പെസൊവയുടെ എഴുപതിലധികം അപരവ്യക്തിത്വങ്ങളിൽ ഒരു സ്ത്രൈണരൂപവും ഉണ്ടായിരുന്നു, മരിയ ഹൊസെ. കൂനിയായ മരിയ ഹൊസെ ഒരു ലോഹപ്പണിക്കാരനെഴുതിയ ഈ കത്തിൽ അവൾ ഉൾപ്പെടുന്ന സാമൂഹ്യശ്രേണിയുടെ ഭാഷാശൈലി, ലളിതവും വളച്ചുകെട്ടി പറയുന്നതും, നന്നായി ഉപയോഗിച്ചിരിക്കുന്നു. പ്രണയത്തിന്റെയും ലൈംഗികതയുടെയും കാര്യത്തിൽ പൊതുവേ താല്പര്യമില്ലാത്ത പെസൊവ ഈ കത്തിൽ ഒരു പുരുഷനോടുള്ള ഒരു സ്ത്രീയുടെ ഹതാശമായ പ്രണയം ആവിഷ്കരിക്കുന്നതിൽ വിജയിച്ചിട്ടുമുണ്ട്.
പ്രിയപ്പെട്ട സെനോർ അന്തോണിയോ,
നിങ്ങൾ ഈ കത്ത് വായിക്കാൻ പോകുന്നില്ലെന്നെനിക്കറിയാം; ഞാനും ഇത് രണ്ടാമതൊന്നു വായിക്കുകയില്ല; കാരണം, ക്ഷയരോഗം ബാധിച്ച് മരണത്തോടടുക്കുകയാണു ഞാൻ. പക്ഷേ, എന്റെ മനസ്സിലുള്ളത് എനിക്കെഴുതാതെയും പറ്റില്ല, അല്ലെങ്കിൽ അമർത്തിവയ്ക്കാൻ പറ്റാതെ ഞാൻ പൊട്ടിത്തെറിച്ചുപോകും.
ഞാനാരാണെന്ന് നിങ്ങൾക്കറിയില്ല, അല്ലെങ്കിൽ, അറിഞ്ഞാൽത്തന്നെയും അറിയാത്തപോലെയാണത്. ലോഹപ്പണിയ്ക്കു പോകുന്ന വഴി ഞാൻ നിങ്ങളെ ജനാലയ്ക്കൽ നിന്നു നോക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ട്; നിങ്ങൾ പോകുന്ന സമയം എനിക്കറിയാവുന്നതുകൊണ്ട് ഞാൻ കാത്തുനില്ക്കാറുള്ളതാണല്ലോ. ഒരു മഞ്ഞക്കെട്ടിടത്തിന്റെ രണ്ടാം നിലയിൽ ജീവിക്കുന്ന ഒരു കൂനിപ്പെണ്ണിനെക്കുറിച്ച് നിങ്ങൾക്കെന്നെങ്കിലും ചിന്തയുണ്ടായിട്ടുണ്ടോയെന്ന് എനിക്കു സംശയമാണ്; എന്നാൽ ഞാൻ നിങ്ങളെക്കുറിച്ചു ചിന്തിക്കാത്ത സമയമില്ല. നിങ്ങൾക്കൊരു കാമുകിയുണ്ടെന്ന് എനിക്കറിയാം- പൊക്കമുള്ള, സ്വർണ്ണമുടിയുള്ള ആ സുന്ദരി. എനിക്കവളോട് അസൂയ തോന്നുന്നുണ്ടെങ്കിലും സ്പർദ്ധയില്ല, കാരണം, എനിക്കു നിങ്ങൾക്കു മേൽ ഒരവകാശവുമില്ലല്ലോ, അസൂയ തോന്നാനുള്ള അവകാശം പോലും. എനിക്കു നിങ്ങളോടിഷ്ടമാണെന്ന കാരണം കൊണ്ടുമാത്രം ഞാൻ നിങ്ങളെ ഇഷ്ടപ്പെടുന്നു; ഞാൻ മറ്റൊരു സ്ത്രീയായിരുന്നെങ്കിൽ, മറ്റൊരു ശരീരവും മറ്റൊരു വ്യക്തിത്വവുമുള്ള ഒരു സ്ത്രീയായിരുന്നെങ്കിൽ എന്നും ഞാൻ ആഗ്രഹിക്കുന്നു; എങ്കിൽ തെരുവിലേക്കു നടന്നുവന്ന് എനിക്കു നിങ്ങളോടു സംസാരിക്കാമായിരുന്നല്ലോ. ഇനി നിങ്ങളതു ശ്രദ്ധിച്ചില്ലെങ്കില്പോലും നിങ്ങളെ കാണാനും സംസാരിക്കാനും എനിക്കിഷ്ടവുമാണ്.
