2016, ഫെബ്രുവരി 17, ബുധനാഴ്‌ച

ഗബ്രിയെൽ ഗാർസിയ മാർക്കെസ് - ഈ നാട്ടിൽ കള്ളന്മാരില്ല



നേരം പുലരാൻ തുടങ്ങിയപ്പോൾ ഡമാസോ മുറിയിൽ മടങ്ങിയെത്തി. അന്ന, അയാളുടെ ഭാര്യ, ആറുമാസം ഗർഭിണി, വസ്ത്രം മാറാതെ, ചെരുപ്പൂരാതെ അയാളെയും കാത്ത് കിടക്കയിൽ ഇരിക്കുകയായിരുന്നു. എണ്ണവിളക്ക് കരിന്തിരി കത്താൻ തുടങ്ങി. രാത്രി മുഴുവൻ, അതിന്റെ ഓരോ മിനുട്ടിലും, തന്റെ ഭാര്യ തന്നെയും കാത്തിരിക്കുകയായിരുന്നുവെന്നും, ഇപ്പോഴും, താൻ അവളുടെ കണ്മുന്നിൽ നില്ക്കുന്ന ഈ നിമിഷത്തിലും, അവൾ കാത്തിരുപ്പു തുടരുകയാണെന്നും അയാൾക്കപ്പോൾ ബോദ്ധ്യമായി. സാന്ത്വനിപ്പിക്കുന്ന ഒരു ചേഷ്ട അയാൾ കാട്ടിയതിന്‌ അവളിൽ നിന്നു പ്രതികരണമൊന്നും ഉണ്ടായില്ല. അയാൾ കൈയിൽ പിടിച്ചിരുന്ന ചുവന്ന തുണിക്കെട്ടിൽ പേടിച്ചരണ്ട കണ്ണുകൾ പതിപ്പിച്ച്, ചുണ്ടുകൾ കൂട്ടിയടച്ച് അവളിരുന്നു വിറയ്ക്കാൻ തുടങ്ങി. നിശബ്ദമായ ഒരു ബലാല്ക്കാരത്തോടെ ഡമാസോ അവളുടെ ബ്ളൌസ് കൂട്ടിപ്പിടിച്ചു. അയാളിൽ നിന്ന് ഒരു രൂക്ഷഗന്ധം വമിച്ചിരുന്നു.

അയാൾ തന്നെ എടുത്തുയർത്തിയപ്പോൾ അന്ന കുതറിയില്ല. പിന്നെ അവൾ കരഞ്ഞുകൊണ്ട് ഭർത്താവിന്റെ മാറിലേക്കു വീണു; തേങ്ങലടങ്ങുന്നതു വരെ അവൾ അയാളുടെ അരക്കെട്ടിൽ ചുറ്റിപ്പിടിച്ചുകൊണ്ടു നിന്നു.

‘ഞാനിരുന്നുറങ്ങിപ്പോയി,’ അവൾ പറഞ്ഞു, ‘പെട്ടെന്നാണ്‌ വാതിൽ തുറന്നതും ചോരയിൽ കുളിച്ച നിന്നെ ഉള്ളിലേക്കു തള്ളിയിടുന്നതും.’

ഡമാസോ ഒന്നും മിണ്ടാതെ അവളെ കൈയകലത്തിൽ പിടിച്ചുകൊണ്ടു നിന്നു. അയാൾ അവളെ വീണ്ടും കിടക്കയിൽ ഇരുത്തി. എന്നിട്ടയാൾ തുണിപ്പൊതി അവളുടെ മടിയിലേക്കിട്ടിട്ട് മൂത്രമൊഴിക്കാനായി മുറ്റത്തേക്കു പോയി. അവൾ പൊറ്റ്ജിയുടെ കെട്ടഴിച്ചു; അതിൽ മൂന്നു ബില്യാർഡ്സ് പന്തുകളുണ്ടായിരുന്നു: വെളുത്ത രണ്ടും ചുവന്നതൊന്നും; തേഞ്ഞു, നിറം മങ്ങിയവ.

ഡമാസോ മുറിയിൽ മടങ്ങിയെത്തിയപ്പോൾ അവൾ ചിന്തയിൽ മുഴുകിയിരിക്കുന്നത് അയാൾ കണ്ടു.

‘ഇതും കൊണ്ടെന്തു ചെയ്യാൻ?’ അവൾ ചോദിച്ചു.

അയാൾ തോളു വെട്ടിച്ചു.

‘ബില്യാർഡ്സ് കളിക്കാം.’

അയാൾ പൊതി വീണ്ടും കെട്ടിയിട്ട് അതിനെ, താൻ തന്നെ ഉണ്ടാക്കിയ കള്ളത്താക്കോലിന്റെയും ടോർച്ചിന്റെയും കൂടെ ട്രങ്കിന്റെ അടിയിലേക്കിട്ടു. അന്ന വസ്ത്രം മാറാതെ ചുമരിലേക്കു നോക്കി കിടക്കുകയായിരുന്നു. ഡമാസോ പാന്റു മാത്രമേ മാറ്റിയിരുന്നുള്ളു. ഇരുട്ടത്തു പുകവലിച്ചുകൊണ്ടു നിവർന്നുകിടക്കുമ്പോൾ പ്രഭാതത്തിലെ മർമ്മരങ്ങൾക്കിടയിൽ നിന്ന്തന്റെ സാഹസകൃത്യത്തിന്റെ ശേഷിപ്പുകൾ കണ്ടെടുക്കാൻ ശ്രമിക്കുകയായിരുന്നു അയാൾ. ഒടുവിൽ ഭാര്യ ഉറങ്ങിയിട്ടില്ലെന്ന് അയാൾക്കു മനസ്സിലായി.

‘നീയെന്താ ഓർക്കുന്നത്?’

‘ഒന്നുമില്ല,’ അവൾ പറഞ്ഞു.

സാധാരണഗതിയിൽ പതിഞ്ഞ സ്ഥായിയിലുള്ള അവളുടെ സ്വരം ഇപ്പോൾ ഉൾപ്പക കൊണ്ടു കനം വച്ചിരിക്കുന്നപോലെ തോന്നി. ഡമാസോ സിഗററ്റ് ഒന്നമർത്തി വലിച്ചിട്ട് തറയിൽ കുത്തിക്കെടുത്തി.

‘എടുക്കാൻ അവിടെ വേറെയൊന്നും ഉണ്ടായില്ല,’ അയാൾ നെടുവീർപ്പിട്ടു. ‘ഒരു മണിക്കൂർ അതിനകത്തുണ്ടായതാണ്‌.’

‘അവർ നിന്നെ വെടിവച്ചു കൊന്നേനെ,‘ അവൾ പറഞ്ഞു.

ഡമാസോ കിടുങ്ങിപ്പോയി. ’പോയിത്തുലയ്!‘ കൈ മുറുക്കി കട്ടിലിന്റെ ചട്ടത്തിന്മേൽ ഇടിച്ചുകൊണ്ട് അയാൾ പ്രാകി. സിഗററ്റും തീപ്പെട്ടിയും എടുക്കാൻ വേണ്ടി അയാൾ തറയിൽ പരതി.

’നീയൊരു കഴുതയാണ്‌,‘ അന്ന പറഞ്ഞു, ’അല്ലെങ്കിൽ ഞാനൊരാൾ ഉറക്കം വരാതെ ഇവിടിരുപ്പുണ്ടെന്നു നീ ഓർത്തേനെ; വഴിയിൽ ഒരനക്കം കേട്ടാൽ അതു നിന്റെ ശവവും കൊണ്ടു വരുന്നതാനെന്നു പേടിച്ചിരിക്കുകയായിരുന്നു ഞാൻ‘. ഒരു നെടുവീർപ്പോടെ അവൾ കൂട്ടിച്ചേർത്തു:

’എന്നൊട്ടൊടുവിൽ മൂന്നു ബില്യാർഡ്സ് പന്തും.‘

’മേശവലിപ്പിൽ ഇരുപത്തഞ്ചു സെന്റേ ഉണ്ടായിരുന്നുള്ളു.‘

’എന്നാല്പിന്നെ ഒന്നുമെടുക്കാതെ പോന്നാൽ മതിയായിരുന്നു.‘

’കുറേ പണിപ്പെട്ടാണ്‌ അകത്തു കയറിയത്,‘ ഡമാസോ പറഞ്ഞു, ’വെറുംകൈയോടെ പോരാൻ തോന്നിയില്ല.‘

’വേറേയെന്തെങ്കിലും എടുക്കാമായിരുന്നു.‘

’വേറേയൊന്നും ഉണ്ടായില്ല,‘ ഡമാസോ പറഞ്ഞു.

’ബില്യാർഡ്സ് ഹാളിൽ എന്തൊക്കെ ഉണ്ടാകാറുള്ളതാണ്‌.‘

’അതു നിന്റെ തോന്നലാണ്‌,‘ ഡമാസോ പറഞ്ഞു. ’അകത്തു കയറി അരിച്ചുപെറുക്കാൻ തുടങ്ങുമ്പോഴാണ്‌ കാശിനു കൊള്ളാവുന്ന ഒന്നുമില്ലെന്നു മനസ്സിലാവുക.‘

കുറേ നേരത്തേക്ക് അവൾ ഒന്നും മിണ്ടിയില്ല. അവൾ കണ്ണു തുറന്നുപിടിച്ചു കിടക്കുകയാണെന്നും ഓർമ്മയുടെ ഇരുട്ടിൽ നിന്ന് വിലപിടിപ്പുള്ള എന്തെങ്കിലുമൊന്നു കണ്ടെടുക്കാൻ ശ്രമിക്കുകയാണെന്നും അയാൾ സങ്കല്പിച്ചു.

’ആയിരിക്കാം,‘ അവൾ പറഞ്ഞു.

ഡമാസോ വീണ്ടും ഉന്മേഷവാനായി. ചാരായം ഓരോ തിരയായി അയാളെ വിട്ടൊഴിയുകയായിരുന്നു. സ്വന്തം കൈകാലുകളുടെ ഭാരവും വ്യാപ്തവും ചുമതലയും അയാൾ ഒരിക്കൽക്കൂടി ഏറ്റെടുത്തു. ‘അതിനകത്തൊരു പൂച്ചയുണ്ടായിരുന്നു,’ അയാൾ പറഞ്ഞു. ‘ഒരു വമ്പൻ വെള്ളപ്പൂച്ച.’ അന്ന അയാളുടെ നേർക്കു തിരിഞ്ഞുകിടന്ന് തന്റെ വീർത്ത ഉദരം അയാളൂടെ വയറിനോടു ചേർത്തമർത്തിവച്ചിട്ട് കാൽ അയാളുടെ കാൽമുട്ടുകൾക്കിടയിലേക്കു തിരുകിക്കയറ്റി. അവളെ ഉള്ളി നാറുന്നുണ്ടായിരുന്നു.

‘നിനക്കു പേടി തോന്നിയോ?’

‘എനിക്കോ?’

‘അതെ,’ അന്ന പറഞ്ഞു. ‘ആണുങ്ങൾക്കും പേടി വരാറുണ്ടെന്നാണല്ലോ കേട്ടിരിക്കുന്നത്.’

അവളുടെ ചിരി അയാളറിഞ്ഞു; അയാൾക്കും ചിരി വന്നു. ‘ഒരിത്തിരി,’ അയാൾ പറഞ്ഞു. ‘പിടിച്ചിട്ടും നില്ക്കാതെ ഞാൻ പെടുത്തുപോയി.’ അവൾ ഉമ്മ വച്ചപ്പോൾ അയാൾ വഴങ്ങിക്കൊടുത്തു; പക്ഷേ അയാൾ തിരിച്ചുമ്മ വയ്ക്കാൻ പോയില്ല. എന്നിട്ട്, അതിലെ അപകടത്തെക്കുറിച്ചു ബോധവാനായിക്കൊണ്ടു തന്നെ, എന്നാൽ ഒട്ടും പശ്ചാത്താപമില്ലാതെയും, ഒരു യാത്രയുടെ ഓർമ്മകൾ അയവിറക്കുന്നപോലെ അയാൾ തന്റെ സാഹസകൃത്യത്തിന്റെ വിശദാംശങ്ങൾ അവളെ പറഞ്ഞുകേൾപ്പിച്ചു.

കുറേനേരം ഒന്നും മിണ്ടാതെ കിടന്ന ശേഷം അവൾ പറഞ്ഞു:

‘നിനക്കു വട്ടാണ്‌.’

‘ഒന്നു തുടങ്ങിക്കിട്ടിയാൽ മതി,’ കണ്ണുകളടച്ചുകൊണ്ട് ഡമാസോ പറഞ്ഞു. ‘പിന്നെ, തുടക്കമെന്ന നിലയ്ക്ക് അത്ര മോശമായതുമില്ല.’

* * *


വെയിലിനു ചൂടു പിടിക്കാൻ വൈകി. ഡമാസോ ഉറക്കമുണരുമ്പോൾ അന്ന എഴുന്നേറ്റിട്ട് അല്പനേരമായിരിക്കുന്നു. അയാൾ മുറ്റത്തെ പൈപ്പിനു ചുവട്ടിൽ കുറച്ചുനേരം തല വച്ചു നിന്നു; എന്നിട്ടാണ്‌ ഉറക്കം അയാളെ ശരിക്കും വിട്ടുപോയത്. നെടുകെയും കുറുകെയും അയ കെട്ടിയിരുന്ന ഒരു നടുമുറ്റത്തിനു ചുറ്റുമായി പണിത ഒരേ തരത്തിലുള്ള ഒറ്റമുറിവീടുകളിലൊന്നിലാണ്‌ അവരുടെ താമസം. നടുമുറ്റവുമായി ഒരു തകരത്തട്ടി കൊണ്ടു വേർതിരിച്ച ഭാഗത്ത് പാചകത്തിനും ഇസ്തിരിപ്പെട്ടി ചൂടാക്കാനുമായി ഒരു സ്റ്റൌവും ഭക്ഷണം കഴിക്കാനും ഇസ്തിരിയിടാനുമായി ഒരു മേശയും അന്ന ഒരുക്കിയിരുന്നു. ഭർത്താവു കയറിവരുന്നതു കണ്ടപ്പോൾ അവൾ ഇസ്തിരിയിട്ട തുണികൾ ഒരു ഭാഗത്തേക്കു മാറ്റിവച്ചിട്ട് ഇസ്തിരിപ്പെട്ടി സ്റ്റൌവിൽ നിന്നു മാറ്റി കാപ്പിക്കെറ്റിൽ കയറ്റിവച്ചു. അയാളെക്കാൾ പ്രായക്കൂടുതൽ ഉണ്ടായിരുന്നു അവൾക്ക്; അവളുടെ തൊലിയ്ക്ക് തീരെ വിളറിയ ഒരു നിറമായിരുന്നു; ചലനങ്ങൾക്കാവട്ടെ, യാഥാർത്ഥ്യത്തിനു കീഴടങ്ങിക്കഴിഞ്ഞ ആളുകളിൽ കാണുന്ന സൌമ്യമായ ഒരു കാര്യക്ഷമതയും.

തലവേദനയുടെ കനത്ത മൂടൽമഞ്ഞിനിടയിലൂടെ ഭാര്യയുടെ നോട്ടം കണ്ടപ്പോൾ അവൾക്കു തന്നോടെന്തോ പറയാനുണ്ടെന്ന് അയാൾക്കു മനസ്സിലായി. അത്രയും നേരം മുറ്റത്തു നിന്നു കേൾക്കുന്ന ശബ്ദങ്ങൾക്ക് അയാൾ കാതു കൊടുത്തിരുന്നില്ല.

‘കാലത്തു മുതൽ അവർക്കു വേറൊന്നും പറയാനില്ല,’ അയാൾക്കു കാപ്പി ഒഴിച്ചുകൊടുത്തുകൊണ്ട് അന്ന മന്ത്രിച്ചു. ‘അല്പം മുമ്പ് ആണുങ്ങളെല്ലാം കൂടി അങ്ങോട്ടു പോയിരുന്നു.’

മുറ്റത്ത് ഒറ്റ പുരുഷനെ കാണാനില്ലെന്ന് അപ്പോഴാണ്‌ ഡമാസോ ശ്രദ്ധിച്ചത്. കാപ്പി കുടിച്ചുകൊണ്ടിരിക്കുമ്പോൾ വെയിലത്തു തുണി ഉണങ്ങാനിടുന്ന പെണ്ണുങ്ങളുടെ സംസാരം അയാൾ ശ്രദ്ധിച്ചു. ഒടുവിൽ ഒരു സിഗറെറ്റെടുത്തു കത്തിച്ചുകൊണ്ട് അയാൾ അടുക്കളയിൽ നിന്നിറങ്ങി.

‘തെരീസാ,’ അയാൾ വിളിച്ചു.

വസ്ത്രങ്ങൾ നനഞ്ഞൊട്ടിപ്പിടിച്ചു കിടക്കുന്ന ഒരു പെൺകുട്ടി വിളി കേട്ടു. ‘ശ്രദ്ധിച്ച്,’ അന്ന മന്ത്രിച്ചു. പെൺകുട്ടി അടുത്തുവന്നു.

‘എന്താ സംഭവം?’

‘ആരോ ക്ളബ്ബിൽ കയറി സകലതും എടുത്തുകൊണ്ടു പോയി,’ പെൺകുട്ടി പറഞ്ഞു.

എല്ലാ സംഗതിയും അറിഞ്ഞ മട്ടായിരുന്നു അവൾക്ക്. കള്ളന്മാർ കളബ്ബിനുള്ളിലാകെ ഇളക്കിമറിച്ചതും ബില്യാർഡ്സ് മേശയുൾപ്പെടെ സകലതു പൊക്കിക്കൊണ്ടു പോയതുമൊക്കെ അവൾ വിശദമായി പറഞ്ഞുകേൾപ്പിച്ചു. അവളുടെ ബോദ്ധ്യം കണ്ടപ്പോൾ അതൊക്കെ ശരിയാവാമെന്നു ഡമാസോയ്ക്കും തോന്നിപ്പോയി.

