ തെരുവുകളിലോ വച്ചു കേൾക്കുന്ന സംഭാഷണശകലങ്ങൾ, വായിച്ച പുസ്തകങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ഇവയൊക്കെ സൂക്ഷിച്ചുവയ്ക്കാനുള്ള ഒരു വലിപ്പു പോലെയാണ്‌ അദ്ദേഹം ഈ ഡയറികൾ ഉപയോഗപ്പെടുത്തിയിട്ടുള്ളത്. ചില ഡയറിക്കുറിപ്പുകൾ അതേ പോലെയോ രൂപഭേദം വന്നിട്ടോ പുസ്തകങ്ങളിലേക്കു നേരിട്ടു കടക്കുന്നുമുണ്ട്. 

നോട്ടുബുക്ക് 1- മേയ് 1935- സെപ്തംബർ 1937

അനുഭവം എന്ന വാക്കിന്റെ പൊള്ളത്തരം. പരീക്ഷണങ്ങളിലൂടെ അനുഭവം ആർജ്ജിക്കാൻ നിങ്ങൾക്കു കഴിയില്ല. അനുഭവം നിങ്ങൾക്കു സൃഷ്ടിച്ചെടുക്കാൻ പറ്റില്ല. നിങ്ങൾ അതിലൂടെ കടന്നുപോകണം. 

*

കൊടുങ്കാറ്റു വീശുന്ന ആഗസ്റ്റുമാസത്തിലെ ആകാശം. ഇടയ്ക്കിടെ പൊള്ളുന്ന കാറ്റ്. കറുത്ത മേഘങ്ങൾ. എന്നാൽ അങ്ങു കിഴക്ക് നീലാകാശം തെളിഞ്ഞ, നേർത്ത നാട പോലെ. അതിനെ കണ്ണെടുത്തു നോക്കാൻ കഴിയുന്നില്ല. അതിന്റെ സാന്നിദ്ധ്യം കണ്ണുകൾക്കും ആത്മാവിനും ഒരു പീഡനമാകുന്നു; എന്തെന്നാൽ സൗന്ദര്യം ദുസ്സഹമാണ്‌, നമ്മെയത് നൈരാശ്യത്തിലാഴ്ത്തുന്നു, എക്കാലവും നീണ്ടുനില്ക്കണമെന്നു നാമാഗ്രഹിക്കുന്ന നിത്യതയുടെ ഒരു നിമിഷദർശനമേ നമുക്കതു നല്കുന്നുള്ളു.

*

എന്റെ ചെറുപ്പത്തിൽ ആളുകളിൽ നിന്ന് അവർക്കു നല്കാൻ കഴിയുന്നതിലധികം ഞാൻ പ്രതീക്ഷിച്ചിരുന്നു- നിരന്തരസൗഹൃദം, നിത്യവൈകാരികത.

ഇന്ന് അവർക്കു നല്കാൻ കഴിയുന്നതിൽ നിന്നു കുറവു പ്രതീക്ഷിക്കാൻ ഞാൻ പഠിച്ചു കഴിഞ്ഞിരിക്കുന്നു- ഒരു നിശ്ശബ്ദമായ ചങ്ങാത്തം. അങ്ങനെ അവരുടെ വികാരങ്ങളും അവരുടെ സൗഹൃദവും കുലീനമായ പെരുമാറ്റവും എന്റെ കണ്ണുകളിൽ അവയുടെ അത്ഭുതകരമായ മൂല്യം നഷ്ടപ്പെടാതെ നില്ക്കുന്നു.