ഈ രോഗവും വച്ച് എനിക്കു പിടിച്ചുനില്ക്കാനുള്ളത് നിങ്ങൾ മാത്രമാണ്; നിങ്ങൾക്കതിനെക്കുറിച്ചറിയില്ലെങ്കിലും അക്കാര്യത്തിന് എനിക്കു നിങ്ങളോടു നന്ദിയുമുണ്ട്. ഇഷ്ടം തോന്നുന്ന ശരീരങ്ങളുള്ളവരോടു തോന്നുന്ന ഇഷ്ടം എന്നോടൊരിക്കലും തോന്നാൻ പോകുന്നില്ല എന്നെനിക്കറിയാമെങ്കിലും തിരിച്ചിഷ്ടപ്പെടാത്തവരെ ഇഷ്ടപ്പെടാനുള്ള അവകാശം എനിക്കുണ്ടല്ലോ; കരയാനുള്ള അവകാശവും എനിക്കുണ്ട്, കാരണം, അതെല്ലാവർക്കുമുള്ള ഒരവകാശമാണ്.
ഒരിക്കൽ മാത്രം നിങ്ങളോടു സംസാരിച്ചിട്ടു മരിക്കണമെന്നേ എനിക്കാഗ്രഹമുള്ളു; എന്നാൽ അതിനുള്ള ധൈര്യമോ മാർഗ്ഗമോ എനിക്കു കിട്ടാൻ പോകുന്നില്ല. എനിക്കു നിങ്ങളെ എന്തുമാത്രം ഇഷ്ടമാണെന്നു നിങ്ങളറിയണമെന്ന് എനിക്കാഗ്രഹമുണ്ട്; എന്നാൽ അറിഞ്ഞാലും നിങ്ങൾക്കതിനെ വിലയുണ്ടാവില്ല എന്ന പേടിയുമുണ്ട്. അതങ്ങനെയാണോ എന്നു കണ്ടുപിടിക്കുന്നതിനു മുമ്പുതന്നെ അതങ്ങനെയാണ് എന്ന തീർച്ച എനിക്കു തോന്നുന്നതിനാൽ എന്നെങ്കിലും അതു കണ്ടുപിടിക്കാൻ ശ്രമം നടത്താൻ പോലുമാകാത്ത മട്ടിൽ എനിക്കു സങ്കടം തോന്നുന്നു.