‘നാശം,’ അടുക്കളയിലേക്കു തിരിച്ചുനടന്നുകൊണ്ട് അയാൾ പ്രാകി.

അന്ന പല്ലു കടിച്ചുപിടിച്ചുകൊണ്ട് ഒരു പാട്ടു പാടാൻ തുടങ്ങി. ഡമാസോ മതിലിനോടു ചേർത്ത് ഒരു കസേര ചാരിവച്ചു; തന്റെ ഉത്ക്കണ്ഠ അമർത്തിവയ്ക്കാൻ ശ്രമിക്കുകയായിരുന്നു അയാൾ. മൂന്നുമാസം മുമ്പ്, അയാൾക്ക് ഇരുപതു തികഞ്ഞ കാലം മുതൽ, പുറമേ കാണിക്കാത്ത ഒരു ത്യാഗമനോഭാവത്തോടെ മാത്രമല്ല, ഒരുതരം മമതയോടും കൂടി അയാൾ പരിപാലിച്ചുപോന്ന നേർത്ത മീശ അയാളുടെ വസൂരിക്കല നിറഞ്ഞ മുഖത്തിന്‌ പക്വതയുടെ ഒരു ലാഞ്ഛന നല്കിയിരുന്നു. താൻ ഒരു മുതിർന്നയാളായി അന്നു മുതല്ക്ക് അയാൾക്കു തോന്നിത്തുടങ്ങിയിരുന്നു. പക്ഷേ ഈ പ്രഭാതത്തിൽ, തലേ രാത്രിയുടെ ഓർമ്മകൾ തലവേദനയുടെ ചെളിപ്പുഴയിൽ പൊന്തിയൊഴുകുമ്പോൾ, എവിടെ ജീവിതം തുടങ്ങണമെന്നു കണ്ടെത്താൻ അയാൾക്കായില്ല.

ഇസ്തിരിയിട്ടു കഴിഞ്ഞ് തുണികൾ രണ്ടു കെട്ടാക്കി അന്ന പുറത്തു പോകാനൊരുങ്ങി.

‘വരാൻ വൈകരുത്,’ ഡമാസോ പറഞ്ഞു.

‘പതിവുനേരത്തു വരാം.’

അയാൾ അവളുടെ പിന്നാലെ മുറിയിലേക്കു ചെന്നു. ‘ഞാൻ നിന്റെ വരയൻ ഷർട്ട് അവിടെയിട്ടു,’ അന്ന പറഞ്ഞു. ‘ഇനി വരയൻ ഷർട്ട് ഇടാതിരിക്കുന്നതാണു നല്ലത്,’ അവൾ ഭർത്താവിന്റെ തെളിഞ്ഞ പൂച്ചക്കണ്ണുകളെ നേരിട്ടു.

‘ആരെങ്കിലും നിന്നെ കണ്ടിട്ടുണ്ടോ എന്നറിയില്ലല്ലോ.’

ഡമാസോ കൈകളിലെ വിയർപ്പ് പാന്റിൽ തുടച്ചു.

‘ആരുമെന്നെ കണ്ടിട്ടില്ല.’

‘അതറിയില്ലല്ലൊ,’ അന്ന വീണ്ടും പറഞ്ഞു. അവളുടെ ഓരോ കൈയിലും തുണിക്കെട്ടായിരുന്നു. ‘പുറത്തേക്കു പോകാതിരിക്കുന്നതാണു നല്ലതും. ഞാൻ അറിയാത്തപോലെ ഒന്നു ചുറ്റിനടന്നിട്ടു വരാം.’

നാട്ടിൽ ആളുകളുടെ സംസാരവിഷയം അതു തന്നെയായിരുന്നു. ഒരേ സംഭവത്തിന്റെ വ്യത്യസ്തവും പരസ്പരവിരുദ്ധവുമായ വിവരണങ്ങൾ പലപ്പോഴായി അന്ന കേട്ടു. തുണികളെല്ലാം കൊടുത്തു കഴിഞ്ഞതിനു ശേഷം ശനിയാഴ്ച പതിവുള്ളപോലെ ചന്തയിലേക്കു പോകുന്നതിനു പകരം അവൾ പ്ളാസയിലേക്കാണു പോയത്.

ക്ളബ്ബിനു മുന്നിൽ അവൾ പ്രതീക്ഷിച്ചതിലും കുറച്ചാൾക്കാരേ ഉണ്ടായിരുന്നുള്ളു. ചില ആണുങ്ങൾ ബദാം മരങ്ങളുടെ തണലിലിരുന്നു സംസാരിക്കുന്നുണ്ടായിരുന്നു. സിറിയക്കാർ ഉച്ചഭക്ഷണം കഴിക്കാനായി തങ്ങളുടെ നിറപ്പകിട്ടുള്ള വേഷം അഴിച്ചുമാറ്റിയിരുന്നു. കടകൾ കാൻവാസ് വിരിക്കു കീഴിൽ മയക്കത്തിലാണെന്നു തോന്നി. ഹോട്ടൽ ലോബിയിൽ വായും കാലുകളും വിടർത്തിവച്ച് ആട്ടുകസേരയിൽ ഒരാൾ മലന്നുകിടന്നുറങ്ങുന്നുണ്ടായിരുന്നു. ഉച്ചച്ചൂടിൽ സകലതും മരവിച്ചുകിടക്കുകയായിരുന്നു.

അന്ന ക്ളബ്ബ് ഹാളിനടുത്തേക്കു നടന്നു; ജട്ടിക്കെതിരെയുള്ള ഒഴിഞ്ഞ സ്ഥലം കഴിഞ്ഞപ്പോൾ ആളുകൾ കൂട്ടം കൂടി നില്ക്കുന്നത് അവൾ കണ്ടു. അപ്പോഴാണ്‌ ഡമാസോ പറഞ്ഞ ഒരു കാര്യം അവൾക്കോർമ്മ വന്നത്; എല്ലാവർക്കും അറിയാവുന്നതെങ്കിലും അവിടത്തെ പതിവുകാർക്കു മാത്രം ഓർമ്മ വരുന്ന ഒരു സംഗതി: ക്ളബ്ബ് ഹാളിന്റെ പിൻവാതിൽ ആ ഒഴിഞ്ഞ സ്ഥലത്തേക്കാണു തുറക്കുന്നത്. ഒരു നിമിഷം കഴിഞ്ഞ്, കൈകൾ വയറിനു മേൽ പിണച്ചു വച്ചുകൊണ്ട് അവൾ ആൾക്കൂട്ടത്തിനിടയിൽ അലിഞ്ഞു ചേർന്നു; അവളുടെ കണ്ണുകൾ തള്ളിത്തുറന്ന ആ വാതിലിന്മേലായിരുന്നു. താഴിനു കേടൊന്നും പറ്റിയിരുന്നില്ല; പക്ഷേ പല്ലു പറിച്ചപോലെ ഒരു കൊളുത്ത് ഇളകിപ്പോന്നിരുന്നു. ഏകാന്തവും വിനീതവുമായ ആ യത്നത്തെക്കുറിച്ച് ഒരു നിമിഷം അന്ന ഓർത്തുനിന്നു; അവൾക്ക് തന്റെ ഭർത്താവിനോട് ഒരനുതാപം തോന്നിപ്പോയി.

‘ആരാ ഇതു ചെയ്തത്?’ അവൾ ചോദിച്ചു.

ചുറ്റും നോക്കാൻ അവൾക്കു ധൈര്യം വന്നില്ല.

‘ആർക്കുമറിയില്ല,’ അവർ പറഞ്ഞു, ‘പുറത്തു നിന്നുള്ള ആരോ ആണെന്നു പറയുന്നു.’

‘അങ്ങനെയല്ലേ വരൂ,’ അവൾക്കു പിന്നിൽ നിന്ന ഒരു സ്ത്രീ പറഞ്ഞു. ‘ഈ നാട്ടിൽ കള്ളന്മാരില്ലല്ലൊ. എല്ലാവർക്കും എല്ലാവരെയും അറിയാം.’

അന്ന തിരിഞ്ഞുനോക്കി. ‘അതു ശരിയാ,’ ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു. അവൾ വിയർപ്പിൽ കുളിച്ചിരുന്നു. പിടലിയിൽ ചുളിവുകളുള്ള ഒരു കിഴവൻ അവൾക്കു തൊട്ടടുത്തു നില്പുണ്ടായിരുന്നു.

‘എല്ലാം കടത്തിക്കൊണ്ടുപോയോ?’ അവൾ ചോദിച്ചു.

‘ഇരുന്നൂറു പെസോയും ബില്യാർഡ്സ് പന്തുകളും,’ കിഴവൻ പറഞ്ഞു. അസാധാരണമായ ഒരു കൌതുകത്തോടെ അയാൾ അവളെ ഉറ്റുനോക്കി. ‘ഇനി മുതൽ കണ്ണു തുറന്നുവച്ച് ഉറങ്ങിയാൽ മതി.’ അന്ന നോട്ടം മാറ്റി. ‘അതു ശരിയാ,’ അവൾ വീണ്ടും പറഞ്ഞു. തലയ്ക്കു മേൽ ഒരു തുണിയുമെടുത്തിട്ട് അവൾ നടന്നുപോയി; കിഴവന്റെ കണ്ണുകൾ അപ്പോഴും തന്റെ മേലുണ്ടെന്ന ചിന്ത ഒഴിവാക്കാൻ അവൾക്കായില്ല.

അവിടെ തടിച്ചുകൂടിയ ജനം ഒരു കാൽ മണിക്കൂറു നേരത്തേക്ക് ഒരുവിധം മര്യാദയോടെയാണു പെരുമാറിയത്; ആ തകർന്ന വാതിലിനപ്പുറം ഒരു ജഡം കിടപ്പുണ്ടെന്നപോലെ. പിന്നീടു പക്ഷേ അവർ അസ്വസ്ഥരാവുകയും ചെറുസംഘങ്ങളായി തിരിഞ്ഞ് അവർ പ്ളാസയിലേക്കു ചെല്ലുകയും ചെയ്തു.

ക്ളബ്ബിന്റെ ഉടമസ്ഥൻ മേയറുടെയും രണ്ടു പോലീസുകാരുടെയുമൊപ്പം മുൻവാതില്ക്കൽ നില്പുണ്ടായിരുന്നു. ഉരുണ്ടുകുറുകി, വീർത്ത വയർ താങ്ങിനില്ക്കുന്നതുകൊണ്ടു മാത്രം പാന്റ് സ്വസ്ഥാനത്തിരിക്കുന്ന ഒരു മനുഷ്യൻ. കുട്ടികളുടെ കളിപ്പാട്ടം പോലത്തെ കണ്ണടയും വച്ചു നില്ക്കുന്ന അയാളെക്കണ്ടാൽ ഒരുവിധം മാന്യതയൊക്കെ അയാളെ ചൂഴ്ന്നുനില്ക്കുന്നതായിത്തോന്നും.

ആൾക്കൂട്ടം അയാളുടെ ചുറ്റും കൂടി. ചുമരു ചാരി നിന്നുകൊണ്ട് അന്ന അയാളുടെ വിവരണം കേട്ടു; പിന്നെ ആൾക്കൂട്ടം പിരിഞ്ഞപ്പോൾ ചുട്ടുവിയർത്ത് അവൾ മുറിയിൽ തിരിച്ചെത്തി.

കിടക്കയിൽ മലർന്നുകിടന്നുകൊണ്ട് ഡമാസോ ആലോചിക്കുകയായിരുന്നു, തലേ രാത്രി സിഗററ്റു വലിക്കാതെ തന്നെ കാത്തിരിക്കാൻ അന്നയ്ക്കെങ്ങനെ കഴിഞ്ഞുവെന്ന്. വിയർപ്പിൽ മുങ്ങിയ തുണി തലയിൽ നിന്നെടുത്തുകൊണ്ട് ഒരു പുഞ്ചിരിയോടെ അവൾ കടന്നു വരുന്നതു കണ്ടപ്പോൾ അയാൾ അപ്പോൾക്കൊളുത്തിയ സിഗററ്റ് മൺതറയിൽ കുത്തിക്കെടുത്തിയിട്ട് തള്ളിവരുന്ന ജിജ്ഞാസയോടെ കാത്തിരുന്നു.

‘എന്താ?’

അന്ന കട്ടിലിനടുത്തു മുട്ടുകുത്തി ഇരുന്നു.

‘എന്താണെന്നോ? നീ കള്ളൻ മാത്രമല്ല, നുണയനുമാണെന്ന്,’ അവൾ പറഞ്ഞു.

‘കാരണം?’

‘മേശവലിപ്പിൽ ഒന്നുമില്ലെന്നല്ലേ നീയെന്നോടു പറഞ്ഞത്?’

ഡമാസോ മുഖം ചുളിച്ചു.

‘ഒന്നുമില്ലായിരുന്നു.’

‘അതിൽ ഇരുന്നൂറു പെസോ ഉണ്ടായിരുന്നു,’ അന്ന പറഞ്ഞു.

‘കള്ളം,’ ഒച്ച ഉയർത്തിക്കൊണ്ട് അയാൾ പറഞ്ഞു. കിടക്കയിൽ ചമ്രം പടിഞ്ഞിരുന്നുകൊണ്ട് രഹസ്യം പറയുന്നപോലെ അയാൾ മന്ത്രിച്ചു, ‘അതിൽ ഇരുപത്തഞ്ചു സെന്റേ ഉണ്ടായിരുന്നുള്ളു.’

അയാൾ അവളെ ബോദ്ധ്യപ്പെടുത്തി. ‘ആ കിഴവൻ ഒരു കുരുട്ടുബുദ്ധിക്കാരനാണ്‌,’ കൈ മുറുക്കിക്കൊണ്ട് ഡമാസോ പറഞ്ഞു, ‘ഒരു ദിവസം ഞാനയാളുടെ മോന്ത ഇടിച്ചുപരത്തും.‘ അന്ന ഉറക്കെച്ചിരിച്ചു.

’മണ്ടത്തരം പറയാതെ.‘

ഒടുവിൽ അയാളും ചിരിച്ചുപോയി.

അയാൾ ഷേവു ചെയ്തു കൊണ്ടിരിക്കുമ്പോൾ അന്ന തനിക്കു കിട്ടിയ വിവരങ്ങൾ അയാളെ പറഞ്ഞുകേൾപ്പിച്ചു. പോലീസുകാർ തിരയുന്നത് പുറമേ നിന്നു വന്ന ഒരാളെയാണ്‌. ’അയാൾ വ്യാഴാഴ്ച വന്നതാണെന്നും ഇന്നലെ രാത്രി ജട്ടിയിൽ ചുറ്റിത്തിരിഞ്ഞു നടക്കുന്നതായി കണ്ടുവെന്നുമൊക്കെയാണു സംസാരം,‘ അവൾ പറഞ്ഞു. ’അയാളെ ഇപ്പോൾ കാണാനില്ലത്രെ.‘ ഡമാസോ താൻ ഇതേവരെ കാണാത്ത ആ വരത്തനെക്കുറിച്ചോർത്തു. ഒരു നിമിഷത്തേക്ക് അയാളെ സംശയിക്കുക കൂടി ചെയ്തു.

’അയാൾ സ്ഥലം വിട്ടു കാണും,‘ അന്ന അഭിപ്രായപ്പെട്ടു.

ഒരുങ്ങിയിറങ്ങാൻ ഡമാസോ, പതിവു പോലെ, മൂന്നു മണിക്കൂറെടുത്തു. മേൽമീശ കൃത്യമായി വെട്ടിയൊതുക്കുകയാണ്‌ ആദ്യത്തെ പണി. പിന്നെ മുറ്റത്തെ പൈപ്പിൻ ചുവട്ടിൽ നിന്നുകൊണ്ട് ഒരു കുളി. തല കോതലെന്ന സുദീർഘമായ പ്രക്രിയയുടെ ഓരോ പടവും താൻ അയാളെ ആദ്യമായിക്കണ്ട ആ രാത്രിയിൽ തോന്നിയ അതേ കൌതുകത്തോടെ അന്ന പിന്തുടർന്നു. ചുവന്ന വരയൻ ഷർട്ടുമിട്ട് പുറത്തേക്കിറങ്ങുന്നതിനു മുമ്പ് അയാൾ കണ്ണാടിയിൽ നോക്കുന്നതു കണ്ടപ്പോൾ തനിക്കു പ്രായമേറിയതു പോലെയും വെടിപ്പില്ലാത്ത പോലെയും അന്നയ്ക്കു തോന്നി. ഒരു ഗുസ്തിക്കാരന്റെ മെയ് വഴക്കത്തോടെ ഡമാസോ അവളെ ഇടിക്കാനെന്നപോലെ ആഞ്ഞു. അവൾ അയാളുടെ കൈത്തണ്ടയിൽ കടന്നുപിടിച്ചു.