*

യാത്രയ്ക്ക് മൂല്യം നല്കുന്നത് ഭീതിയാണ്‌. ഒരു പ്രത്യേകമുഹൂർത്തത്തിൽ, സ്വദേശത്തു നിന്നു നാം വളരെയകലെയെത്തുമ്പോൾ, അവ്യക്തമായ ഒരു ഭയം നമ്മെ പിടികൂടുന്നു, പരിചയിച്ച ശീലങ്ങളുടെ സുരക്ഷിതത്വത്തിലേക്കു മടങ്ങിപ്പോകാൻ ഒരാഗ്രഹം നമ്മെ തിടുക്കപ്പെടുത്തുന്നു. യാത്ര കൊണ്ടുള്ള ഏറ്റവും പ്രകടമായ ഗുണം ഇതാണ്‌. ആ മുഹൂർത്തത്തിൽ അത്ര പൊള്ളുന്ന പോലെ പനിയ്ക്കുകയാണു നാമെങ്കിലും എന്തും സ്വീകരിക്കാണുള്ള അവസ്ഥയിലുമാണ്‌. ഏറ്റവും ചെറിയ ഒരു സ്പർശം പോലും ആത്മാവിന്റെ കടയോളം നമ്മെ വിറപ്പിക്കുന്നു. വെളിച്ചത്തിന്റെ പെരുവെള്ളച്ചാട്ടത്തിലേക്കു നാമെത്തുന്നു, അതു നമുക്കു നിത്യതയുമാകുന്നു. അതുകൊണ്ടാണ്‌ യാത്ര ചെയ്യുന്നത് സുഖത്തിനല്ല എന്നു പറയുന്നത്. യാത്ര ചെയ്യുന്നതിൽ ഒരാനന്ദവുമില്ല; ആത്മീയമായ ഒരു പരീക്ഷണമായിട്ടാണ്‌ ഞാനതിനെ കാണുന്നത്. സംസ്കാരം എന്നതുകൊണ്ട് നാം ഉദ്ദേശിക്കുന്നത് നമ്മുടെ ഏറ്റവും സ്വകാര്യമായ ഇന്ദ്രിയത്തിന്റെ- നിത്യതയുടെ- പ്രയോഗമാണെങ്കിൽ നാം യാത്ര ചെയ്യുന്നത് സംസ്കാരത്തിനു വേണ്ടിയാണ്‌. സുഖം നമ്മെ അശ്രദ്ധ പോലെതന്നെ നമ്മിൽ നിന്നുതന്നെ അകലെക്കൊണ്ടുപോകുന്നു; പാസ്കലിന്റെ വാക്കുകളിൽ ദൈവത്തിൽ നിന്ന്. യാത്ര നമ്മെ നമ്മിലേക്കു മടക്കിക്കൊണ്ടുവരുന്നു...

*

എല്ലം തുറന്നുപറയാൻ പ്രായക്കൂടുതലുള്ള ഒരു സ്നേഹിതനെ കാണാൻ നിങ്ങൾ പോവുകയാണ്‌. അല്ലെങ്കിൽ നിങ്ങളെ ശ്വാസം മുട്ടിക്കുന്ന ചിലതെങ്കിലും. പക്ഷേ അയാൾ തിരക്കിലാണ്‌. നിങ്ങൾ സകലതും പറയുന്നു, അഥവാ ഒന്നും തന്നെ പറയുന്നില്ല. പറയാനുള്ള സമയം കഴിഞ്ഞിരിക്കുന്നു. ഞാനിതാ, പണ്ടത്തേക്കാൾ ഏകാകിയും ഒഴിഞ്ഞതുമായി മാറുന്നു. എന്റെ സാന്നിദ്ധ്യത്തിൽ ഒരു സ്നേഹിതന്റെ വായിൽ നിന്നു വീഴുന്ന അശ്രദ്ധമായ ഒരു വാക്ക് ഞാൻ പടുത്തുയർത്താൻ നോക്കുന്ന ഈ ദുർബലമായ ജ്ഞാനത്തെ എങ്ങനെ നശിപ്പിക്കുന്നില്ല! Non ridere, non lugere.*..എന്നെക്കുറിച്ചും അന്യരെക്കുറിച്ചും സംശയങ്ങൾ.

