2016, ഫെബ്രുവരി 20, ശനിയാഴ്‌ച

ജാമെൽ സോഡെർബെർഗ്‌ - യജമാനനെ പിരിഞ്ഞ നായ

20307781-Loneliness-a-dog-without-a-master--Stock-VectorLink to Image


അയാൾ മരിച്ചപ്പോൾ ആ കറുത്ത നായയെ നോക്കാൻ ആരുമില്ലാതായി. തന്റെ യജമാനനെയോർത്ത്‌ അവൻ ഏറെ നാൾ വേദനിച്ചു. എന്നുവച്ച്‌ അവൻ അദ്ദേഹത്തിന്റെ കുഴിമാടത്തിൽ തലചായ്ച്ചു വച്ചു ചാവാനൊന്നും പോയില്ല. അതൊരു പക്ഷേ ആ സ്ഥലം എവിടെയാണെന്ന് അവനറിയാത്തതുകൊണ്ടാവാം; അതല്ലെങ്കിൽ ജീവിതാസക്തി നശിച്ചിട്ടില്ലാത്ത, ആയുസ്സ്‌ ഇനിയും ബാക്കിയുള്ള ഒരു നായ്ക്കുട്ടിയായിരുന്നു അവൻ എന്നതു കൊണ്ടാവാം.

നായ്ക്കൾ രണ്ടുതരമാണ്‌:യജമാനൻ ഉള്ളവയും യജമാനനില്ലാത്തവയും. പുറമേ നോക്കിയാൽ രണ്ടും തമ്മിൽ വലിയ വ്യത്യാസം കാണണമെന്നില്ല. വീടില്ലാത്ത ഒരു നായ മറ്റു നായ്ക്കളെപ്പോലെതന്നെ, ചിലപ്പോൾ അവയെക്കാളും നന്നായി തടിച്ചുകൊഴുത്തിരിക്കുന്നതായി കാണാം. അപ്പോൾ അതിലല്ല വ്യത്യാസം;മനുഷ്യനാണ്‌ നായ്ക്കളുടെ പരമസത്ത, അതായത്‌ ദൈവം. അനുസരിക്കാനും പിന്തുടരാനും ആശ്രയിക്കാനുമുള്ള ഒരു യജമാനൻ. ഒരു നായയുടെ ജിവിതത്തിന്റെ ആത്യന്തികസാരമെന്നാൽ അതു തന്നെയാണെന്നു വേണമെങ്കിൽ പറയാം. തന്റെ ജീവിതത്തിന്റെ ഓരോ നിമിഷവും അവൻ യജമാനനെക്കുറിച്ചുള്ള ഓർമ്മയിൽ മുഴുകിക്കഴിയുകയാണെന്നു ഞാൻ പറയുന്നില്ല. യജമാനന്റെ ചുവടുകൾ പിന്തുടരുകയല്ല അവന്റെ ആകെയുള്ള പ്രവൃത്തി. പലപ്പോഴും അവൻ തന്റേതായ ചില ഏർപ്പാടുകളിൽ മുഴുകുന്നുണ്ട്‌: ചില മൂലകളുടെ മണം പിടിച്ചും തന്റെ തരക്കാരുമായി ബന്ധം പുലർത്തിയും തരം കിട്ടിയാൽ ഒരെല്ലിൻകഷണം തട്ടിയെടുത്തോടിയും അങ്ങനെ നടക്കുന്നത്‌ അവന്റെ ജീവിതത്തിൽ ഉൾപ്പെട്ടതുതന്നെയാണ്‌. പക്ഷേ യജമാനന്റെ ചൂളംവിളി മുഴങ്ങേണ്ട താമസം, താൻ തിരഞ്ഞ മൂലകളും എല്ലിൻകഷണവുമൊക്കെ പിന്നിൽ വിട്ട്‌, ചങ്ങാതിമാരെയും വേണ്ടെന്നു വച്ച് അവൻ അദ്ദേഹത്തിനടുത്തേക്ക്‌ പാഞ്ഞുപോവുകയായി.