ജന്മനാ ഞാൻ കൂനിയാണ്, അതിന്റെ പേരിൽ എന്നും ഞാൻ പരിഹസിക്കപ്പെടുന്നുമുണ്ട്. കൂനികൾ ദുഷ്ടകളായിരിക്കും എന്നൊരു ധാരണയുണ്ടെങ്കിലും ഞാനാരെയും ഇതേവരെ ദ്രോഹിച്ചിട്ടില്ല. അതിനും പുറമേ, രോഗിയായതിനാൽ കോപം തോന്നാനുള്ള ശക്തികൂടി എനിക്കില്ല. എനിക്കു പത്തൊമ്പതു വയസ്സായി; എന്തുകാര്യത്തിനാണ് ഇത്രയും കാലം ജീവിച്ചതെന്ന് എനിക്കു മനസ്സിലാകുന്നില്ല. ഞാൻ രോഗിയാണ്, അതിന്റെ പേരിൽ ആർക്കുമെന്നോടു സഹതാപമില്ല; ഉണ്ടെങ്കിൽ അതു ഞാൻ കൂനിയായതുകൊണ്ടാണ്; അതാണെങ്കിൽ എന്റെ ക്ലേശങ്ങളിൽ ഏറ്റവും ചെറുതുമാണ്; കാരണം, എന്നെ വേദനിപ്പിക്കുന്നത് ആത്മാവാണ്, ശരീരമല്ല, എന്റെ കൂന് എന്നെ വേദനിപ്പിക്കുന്നതേയില്ല.
കാമുകിയുടെ കൂടെയുള്ള നിങ്ങളുടെ ജീവിതം എങ്ങനെ പോകുന്നു എന്നറിയാൻ പോലും എനിക്കാഗ്രഹമുണ്ട്, കാരണം, എനിക്കു പറഞ്ഞിട്ടില്ലാത്ത ഒരു ജീവിതമാണത്, എന്റെ ജീവിതം മിക്കവാറും കഴിഞ്ഞു എന്നതിനാൽ വിശേഷിച്ചും.
നിങ്ങളെക്കുറിച്ച് ഒന്നുമറിയാത്ത ഞാൻ ഇത്രയും എഴുതിയതിൽ ക്ഷമിക്കണേ; എന്തായാലും നിങ്ങളിതു വായിക്കാൻ പോകുന്നില്ല, വായിച്ചാൽത്തന്നെ ഇത് നിങ്ങൾക്കെഴുതിയതാണെന്നു നിങ്ങൾ മനസ്സിലാക്കാൻ പോകുന്നുമില്ല, അല്ലെങ്കിൽ നിങ്ങളിതിനെ കാര്യമായിട്ടെടുക്കാൻതന്നെ പോകുന്നുമില്ല. ഒരു ജനാലയ്ക്കടുത്തു സദാസമയവും കഴിച്ചുകൂട്ടേണ്ടിവരുന്ന ഒരു കൂനിയാവുക എന്നാൽ എത്ര ദുഃഖകരമാണെന്ന് ഒരു നിമിഷത്തേക്കു നിങ്ങൾ ചിന്തിക്കുമെന്ന് ഞാൻ ആഗ്രഹിക്കുകയാണ്; അമ്മയ്ക്കും സഹോദരിമാർക്കുമല്ലാതെ മറ്റാർക്കും എന്നെ ഇഷ്ടമില്ല; അവർ കുടുംബാംഗങ്ങളാണെന്നതിനാൽ അവർക്കു വേറേ നിവൃത്തിയുമില്ലല്ലോ. എല്ലുകൾ അകം പുറം തിരിഞ്ഞ ഒരു പാവയ്ക്ക് (ആരോ എന്നെക്കുറിച്ച് അങ്ങനെ പറയുന്നത് ഒരിക്കൽ ഞാൻ കേട്ടിരുന്നു) അത്രയെങ്കിലും അവർ ചെയ്തുകൊടുക്കണമല്ലോ.