 (Non ridere, non lugere, neque detestari, sed intelligere...മനുഷ്യരുടെ പ്രവൃത്തികളെ കളിയാക്കാനോ സഹതാപത്തോടെ കാണാനോ അവയെ പഴിക്കാനോ അല്ല, എന്തുകൊണ്ടാണവർ അങ്ങനെ ചെയ്യുന്നതെന്നു മനസ്സിലാക്കാനാണു താൻ ശ്രമിക്കുക എന്നർത്ഥം വരുന്ന സ്പിനോസയുടെ ഒരു വാചകം.)

മാർച്ച്

വെയിലും മേഘങ്ങളും നിറഞ്ഞ പകൽ. മഞ്ഞ പുള്ളി കുത്തിയ തണുപ്പ്. ഓരോ ദിവസത്തെയും കാലാവസ്ഥയ്ക്കായി ഞാനൊരു ഡയറി വയ്ക്കണം. ഇന്നലത്തെ സുന്ദരമായ, തെളിഞ്ഞ വെയിൽ. നനവാർന്ന ചുണ്ടു പോലെ വെളിച്ചത്തിൽ വിറ കൊള്ളുന്ന ഉൾക്കടൽ. പകലു മുഴുവൻ ഞാൻ പണിയെടുക്കുകയും ചെയ്തു.