എങ്ങനെയാണു മരിച്ചതെന്നോ, എവിടെയാണടക്കിയതെന്നോ തനിക്കറിയാത്ത യജമാനനെയോർത്ത്‌ ആ നായ ഏറെനാൾ ദുഃഖിച്ചുകഴിഞ്ഞു. പക്ഷേ അദ്ദേഹത്തിന്റെ ഓർമ്മയുണർത്തുന്ന യാതൊന്നും സംഭവിക്കാതെ ദിവസങ്ങൾ കടന്നുപോയതോടെ അവൻ അദ്ദേഹത്തെ മറന്നുതുടങ്ങി. അവന്റെ യജമാനൻ താമസിച്ചിരുന്ന തെരുവിൽ അദ്ദേഹത്തിന്റെ ഗന്ധം തങ്ങിനിന്നിരുന്നില്ല. മറ്റൊരു നായയുമായി കളിച്ചുകൊണ്ടുനിൽക്കേ ചിലപ്പോൾ ഒരു ചൂളംവിളി വായുവിനെ തുളച്ചുകേറും. അടുത്ത നിമിഷം മറ്റേ നായ അസ്ത്രം വിട്ടപോലെ അതു ലക്ഷ്യമാക്കി പായുകയായി. അവൻ കാതു കൂർപ്പിച്ചു നിൽക്കും. പക്ഷേ തന്റെ യജമാനന്റെ ചൂളംവിളി അവന്റെ കാതിൽ വീണില്ല. അങ്ങനെയങ്ങനെ അവൻ തന്റെ യജമാനനെ മറന്നു. എന്നുതന്നെയല്ല, ഒരുകാലത്ത്‌ തനിക്കൊരു യജമാനൻ ഉണ്ടായിരുന്ന കാര്യം തന്നെ അവൻ മറന്നു. യജമാനനെ പിരിഞ്ഞു ജീവിക്കാൻ ഒരു നായയ്ക്കു സാധ്യമാണ്‌ എന്ന ചിന്ത പോലുമുദിക്കാത്ത ഒരു കാലം തന്റെ ജീവിതത്തിലുണ്ടായിരുന്നു എന്നതു പോലും അവൻ മറന്നു. ഒരുകാലത്ത്‌ നല്ല നിലയിൽ കഴിഞ്ഞിരുന്ന ഒരു നായ എന്നതായി അവന്റെ അവസ്ഥ. പുറമേ പക്ഷേ, അവനു വലിയ തരക്കേടൊന്നും കണ്ടില്ല. ഒരു നായയുടേതായ രീതിയിൽ അവൻ ജീവിച്ചുപോയി. ഇടയ്ക്കൊക്കെ ചന്തയിൽ നിന്നു ഭക്ഷണം മോഷ്ടിച്ചും, തന്റെ ഉദ്യമങ്ങൾക്കിടെ തല്ലു കൊണ്ടും, ക്ഷീണിക്കുമ്പോൾ എവിടെയെങ്കിലും കിടന്നുറങ്ങിയും അവന്റെ നാളുകൾ നീങ്ങി. അവനു ചങ്ങാതിമാരും എതിരാളികളുമുണ്ടായിരുന്നു. ഇന്നവൻ തന്നെക്കാൾ ദുർബലനായ ഒരു നായയുടെ മേൽ തന്റെ ശൗര്യം കാട്ടിയെങ്കിൽ അടുത്ത ദിവസം തന്നെക്കാൾ ശക്തനായ മറ്റൊരു നായയുടെ ശൗര്യം അവന്റെ ദേഹത്തു മുറിപ്പാടുണ്ടാക്കുകയും ചെയ്തിരുന്നു.