ഒരു ദിവസം കാലത്ത്, നിങ്ങൾ പണിയ്ക്കു പോകുന്ന സമയത്ത് എന്റെ ജനാലയ്ക്കെതിരെയുള്ള തെരുവിന്റെ ഭാഗത്ത് ഒരു പൂച്ച ഒരു നായയുമായി കടിപിടി കൂടുന്നത് ഞങ്ങളെല്ലാവരും കണ്ടുനില്ക്കുകയായിരുന്നു; മൂലയ്ക്കലെ ബാർബർഷാപ്പിനു മുന്നിൽ മാനുവൽ ദസ് ബാർബാസിന്റെ കൂടെ നിങ്ങളും അതു നോക്കിനിന്നു. നിങ്ങൾ പെട്ടെന്ന് എന്റെ ജനാലയുടെ നേർക്കു നോക്കുകയും ഞാൻ ചിരിക്കുന്നതു കണ്ട് നിങ്ങളും ചിരിക്കുകയും ചെയ്തു. നമ്മൾ രണ്ടുപേർ മാത്രമായി ഒറ്റയ്ക്കാവുന്നത് (അങ്ങനെ പറയാമെങ്കിൽ) ആ സമയത്തു മാത്രമായിരുന്നു, എനിക്കെന്നെങ്കിലും ആശിക്കാവുന്നത്ര നമ്മൾ ഒറ്റയ്ക്കാവുന്നത് അന്നു മാത്രമായിരുന്നു.
നിങ്ങൾ കടന്നുപോകുമ്പോൾ അന്നത്തെപ്പോലെ മറ്റെന്തെങ്കിലും നടക്കണേയെന്ന് ഞാൻ എന്തുമാത്രം ആശിച്ചിട്ടുണ്ടെന്നു നിങ്ങൾക്കറിയാമോ? എങ്കിൽ, നോക്കിനില്ക്കുന്ന നിങ്ങളെ എനിക്കും നോക്കിനില്ക്കാമെന്നും ഒരുവേള നിങ്ങൾ മുഖമുയർത്തി എന്നെ നോക്കിയേക്കാമെന്നും എനിക്കപ്പോൾ നിങ്ങളെയും നോക്കാമെന്നും എന്റെ നേർക്കു നിർന്നിമേഷം നോട്ടമെറിയുന്ന കണ്ണുകൾ എനിക്കപ്പോൾ കാണാമെന്നുമായിരുന്നു എന്റെ സ്വപ്നം.
പക്ഷേ ആഗ്രഹിക്കുന്നതൊന്നും എനിക്കൊരിക്കലും കിട്ടാറില്ല, ആ വിധത്തിലാണ് ഞാൻ ജനിച്ചിരിക്കുന്നത്; ജനാലയിലൂടെ പുറത്തേക്കു നോക്കണമെങ്കിൽത്തന്നെ കസേരയുടെ ചുവട്ടിൽ ഒരു തട്ടെടുത്തുവയ്ക്കണം. പകൽ മുഴുവൻ ഞാൻ ആളുകൾ അമ്മയ്ക്കു വായിക്കാൻ കൊടുക്കുന്ന ഫാഷൻ മാസികകളും മറിച്ചുനോക്കി ഇരിക്കും; എന്റെ ചിന്തകളപ്പോൾ മറ്റുപലതുമായിരിക്കും; അതു കാരണം, ഇന്ന സ്കേർട്ട് എങ്ങനെയുണ്ടെന്നോ ഇംഗ്ലണ്ടിലെ രാജ്ഞിയോടൊപ്പം ചിത്രത്തിൽ കാണുന്നത് ആരാണെന്നോ അവർ എന്നോടു ചോദിക്കുമ്പോൾ പലപ്പോഴും ഞാൻ വിഷമിച്ചുപോകും; എനിക്കതറിയില്ല എന്നതിനാൽ, എന്നെ സംബന്ധിച്ചിടത്തോളം സാദ്ധ്യമല്ലാത്ത കാര്യങ്ങളാണ് ഞാൻ മനസ്സിൽ കണ്ടിരുന്നത് എന്നതിനാൽ, മനസ്സിൽ വച്ചുകൊണ്ടിരുന്നാൽ ചിരിയിലോ കരച്ചിലിലോ എന്നെക്കൊണ്ടെത്തിക്കുമായിരുന്നു അവയെന്നതിനാൽ.