2023, സെപ്റ്റംബർ 3, ഞായറാഴ്‌ച

ചെക്കോവ് - ഒരു കത്ത്

 ചെക്കോവ് 1889 മേയ് 4ന്‌ എ.എസ്.സുവോറിനെഴുതിയ കത്തിൽ നിന്ന്

...പ്രകൃതി ഒന്നാന്തരമൊരു മയക്കുമരുന്നാണ്‌. അത് സാന്ത്വനം നല്കുന്നു- എന്നു പറഞ്ഞാൽ അത് നിങ്ങളെ നിസ്സംഗനാക്കുന്നു.. ഈ ലോകത്ത് നിസ്സംഗനാവുക എന്നത് അത്യാവശ്യവുമാണ്‌. നിസ്സംഗരായവർക്കേ കാര്യങ്ങൾ വ്യക്തമായി കാണാൻ, നീതിപൂർവ്വകമാവാൻ, പണിയെടുക്കാൻ കഴിയുകയുള്ളു. തീർച്ചയായും ബുദ്ധിയും വിവേകവും ഉള്ളവരുടെ കാര്യമാണ്‌ ഞാൻ പറയുന്നത്‘ ഉള്ളു പൊള്ളയായവരും തൻകാര്യം നോക്കികളും അല്ലെങ്കിൽത്തന്നെ നിസ്സംഗരാണല്ലോ.
എനിക്കു മടി കൂടിയിരിക്കുന്നു എന്നാണ്‌ താൻ പറയുന്നത്. അതിനർത്ഥം മുമ്പത്തേതിലും എനിക്കു മടി പിടിച്ചിരിക്കുന്നു എന്നല്ല. മൂന്നോ അഞ്ചോ കൊല്ലം മുമ്പു ചെയ്തത്രയും ജോലി ഇപ്പോഴും ഞാൻ ചെയ്യുന്നുണ്ട്. എന്റെ ജോലിസമയം വച്ചു നോക്കിയാൽ ഞാനൊരു സർക്കാർ ഗുമസ്തനെപ്പോലെയുണ്ടാകും. എന്റെ ജോലിയിൽ നിന്ന് പ്രതിമാസം രണ്ടു നോവലുകളോ പതിനായിരത്തിന്റെ വരുമാനമോ ഉണ്ടാകുന്നില്ലെങ്കിൽ അതിനു പഴിക്കേണ്ടത് എന്റെ മടിയെ അല്ല, എന്റെ അടിസ്ഥാനപരമായ മാനസികപ്രത്യേകതകളെയാണ്‌. ഡോക്ടർപണിയിൽ വിജയിക്കാനും മാത്രം ഞാൻ പണത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കുന്നില്ല; സാഹിത്യത്തിലാവട്ടെ, അതിനോടൊരാവേശമോ അതിനുള്ള ഒരു സിദ്ധിയോ എനിക്കില്ലതാനും. എന്നിൽ തീയെരിയുന്നത് സാവധാനവും ഒരേ കണക്കിനുമാണ്‌; പെട്ടെന്നു കത്തിപ്പിടിക്കുകയോ ആളിപ്പടരുകയോ ഒന്നും എന്റെ കാര്യത്തിലില്ല. ഒറ്റ രാത്രി കൊണ്ട് മൂന്നോ നാലോ കഥയെഴുതാൻ എനിക്കു പറ്റാത്തത് അതുകൊണ്ടാണ്‌; അതുകൊണ്ടാണ്‌ ഉറക്കം വന്നാൽ പോയിക്കിടക്കാതിരിക്കാനും മാത്രം എഴുത്തിൽ മുഴുകാൻ എനിക്കു കഴിയാത്തതും. അതുകൊണ്ടാണ്‌ എടുത്തുപറയത്തക്ക മൂഢതകളൊന്നും ഞാൻ ചെയ്യാത്തത്, വിവേകപൂർവ്വമെന്നെടുത്തുപറയാവുന്നതൊന്നും എന്നിൽ നിന്നു വരാത്തതും.
ഇക്കാര്യത്തിൽ ഞാൻ ഗൊഞ്ചാറോവിനു* സദൃശനാണെന്നു പറയേണ്ടിവരുന്നു; എനിക്കയാളെ ഇഷ്ടമല്ല, കഴിവിന്റെ കാര്യത്തിൽ എന്നെക്കാൾ പത്തു തലപ്പൊക്കം ഉയരത്തിലുമാണയാൾ. എഴുത്തിനോട് മതിയായത്ര വൈകാരികാവേശം എനിക്കില്ല; അതിന്റെകൂടെ ഇങ്ങനത്തെ ഭ്രാന്തു കൂടി കൂട്ടുക: കഴിഞ്ഞ രണ്ടു കൊല്ലമായി യാതൊരു കാരണവും പറയാനില്ലാതെ എന്റെ സൃഷ്ടികൾ അച്ചടിച്ചുവരുന്നതിന്റെ കാര്യത്തിൽ എനിക്ക് ഒരു ശ്രദ്ധയുമില്ലാതായിരിക്കുന്നു, നിരൂപണങ്ങളോട്, സാഹിത്യസല്ലാപങ്ങളോട്, പരദൂഷണങ്ങളോട്, വിജയപരാജയങ്ങളോട്, നല്ല പ്രതിഫലത്തോട് ഞാൻ ഉദാസീനനായിരിക്കുന്നു- ചുരുക്കത്തിൽ പച്ചയ്ക്കൊരു പൊട്ടനായിരിക്കുന്നു ഞാൻ. എന്റെ ആത്മാവിലെന്തോ കെട്ടിക്കിടക്കൽ നടന്നിരിക്കുന്നു. എന്റെ വ്യക്തിജീവിതത്തിലെ കെട്ടിക്കിടക്കൽ കൊണ്ട് എനിക്കതു വിശദീകരിക്കാം. ഞാൻ ഹതാശനല്ല, ഞാൻ ക്ഷീണിതനല്ല, ഞാൻ വിഷാദവാനല്ല; എന്തോ പെട്ടെന്നെല്ലാറ്റിലും താല്പര്യം നഷ്ടപ്പെട്ടപോലെ. എന്നെ കുലുക്കിയുണർത്താൻ ഞാൻ എന്തെങ്കിലും ചെയ്യണം.
*
**Ivan Goncharov- ‘ഒബ്ലോമോവ്’ എന്ന നോവലിലൂടെ പ്രസിദ്ധനായ റഷ്യൻ എഴുത്തുകാരൻ; ചെക്കോവിന്‌ ആ നോവൽ അത്ര ഇഷ്ടമായിരുന്നില്ല.