’നിന്റെ കൈയിൽ കാശുണ്ടോ?‘

’ഞാൻ പണക്കാരനായില്ലേ?‘ ഡമാസോ ഉന്മേഷത്തോടെ പറഞ്ഞു. ’ഇരുന്നൂറു പെസോയല്ലേ കീശയിൽ.‘

അന്ന ചുമരിനു നേർക്കു തിരിഞ്ഞുനിന്ന് ബ്ളൌസിനുള്ളിൽ നിന്ന് ഒരു നോട്ടുകെട്ടെടുത്ത് അതിൽ ഒരു പെസോ അയാൾക്കു കൊടുത്തുകൊണ്ടു പറഞ്ഞു:

’ഇതെടുത്തോ, വാലെന്റിനോ.‘

അന്നു രാത്രി കുറേ കൂട്ടുകാരുമായി കവലയിൽ നില്ക്കുകയായിരുന്നു ഡമാസോ. ഞായറാഴ്ചച്ചന്തയിൽ വില്ക്കാനുള്ള ചരക്കുകളുമായി ഗ്രാമങ്ങളിൽ നിന്നു വന്നവർ ഭാഗ്യക്കുറികളും പൊരികളും വില്ക്കുന്ന കടകൾക്കിടയിലായി തങ്ങളുടെ ചായ്പുകൾ കെട്ടിത്തുടങ്ങിയിരുന്നു. അതിരാവിലെ മുതല്ക്കേ അവരുടെ കൂർക്കംവലി ഉയർന്നുകേൾക്കാമായിരുന്നു. ഡമാസോയുടെ കൂട്ടുകാർക്ക് ക്ളബ്ബിലെ മോഷണത്തെക്കാൾ പ്രധാനം ബേസ്ബാൾ ചാമ്പ്യൻഷിപ്പിന്റെ റേഡിയോ കമന്ററിയായിരുന്നു; ക്ളബ്ബ് അടച്ചിരിക്കുന്നതു കാരണം ഇന്ന് അവർക്കതു കേൾക്കാൻ പറ്റില്ല. ബേസ്ബാളിനെക്കുറിച്ചു സംസാരിച്ചുകൊണ്ട് അവർ സിനിമാടാക്കീസിനടുത്തേക്കു നടന്നു; സിനിമാ കാണണോ വേണ്ടയോയെന്ന് അവർ തീരുമാനിച്ചിട്ടില്ല, ഏതാണു സിനിമയെന്നും അവർ നോക്കിയിട്ടില്ല.

കാന്റിൻഫ്ളാസ് അഭിനയിക്കുന്ന ഒരു സിനിമയാണ്‌ കളിച്ചുകൊണ്ടിരുന്നത്. ഡമാസോ ബാല്ക്കണിയുടെ മുൻനിരയിലിരുന്ന് ഒരു ചമ്മലുമില്ലാതെ ആർത്തുചിരിച്ചു. വികാരങ്ങൾക്ക് താനന്ന് അവധി കൊടുത്തിരിക്കുന്നപോലെയാണ്‌ അയാൾക്കു തോന്നിയത്. പ്രസന്നമായ ജൂൺമാസരാത്രിയായിരുന്നു; പ്രൊജക്റ്ററിന്റെ അരണ്ട വെളിച്ചം മാത്രം കാണാവുന്ന ഇടവേളകളിൽ മേല്ക്കൂരയില്ലാത്ത തിയേറ്ററിനു മേൽ നക്ഷത്രങ്ങളുടെ മൌനം കനം വച്ചുനിന്നു.

പെട്ടെന്ന് വെള്ളിത്തിരയിലെ ചിത്രങ്ങൾ മങ്ങി, ഓർക്കെസ്ട്രയുടെ പിന്നിലായി ഒരു കലമ്പലും കേട്ടു. പെട്ടെന്നു വന്നുവീണ വെളിച്ചത്തിൽ താൻ പിടിക്കപ്പെട്ടതായും തന്റെ മേൽ കുറ്റം ചുമത്തപ്പെട്ടതായും ഡമാസോയ്ക്കു തോന്നി; അയാൾ ഇറങ്ങിയോടാൻ തുനിഞ്ഞു. പക്ഷേ പെട്ടെന്നയാൾ കണ്ടു, ഓർക്കസ്ട്രയുടെ പിന്നിലിരുന്നവർ സ്തബ്ധരാണ്‌; ഒരു പോലീസുകാരൻ ബല്റ്റൂരി കൈയിൽ ചുറ്റി അതിന്റെ കനത്ത ബക്കിൾ കൊണ്ട് ഒരാളെ തല്ലുകയാണ്‌. ഒരു കൂറ്റൻ നീഗ്രോ. സ്ത്രീകൾ നിലവിളിക്കാൻ തുടങ്ങി; പോലീസുകാരൻ ഉറക്കെ വിളിച്ചുപറഞ്ഞു: ‘കള്ളൻ! കള്ളൻ!’ നീഗ്രോ കസേരകൾക്കിടയിലേക്കു മറിഞ്ഞു. മറ്റു രണ്ടു  പോലീസുകാർ അയാളെ അരയ്ക്കു തൊഴിച്ചു വീഴ്ത്തിയിട്ട് പിന്നിൽ നിന്നു കടന്നുപിടിച്ചു. പിന്നെ തല്ലിയ പോലീസുകാരൻ അയാളുടെ കൈകൾ പിന്നിൽ കൂട്ടിക്കെട്ടി; എന്നിട്ടു മൂന്നു പേരും കൂടി അയാളെ ഉന്തിത്തള്ളി വാതിലിനടുത്തേക്കു കൊണ്ടുപോയി. അത്ര പെട്ടെന്ന് എല്ലാം കഴിഞ്ഞതുകൊണ്ട് നടന്നതെന്താണെന്ന് ഡമാസോയ്ക്കു മനസ്സിലാകുന്നത് നീഗ്രോ തന്റെ അടുത്തുകൂടി പോകുമ്പോഴാണ്‌; അയാളുടെ ഷർട്ട് കീറിയിരുന്നു; മുഖത്തു പൊടിയും വിയർപ്പും ചോരയും കൂടിക്കുഴഞ്ഞു പറ്റിപ്പിടിച്ചിരുന്നു. ‘കൊലയാളികൾ, കൊലയാളികൾ’ എന്നു വിതുമ്മുകയായിരുന്നു അയാൾ. അതിനു ശേഷം പ്രൊജക്റ്റർ പിന്നെയും ഓണായി, സിനിമ തുടർന്നു.

ഡമാസോ പിന്നെ ചിരിച്ചില്ല. ബന്ധം മുറിഞ്ഞുപോയ ഒരു കഥയുടെ കഷണങ്ങൾ നിർത്തില്ലാതെ പുക വലിച്ചുകൊണ്ട് അവൻ കണ്ടിരുന്നു; ഒടുവിൽ വിളക്കുകൾ തെളിഞ്ഞു; യാഥാർത്ഥ്യം കണ്ടു വിരണ്ടവരെപ്പോലെ കാണികൾ അന്യോന്യം നോക്കി. ‘അതു നന്നായി!’ അടുത്തു നിന്ന ആരോ പറഞ്ഞു. ഡമാസോ ആളെ നോക്കാൻ പോയില്ല.

‘കാന്റിൻഫ്ളാസ് കലക്കിയിട്ടുണ്ട്,’ അയാൾ പറഞ്ഞു.

ആളുകളുടെ ഒഴുക്ക് അയാളെ വാതിലിനടുത്തെത്തിച്ചു. പലഹാരവില്പനക്കാർ കൂടകൾ തലയിലേറ്റി വീടുകളിലേക്കു മടങ്ങുകയാണ്‌. പതിനൊന്നു മണി കഴിഞ്ഞിട്ടും തെരുവു നിറയെ ജനമായിരുന്നു; നീഗ്രോയെ പിടിച്ചതിന്റെ വിശേഷങ്ങളറിയാൻ സിനിമ വിട്ടുവരുന്നവരെ കാത്തു നില്ക്കുകയാണവർ.

അന്നു രാത്രി ഡമാസോ മുറിയിൽ കടന്നത് വളരെ കരുതലോടെയാണ്‌; പാതിമയക്കത്തിലായിരുന്ന അന്ന കാണുമ്പോൾ അയാൾ കിടക്കയിൽ മലർന്നു കിടന്നുകൊണ്ട് രണ്ടാമത്തെ സിഗററ്റു വലിക്കുകയായിരുന്നു.

‘കഴിക്കാനുള്ളത് സ്റ്റൌവിനു മുകളിലുണ്ട്,’ അന്ന പറഞ്ഞു.

‘എനിക്കു വിശപ്പില്ല,’ അയാൾ പറഞ്ഞു.

അന്ന നെടുവീർപ്പിട്ടു. ‘നോറ വെണ്ണ കൊണ്ടു പാവയുണ്ടാക്കുന്നതായി ഞാൻ സ്വപ്നം കാണുകയായിരുന്നു,’ ഉറക്കം വിടാതെ അവൾ പറഞ്ഞു. ഉറങ്ങരുതെന്നുറപ്പിച്ചിട്ടും താൻ ഉറങ്ങിപ്പോയെന്ന് പെട്ടെന്നാണ്‌ അവൾക്കു ബോദ്ധ്യം വന്നത്; കണ്ണു തിരുമ്മിക്കൊണ്ട്, അമ്പരന്ന ഒരു നോട്ടത്തോടെ അവൾ ഡമാസോയുടെ നേർക്കു തിരിഞ്ഞുകിടന്നു.

‘ആ വരത്തനെ പിടിച്ചു,’ അവൾ പറഞ്ഞു.

‘ആരു പറഞ്ഞു?’

‘സിനിമാടാക്കീസിൽ വച്ചാണു പിടിച്ചത്,’ അന്ന പറഞ്ഞു, ‘സകലരും അങ്ങോട്ടു പോയിരിക്കുകയാണ്‌.’

സംഭവത്തിന്റെ വികലമാക്കപ്പെട്ട ഒരു വിവരണം അവൾ അവതരിപ്പിച്ചു. ഡമാസോ തിരുത്താൻ പോയില്ല.

‘പാവം,’ അന്ന നെടുവീർപ്പിട്ടു.

‘അതെന്താ, ഒരു പാവം?’ ഡമാസോ ചൊടിച്ചു. ‘അപ്പോൾ നിനക്ക് ഞാൻ കെണിയിൽ വീണാൽ കൊള്ളാമെന്നുണ്ടായിരുന്നോ?’

അയാളുടെ സ്വഭാവം അറിയാവുന്നതു കൊണ്ട് അവൾ തിരിച്ചൊന്നും പറയാൻ പോയില്ല. ആസ്ത്മാരോഗി ശ്വാസം വലിക്കുന്നതുപോലെ പുലർച്ച വരെ സിഗററ്റു പുകയ്ക്കുകയായിരുന്നു അയാളെന്ന് അവളറിഞ്ഞു. പിന്നെ അയാൾ കിടക്കയിൽ നിന്നെഴുന്നേല്ക്കുന്നതും, കാഴ്ചയെക്കാളേറെ സ്പർശത്തെ ആശ്രയിച്ചുള്ള ദുരൂഹമായ ഏതോ തിരച്ചിലിൽ മുറിയാകെ കീഴ്മേൽ മറിക്കുന്നതും അവളറിഞ്ഞു. പിന്നെ അയാൾ കട്ടിലിനടിയിൽ കയറി പതിനഞ്ചു മിനിട്ടിലേറെ തറ മാന്തുന്നതും, ഒടുവിൽ ശബ്ദമുണ്ടാക്കാതെ, ആ ഇരുട്ടത്തു നിന്നുകൊണ്ട് വസ്ത്രം മാറുന്നതും അവൾ അറിഞ്ഞു. അതേ സമയം താൻ ഉറങ്ങിക്കിടക്കുകയാണെന്ന് അയാളെ ബോധിപ്പിക്കുക വഴി ഓരോ സെക്കന്റും അവൾ തന്നെ സഹായിക്കുകയായിരുന്നു എന്ന വസ്തുത അയാൾക്കു ബോദ്ധ്യമായതുമില്ല. അവളുടെ ആദിമചോദനകൾക്കിടയിൽ എന്തോ ഒന്നു പിടഞ്ഞു. ഡമാസോ സിനിമാടാക്കീസിൽ പോയിരുന്നുവെന്നും അയാൾ കട്ടിലിനു ചുവട്ടിൽ പന്തുകൾ കുഴിച്ചിട്ടതെന്തിനാണെന്നും അവൾക്കപ്പോൾ മനസ്സിലായി.

തിങ്കളാഴ്ച ക്ളബ്ബ് തുറന്നപ്പോൾ അക്ഷമരായ പതിവുകാർ തള്ളിക്കയറി. ബില്യാർഡ്സ് മേശ ഒരു കടുംചുവപ്പുതുണി കൊണ്ടു മൂടിയിട്ടിരുന്നു; ശവസംസ്കാരം നടക്കുന്ന പ്രതീതിയാണ്‌ അതുണ്ടാക്കിയത്. ചുമരിൽ ഒരറിയിപ്പു തൂക്കിയിട്ടിരുന്നു: ‘പന്തില്ലാത്തതിനാൽ കളിയില്ല.’ ആളുകൾ വാർത്ത വായിക്കുന്നതുപോലെ അതു വന്നു വായിച്ചു. ചിലരാകട്ടെ, ദുരൂഹമായ ഒരു ഭക്തിയോടെ അതു വീണ്ടും വീണ്ടും വായിച്ചുകൊണ്ട് ഏറെനേരം അവിടെ നില്ക്കുകയും ചെയ്തു.

ആദ്യമെത്തിയവരിൽ ഡമാസോയും ഉണ്ടായിരുന്നു. കാണികൾക്കുള്ള ബഞ്ചിലിരുന്നുകൊണ്ട് ജീവിതത്തിന്റെ ഒരു ഭാഗം അയാൾ അവിടെ ചിലവഴിച്ചിട്ടുള്ളതാണ്‌. വാതിൽ തുറന്ന നിമിഷം അയാൾ ഉള്ളിൽ കടന്നു. അനുശോചനമറിയിക്കാൻ ഒരു വീട്ടിൽ ചെന്നുകയറുന്ന പോലെയായിരുന്നു അത്: മന:പ്രയാസമുണ്ടാക്കുന്നത്, എന്നാൽ സ്വാഭാവികമായി ചെയ്തുപോകുന്നതും. കൌണ്ടറിനു കുറുകേ കൂടി ഉടമസ്ഥന്റെ ചുമലിൽ ഒന്നു തട്ടിക്കൊണ്ട് ഡമാസോ പറഞ്ഞു:

‘വല്ലാത്ത സങ്കടമായല്ലോ, റോക്കീ.’

വേദന കലർന്ന ഒരു ചെറുപുഞ്ചിരിയോടെ നെടുവീർപ്പിട്ടുകൊണ്ട് ഉടമസ്ഥൻ തലയാട്ടി. ‘ശരിയാണ്‌, ’അയാൾ പറഞ്ഞു. അയാൾ പതിവുകാർക്ക് ഒഴിച്ചുകൊടുക്കുമ്പോൾ ഡമാസോ ഒരു കസേരയിൽ ഇരുന്നുകൊണ്ട് ചുവന്ന ശവക്കോടി പുതപ്പിച്ച ആ മേശയെത്തന്നെ ഉറ്റുനോക്കുകയായിരുന്നു.

‘ആകെ മാറിപ്പോയപോലെ,’ അയാൾ പറഞ്ഞു.

‘ശരിയാ,’ അടുത്ത കസേരയിൽ ഇരുന്നയാൾ സമ്മതിച്ചു, ‘നൊയമ്പുകാലം പോലെ തോന്നുന്നു.’

പതിവുകാരിൽ മിക്കവരും ഊണു കഴിക്കാനായി ഇറങ്ങിയപ്പോൾ ഡമാസോ ജ്യൂക്ക് ബോക്സിൽ നാണയമിട്ട് ഒരു മെക്സിക്കൻ നൃത്തഗാനം തിരഞ്ഞെടുത്തു. ബോക്സിൽ അതിന്റെ സ്ഥാനം അയാൾക്കു മനഃപാഠമായിരുന്നു. റോക്കി മേശകളും കസേരകളും ഹാളിന്റെ പിന്നറ്റത്തേക്കു മാറ്റിയിടുകയായിരുന്നു.

‘ഇതെന്താ ചെയ്യുന്നത്?’ ഡമാസോ ചോദിച്ചു.

‘ചീട്ടു കളിക്കാൻ പിടിച്ചിടുകയാണ്‌,’ റോക്കി പറഞ്ഞു. ‘പന്തു വരുന്നതുവരെ എനിക്കെന്തെങ്കിലും പണി വേണ്ടേ?’

ഓരോ കൈയിലും കസേരയുമെടുത്തുകൊണ്ട് അറച്ചറച്ചെന്നപോലെ നടക്കുന്ന അയാളെ കണ്ടപ്പോൾ അടുത്ത കാലത്ത് ഭാര്യ മരിച്ചയാളെപ്പോലെയാണു തോന്നിയത്.

‘പന്തുകൾ എന്നു കിട്ടും?’ ഡമാസോ ചോദിച്ചു.

‘ഒരു മാസത്തിനുള്ളിൽ കിട്ടിയേക്കും.’

‘അതിനുള്ളിൽ പോയതു പൊങ്ങിവരാനും മതി,’ ഡമാസോ പറഞ്ഞു.

റോക്കി മേശകളുടെ നിര തൃപ്തിയോടെ നോക്കിനിന്നു. ‘അതൊന്നും തിരിയെ കിട്ടാൻ പോകുന്നില്ല,’ ഷർട്ടിന്റെ കൈ കൊണ്ട് നെറ്റി തുടച്ചുകൊണ്ട് അയാൾ പറഞ്ഞു. ‘ശനിയാഴ്ച മുതൽ അവർ ആ നീഗ്രോയെ പട്ടിണിക്കിടുകയാണ്‌, എന്നിട്ടും അവൻ അതെവിടെയാണെന്നു പറയുന്നില്ല.’ വിയർപ്പു കൊണ്ടു മങ്ങിയ കണ്ണടയ്ക്കുള്ളിലൂടെ അയാൾ ഡമാസോയെ അടിമുടി നോക്കി.

‘അവനത് പുഴയിലെറിഞ്ഞതു തന്നെ.’

ഡമാസോ ചുണ്ടു കടിച്ചു.

‘ആ ഇരുന്നൂറു പെസോയോ?’

‘അതും,’ റോക്കി പറഞ്ഞു. ‘അവന്റെ കൈയിൽ നിന്ന് മുപ്പതു പെസോയേ അവർക്കു കിട്ടിയുള്ളു.’

