1920കളുടെ തുടക്കത്തിൽ താൻ പ്രസിദ്ധീകരിക്കുന്നതായി പെസൊവ ഭാവനയിൽ കണ്ടിരുന്ന സ്വന്തം സമാഹൃതരചനകൾക്കൊരാമുഖമായി എഴുതിയതാണ് ഈ കുറിപ്പ്. ഇതിൽ തന്റെ അപരനാമങ്ങൾ അസ്തിത്വം അനിശ്ചിതമായ ഒരു യാഥാർത്ഥ്യത്തിന്റെ ‘ഭാവങ്ങൾ’ അല്ലെങ്കിൽ വശങ്ങൾ ആണെന്ന് അദ്ദേഹം പറയുന്നു.
സമാഹൃതരചനകൾ സാരാംശത്തിൽ നാടകീയമാണ്, വിഭിന്നരൂപങ്ങളാണതിനുള്ളതെങ്കിലും- ഈ ഒന്നാം ഭാഗത്തിൽ ഗദ്യരചനകൾ, തുടർന്നുള്ളവയിൽ കവിതകളും ചിന്തകളും. ഏതു മനോഭാവം കൊണ്ടാണ് ഞാൻ അനുഗ്രഹീതനാവുകയോ ശപ്തനാവുകയോ ചെയ്തത് (ഏതെന്നിനിക്കു തീർച്ചയില്ല), അതിന്റെ ഉല്പന്നം. എനിക്കാകെ അറിയാവുന്നത് ഇതാണ്: ഈ വരികളുടെ (ഈ പുസ്തകങ്ങളുടെയും കൂടിയാണോ എന്ന് എനിക്കു പറയാൻ പറ്റില്ല) കർത്താവിന് ഒറ്റ വ്യക്തിത്വം ഒരിക്കലും ഉണ്ടായിരുന്നിട്ടില്ല, അയാളുടെ ചിന്തയും വികാരവും നാടകീയമല്ലാതിരുന്നിട്ടില്ല- എന്നു പറഞ്ഞാൽ, താൻ സൃഷ്ടിച്ച വ്യക്തികളിലൂടെ, അഥവാ വ്യക്തിത്വങ്ങളിലൂടെയാണ്, ചിന്തയുടേയും വികാരത്തിന്റെയും അനുഭവം അയാൾക്കുണ്ടാകുന്നത്.
നാടകങ്ങളും നോവലുകളുമെഴുതുന്ന എഴുത്തുകാരുണ്ട്; അവർ പലപ്പോഴും തങ്ങളുടെ കഥാപാത്രങ്ങൾക്ക് തങ്ങളുടേതല്ലെന്ന് അവർ ഊന്നിപ്പറയുന്ന വികാരങ്ങളും ആശയങ്ങളും ചാർത്തിക്കൊടുക്കാറുമുണ്ട്. ഇവിടെ സത്ത ഒന്നുതന്നെ, രൂപം വിവിധവും.
ഇവിടെ എഴുത്തുകാരൻ തന്റെയുള്ളിൽ ജീവിക്കുന്ന ഓരോ വ്യക്തിത്വത്തിനും വ്യത്യസ്തമായ സ്വഭാവപ്രകൃതികൾ നല്കിയിരിക്കുന്നു, ഒന്നോ അതിലധികമോ പുസ്തകങ്ങളുടെ കർത്തൃത്വവും; അവയിലെ ആശയങ്ങൾക്കും വികാരങ്ങൾക്കും സാഹിത്യരൂപത്തിനും ഒരു ബന്ധവുമില്ല, അതിന്റെ യഥാർത്ഥത്തിലുള്ള എഴുത്തുകാരനുമായി (എന്താണ് യാഥാർത്ഥ്യം എന്നു നമുക്കറിയില്ലാത്തിനാൽ പ്രത്യക്ഷത്തിലുള്ള എഴുത്തുകാരനുമായി എന്നുമാവാം); എഴുതുന്ന നേരത്ത് താൻ സൃഷ്ടിച്ച കഥാപാത്രങ്ങളുടെ ഒരു മാദ്ധ്യമമായി അയാൾ വർത്തിച്ചു എന്നുമാത്രം.