എന്നിട്ടെല്ലാവരും എന്നോടു ക്ഷമിക്കുകയും ചെയ്യുന്നു; എന്തോ പൊട്ടത്തരം കൊണ്ടാണ്, അല്ലാതെ ബുദ്ധിശൂന്യയായതുകൊണ്ടല്ല ഞാൻ അങ്ങനെ പെരുമാറിയതെന്ന് അവർ ചിന്തിക്കുന്നു; അവർ അങ്ങനെ ചിന്തിക്കുന്നതിൽ എനിക്കു പ്രശ്നവുമില്ല, കാരണം, എന്റെ ശ്രദ്ധ തെറ്റിയതിനു വിശദീകരണം നല്കുന്നതിൽ നിന്ന് എനിക്കപ്പോൾ രക്ഷപ്പെടാമല്ലോ.
ഒരു ഇളംനീല സൂട്ടുമിട്ട് നിങ്ങൾ കടന്നുപോയ ആ ഞായറാഴ്ചദിവസം ഞാൻ ഇന്നുമോർമ്മിക്കുന്നു. അത് ഇളംനീലയായിരുന്നില്ല; കട്ടിയുള്ള കമ്പിളി കൊണ്ടുള്ള ഒരു സൂട്ടിനു സാധാരണയുള്ള അത്രയും ഇരുണ്ട നീലനിറം ഉണ്ടായിരുന്നില്ലെന്നു മാത്രം. നിങ്ങളെ കാണാൻ ആ സുന്ദരമായ പകൽ പോലെയുണ്ടായിരുന്നു; ആ ദിവസമെന്നപോലെ മറ്റെല്ലാവരോടും എനിക്കസൂയ തോന്നിയ ഒരു ദിവസം ഉണ്ടായിട്ടില്ല. എന്നാൽ എനിക്കു നിങ്ങളുടെ കാമുകിയോട് അസൂയയൊന്നും തോന്നിയില്ല, അവളെ കാണാനാണ് നിങ്ങൾ പോകുന്നതെങ്കില്ക്കൂടി; കാരണം, ഞാൻ ചിന്തിച്ചത് നിങ്ങളെക്കുറിച്ചു മാത്രമാണല്ലോ. അതുകൊണ്ടാണ് മറ്റെല്ലാവരോടും എനിക്കസൂയ തോന്നിയത്; യുക്തിയില്ലെന്നു തോന്നാമെങ്കിലും അങ്ങനെയാണത്.
കൂനുള്ളതു കൊണ്ടല്ല, ഞാനെപ്പോഴും ജനാലയ്ക്കൽത്തന്നെ കഴിച്ചുകൂട്ടുന്നത്, കാലുകളിൽ ഒരുതരം സന്ധിവീക്കവും എനിക്കുണ്ട്. അതുകാരണം അനങ്ങാൻ എനിക്കു കഴിയാറില്ല. അതിനാൽ ഫലത്തിൽ ഒരു ഞൊണ്ടിയാണു ഞാൻ, കൂടെത്താമസിക്കുന്നവർക്ക് വല്ലാത്തൊരു ശല്യം. വേറൊരു വഴിയില്ലാത്തതു കൊണ്ടാണ് എല്ലാവരും തന്നെ സഹിച്ചുകഴിയുന്നത് എന്നറിയുക എന്നാലെന്താണെന്ന് നിങ്ങൾക്കൂഹിക്കാൻ പറ്റില്ല; ജനാലയിൽ നിന്നു പുറത്തേക്കു ചാടാൻ തോന്നുന്ന വിധത്തിൽ ചിലപ്പോഴെന്റെ മനസ്സിടിഞ്ഞുപോവാറുമുണ്ട്; അതെന്തൊരു കാഴ്ചയാണുണ്ടാക്കുക എന്നെന്നോർത്തുനോക്കൂ! ഞാൻ ചാടുന്നതു കാണുന്നവർ പോലും ചിരിക്കുകയേയുള്ളു; ജനാല അത്രയും താഴ്ന്നിട്ടായതിനാൽ ഞാൻ ചാവുകയുമില്ല, മറ്റുള്ളവർക്കു കൂടുതൽ ഭാരമാവുകയാണു ചെയ്യുക. കയ്യും കാലുമിട്ടടിച്ച്, ബ്ലൗസിനുള്ളിലൂടെ എറിച്ചുനില്ക്കുന്ന കൂനുമായി ഒരു കുരങ്ങിനെപ്പോലെ തെരുവിൽ വീണുകിടക്കുന്ന എന്നെ എനിക്കു മനസ്സിൽ കാണാം; എല്ലാവർക്കും എന്നോടു സഹതാപം തോന്നണമെന്നുണ്ടെങ്കിലും ഒരറപ്പാണവർക്കു തോന്നുന്നത്, അല്ലെങ്കിൽ അവർക്കു ചിരിതന്നെ വരുന്നുണ്ട്, കാരണം, ആളുകൾ അവരെന്താണോ, അതാണല്ലോ, അല്ലാതെ അവർ അവരാഗ്രഹിക്കുന്നതല്ലല്ലോ.