രണ്ടു പേരും അന്യോന്യം കണ്ണിൽ നോക്കി. ആ നോട്ടത്തിലൂടെ താനും റോക്കിയും ഒരു ഗൂഢാലോചനയിൽ പങ്കാളികളായി എന്ന പ്രതീതി എങ്ങനെയുണ്ടായി എന്നു വിശദീകരിക്കാൻ ഡമാസോയ്ക്കു കഴിയുമായിരുന്നില്ല. അന്നുച്ച തിരിഞ്ഞ് കുളിമുറിയിൽ നില്ക്കുമ്പോൾ ഡമാസോ ഒരു മുഷ്ടിയുദ്ധക്കാരനെപ്പോലെ ചുവടു വച്ചുകൊണ്ട് വീട്ടിലേക്ക് വരുന്നത് അന്ന കണ്ടു. അവൾ അയാളുടെ പിന്നാലെ അവൾ മുറിയിലേക്കു ചെന്നു.

‘ഒക്കെ ശരിയായി,’ ഡമാസോ പറഞ്ഞു. ‘വേറെ വഴിയില്ലെന്നു മനസ്സിലാക്കി കിഴവൻ പുതിയ പന്തിന്‌ ഓർഡർ കൊടുത്തു കഴിഞ്ഞു. ഇനി എല്ലാവരും ഒന്നു മറന്നുകിട്ടുന്നതു വരെ ക്ഷമിച്ചിരിക്കേണ്ട കാര്യമേയുള്ളു.’

‘ആ നീഗ്രോയുടെ കാര്യം?’

‘അതു കാര്യമാക്കാനില്ല,’ തോളു വെട്ടിച്ചുകൊണ്ട് ഡമാസോ പറഞ്ഞു. ‘പന്തു കണ്ടെടുക്കാൻ പറ്റിയില്ലെങ്കിൽ അയാളെ വിട്ടയക്കേണ്ടി വരും.’

അത്താഴം കഴിഞ്ഞ് മുൻവാതിലിനു പുറത്തിരുന്ന് അവർ അയല്ക്കാരുമായി സംസാരിച്ചു; സിനിമാടാക്കീസിലെ മൈക്കു നിശബ്ദമാകുന്നതു വരെ അതു നീണ്ടു. കിടക്കുമ്പോൾ ഡമാസോ ആകെ ഉത്സാഹത്തിലായിരുന്നു.

‘ഒരുഗ്രൻ പണി ഇപ്പോൾ മനസ്സിൽ വന്നു,’ അയാൾ പറഞ്ഞു.

അന്നു സന്ധ്യ മുതല്ക്കേ അയാളതു മനസ്സിലിട്ടു നടക്കുകയാണെന്ന് അന്നയ്ക്കു മനസ്സിലായി.

‘ഓരോ പട്ടണത്തിലും പോവുക,’ ഡമാസോ തുടർന്നു. ‘ഒരിടത്തെ ബില്യാർഡ്സ് പന്തു മോഷ്ടിച്ച് മറ്റൊരിടത്തു വില്ക്കുക. എല്ലാ പട്ടണങ്ങളിലും ക്ളബ്ബുണ്ടാവുമല്ലോ.’

‘നിന്നെ വെടിവച്ചു കൊല്ലുന്നതു വരെ അങ്ങനെ നടക്കാം.’

‘വെടിയോ? എന്തു വെടി?’ അയാൾ പറഞ്ഞു. ‘അതൊക്കെ സിനിമയിലേ ഉള്ളു. ’ ആവേശം കൊണ്ടു ശ്വാസം മുട്ടി മുറിയുടെ നടുക്ക് വേരിറങ്ങിയപോലെ നില്ക്കുകയായിരുന്നു അയാൾ. അന്ന വസ്ത്രം മാറാൻ തുടങ്ങി; താല്പര്യമില്ലാത്ത പോലെ കാണിച്ചുവെങ്കിലും യഥാർത്ഥത്തിൽ അനുഭാവപൂർണ്ണമായ ശ്രദ്ധയോടെ അയാൾ പറയുന്നതു കേൾക്കുകയായിരുന്നു അവൾ.

‘ഞാൻ ഒരു നിര സൂട്ടു വാങ്ങാൻ പോവുകയാണ്‌,’ ഡമാസോ പറഞ്ഞു. ചുമരിന്റെ നീളമുള്ള ഒരലമാര ചൂണ്ടുവിരൽ കൊണ്ട് അയാൾ വായുവിൽ വരച്ചുകാണിച്ചു. ‘ഇവിടം മുതൽ അവിടെ വരെ. പിന്നെ ഒരമ്പതു ജോഡി ഷൂസും.’

‘ദൈവം സഹായിച്ചാൽ.’ അന്ന പറഞ്ഞു.

ഡമാസോ ഒരു കനപ്പിച്ച നോട്ടം കൊണ്ട് അവളെ തറച്ചു.

‘നിനക്ക് എന്റെ കാര്യങ്ങളിൽ ഒരു താല്പര്യവുമില്ല,’ അയാൾ പറഞ്ഞു.

‘അതൊക്കെ എനിക്കെത്താത്ത ദൂരത്തിലല്ലേ,’ അന്ന പറഞ്ഞു. ‘വിളക്കു കെടുത്തി, ചുമരിനു നേർക്കു തിരിഞ്ഞുകിടന്നുകൊണ്ട് പ്രകടമായ കടുപ്പത്തോടെ അവൾ കൂട്ടിച്ചേർത്തു, ’നിനക്കു മുപ്പതാവുമ്പോൾ എനിക്കു നാല്പത്തേഴായിരിക്കും.‘

’മണ്ടത്തരം പറയാതെ,‘ ഡമാസോ പറഞ്ഞു.

അയാൾ തീപ്പെട്ടിക്കായി പോക്കറ്റിൽ പരതി. ’നിനക്കു പിന്നെ തുണികളുമായി മല്ലു പിടിക്കുകയും വേണ്ട,‘ ചെറുതായൊന്നന്ധാളിച്ചുകൊണ്ട് അയാൾ പറഞ്ഞു. അന്ന അയാൾക്ക് ഒരു തീപ്പെട്ടിക്കൊള്ളി കത്തിച്ചുകൊടുത്തു. അണയുന്നതു വരെ അതു നോക്കിക്കിടന്നിട്ട് അവളതു തറയിലേക്കെറിഞ്ഞു. കിടക്കയിൽ നീണ്ടുനിവർന്നു കിടന്നുകൊണ്ട് ഡമാസോ സംസാരം തുടർന്നു.

‘ബില്യാർഡ്സ് പന്തുകൾ എന്തുകൊണ്ടാണുണ്ടാക്കുന്നതെന്ന് നിനക്കറിയാമോ?’

അന്ന മറുപടി പറഞ്ഞില്ല.

‘ആനക്കൊമ്പു കൊണ്ട്,’ അയാൾ തുടർന്നു. ‘പക്ഷേ കിട്ടാൻ അത്ര വിഷമമായതു കൊണ്ട് ഒരു മാസമെടുക്കും. സങ്കല്പിക്കാൻ പറ്റുമോ?’

‘കിടന്നുറങ്ങ്,’ അന്ന ഇടയ്ക്കു കയറി പറഞ്ഞു. ‘എനിക്കു നാളെ അഞ്ചു മണിക്കെഴുന്നേല്ക്കാനുള്ളതാണ്‌.’

ഡമാസോ അയാളുടെ തനിപ്രകൃതത്തിലേക്കു മടങ്ങിക്കഴിഞ്ഞിരുന്നു.രാവിലെ മുഴുവൻ സിഗററ്റു വലിച്ചുകൊണ്ട് അയാൾ കിടക്കയിൽത്തന്നെ കഴിച്ചുകൂട്ടി. ഉച്ചമയക്കം കൂടി കഴിഞ്ഞപ്പോൾ അയാൾ പുറത്തേക്കിറങ്ങാനുള്ള ഒരുക്കം തുടങ്ങി. രാത്രിയിൽ അയാൾ ക്ളബ്ബ് ഹാളിൽ ഇരുന്ന് ബേസ്ബാൾ ചാമ്പ്യൻഷിപ്പിന്റെ റേഡിയോ കമന്ററി കേട്ടു. അത്യുത്സാഹത്തോടെ മനസ്സിൽ വരച്ചിടുന്ന പ്ളാനുകൾ അതേ ഉത്സാഹത്തോടെ മറന്നുകളയാനുള്ള ഒരു കഴിവ് അയാൾക്കുണ്ടായിരുന്നു.

‘കൈയിൽ എന്തെങ്കിലുമുണ്ടോ?’ ശനിയാഴ്ച അയാൾ ഭാര്യയോടു ചോദിച്ചു.

‘പതിനൊന്നു പെസോയുണ്ട്,’ അവൾ പറഞ്ഞു; എന്നിട്ടു പതുക്കെ കൂട്ടിച്ചേർത്തു, ‘വാടക കൊടുക്കാനുള്ളതാണ്‌.’

‘നമുക്കൊരു കരാറു വയ്ക്കാം.’

‘എന്തു കരാർ?’

‘നീ അതെനിക്കു കടം തരുന്നു.’

‘നമുക്കു വാടക കൊടുക്കേണ്ടേ?’

‘അതു നമുക്കു പിന്നെക്കൊടുക്കാം.’

അന്ന തല കുലുക്കി. ഡമാസോ അവളുടെ കൈത്തണ്ടകളിൽ കടന്നുപിടിച്ച് അവളെ കസേരയിൽ തന്നെ ഇരുത്തി.

‘കുറച്ചു ദിവസത്തേക്കു മതി,’ അലക്ഷ്യമായ ഒരാർദ്രതയോടെ അവളുടെ കൈകളിൽ തലോടിക്കൊണ്ട് അയാൾ പറഞ്ഞു. ‘ആ പന്തുകൾ വിറ്റുകഴിഞ്ഞാൽ നമുക്ക് എല്ലാറ്റിനുമുള്ള പണമുണ്ടാകും.’

അന്ന വഴങ്ങിയില്ല.

അന്നു രാത്രിയിൽ ഡമാസോ അവളെ സിനിമയ്ക്കു കൊണ്ടുപോയി. ഇടവേളനേരത്ത് കൂട്ടുകാരുമായി വർത്തമാനം പറയുമ്പോഴും അയാളുടെ കൈ അവളുടെ ചുമലിൽത്തന്നെയായിരുന്നു. സിനിമയുടെ കഷണങ്ങളാണ്‌ അവർ കണ്ടത്. അതു കഴിഞ്ഞപ്പോൾ ഡമാസോയുടെ ക്ഷമ കെട്ടു.

‘അപ്പോൾ എനിക്ക് പണം മോഷ്ടിക്കേണ്ടി വരും,’ അയാൾ പറഞ്ഞു.

അന്ന തോളു വെട്ടിച്ചു. ‘ആദ്യം കാണുന്നവനെ ഞാൻ അടിച്ചുവീഴ്ത്തും,’ സിനിമ വിട്ടു പോകുന്നവർക്കിടയിലൂടെ അവളെ മുന്നിലേക്കു തള്ളിക്കൊണ്ട് ഡമാസോ പറഞ്ഞു. ‘അപ്പോഴവർ എന്നെ കൊലക്കുറ്റത്തിനു ജയിലിലടയ്ക്കും.’ അന്ന ഉള്ളിൽ ചിരിച്ചു. പക്ഷേ അവൾ വിട്ടുകൊടുത്തില്ല. പ്രക്ഷുബ്ധമായ ഒരു രാത്രിക്കു ശേഷം രാവിലെ പ്രകടവും അശുഭസൂചകവുമായ ഒരു തിടുക്കത്തോടെ അയാൾ വേഷം മാറി. ഭാര്യയെ തൊട്ടു, തൊട്ടില്ല എന്ന മട്ടിൽ ഉരുമ്മിക്കടന്നുകൊണ്ട് അയാൾ മുരണ്ടു:

‘ഞാനിനി ഒരിക്കലും തിരിച്ചുവരില്ല.’

ഒരു ചെറിയ വിറ വന്നതടക്കാൻ അന്നയ്ക്കായില്ല.

‘യാത്ര സുഖമായിരിക്കട്ടെ!’ അവൾ ഉറക്കെ വിളിച്ചുപറഞ്ഞു.

പിന്നിൽ വാതിൽ വലിച്ചടച്ചു കഴിഞ്ഞപ്പോൾ ഡമാസോയ്ക്ക് ശൂന്യവും അന്തമറ്റതുമായ ഒരു ഞായറാഴ്ച തുടങ്ങി. കമ്പോളത്തിലെ തിളങ്ങുന്ന കവിടിപ്പാത്രങ്ങളും എട്ടു മണിയുടെ കുർബാന കഴിഞ്ഞ് കുട്ടികളുമായി മടങ്ങുന്ന സ്ത്രീകളും കൂടി പ്ളാസയെ പ്രസരിപ്പുള്ളതാക്കിയെങ്കിലും അന്തരീക്ഷം ചൂടു പിടിച്ചു കനക്കാൻ തുടങ്ങിയിരുന്നു.

പകലു മുഴുവൻ അയാൾ ക്ളബ്ബിൽത്തന്നെ കഴിച്ചു. കാലത്ത് കുറച്ചു പേർ ചീട്ടു കളിക്കാൻ ഉണ്ടായിരുന്നു; ഉച്ചയ്ക്കു മുമ്പ് പതിവുകാരുടെ ചെറിയൊരു തിരക്കുമുണ്ടായി; പക്ഷേ ആ സ്ഥാപനത്തിന്‌ അതിന്റെ ആകർഷകത്വം നഷ്ടപ്പെട്ടുവെന്നത് വ്യക്തമായിരുന്നു. സന്ധ്യക്ക് റേഡിയോയിൽ ബേസ്ബാൾ പരിപാടി തുടങ്ങിയപ്പോൾ മാത്രമാണ്‌ അതിന്‌ ആ പഴയ ചൈതന്യം അല്പമെങ്കിലും തിരിച്ചുകിട്ടിയത്.

ക്ളബ്ബ് അടച്ചുകഴിഞ്ഞപ്പോൾ ഡമാസോ എങ്ങും പോകാനില്ലാതെ വറ്റിവരണ്ടപോലെയായ പ്ളാസയിൽ എത്തിപ്പെട്ടു. അകലെ നിന്നു കേൾക്കുന്ന ഹൃദ്യമായ സംഗീതത്തെ പിന്തുടർന്ന് ജട്ടിയ്ക്കു സമാന്തരമായുള്ള തെരുവിലൂടെ അയാൾ നടന്നു. അതവസാനിക്കുന്നിടത്ത് ആളൊഴിഞ്ഞ വലിയൊരു ഡാൻസ് ഹാൾ ആയിരുന്നു; നിറം മങ്ങിയ കടലാസ്സുതോരണങ്ങൾ കൊണ്ടലങ്കരിച്ച ഹാളിന്റെ പിന്നറ്റത്തായി തടി കൊണ്ടുള്ള വേദിയിൽ ഒരു ബാന്റുസംഘവും. മേക്കപ്പിന്റെ ശ്വാസം മുട്ടിക്കുന്ന ഗന്ധം അതിനുള്ളിൽ തങ്ങിനിന്നിരുന്നു.

ഡമാസോ ഒരു കോണിൽ ചെന്നിരുന്നു. പാട്ടു കഴിഞ്ഞപ്പോൾ സിംബൽ അടിച്ചുകൊണ്ടിരുന്ന പയ്യൻ ഇറങ്ങിച്ചെന്ന് നൃത്തം ചെയ്യുന്ന പുരുഷന്മാരിൽ നിന്ന് നാണയങ്ങൾ സംഭാവന സ്വീകരിച്ചു. ഒരു ചെറുപ്പക്കാരി പങ്കാളിയെ വിട്ടു വന്നിട്ട് ഡമാസോയുടെ അടുത്തേക്കു ചെന്നു.

‘എന്തൊക്കയാ വിശേഷം, വാലെന്റിനോ?’

ഡമാസോ അവളോട് ഇരുന്നോളാൻ പറഞ്ഞു. മുഖത്തു പൌഡർ പൂശി, ചെവിക്കുറ്റിയിൽ ഒരു പൂവും ചൂടി നിന്നിരുന്ന ബാർബോയ് ശബ്ദമുയർത്തി ചോദിച്ചു:

‘അവിടെയെന്താ വേണ്ടത്?’

ചെറുപ്പക്കാരി ഡമാസോയുടെ നേർക്കു തിരിഞ്ഞു.

‘നമ്മളെന്താ കുടിക്കുക?’

‘ഒന്നും വേണ്ട.’

‘ഇതെന്റെ ചെലവാണെടോ.’

‘അതുകൊണ്ടല്ല,’ ഡമാസോ പറഞ്ഞു. ‘എനിക്കു വിശക്കുന്നു.’

‘പാവം,’ ബാർബോയ് നെടുവീർപ്പിട്ടു. ‘ആ കണ്ണുണ്ടായിട്ടും.’

അവർ ഹാളിനു പിന്നിലുള്ള ഭക്ഷണമുറിയിലേക്കു പോയി. ദേഹത്തിന്റെ വടിവു കണ്ടാൽ അവൾ ചെറുപ്പമാണെന്നു തോന്നും; പക്ഷേ പൌഡറിന്റെയും റൂഷിന്റെയും മേല്പാളിയും ചുണ്ടുകളിലെ ലിപ്സ്റ്റിക്കും അവളുടെ യഥാർത്ഥപ്രായം മറച്ചുവയ്ക്കുകയായിരുന്നു. ആഹാരം കഴിഞ്ഞ് ഡമാസോ അവളുടെ പിന്നാലെ ഉറങ്ങുന്ന മൃഗങ്ങൾ ശ്വാസമെടുക്കുന്ന ഒരിരുണ്ട നടുമുറ്റത്തിന്റെ പിന്നറ്റത്തുള്ള മുറിയിലേക്കു ചെന്നു. നിറമുള്ള പഴന്തുണികൾ കൊണ്ടു പുതപ്പിച്ച് ഒരു കൈക്കുഞ്ഞിനെ കട്ടിലിൽ കിടത്തിയിരുന്നു. ചെറുപ്പക്കാരി പഴന്തുണികൾ ഒരു തടിപ്പെട്ടിക്കു മേൽ വിരിച്ചിട്ട് അതിൽ കുട്ടിയെ എടുത്തു കിടത്തി; എന്നിട്ടതെടുത്തു നിലത്തു വച്ചു.