ഈ കൃതിക്കോ ഇനി വരാനുള്ളവയ്ക്കോ അവ എഴുതുന്നയാളുമായി ഒരു ബന്ധവുമില്ല. അവയിലുള്ളതുമായി അയാൾ യോജിക്കുകയോ വിയോജിക്കുകയോ ചെയ്യുന്നില്ല. കേട്ടെഴുതുന്നപോലെ അയാൾ എഴുതുന്നു. പറഞ്ഞെഴുതിക്കുന്ന വ്യക്തി തന്റെ സ്നേഹിതനാണെന്നപോലെ ( അതിനാൽ എഴുതാനാവശ്യപ്പെടാനുള്ള സ്വാതന്ത്ര്യം അയാൾക്കുണ്ടല്ലോ) അയാൾക്ക് ഈ കേട്ടെഴുത്ത് രസകരമായി തോന്നിക്കുകയും ചെയ്യുന്നു, ആ സൗഹൃദം കൊണ്ടു മാത്രം.
ഈ പുസ്തകങ്ങളുടെ കർത്താവായ മനുഷ്യന് സ്വന്തമായി ഒരു വ്യക്തിത്വവുമില്ല. അങ്ങനെയൊന്ന് തനിക്കുള്ളിൽ ഉയർന്നുവരുന്നതായി എപ്പോഴൊക്കെ അയാൾക്കു തോന്നുന്നുവോ, അപ്പോഴൊക്കെ തൽക്ഷണം അയാൾക്കു ബോദ്ധ്യമുണ്ട്, ഈ പുതിയ സത്ത തന്നോടു സമാനമാണെങ്കിലും വ്യത്യസ്തമാണെന്ന്- ഒരു മാനസികസന്തതി എന്നു വേണമെങ്കിൽ പറയാം; തന്റെ ചില ലക്ഷണങ്ങൾ ആർജ്ജിച്ചിട്ടുണ്ടെങ്കിലും അയാളെ മറ്റൊരാളാക്കുന്ന ചില വ്യത്യസ്തതകൾ കൂടി അയാളിലുണ്ടെന്ന്.
എഴുത്തുകാരനിലെ ഈ സ്വഭാവവിശേഷം ചിത്തോന്മാദത്തിന്റെ, അഥവാ ദ്വന്ദ്വവ്യക്തിത്വം എന്നു വ്യവഹരിക്കപ്പെടുന്നതിന്റെ പ്രകാശനമാണെന്ന വസ്തുത ഈ പുസ്തകങ്ങളുടെ രചയിതാവ് അംഗീകരിക്കുകയോ തിരസ്കരിക്കുകയോ ചെയ്യുന്നില്ല. സ്വന്തം ബഹുരൂപിയായ സ്വത്വത്തിന്റെ നിസ്സഹായനായ അടിമയായ സ്ഥിതിയ്ക്ക് ആ ബഹുത്വത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ചുള്ള ഏതെങ്കിലുമൊരു സിദ്ധാന്തം അംഗീകരിക്കുന്നത് നിഷ്ഫലമാണയാൾക്ക്.
കലാരചനയ്ക്ക് ഇങ്ങനെയൊരു രീതിയുണ്ടെന്നത് വിചിത്രമായി തോന്നുക എന്നതല്ല അത്ഭുതപ്പെടുത്തുന്നത്, മറിച്ച് വിചിത്രമായി തോന്നാത്ത കാര്യങ്ങളുണ്ട് എന്നതാണ് അത്ഭുതപ്പെടുത്തുന്നത്.
ഈ എഴുത്തുകാരന്റെ ഇപ്പോഴത്തെ സിദ്ധാന്തങ്ങളിൽ ചിലത് അയാളുടെ വ്യക്തിത്വത്തിലൂടെ (അങ്ങനെയൊന്ന് അയാൾക്കുണ്ടെങ്കിൽ) കടന്നുപോയ - ഒരു നിമിഷത്തേക്ക്, ഒരു ദിവസത്തേക്ക്, അല്ലെങ്കിൽ അതിലും കൂടിയ കാലയളവിലേക്ക്- ഈ വ്യക്തിത്വങ്ങളിൽ ഏതെങ്കിലുമൊന്ന് പ്രചോദിപ്പിച്ചതാണ്.