നിങ്ങൾ പോവുകയും വരികയും ചെയ്യുന്നു; നിങ്ങൾക്കറിയില്ല, വെറുമൊരു നിസ്സാരനാവുക എന്നാൽ എത്ര മോശമാണതെന്ന്. പകൽ മുഴുവൻ ജനാലയ്ക്കലിരുന്ന് ആളുകൾ വരുന്നതും പോകുന്നതും ഞാൻ കാണുന്നു; അവർ വേഗത്തിലോ പതുക്കെയോ നടക്കുന്നത്, അയാളോടോ ഇയാളോടോ സംസാരിക്കുന്നത്, ജീവിതം ആസ്വദിക്കുന്നത്. ഞാനോ, വാടിപ്പോയ ചെടിയുമായി ഒരു ചെടിച്ചട്ടി, ജനാലപ്പടിയിൽ മറന്നുവച്ചത്, എടുത്തുമാറ്റപ്പെടാൻ കാത്തിരിക്കുന്നത്.
സുന്ദരനും ആരോഗ്യവാനുമായതിനാൽ നിങ്ങൾക്കു സങ്കല്പിക്കാൻ പറ്റില്ല, ജനിച്ചിട്ട് ജീവിതമില്ലാത്ത ഒരാളായി ജീവിക്കുക എന്നാലെന്താണെന്ന്, ആളുകളുടെ പ്രവൃത്തികൾ പത്രത്തിൽ വായിക്കുക എന്നാലെന്താണെന്ന്: ചിലർ മന്ത്രിമാരാണ്, അവർ ഒന്നല്ലെങ്കിൽ മറ്റൊരു രാജ്യത്തേക്കു വരികയും പോവുകയും ചെയ്യുന്നു, വേറേ ചിലർ സമൂഹത്തിന്റെ മേൽത്തട്ടിൽ ജനിക്കുന്നു, വിവാഹം ചെയ്യുന്നു, ജ്ഞാനസ്നാനം ചെയ്യുന്നു, രോഗികളാവുന്നു, ഒരേ ഡോക്ടർമാർ തന്നെ അവരെ കീറിമുറിക്കുകയും ചെയ്യുന്നു; ചിലർക്ക് ഇവിടെ വീടുകളുണ്ട്, അവിടെയും വീടുകളുണ്ട്; ചിലർ മോഷ്ടിക്കുന്നു, ചിലർ കേസെടുക്കുന്നു, ചിലർ ഭയങ്കരമായ കുറ്റങ്ങളും ചെയ്യുന്നു; ഏറ്റവും പുതിയ ഫാഷനിലുള്ള ഉടുപ്പുകൾ വാങ്ങാൻ വിദേശത്തു പോകുന്നവരുടെ പേരുകളും വച്ച് ലേഖനങ്ങളും ചിത്രങ്ങളും പരസ്യങ്ങളും കാണാം. പുതുതായി പെയിന്റു ചെയ്ത ജനാലപ്പടിയിൽ മറന്നുവച്ച ഒരു പഴന്തുണി പോലെയുള്ള ഒരാൾക്ക് ഇതൊക്കെയെന്താണെന്ന് നിങ്ങൾക്കു സങ്കല്പിക്കാൻ പറ്റില്ല.
നിങ്ങൾക്കിതു മനസ്സിലായിരുന്നെങ്കിൽ ഒരു പക്ഷേ ഇടയ്ക്കൊക്കെ നിങ്ങൾ എന്നെ നോക്കി കൈവീശിയേനെ; അങ്ങനെ ചെയ്യാൻ നിങ്ങളോടാവശ്യപ്പെടാൻ പറ്റിയിരുന്നെങ്കിൽ എന്നു ഞാനാശിക്കുന്നു. അതുകൊണ്ട് ഞാൻ കൂടുതൽ കാലം ജീവിക്കാൻ പോകുന്നില്ല, എനിക്കധികകാലം ജീവിക്കാനുമില്ല; എന്നാൽ നിങ്ങൾ ചിലപ്പോഴൊക്കെ എന്നെ നോക്കി കൈവീശിയിരുന്നു എന്നറിഞ്ഞിരുന്നെങ്കിൽ അല്പം കൂടി സന്തോഷത്തോടെ ഞാൻ പോകുമായിരുന്നു, എല്ലാവരും പോകുന്നിടത്തേക്ക്.
താൻ ഒരിക്കൽ നിങ്ങളുമായി സംസാരിച്ചുവെന്ന് തുന്നല്ക്കാരിയായ മാർഗരിറ്റ എന്നോടു പറഞ്ഞു; അപ്പുറത്തെ തെരുവിൽ വച്ച് നിങ്ങൾ അവളോടെന്തോ അനാവശ്യം പറഞ്ഞതിന് അവൾ നിങ്ങളോടു കയർത്തുവത്രെ. ഞാൻ നുണ പറയുന്നില്ല, എനിക്കപ്പോൾ അസൂയ തോന്നിപ്പോയി. ഒരാൾ ഞങ്ങളോട് അനാവശ്യം പറയുമ്പോൾ അതിനർത്ഥം ഞങ്ങൾ സ്ത്രീകളാണെന്നാണ്; ഞാൻ പക്ഷേ, ആണുമല്ല, പെണ്ണുമല്ല; ഒരു ജനാലച്ചതുരം നിറയ്ക്കാനുള്ള ഒരു ജീവി മാത്രം, കാണാൻ കൊള്ളാത്ത ഒരു വസ്തു.
വിട, സെനോർ അന്റോണിയോ. എന്റെ നാളുകൾ എണ്ണപ്പെട്ടുകഴിഞ്ഞു; ഞാൻ ഈ കത്തെഴുതുന്നത് ഇത് ഞാൻ നിങ്ങൾക്കെഴുതിയതല്ല, നിങ്ങൾ എനിക്കെഴുതിയതാണ് എന്നപോലെ എനിക്കെന്റെ നെഞ്ചിനോടു ചേർത്തുവയ്ക്കാനാണ്. എനിക്കു നേരാൻ പറ്റുന്നത്രയും സന്തോഷം ഞാൻ നിങ്ങൾക്കു നേരട്ടെ; നിങ്ങൾക്കു ചിരിക്കാൻ തോന്നും എന്നതിനാൽ നിങ്ങൾ ഒരിക്കലും എന്നെ കണ്ടെത്താതെപോകട്ടെ എന്നും ഞാൻ ആശിക്കുന്നു.
ആത്മാർത്ഥമായി, ജീവനു തുല്യം ഞാൻ നിങ്ങളെ സ്നേഹിക്കുന്നു.
നോക്കൂ, അതു പറഞ്ഞപ്പോഴേക്കും എനിക്കു കരച്ചിലു വരുന്നു.
മരിയ ഹൊസെ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