‘അതിനെ എലി തിന്നും,’ ഡമാസോ പറഞ്ഞു.

‘ഓ, അതൊന്നുമില്ല,’ അവൾ പറഞ്ഞു.

അവൾ ചുവന്ന ഡ്രസ്സ് മാറ്റി വലിയ മഞ്ഞപ്പൂക്കളുമായി, കഴുത്തു താഴ്ത്തിവെട്ടിയ മറ്റൊന്നെടുത്തിട്ടു.

‘ആരാ തന്ത?’ ഡമാസോ ചോദിച്ചു.

‘ഒരു പിടിയുമില്ല,’ അവൾ പറഞ്ഞു. എന്നിട്ട് വാതില്ക്കൽ നിന്നുകൊണ്ടു കൂട്ടിച്ചേർത്തു, ‘ഞാൻ ഇപ്പോൾ വരാം.‘

അവൾ വാതിൽ താഴിട്ടു പൂട്ടുന്നത് അയാൾ കണ്ടു. വസ്ത്രം മാറ്റാതെ കട്ടിലിൽ മലർന്നുകിടന്നുകൊണ്ട് അയാൾ സിഗററ്റുകൾ ഒന്നൊന്നായി വലിച്ചു. ബാസ് ഡ്രമ്മിന്റെ താളത്തിൽ കിടക്കയുടെ സ്പ്രിങ്ങുകൾ വിറ കൊണ്ടു. എപ്പോഴാണു താൻ ഉറക്കം പിടിച്ചതെന്ന് അയാൾക്കു മനസ്സിലായില്ല. കണ്ണു തുറന്നപ്പോൾ സംഗീതത്തിന്റെ അഭാവത്തിൽ മുറിയ്ക്കു വലിപ്പം കൂടിയപോലെ തോന്നി.

ചെറുപ്പക്കാരി കട്ടിലിനടുത്തു നിന്നുകൊണ്ട് വസ്ത്രം മാറുകയായിരുന്നു.

’സമയമെന്തായി?‘

’നാലുമണി,‘ അവൾ പറഞ്ഞു. ’കുഞ്ഞു കരഞ്ഞോ?‘

’ഇല്ലെന്നു തോന്നുന്നു,‘ ഡമാസോ പറഞ്ഞു.

അവൾ അയാളോടു ചേർന്നുകിടന്നു. അയാളുടെ ഷർട്ടിന്റെ കുടുക്കഴിക്കുമ്പോൾ കണ്ണുകൾ അല്പം മാറ്റി അയാളെ സൂക്ഷ്മനിരീക്ഷണം ചെയ്യുകയായിരുന്നു അവൾ. അവൾ നന്നായി കുടിച്ചിട്ടുണ്ടെന്ന് അയാൾക്കു മനസ്സിലായി. അയാൾ വിളക്കണയ്ക്കാനാഞ്ഞു.

’അതിരിക്കട്ടെ,‘ അവൾ പറഞ്ഞു. ’എനിക്കു നിന്റെ കണ്ണുകൾ നോക്കി കിടക്കണം.‘

പുലർച്ചയായപ്പോൾ മുറിയിൽ നാട്ടുമ്പുറത്തിന്റെ ശബ്ദങ്ങൾ വന്നുനിറഞ്ഞു. കുഞ്ഞു കരഞ്ഞു; ചെറുപ്പക്കാരി കുട്ടിയെ എടുത്ത് കട്ടിലിൽ ഇരുന്ന് താരാട്ടു പാടിക്കൊണ്ട് മുല കൊടുത്തു; ഒടുവിൽ എല്ലാവരും ഉറക്കമായി. ചെറുപ്പക്കാരി ഏഴു മണിക്കുണർന്ന് പുറത്തേക്കു പോയതും കൈയിൽ കുഞ്ഞില്ലാതെ തിരിച്ചു വന്നതും ഡമാസോയുടെ ശ്രദ്ധയിൽ പെട്ടില്ല.

’എല്ലാവരും ജട്ടിയിലേക്കു പോവുകയാണ്‌,‘ അവൾ പറഞ്ഞു.

ആ രാത്രിയിൽ താൻ ആകെക്കൂടി ഒരു മണിക്കൂറിലധികം ഉറങ്ങിയിട്ടില്ലെന്ന് ഡമാസോവിനു തോന്നി.

‘അവിടെയെന്താ?’

‘ആ പന്തു മോഷ്ടിച്ച നീഗ്രോയെ കാണാൻ,’ അവൾ പറഞ്ഞു. ‘അയാളെ ഇന്നാണു കൊണ്ടുപോകുന്നത്.’

ഡമാസോ ഒരു സിഗററ്റു കൊളുത്തി.

‘പാവം മനുഷ്യൻ,’ ചെറുപ്പക്കാരി നെടുവീർപ്പിട്ടു.

‘അതെന്താ പാവമായത്?’ ഡമാസോ ചോദിച്ചു. ‘വേറാരുമല്ലല്ലോ അയാളെ കള്ളനാക്കിയത്.’

അയാളുടെ നെഞ്ചത്തു തല വച്ച് അവൾ ഒരു നിമിഷം ആലോചിച്ചു. എന്നിട്ടു വളരെ പതിഞ്ഞ ശബ്ദത്തിൽ അവൾ പറഞ്ഞു:

‘അതയാളല്ലായിരുന്നു.’

‘എന്നാരു പറഞ്ഞു?’

‘എനിക്കറിയാം,’ അവൾ പറഞ്ഞു. ‘ക്ളബ്ബിൽ കള്ളൻ കയറിയന്നു രാത്രി അയാൾ ഗ്ളോറിയയുടെ കൂടെ ആയിരുന്നു; പിറ്റേന്നു രാത്രിയാവുന്നതു വരെ അയാൾ അവിടെത്തന്നെയുണ്ടായിരുന്നു. പിന്നെയാണറിയുന്നത് അയാളെ കൊട്ടകയിൽ വച്ചറസ്റ്റു ചെയ്തെന്ന്.’

‘ഗ്ളോറിയാക്കതു പോലീസിനോടു പറയാമല്ലോ.’

‘ആ നീഗ്രോയും അതു തന്നെ പറഞ്ഞതാണ്‌,’ അവൾ പറഞ്ഞു. ‘മേയർ ഗ്ളോറിയായുടെ മുറിയിൽ ചെന്ന് സകലതും കീഴ്മേൽ മറിച്ചു; അയാളെ സഹായിച്ചതിന്‌ അവളെയും ജയിലിൽ അടയ്ക്കുമെന്നു ഭീഷണിപ്പെടുത്തി. ഒടുവിൽ ഇരുപതു പെസോ കൊടുത്ത് കാര്യം ഒതുക്കുകയായിരുന്നു.’

എട്ടു മണിയാകും മുമ്പേ ഡമാസോ എഴുന്നേറ്റു.

‘അവിടിരിക്കൂ,’ ചെറുപ്പക്കാരി പറഞ്ഞു. ‘ഉച്ചക്കലേക്ക് ഞാനൊരു കോഴിയെ കൊന്നിട്ടു വരാം.’

ഡമാസോ ചീർപ്പ് പിന്നിലെ പോക്കറ്റിലേക്കിടുന്നതിനു മുമ്പ് അതു കൈവെള്ളയിലേക്കൊന്നു തട്ടി. ‘പറ്റില്ല,’ അവളെ കൈത്തണ്ടയ്ക്കു പിടിച്ച് തന്നിലേക്കടുപ്പിച്ചുകൊണ്ട് അയാൾ പറഞ്ഞു. അവൾ മുഖം കഴുകിയിരുന്നു; അവൾക്കു ശരിക്കും ചെറുപ്പമായിരുന്നു; ആ വലിയ കറുത്ത കണ്ണുകളാവട്ടെ, അവളുടെ മുഖത്തിന്‌ ഒരു നിസ്സഹായഭാവം പകരുകയുമായിരുന്നു.

‘അവിടിരിക്കൂ,’ അവൾ നിർബന്ധം പിടിച്ചു.

‘ഇനിയെന്നും?’

അവളുടെ മുഖം ഒന്നു നാണിച്ചു പിന്നിലേക്കു മാറി.

‘തമാശക്കാരൻ,’ അവൾ പറഞ്ഞു.

* * *


അന്നു കാലത്ത് അന്ന ക്ഷീണിച്ചുകുഴഞ്ഞിരിക്കുകയായിരുന്നു. പക്ഷേ ആളുകളുടെ ഉത്സാഹം പകരുന്നതായിരുന്നു. പതിവിലും വേഗത്തിൽ ആ ആഴ്ച കഴുകാനുള്ള തുണികൾ ശേഖരിച്ചിട്ട് അവൾ നീഗ്രോയെ കൊണ്ടുപോകുന്നതു കാണാനായി ജട്ടിയിലേക്കു ചെന്നു. പുറപ്പെടാൻ തയാറായി നില്ക്കുന്ന ബോട്ടുകൾക്കരികിലായി ജനക്കൂട്ടം അക്ഷമരായി നില്പുണ്ട്. ഡമാസോ അവിടെ ഉണ്ടായിരുന്നു.

അന്ന ചൂണ്ടുവിരൽ കൊണ്ട് അയാളുടെ ഇടുപ്പിനു തോണ്ടി.

‘നീ ഇവിടെ എന്തിനു വന്നു?’ വിരണ്ടുപോയ ഡമാസോ ചോദിച്ചു.

‘നിന്നെ കൊണ്ടുപോകുന്നതു കാണാൻ,’ അന്ന പറഞ്ഞു.

ഡമാസോ അടുത്ത വിളക്കുകാലിൽ വിരൽ മടക്കി ഇടിച്ചു.

‘നാശം,’ അയാൾ പ്രാകി.

ഒരു സിഗറെറ്റെടുത്തു കൊളുത്തിയിട്ട് അയാൾ ഒഴിഞ്ഞ കൂട് പുഴയിലേക്കെറിഞ്ഞു. അന്ന ബ്ളൌസിനുള്ളിൽ നിന്നു മറ്റൊന്നെടുത്ത് അയാളുടെ ഷർട്ടിന്റെ പോക്കറ്റിലേക്കിട്ടു. ഡമാസോ അന്നാദ്യമായി ഒന്നു പുഞ്ചിരിച്ചു.

‘നീ ഒരിക്കലും പഠിക്കില്ല,’ അയാൾ പറഞ്ഞു.

‘ഓഹോ,’ അന്ന ചിരിച്ചു.

അല്പനേരം കഴിഞ്ഞപ്പോൾ നീഗ്രോയെ ബോട്ടിൽ കയറ്റി. പ്ളാസയുടെ നടുക്കു കൂടിയാണ്‌ അയാളെ കൊണ്ടുപോയത്. കൈകൾ പിന്നിൽ കെട്ടി ഒരു പോലീസുകാരൻ കയറിട്ടു പിടിച്ചിരുന്നു; മറ്റു രണ്ടു പോലീസുകാർ തോക്കുമായി ഇരുവശവും. കീഴ്ചുണ്ടു മുറിഞ്ഞ്, ഒരു പുരികം തടിച്ചുവീർത്ത്, ഷർട്ടില്ലാതെ നടക്കുന്ന അയാളെ കണ്ടപ്പോൾ ഒരു ബോക്സറെപ്പോലെ തോന്നി. നിർവികാരമായ ഒരു കുലീനതയോടെ അയാൾ നാട്ടുകാരുടെ നോട്ടങ്ങൾ ഒഴിവാക്കി. തമാശയുടെ തുടക്കവും ഒടുക്കവും വിടാതെ കാണാനായി കൂടുതൽ പേരും തടിച്ചുകൂടിയിരുന്നത് ക്ളബ് ഹാളിന്റെ വാതില്ക്കാലായിരുന്നു; ക്ളബ് ഉടമസ്ഥനും അവിടെ നില്പുണ്ടായിരുന്നു; നീഗ്രോ കടന്നുപോകുന്നത് അയാൾ നിശബ്ദനായി നോക്കിക്കൊണ്ടു നിന്നു. മറ്റുള്ളവർ ഒരുതരം ന്വ്യഗ്രതയോടെയാണ്‌ അയാളെ കണ്ടുനിന്നത്.

ബോട്ട് പുറപ്പെടാൻ വൈകിയില്ല. നീഗ്രോയെ കൈയും കാലും ഒരു എണ്ണവീപ്പയോടു കൂട്ടിക്കെട്ടി ഡക്കിലാണിട്ടിരുന്നത്. ബോട്ട് പുഴയുടെ നടുക്കു വച്ചു തിരിഞ്ഞ് അവസാനമായി വിസിലടിച്ചപ്പോൾ നീഗ്രോയുടെ പുറം വെയിലേറ്റു മിന്നി.

‘പാവം,’ അന്ന മന്ത്രിച്ചു.

‘അക്രമികൾ,’ അന്നയുടെ സമീപം നിന്ന ആരോ പറഞ്ഞു. ‘ഒരു മനുഷ്യജീവിക്ക് ഇത്രയും വെയിലു താങ്ങാൻ പറ്റുമോ?’

വല്ലാതെ ചീർത്ത ഒരു സ്ത്രീ നില്ക്കുന്ന ഭാഗത്തു നിന്നാണ്‌ ആ ശബ്ദം വന്നതെന്ന് ഡമാസോ കണ്ടെത്തി. അയാൾ പ്ളാസയുടെ നേർക്കു നടന്നു. ‘നീ കണ്ടമാനം സംസാരിക്കുന്നു,’ അയാൾ അന്നയുടെ കാതിൽ ചീറി. ‘ഇനി ആ കഥ എല്ലാവരും കേൾക്കെ വിളമ്പുകയേ വേണ്ടു.‘ അവൾ അയാളുടെ കൂടെ ക്ളബ്ബിന്റെ വാതില്ക്കലേക്കു ചെന്നു.

’വീട്ടിൽ പോയി ആ വേഷമെങ്കിലും ഒന്നു മാറൂ,‘ പോകുമ്പോൾ അന്ന പറഞ്ഞു. ’കണ്ടിട്ട് പിച്ചക്കാരനെപ്പോലെയുണ്ട്.‘

ആ സംഭവത്തോടെ രസം പിടിച്ച കുറേ ആൾക്കാർ ക്ളബ്ബിലെത്തിയിരുന്നു. എല്ലാവരുടെയും ഓർഡർ എടുക്കാനുള്ള ശ്രമത്തിൽ മേശകൾക്കിടയിൽ ഓടിനടക്കുകയായിരുന്നു റോക്കി. അയാൾ തനിക്കരികിൽക്കൂടി കടന്നുപോകുന്നതു വരെ ഡമാസോ കാത്തു.

’എന്തെങ്കിലും സഹായം?‘

അടപ്പിനു മുകളിൽ ഗ്ളാസ്സുകൾ കമിഴ്ത്തിവച്ച അര ഡസൻ ബിയർ കുപ്പികൾ റോക്കി അയാളുടെ മുന്നിൽ കൊണ്ടുവച്ചു.

ഡമാസോ കുപ്പികളുമായി മേശകൾക്കടുത്തേക്കു പോയി. ആളുകൾ ഭക്ഷണത്തിനു പിരിയുന്നതുവരെ അയാൾ ഓർഡറെടുക്കുകയും കുപ്പികളെടുക്കുകയും കൊണ്ടുവരികയും ചെയ്തുകൊണ്ടിരുന്നു. അതിരാവിലെ മുറിയിലെത്തിയപ്പോൾ അയാൾ കുടിച്ചിട്ടുണ്ടെന്ന് അന്നയ്ക്കു മനസ്സിലായി. അവൾ അയാളുടെ കൈ പിടിച്ച് തന്റെ അടിവറ്റിൽ ചേർത്തുപിടിച്ചു.

’ഇവിടെ തൊട്ടുനോക്കൂ,‘ അവൾ പറഞ്ഞു. ’അറിയുന്നില്ലേ?‘

ഡമാസോവിന്‌ ഒരുത്സാഹവും കണ്ടില്ല.

’അവനിപ്പോൾ ചവിട്ടു തുടങ്ങിയിട്ടുണ്ട്,‘ അന്ന പറഞ്ഞു. ’രാത്രി മുഴുവൻ അവൻ ആ കുഞ്ഞിക്കാലു കൊണ്ട് ചവിട്ടു തന്നെ.‘

അയാളിൽ നിന്നു പക്ഷേ, പ്രതികരണമൊന്നും ഉണ്ടായില്ല. അയാൾ തന്നിൽത്തന്നെ മുഴുകിയിരിക്കുകയായിരുന്നു; അടുത്ത ദിവസം അതിരാവിലെ ഇറങ്ങിപ്പോയിട്ട് അന്നു പാതിരയ്ക്കാണ്‌ അയാൾ മടങ്ങിയെത്തിയത്. കിടക്കയിൽ കിടന്നു പുക വലിച്ചുകൊണ്ട് മുറിയിൽ കഴിച്ചിരുന്ന അല്പനിമിഷങ്ങളാവട്ടെ, അയാൾ സംസാരം ഒഴിവാക്കുകയും ചെയ്തു. അന്ന ജാഗരൂകയായിരുന്നു. മുമ്പൊരിക്കൽ, അവർ ഒരുമിച്ചു ജീവിക്കാൻ തുടങ്ങിയ കാലത്ത് അയാൾ ഇതേ മട്ടെടുത്തിരുന്നു; അന്നു പക്ഷേ, അയാളുടെ സ്വഭാവം ശരിക്കു പഠിക്കാത്തതിനാൽ ശല്യപ്പെടുത്താൻ പോകരുതെന്ന് അവൾക്കു ബുദ്ധി പോയില്ല. അയാളുടെ ഇടി കൊണ്ട് അന്നവൾ ചോര തുപ്പിപ്പോയി.

ഇത്തവണ അവൾ കാത്തിരുന്നു. രാത്രിയിൽ വിളക്കിനടുത്ത് അവൾ ഒരു പെട്ടി സിഗററ്റെടുത്തു വച്ചു; വിശപ്പും ദാഹവുമൊക്കെ താങ്ങാമെങ്കിലും പുകവലിക്കാതിരിക്കാൻ അയാൾക്കാവില്ല എന്ന അവൾക്കറിയാമായിരുന്നു. ഒടുവിൽ, ജൂലൈ മദ്ധ്യത്തോടെ സന്ധ്യക്ക് ഡമാസോ തിരിച്ചെത്തി. ആ സമയത്ത് അയാൾ അവളെ കാണാൻ വരണമെങ്കിൽ അത് അത്രയ്ക്കയാളുടെ മനസ്സു പ്രക്ഷുബ്ധമായതു കൊണ്ടാവണം എന്നോർത്തപ്പോൾ അവൾക്കു വല്ലാത്ത പരിഭ്രമമായി. ആഹാരം കഴിക്കുമ്പോൾ രണ്ടുപേരും ഒന്നും മിണ്ടിയില്ല. ഉറങ്ങാൻ കിടക്കുന്നതിനു മുമ്പു പക്ഷേ, അയാൾ ആകെ അന്ധാളിച്ചപോലെയായിരുന്നു; പെട്ടെന്നയാൾ പറഞ്ഞു:

‘എനിക്കു പോകണം.’

‘എങ്ങോട്ട്?’

‘എങ്ങോട്ടെങ്കിലും.’

അന്ന മുറിക്കുള്ളിൽ കണ്ണോടിച്ചു. മാസികകളുടെ കവറുകളിൽ നിന്ന് അവൾ തന്നെ വെട്ടിയെടുത്തൊട്ടിച്ചുവച്ചിരുന്ന സിനിമാതാരങ്ങളുടെ ചിത്രങ്ങൾ നിറം മങ്ങിത്തുടങ്ങിയിരുന്നു. കട്ടിലിൽ കിടന്ന് അത്രയും കാലം നോക്കിയതിനാൽ തന്റെ കണ്മുന്നിൽ നിന്നു സാവധാനം അപ്രത്യക്ഷരാവുകയും തങ്ങളോടൊപ്പം ആ നിറങ്ങളും കൂടി കൊണ്ടുപോവുകയും ചെയ്ത പുരുഷന്മാർ എത്രയെന്ന് അവൾക്ക് എണ്ണം തെറ്റിപ്പോയിരിക്കുന്നു.

‘നിനക്കെന്നെ മടുത്തു,’ അവൾ പറഞ്ഞു.

‘അതുകൊണ്ടല്ല,’ ഡമാസോ പറഞ്ഞു. ‘ഈ നാടു കാരണമാണ്‌.’

‘ഏതു നാടും പോലെയല്ലേ ഇതും?’

‘എനിക്കാ പന്തുകൾ വില്ക്കാൻ പറ്റുന്നില്ല.’ഡമാസോ പറഞ്ഞു.

‘പന്തിന്റെ കാര്യം കള,’ അന്ന പറഞ്ഞു. ‘വിഴുപ്പുമായി മല്ലു പിടിക്കാൻ ദൈവം എനിക്കു ശക്തി നല്കുന്നിടത്തോളം കാലം നീ അതിനൊന്നും പോകേണ്ട.’ അല്പനേരത്തിനു ശേഷം അവൾ പറഞ്ഞു:

‘ആ സംഗതി എങ്ങനെ നിന്റെ മനസ്സിൽ കടന്നുവന്നുവെന്നാണ്‌ എനിക്കു മനസ്സിലാവാത്തത്.’

അതിനു മറുപടി പറയുന്നതിനു മുമ്പ് ഡമാസോ സിഗററ്റു വലിച്ചുതീർത്തു.

‘അത്ര എളുപ്പമാണത്; മറ്റാർക്കും അതു തോന്നാതെ പോയതാണ്‌ എന്റെ അതിശയം.’

‘കാശിനാണെങ്കിൽ ശരി,’ അന്ന പറഞ്ഞു. ‘പക്ഷേ പന്തുകൾ മോഷ്ടിക്കാനും മാത്രം ആരെങ്കിലും ഇത്ര മണ്ടന്മാരാവുമോ?’

‘ഞാനത് ഓർമ്മയില്ലാതെ ചെയ്തതാണ്‌,’ ഡമാസോ പറഞ്ഞു. ‘ഇറങ്ങിപ്പോരാൻ തുടങ്ങുമ്പോഴാണ്‌ കൌണ്ടറിനു പിന്നിലെ കൊച്ചുപെട്ടിയിൽ പന്തുകൾ കിടക്കുന്നതു കണ്ടത്; അത്രയും പണിയെടുത്തിട്ട് വെറുംകൈയോടെ മടങ്ങുന്നതെങ്ങനെ എന്നു ഞാനോർത്തു.’

‘അതാണു നീ കാണിച്ച അബദ്ധം,’ അന്ന പറഞ്ഞു.

ഡമാസോയ്ക്ക് മനസ്സിനൊരയവു കിട്ടിയ പോലെ തോന്നി. ‘പുതിയ പന്തുകൾ ഇനിയും എത്തിയിട്ടില്ല,‘ അയാൾ പറഞ്ഞു. ’വില കൂടുമെന്നറിയിച്ചതിനാൽ റോക്കി ഓർഡർ ക്യാൻസൽ ചെയ്തു.‘ അയാൾ ഒരു സിഗററ്റു കൂടി കത്തിച്ചു. സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ തന്റെ മനസ്സ് ഇരുണ്ട ചില വിചാരങ്ങളിൽ നിന്നു മോചിതമാവുന്നത് അയാളറിഞ്ഞു.

ബില്യാർഡ്സ് മേശ വില്ക്കാൻ ക്ളബ്ബുടമ തീരുമാനിച്ചതായി അയാൾ അവളോടു പറഞ്ഞു. അതിനു വലിയ വിലയൊന്നും കിട്ടാൻ പോകുന്നില്ല. കളി പഠിച്ചുതുടങ്ങുന്നവരുടെ വൈദഗ്ധ്യക്കുറവു കാരണം അവിടവിടെ കീറിത്തുടങ്ങിയ മേശവിരി പലനിറത്തിലുള്ള തുണിത്തുണ്ടുകൾ കൊണ്ടു കൂട്ടിത്തുന്നിയതായിരുന്നു; അത് അങ്ങനെതന്നെ മാറ്റേണ്ടിവരും. അതേ സമയം ബില്യാർഡ്സ് കളിച്ചുവളർന്ന ക്ളബ്ബിലെ സ്ഥിരം കുറ്റികൾക്കാവട്ടെ, ബേസ്ബാൾ ചാമ്പ്യൻഷിപ്പിന്റെ റേഡിയോ കമന്ററിയല്ലാതെ നേരം പോക്കാൻ മറ്റൊരുപാധി ഇല്ലെന്നുമായി.

’അങ്ങനെ,‘ ഡമാസോ പറഞ്ഞുനിർത്തി, ’ആഗ്രഹിക്കാതെ തന്നെ നാട്ടുകാരെ മൊത്തം നാം ദ്രോഹിച്ചു.‘

’ഒരു പ്രയോജനവുമില്ലാതെ,‘ അന്ന പറഞ്ഞു.

’അടുത്താഴ്ചയോടെ ചാമ്പ്യൻഷിപ്പ് കഴിയും,‘ ഡമാസോ പറഞ്ഞു.

’ഇതൊന്നുമല്ല,‘ അന്ന പറഞ്ഞു, ’ആ നീഗ്രോയുടെ കാര്യമാണ്‌ ഏറ്റവും കഷ്ടമായത്.‘

ആദ്യകാലത്തെന്നപോലെ, അയാളുടെ തോളത്തു ചാഞ്ഞുകിടക്കുമ്പോൾ തന്റെ ഭർത്താവിന്റെ മനസ്സിലെന്താണെന്ന് അവൾക്കു മനസ്സിലായി. അയാൾ സിഗററ്റു വലിച്ചുതീരുന്നതു വരെ അവൾ കാത്തു. പിന്നെ ജാഗ്രത നിറഞ്ഞ ഒരു സ്വരത്തിൽ അവൾ വിളിച്ചു:

‘ഡമാസോ.’

‘എന്താ കാര്യം?’

‘അതവിടെ തിരിച്ചുകൊണ്ടുവയ്ക്കൂ.’

അയാൾ പിന്നെയും ഒരു സിഗററ്റെടുത്തു കൊളുത്തി.

‘ഇത്രയും നാളായി ഞാനും അതു തന്നെ ചിന്തിക്കുകയായിരുന്നു,’ അയാൾ പറഞ്ഞു. ‘പക്ഷേ അതെങ്ങനെ ഒപ്പിക്കുമെന്നാണ്‌ ആലോചിച്ചിട്ടു മനസ്സിലാവാത്തത്.’

അങ്ങനെ ഏതെങ്കിലും പൊതുസ്ഥലത്ത് അതു കൊണ്ടുവയ്ക്കാമെന്ന് അവർ തീരുമാനിച്ചു. അപ്പോഴാണ്‌ അന്നയ്ക്കു ചിന്ത പോയത്, ക്ളബ്ബിന്റെ പ്രശ്നം അങ്ങനെ തീരുമാനമാകുമെങ്കിലും നീഗ്രോയുടെ പ്രശ്നം അവശേഷിക്കുമെന്ന്. അയാളെ കുറ്റവിമുക്തനാക്കാതെതന്നെ പോലീസിന്‌ അതു വേറേ തരത്തിൽ വ്യാഖ്യാനിക്കാവുന്നതേയുള്ളു. തന്നെയുമല്ല, മറ്റാർക്കെങ്കിലുമാണ്‌ അതു കിട്ടുന്നതെങ്കിൽ അയാളത് ക്ളബ്ബിലേല്പിക്കാതെ സ്വന്തമായി വില്ക്കാൻ വേണ്ടി ഒളിപ്പിച്ചു വയ്ക്കാനും മതി എന്ന് അവൾക്കോർമ്മ വന്നു.

‘എന്തായാലും, അങ്ങനെ ചെയ്യാനാണു തീരുമാനമെങ്കിൽ,’ അവൾ പറഞ്ഞവസാനിപ്പിച്ചു, ‘വേണ്ട രീതിയിൽ ചെയ്യുന്നതാണു നല്ലത്.’

അവർ കട്ടിലിനടിയിൽ നിന്നു പന്തുകൾ കുഴിച്ചെടുത്തു. ഉള്ളിലെന്താണെന്നു പുറമേ കാണാത്ത രീതിയിൽ അന്ന അത് പത്രക്കടലാസ്സു കൊണ്ട് പൊതിഞ്ഞ് ട്രങ്കിനുള്ളിൽ വച്ചു.

‘സന്ദർഭം ഒത്തുവരുന്നതുവരെ നാം കാത്തിരിക്കണം,’ അവൾ പറഞ്ഞു.

പക്ഷേ സന്ദർഭം ഒത്തുവരുന്നതു വരെ കാത്തിരുന്ന് ആഴ്ചകൾ കടന്നുപോയി. ആഗസ്റ്റ് ഇരുപതാം തീയതി രാത്രിയിൽ- കവർച്ച നടന്നിട്ട് അന്നേക്ക് രണ്ടു മാസം കഴിഞ്ഞിരിക്കുന്നു- റോക്കി ഒരു വിശറിയെടുത്ത് കൊതുകിനെ ആട്ടിക്കൊണ്ട് കൌണ്ടറിനു പിന്നിലിരിക്കുന്നത് ഡമാസോ കണ്ടു. റേഡിയോയുടെ ശബ്ദം കൂടി ഇല്ലാതായതോടെ അയാളുടെ ഏകാന്തതയ്ക്കു സാന്ദ്രത കൂടിയപോലെ തോന്നി.

‘ഞാൻ അന്നേ പറഞ്ഞതല്ലേ,’ തന്റെ പ്രവചനം ഫലിച്ചതിന്റെ പേരിലുള്ള ഒരുതരം ആഹ്ളാദത്തോടെ റോക്കി പറഞ്ഞു, ‘കച്ചവടമാകെ പൊളിഞ്ഞു.’

ഡമാസോ ജ്യൂക്ക് ബോക്സിൽ ഒരു നാണയമിട്ടു. ഉയർന്ന ശബ്ദത്തിലുള്ള സംഗീതവും യന്ത്രത്തിൽ മാറിമാറിത്തെളിയുന്ന നിറങ്ങളും തന്റെ കൂറിനുള്ള ശബ്ദായമാനമായ ഒരു തെളിവായി അയാൾക്കു തോന്നി. പക്ഷേ റോക്കി അതു ശ്രദ്ധിച്ച മട്ടില്ലെന്നും അയാൾക്കു തോന്നി. അതിനാൽ ഒരു കസേര വലിച്ചിട്ടിരുന്ന് തനിക്കു തന്നെ ബോദ്ധ്യമാകാത്ത വാദങ്ങൾ നിരത്തി അയാളെ ആശ്വസിപ്പിക്കാനുള്ള ശ്രമമായി; അയാൾ പക്ഷേ വിശറിയുടെ അശ്രദ്ധമായ താളത്തിന്റെ അകമ്പടിയോടെ ആ വാദങ്ങളെയൊക്കെ നിർവികാരമായി പൊളിച്ചുകളഞ്ഞു.

‘അതിലിനി ഒന്നും ചെയ്യാനില്ല,’ അയാൾ പറയുകയായിരുന്നു. ‘ബേസ്ബാൾ ചാമ്പ്യൻഷിപ്പും എന്നെങ്കിലുമൊരിക്കൽ അവസാനിക്കണമല്ലൊ.’

‘ഇനി, ആ പന്തുകൾ പുറത്തുവന്നാലോ?’

‘അതു നടക്കാൻ പോകുന്നില്ല.’

‘നീഗ്രോ അതങ്ങു തിന്നുകാണില്ലല്ലൊ.’

‘പോലീസു നോക്കാത്ത സ്ഥലമില്ല,’ ദേഷ്യം പിടിപ്പിക്കുന്നൊരു തീർച്ചയോടെ റോക്കി പറഞ്ഞു. ‘അവനത് പുഴയിലേക്കെറിഞ്ഞതു തന്നെയാണ്‌.’

‘ഒരത്ഭുതം സംഭവിച്ചുവെന്നും വരാം.’

‘മനസ്സിൽ എന്തെങ്കിലും വ്യാമോഹങ്ങളുണ്ടെങ്കിൽ മറന്നുകള, മോനേ,‘ റോക്കി പറഞ്ഞു. ’ഭാഗ്യദോഷം ഒച്ചിനെപ്പോലെയാണ്‌. നിനക്ക് അത്ഭുതങ്ങളിലൊക്കെ വിശ്വാസമുണ്ടോ?‘

അയാൾ അവിടുന്നു പോകുമ്പോൾ സിനിമ വിട്ടിരുന്നില്ല. കോളാമ്പികളിൽ നിന്നു പുറപ്പെടുന്ന ദീർഘസംഭാഷണങ്ങളുടെ ശകലങ്ങൾ ഇരുട്ടത്തു മാറ്റൊലിച്ചു. അപ്പോഴും വെളിച്ചം കണ്ടിരുന്ന ചില വീടുകൾക്ക് അവ അധികനേരം അവിടെയുണ്ടാവില്ലെന്ന പ്രതീതിയായിരുന്നു. ഡമാസോ ഒരു നിമിഷം കൊട്ടകയുടെ നേർക്കു നടന്നിട്ട് പിന്നെ തിരിഞ്ഞ് ഡാൻസ് ഹാളിലേക്കു പോയി.

ഒരേ സമയം രണ്ടു പെണ്ണുങ്ങളുമായി ഡാൻസു ചെയ്യുന്ന ഒരാൾക്കു വേണ്ടി വായിക്കുകയാണ്‌ ബാന്റുസംഘം. ശേഷമുള്ളവർ ചുമരും ചാരി ഇരിക്കുന്നതു കണ്ടാൽ കണ്ടാൽ പോസ്റ്റുമാൻ വരുന്നതു കാത്തിരിക്കുകയാണെന്നു തോന്നും. ഡമാസോ ഒരു മേശക്കടുത്തിരുന്ന് ബാർബോയിയോട് ആംഗ്യം കാണിച്ച് ഒരു ബിയർ വരുത്തി, ശ്വാസമെടുക്കാനുള്ള ഇട വിട്ടുകൊണ്ട് അത് കുപ്പിയിൽ നിന്നു തന്നെ മൊത്തിക്കുടിക്കാൻ തുടങ്ങി. രണ്ടു പെണ്ണുങ്ങളുമായി ഡാൻസു ചെയ്യുന്ന ആ മനുഷ്യനെ ഒരു ചില്ലിനുള്ളിലൂടെന്നപോലെ നിരീക്ഷിക്കുകയായിരുന്നു അയാൾ. അവരെക്കാൾ ഉയരക്കുറവാണ്‌ അയാൾക്കെന്നു തോന്നി.

പാതിരാത്രിയായപ്പോൾ സിനിമയ്ക്കു പോയിരുന്ന പെണ്ണുങ്ങൾ പിന്നാലെ കുറെ ആണുങ്ങളുമായി എത്തിച്ചേർന്നു. ആ സംഘത്തിലുണ്ടായിരുന്ന ഡമാസോയുടെ പരിചയക്കാരി അവരെ വിട്ട് അയാളുടെ മേശക്കടുത്തു വന്നിരുന്നു.

ഡമാസോ അവളെ നോക്കാതെ അര ഡസൻ ബിയറും അകത്താക്കി, ഇപ്പോൾ മൂന്നു പെണ്ണുങ്ങളോടൊപ്പം ഡാൻസു ചെയ്യുന്ന  ആ മനുഷ്യനെത്തന്നെ ഉറ്റുനോക്കി ഇരിക്കുകയാണ്‌; പക്ഷെ അയാളുടെ ശ്രദ്ധ തന്റെ സഹനർത്തകരിലല്ല; സ്വന്തം കാലടികളുടെ സങ്കീർണ്ണമായ ചലനങ്ങളിലാണ്‌ അയാളുടെ കണ്ണുകൾ. അയാൾ വലിയ സന്തോഷത്തിലാണെന്നു തോന്നി; കൈയ്ക്കും കാലിനും പുറമെ ഒരു വാലു കൂടിയുണ്ടായിരുന്നുവെങ്കിൽ ആൾ ഇതിലുമധികം സന്തുഷ്ടനായേനെ എന്നതു വ്യക്തമായിരുന്നു.

‘എനിക്കാ ചങ്ങാതിയെ അത്ര പിടിക്കുന്നില്ല,’ ഡമാസോ പറഞ്ഞു.

‘എന്നാല്പിന്നെ അയാളെ നോക്കാതിരിക്കണം,’ ചെറുപ്പക്കാരി പറഞ്ഞു.

അവൾ ബാർബോയിയോട് ഒരു ഡ്രിങ്ക് ഓർഡർ ചെയ്തു. ഡാൻസ് ഹാളിൽ ആളു നിറയാൻ തുടങ്ങി. പക്ഷേ ഹാളിൽ താൻ ഒറ്റയ്ക്കാണെന്ന മട്ടിൽ ആ മനുഷ്യൻ മൂന്നു പെണ്ണുങ്ങളുമായി നൃത്തം തുടർന്നു. ഒരു കറക്കത്തിനിടയിൽ അയാളുടെ കണ്ണുകൾ ഡമാസോയുടെ കണ്ണുകളുമായി ഇടഞ്ഞു; എന്നിട്ടയാൾ തന്റെ ഡാൻസിൽ കൂടുതൽ യത്നം ചെലുത്തുകയും മുയലിന്റേതു പോലത്തെ പല്ലുകൾ വെളിയിൽ കാണിച്ച് ഡമാസോയെ നോക്കി ഒന്നിളിക്കുകയും ചെയ്തു. ഡമാസോ കണ്ണു ചിമ്മാതെ അയാളുടെ നോട്ടം ഏറ്റുപിടിച്ചു; ഒടുവിൽ അയാൾ തമാശ മതിയാക്കി ഡമാസോവിനു പുറം തിരിഞ്ഞ് ഡാൻസ് തുടർന്നു.

‘താൻ വളരെ സന്തോഷത്തിലാണെന്നാണ്‌ അവന്റെ വിചാരം,’ ഡമാസോ പറഞ്ഞു.

‘അയാളങ്ങനെയാണ്‌,’ ചെറുപ്പക്കാരി പറഞ്ഞു. ‘ഇവിടെ വരുമ്പോഴൊക്കെ അയാളാണു ബാന്റുകാരുടെ ബില്ലു കൊടുക്കുക; സെയിൽസ് റെപ്പുകളുടെ രീതി അങ്ങനെയാണ്‌.‘

ഡമാസോ നോട്ടം അവളുടെ നേർക്കു തിരിച്ചു:

’എന്നാൽ നീയും അവന്റെ കൂടെ പൊയ്ക്കോ,‘ അയാൾ പറഞ്ഞു. ’മൂന്നാൾക്കുള്ളത് നാലാൾക്കുമുണ്ടാവും.‘

അവൾ തിരിച്ചൊന്നും പറയാതെ സാവധാനം ബിയർ മൊത്തിക്കൊണ്ട് ഡാൻസ് നടക്കുന്നിടത്തേക്കു നോക്കിയിരുന്നു. ഇളമഞ്ഞനിറത്തിലുള്ള വേഷം അവളുടെ സങ്കോചത്തിന്റെ മാറ്റു കൂട്ടുകയായിരുന്നു.

ഡാൻസ് അടുത്ത പാട്ടിലേക്കു കടന്നു. അതും കൂടി കഴിഞ്ഞപ്പോൾ ഡമാസോ ഇരുന്നു പുകയുകയായിരുന്നു. ’എനിക്കു വിശന്നിട്ടു വയ്യ,‘ അയാളെ കൈയ്ക്കു പിടിച്ച് കൌണ്ടറിനു മുന്നിലേക്കു നടത്തിക്കൊണ്ട് ചെറുപ്പക്കാരി പറഞ്ഞു. ’നീയും കഴിക്കണം.‘ ഈ സമയത്ത് സന്തോഷവാനായ ആ മനുഷ്യൻ മൂന്നു പെണ്ണുങ്ങളുമായി എതിരെ വരികയായിരുന്നു.

’നോക്ക്,‘ ഡമാസോ അയാളോടു പറഞ്ഞു.

അയാൾ ഡമാസോയെ നോക്കി ഒന്നു പുഞ്ചിരിച്ചിട്ട് നില്ക്കാതെ നടന്നു. ഡമാസോ കൂട്ടുകാരിയുടെ കൈ വിടീച്ചിട്ട് അയാളുടെ മുന്നിൽ ചെന്ന് വഴി തടഞ്ഞു നിന്നു.

’എനിക്കു തന്റെ പല്ലത്ര പിടിക്കുന്നില്ല.‘

ആ മനുഷ്യന്റെ മുഖം വിളറിയെങ്കിലും ചിരി മാഞ്ഞില്ല.

’എനിക്കും അങ്ങനെ തന്നെ,‘ അയാൾ പറഞ്ഞു.

ചെറുപ്പക്കാരിക്കു തടയാൻ കഴിയും മുമ്പ് ഡമാസോ അയാളുടെ മുഖത്ത് ആഞ്ഞൊരിടി കൊടുത്തു. അയാൾ തറയിൽ ഇരുന്നുപോയി. ആരും ഇടപെടാൻ പോയില്ല. അയാളുടെ കൂടെയുണ്ടായിരുന്ന പെണ്ണുങ്ങൾ ഒച്ചയിട്ടുകൊണ്ട് ഡമാസോയുടെ അരയിൽ ചുറ്റിപ്പിടിച്ചു; ചെറുപ്പക്കാരി അയാളെ ഹാളിനു പിന്നിലേക്ക് ഉന്തിത്തള്ളിക്കൊണ്ടുപോയി. മറ്റേയാൾ എഴുന്നേറ്റുനിന്നു; അയാളുടെ മുഖം ഇടി കൊണ്ട് ഏങ്കോണിച്ചുപോയിരുന്നു. കുരങ്ങനെപ്പോലെ ഡാൻസ്ഫ്ളോറിന്റെ നടുവിലേക്കു ചാടിക്കയറിക്കൊണ്ട് അയാൾ വിളിച്ചുപറഞ്ഞു:

‘പാട്ടു നടക്കട്ടെ!’

രണ്ടു മണിയായപ്പോൾ ഹാൾ മിക്കവാറും ഒഴിഞ്ഞു; ഒറ്റയ്ക്കായ പെണ്ണുങ്ങൾ ആഹാരം കഴിക്കാൻ തുടങ്ങി. നല്ല ചൂടുണ്ടായിരുന്നു. ചെറുപ്പക്കാരി ഒരു പിഞ്ഞാണത്തിൽ ചോറും ബീൻസും ഇറച്ചി പൊരിച്ചതുമായി മേശക്കടുത്തു വന്നിരുന്ന് ഒരു സ്പൂൺ കൊണ്ട് അതു കോരിത്തിന്നു. ഡമാസോ ഒരുതരം ജാഡ്യത്തോടെ അവളെ നോക്കി ഇരുന്നു. അവൾ ഒരു സ്പൂൺ ചോറെടുത്ത് അയാളുടെ നേർക്കു നീട്ടി.

‘വാ തുറക്ക്.’

ഡമാസോ താടി നെഞ്ചിലേക്കിട്ട് തലയാട്ടി.

‘അതു പെണ്ണുങ്ങൾക്കുള്ളതാണ്‌,’ അയാൾ പറഞ്ഞു. ‘ഞങ്ങൾ ആണുങ്ങൾ അതൊന്നും കഴിക്കാറില്ല.’

നിവർന്നുനില്ക്കാനുള്ള ശ്രമത്തിൽ അയാൾ മേശ മേൽ കൈ കുത്തി. നേരേ നില്ക്കാമെന്നായപ്പോൾ കൈയും കെട്ടി ബാർബോയ് മുന്നിൽ വന്നു നിന്നു.

“തൊണ്ണൂറ്റെട്ടായി,‘ അയാൾ പറഞ്ഞു. ’ഈ പാർട്ടി കടയുടെ ചെലവിലല്ല.‘

ഡമാസോ അയാളെ തള്ളിമാറ്റി.

’ആൺവേശ്യകളെ എനിക്കിഷ്ടമല്ല.‘

ബാർബോയ് അയാളുടെ ഷർട്ടിന്റെ കൈയ്ക്കു കടന്നുപിടിച്ചു; ചെറുപ്പക്കാരി ആംഗ്യം കാണിച്ചപ്പോൾ പക്ഷേ, അയാൾ പിടി വിട്ടു:

’നിനക്കു നഷ്ടപ്പെടുന്നതെന്താണെന്നു നിനക്കറിയില്ലെടാ.‘

ഡമാസോ നിലയുറയ്ക്കാതെ നടന്ന് പുറത്തെത്തി. നിലാവു വീണ പുഴയുടെ മിനുക്കം കണ്ടപ്പോൾ അയാളുടെ തലച്ചോറിൽ ഒരു വെളിച്ചത്തിന്റെ ചാലു തുറന്നു. പക്ഷെ പെട്ടെന്നുതന്നെ അതടയുകയും ചെയ്തു. നടന്നുനടന്ന് തന്റെ മുറിയുടെ വാതിൽ കണ്ണിൽ പെട്ടപ്പോൾ ഡമാസോയ്ക്കു തീർച്ചയായിരുന്നു, താൻ ഉറക്കത്തിൽ ഇറങ്ങിനടക്കുകയായിരുന്നുവെന്ന്. അയാൾ തല കുടഞ്ഞു. ഈ നിമിഷം മുതൽ തന്റെ ഓരോ നീക്കവും കരുതലോടെയായിരിക്കണമെന്ന് അയാൾ നിശ്ചയിച്ചു; ചിന്തിച്ചെടുത്ത തീരുമാനമല്ലെങ്കിലും അതിന്റെ തിടുക്കം അയാൾക്കു മനസ്സിലാകുന്നതായിരുന്നു. വിജാഗിരിയുടെ കിരുകിരു കേൾപ്പിക്കാതിരിക്കാൻ ശ്രദ്ധിച്ച് അയാൾ കതകു തള്ളിത്തുറന്നു.

അയാൾ ട്രങ്കിനുള്ളിൽ എന്തോ തിരയുന്നത് അന്ന അറിഞ്ഞു. വിളക്കിന്റെ വെളിച്ചം മുഖത്തടിക്കാതിരിക്കാൻ വേണ്ടി അവൾ ചുമരിനു നേർക്കു തിരിഞ്ഞുകിടന്നു. അപ്പോഴാണ്‌ അയാൾ വസ്ത്രം മാറുകയല്ലെന്ന് അവൾക്കു മനസ്സിലായത്. ഒരു വെളിപാടു കിട്ടിയിട്ടെന്നപോലെ അവൾ കട്ടിലിൽ എഴുന്നേറ്റിരുന്നു. പന്തു പൊതിഞ്ഞെടുത്തതും ടോർച്ചും കൈയിൽ പിടിച്ച് ട്രങ്കിനടുത്തു നില്ക്കുകയായിരുന്നു ഡമാസോ.

അയാൾ ചൂണ്ടുവിരൽ ചുണ്ടത്തു വച്ചു.

അന്ന കട്ടിലിൽ നിന്നു ചാടിയെഴുന്നേറ്റു. ‘നിനക്കു വട്ടാണ്‌,’ വാതിലിനടുത്തേക്കോടിച്ചെന്നുകൊണ്ട് അവൾ ഒച്ച താഴ്ത്തി പറഞ്ഞു. അവൾ പെട്ടെന്ന് വാതിലിന്റെ ഓടാമ്പലിട്ടു. ഒരു ചെറിയ കത്തിയുടെയും മൂർച്ച കൂട്ടിയ അരങ്ങളുടെയുമൊപ്പം ടോർച്ചും പാന്റിന്റെ പോക്കറ്റിലിട്ട്, പന്തു പൊതി കക്ഷത്തിടുക്കിപ്പിടിച്ച് അയാൾ വാതിലിനടുത്തേക്കു നീങ്ങി. അന്ന വാതിലിൽ ചാരി അയാളെ നോക്കി നിന്നു.

‘ഞാൻ ജീവനോടിരിക്കുമ്പോൾ നീ ഇവിടുന്നു പോകില്ല,’ അന്ന സ്വരം താഴ്ത്തി പറഞ്ഞു.

ഡമാസോ അവളെ തള്ളിമാറ്റാൻ നോക്കി. ‘വഴീന്നു മാറാൻ,’ അയാൾ പറഞ്ഞു. അന്ന രണ്ടു കൈയും കൊണ്ട് കതകിന്റെ കുറുക്കുപടിയിൽ കടന്നുപിടിച്ചു. രണ്ടുപേരും കണ്ണിമയ്ക്കാതെ പരസ്പരം നോക്കിനിന്നു. ‘നീയൊരു കഴുതയാണ്‌,’ അന്ന പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു. ‘ദൈവം നിനക്കീ സൌന്ദര്യമേ തന്നിട്ടുള്ളു, ഒട്ടും ബുദ്ധി തന്നില്ല.’ ഡമാസോ അവളുടെ മുടിക്കു കുത്തിപ്പിടിച്ചിട്ട് കൈ പിടിച്ചു തിരിച്ചു; അവൾ തല കുമ്പിട്ടുപോയി. പല്ലിറുമ്മിക്കൊണ്ട് അയാൾ പറഞ്ഞു, ‘മാറിനില്ക്കാനാണു ഞാൻ നിന്നോടു പറഞ്ഞത്.’ നുകത്തിൽ കെട്ടിയ കാളയെപ്പോലെ അന്ന ഏറുകണ്ണിട്ട് അയാളെ നോക്കി. താൻ വേദനയ്ക്കതീതയാണെന്നും ഭർത്താവിനെക്കാൾ ബലം തനിക്കുണ്ടെന്നും ഒരു നിമിഷത്തേക്ക് അവൾക്കു തോന്നിയെങ്കിലും അയാൾ മുടിയ്ക്കു കുത്തിപ്പിടിച്ചു തിരിച്ചപ്പോൾ അവളുടെ കണ്ണു നിറഞ്ഞുപോയി.

‘നീ എന്റെ വയറ്റിൽ കിടക്കുന്ന കുഞ്ഞിനെ കൊല്ലും,’ അവൾ പറഞ്ഞു.

ഡമാസോ അവളെ വലിച്ചിഴച്ച് കട്ടിലിനടുത്തേക്കു കൊണ്ടുപോയി. അയാൾ പിടി വിട്ടപ്പോൾ അവൾ അയാളുടെ മേൽ ചാടിവീണ്‌ കൈയും കാലും കൊണ്ട് അയാളെ കെട്ടിവരിഞ്ഞു; രണ്ടുപേരും കൂടി കട്ടിലിലേക്കു വീണു. രണ്ടു പേർക്കും ശ്വാസം മുട്ടുന്നുണ്ടായിരുന്നു. ‘ഞാൻ അലറും,’ അന്ന അയാളുടെ കാതിൽ പതുക്കെ പറഞ്ഞു. ‘നീ അനങ്ങിയാൽ ഞാനലറും.’ ഡമാസോ രോഷത്തോടെ മുക്രയിട്ടുകൊണ്ട് പന്തിന്റെ പൊതി വച്ച് അവളുടെ കാൽമുട്ടുകളിൽ ഇടിച്ചു. അന്ന ഒരു നിലവിളിയോടെ പിടി അയച്ചെങ്കിലും അയാൾ വാതിലിനടുത്തെത്താതിരിക്കാൻ വേണ്ടി അവൾ അയാളുടെ അരയിൽ പിടി മുറുക്കി. എന്നിട്ടവൾ കെഞ്ചി: ‘അതു ഞാൻ തന്നെ നാളെ കൊണ്ടുപോയി കൊടുത്തുകൊള്ളാം,’ അവൾ പറയുകയായിരുന്നു. ‘ആരും കാണാതെ ഞാനത് അവിടെ കൊണ്ടുപോയി വയ്ക്കാം.’ വാതിലിനടുത്തേക്കു നിരങ്ങിനിരങ്ങിച്ചെല്ലുന്നതിനിടയിൽ അയാൾ അവളുടെ കൈകളിൽ പന്തു കൊണ്ടിടിക്കുകയായിരുന്നു. വേദന താങ്ങാതെ ഒരു നിമിഷത്തേക്ക് പിടി വിട്ടിട്ട് വീണ്ടും അയാളെ കടന്നുപിടിച്ച് അവൾ യാചന തുടരും.

‘ഞാനാണിതു ചെയ്തതെന്നു ഞാൻ പറഞ്ഞോളാം,’ അവൾ പറയുകയായിരുന്നു. ‘എനിക്കു വയറ്റിലുള്ളതുകൊണ്ട് അവർക്കെന്നെ ജയിലിലടയ്ക്കാൻ പറ്റില്ല.’

ഡമാസോ അവളെ കുടഞ്ഞുമാറ്റി. ‘നാട്ടുകാർ മൊത്തം നിന്നെ കാണും,’ അന്ന പറഞ്ഞു. ‘നീയൊരു പൊട്ടനാണ്‌, ഇന്നു വാവാണെന്നു പോലും നീ ഓർക്കുന്നില്ല.’ അയാൾക്ക് ഓടാമ്പലിൽ കൈയെത്തുന്നതിനു മുമ്പ് അവൾ അയാളെ കടന്നുപിടിച്ചു. എന്നിട്ട് കണ്ണടച്ചുകൊണ്ട് അയാളുടെ പിടലിയിലും മുഖത്തും കൈ മുറുക്കി ഇടിച്ചു. ‘ജന്തു, ജന്തു’ എന്ന ആക്രാശിക്കുകയായിരുന്നു അവൾ. ഡമാസോ അവളുടെ അടി തടുക്കാൻ നോക്കി; അവൾ അയാളുടെ കൈയിൽ നിന്ന് ഓടാമ്പൽ പിടിച്ചുവാങ്ങി അയാളുടെ തല നോക്കിയെറിഞ്ഞു; അയാൾ തല കുനിച്ചുകളഞ്ഞു. ഒരു ചില്ലുപാളിയിലെന്ന പോലെ അതയാളുടെ തോളെല്ലിൽ ചെന്നുവീണു.

‘കൂത്തിച്ചി!’ അയാൾ അലറി.

ഒച്ച ഉയർത്തരുതെന്ന് ആ സമയത്ത് അയാൾക്കു തോന്നിയില്ല. പുറംകൈ കൊണ്ട് അയാൾ അവളുടെ ചെവി നോക്കി ആഞ്ഞടിച്ചു; അവളുടെ ദീനരോദനവും ദേഹം ചെന്ന് ഭിത്തിയിലിടിക്കുന്ന ആഘാതവും അയാൾ അറിഞ്ഞു; പക്ഷേ അയാൾ നോക്കാൻ പോയില്ല. വാതിൽ അടയ്ക്കാതെ അയാൾ മുറി വിട്ടു പുറത്തേക്കു പോയി.

വേദന കൊണ്ടു മരവിച്ച് അന്ന തറയിൽ തന്നെ ഇരുന്നു; തന്റെ ഉദരത്തിൽ എന്തോ സംഭവിക്കാൻ പോകുന്നതായി അവൾക്കു തോന്നി. ചുമരിനപ്പുറത്തു നിന്ന് ആളുകൾ അവളെ വിളിച്ചു; ശവക്കുഴിക്കുള്ളിൽ നിന്നു വരുന്നതു പോലെയാണ്‌ അതു കേട്ടിട്ട് അവൾക്കു തോന്നിയത്. കരയാതിരിക്കാൻ വേണ്ടി അവൾ ചുണ്ടുകൾ കടിച്ചുപിടിച്ചു. പിന്നെ അവൾ എഴുന്നേറ്റു വസ്ത്രം ധരിച്ചു. തന്റെ പ്ളാൻ പൊളിഞ്ഞുവെന്നു സ്വയം പറഞ്ഞുകൊണ്ടും അവൾ ഒച്ചയെടുത്തു പുറത്തേക്കു വരുന്നതു കാത്തും ഡമാസോ അപ്പോഴും വെളിയിൽ തന്നെയുണ്ടാവാമെന്നത്- മുമ്പു പലപ്പോഴുമെന്നപോലെ- അവൾക്കപ്പോൾ മനസ്സിൽ വരാതെപോയി. അവൾ പിന്നെയും അബദ്ധം കാണിച്ചു: അയാളെ പിന്നാലെ പോയി പിടിക്കാതെ, അവൾ വാതിലടച്ചിട്ട് അയാൾ വരുന്നതും കാത്ത് കട്ടിലിൽ കയറി ഇരുന്നു.

വാതിൽ അടഞ്ഞപ്പോഴേ തനിക്കിനി ഒരു മടങ്ങിപ്പോക്കില്ലെന്ന് ഡമാസോയ്ക്കു മനസ്സിലായുള്ളു. തെരുവിന്റെ അറ്റത്തോളം നായ്ക്കളുടെ കലപില അയാളെ പിന്തുടർന്നു; പക്ഷേ അതും കഴിഞ്ഞ് പേടിപ്പിക്കുന്ന നിശബ്ദതയായിരുന്നു. സ്വന്തം കാൽവയ്പ്പുകൾ കേൾക്കാതിരിക്കാനായി അയാൾ നടപ്പാതയിൽ നിന്നു മാറിനടന്നു; രാത്രിയുടെ നിശ്ചേഷ്ടതയിൽ ഏതോ അഭൌമജീവിയുടെ കൂറ്റൻ പാദപതനങ്ങളായിട്ടാണ്‌ അയാൾക്കവ കാതിൽപെട്ടത്. ക്ലബ്ബ് ഹാളിന്റെ പിൻവാതിലിനു പുറത്തുള്ള ഒഴിഞ്ഞ സ്ഥലത്തെത്തുന്നതു വരെ അയാൾ മുൻകരുതലൊന്നും എടുത്തില്ല.

ഇത്തവണ അയാൾക്ക് ടോർച്ചിന്റെ ആവശ്യം വന്നില്ല. വാതിലിന്റെ കൊളുത്തു പറിച്ച ഭാഗം മാത്രമേ നന്നാക്കിയിരുന്നുള്ളു; ഒരിഷ്ടികയുടെ വണ്ണത്തിലും രൂപത്തിലും തടി മുറിച്ചുമാറ്റിയിട്ട് അവിടെ പുതിയ തടി വച്ച് അതിൽ ആ പഴയ കൊളുത്തു തന്നെ ഉറപ്പിച്ചിരിക്കുകയായിരുന്നു. ബാക്കിയൊക്കെ പഴയതു തന്നെ. ഡമാസോ ഇടതുകൈ കൊണ്ട് താഴ് വലിച്ചുപിടിച്ചിട്ട് കൊളുത്തിനിടയിൽ അരം കയറ്റി ലിവറു പോലെ അതു പതുക്കെ മുകളിലേക്കുയർത്തി. ഒടുവിൽ ദ്രവിച്ച തടിച്ചീളുകളിളകി ഒരു ദീനരോദനത്തോടെ കൊളുത്തു പറിഞ്ഞുപോന്നു. കതകു തറയിലുരഞ്ഞുണ്ടാകുന്ന ഒച്ച കുറയ്ക്കാനായി ഒന്നുയർത്തിയിട്ടാണ്‌ അയാളതു തുറന്നത്. അയാൾ വാതിൽ പാതി മാത്രം തുറന്നു. ഒടുവിൽ അയാൾ ചെരുപ്പൂരി അതും പന്തിന്റെ പൊതിയും കൂടി ഉള്ളിലേക്കു നിരക്കിയിട്ടു; എന്നിട്ട് കുരിശു വരച്ചുകൊണ്ട് നിലാവിൽ മുങ്ങിക്കുളിച്ച മുറിക്കുള്ളിലേക്കു കാലെടുത്തുവച്ചു.

നേരെ മുന്നിൽ കുപ്പികളും ഒഴിഞ്ഞ പെട്ടികളും കുത്തിനിറച്ച ഒരിരുണ്ട ഇടനാഴിയായിരുന്നു. അതും കഴിഞ്ഞു ചെല്ലുമ്പോൾ മേല്ക്കൂരയിലെ ചില്ലോടിൽ നിന്നു പതിക്കുന്ന നിലാവിൽ മുങ്ങിയ ബില്യാർഡ്സ് മേശ; അതിനും പിന്നിലായി അലമാരകൾ; ഏറ്റവും ഒടുവിൽ മുൻവാതിലടച്ചു കൂട്ടിയിട്ടിരിക്കുന്ന കൊച്ചു മേശകളും കസേരകളും. ഒക്കെ അന്നത്തെ മാതിരി തന്നെ, നിലാവിന്റെ പ്രളയവും തൊട്ടാൽ പൊടിയുന്ന നിശബ്ദതയുമൊഴികെ. ആ നിമിഷം വരെ തന്റെ ഞരമ്പുകളെ പിടിച്ചുനിർത്തേണ്ടിവന്ന ഡമാസോവിന്‌ പെട്ടെന്ന് വിചിത്രമായ ഒരു കൌതുകം അനുഭവപ്പെട്ടു.

ഇത്തവണ അയാൾ ഇളകിക്കിടക്കുന്ന ഇഷ്ടികകൾ ശ്രദ്ധിക്കാൻ പോയില്ല. കതകിനു പിന്നിൽ തന്റെ ഷൂസുകൾ തടയായി വച്ചിട്ട്, വെളിച്ചത്തിന്റെ പ്രളയം മുറിച്ചുകടന്നുചെന്ന് കൌണ്ടറിനു പിന്നിൽ പന്തുകൾ സൂക്ഷിച്ചിരുന്ന ചെറിയ പെട്ടി കണ്ടുപിടിക്കാനായി അയാൾ ടോർച്ചു തെളിച്ചു. ജാഗ്രത വേണമെന്നൊന്നും അയാൾക്കപ്പോൾ തോന്നിയില്ല. ഇടത്തു നിന്ന് വലത്തേക്ക് ടോർച്ചു പായിച്ചപ്പോൾ അതിന്റെ വെളിച്ചത്തിൽ പൊടി പിടിച്ച കുറേ ഭരണികൾ അയാൾ കണ്ടു; പിന്നെ ഒരു ജോഡി കുതിമുള്ളുകൾ, എഞ്ചിനോയിൽ പറ്റിയതും കൈ മടക്കിവച്ചതുമായ ഒരു ഷർട്ട്, പിന്നെ, താൻ വച്ച അതേ സ്ഥാനത്തു തന്നെ ആ കൊച്ചുപെട്ടിയും. അയാൾ കൌണ്ടറിന്റെ അറ്റം വരെ വെളിച്ചം പായിച്ചു. അവിടെ ആ പൂച്ച ഇരുപ്പുണ്ടായിരുന്നു.

ആ ജന്തു ടോർച്ചുവെളിച്ചത്തിരുന്നുകൊണ്ട് ഒരു നിഗൂഢതയുമില്ലാതെ അയാളെ നോക്കി. ഡമാസോ വെളിച്ചം അതിനു നേരേ തന്നെ പിടിച്ചുകൊണ്ടു നിന്നു; അപ്പോഴാണ്‌ ചെറിയൊരു വിറയോടെ അയാൾക്കോർമ്മ വന്നത്, പകൽ താനതിനെ ഇതുവരെ അവിടെ കണ്ടിട്ടില്ലല്ലോയെന്ന്. ‘പോ’യെന്നു പറഞ്ഞുകൊണ്ട് അയാൾ ടോർച്ച് അതിനു നേർക്കു വീശി; അതു പക്ഷേ ഒരു ഭാവഭേദവുമില്ലാതെ ഇരുന്നിടത്തു തന്നെ ഇരുന്നതേയുള്ളു. ആ നിമിഷം അയാളുടെ തലയ്ക്കുള്ളിൽ ഒരു നിശബ്ദസ്ഫോടനം നടന്നു; പൂച്ച അയാളുടെ ഓർമ്മയിൽ നിന്ന് നിശ്ശേഷം മാഞ്ഞുപോവുകയും ചെയ്തു. എന്താണു സംഭവിക്കുന്നതെന്ന് അയാൾക്കു ബോദ്ധ്യം വന്നപ്പോൾ അയാൾ ടോർച്ച് താഴെയിട്ടിട്ട് പന്തിന്റെ പൊതി നെഞ്ചിനോടു ചേർത്തു പിടിച്ചിരിക്കുകയായിരുന്നു. മുറി നിറയെ വെളിച്ചമായിരുന്നു.

‘അതു ശരി!’

അയാൾ റോക്കിയുടെ ശബ്ദം തിരിച്ചറിഞ്ഞു. ഇടുപ്പിനു ചുറ്റുമായി ഭയങ്കരമായൊരു ബലക്ഷയത്തോടെ അയാൾ പതുക്കെ എഴുന്നേറ്റു നിന്നു. മുറിയുടെ പിൻഭാഗത്തു നിന്ന് കൈയിൽ ഒരു ഇരുമ്പുപാരയുമായി, നിക്കറു മാത്രം ധരിച്ച റോക്കി മുന്നിലേക്കു വന്നു; വെളിച്ചം കാരണം അയാളുടെ കണ്ണു പുളിക്കുന്നുണ്ട്. കുപ്പികൾക്കും ഒഴിഞ്ഞ പെട്ടികൾക്കും പിന്നിലായി തുണി കൊണ്ടുള്ള ഒരു ഹാമെക്കുമുണ്ടായിരുന്നു. ഇതു മുമ്പുണ്ടായിരുന്നതല്ല.

ഒരു മുപ്പതടി അകലെയെത്തിയപ്പോൾ റോക്കി ഒരു പയറ്റുകാരനെപ്പോലെ നിലയെടുത്തു നിന്നു. ഡമാസോ പൊതിയിരുന്ന കൈ പിന്നിലൊളിപ്പിച്ചു. കണ്ണടയില്ലാത്തതിനാൽ ആളെ തിരിച്ചറിയാനുള്ള ശ്രമത്തിൽ മൂക്കു ചുളിച്ച്, തല നീട്ടിപ്പിടിച്ചു നോക്കുകയായിരുന്നു റോക്കി.

‘നീ!’ അയാൾ അത്ഭുതം കൂറി.

അനന്തമായി നീണ്ടുപോയതൊന്നിന്‌ ഒടുവിൽ ഒരന്ത്യമായതുപോലെ ഡമാസോയ്ക്കു തോന്നി. റോക്കി പാര താഴ്ത്തി, വായും പൊളിച്ചുകൊണ്ട് അയാൾക്കടുത്തേക്കു ചെന്നു. കണ്ണടയും വയ്പുപല്ലുമില്ലാതെ നില്ക്കുന്ന അയാളെ കണ്ടിട്ട് പെണ്ണിനെപ്പോലുണ്ടായിരുന്നു.

‘നിനക്കിവിടെ എന്താ കാര്യം?’

‘ഒന്നുമില്ല,’ ഡമാസോ പറഞ്ഞു.

അഗോചരമായ ഒരു ചലനത്തോടെ അയാൾ ഒന്നിളകിനിന്നു.

‘അതെന്താ, നിന്റെ കൈയിൽ?’

ഡമാസോ ഒരടി പിന്നിലേക്കു മാറി. ‘ഒന്നുമില്ല,’ അയാൾ പറഞ്ഞു. റോക്കിയുടെ മുഖം ചുവന്നു; അയാൾ നിന്നു വിറച്ചു. ‘നിന്റെ കൈയിലെന്താണെന്ന്!’ പാര പൊക്കിപ്പിടിച്ച് മുന്നിലേക്കു ചെന്നുകൊണ്ട് അയാൾ ഒച്ച വച്ചു. ഡമാസോ പൊതി അയാളുടെ കൈയിലേക്കു വച്ചുകൊടുത്തു. റോക്കി അത് ഇടതു കൈയിൽ വാങ്ങി കരുതലോടെ വിരലുകൾ കൊണ്ട് ഉള്ളിലെന്താണെന്നു പരിശോധിച്ചു. പിന്നെയേ അയാൾക്കു കാര്യം മനസ്സിലായുള്ളു.

‘എനിക്കൊന്നും മനസ്സിലാകുന്നില്ല,’ അയാൾ പറഞ്ഞു.

അയാളുടെ മനസ്സാകെ കുഴപ്പത്തിലായി; പാര കൌണ്ടറിനു മുകളിൽ വച്ചിട്ട് പൊതി അഴിക്കുമ്പോൾ അയാൾ ഡമാസോയുടെ കാര്യം തന്നെ മറന്ന മട്ടായിരുന്നു. അയാൾ ഒന്നും മിണ്ടാതെ പന്തുകൾ നോക്കിക്കൊണ്ടു നിന്നു.

‘ഞാനത് തിരിച്ചുവയ്ക്കാൻ വേണ്ടി വന്നതാണ്‌,’ ഡമാസോ പറഞ്ഞു.

‘അതെനിക്കു മനസ്സിലായി,’ റോക്കി പറഞ്ഞു.

ഡമാസോയ്ക്ക് ദേഹം തളരുന്നപോലെ തോന്നി. ചാരായം അയാളെ പൂർണ്ണമായും വിട്ടകന്നിരുന്നു; അടിമട്ടിന്റെ കൊഴുപ്പു പോലെന്തോ ഒന്നു മാത്രം നാവിൽ ശേഷിച്ചു, പിന്നെ, താനൊറ്റയ്ക്കാണെന്ന അസ്പഷ്ടമായ ഒരു തോന്നലും. ‘അപ്പോൾ ഇതായിരുന്നു, നീ പറഞ്ഞ ആ അത്ഭുതം,’ പൊതി അടച്ചുകൊണ്ട് റോക്കി പറഞ്ഞു. ‘നീ ഇങ്ങനൊരു മണ്ടനാണെന്ന് എനിക്കു വിശ്വാസം വരുന്നില്ല.’ പിന്നെ അയാൾ തല ഉയർത്തിയപ്പോൾ മുഖത്തെ ഭാവം മാറിയിരുന്നു.

‘ആ ഇരുന്നൂറു പെസോ?’

‘മേശവലിപ്പിൽ ഒന്നുമില്ലായിരുന്നു,’ ഡമാസോ പറഞ്ഞു.

റോക്കി എന്തോ ആലോചിച്ചുകൊണ്ട്, വായിലൊന്നുമില്ലാതെ ചവച്ചുകൊണ്ട് അയാളെ നോക്കി; അയാളുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. ‘ഒന്നുമുണ്ടായിരുന്നില്ല,’ അയാൾ പല തവണ അതാവർത്തിച്ചു. ‘ഒന്നുമുണ്ടായിരുന്നില്ലല്ലേ.’ പാര വീണ്ടും കൈയിലെടുത്തുകൊണ്ട് അയാൾ പറഞ്ഞു:

‘ശരി, ഇക്കഥ ഇപ്പോൾത്തന്നെ പോയി മേയറോടു പറയാൻ പോവുകയാണ്‌.’

ഡമാസോ കൈയിലെ വിയർപ്പ് പാന്റിൽ തുടച്ചു.

‘ഒന്നുമില്ലെന്നു നിങ്ങൾക്കുതന്നെ അറിയാവുന്നതാണല്ലോ.’

റോക്കിയുടെ പുഞ്ചിരി മാഞ്ഞില്ല.

‘അതിൽ ഇരുന്നൂറു പെസോ ഉണ്ടായിരുന്നു,’ അയാൾ പറഞ്ഞു. ‘ഇനി അവരത് നിന്റെ തൊലി പൊളിച്ചെടുക്കാനും പോവുകയാണ്‌, നിയൊരു കള്ളനായതിന്റെ പേരിലല്ല, അതിലേറെ നീയൊരു മണ്ടനായതിന്റെ പേരിൽ.’




അഭിപ്രായങ്ങളൊന്നുമില്ല: