ചിലനേരം രാത്രിയിൽ ഏറെ വൈകി നടന്നുപോകുമ്പോൾ
അടച്ചിട്ടൊരു കശാപ്പുകടയ്ക്കു മുന്നിൽ ഞാൻ നില്ക്കുന്നു.
കടയ്ക്കുള്ളിൽ ഒരൊറ്റവിളക്കെരിയുന്നുണ്ട്,
തടവുകാരൻ തുരങ്കം കുഴിക്കുന്ന വെളിച്ചം പോലെ.
ഒരു മുന്നാരത്തുണി കൊളുത്തിൽ തൂങ്ങിക്കിടക്കുന്നു:
അതിൽ ചോര പുരണ്ടിരിക്കുന്നു, ഒരു ഭൂപടം പോലെ,
ചോരയുടെ മഹാഭൂഖണ്ഡങ്ങൾ, മഹാനദികൾ, രക്തമഹാസമുദ്രങ്ങൾ.
അൾത്താരകൾ പോലെ വെട്ടിത്തിളങ്ങുന്ന കത്തികളുണ്ട്,
തളർവാതക്കാരെയും മന്ദബുദ്ധികളേയും സുഖപ്പെടുത്താൻ കൊണ്ടുവരുന്ന
ഇരുണ്ട പള്ളികളിലെപ്പോലെ.
എല്ലുകൾ തല്ലിയുടയ്ക്കാൻ, വടിച്ചു വൃത്തിയാക്കാനൊരു മരമുട്ടിയുണ്ട്
-അടിയോളം വരണ്ട ഒരു നദി,
ഞാൻ വളർന്നതവിടെ,
രാത്രിയുടെ അഗാധതയിൽ ഞാനൊരു സ്വരം കേൾക്കുന്നതവിടെ.
*
ചോദ്യം: താങ്കളുടെ തിരഞ്ഞെടുത്ത കവിതകളുടെ പതിപ്പുകളെല്ലാം തുടങ്ങുന്നത് “കശാപ്പുകട” എന്ന കവിതയോടെയാണ്. താങ്കൾ ഈ കവിതയെ കാണുന്നത് സ്വന്തം രചനാലോകത്തേക്കുള്ള ഒരുതരം കവാടം പോലെയാണോ, തന്റെ സ്വരം താൻ ആദ്യമായി കണ്ടെത്തിയത് ഇതിലാണെന്നപോലെ?
ചാൾസ് സിമിക്: എഴുതിയ കവിതകളിൽ സൂക്ഷിച്ചുവയ്ക്കണം എന്ന് എനിക്കാദ്യം തോന്നിയ കവിത ഇതാണ്. ഈസ്റ്റ് തേർട്ടീന്ത് സ്ട്രീറ്റിൽ താമസിക്കുന്ന കാലത്ത് 1963ലാണ് ഞാൻ ഇതെഴുതുന്നത്. അക്കാലത്ത് ആ ഭാഗത്തൊക്കെ ഇറ്റലിക്കാരുടേയും പോളണ്ടുകാരുടേയും കശാപ്പുകടകൾ ഉണ്ടായിരുന്നു; സോസേജുകളും പന്നികളുടെ മുട്ടുകളും കശാപ്പു ചെയ്ത ആടുകളേയും കോഴികളേയുമൊക്കെ ഭംഗിയായി പ്രദർശിപ്പിച്ചുവച്ചിരിക്കും. യൂറോപ്പിനെ, എന്റെ ബാല്യകാലത്തെയാണ് അതോർമ്മപ്പെടുത്തിയതെന്നതിൽ സംശയമില്ല. കുട്ടിയായിരുന്നപ്പോൾ ഞാൻ കോഴികളെ കശാപ്പു ചെയ്തിരുന്നു, പന്നികളുടെ കഴുത്തറുക്കുന്നതും അവയെ പിന്നെ കശാപ്പു ചെയ്യുന്നതും ഞാൻ കണ്ടിട്ടുണ്ടായിരുന്നു.
ചോദ്യം: ഹിംസയും സർഗ്ഗാത്മകതയും തമ്മിലുള്ള ഒരുതരം ബന്ധത്തെയാണ് അവസാനവരികൾ സ്ഥാപിക്കുന്നതെന്നു ഞാൻ സൂചിപ്പിച്ചാൽ അതു ശരിയായിരിക്കുമോ?
സിമിക് : എന്നെനിക്കു തോന്നുന്നു; എന്നാൽ ആ കവിത എഴുതുമ്പോൾ അതിനെക്കുറിച്ച് ഞാൻ എത്രമാത്രം ബോധവാനായിരുന്നു എന്നെനിക്കു പറയാനാവില്ല. അങ്ങനെയാവാതിരിക്കാനാണ് കൂടുതൽ സാദ്ധ്യത. പല വർഷങ്ങളും ബെൽഗ്രേഡിലെ എന്റെ ചില ബാല്യകാലസുഹൃത്തുക്കളുമായി കണ്ടുമുട്ടലുകളും വേണ്ടിവന്നു, ഒരു കശാപ്പുകടയിലാണ് ഞാൻ വളർന്നതെന്ന് എനിക്കു ബോദ്ധ്യമാവാൻ. ശത്രുവിന്റെ ഉപരോധത്തിലായിരുന്നു നഗരം എന്നു മാത്രമല്ല, നാട്ടുകാർ തന്നെ ചേരി തിരിഞ്ഞുള്ള ആഭ്യന്തരയുദ്ധത്തിലുമായിരുന്നു. തെരുവുകളിലെ രക്തം ഒരു അലങ്കാരപ്രയോഗം മാത്രമായിരുന്നില്ല, ഞാൻ നിരന്തരം കണ്ടുകൊണ്ടിരുന്ന ഒരു കാര്യവുമായിരുന്നു. എന്റെ ജീവിതവീക്ഷണത്തെ അതു ബാധിച്ചുവെന്ന കാര്യത്തിൽ സംശയമില്ല. നിരപരാധികളായ മനുഷ്യജീവികൾ കൊല്ലപ്പെടുക- അതായിരുന്നു ഞാൻ ആദ്യം പഠിച്ച പാഠം. ആയിരക്കണക്കിനു നിരപരാധികൾക്കു ജീവൻ നഷ്ടപ്പെടുത്തേണ്ടിവരുന്ന ഒരു “ധർമ്മയുദ്ധ”ത്തെക്കുറിച്ചു കേൾക്കുമ്പോഴെല്ലാം ഞാൻ വല്ലാതെ ഞെട്ടിപ്പോകുന്നു.
(സെർബിയൻ-അമേരിക്കൻ കവിയായ ചാൾസ് സിമിക്കുമായി പാരീസ് റിവ്യു നടത്തിയ അഭിമുഖത്തിൽ നിന്ന്)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