തന്റെ ആത്മാവിലൂടെ കടന്നുപോയ വിഭിന്നവും സുവ്യക്തവുമായ ഈ വ്യക്തിത്വങ്ങളെല്ലാം അസ്തിത്വമുള്ളവയാണോ എന്ന് ഉറപ്പിച്ചുപറയാൻ ഈ പുസ്തകങ്ങളുടെ ഗ്രന്ഥകാരനു കഴിവില്ല; അയാൾക്കറിയില്ലല്ലോ, അസ്തിത്വമുണ്ടായിരിക്കുക എന്നാൽ എന്താണെന്ന്, ഹാംലെറ്റാണോ ഷേക്സ്പിയറാണോ കൂടുതൽ യഥാർത്ഥം അല്ലെങ്കിൽ ശരിക്കും യഥാർത്ഥം എന്ന്.
ഈ സമാഹാരത്തിന്റെ ഇപ്പോഴത്തെ പ്ലാൻ ഇങ്ങനെയാണ്: ഈ ആദ്യത്തെ വോള്യം, അശാന്തിയുടെ പുസ്തകം, വിസേന്തെ ഗ്വെഡെസ് എന്നു സ്വയം വിളിക്കുന്ന ഒരാൾ എഴുതിയത്; ആല്ബെർട്ടോ കെയ്റോ (ഗ്വെഡോസിനെപ്പോലെ ഇദ്ദേഹവും മരിച്ചുപോയിരിക്കുന്നു, അതേ കാരണം കോണ്ടുതന്നെ) എഴുതിയ ആട്ടിടയൻ, കൂടെ മറ്റു കവിതകളും പൂർത്തിയാക്കാത്തവയും; 1889ൽ ലിസ്ബണിനടുത്തു ജനിച്ച കെയ്റോ താൻ ജനിച്ച സ്ഥലത്തുവച്ചുതന്നെ 1915ൽ മരിച്ചു. ഒരിക്കലും ഇല്ലാതിരുന്ന ഒരാളെക്കുറിച്ച് ഈ മട്ടിൽ സംസാരിക്കുന്നത് അയുക്തികമാണെന്നാണു നിങ്ങൾ പറയുന്നതെങ്കിൽ ഞാൻ മറുപടി പറയും, ലിസ്ബണിന്റെ അസ്തിത്വത്തിനും എനിക്കൊരു തെളിവില്ലെന്ന്; അതുപോലെതന്നെ ഇതെഴുതുന്ന എനിക്കോ ഇനി മറ്റെന്തായാലും അതിനോ ഒരു തെളിവുമില്ലെന്ന്.
ഈ ആല്ബെർട്ടോ കെയ്റോയ്ക്ക് രണ്ടു ശിഷ്യന്മാരും ആശയപരമായി ഒരനുയായിയും ഉണ്ടായിരുന്നു. ശിഷ്യന്മാർ രണ്ടുപേരും, റിക്കാർഡോ റെയ്സും അല്വാരോ ദെ കാമ്പോസും, വിഭിന്നമായ പാതകളിലൂടെ പോയവരാണ്. ഒന്നാമൻ കെയ്റോ കണ്ടെത്തിയ പാഗനിസത്തെ തീവ്രതരമാക്കുകയും അതിനെ കലാത്മകമായി യാഥാസ്ഥിതികമാക്കുകയും ചെയ്തു; മറ്റേയാൾ കെയ്റോയുടെ രചനയുടെ മറ്റൊരു ഭാഗത്തെ ആധാരമാക്കി ശാരീരികവും വൈകാരികവുമായ അനുഭൂതികളുടെ മാത്രം അടിസ്ഥാനത്തിൽ തീർത്തും വിഭിന്നമായ മറ്റൊരു ചിന്താപദ്ധതി വികസിപ്പിച്ചെടുത്തു. ആശയാനുയായിയായ അന്തോണിയോ മോറ (പേരുകൾ ആ വ്യക്തിത്വങ്ങളെപ്പോലെതന്നെ അനിവാര്യവും എന്നിൽ നിന്നു സ്വതന്ത്രവുമാണ്) എഴുതേണ്ട ഒന്നോ രണ്ടോ പുസ്തകങ്ങളിൽ പാഗനിസത്തിന്റെ അതിഭൗതികവും പ്രായോഗികവുമായ യാഥാർത്ഥ്യം അവിതർക്കിതമായി സ്ഥാപിക്കും. ഈ പാഗൻ സ്കൂളിലെ രണ്ടാമത്തെയൊരു ദാർശനികൻ (അയാളുടെ പേര് എന്റെ ഉൾക്കണ്ണിലോ കാതിലോ ഇനിയും പതിഞ്ഞിട്ടില്ല) തീർത്തും വിഭിന്നമായ വാദങ്ങളെ ആധാരമാക്കി അതിനൊരു ന്യായീകരണം തയ്യാറാക്കുന്നതാണ്.
ഇതുപോലെ കലർപ്പറ്റ യാഥാർത്ഥ്യമുള്ള വേറെയും വ്യക്തികൾ ഭാവിയിൽ പ്രത്യക്ഷരായെന്നുവരാം, വന്നില്ലെന്നും വരാം; അതെന്തായാലും അവർക്കെല്ലാം എന്റെ ആന്തരജീവിതത്തിലേക്ക് എപ്പോഴും സ്വാഗതമുണ്ട്; ബാഹ്യയാഥാർത്ഥ്യവുമായി ജീവിക്കാൻ എനിക്കു കഴിയുന്നതിനെക്കാൾ നന്നായി അവർക്ക് എനിക്കൊപ്പം ജീവിക്കുകയും ചെയ്യാം. അവരുടെ സിദ്ധാന്തങ്ങളുടെ ചില ഭാഗങ്ങളുമായി എനിക്കു യോജിപ്പാണെന്നും ചില ഭാഗങ്ങളുമായി എനിക്കു യോജിപ്പില്ലെന്നും ഞാൻ പറയേണ്ടതില്ലല്ലോ. അതു പക്ഷേ, കാര്യമാക്കാനില്ല. അവർ സുന്ദരമായ കാര്യങ്ങളാണെഴുതുന്നതെങ്കിൽ അവ സുന്ദരമാണ്, ‘യഥാർത്ഥത്തിൽ’ അതെഴുതിയത് ആരാണെന്ന ദാർശനികസന്ദേഹങ്ങൾ എന്തായാലും. തങ്ങളുടെ തത്വശാസ്ത്രങ്ങളിൽ സത്യമായ കാര്യങ്ങളാണ് അവർ പറയുന്നതെങ്കിൽ - ഒന്നിനും അസ്തിത്വമില്ലാത്ത ഒരു ലോകത്ത് സത്യത്തിന് അസ്തിത്വമുണ്ടെന്നു സങ്കല്പിക്കുകയാണെങ്കിൽ- അവ സത്യമായിരിക്കും, പറയുന്നവരുടെ ഉദ്ദേശ്യമോ ‘യാഥാർത്ഥ്യ’മോ കണക്കാക്കാതെതന്നെ.
ഞാൻ എന്താണോ, അതായി സ്വയം സൃഷ്ടിച്ച ഞാൻ- ഏറ്റവും മോശമായ അർത്ഥത്തിൽ, ഗംഭീരസ്വപ്നങ്ങളുമായി നടക്കുന്ന ഒരു ഭ്രാന്തൻ, ഏറ്റവും നല്ല അർത്ഥത്തിൽ, വെറുമൊരെഴുത്തുകാരൻ മാത്രമല്ല, ഒരു സാഹിത്യമാകെത്തന്നെ- എന്നെ മാത്രമല്ല വിനോദിപ്പിക്കുന്നത്, പ്രപഞ്ചത്തെക്കൂടിയാണ്; എന്തെന്നാൽ, മരിക്കുമ്പോൾ സുന്ദരമായ ഒരു വരി ശേഷിപ്പിച്ചിട്ടു പോകുന്നയാൾ ഭൂമിയും ആകാശവും അല്പം കൂടി സമ്പുഷ്ടമാക്കിയിട്ടാണു പോകുന്നത്; നക്ഷത്രങ്ങളും മനുഷ്യരും കുറച്ചുകൂടി വൈകാരികനിഗൂഢതയുള്ളതാവാൻ കാരണമാവുകയുമാണയാൾ.
സാഹിത്യത്തിന്റെ വർത്തമാനകാലദുർഭിക്ഷതയുടെ വെളിച്ചത്തിൽ ജീനിയസായ ഒരാൾക്കെന്തു ചെയ്യാൻ കഴിയും, തന്നെത്തന്നെ സാഹിത്യമാക്കി മാറ്റുകയല്ലാതെ? തനിക്കു പൊരുത്തപ്പെട്ടുപോകാൻ കഴിയുന്നവർ അത്ര ദുർലഭമായിരിക്കെ സംവേദനശീലനായ ഒരാൾ എന്തു ചെയ്യാൻ, തനിക്കു വേണ്ട സുഹൃത്തുക്കളെ, ധൈഷണികസഹചാരികളെയെങ്കിലും, സ്വന്തമായി സൃഷ്ടിക്കുകയല്ലാതെ?
ഈ കൃതികൾ പേരു വയ്ക്കാതെ പ്രസിദ്ധീകരിക്കുന്നതിനെക്കുറിച്ച് ആദ്യം ഞാൻ ആലോചിച്ചിരുന്നു, എന്നെക്കുറിച്ച് ഒരു പരാമർശവുമില്ലാതെ; പല എഴുത്തുകാർ- എല്ലാവരും വ്യത്യസ്തരാണ്- സഹകരിക്കുകയും ഒരുമിച്ചു മുന്നോട്ടു കൊണ്ടുപോവുകയും ചെയ്യുന്ന ഒരു പോർച്ചുഗീസ് നവപാഗനിസം സ്ഥാപിക്കുക. എന്നാൽ ആ നാട്യം നിലനിർത്തുക (ആരും രഹസ്യം പുറത്താക്കിയില്ലെങ്കിലും) പോർച്ചുഗലിന്റെ ചെറിയ ധൈഷണികപരിസരത്ത് മിക്കവാറും അസാദ്ധ്യമായിരിക്കും, അതിനു വേണ്ടിവരുന്ന മാനസികയത്നത്തിനു നിരക്കുന്നതായിരിക്കില്ല അതിൽ നിന്നു തിരിച്ചുകിട്ടുക.
‘യഥാർത്ഥലോക’ത്തെ ബാഹ്യം എന്നു വിളിക്കുന്നതുകൊണ്ടു മാത്രം ആന്തരം എന്നു ഞാൻ വ്യവഹരിക്കുന്ന ആ ദൃശ്യത്തിൽ വ്യക്തവും വ്യതിരിക്തവുമായി ഞാൻ കാണുന്നുണ്ട്, ആ വ്യത്യസ്തകഥാപാത്രങ്ങളുടെ പരിചിതവും സുവിശദവുമായ മുഖലക്ഷണങ്ങൾ, സ്വഭാവഗുണങ്ങൾ, ജീവിതകഥകൾ, വംശപരമ്പരകൾ, ചിലരുടെ കാര്യത്തിൽ മരണം പോലും. അവരിൽ ചിലർ പരസ്പരം കണ്ടിട്ടുണ്ട്, ചിലർ തമ്മിൽ കണ്ടിട്ടില്ല. അല്വാരോ ദെ കാമ്പോസല്ലാതെ മറ്റാരും എന്നെ നേരിൽ കണ്ടിട്ടില്ല. എന്നാൽ നാളെ, അമേരിക്കയിലൂടെ യാത്ര ചെയ്യുമ്പോൾ റിക്കാർഡോ റെയ്സ് എന്ന ഭൗതികവ്യക്തി എതിരേ വരുന്നതായി ഞാൻ കണ്ടാൽ (എന്റെ അഭിപ്രായത്തിൽ അയാൾ അവിടെയാണ് ജീവിക്കുന്നത്) ആശ്ചര്യത്തിന്റെ ലവലേശം പോലും എന്റെയാത്മാവ് എന്റെ ശരീരത്തിലേക്കു കൈമാറാൻ പോകുന്നില്ല. ഒന്നിനും ഒരു മാറ്റവും ഉണ്ടാവില്ല, ആ കൂടിക്കാഴ്ചയ്ക്കു മുമ്പെങ്ങനെയോ അതുപോലെ. എന്താണ് ജീവിതം?
നിങ്ങൾ ഈ പുസ്തകങ്ങളെ സമീപിക്കേണ്ടത് ഈ വിശദീകരണം നിങ്ങൾ വായിച്ചിട്ടില്ലെന്നപോലെയായിരിക്കണം; ഒരു പുസ്തകക്കടയിൽ അവ പ്രദർശിപ്പിച്ചു വച്ചിരിക്കുന്നതു കണ്ടിട്ട് നിങ്ങൾ കയറിച്ചെല്ലുകയും ഓരോ പുസ്തകമായി വാങ്ങുകയും പിന്നെ വായിച്ചുതുടങ്ങുകയുമായിരുന്നു. മറ്റൊരു മനോഭാവത്തോടെയും നിങ്ങളവ വായിക്കരുത്. ഹാംലെറ്റ് വായിക്കുമ്പോൾ നടന്നിട്ടില്ലാത്ത കഥയാണത് എന്നു സ്വയം ഓർമ്മപ്പെടുത്തിക്കൊണ്ടല്ലല്ലോ നിങ്ങൾ തുടങ്ങുന്നത്. അങ്ങനെ ചെയ്താൽ അതു വായിക്കുന്നതിൽ നിന്നു കിട്ടുമെന്നു നിങ്ങളാശിച്ച ആ ആനന്ദത്തെത്തന്നെ കെടുത്തുകയായിരിക്കും നിങ്ങൾ ചെയ്യുന്നത്. വായിക്കുമ്പോൾ ജീവിക്കുന്നതു നാം നിർത്തുന്നു. അതായിരിക്കട്ടെ നിങ്ങളുടെ മനോഭാവം. ജീവിക്കുന്നതു നിർത്തുക, വായിച്ചുതുടങ്ങുക. എന്താണ് ജീവിതം?
എന്നാൽ ഇവിടെ, ഒരു കവിയുടെ നാടകീയരചനകളുടെ കാര്യത്തിലെന്നതിനെക്കാൾ തീവ്രമായി, ഉണ്ടെന്നു പറയുന്ന ഒരെഴുത്തുകാരന്റെ സജീവസാന്നിദ്ധ്യത്തെ നിങ്ങൾക്കു നേരിടേണ്ടിവരും. എന്നുവച്ച് എന്റെ വിശദീകരണം വിശ്വസിക്കാനുള്ള അവകാശം നിങ്ങൾക്കുണ്ടെന്നു വരുന്നില്ല. വായിക്കുമ്പോൾത്തന്നെ നിങ്ങൾ കരുതണം, ഞാൻ നുണ പറയുകയായിരുന്നുവെന്ന്- വ്യത്യസ്തരായ കവികളുടെ അല്ലെങ്കിൽ വ്യത്യസ്തരായ എഴുത്തുകാരുടെ പുസ്തകങ്ങളാണ് താൻ വായിക്കാൻ പോകുന്നതെന്ന്, ആ എഴുത്തുകാരുടെ വികാരങ്ങൾ താൻ സ്വീകരിക്കുകയാണെന്നും അവരുടെ പാഠങ്ങൾ പഠിക്കുകയാണെന്നും, ഒരു പ്രസാധകൻ എന്ന നിലയില്ലാതെ ഒരു ബന്ധം എനിക്കവരോടില്ലെന്ന്. വസ്തുക്കളുടെ അഭേദ്യമായ യാഥാർത്ഥ്യവുമായി ഏറ്റവും ചേർന്നുപോകുന്ന മനോഭാവമല്ല ഇതെന്ന് നിങ്ങൾക്കെങ്ങനെ അറിയാം? ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