തന്റെ യജമാനൻ താമസിച്ചിരുന്ന തെരുവിൽ അതിരാവിലെ തന്നെ അവൻ ചുറ്റിത്തിരിഞ്ഞുനടക്കുന്നതു കാണാം. അവൻ ആ സ്ഥലം വിട്ടുപോകാഞ്ഞത്‌ വെറും ശീലം കൊണ്ടുമാത്രമായിരുന്നു. അങ്ങനെയിരിക്കുമ്പോൾക്കാണാം, എന്തോ പ്രധാന കാര്യം സാധിക്കാനുണ്ടെന്ന ഭാവത്തിൽ മുൻപിൻ നോക്കാതെ അവൻ പാഞ്ഞുപോവുകയാണ്‌; പോകുന്നവഴി അവൻ തന്റെ ഒരു പരിചയക്കാരനെ മണത്തറിയുന്നുമുണ്ട്‌; പക്ഷേ അവനു നിൽക്കാൻ നേരമില്ല; അവൻ ഓടുകയാണ്‌. ഇപ്പോഴതാ, അവൻ താഴെ കുത്തിയിരുന്ന് ഉശിരോടെ പിടലി ചൊറിയുകയാണ്‌. അപ്പോഴാണ്‌ ഒരു നിലവറയുടെ വാതിൽ തുറന്ന് ഒരു പൂച്ച തെരുവിലേക്കിറങ്ങിയത്‌. അവൻ അതിന്റെ പിന്നാലെ പാഞ്ഞു. കുറേനേരം അതിനെ പിന്തുടർന്ന ശേഷം പെട്ടെന്ന് സ്വന്തം കാര്യം ഓർമ്മ വന്നപോലെ അവൻ വീണ്ടും ഓടിപ്പോവുകയാണ്‌. അടുത്ത വളവു തിരിഞ്ഞ്‌ അവൻ മറയുകയായി.

അങ്ങനെ അവന്റെ നാളുകൾ നീങ്ങി; ആണ്ടുകൾ ഒന്നൊന്നായി കടന്നുപോയി. അങ്ങനെയങ്ങനെ താനറിയാതെ അവനൊരു കിഴവൻനായയുമായി.

തണുത്തീറനായ, മൂടിക്കെട്ടിയ ഒരു സന്ധ്യ. മഴ മുറിഞ്ഞുമുറിഞ്ഞു പെയ്തുകൊണ്ടിരുന്നു. ആ കിഴവൻനായ പകലു മുഴുവനും നഗരത്തിന്റെ മറ്റൊരു ഭാഗത്ത്‌ അലഞ്ഞുനടക്കുകയായിരുന്നു. ചെറുതായി നൊണ്ടിക്കൊണ്ട്‌ അവൻ ആ തെരുവിലേക്കു കടന്നുവന്നു. തലയും പിടലിയും നരച്ച കറുത്ത രോമക്കുപ്പായത്തിൽ നിന്ന് മഴവെള്ളം കുടഞ്ഞുകളയാനായി അവൻ ഒന്നുരണ്ടു തവണ നിന്നു. ഇടത്തും വലത്തും മണം പിടിച്ചുകൊണ്ട്‌ അവൻ ഒരു ഗേറ്റിനുള്ളിലേക്കു കയറിപ്പോയി. തിരിച്ചുവരുമ്പോൾ കൂടെ മറ്റൊരു നായയുമുണ്ടായിരുന്നു. താമസിയാതെ മൂന്നമതൊരാളും കൂടെച്ചേർന്നു. ഇവർ രണ്ടുപേരും കളിച്ചുനടക്കുന്ന പ്രായക്കാരായിരുന്നു. അവർ അവനെ കളിയിൽ കൂടാൻ വിളിച്ചുവെങ്കിലും അവൻ അപ്പോൾ ആ മനഃസ്ഥിതിയിലായിരുന്നില്ല. തന്നെയുമല്ല, മഴ കനക്കുകയും ചെയ്തിരുന്നു. ഒരു ചൂളംവിളി മുഴങ്ങി; തുളച്ചുകേറുന്ന, ദീർഘമായ ഒരു ചൂളംവിളി. കിഴവൻനായ ഒപ്പം നിന്നവരെ നോക്കി; പക്ഷേ അവർ അതു ശ്രദ്ധിച്ചിട്ടില്ല; ആ ചൂളം വിളിച്ചത്‌ അവരിലാരുടേയും യജമാനനല്ലല്ലോ. കിഴവൻനായ കാതു കൂർപ്പിച്ചു. അവനു പെട്ടെന്ന് അസാധാരണമായിട്ടെന്തോ തോന്നി. ചൂളംവിളി വീണ്ടുമുയർന്നു. എന്തു ചെയ്യണമെന്നറിയാതെ കിഴവൻനായ അങ്ങോട്ടുമിങ്ങോട്ടുമോടി. തന്റെ യജമാനൻ വിളിക്കുകയാണ്‌, താൻ ഉടനെ അദ്ദേഹത്തിനടുത്തെത്തേണ്ടതാണ്‌. മൂന്നാമതും ചൂളംവിളി കേട്ടു. പഴയതുപോലെ നീണ്ടുനിന്നതും തുളച്ചുകയറുന്നതുമായ ചൂളംവിളി. എവിടെയാണദ്ദേഹം? ഏതു ദിക്കിലാണദ്ദേഹം? ഞാനെന്റെ യജമാനനിൽ നിന്നു വേർപിരിയാനിടയായതെങ്ങനെ? അതെന്നായിരുന്നു? ഇന്നലെയോ അതോ ഒരു നിമിഷം മുമ്പോ? അദ്ദേഹത്തിന്റെ രൂപമെന്തായിരുന്നു? ഗന്ധമെന്തായിരുന്നു? എവിടെ, എവിടെയാണദ്ദേഹം? അവൻ അവിടെയെങ്ങും ഓടിനടന്നു; കടന്നുപോയവരെയൊക്കെ മണത്തുനോക്കി; അവരിലാരും പക്ഷേ, അവന്റെ യജമാനനായിരുന്നില്ല; അവർക്കതിനു മനസ്സുമുണ്ടായിരുന്നില്ല. അവൻ തിരിഞ്ഞു തെരുവിന്റെ മൂലയിലേക്കോടി. അവിടെ നിന്നുകൊണ്ട്‌ അവൻ നാലുപാടും നോക്കി. അവന്റെ യജമാനൻ അവിടെയെങ്ങുമില്ല. അവൻ വീണ്ടും തെരുവിലേക്കു പാഞ്ഞുവന്നു. ചെളിയിൽ കുളിച്ചും മഴവെള്ളം തെറിപ്പിച്ചും അവൻ ഓടിക്കിതച്ചു. ഒടുവിൽ അവൻ ഒരു നാൽക്കവലയിൽ കുത്തിയിരുന്നു; പിന്നെ ചെട പിടിച്ച തല ഉയർത്തി ആകാശത്തേക്കു നോക്കി അവൻ മോങ്ങി.


വിസ്മൃതനായ, യജമാനനില്ലാത്ത ഒരു നായ ആകാശത്തേക്കു നോക്കി നിർത്താതെ നിർത്താതെ ഇങ്ങനെ മോങ്ങുന്നത്‌ നിങ്ങൾ എന്നെങ്കിലും കാണുകയോ കേൾക്കുകയോ ചെയ്തിട്ടുണ്ടോ? മറ്റു നായ്ക്കൾ വാലും താഴ്ത്തിയിട്ട്‌ പതുക്കെ മാറിപ്പോവുകയാണ്‌; അവനു സഹായമോ സാന്ത്വനമോ നൽകാൻ അവർക്കാകില്ല.
*


ജാമെൽ സോഡെർബെർഗ് -Hjalmar Emil Fredrik Soderberg(1869-1941)- സ്വീഡിഷ് കവിയും നോവലിസ്റ്റും. 1905ൽ എഴുതിയ ഡോക്ടർ ഗ്ലാസ് എന്ന നോവൽ പ്രധാനരചന.


soderberg

അഭിപ്രായങ്ങളൊന്നുമില്ല: